Analysis
കൂടങ്കുളം ആണവ നിലയത്തില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്കുള്ള ആകാശ ദൂരം; ദുരന്തപൂര്‍വ്വ ഘട്ടത്തിലെ തയ്യാറെടുപ്പുകളിലാണ് വിവേകം
Analysis

കൂടങ്കുളം ആണവ നിലയത്തില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്കുള്ള ആകാശ ദൂരം; ദുരന്തപൂര്‍വ്വ ഘട്ടത്തിലെ തയ്യാറെടുപ്പുകളിലാണ് വിവേകം

കെ. സഹദേവന്‍
|
31 Aug 2024 5:33 AM GMT

ഇന്ത്യന്‍ ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട് ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് ആണവ വിരുദ്ധ പ്രവര്‍ത്തകരല്ല, മറിച്ച് ആണവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തന്നെയാണ്.

ഒരു ദുരന്ത സാധ്യതയെ മുന്നില്‍കണ്ടുകൊണ്ട് അവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്റെ (Emergency Prepardness) കാര്യത്തില്‍ നമ്മുടെ ഭരണകൂടം എത്രമാത്രം സജ്ജരാണ് എന്ന് അറിയണമെങ്കില്‍ ചെറിയൊരു അന്വേഷണം നടത്തിനോക്കൂ.

കൂടങ്കുളം ആണവ നിലയവുമായി ബന്ധപ്പെട്ട് ഒരു അടിയന്തിര സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ - ആണവ വികിരണ ചോര്‍ച്ചയോ സമാന അപകട സാഹചര്യമോ- കൂടങ്കുളത്തോട് അധികമൊന്നും ദൂരെയല്ലാത്ത തിരുവനന്തപുരം നഗരത്തിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള (Emergency evacuation paln) എന്ത് തയ്യാറെടുപ്പുകളാണ് അതിന് ചുമതലപ്പെട്ട റവന്യൂ വിഭാഗത്തിന്റെ മുന്നിലുള്ളത് എന്ന കാര്യം ഒരു വിവരാവകാശത്തിലൂടെ അന്വേഷിച്ചു നോക്കൂ.

കൂടങ്കുളം ആണവ നിലയത്തില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്കുള്ള ആകാശ ദൂരം ഏതാണ്ട് 60-65 കിലോമീറ്ററാണ്. അപകടകരമായ തോതിലുള്ള ആണവ വികിരണ ചോര്‍ച്ച (radiation leakage) നിലയത്തില്‍ നിന്നും സംഭവിക്കുകയാണെങ്കില്‍, സാമാന്യഗതിയില്‍ കാറ്റിന്റെ ഗതി 20 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ കണക്കാക്കിയാല്‍, 3-3.5 മണിക്കൂര്‍ സമയം കൊണ്ട് ആണവ വികിരണം തിരുവനന്തപുരം നഗരത്തിലെത്തും. തിരുവനന്തപുരം നഗരത്തിലെ നിലവിലെ ജനസംഖ്യ ഏതാണ്ട് 10 ലക്ഷമാണ് എന്ന് കൂടി അറിയുക. അത്തരമൊരു അനഭിലഷണീയ സാഹചര്യത്തെ നേരിടാന്‍ തിരുവനന്തപുരം നഗരത്തിലെ റവന്യൂവിഭാഗത്തിന് എന്ത് പദ്ധതിയാണ് ഉള്ളത് എന്ന് വെറുതെയൊന്ന് അന്വേഷിച്ചു നോക്കൂ.

കൂടങ്കുളം ആണവ നിലയം ഒരു യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്. അത് എത്രമാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്? എത്രതവണ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് അടച്ചിടപ്പെട്ടിട്ടുണ്ട്? അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ യഥാര്‍ഥ ചെലവെന്ത്? കൂടങ്കുളത്തെ ആണവ മാലിന്യം എവിടെ/എങ്ങിനെയാണ് സംസ്‌കരിക്കപ്പെടുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉണ്ട്. ഈ ചോദ്യങ്ങളെയൊക്കെ അവഗണിക്കാന്‍ ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള ഒരു അപകട സാഹചര്യത്തെ മുന്നില്‍ കണ്ടുകൊണ്ട് ശക്തവും കൃത്യവുമായ ഒരു emergency response plan തയ്യാറാക്കുന്നതില്‍ അലംഭാവം കാണിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

ഇനി ഇത്തരമൊരു അടിയന്തിര സാഹചര്യം ഇന്ത്യന്‍ ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെ ഉണ്ടായിട്ടില്ല എന്നാണ് കരുതുന്നതെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ശുഭാപ്തിവിശ്വാസത്തിന്റെ പുറത്താണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് കരുതേണ്ടിവരും.

ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ മാത്രം പറയാം.

ഉത്തര്‍പ്രദേശിലെ നറോറ ആറ്റമിക് പവര്‍ പ്ലാന്റ് യൂണിറ്റ്-1ല്‍ (NAPS-Unit 1) 1993 മാര്‍ച്ച് 31ന് രാത്രി തീപ്പിടുത്തം ഉണ്ടായി. ജനറേറ്റര്‍ കൂളിംഗ് സര്‍ക്യൂട്ടില്‍ നിന്നുള്ള ഹൈഡ്രജന്‍ ചോര്‍ച്ചയും അനുബന്ധ പ്രശ്നങ്ങളും കാരണം അടിയന്തിര വൈദ്യുതി വിതരണ സംവിധാനം തകരാറിലാകുകയും സ്റ്റേഷന്‍ ബ്ലാക്കൗട്ടിലേക്ക് എത്തുന്ന രീതിയിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയുമായിരുന്നു.

ഒരു ആണവ പ്ലാന്റ് 'സ്റ്റേഷന്‍ ബ്ലാക്കൗട്ട്' സാഹചര്യത്തിലേക്ക് എത്തിപ്പെടുക എന്നത് അതീവ ഗുരുതരാവസ്ഥയാണ്. ഇത്തരമൊരു സാഹചര്യം ഉടലെടുക്കുമ്പോള്‍ സമീപ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി കുടിയൊഴിപ്പിക്കാനുള്ള നടപടി ക്രമങ്ങളെ സംബന്ധിച്ച ആലോചനകള്‍ അടിയന്തിര പ്രാധാന്യത്തോടെ ആരംഭിക്കേണ്ടതുണ്ട്.

ഇതനുസരിച്ച് ബുലന്ദ്ഷഹര്‍ ജില്ലാ കലക്ടറെ സ്റ്റേഷന്‍ ഡയറക്ടര്‍ ബന്ധപ്പെടുകയും 2000 ട്രക്കുകള്‍ സജ്ജമാക്കി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അത്തരമൊരു ഇവാക്വേഷന്‍ പ്ലാന്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നില്ലെന്നതായിരുന്നു വസ്തുത. ഭാഗ്യം ഒന്നുകൊണ്ടുമാത്രം നിലയത്തിലെ തീപ്പിടുത്തം വലിയ അപകടത്തിലേക്ക് വഴി മാറുന്നതിന് മുന്നെ നിയന്ത്രണ വിധേയമാക്കപ്പെട്ടു.


| കൂടങ്കുളം ആണവ നിലയം

ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

എങ്കില്‍ ഒരു ഉദാഹരണം കൂടി നല്‍കാം.

ഗുജറാത്തിലെ താപി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കക്രപ്പാര്‍ ആണവ നിലയത്തില്‍ 1994ല്‍ നിലയത്തിന്റെ ടര്‍ബൈന്‍ റൂമുകളിലേക്ക് പ്രളയ ജലം കടന്നുകയറുകയും ജനറേറ്ററുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയുമാണുണ്ടായത്. 2004ലും 2011ലും സമാനമായ അവസ്ഥ ഇതേ നിലയങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. 2004ല്‍ നടന്ന സംഭവത്തില്‍ നിലയം അധികൃതര്‍ക്ക് site emergency പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ടെന്ന് കൂടി അറിയുക. ഒരു ആണവ നിലയത്തില്‍ 'സൈറ്റ് എമര്‍ജെന്‍സി' പ്രഖ്യാപിക്കുക എന്നതിനര്‍ഥം ഗുരുതരമായ അപകട സാധ്യതയെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട് ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് ആണവ വിരുദ്ധ പ്രവര്‍ത്തകരല്ല, മറിച്ച് ആണവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തന്നെയാണ്. ആറ്റമിക് എനര്‍ജി റെഗുലേറ്ററി കമീഷന്‍ ചെയര്‍മാനായിരുന്ന ഡോ. എ. ഗോപാലകൃഷ്ണനെ പോലുള്ളവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇത് സംബന്ധിച്ച് ലഭ്യമാണ്.

കൂടങ്കുളം ആണവ നിലയം ഒരു യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്. അത് എത്രമാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്? എത്രതവണ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് അടച്ചിടപ്പെട്ടിട്ടുണ്ട്? അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ യഥാര്‍ഥ ചെലവെന്ത്? കൂടങ്കുളത്തെ ആണവ മാലിന്യം എവിടെ/എങ്ങിനെയാണ് സംസ്‌കരിക്കപ്പെടുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉണ്ട്. ഈ ചോദ്യങ്ങളെയൊക്കെ അവഗണിക്കാന്‍ ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള ഒരു അപകട സാഹചര്യത്തെ മുന്നില്‍ കണ്ടുകൊണ്ട് ശക്തവും കൃത്യവുമായ ഒരു emergency response plan തയ്യാറാക്കുന്നതില്‍ അലംഭാവം കാണിക്കാതിരിക്കുക എന്നത് പ്രധാനമാണ്.


Similar Posts