Analysis
മാറ്റപ്പെടേണ്ട ഭീകര നിയമങ്ങള്‍
Click the Play button to hear this message in audio format
Analysis

മാറ്റപ്പെടേണ്ട ഭീകര നിയമങ്ങള്‍

പി.കെ നിയാസ്
|
12 May 2022 5:52 AM GMT

രാജ്യദ്രോഹ നിയമം റദ്ദ് ചെയ്യപ്പെടുക എന്നത് ഭരണകൂട ഭീകരതക്കെതിരെ പോരാടുന്ന പൗരന്മാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നീക്കമെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍, യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ നിലനില്‍ക്കുവോളം ആ പ്രതീക്ഷികള്‍ക്ക് പരിമിതിയുണ്ട്.

ദേശീയത ഭീഷണിയും ശല്യവുമാണെന്ന് പറഞ്ഞത് ദേശീയ ഗാനം രചിച്ച രബീന്ദ്രനാഥ ടാഗോറാണ്. ടാഗോറിന്റെ കാഴ്ചപ്പാടില്‍ രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നതുപോലെയാണ് മനുഷ്യവംശ സ്നേഹത്തിന്റെ സ്ഥാനത്ത് രാജ്യ സ്നേഹത്തെ പ്രതിഷ്ഠിക്കുന്നത്. നൊബെയില്‍ പുരസ്‌കാരം ആദ്യമായി ഇന്ത്യയില്‍ കൊണ്ടുവന്ന ടാഗോറിന്റെ ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ഏഴിന്. ദേശസ്നേഹം ചില പ്രത്യേക വിഭാഗങ്ങള്‍ കുത്തയാക്കിവെക്കുകയും വിയോജിക്കുന്നവരെ ദേശദ്രോഹികളാക്കി ജയിലിലടക്കുകയും ചെയ്യുന്ന ഒരു ഇന്ത്യ വരാനിരിക്കുന്നുണ്ടെന്ന് ടാഗോര്‍ ദീര്‍ഘദര്‍ശനം ചെയ്തിരിക്കണം.


സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ അടച്ചു പൂട്ടാനാണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ ബ്രിട്ടീഷുകാര്‍ സെഡിഷന്‍ എന്ന വകുപ്പ് എഴുതിച്ചേര്‍ത്തത്. തോമസ് മെക്കാളെ ഡ്രാഫ്റ്റ് ചെയ്ത് 1862ല്‍ നിലവില്‍വന്ന ഒറിജിനല്‍ പീനല്‍ കോഡില്‍ പ്രസ്തുത നിയമം ഇല്ലായിരുന്നു. 1890ലാണ് സ്പെഷ്യല്‍ ആക്റ്റിലൂടെ ഇത് ചേര്‍ത്തത്. രാജ്യദ്രോഹ നിയമം ആദ്യം പ്രയോഗിച്ചത് സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകനെതിരെ ആയിരുന്നു. ബ്രിട്ടീഷ് രാജിനെതിരെ തന്റെ പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനായിരുന്നു അത്. 'യംഗ് ഇന്ത്യ' യില്‍ ബ്രിട്ടീഷ് വിരുദ്ധ ലേഖനം എഴുതിയതിന് മഹാത്മാ ഗാന്ധിയെയും ഇതേ നിയമപ്രകാരം ജയിലിലടച്ചു. മൗലാന മുഹമ്മദ് അലി, ഷൗക്കത്ത് അലി, മൗലാന ആസാദ്, ആനി ബെസന്റ് എന്നിവര്‍ക്കെതിരെയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് ഭരണകൂടം രാജ്യദ്രോഹ കുറ്റം ചുമത്തുകയുണ്ടായി. അക്കൂട്ടത്തില്‍ സവര്‍ക്കറോ സംഘ്പരിവാറിന്റെ പൂര്‍വ തലമുറക്കാരോ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.



നിരന്തരം ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 124 എ എന്ന രാജ്യദ്രോഹ നിയമം മെയ് 11 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ചിരിക്കുന്നു. 124 എ എന്ന രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാന്‍ 2018ല്‍ കേന്ദ്ര നിയമ കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതിന് ഏഴു പതിറ്റാണ്ടു മുമ്പ്, റൊമേഷ് ഥാപ്പര്‍/ സ്റ്റേറ്റ് ഓഫ് മദ്രാസ് കേസില്‍, സര്‍ക്കാറിനെ വിമര്‍ശിക്കുന്നതോ അതിന്റെ നയങ്ങളോട് അതൃപ്തി പ്രകടിപ്പിക്കുന്നതോ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് നീതീകരണമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സെക്ഷന്‍ 124 എ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടച്ചു പൂട്ടുന്നതിന് കോളോണിയല്‍ ഭരണാധികാരികള്‍ കണ്ടെത്തിയ ഉപകരണമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും 1951ല്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയും 1959ല്‍ അലഹബാദ് ഹൈക്കോടതിയും വിധികള്‍ പുറപ്പെടുവിക്കുകയുണ്ടായി.


മൗലാന മുഹമ്മദ് അലി, ആനി ബെസന്റ്, ഷൗക്കത്ത് അലി

സംഘ്പരിവാറുകാരും സഹയാത്രികരും ഉദ്ധരിക്കാറുള്ള കേദാര്‍ നാഥ് കേസിലെ 1962ലെ സുപ്രീം കോടതി വിധി രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവെച്ചെങ്കിലും സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍, കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതല്ലെങ്കില്‍, ഒരു കാരണവശാലും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, നരേന്ദ്ര മോദിയെയും സംഘ്പരിവാര്‍ സര്‍ക്കാറിനെയും വിമര്‍ശിക്കുന്നതും ട്വീറ്റ് ചെയ്യുന്നതും രാജ്യദ്രോഹ കുറ്റമാക്കി വ്യക്തികളെ ജയിലില്‍ അടക്കുകയും മാധ്യമ സ്ഥാപനങ്ങളെ അടച്ചു പൂട്ടുകയും ചെയ്യുന്ന നയങ്ങളാണ് സര്‍ക്കാര്‍ തുടര്‍ന്നത്.

2000 ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിലെ 66 എ വകുപ്പും പൗരാവകാശം ഉയര്‍ത്തിപിടിച്ചുകൊണ്ട് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ഓണ്‍ലൈന്‍ പോസ്റ്റുകളുടെ പേരില്‍ വ്യക്തികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള നിയമം 2008ല്‍ ഒരു ഭേദഗതിയിലൂടെയാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ എഴുതിച്ചേര്‍ത്തത്. ശ്രേയാ സിംഗാള്‍ കേസില്‍ 2015 മാര്‍ച്ച് 24ലെ സുപ്രധാന വിധിയിലൂടെ പ്രസ്തുത വകുപ്പ് പരമോന്നത നീതിപീഠം വലിച്ചു കൊട്ടയിലെറിഞ്ഞു. എന്നാല്‍, ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പ്രസ്തുത വകുപ്പിന് കീഴില്‍ 2021 മാര്‍ച്ച് വരെ 11 സംസ്ഥാനങ്ങളിലായി 745 കേസുകള്‍ കെട്ടിക്കിടക്കുന്നത് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഭരണകൂടത്തിന്റെ ധിക്കാര നടപടികള്‍ ചോദ്യം ചെയ്യുന്നവരെ ആയുഷ്‌കാലം മുഴുവന്‍ ജയിലിലടക്കാന്‍ ചുട്ടെടുത്ത ടാഡ, പോട്ട മുതല്‍ യു.എ.പി.എ വരെയുള്ള ഭീകര നിയമങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളെയാണ് പീഡിപ്പിച്ചത്. 1987ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പാസ്സാക്കിയ ടാഡ (Terrorist and Disruptive Activities (Prevention) Act) വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതോടെ പിന്‍വലിക്കേണ്ടി വന്നു. 1995ല്‍ നിര്‍ത്തലാക്കിയെങ്കിലും ടാഡ ചുമത്തി അറസ്റ്റ് ചെയ്ത 76,166 പേരില്‍ കുറ്റവാളികളായി കണ്ടെത്തിയത് നാലു ശതമാനം പേരെ മാത്രമായിരുന്നു!


1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവവും 2001ലെ പാര്‍ലമെന്റ് ആക്രമണവും ചൂണ്ടിക്കാട്ടിയാണ് ടാഡയേക്കാള്‍ ഭീകരമായ പോട്ട (Prevention of Terrorism Atc) 2002ല്‍ വാജപേയി സര്‍ക്കാര്‍ പാസ്സാക്കിയത്. സംശയത്തിന്റെ പേരില്‍ മാത്രം ഒരു വ്യക്തിയെ ആറു മാസം വരെ ജയിലിലിടാന്‍ വ്യവസ്ഥ ചെയ്യുന്ന ഭീകര നിയമമായിരുന്നു അത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഏത് സംഘടനയെയും ഭീകരമെന്ന് മുദ്ര കുത്താനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. പോട്ടയനുസരിച്ച് രജിസ്റ്റര്‍ ചെയ്തത് 4,349 കേസുകള്‍. 1,031 പേരെ തടവിലാക്കി. പതിമൂന്ന് പേരെ മാത്രമാണ് വിചാരണ ചെയ്തത്.

1967 മുതല്‍ നിലവിലുണ്ടായിരുന്ന യു.എ.പി.എ എന്ന കരിനിയമം പൊടിതട്ടി മൂര്‍ച്ചകൂട്ടി പ്രവര്‍ത്തനക്ഷമമാക്കിയത് മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണ്. ഭീകരതയെ നേരിടാനെന്ന പേരില്‍ കൊണ്ടുവന്ന യു.എ.പി.എ മറ്റു രണ്ട് കരിനിയമങ്ങളേക്കാള്‍ ഭീകരമായാണ് സര്‍ക്കാറുകള്‍ ദുരുപയോഗം ചെയ്തത്. മനുഷ്യാവകാശങ്ങളെപ്പറ്റി ധാരാളം സംസാരിക്കാറുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും ദൗര്‍ഭാഗ്യവശാല്‍ അതില്‍നിന്ന് മുക്തമായില്ല. യു.എ.പി.എ ചാര്‍ത്തപ്പെട്ട് പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ ജയിലറകള്‍ക്കുള്ളില്‍ കഴിഞ്ഞ് ഒടുവില്‍ കുറ്റമുക്തരാക്കപ്പെട്ട നിരപരാധികള്‍ ഏറെയാണ്. അത്തരം ആയിരക്കണക്കിന് നിരപരാധികള്‍ രാജ്യമെമ്പാടും തടവറയിലാണ്. യു.എ.പി.എ ദുരുപയോഗത്തിന്റെ ഒരു ഇരയാണല്ലോ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍.


നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി ) 2019 വരെയുള്ള റിപ്പോര്‍ട്ടനുസരിച്ച് യു.എ.പി.എ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 95 ശതമാനവും (2,244) വിചാരണ നടക്കാതെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. യു.എ.പി.എയില്‍ ശിക്ഷിക്കപ്പെട്ടത് 29 ശതമാനം മാത്രമാണെന്ന് അറിയുമ്പോഴാണ് ഇങ്ങനെ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യദ്രോഹ നിയമം റദ്ദ് ചെയ്യപ്പെടുക എന്നത് ഭരണകൂട ഭീകരതക്കെതിരെ പോരാടുന്ന പൗരന്മാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നീക്കമെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍, യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ നിലനില്‍ക്കുവോളം ആ പ്രതീക്ഷികള്‍ക്ക് പരിമിതിയുണ്ട്.

Similar Posts