Analysis
സമനില തെറ്റിയ രാജ്യം
Analysis

സമനില തെറ്റിയ രാജ്യം

ഷബീര്‍ അഹമ്മദ്
|
2 Aug 2023 1:40 PM GMT

പൊലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ വെച്ച് കൊന്നു തള്ളിയ മനുഷ്യന്റെ മുന്നില്‍ നിന്ന് പറയുന്ന വാക്കുകള്‍ ഈ ലോകം മുഴുവന്‍ കേട്ടതാണ്. ഈ കൃത്യം നിര്‍വഹിക്കാനുള്ള മനഃസ്ഥിതിയിലേക്ക് അയാളെ എത്തിച്ചവരെക്കുറിച്ച് ആ കൊലപാതകി വ്യക്തമായി പറയുന്നുണ്ട്. പക്ഷെ, അയാളെ ഒരു സമനില തെറ്റിയ മനുഷ്യനായി ചിത്രീകരിച്ചു, കുറ്റം അവരില്‍ നിന്ന് തിരിച്ചു വിടാനുള്ള തിരക്കിലാണ് ഫാസിസ്റ്റുകള്‍.

ഇക്കഴിഞ്ഞ ദിവസം ജയ്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഒരു റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകനെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവച്ചു കൊലപ്പെടുത്തിയ വാര്‍ത്ത മനഃസ്സാക്ഷിയുള്ളവര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിലനില്‍ക്കേണ്ടവര്‍ അക്രമികള്‍ ആയി മാറുമ്പോള്‍ ആ ട്രെയിനില്‍ ഉള്ളവര്‍ മാത്രമല്ല, സമൂഹം മൊത്തം ഭയപ്പാടിലാണ്. വ്യത്യസ്ത കമ്പാര്‍ട്ട്മെന്റുകളില്‍ നടന്നു ചെന്ന്, യാത്രക്കാരുടെ വേഷം നോക്കി തിരഞ്ഞു പിടിച്ചു നടത്തിയ ഈ കൊലകള്‍ ന്യായീകരിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഭരണ വര്‍ഗവും ചില നാഷ്ണല്‍ മീഡിയകളും. എന്നാല്‍, ആ സാധു മനുഷ്യരെ വെടിവച്ചു വീഴ്ത്തിയ ശേഷം, ജീവന് വേണ്ടി പിടയുന്ന അവര്‍ക്കു മേല്‍ നിന്ന് കൊണ്ട് ആ പൊലീസുകാരന്‍ നടത്തിയ വിദ്വേഷ പ്രസംഗം ഈ പ്രവര്‍ത്തി ഒരു തീവ്രവാദ ആക്രമണമാണ് എന്ന് തെളിയിക്കുന്നുണ്ട്. കൊന്നു തള്ളിയ മനുഷ്യന്റെ മുന്നില്‍ നിന്ന് പറയുന്ന വാക്കുകള്‍ ഈ ലോകം മുഴുവന്‍ കേട്ടതാണ്. ഈ കൃത്യം നിര്‍വഹിക്കാനുള്ള മനഃസ്ഥിതിയിലേക്ക് അയാളെ എത്തിച്ചവരെക്കുറിച്ച് ആ കൊലപാതകി വ്യക്തമായി പറയുന്നുണ്ട്. പക്ഷെ. അയാളെ ഒരു സമനില തെറ്റിയ മനുഷ്യനായി ചിത്രീകരിച്ചു, കുറ്റം അവരില്‍ നിന്ന് തിരിച്ചു വിടാനുള്ള തിരക്കിലാണ് ഫാസിസ്റ്റുകള്‍. സമനില തെറ്റിയ ആള്‍ക്ക് എന്തിനു തോക്കു കൊടുത്തൂ എന്ന് തിരിച്ചു ചോദിക്കാന്‍ ഏതെങ്കിലും ഒരു കോടതി തയ്യാറാകും എന്ന് കരുതാം.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണകാലത്ത് സംഘപരിവാറിന്റെ ഏത് അക്രമത്തെയാണ് ഈ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞിട്ടുള്ളത്. ധരിക്കുന്ന വസ്ത്രം നോക്കി നമുക്ക് ആളുകളെ തിരിച്ചറിയാം എന്ന് പറഞ്ഞത് മറ്റാരുമല്ല, പ്രധാനമന്ത്രിയാണ്. ഇല്ലാത്ത ലൗജിഹാദ് പ്രശ്‌നത്തില്‍, മതം തിരിച്ചു പെണ്‍കുട്ടികളെ തിരിഞ്ഞു പിടിച്ചു ആക്രമിക്കും എന്ന് പറഞ്ഞത് സന്യാസി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മുഖ്യമന്ത്രിയാണ്.

രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ കണ്ടില്ലെന്നു നടിച്ചു ഒത്താശ ചെയ്തവരെക്കുറിച്ചാണ് നമ്മള്‍ പറയുന്നത് എന്ന് കൂടി ഓര്‍ക്കണം. ഹരിയാനയില്‍ ഇപ്പോള്‍ നടക്കുന്നതും വെറുപ്പില്‍ നിന്ന് ഉടലെടുത്ത വര്‍ഗീയ അക്രമങ്ങളാണ് എന്ന് അറിയാന്‍ എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നും പഠിക്കേണ്ട ആവശ്യമില്ല. ലേശം മനുഷ്യത്വം ഉള്ളില്‍ ഉണ്ടായാല്‍ മതി, ഇത് തെറ്റാണു എന്ന് തിരിച്ചറിയാന്‍. പക്ഷെ, കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണകാലത്ത് സംഘപരിവാറിന്റെ ഏത് അക്രമത്തെയാണ് ഈ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞിട്ടുള്ളത്. ധരിക്കുന്ന വസ്ത്രം നോക്കി നമുക്ക് ആളുകളെ തിരിച്ചറിയാം എന്ന് പറഞ്ഞത് മറ്റാരുമല്ല, പ്രധാനമന്ത്രിയാണ്. ഇല്ലാത്ത ലൗജിഹാദ് പ്രശ്‌നത്തില്‍, മതം തിരിച്ചു പെണ്‍കുട്ടികളെ തിരിഞ്ഞു പിടിച്ചു ആക്രമിക്കും എന്ന് പറഞ്ഞത് സന്യാസി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മുഖ്യമന്ത്രിയാണ്.

രാജ്യത്തെ ഭരണഘടനെയെ കാറ്റില്‍ പറത്തിക്കൊണ്ട് തങ്ങളുടെ അനുയായികളായ പശു ഗുണ്ടകള്‍ നടത്തുന്ന ഒരു ആക്രമണവും തടയണം എന്ന് ഇതേ വരെ ഒരു ഫാസിസ്റ്റ് നേതാവും പറഞ്ഞു കേട്ടില്ല. ഭക്ഷണത്തിന്റെ പേരില്‍ തുടങ്ങിയ അക്രമങ്ങള്‍ ഇത് വരെ നിറുത്തിയിട്ടില്ല. ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ദിവസേനയെന്നോണം ദേശീയ ടി.വി ചാനലുകളില്‍ പോലും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വരുന്നു. ദുഃഖകരമായ കാര്യം, ഒരു വലിയ വിഭാഗം ജനത ഇതിലെല്ലാം ഒരു തെറ്റും കാണുന്നില്ല എന്നതാണ്.


ട്രെയിനില്‍ അക്രമം നടത്തിയ പൊലീസുകാരന്‍ സമനില തെറ്റിയ മനുഷ്യനായിരുന്നു എന്ന് പറഞ്ഞു തുടങ്ങിയത് എത്ര പെട്ടെന്നായിരുന്നു എന്നോര്‍ക്കണം. അയാള്‍ ചെയ്ത തെറ്റായ കാര്യം അയാള്‍ അറിയുന്നില്ല എന്നാണ് ഉദ്യാഗസ്ഥരും സംഘ്പരിവാറും മീഡിയയും പറയുന്നത്. അവര്‍ക്കിത് സ്ഥാപിച്ചെടുത്തേ പറ്റൂ. കാരണം, തിരഞ്ഞു പിടിച്ചു മൂന്ന് മുസ്‌ലിംകളെ കൊന്നതിനു ശേഷം ആ പൊലീസുകാരന്‍ പറഞ്ഞത്, മോദിക്കും യോഗിക്കും വോട്ട് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ രാജ്യത്ത് സ്ഥാനമുള്ളൂ എന്നാണ്. അവരെ ബന്ധപ്പെടുത്തി പറഞ്ഞത് ഒരു ഭ്രാന്തന്‍ ജല്‍പനമാണ് എന്ന് വരുത്തി തീര്‍ക്കേണ്ടത് അവര്‍ക്ക് അത് കൊണ്ട് അത്യാവശ്യമാണ്. അങ്ങനെയെങ്കില്‍ ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും, ഭരണഘടനാ വിരുദ്ധ സംസാരങ്ങളും, നിയമം കൈയിലെടുത്തുള്ള മുകളില്‍ സൂചിപ്പിച്ച അക്രമങ്ങള്‍ നടത്തുന്നവരും സമനില തെറ്റിയവരാണോ? അതോ, അതിനു നിശബ്ദ പിന്തുണ നല്‍കുന്നവരും സമനില തെറ്റിയവരാണോ? ഇതിനെല്ലാം നേതൃത്വം നല്‍കി വോട്ട് ബാങ്ക് കെട്ടിപ്പടുക്കുന്നവരും സമനില തെറ്റിയവരാണോ? നമ്മള്‍ എങ്ങിനെയാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ഇത്തരത്തില്‍ സമനില തെറ്റിയ നിലയിലായത്? എങ്ങിനെ നമുക്ക് ഈ അപകടാവസ്ഥയില്‍ നിന്നും രാജ്യത്തെ തിരിച്ചു പിടിക്കാന്‍ സാധിക്കും? ഇതിനെല്ലാം ഉത്തരം കാണാന്‍ ഇനിയും വൈകിയാല്‍, സമനില തെറ്റിയ രാജ്യം എന്ന നിലയില്‍ നമ്മേ തള്ളിക്കളയാന്‍ ലോകം മടിക്കില്ല.

Similar Posts