പൂസേസവലിയിലെ ആക്രമണങ്ങളും നൂര്‍ ഹസന്റെ കൊലപാതകവും ആസൂത്രിതം - എ.പി.സി.ആര് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
|മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ പൂസേസവലിയില് മുസ്ലിംകള്‍ക്കുനേരെ ഏകപക്ഷീയമായി നടന്ന അക്രമങ്ങളെ സംബന്ധിച്ച് അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എ.പി.സി.ആര്) നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.
2023 സെപ്തംബര്‍ 10 ഞായറാഴ്ച രാത്രി, സതാര ജില്ലയിലെ ഖത്തൗ താലൂക്കിലെ പൂസേസവലിയില് സന്ധ്യാനമസ്ക്കാര ശേഷം സാമൂഹിക വിരുദ്ധരായ ഒരു സംഘം ഫാസിസ്റ്റുകള്‍ രണ്ട് പള്ളികളിലേക്ക് കല്ലെറിയുകയും ഇരുമ്പ് വടികളും ആയുധങ്ങളും ഉപയോഗിച്ച് വിശ്വാസികളെ മര്‍ദിക്കുകയും ചെയ്തു. യുവ എഞ്ചിനീയറായ നൂര്‍ ഹസന് ഈ അക്രമണത്തില്‍ കൊലപ്പെടുകയും 16 ഓളം വിശ്വാസികള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഒരു മുസ്ലിം ബാലന്റെ ഹാക്ക് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് ഒരു അമുസ്ലിം ബാലന് അപമര്യാദനിറഞ്ഞ സന്ദേശം പോസ്റ്റ് ചെയ്തതിന്റെ മറവിലാണ് സംഘം ഈ അക്രമണങ്ങള്‍ അഴിച്ചുവിട്ടത്.
സെപ്റ്റംബര്‍ 12 ന് എ.പി.സി.ആര് മഹാരാഷ്ട്ര സംസ്ഥാന പ്രതിനിധികളടങ്ങുന്ന ഒരു സംഘം അപകടസ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കാരാഡില്‍ എത്തുകയും പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുകയുണ്ടായി.
തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ മൊഴി
അക്രമങ്ങള്‍ നടന്ന പൂസേസവലി ജാമിഅ മസ്ജിദിലേക്ക് തബ്ലീഗ് ജമാഅത്തിലെ ആറുപേര്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ 3 ദിവസത്തെ പ്രബോധന പ്രവര്‍ത്തനത്തിന് പോയിരുന്നു. വസ്തുതാന്വേഷണ സംഘം ഇവരുടെ വാഗ്രി ഗ്രാമം സന്ദര്‍ശിച്ചു. ഈ ഗ്രാമത്തില്‍ നിന്ന് തബ്ലീഗ് ജമാഅത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയവരില്‍ ആറുപേര്‍ക്ക് കല്ലേറിലും ഇരുമ്പ് വടികളും ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമത്തിലും പരിക്കേറ്റിരുന്നു. അക്രമത്തിന് മൂന്ന് ദിവസത്തിനു മുമ്പായി ഗ്രാമത്തിലെ ചിലര്‍ തബ്ലീഗ് അംഗങ്ങളില്‍ നിന്ന് പേരുകളും വിലാസവും ഫോണ്‍ നമ്പറുകളും ശേഖരിച്ചിരുന്നതായി അവര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 10-ന് പ്രദേശത്തിന്റെ അന്തരീക്ഷത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഏകദേശം എട്ട് മണിയോടെ പള്ളിയുടെ രണ്ടാം നിലക്ക് നേരെ ആക്രമണം നടന്നു. 9:45ന് മസ്ജിദിലേക്ക് കല്ലേറുണ്ടായി, ഇത് 15 മുതല്‍ 20 മിനിറ്റ് വരെ നീണ്ടുനിന്നു. കല്ലേറില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. പള്ളിക്ക് പുറത്ത് കല്ലുകളൊന്നും ഇല്ലായിരുന്നു. ആക്രമികള്‍ കല്ലുകള്‍ പുറമേനിന്ന് ബോധപൂര്‍വ്വം കൊണ്ടുവന്നതാണ്. ആക്രമികള്‍ക്ക് പുറമേ നാലോ അഞ്ചോ പൊലീസുകാരെയും ജനാലകള്‍ക്ക് പുറത്ത് ഞങ്ങള്‍ കണ്ടിരുന്നു. പള്ളിയുടെ വാതില്‍ തകര്‍ത്ത 60 മുതല്‍ 100 വരെ ആക്രമികള്‍ ഇരുമ്പുവടിയും ആയുധങ്ങളും കയ്യിലെടുത്ത് പള്ളിയുടെ അകത്തേക്ക് പ്രവേശിച്ച്ബള്ബുകളും ട്യൂബ് ലൈറ്റുകളും തകര്‍ത്തു തുടങ്ങി. ജനാലകളും വാതിലുകളും പള്ളിയുടെ ഉള്‍വശവും അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യങ്ങളും ടോയ്ലെറ്റുകളുമൊക്കെ അവര്‍ തകര്‍ത്തു. പള്ളി ഇമാമിന് പുറമേ പതിനേഴ് പേര് ഈ സമയത്ത് പള്ളിയിലുണ്ടായിരുന്നു. വടികളും ആയുധങ്ങളുമായി ഇവരെ മര്‍ദിക്കാന്‍ തുടങ്ങി. തബ്ലീഗ് പ്രവര്‍ത്തകര്‍ ഭയന്ന് കുളിമുറിയിലും ശുചിമുറിയിലും ഒളിച്ചിരുന്നു. എന്നാല്‍, ആക്രമികള്‍ വാതിലുകള്‍ തകര്‍ത്ത് അവരെ ആക്രമിച്ചു. ഈ ആക്രമണം ഏതാണ്ട് 30-40 മിനിറ്റുവരെ നീണ്ടുനിന്നു. പിന്നീട് പൊലീസ് സൈറണ്‍ കേള്‍ക്കുന്നതിനെ തുടര്‍ന്നാണ് ആക്രമികള്‍ രക്ഷപ്പെട്ടത്. ആക്രമികളില്‍ പ്രാദേശ വാസികളും പുറമെനിന്നുള്ളവരും ഉണ്ടായിരുന്നു.
കൃഷ്ണ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികല്‍സയിലുള്ളവര്‍
വസ്തുതാന്വേഷണ സംഘം ആക്രമണത്തില്‍ പരിക്കേറ്റ 10 പേരെ പ്രവേശിപ്പിച്ചിട്ടുള്ള കാരാഡിലെ സ്വകാര്യ ആശുപത്രിയായ കൃഷ്ണ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തി ഇരകളെ സന്ദര്‍ശിച്ചു. അവരുടെ തലയിലും മുഖത്തും കൈകളിലും പുറകിലും കാലുകളിലും അനവധി മുറിവുകളും തുന്നലുകളും ഉണ്ടായിരുന്നു. പരിക്കേറ്റ ഒരാളുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. തബ്ലീഗ് ജമാഅത്തിലെ സഹപ്രവര്‍ത്തകര്‍ നല്കിയ അതേ മൊഴി തന്നെയാണ് അവരും നല്‍കിയത്. പരിക്കേറ്റവരില്‍ നൂര്‍ ഹസര്‍ കൊല്ലപ്പെട്ടതിന്റെ ദൃക്സാക്ഷികളും ഉണ്ടായിരുന്നു.
പുസേസവാലി ഗ്രാമവാസികള്‍
സെപ്തംബര്‍ 13-ന് വസ്തുതാന്വേഷണ സംഘം പുസേസവാലി ഗ്രാമം സന്ദര്‍ശിച്ചു. ഗ്രാമത്തില്‍ അപ്പോഴും അക്രമമുണ്ടാക്കിയ അസ്വസ്ഥത നിലനിന്നിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. ആദ്യമായി, ശഹീദ് നൂര്‍ ഹസന്റെ പിതാവ് ലിയാഖത്ത് സൈകല്ഗാറുമായി സംഘം സംസാരിച്ചു. അദ്ദേഹത്തിന്റെ വീട് ഇപ്പോള്‍ പൊലീസ് കാവലിലാണ്. കൊലാപ്പൂരിലെ സില്ല പരിഷത്ത് ഉറുദു സ്കൂളില്‍ അധ്യാപകനാണ് ലിയാഖത്ത്. മരണപ്പെട്ട നൂര്‍ ഹസന് സൗമ്യനും നല്ല വ്യകതിത്വത്തിന് ഉടമയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായിരുന്ന നൂര്‍ ഹസന്റെ വിവാഹം 10 മാസം മുന്‍പായിരുന്നു. അദ്ദേഹത്തിന്റെ വിധവ ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. സ്വന്തമായി ജെ.സി.ബി ഓടിച്ചിരുന്ന നൂര്‍ ഹസന് ഗ്രാമത്തിലെ ആളുകളുമായി നല്ല സൗഹൃദ ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ എഴുപത് ശതമാനം ആളുകളും അമുസ്ലിംകളായിരുന്നു. സെപ്തംബര്‍ 10-ന് രാത്രി 8 മണിക്ക് ഇശാ നമസ്കാരത്തിന് വീട്ടില്‍ നിന്ന് പുറപ്പെട്ട നൂര്‍ ഹസന് പിന്നീട് തിരിച്ചുവന്നില്ല. സെപ്റ്റംബര്‍ 11-ന് രാത്രി 9:30-ന് അദ്ദേഹത്തിന്റെ മൃതദേഹം പ്രാദേശിക ഖബറിസ്ഥാനില്‍ സംസ്കരിച്ചു.
ഗ്രാമത്തിലെ ഒരു അഭിഭാഷകനോടും പത്രപ്രവര്‍ത്തകനോടും സംഘം സംസാരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 19-ന് ഫാസിസ്റ്റ് സംഘടനകള്‍ പ്രദേശത്ത് പൊലീസ് അനുമതിയില്ലാതെ യോഗം ചേരുകയും മുസ്ലിംകള്ക്കെതിരെ വിഷലിപ്തമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു. പത്രപ്രവര്ത്തകന് അവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പള്ളിയില്‍ നടന്ന അക്രമങ്ങളുടെ റിപ്പോര്‍ട്ട് പ്രദേശ വാസികളുടെ അഭാവത്തില്‍ പൊലീസ് സ്വയം തയ്യാറാക്കിയതായും അദ്ദേഹം ആരോപിച്ചു. പള്ളി അലങ്കോലപ്പെടുത്തുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ പൊലീസ് നശിപ്പിച്ചിട്ടുണ്ടെന്ന് ഗ്രാമത്തിലെ മുസ്ലിംകളും സംശയിക്കുന്നു.
വസ്തുതാന്വേഷണ സംഘം അക്രമികള്‍ നശിപ്പിച്ച ജാമിഅ മസ്ജിദ് സന്ദര്‍ശിക്കാന്‍ അനുമതി തേടി ഡിസിബി(ക്രൈം) ഓഫീസര്‍ ശ്രീ. ബംഗൂരിനെ സന്ദര്‍ശിച്ചു. പക്ഷേ, അനുമതി ലഭിച്ചില്ല. ഗ്രാമവാസികളുടെ വികാരങ്ങള്‍ അദ്ദേഹത്തെ സംഘം അറിയിച്ചു. അപകടം റിപ്പോര്‍ട്ട് ചെയ്തയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയതായും സമീപ സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘത്തെ വിളിച്ചുവരുത്തിയതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അദ്ധേഹം പറഞ്ഞു.
സംഘം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച ഖുര്‍ആനും മറ്റു പുസ്തകങ്ങളും കത്തിച്ചു കളഞ്ഞതുമായ മുകളിലെ പള്ളി സന്ദര്‍ശിച്ചു. പള്ളിയുടെ മുറ്റത്ത് കത്തിയ ഖുര്‍ആന്റെ പേജുകള്‍ കണ്ടെത്തി. അക്രമികള്‍ കത്തിച്ചതും നശിപ്പിച്ചതുമായ കാറുകളും മോട്ടോര്‍സൈക്കിളുകളും അവിടെ കണ്ടെത്തി. പള്ളിക്ക് സമീപമുളള അഡ്വ. ഇര്‍ഷാദ് അഹമ്മദ് ബാഗ്ബാന്റെ കടയും കത്തിച്ചിരുന്നു. എന്നാല്‍, അത്ഭുതകരമായ ഒരു കാര്യം, പള്ളിക്ക് സമീപം മറ്റൊരു തുണിക്കട ഉണ്ടായിരുന്നു. അതിന് ഒരു പോറലുമേറ്റിരുന്നില്ല.
രണ്ടുപേരുടെ മരിച്ചതായും പളളി നശിപ്പിച്ചതായും നിരവധി കടകളും വീടുകളും കത്തിച്ചുകളഞ്ഞതായുമൊക്കെ പ്രാദേശിക പത്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, വാസ്തവത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. രണ്ട് പള്ളികള്‍ നശിപ്പിച്ചു. ഖുര്‍ആനും മറ്റ് സാധനങ്ങളും കത്തിച്ചുകളഞ്ഞു. ഒരു കട മാത്രമാണ് കത്തിച്ചത്. ഒരു വീടും കത്തിച്ചിട്ടില്ല. എന്നിരുന്നാലും, നാലോ അഞ്ചോ കാറുകളും പതിനഞ്ചോ പതിനാറോ മോട്ടോര്‍സൈക്കിളുകളും കത്തിച്ചുകളഞ്ഞിരുന്നു.
സെപ്റ്റംബര്‍ 13-ന് സംഘം സതാര നഗരത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സമീര്‍ ഷെയ്ഖിനെ കണ്ടുമുട്ടി ചര്‍ച്ച നടത്തി. പള്ളികളെയും മുസ്ലിംകളെയും ലക്ഷ്യംവെച്ച് നടന്ന ആക്രമണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പള്ളിയില്‍ ഒരു യുവാവ് കൊല്ലപ്പെടുന്നതിന് ദൃക്സാക്ഷികളായവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്നും സംഘം അദ്ധേഹത്തോട് ആവശ്യപ്പെട്ടു. ഇതിനു പുറമേ, മുസ്ലിംകളും അമുസ്ലിംകളും തമ്മിലുണ്ടായ വിടവു നികത്താന്‍ പള്ളികളിലും മദ്രസകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വരണമെന്നും സംഘം നിര്‍ദേശിച്ചു.
സംഘം പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ട നൂര്‍ ഹസന്റെ കുടുംബത്തിനും നിയമസഹായം വാഗ്ദാനം ചെയ്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനായി എ.പി.സി.ആറിന്റെ ജില്ലാ ചാപ്റ്ററിന്റെ അഡ്ഹോക്ക് സംവിധാനം സ്ഥാപിക്കുകയും ചെയ്തു.
വസ്തുതാന്വേഷണ സംഘം: മുഹമ്മദ് അസ്ലം ഖാസി (മുംബൈ), നാസര്‍ അഹമ്മദ് ഷെയ്ഖ് (മുംബൈ), മുഹമ്മദ് ഷോയബ് (പൂനെ), അഡ്വ. അക്ബര്‍ മകന്ദര്‍ (കോലാപ്പൂര്‍), നദീം അഹമ്മദ് സിദ്ദീഖി (കാരാഡ്), മുഷ്റഫ് അഹമ്മദ് (കാരാഡ്).