കേരള സ്റ്റോറിയും അണിയറയിലെ അജണ്ടകളും
|കേരളത്തില്‍ നിന്ന് യുവതികളെ ഐസിസിലേക്ക് എത്തിക്കുന്നുവെന്നും മതപരിവര്‍ത്തനം നടത്തുന്നുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ കള്ളമാണെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങള്‍ ചിരിച്ച് തള്ളിയേക്കാം. എന്നാല്‍, ഉത്തരേന്ത്യയില്‍ അവര്‍ ഈ കള്ളം വിറ്റുകൊണ്ടിരിക്കും. ബി.ജെ.പിക്ക് ഇടം കൊടുക്കാത്ത സംസ്ഥാനത്ത് നടക്കുന്നത് ഇതാണെന്ന് അവര്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും യു.പിയിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കും.
എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണന്‍. മനുഷ്യരാശിയെ സേവിക്കാന്‍ ഒരു നഴ്സാകാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍, ഇപ്പോഴെന്റെ പേര് ഫാത്തിമ ബാ, അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഐസിസ് ഭീകരവാദിയാണ് ഞാനിപ്പോള്‍. ഇവിടെ ഞാന്‍ തനിച്ചല്ല. എന്നെപ്പോലെ 32,000 സ്ത്രീകളെ ഇതിനകം മതപരിവര്‍ത്തനം നടത്തി സിറിയയിലെയും യമനിലെയും മരുഭൂമികളില്‍ കുഴിച്ചുമൂടിയിട്ടുണ്ട്.
വിപുല്‍ അമൃത്‌ലാല്‍ ഷാ നിര്‍മിച്ച് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ടീസറില്‍ നിഖാബ് ധരിച്ച് മുസ്‌ലിം വേഷവിധാനത്തോടെ എത്തിയ ഒരു യുവതിയുടെ ഡയലോഗ് ഇതായിരുന്നു. അനൗണ്‍സ്‌മെന്റ് ടീസര്‍ മുതല്‍ ട്രെയിലര്‍ വരെ സംഘ്പരിവാര്‍ പ്രൊപ്പഗാണ്ടകള്‍ നിറച്ച് ഒരു മതത്തെയും അതില്‍ വിശ്വസിക്കുന്നവരെയും അവഹേളിക്കാനായി പച്ചക്കള്ളങ്ങള്‍ നിറച്ചൊരു സിനിമ, അതാണ് കേരള സ്റ്റോറി ഇതുവരെ മനസിലാക്കി തരുന്നത്. ചുരുക്കത്തില്‍ ലൗ ജിഹാദ് അടക്കം കേരളത്തെ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ കാലങ്ങളായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷങ്ങളുടെ സിനിമാറ്റിക് വേര്‍ഷന്‍. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ ലൗ ജിഹാദിലൂടെ അടക്കം മതം മാറ്റി അഫ്ഗാനിലേക്കും സിറിയയിലേക്കും കടത്തികൊണ്ടുപോയി എന്നാണ് ചിത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ പഴയ പ്രസ്താവന അടക്കം ഉപയോഗിച്ചാണ് ചിത്രത്തിന്റെ പ്രചാരണം നടക്കുന്നതും. കേരളത്തില്‍ നിന്ന് ഐസിസിലേക്ക് ഇത്രയധികം പേരെ കടത്തിക്കൊണ്ട് പോയിട്ടുണ്ടോ, ലൗ ജിഹാദ് അല്ലെങ്കില്‍ റോമിയോ ജിഹാദ് എന്നതൊന്നുണ്ടോ? എന്താണ് ഇതില്‍ കേരളവും കര്‍ണാടകയും കേന്ദ്രസര്‍ക്കാരും അടക്കം നല്‍കിയ മറുപടികള്‍?
കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ ലൗ ജിഹാദിലൂടെ അടക്കം മതം മാറ്റി അഫ്ഗാനിലേക്കും സിറിയയിലേക്കും കടത്തികൊണ്ടുപോയി എന്നാണ് ചിത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ പഴയ പ്രസ്താവന അടക്കം ഉപയോഗിച്ചാണ് ചിത്രത്തിന്റെ പ്രചാരണം നടക്കുന്നതും.
വിദ്വേഷ പ്രചാരണങ്ങളുടെ വസ്തുതകള്‍
ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ ടീസര്‍ മാത്രമായിരുന്നില്ല ഈ കള്ളത്തിന്റെ തുടക്കം. 2018-ല്‍ സംവിധായകന്‍ സുദീപ്‌തോസെന്‍, 'ഇന്‍ ദ നെയിം ഓഫ് ലവ്!' എന്ന പേരില്‍ 52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു. 2009 മുതല്‍ - കേരളത്തില്‍ നിന്ന് 17,000-ത്തിലധികം പെണ്‍കുട്ടികളും മംഗലാപുരത്ത് നിന്ന് 15,000-ത്തിലധികം പെണ്‍കുട്ടികളും ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് മതം മാറ്റപ്പെട്ടു. അവര്‍ സിറിയ, അഫ്ഗാനിസ്ഥാന്‍, മറ്റ് ഐഎസ്ഐഎസ്, താലിബാന്‍ സ്വാധീനമുള്ള പ്രദേശങ്ങളിലാണ് എത്തിയതെന്നുമായിരുന്നു ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം അന്നും ഇപ്പോള്‍ പറയുന്ന (17000+15000) 32,000 എന്ന കണക്കായിരുന്നു സുദീപ്‌തോ കാണിച്ചിരുന്നത്. ജെ.എന്‍.യുവില്‍ ഇതിന്റെ പ്രദര്‍ശനത്തിനിടെ രണ്ട് വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടെയില്‍ ഡോക്യുമെന്ററി ലൗജിഹാദിനെ കുറിച്ചല്ലെന്നും അന്ന് സുദീപ്‌തോ പറഞ്ഞിരുന്നു. കേരള സ്റ്റോറിയുടെ ആദ്യ ടീസറാകട്ടെ കേരളത്തില്‍ നിന്നും 32,000ത്തോളം യുവതികളെ മതപരിവര്‍ത്തനം നടത്തി ഐസിസില്‍ എത്തിച്ചെന്നാണ് പറഞ്ഞുവെക്കുന്നത്. 'കേരളത്തിലെ മനോഹരമായ കായലുകള്‍ക്ക് പിന്നില്‍, കാണാതായ 32000 സ്ത്രീകളുടെ ഭീകര കഥയുണ്ട്. ഭീതിജനകവും ഹൃദയഭേദകവുമായ സമൂഹത്തിന്റെ ഇരുണ്ട ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം 'ദി കേരള സ്റ്റോറി' വെളിപ്പെടുത്തുന്നു' എന്നാണ് ടീസറിന് താഴെ അണിയറ പ്രവര്‍ത്തകര്‍ കുറിച്ചിരുന്നതും.
കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ 2010ല്‍ ഡല്‍ഹിയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചെറിയൊരു ഭാഗമായിരുന്നു ആദ്യ ടീസറില്‍ ഉണ്ടായിരുന്നത്. ആ വീഡിയോയില്‍ ഉള്ള സബ് ടൈറ്റിലിലാകട്ടെ അര്‍ധരാത്രി ആയിട്ടും നിങ്ങളുടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തായിരിക്കും അനുഭവപ്പെടുക എന്നും, കേരളത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി നിരവധി പെണ്‍കുട്ടികളെ കാണാതാവുകയും അവര്‍ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നിട്ടില്ലെന്നുമാണ് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കുവാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ഇത് നിരോധിത സംഘടനയായ എന്‍.ഡി.എഫിന്റെ അജണ്ടയാണെന്നും പറയുന്നുണ്ട്. അടുത്ത 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്‌ലിം സംസ്ഥാനമാക്കുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ 10 വര്‍ഷമായി ആയിരക്കണക്കിന് പെണ്‍കുട്ടികളെയാണ് ഐ.എസിന് വേണ്ടിയും മറ്റു ഇസ്‌ലാമിക യുദ്ധമേഖലയിലേക്കും കടത്തികൊണ്ടുപോകുന്നത്. ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോയ 32000 പെണ്‍കുട്ടികളുടെ യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയെന്ന് പറഞ്ഞാണ് ആദ്യ ടീസര്‍ അവസാനിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അമ്മമാരുടെ കരച്ചിലും വി.എസ് അച്യുതാനന്ദന്റെ വാര്‍ത്താസമ്മേളനത്തിന്റെ ഒരു ഭാഗവുമാണ് കാണിക്കുന്നത്. ഇതില്‍ തന്നെ അണിയറപ്രവര്‍ത്തകരുടെ ദുഷ്ടലാക്കും വിദ്വേഷവും വ്യക്തമാണ്. അന്ന് വി.എസ് പറയാത്ത കാര്യമടക്കമാണ് സബ്‌ടൈറ്റിലായി ടീസറിന് താഴെ എഴുതിക്കാണിക്കുന്നത്. സംഘ്പരിവാര്‍ പ്രൊപ്പഗാണ്ടയ്ക്ക് അനുകൂലമായി വി.എസ് പറയാത്ത ഒന്നിനെ വളച്ചൊടിക്കുകയായിരുന്നു.
യഥാര്‍ഥത്തില്‍ 32,000 യുവതികളെ മതം മാറ്റി സിറിയയിലേക്കും അഫ്ഗാനിലേക്കും ആരെങ്കിലും കടത്തിയിട്ടുണ്ടോ, എന്താണ് വസ്തുത? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വെച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 32000 എന്ന കണക്ക് സുദീപ്‌തോ ഉണ്ടാക്കിയെടുത്തത്. ഇതെടുത്താണ് ഡോക്യുമെന്ററിയിലേക്കും പിന്നീട് സിനിമയിലേക്കും സംവിധായകന്‍ എത്തിയത്. അത് പ്രചരിപ്പിക്കാന്‍ സംഘ് ഗ്രൂപ്പുകള്‍ ഉണ്ടെന്ന ബലമാണ് സുദീപ്‌തോയ്ക്ക് ഈ കള്ളം പ്രചരിപ്പിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്.
എന്താണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്?
2006 മുതല്‍ 2012 വരെ സംസ്ഥാനത്ത് 2667 യുവതികള്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍, ഇവര്‍ ഐഎസില്‍ ചേരുന്നതിനെ കുറിച്ച് ഒരു വരിപോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് തെളിവുകളില്ലെന്നും ലൗ ജിഹാദിനെ കുറിച്ചുള്ള ആശങ്ക അടിസ്ഥാന രഹിതവുമാണെന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, ഇത് സംബന്ധിച്ച് സംവിധായകനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയാണ് ഏറെ ആശ്ചര്യം. അസഹിഷ്ണുതയാണെന്നും, സിനിമ റിലീസ് ചെയ്തതിനു ശേഷം താന്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നുമായിരുന്നു അത്. എന്നാല്‍, മതപരിവര്‍ത്തനത്തിലെ മുസ്‌ലിം കണക്കുകള്‍ മാത്രം പെരുപ്പിച്ചാണ് നട്ടാല്‍ കുരുക്കാത്ത ഒരു നുണ സുദീപ്‌തോ പടച്ചുവിട്ടത്. ഹിന്ദുമതത്തിലേക്ക് 2,803 പേരാണ് ഇക്കാലയളവില്‍ മാറിയതെന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ ലഭ്യമല്ലെന്നുമാണ് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയമോ, കേരളത്തിലെ ഇന്റലിജെന്‍സ് അടക്കം ഏതെങ്കിലും അന്വേഷണ ഏജന്‍സികളോ സുദീപ്തോ സെന്‍ പറയുന്ന പോലൊരു കണക്ക് അന്വേഷണത്തില്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.
ഇനി മറ്റൊരു കണക്ക് കൂടി പറയാം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 സെപ്റ്റംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറെക്കൂടി വ്യക്തമായി സംസ്ഥാനത്ത് നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. അത് ഇങ്ങനെയാണ്, 2019 വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയശേഷം അവിടെനിന്നും ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. ഇതില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്‌ലിം സമുദായത്തില്‍ നിന്നുളളവരാണ്. ബാക്കിയുളള 28 പേരാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയത്. ആ 28 പേരില്‍ വെറും അഞ്ചുപേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയശേഷം ഐഎസില്‍ ചേര്‍ന്നത്. തിരുവനന്തപുരം സ്വദേശിനി നിമിഷ, എറണാകുളം സ്വദേശിനി മെറിന്‍ ജേക്കബ് എന്നിങ്ങനെ അഞ്ചുപേരായിരുന്നു അത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തിയശേഷം തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ നിന്നോ കേരളത്തില്‍ നിന്നോ 32,000 യുവതികള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ കേരള സ്റ്റോറിയിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയമോ, കേരളത്തിലെ ഇന്റലിജെന്‍സ് അടക്കം ഏതെങ്കിലും അന്വേഷണ ഏജന്‍സികളോ സുദീപ്തോ സെന്‍ പറയുന്ന പോലൊരു കണക്ക് അന്വേഷണത്തില്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്ര ധൈര്യത്തില്‍, ഇതുപോലൊരു വലിയ കളളത്തെ ബേസ്ഡ് ഓണ്‍ എ ട്രു സ്റ്റോറി എന്ന് സുദീപ്തോക്ക് പറയാന്‍ സാധിക്കുന്നത്, അതിനൊരു പിന്‍ബലമേ ഉളളൂ, അത് എന്തുവിധേനെയും കേരളത്തില്‍ വിദ്വേഷ പ്രചാരണം നടത്താന്‍ സംഘ്പരിവാര്‍ കൂടെയുണ്ടാകുമെന്ന ധൈര്യം മാത്രം.
ലൗജിഹാദ് എന്ന കളളക്കഥ
ഇനി, നേരത്തെ തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടക്കം തളളിപ്പറഞ്ഞ, എന്നാല്‍ ഇപ്പോഴും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ലൗ-ജിഹാദ് എന്നൊരു കളളക്കഥയെക്കുറിച്ച് കൂടി പറയാം. 2009ലാണ് കേരളത്തില്‍ ലൗജിഹാദ് എന്നും റോമിയോ ജിഹാദെന്നുമുളള പ്രയോഗങ്ങള്‍ പ്രചാരത്തില്‍ വരുന്നത്. പത്തനംതിട്ടയിലെ ഒരു സ്വാശ്രയ കോളജില്‍ നിന്ന് രണ്ട് ഹിന്ദു പെണ്‍കുട്ടികളെ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രണയം നടിച്ചുകൊണ്ടുപോയി മതംമാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് സംഘ്പരിവാര്‍ മുഖവാരികയായ കേസരിയില്‍ വന്ന ലേഖനത്തെ ബന്ധപ്പെടുത്തി കേരളകൗമുദി പത്രമാണ് ലൗജിഹാദെന്ന പ്രയോഗം ആദ്യം നടത്തുന്നത്. തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്. കെ.ടി ശങ്കരന്‍ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ലൗജിഹാദ്, റോമിയോ ജിഹാദ് എന്നീ പേരുകളില്‍ സംസ്ഥാനത്ത് ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നതായോ, മറ്റേതെങ്കിലും സംഘടന നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഡി.ജി.പി 2009 ഒക്ടോബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലം. സംസ്ഥാനത്തോ, രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗജിഹാദ് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിലേത് പോലെ കര്‍ണാടകയിലും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണ സമിതി, ബി.ജെ.പി, മറ്റ് ഹൈന്ദവ സംഘടനകള്‍ എന്നിവരും ലൗജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് 30,000 ഹിന്ദു പെണ്‍കുട്ടികളെയും ദക്ഷിണ കര്‍ണാടകയില്‍ നിന്ന് മാത്രം 3,000 ഹിന്ദു പെണ്‍കുട്ടികളെയും കാണാതായി എന്നായിരുന്നു ആരോപണം. തുടര്‍ന്ന് ദക്ഷിണ കന്നഡ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2009 സെപ്റ്റംബര്‍ വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതെന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും ഔദ്യോഗികമായ വിശദീകരണം വന്നു. തുടര്‍ന്ന് കണ്ടെത്താനുളള 57 പേരിലാകട്ടെ ഹിന്ദു പെണ്‍കുട്ടികള്‍ മാത്രമല്ലെന്നും എല്ലാ മതത്തില്‍ നിന്നുളളവര്‍ ഉണ്ടെന്നുമായിരുന്നു പൊലീസ് അറിയിച്ചതും. ഇത്തരത്തില്‍ വസ്തുതകള്‍ പുറത്തുവന്നിട്ടും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ലൗജിഹാദെന്ന പ്രചാരണം തുടര്‍ന്നുകൊണ്ടിരുന്നു.
2017ല്‍ ഹാദിയ കേസ് ചര്‍ച്ചകള്‍ സജീവമായതോടെ വീണ്ടും ലൗജിഹാദ് വിവാദം ആളിക്കത്തി. തുടര്‍ന്നാണ് കേരളത്തിലെ ലൗജിഹാദ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനായി എന്‍.ഐ.എ എത്തുന്നത്. കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി 11 കേസുകള്‍ എന്‍.ഐ.എ തെരഞ്ഞെടുത്ത് പരിശോധിക്കുകയും ദമ്പതികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ ഇസ്‌ലാമിലേക്കുളള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനോ റിക്രൂട്ട്‌മെന്റിനോ തെളിവുകളില്ലെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയോടും അന്ന് വിശദീകരണം തേടിയിരുന്നു. കേരളത്തില്‍ ലൗജിഹാദ് എന്നൊന്ന് ഇല്ലെന്നും അങ്ങനെയുളള കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നുമായിരുന്നു 2017 ആഗസ്റ്റില്‍ ഡി.ജി.പി നല്‍കിയ മറുപടിയും. ഏറ്റവുമൊടുവില്‍ ലോക്സഭയില്‍ ബെന്നി ബെഹന്നാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ലൗജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് നല്‍കിയ മറുപടി. കേരളത്തില്‍ നിന്നുളള ലൗജിഹാദ് കേസുകളൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ ഇല്ലെന്നും ലൗജിഹാദ് എന്ന പദം നിലവിലുളള നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കിയത്. ഇതൊക്കെയാണ് ലൗജിഹാദുമായി ബന്ധപ്പെട്ടും കേരളത്തില്‍ നിന്ന് ഐ.എസിലേക്കുളള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വിവിധ സമയങ്ങളിലായി നല്‍കിയിരിക്കുന്ന ആധികാരികമായ മറുപടികള്‍.
ദ കേരള സ്റ്റോറി
1987ലെ രാമായണ പരമ്പര മുതല്‍ ഹിന്ദു ദൈവങ്ങളെ കഥാപാത്രങ്ങളാക്കി, മിത്തും വിശ്വാസവും ദേശീയതയും ഹിന്ദു വികാരവും വിറ്റുപോവുന്ന കണ്ടന്റുകളായി പരിണമിച്ചതിന്റെ സിനിമയുടെ നടപ്പുകാലത്താണ് നമ്മള്‍ കേരള സ്റ്റോറിയെ കുറിച്ച് സംസാരിക്കുന്നത്. പറയുന്നത് എത്ര ഭീകരമായ കള്ളമായിരുന്നിട്ടും വലിയ ഞെട്ടല്‍ നമുക്ക് ഉണ്ടാവാത്തതിന്റെ കാരണമെന്താണെന്നറിയാമോ, ഇതിനിടയിലാണ് നമ്മളുള്ളത് എന്നതുകൊണ്ടാണ്. സിനിമക്കുള്ളിലൂടെ ഹിന്ദുത്വവും അപരമതവിദ്വേഷം ഒളിച്ചുകടത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. ബിഗ് ബജറ്റ് സിനിമകളില്‍ പലതിലും കഥയോട് ഒരു ബന്ധമില്ലാതിരുന്നിട്ടും ഹിന്ദു ദൈവങ്ങളെ കഥാപാത്രങ്ങളാക്കി സിനിമയാക്കി വിറ്റുകൊണ്ടിരിക്കുകയാണ്. കൂടാതെ പുതിയകാലത്തെ പ്രൊപ്പഗാണ്ട സിനിമകള്‍ ബോളിവുഡ് കടന്ന് സൗത്ത് ഇന്ത്യന്‍ ഭാഷകളിലേക്ക് കൂടി എത്തിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് ഐസിസിലേക്ക് ഇങ്ങനെ ഒരു ഒഴുക്ക് ഉണ്ടാവുന്നുണ്ടെന്ന വാര്‍ത്ത കള്ളമാണെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങള്‍ ചിരിച്ച് തള്ളിയേക്കാം. എന്നാല്‍, ഉത്തരേന്ത്യയില്‍ അവര്‍ ഈ കള്ളം വിറ്റുകൊണ്ടിരിക്കും. ബി.ജെ.പിക്ക് ഇടം കൊടുക്കാത്ത സംസ്ഥാനത്ത് നടക്കുന്നത് ഇതാണെന്ന് അവര്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും യു.പിയിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കും. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഭാഷയും ഹിജാബും മതപരിപര്‍വര്‍ത്തനവും ബീഫും ലൗജിഹാദും അടക്കം സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ ആയുധമാക്കും. ഭരണത്തിന്റെ തണലില്‍ അപരമതവിദ്വേഷവും ഹിന്ദുത്വയും പ്രചരിപ്പിക്കാന്‍ സിനിമ എന്ന മാധ്യമം ഉപയോഗിക്കുമ്പോള്‍ എളുപ്പത്തില്‍ ഒരു മാസ് ഓഡിയന്‍സിലേക്കുളള റീച്ച് തന്നെയാണ് ലക്ഷ്യമിടുന്നതും. കേരള സ്‌റ്റോറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ബി.ജെ.പി രംഗത്തെത്തിയപ്പോള്‍ തന്നെ ഉദ്ദേശം വ്യക്തമാണ്. സത്യം പുറത്തുവരരുത് എന്ന് ആരാണ് ആഗ്രഹിക്കുന്നതെന്നാണ് ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ചോദ്യം. സിനിമയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന്് ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ട് കൂടിയാണ് അമിത്ത് പറയുന്നത്. ഇതില്‍ തന്നെ സംഘ്പരിവാര്‍ ചിത്രം കൊണ്ട് ലക്ഷ്യമിടുന്ന അജണ്ട വ്യക്തമാണ്.
കേരള സ്റ്റോറി കേരളത്തെ അവഹേളിക്കാന്‍ മാത്രമുള്ളതല്ല, മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യംവെച്ചുകൂടിയാണത്. ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകള്‍ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതാണെന്ന കാര്യത്തില്‍ ഒരു സംശയമില്ല. ഇന്ത്യയുടെ ഇങ്ങേതലക്കുള്ള ഈ കൊച്ച് സംസ്ഥാനത്തെ പറ്റി അറിയാത്തവര്‍ ഇത് സത്യമാണെന്ന് തെറ്റിധരിക്കും. അല്ലെങ്കില്‍ എന്തിനാണ് ഇവര്‍ ഈ സിനിമക്ക് കേരളത്തെ ആധാരമാക്കിയത്. വ്യക്തമാണത്, കടന്നുകയറാന്‍ ബാക്കിയുള്ള കനലാണിത് എന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.