Analysis
കാനിസ് ഓറിയസ് ഇന്‍ഡിക്കസ്
Analysis

ആശയ കുഴപ്പത്തിലാക്കുന്ന കുറുക്കനും കുറുനരിയും ബംഗാള്‍ ഫോക്‌സും

അശ്വനി കൃഷ്ണ
|
9 Feb 2024 10:58 AM GMT

കേരളത്തില്‍ കണ്ടുവരുന്ന ജാക്കള്‍ (Jackal) അഥവാ, കാനിസ് ഓറിയസ് ഇന്‍ഡിക്കസ് (canis aureus indicus) എന്ന വിഭാഗം കുറുക്കന്‍ അല്ലെങ്കില്‍ കുറുനരി, ഊളന്‍ എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നു.

ജീവന്റെ വൈവിധ്യമാണ് ജൈവവൈവിധ്യം. നമ്മുടെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവതമ്മിലുള്ള സാദൃശ്യങ്ങള്‍, വൈവിധ്യങ്ങള്‍, പുനരുത്പാദന രീതികള്‍, ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അവസ്ഥാഭേദങ്ങള്‍, ആവാസവ്യവസ്ഥകള്‍, ആകൃതി എന്നിവയുടെ ആകെത്തുകയാണ് ജൈവവൈവിധ്യം എന്നുപറയാം. ഇവ മുന്ന് വിഭാഗങ്ങളായി തിരിക്കാം. ആദ്യത്തേത് ജനിതക വൈവിധ്യമാണ്. ഒരേതരം സ്പീഷിസുകളിലുള്ള ജീവജാലങ്ങളുടെ ജനിതക സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള വൈവിധ്യത്തെയാണ് ജനിതക വൈവിധ്യം എന്ന് പറയുന്നത്. രണ്ടാമത്തേത് ജീവജാതി വൈവിധ്യം. ജൈവമണ്ഡലത്തിലെ ആവാസവ്യവസ്ഥയില്‍ കണ്ടുവരുന്ന സസ്യ ജന്തു സൂക്ഷ്മ ജീവിവര്‍ഗങ്ങളുടെ ആകെ എണ്ണം, അവ തമ്മിലുള്ള ബന്ധം, ആശ്രയം, വൈജാത്യങ്ങള്‍ എന്നിവയാണ് ജീവജാതി വൈവിധ്യം. മൂന്നാമത്തേത് ആവാസവ്യവസ്ഥയിലെ വൈവിധ്യമാണ്. ജീവികളും ചുറ്റുമുള്ള ജൈവ അജൈവ ജനിതക വിഭാഗങ്ങളും നിരന്തരമായ ബന്ധത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ശൃംഖലയാണ് ആവാസവ്യവസ്ഥ വൈവിധ്യം.

ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യ സൂത്രധാരന്‍മാരാണ് ശ്വാനവംശക്കാര്‍. അന്റാര്‍ട്ടിക്ക ഒഴികയുള്ള ഏതു ഭൂഖണ്ഡത്തിലും കാണാന്‍ കഴിയുന്ന മൃഗമാണ് ഇവ. പുതിയ ഭക്ഷണസ്രോതസ്സുകള്‍ തേടി ഒരിടത്തു താമസിക്കുകയും ഉദാസീനമായ ജീവിത ശൈലി നയിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു ജീവിയാണ് കുറുക്കന്‍. ശ്വാനവംശത്തില്‍ തന്നെ ഒരുപാട് ഉപവിഭാഗങ്ങള്‍ ഉണ്ട്. നമ്മുടെ കേരളത്തില്‍ കണ്ടുവരുന്ന ജാക്കള്‍ ( Jackal) അഥവാ, കാനിസ് ഓറിയസ് ഇന്‍ഡിക്കസ് (canis aureus indicus) എന്ന വിഭാഗം കുറുക്കന്‍ അല്ലെങ്കില്‍ കുറുനരി, ഊളന്‍ എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നു. പല മൃഗങ്ങള്‍ക്കും ഭക്ഷണത്തിന്റെ അഭാവം, കാലാവസ്ഥ വ്യതിയാനം എന്നിവകാരണം അവയുടെ നിലനില്‍പ്പിന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ തേടേണ്ടി വരുന്നു.

ബാലമാസികയിലും മറ്റു മാസികളിലും മുഖ്യ കഥാപത്രമായ കുറുക്കന്‍, വുള്‍പ്‌സ് ബംഗാളിയെന്‍സിസ് (Vulpes bengalensis) നാമത്തില്‍ അറിയപ്പെടുന്ന ജീവിയാണ്. ഇവയും ശ്വാനവംശത്തില്‍ പെടുന്നവതന്നെയാണെങ്കിലും രണ്ടും രണ്ട് ജനുസ്സില്‍ പെട്ട ജീവികളാണ്. ആധികാരികമായ മലയാളം പേര് വുള്‍പ്‌സ് ബംഗാളിയെന്‍സിസ്‌നു നല്‍കിയിട്ടില്ല. ഇവയും കുറുക്കനും തമ്മിലുള്ള സാമ്യമാവാം ഇവയെ കുറുക്കനും കുറുനരിയെന്നും ആളുകള്‍ വിളിക്കുന്നത്തിനു കാരണം എങ്കില്‍ തന്നെയും മലയാളികള്‍ ഇന്നും ആശയക്കുഴപ്പത്തിലാണ്.

ആളൊരു കുറുക്കനാണ് എന്ന വിശേഷണം ചിലര്‍ക്ക് ചാര്‍ത്തികിട്ടാറുണ്ട്. സൂത്രശാലിയും, ചതിയനും, കള്ളനും ഏഷണിക്കാരനും കുടില ബുദ്ധിയും ഉള്ളവരാണ് കുറുക്കന്മാര്‍ എന്നാണ് പൊതുവെയുള്ള ചിന്താഗതി. മുത്തശ്ശിക്കഥയിലും, ബാലമാസികയിലെ അമര്‍ചിത്ര കഥകളിലുമെല്ലാം തന്നെ കാട്ടിലെ രണ്ടാം വില്ലന്‍ കുറുക്കനാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞതും നീല ചായത്തില്‍ വീണ് നിറം മാറി രാജാവാകണമെന്ന് പറഞ്ഞതും, കാക്കയെ പാടിച്ചു അപ്പക്കഷ്ണം പറ്റിച്ചു കടന്നുകളഞ്ഞതും കുറുക്കനാണ്. സത്യത്തില്‍ കുറുക്കന്മാര്‍ അതിബുദ്ധിമാന്മാരൊന്നുമല്ല. ശ്വാനകുടുംബത്തിലെ പൊതു ബുദ്ധിമാത്രമേ ഇവര്‍ക്കുള്ളു. കാനിഡ് കുടുംബത്തില്‍ പെട്ട മാംസഭോജി മൃഗമാണ് ഇവ. കുറുക്കനെ കുറിച്ചു നമുക്ക് എല്ലായ്പ്പോഴും തന്നെ ആശയകുഴപ്പമുണ്ടാവാറുണ്ട്. ബാലമാസികയിലും മറ്റു മാസികളിലും മുഖ്യ കഥാപത്രമായ കുറുക്കന്‍, വുള്‍പ്‌സ് ബംഗാളിയെന്‍സിസ് (Vulpes bengalensis) നാമത്തില്‍ അറിയപ്പെടുന്ന ജീവിയാണ്. ഇവയും ശ്വാനവംശത്തില്‍ പെടുന്നവതന്നെയാണെങ്കിലും രണ്ടും രണ്ട് ജനുസ്സില്‍ പെട്ട ജീവികളാണ്. ആധികാരികമായ മലയാളം പേര് വുള്‍പ്‌സ് ബംഗാളിയെന്‍സിസ്‌നു നല്‍കിയിട്ടില്ല. ഇവയും കുറുക്കനും തമ്മിലുള്ള സാമ്യമാവാം ഇവയെ കുറുക്കനും കുറുനരിയെന്നും ആളുകള്‍ വിളിക്കുന്നത്തിനു കാരണം എങ്കില്‍ തന്നെയും മലയാളികള്‍ ഇന്നും ആശയക്കുഴപ്പത്തിലാണ്. പണ്ടുമുതല്‍ കൈമാറിവന്ന വാങ്മയ സംസ്‌കാരത്തിന്റെ ഒരു പ്രത്യേകത തന്നെയാണിത്.

ഇന്ത്യന്‍ ജാക്കള്‍

തെറ്റായി ഉച്ചരിക്കുന്ന വുള്‍പ്‌സ് ബംഗാളിയെന്‍സിസ് എന്ന കുറുക്കന്‍ പക്ഷെ നമ്മുടെ കേരളത്തില്‍ ഇല്ല എന്നുള്ളതാണ് സത്യാവസ്ഥ. നമ്മുടെ കേരളത്തില്‍ കണ്ടുവരുന്നത് ജാക്കള്‍( Jackal) അഥവാ കാനിസ് ഓറിയസ് ഇന്‍ഡിക്കസ് (canis aureus indicus) എന്ന ജീവിയാണ്. 2013ല്‍ പെരിയാര്‍ ടൈഗര്‍ റിസേര്‍വ് വനത്തിലും കാസര്‍ഗോഡും കണ്ടെത്തിയതായി പറയുന്നു (ഒരുസംഘം ഗവേഷകര്‍ ഇവയെ പെരിയാര്‍ ടൈഗര്‍ റിസേര്‍വില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു) എങ്കിലും അത് ജാക്കള്‍ തന്നെയാണെന്ന് പിന്നീടുള്ള ഗവേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. വര്‍ഷങ്ങളായി ഇവയെ കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുന്നു.

ബംഗാള്‍ ഫോക്‌സ് (Bengal fox) കേരളത്തിലുണ്ടോ?

ഇന്നും ഈ ജീവിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ജീവിയായിരുന്നു കുറുക്കന്‍. സായം സന്ധ്യക്കും, നന്നേ പുലര്‍ച്ചയ്ക്കും കുറുക്കന്റെ ഓരിയിടല്‍ കേള്‍ക്കാത്ത പഴമക്കാര്‍ ഉണ്ടാവില്ലെന്നുതന്നെ പറയാം. നാട്ടിന്‍ പുറങ്ങളിലെന്നു മാത്രമല്ല, നഗര പ്രാന്തപ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ടായിരുന്നു. പലസ്ഥലങ്ങളിലും മനുഷ്യവാസ മേഖലയോട് ചേര്‍ന്നുതന്നെയാണ് ഇവ ജീവിച്ചിരുന്നത്. ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഇവയ്ക്കു കഴിയാറുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍, ഇവയെല്ലാം പുതുതലമുറയ്ക്ക് അന്യമാണ്. കാരണമെന്തെന്നാല്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയ്ക്ക് വംശനാശം വന്നു കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ്. അമിതമായ കീടനാശിനിയുടെ ഉപയോഗവും രാസവളപ്രയോഗവും ഒരു കരണമാകാമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. എന്തെന്നാല്‍ വയലിലെ ഞണ്ടുകള്‍ ഇവയുടെ പ്രധാന ആഹാരമായിരുന്നു. വയലില്‍ വിളയുന്ന കക്കിരിയും വെള്ളരിയുമൊക്കെ ഇവ ഏറെ ഇഷ്ടപെടുന്നു. കഥകളില്‍ പറയുന്നപോലെ തിന്ന് കഴിഞ്ഞു ഇവര്‍ കൂകി വിളിക്കാറുണ്ടോ എന്നകാര്യത്തില്‍ സംശയമുണ്ട്. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അനിയന്ത്രിതമായ ഇടപെടലുകള്‍ ആവാസവ്യവസ്ഥയുടെ നാശത്തിനും അതുകൂടാതെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ വംശനാശത്തിനും വഴിയൊരുക്കുന്നു.

ബംഗാള്‍ ഫോക്‌സ്

വുള്‍പ്‌സ് ബംഗാളന്‍സി

ആളുകളെ കുഴപ്പിക്കുന്ന ബംഗാള്‍ ഫോക്‌സ്, കുറുക്കന്‍, കുറുനരി എന്ന പേരില്‍ അറിയപ്പെടുന്ന ജാക്കള്‍ എന്നീ ജീവികളെ നമ്മള്‍ അടുത്തറിയേണ്ടതുണ്ട്. പേരിലും ശരീരഘടനയിലും ആശയകുഴപ്പമുണ്ടാകുന്നതുമായ ജീവികളായ വുള്‍പ്‌സ് ബംഗാളന്‍സി എന്ന ബംഗാള്‍ ഫോക്‌സിനെയും ക്യാനിന്‍ ഓറിയാസ് ഇന്‍ഡിക്കസ് എന്ന ജാക്കള്‍നെയും അടുത്തറിയാം.

പന്ത്രണ്ടു വിഭാഗം ഫോക്‌സുകള്‍ ഭൂഖണ്ഡത്തില്‍ ഉണ്ട്. അവയില്‍ ഇന്ത്യയില്‍ കാണുന്ന സ്പീഷ്യസ് ആണ് വുള്‍പ്‌സ് ബംഗാളിയന്‍സിസ്. ഇവയെ ഇന്ത്യയില്‍ക്കൂടാതെ മ്യാന്മര്‍, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. ഒരുവലിയ കാട്ടുപൂച്ചയുടെ വലുപ്പം മാത്രമേ ബംഗാള്‍ ഫോക്‌സ് അഥവാ, വുള്‍പ്‌സ് ബംഗാളന്‍സി എന്ന ജീവിക്കുള്ളു. മനുഷ്യ സാമിപ്യ പ്രദേശങ്ങളില്‍ ജീവിക്കുന്നവയാണെങ്കില്‍ കൂടെയും മനുഷ്യ സാമിപ്യം തീരെ ഇഷ്ടപ്പെടാത്തവരാണ്. മനുഷ്യ സാമിപ്യമറിഞ്ഞാല്‍ ഇവ ഓടിമറയുകയും മാളത്തില്‍ ഒളിക്കുകയും ചെയ്യുന്നു. ശ്വാനകുടുംബത്തിലെ ഏറ്റവും കുഞ്ഞന്‍മാരാണ് ഇവര്‍. രണ്ടുമുതല്‍ അഞ്ച് കിലോഗ്രാം മാത്രമാണ് ഇവയുടെ ഭാരം. തലയും ഉടലും ചേര്‍ന്ന് അറുപത് മുതല്‍ തൊണ്ണൂറ് സെന്റിമീറ്റര്‍ നീളമാണുള്ളത്. ശരീരത്തിന്റെ പകുതിയിലേറെ നീളം വാലിനാണ്. ഇവയെ ജാക്കളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതും ഈ ഒരു പ്രത്യേകത കൊണ്ട് തന്നെയാണ്. നടക്കുമ്പോള്‍ ഇവയുടെ വാല്‍ നിലത്തിഴയാതിരിക്കുവാനായി അല്‍പം ഉയര്‍ത്തിപ്പിടിച്ചാണ് നടക്കുക. അപൂര്‍വമായി മാത്രമേ ഇവയെ കാണാന്‍ കഴിയുകയുള്ളു. ഇവയുടെ മൂക്ക് കൂര്‍ത്തതും, നെറ്റിത്തടം പരന്നതും ചെവി നീണ്ടുകൂര്‍ത്ത ആകൃതിയിലുമാണ് ഉള്ളത്. മുഖപ്രകൃതിയും ഉയരക്കുറവും വാലിന്റെ പ്രത്യേകതയും വുള്‍പ്‌സ് ബംഗാളിയന്‍സിസ്നെ ജാക്കള്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ജീവിതകാലം മുഴുവനും ഒറ്റയിണയോടുകൂടെ മാത്രം ജീവിക്കുന്ന രീതിയാണ് ഇവയുടേത്. ചില അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രം, മറ്റു ബംഗാള്‍ ഫോക്‌സുമായി ഇണചേരാറുണ്ട്. ഒക്ടോബര്‍ നവംബര്‍ കാലമാണ് ഇവയുടെ ഇണചേരല്‍ കാലം. അമ്പതുമുതല്‍ അറുപത് ദിവസത്തെ ഗര്‍ഭകാലത്തിനു ശേഷം രണ്ടുമുതല്‍ നാല് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മാളങ്ങളിലോ പൊന്തക്കാടുകളിലോ ആണ് ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. മൂന്ന് മുതല്‍ നാല് മാസം വരെയും കുഞ്ഞുങ്ങളെ കാര്യമായി പരിപാലിക്കുന്നു. മറ്റു ജീവികളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്നവയാണ്. കൊടും കാടുകളില്‍ കഴിയുവാന്‍ ഇവ ഇഷ്ടപ്പെടാറില്ല. കാടിനോട് ചേര്‍ന്നുള്ള വരണ്ട കാടുകളിലും മുള്‍ക്കാടുകളിലും, പൊന്തക്കാടുകളിലുമാണ് ഇവയുടെ വാസം. കുറ്റിക്കാടുകളും പാറപ്പുറങ്ങളും ഇവയ്ക്ക് ഇഷ്ടമാണ്. സന്ധ്യാ സമയത്തും അതികാലത്തും ഇവ കൂടുതല്‍ സജീവമാകുകയും ഇരതേടാന്‍ ഇറങ്ങുകയും ചെയ്യുന്നു. പകല്‍ സമയങ്ങള്‍ മാളത്തിനുള്ളിലോ പൊന്തക്കാടുകളിലോ കഴിച്ചുകൂട്ടുന്നു. സാധാരണ ഇവയുടെ ആയുസ് ആറുമുതല്‍ എട്ട് വര്‍ഷം വരെ മാത്രമാണ്. കൂട്ടില്‍ കയറി കോഴിയെ മോഷ്ടിക്കുന്നവരല്ല ഇവര്‍. കുറുനരിയെപോലെ ഇവ അത്യുച്ചത്തില്‍ ഓരിയിടാറില്ല. കുരയ്ക്കാനും നിരവധി ശബ്ദങ്ങള്‍ അനുകരിക്കാനും ഉണ്ടാക്കുവാനും ഇവയ്ക്ക് കഴിയുന്നു. കൂട്ടമായി ഇരതേടി ഇറങ്ങാതെ ഇവ ഇണയും കുട്ടികളും ചേര്‍ന്നുള്ള കുടുംബമായി കഴിയുന്നു.

വുള്‍പ്‌സ് ബംഗാളന്‍സി

കാട്ടില്‍ വസിക്കുന്ന ബംഗാള്‍ ഫോക്‌സിന് ചില പ്രത്യേക സ്വഭാവ സവിശേഷതകളുണ്ട്. ഏതെങ്കിലും ഒരു കടുവയുമായി ചങ്ങാത്തം സ്ഥാപിക്കുന്നു. ഇര ജന്തുവിന്റെ സാമിപ്യമറിഞ്ഞാല്‍ ഉടന്‍ തന്നെ കൂകി ശബ്ദമുണ്ടാക്കി കടുവയെ അറിയിക്കുന്നു. കടുവ പിടികൂടുന്ന ജന്തുവിന്റെ ശരീര അവശിഷ്ടങ്ങള്‍ ആണ് ഇവയ്ക്ക് ഭക്ഷണം. കടുവ നല്‍കുന്ന പ്രത്യുപകാരമാണത്. അത്തരത്തിലുള്ള ഇവയെ ഹിന്ദിയില്‍ ഭാല്‍ എന്ന് വിളിക്കുന്നു. കേരളത്തില്‍ ഇവയ്ക്കു ജീവിക്കാനനുസൃതമായ ഹാബിറ്റേഷന്‍ ഇല്ലാത്തതു കൊണ്ടുതന്നെയാവാം ഇവയെ കേരളത്തില്‍ കാണപ്പെടാത്തതിന് കാരണം. (ബാലരമയിലെ വാല്‍ നീണ്ട കുറുക്കന്‍ അപ്പോള്‍ ബംഗാള്‍ ഫോക്‌സ് ആണെന്ന് ഓര്‍ക്കുമല്ലോ) കൂടുതലും ഇവ ജീവിക്കുന്നത് വരണ്ട ഇടങ്ങളിലാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ നോര്‍ത്ത് ഭാഗങ്ങളില്‍ ഇവയെ കാണപ്പെടുന്നത്.

(തുടരും)


Similar Posts