കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി: ആരും പുറത്ത് പോകാത്ത കസേര കളി
|കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള പോരാട്ടത്തില്‍ 1072 വോട്ട് നേടിയ ശശി തരൂരിനെ മാറ്റി നിര്‍ത്തുന്നത് ആത്മഹത്യാപരമായിരുന്നു. സ്ഥിരം ക്ഷണിതാവ് എന്നപദവി പോലും ശശി തരൂരിനെ ഒതുക്കി എന്ന തലക്കെട്ടിനു പര്യാപ്തമാണെന്ന തിരിച്ചറിവിലാണ് പ്രവര്‍ത്തക സമിതിയില്‍ തരൂരിന് ഇരിപ്പിടം ഒരുക്കിയത്.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ പത്ത് മാസം തികഞ്ഞ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഒടുവില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ കണ്ടെത്തി. റായ്പൂരില്‍ ചേര്‍ന്ന പ്ലീനറിയോഗം സമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും പുതിയ അധ്യക്ഷന് നല്‍കി പ്രമേയം പാസാക്കിയിരുന്നു. വിമത വിഭാഗത്തിലെ നേതാവായ ആനന്ദ് ശര്‍മ്മ മുന്നോട്ടു വച്ച നിര്‍ദേശമാണ് സത്യത്തില്‍ ഖാര്‍ഗെയുടെ സമിതി രൂപീകരണം എളുപ്പത്തിലാക്കിയത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച 23 അംഗ പ്രവര്‍ത്തക സമിതിയെന്നത് പരിഷ്‌കരിക്കണമെന്നായിരുന്നു ആനന്ദ് ശര്‍മയുടെ വാദം. രാജ്യത്ത് കോടിക്കണക്കിനു ആളുകള്‍ പെരുകുകയും ഉത്തരാഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പിറവിയെടുത്തത് കൂടി കണക്കിലെടുത്തു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നായിരുന്നു ആവശ്യം.
35 ആയി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉയര്‍ന്നതോടെ മറ്റൊരു ഭേദഗതി കൂടി അംഗീകരിച്ചു. ഇവരെ കൂടാതെ കോണ്‍ഗസ് മുന്‍ ദേശീയ അധ്യക്ഷന്‍-അധ്യക്ഷ, കോണ്‍ഗ്രസ് മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്‌സഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസ് സഭാ കക്ഷി നേതാക്കള്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തണം. ഈ ഭേദഗതി മുഖേനയാണ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ സ്ഥിരം സമിതി അംഗങ്ങള്‍ക്ക് പുറമെ പട്ടികയില്‍ ഇടം പിടിച്ചത്.
ഗെഹ്‌ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി സച്ചിനെ മുഖ്യമന്ത്രിയാക്കാമെന്നു കരുതി ഹൈക്കമാന്‍ഡ് കരുക്കള്‍ നീക്കിയപ്പോള്‍ ഒരു മുഴം നീട്ടിയെറിഞ്ഞ ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി പദത്തോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷനാകാം എന്ന നിലപാടാണ് അറിയിച്ചത്. ഈ നീക്കവും പാളിയതോടെ സച്ചിന്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം മറുഭാഗത്ത് കൂടിവന്നു.
ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ പാസാക്കിയ പ്രമേയങ്ങളില്‍ ഒന്ന് സംഘടനാ ഭാരവാഹിത്വത്തില്‍ അന്‍പത് ശതമാനം പട്ടിക ജാതി-പട്ടിക വര്‍ഗം, ന്യൂനപക്ഷം, സ്ത്രീകള്‍, ചെറുപ്പക്കാര്‍, പിന്നോക്കക്കാര്‍ എന്നിവര്‍ക്കായി നീക്കി വയ്ക്കണം എന്നായിരുന്നു. ഗൗരവ് ഗോഗോയ്, സച്ചിന്‍ പൈലറ്റ്, കമലേശ്വര്‍ പട്ടേല്‍ (മധ്യപ്രദേശില്‍ നിന്നുള്ള എം.എല്‍.എ) എന്നിവരെ ഉള്‍പ്പെടുത്തിയതോടെ 50 വയസിനു താഴെയുള്ളവരുടെ പ്രതിനിധികളായി.
യു.പിയില്‍ നിന്നുള്ള സ്ഥിരം സമിതിയിലുള്ളവരെ ഒഴിവാക്കിയപ്പോഴും സല്‍മാന്‍ ഖുര്‍ഷിദ്, ബിഹാറില്‍ നിന്നുള്ള താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ അംഗങ്ങളായി തുടരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്ന ക്വാട്ടയില്‍ അല്ലെങ്കില്‍ പോലും, ഈ വിഭാഗത്തില്‍ നിന്നും ഒരു മലയാളിയെ കണ്ടെത്താന്‍ കഴിയാതിരുന്നത് എ.കെ ആന്റണിക്ക് സഹായമായി. രാജ്യസഭാംഗത്തിന്റെ കാലാവധി പൂര്‍ത്തിയായി ഒരു മാസം പിന്നിടുന്നതിനു മുന്‍പേ ഡല്‍ഹിയിലെ വസതി ഒഴിഞ്ഞു കേരളത്തിലെത്തിയ ആന്റണിയ്ക്ക്, സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന പരിഗണനയും സഹായമായി. അംബികാ സോണിയും ഈ അക്കൗണ്ടിലാണ് പദവി നിലനിര്‍ത്തിയത്. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരായ ജിതേന്ദ്ര സിങ്, റണ്‍ദീപ് സുര്‍ജേവാല, മീനാക്ഷി നടരാജന്‍, കെ. രാജു എന്നിവരെയും ഖാര്‍ഗെ അംഗങ്ങളാക്കി.
രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനെ ഒതുക്കി മൂലയ്ക്കിരുത്തി. അതോടൊപ്പം സച്ചിന്‍ പൈലറ്റിന് ഹൈക്കമാന്‍ഡ് നല്‍കിയ ഉറപ്പായിരുന്നു പ്രവര്‍ത്തക സമിതി അംഗത്വം. ഉപമുഖ്യമന്ത്രി കസേരയോ പി.സി.സി അധ്യക്ഷ പദമോ സച്ചിന് തിരികെ നല്‍കണം എന്ന ഹൈക്കമാന്‍ഡിന്റെ ആവശ്യത്തെ ഗെഹ്‌ലോട്ട് കേട്ടില്ലെന്നു നടിയ്ക്കുകയായിരുന്നു. അവസാന ഒരു വര്‍ഷം മുഖ്യമന്ത്രിപദം ചോദിച്ചപ്പോഴും നിരാശനാകേണ്ടിവന്നു. ഗെഹ്‌ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി സച്ചിനെ മുഖ്യമന്ത്രിയാക്കാമെന്നു കരുതി ഹൈക്കമാന്‍ഡ് കരുക്കള്‍ നീക്കിയപ്പോള്‍ ഒരു മുഴം നീട്ടിയെറിഞ്ഞ ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി പദത്തോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷനാകാം എന്ന നിലപാടാണ് അറിയിച്ചത്. ഈ നീക്കവും പാളിയതോടെ സച്ചിന്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം മറുഭാഗത്ത് കൂടിവന്നു. സച്ചിന്‍ നടത്തിയ പദയാത്രയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഗെഹ്‌ലോട്ടിനെ ഉപേക്ഷിക്കാനോ സച്ചിനെ ഉള്‍പ്പെടുത്താനോ കഴിയാത്ത അവസ്ഥ. ഒടുവില്‍ സച്ചിനെ പ്രവര്‍ത്തക സമിതി അംഗമാക്കാം എന്ന വാഗ്ദാനത്തില്‍ തോണി അടുപ്പിച്ചു, ഈ വാഗ്ദാനമാണ് നടപ്പാക്കിയത്.
ഗെഹ്‌ലോട്ടിനു മാത്രമല്ല മറ്റു മുഖ്യമന്ത്രിമാര്‍ക്കും ചെറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിദ്ധരാമയ്യ മന്ത്രി സ്ഥാനം നിഷേധിച്ച ബി.കെ ഹരിപ്രസാദിനെ സ്ഥിരം ക്ഷണിതാവാക്കി. കര്‍ണാടകയില്‍ നിന്നുള്ള ഖാര്‍ഗെയുടെ ആശിര്‍വാദം ഹരിപ്രസാദിനുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ക്യാബിനറ്റിലെ താമ്ര ധ്വജ സാഹുവിനെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗമാക്കി. മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു സാഹു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുഖ്വിന്ദര്‍ സുഖുവിന്റെ ഒപ്പം പി.സി.സി അധ്യക്ഷ പ്രതിഭാ സിംഗിനെയും ചര്‍ച്ച ചെയ്തിരുന്നു. നിര്യാതനായ മുന്‍കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായ വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭയെ സ്ഥിരം ക്ഷണിതാവാക്കി.
കോണ്‍ഗ്രസിലെ സൈബര്‍ ആക്രമണം ഏറ്റുവാങ്ങിയാണ് അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്ക്ക് വേണ്ടി ശശി തരൂരിന് എതിരെ ചെന്നിത്തല പറന്നു നടന്നു പ്രവര്‍ത്തിച്ചത്. തോറ്റ തരൂര്‍ ഇപ്പോള്‍ ജയിക്കുകയും, ഖാര്‍ഗെയെ ജയിപ്പിച്ച ചെന്നിത്തല അക്ഷരാര്‍ഥത്തില്‍ തോല്‍ക്കുകയും ചെയ്തു. പറയാന്‍ ഏറെ ഉണ്ടെങ്കിലും പുതുപ്പള്ളിയിലെ ബൂത്തില്‍ നിന്നും അവസാനത്തെ വോട്ടര്‍ വോട്ട് ചെയ്തു ഇറങ്ങുന്നത് വരെ ചെന്നിത്തല വായ് തുറക്കില്ലെന്ന വിശ്വാസവും നേതൃത്വത്തിനുണ്ട്.
സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന് ഉള്‍പാര്‍ട്ടി ജനാധിപത്യം വളരെ അനിവാര്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള പോരാട്ടത്തില്‍ 1072 വോട്ട് (11.4 ശതമാനം) നേടിയ ശശി തരൂരിനെ മാറ്റി നിര്‍ത്തുന്നത് ആത്മഹത്യാപരമായിരുന്നു. സ്ഥിരം ക്ഷണിതാവ് എന്നപദവി പോലും ശശി തരൂരിനെ ഒതുക്കി എന്ന തലക്കെട്ടിനു പര്യാപ്തമാണെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ പരമോന്നത പദവിയില്‍ തന്നെ തരൂരിന് സീറ്റ് ഒരുക്കി നല്‍കിയത്. പാളയത്തില്‍ പടയൊരുക്കിയ ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് എന്നിവരെ സമിതി അംഗങ്ങളാക്കി. വീരപ്പ മൊയ്ലി, മനീഷ് തിവാരി, ദീപീന്ദര്‍ ഹൂഡ എന്നിവര്‍ക്കും മാന്യമായ ഇരിപ്പടങ്ങള്‍ നല്‍കി.
19 വര്‍ഷം മുന്‍പ് ലഭിച്ച സ്ഥിരം സമിതി അംഗം എന്ന പദവിയില്‍ പുനര്‍ നിയമനം നല്‍കി എന്ന രമേശ് ചെന്നിത്തലയുടെ പരാതിയാണ് ഹൈക്കമാന്‍ഡിനു മുന്നില്‍ കീറാമുട്ടിയായിരിക്കുന്നത്. മധ്യപ്രദേശിന്റെ സംഘടനാ ചുമതല ഉണ്ടായിരുന്നപ്പോള്‍ ദിഗ്വിജയ് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാക്കിയ തന്ത്രജ്ഞന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തിയ കരുനീക്ക വിദഗ്ധന്‍ എന്നൊക്കെ ചെന്നിത്തലയെക്കുറിച്ചു ഹൈക്കമാന്‍ഡിനു അറിയാമെങ്കിലും ഒരേ സമുദായത്തില്‍ നിന്നും മൂന്നു സമിതി അംഗങ്ങള്‍ വേണ്ടെന്ന തീരുമാനത്തില്‍ താക്കോല്‍ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. കോണ്‍ഗ്രസിലെ സൈബര്‍ ആക്രമണം ഏറ്റുവാങ്ങിയാണ് അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്ക്ക് വേണ്ടി ശശി തരൂരിന് എതിരെ ചെന്നിത്തല പറന്നു നടന്നു പ്രവര്‍ത്തിച്ചത്. തോറ്റ തരൂര്‍ ഇപ്പോള്‍ ജയിക്കുകയും, ഖാര്‍ഗെയെ ജയിപ്പിച്ച ചെന്നിത്തല അക്ഷരാര്‍ഥത്തില്‍ തോല്‍ക്കുകയും ചെയ്തു. പറയാന്‍ ഏറെ ഉണ്ടെങ്കിലും പുതുപ്പള്ളിയിലെ ബൂത്തില്‍ നിന്നും അവസാനത്തെ വോട്ടര്‍ വോട്ട് ചെയ്തു ഇറങ്ങുന്നത് വരെ ചെന്നിത്തല വായ് തുറക്കില്ലെന്ന വിശ്വാസവും നേതൃത്വത്തിനുണ്ട്.
(Writer is MediaOne Delhi Bureau Chief)