കലക്കവെള്ളത്തില്‍ മീന്പിടിക്കലല്ല 'ഫാക്ട് ചെക്കിങ്' - തൗഫീഖ് അസ്ലം
|''എങ്ങനെയാണ് ഒരു മാധ്യമപ്രവര്‍ത്തകനോട് എഴുതരുതെന്ന് പറയുന്നത്. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നത്'' -സുപ്രീംകോടതി
സത്യാനന്തര കാലത്തെ സത്യങ്ങള്‍ തുറന്നുകാട്ടുകയായിരുന്നു സുബൈര്‍ എന്ന ചെറുപ്പക്കാരന്. അതിനായി 2017 ഫെബ്രുവരി 9ന് ആള്‍ട്ട് ന്യൂസ് (www.altnews.in) എന്ന വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു. അന്നുമുതല്‍ സുബൈറിന്റെ ഓരോ കണ്ടെത്തലുകളും പലരുടെയും ഉറക്കംകെടുത്തി, സമാധാനം ഇല്ലാതായി. അന്നുമുതല്‍ സുബൈര്‍ ഒരു നോട്ടപ്പുള്ളിയായി മാറി. അതിന്റെ പകയായാണ് പെരുമഴപോലെ സുബൈറിന് മേല്‍ വര്‍ഷിക്കുന്ന ഓരോ കേസുകളും. വസ്തുത പരിശോധിക്കുന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. അതിന് നിഷ്പക്ഷ മനസ്സും വിശാലമായ വായനയും ഗവേഷണവും അക്കാദമിക് വിശ്വാസ്യതയും ധാരാളം വേണം. അത് ആര്ജിച്ചെടുത്താല് മാത്രമേ ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കൂ. കലക്കവെള്ളത്തില്‍ മീന്പിടിക്കുന്നതോ നിര്‍വ്യാജമായ തെറ്റുകളില്‍ നിന്ന് മൈലേജ് നേടുന്നതോ അല്ല വസ്തുതാ പരിശോധന. കല്ലുകളുടെ കൂമ്പാരത്തില്‍ നിന്ന് വജ്രങ്ങള്‍ തരംതിരിക്കുന്നതുപോലെയാണ് ഈ തൊഴില്‍. സുബൈറിന്റെ ഓരോ ട്വീറ്റുകളും എഴുത്തുകളും അത്തരമൊരു തരം തിരിക്കല്‍ ആയിരുന്നു. ആ തരം തിരിക്കലുകള്‍ പലരേയും അസ്വസ്ഥപ്പെടുത്തി.
എഴുതരുതെന്ന് എങ്ങനെ പറയും
എങ്ങനെയാണ് ഒരു മാധ്യമ പ്രവര്‍ത്തകനോട് എഴുതരുതെന്ന് പറയുകയെന്ന് സുബൈറിന് ജാമ്യം നല്കിയ വേളയില്‍ സുപ്രീംകോടതി യു.പി പൊലീസിനോട് ചോദിച്ചത്. സുബൈര്‍ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥ ഏര്‍പ്പെടുത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യത്തോടായിരുന്നു കോടതിയുടെ ചോദ്യം. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഈ ആവശ്യം തള്ളിയത്. മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിച്ച് നിര്‍ത്തുന്ന കാലത്ത് പരമോന്നത കോടതിയുടെ ഈ ചോദ്യം ചിന്തിപ്പിക്കുന്ന വസ്തുതയാണ്. ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന് ലോക രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയത് സുബൈറിലൂടെയാണ്. യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗം ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന്, ഹിന്ദുത്വ വാദികള്‍ ആള്‍ട്ട് ന്യൂസിനെതിരെ സൈബര്‍ ആക്രമണം നടത്തി. ഇതിനോടെക്കെയുള്ള പ്രതികാരമാണ് സുബൈറിന്റെ അറസ്റ്റെന്ന വിലയിരുത്തലുണ്ട്. ഒടുവില്‍ എല്ലാ കേസുകളിലും കോടതി ഈ ചെറുപ്പക്കാരന് ജാമ്യം നല്കി. കസ്റ്റഡിയില്‍ വെയ്ക്കാന്‍ ഒരു ന്യായീകരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ സുബൈറും ആള്‍ട്ട് ന്യൂസും കൃത്യമായ പ്രതികരിക്കാറുണ്ട്. അവര്‍ ഇനി അത് തുടരുകയും ചെയ്യും.
കുത്തിപ്പൊക്കുന്ന ട്വീറ്റുകള്‍
1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന് ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐ.ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരിന്നു നടപടി എന്നതും ശ്രദ്ധേയം. 2021ല്‍ തുടങ്ങിയ ഈ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രണ്ടായിരത്തി പതിനെട്ടിലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്. ഇതാണ് സുബൈറിനെ അറസ്റ്റ് ചെയാനുള്ള പ്രധാന കാരണം. അതിന് പിന്നാലെയാണ് ഓരോ കേസുകളും. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയാണ്. ഈ ദുഷിച്ച പ്രവണത തുടരുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ സീതാപുര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ സുബൈറിനെതിരായ കേസുകളില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന സ്വഭാവമുള്ള കേസുകളായതിനാലാണ് ഇപ്പോള്‍ ആറു കേസുകളില്‍ കൂടി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാനസ്വഭാവമുള്ള കേസുകളില്‍ ദീര്‍ഘകാലം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതിന്റെ സാങ്കേതികത്വവും കോടതി ചോദ്യം ചെയ്തു. യു.പിയില്‍ ആറ് കേസുകളില്‍ എഫ്.ഐ.ആര് ഇട്ടിട്ടുണ്ട്. ഇത് ഒറ്റ കേസായി എഫ്.ഐ.ആര് ഇട്ട ശേഷം ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആയിരിക്കും കേസ് അന്വേഷിക്കുകയെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുഹമ്മദ് സുബൈറിന് എതിരെ കൂടുതല്‍ നടപടി എടുക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് പൊലീസിനെ സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു. യു.പിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് കേസുകളിലാണ് കൂടുതല്‍ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈറിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ ഉള്ളടക്കം ഏറെക്കുറെ സമാനമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്ത് ഓരോ ദിവസവും അറസ്റ്റുകളുടെയും കേസുകളുടെയും വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. പലതരത്തില്‍ പല സ്വഭാവത്തിലുള്ള കേസുകളാണ് പലരെയും തേടിഎത്തുന്നത്. അറസ്റ്റ് മൂലം തടവിലാക്കപ്പെടുന്നത് രാജ്യത്തെ ചിന്തകരും എഴുത്തുകാരും ബുദ്ധിജീവികളും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തുടങ്ങി വിദ്യാര്‍ഥി നേതാക്കള്‍ വരെയുണ്ട് പട്ടികയില്‍. ഏകാധിപതികള്‍ വിമര്‍ശനങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നത് ഒരു സത്യമാണ്.