അറമ്പായി തേന്‍കൊല്‍: മണിപ്പൂരില്‍ മറഞ്ഞിരിക്കുന്ന വില്ലന്‍
|ഇന്‍ഫാലിലെ റോഡുകളില്‍ എവിടെ യാത്ര ചെയ്താലും ആയുധമേന്തിയ അറമ്പായി തേന്‍കൊല്‍ തീവ്രവാദികളുടെ സഹായത്തോടെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മെയ്തേയ് സ്വാഭിമാനികള്‍ വാഹനങ്ങള്‍ തടയും. നിങ്ങള്‍ കുക്കി വംശജരല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കുക്കികളെ കയ്യില്‍ കിട്ടിയാല്‍ ആ നിമിഷം അവരുടെ മരണം ഉറപ്പാണ്. | TheFourthEye
സംഘ്പരിവാറും അവരുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന മാധ്യമങ്ങളും കൂടി മണിപ്പൂരില്‍ നടക്കുന്ന ക്രിസ്തുമത വിശ്വാസികളായ കുക്കി വംശജരുടെ കൂട്ടക്കൊലയെ തദ്ദേശീയമായ വെറും സൗന്ദര്യപ്പിണക്കമായി വളച്ചൊടിക്കുകയും നിസ്സാരവത്കരിക്കുകയുമാണ് ചെയ്തു വരുന്നത്. പ്രശ്‌നങ്ങളുടെ വംശീയവും മതപരവുമായ ഉള്ളടക്കം തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നവരെ പ്രശ്നക്കാരും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുക വഴി ഹിന്ദു ഭൂരിപക്ഷമായ മെയ്തേയ് (Meitei) വിഭാഗം നടത്തുന്ന കൊടും ക്രൂരതകള്‍ക്ക് പരോക്ഷ പിന്തുണയാണ് അവര്‍ നല്‍കി വരുന്നത്.
മണിപ്പൂരില്‍ നടക്കുന്നത് സംഘ്പരിവാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു നടത്തപ്പെടുന്ന ക്രിസ്ത്യന്‍ വംശഹത്യയാണെന്ന് കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക് നിഷ്പ്രയാസം തിരിച്ചറിയാനാവും. എന്നാല്‍, മണിപ്പൂരിലെ തെരുവുകളില്‍ സംഘ്പരിവാറിന് വേണ്ടി ഈ കൂട്ടക്കൊലകള്‍ നടത്തുന്നത് ആരാണെന്നതിനെപ്പറ്റി ഇതുവരെ അധികം ചര്‍ച്ചകളോ തെളിവുകളോ പുറത്തു വന്നിട്ടില്ല. മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള മറയ്ക്ക് പിന്നില്‍ മറഞ്ഞിരുന്ന് മരണം വിതയ്ക്കുന്ന യഥാര്‍ഥ വില്ലന്മാരെയാണ് ഈ ലേഖനം നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
പൊലീസിന്റെ എസ്‌കോര്‍ട്ടോടെ തെരുവിലൂടെ ഭീതി പടര്‍ത്തിക്കൊണ്ട് ജൈത്രയാത്ര ചെയ്യുന്ന അറമ്പായി തേന്‍കൊല്‍ ഭീകരന്മാരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭീകരന്മാരുടെ നടുവില്‍ പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്ന ബിരണ്‍ സിംഗിന്റെ ചിത്രവും പുറത്തായിട്ടുണ്ട്.
ഇപ്പോഴത്തെ വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ വളരെ ആഴത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞ ഒരു ഭീകര സംഘടനയാണ് അറമ്പായി തേന്‍കൊല്‍ (Arambai Tenggol). സംഘടനയുടെ പേര് തന്നെ പരമ്പരാഗതമായ ഒരു മണിപ്പൂരി ആയുധത്തിന്റെ പേരാണ്. കറുത്ത വേഷത്തില്‍ കത്തിയും അമ്പും വില്ലും മാത്രമല്ല അത്യാധുനികമായ യന്ത്രത്തോക്കുകളും ഒക്കെ ആയിട്ടാണ് മണിപ്പൂരിലെ തെരുവുകളില്‍ അവര്‍ അഴിഞ്ഞാടുന്നത്. മെയ്തേയ് വംശജരായ ഇവരുടെ അവകാശവാദം തങ്ങള്‍ സ്വന്തം സമുദായത്തെ കുക്കി തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആയുധമെടുക്കുന്നത് എന്നാണെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ലെന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ തെളിവ് സഹിതം സ്ഥാപിക്കാം.
അറമ്പായി തേന്‍കൊല്‍ തീവ്രവാദികള്‍ക്ക് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണമായ സഹായങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഇപ്പോഴത്തെ കലാപത്തിന്റെ തുടക്കകാലം മുതല്‍ നിലനില്‍ക്കുന്ന ആക്ഷേപമാണ്. ഈ അടുത്ത ഇടയ്ക്കാണ് തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് തങ്ങളുടെ ആയുധങ്ങളെല്ലാം കവര്‍ന്നു എന്നൊരു കഥ സംസ്ഥാന പൊലീസ് പുറത്തിറക്കിയത്. പക്ഷേ, ആയുധങ്ങള്‍ പൊലീസ് തന്നെ തീവ്രവാദികള്‍ക്ക് നല്‍കുകയായിരുന്നു എന്ന് തലയില്‍ ആള്‍താമസം ഉള്ളവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.
പക്ഷേ, ബിരണ്‍ സിംഗിന്റെ സര്‍ക്കാരും ബി.ജെ.പിയും ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ്. എന്നാല്‍, കലാപത്തില്‍ ബിരണ്‍ സിംഗ് സര്‍ക്കാരിന്റെ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. പൊലീസിന്റെ എസ്‌കോര്‍ട്ടോടെ തെരുവിലൂടെ ഭീതി പടര്‍ത്തിക്കൊണ്ട് ജൈത്രയാത്ര ചെയ്യുന്ന അറമ്പായി തേന്‍കൊല്‍ ഭീകരന്മാരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭീകരന്മാരുടെ നടുവില്‍ പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്ന ബിരണ്‍ സിംഗിന്റെ ചിത്രവും പുറത്തായിട്ടുണ്ട്. അപ്പോള്‍ ഇതാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജാതി-മത വ്യത്യാസങ്ങള്‍ ഇല്ലാതെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാമെന്ന് ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി പ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്ത സംഘ്പരിവാര്‍ മുഖ്യമന്ത്രി. പണ്ട് ഗുജറാത്തില്‍ രണ്ടായിരത്തോളം മുസ്‌ലിംകളുടെ വംശഹത്യയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത മറ്റൊരു മുഖ്യമന്ത്രിയുടെ അതേ പാതയില്‍ തന്നെ മണിപ്പൂരിലെ മുഖ്യമന്ത്രിയും യാത്ര ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.
മെയ് മൂന്നാം തീയതി All Tribal Students Union നടത്തിയ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ഈ ആഭ്യന്തര കലാപം ആരംഭിച്ചത് എന്ന് നമുക്ക് അറിയാമല്ലോ. പ്രതിഷേധം സമാധാനപരമായിരുന്നു എന്ന് ഞാന്‍ എടുത്തു പറയാന്‍ കാരണങ്ങളുണ്ട്. പ്രതിഷേധങ്ങള്‍ക്ക് ശേഷം മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ടവര്‍ ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിലുള്ള Centenary gate ന് തീയിട്ട തോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. സ്മാരകം കുക്കി വംശജര്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് അറിയാവുന്ന മെയ്തേയ് വിഭാഗക്കാര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് സ്പഷ്ടം.
ബ്രിട്ടീഷുകാര്‍ക്കെതിരായി തങ്ങള്‍ നടത്തിയ ചരിത്ര പോരാട്ടത്തിന്റെ അവശേഷിക്കുന്ന തെളിവുകൂടി മെയ്‌തേയ് വിഭാഗക്കാര്‍ നശിപ്പിച്ചത് തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായി കുക്കികള്‍ കണ്ടതിനെ കുറ്റപ്പെടുത്താനാവില്ല. കാരണം, കുക്കി വിഭാഗക്കാര്‍ മ്യാന്‍മറില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും മണിപ്പൂരില്‍ എന്‍.ആര്‍.സി നടപ്പാക്കി അവരെ പുറത്താക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടു വരുന്നവരാണ് മെയ്തേയ് വംശജര്‍.
അപ്പോഴെല്ലാം കുക്കി വിഭാഗക്കാര്‍ പ്രതിരോധം തീര്‍ത്തിട്ടുള്ളത് തങ്ങളുടെ ദേശസ്‌നേഹത്തിന്റെയും ഭാരതീയ പൈതൃകത്തെയും ഉജ്ജ്വല സ്തംഭമായ Centenary Gate ചൂണ്ടിക്കാട്ടിയാണ്. അതാണ് വളരെ തന്ത്രപരമായി മെയ്തേയ് വിഭാഗക്കാര്‍ ഇല്ലാതാക്കിയത്. ക്രിസ്തുമത വിശ്വാസികളായ കുക്കികള്‍ ഇന്ത്യക്കാര്‍ അല്ലെന്നും പുറത്തുനിന്നു വന്ന ആക്രമണകാരികള്‍ ആണെന്നും ഭാവി തലമുറയെ പറഞ്ഞു പഠിപ്പിക്കാനും പാഠപുസ്തകം തിരുത്താനുമെല്ലാം സംഘപരിവാറിന് ഇനി എളുപ്പമാണല്ലോ. ഇനി നിങ്ങള്‍ പറയൂ ആരാണ് മണിപ്പൂരിലെ യഥാര്‍ഥ പ്രശ്‌നക്കാര്‍?
ഇപ്പോള്‍ വാസ്തവം പറഞ്ഞാല്‍ മണിപ്പൂരില്‍ മെയ്തേയ് വംശജരായ അറമ്പായി തേന്‍കൊല്‍ ഭീകരന്മാരുടെ ഭരണമാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനം, പ്രത്യേകിച്ച് തലസ്ഥാനമായ ഇന്‍ഫാലില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഈ തീവ്രവാദികളുടെ കയ്യില്‍ ഏല്‍പ്പിച്ച മട്ടാണ്. ഇന്‍ഫാലിലെ റോഡുകളില്‍ എവിടെ യാത്ര ചെയ്താലും ആയുധമേന്തിയ അറമ്പായി തേന്‍കൊല്‍ തീവ്രവാദികളുടെ സഹായത്തോടെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മെയ്തേയ് സ്വാഭിമാനികള്‍ നിങ്ങളുടെ വാഹനങ്ങള്‍ തടയുകയും നിങ്ങള്‍ കുക്കി വംശജരല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കുക്കികളെ കയ്യില്‍ കിട്ടിയാല്‍ ആ നിമിഷം അവരുടെ മരണം ഉറപ്പാണ്. ഗുജറാത്തിലെ പരീക്ഷണശാലയില്‍ നിര്‍മിച്ച് മുസ്‌ലിംകള്‍ക്ക് മേല്‍ വിജയകരമായി പരീക്ഷിച്ച ഉന്മൂലനായുധം സംഘ്പരിവാര്‍ ഇവിടെ ക്രിസ്ത്യാനികള്‍ക്ക് മേല്‍ പരീക്ഷിക്കുന്നു എന്ന് മാത്രം.
സംസ്ഥാന പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്ന എല്ലാ അത്യാധുനിക ആയുധങ്ങളും ഇപ്പോള്‍ ഇവരുടെ കൈകളിലാണ്. സംസ്ഥാനത്തെ പൊലീസ് ട്രെയിനിങ് സ്‌കൂളുകളും പൊലീസ് സ്റ്റേഷനുകളും സ്‌പെഷ്യല്‍ റിസര്‍വ് ബറ്റാലിയന്‍ ക്യാമ്പുകളും എല്ലാം കൊള്ളയടിച്ച് ഇവര്‍ ആയുധങ്ങള്‍ എല്ലാം കൈക്കലാക്കി കഴിഞ്ഞു. കുറച്ചുകൂടി സത്യസന്ധമായി പറഞ്ഞാല്‍, സംസ്ഥാന പൊലീസ് ആയുധങ്ങള്‍ എല്ലാം ഇവരെ ഏല്‍പ്പിച്ചു കഴിഞ്ഞു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനോ അവരുടെ വല്യേട്ടനായ കേന്ദ്രസര്‍ക്കാരിനോ ഒരനക്കവുമില്ല. എന്തിന് അനങ്ങണം? അല്ലെങ്കില്‍ എങ്ങനെ അനങ്ങും? രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും ഒന്നാവുമ്പോള്‍ രണ്ടു പേര്‍ക്കും പരാതിയില്ലല്ലോ.
ഞാന്‍ ഇപ്പറഞ്ഞ വസ്തുതകള്‍ക്കൊന്നും ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് കരുതുന്നില്ല. ഇതൊക്കെ വിശ്വസിക്കാന്‍ സദാ സന്നദ്ധരായി തങ്ങളുടെ തലച്ചോറും മനഃസ്സാക്ഷിയും സംഘ്പരിവാറിനു മുന്നില്‍ പണയം വെച്ച്, ക്രിസ്ത്യന്‍ മുസ്‌ലിം വിദ്വേഷം പേറി നടക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നുള്ളത് കൊണ്ട് ഈ നുണപ്രചാരണവും ഇന്നത്തെ ഇന്ത്യയില്‍ ഹൗസ്ഫുള്‍ ആയിത്തന്നെ ഓടും.
ഏതായാലും മണിപ്പൂരില്‍ നിന്ന് പഠിക്കാന്‍ നമുക്ക് പാഠങ്ങള്‍ ഏറെയുണ്ട്. നൂറ്റാണ്ടുകള്‍ സമാധാനപൂര്‍ണ്ണമായി പരസ്പരം സഹകരിച്ചു കഴിഞ്ഞ ഭൂരിപക്ഷ സമുദായത്തിനുള്ളില്‍ അയല്‍ക്കാരായ ന്യൂനപക്ഷക്കാരനെതിരെ വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും വിത്തുകള്‍ വിതച്ച് എപ്രകാരം രാഷ്ട്രീയ വംശീയ നേട്ടങ്ങള്‍ കൊയ്യാം എന്ന് സംഘപരിവാര്‍ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ഇങ്ങ് കേരളത്തിലുള്ള ക്രിസ്ത്യാനികളിലെ സംഘ്പരിവാര്‍ ആരാധകര്‍ക്കുള്ള പാഠം കൂടിയാണ് മണിപ്പൂര്‍. ഇന്നലെ കേക്കുമായി തിണ്ണ നിരങ്ങിയ അതേ ആളുകള്‍ ഇന്ന് മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ വീടിന്റെ വാതിലില്‍ മുട്ടുന്നത് മരണവുമായാണ്. ക്രിസ്ത്യാനിയെ തൊട്ടാല്‍ വിവരമറിയും എന്നൊക്കെ ഗീര്‍വാണമടിക്കുന്ന വീരകേസരികളുടെ ആക്രോശമോ പ്രതിരോധമോ ഒന്നും മണിപ്പൂരിലെ തെരുവുകളില്‍ കാണുന്നില്ല. അവിടെ ഹിന്ദുക്കളായ, അല്ലെങ്കില്‍ സംഘ്പരിവാറിന്റെ വംശീയ ഉപകരണങ്ങളായ മെയ്തേയ്കള്‍ നിരപരാധികളായ ക്രിസ്ത്യാനികളെ അറവുമാടുകളെപ്പോലെ അരിഞ്ഞും വെട്ടിയും വെടിവെച്ചും തീവച്ചുമെല്ലാം സ്വര്‍ഗ രാജ്യത്തേക്ക് അയച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും സഹായം ഇപ്പോള്‍ കിട്ടുന്നത് മെയ്തേയ് പന്ഗാല്‍ എന്ന മുസ്‌ലിംകളില്‍ നിന്നാണ്. തല്‍ക്കാലം ക്രിസ്ത്യാനികളെ തീര്‍ക്കുന്ന തിരക്കിലായതുകൊണ്ട് സംഘ്പരിവാറുകാര്‍ മുസ്‌ലിംകളുടെ മേല്‍ കൈ വെച്ചിട്ടില്ല.
അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ കാഞ്ഞിരപ്പള്ളിക്കാരി പെണ്‍പുലിയെപ്പോലെ ഒരു പാലായും ഒരു കാഞ്ഞിരപ്പള്ളിയിയും ഒരു കോട്ടയവും ഒക്കെയാണ് ഇന്ത്യ എന്ന് കരുതുന്ന സ്വാഭിമാനികളായ ക്രിസ്തീയ മതവിശ്വാസികളോട് ഒന്നേ പറയാനുള്ളൂ. സംഘ്പരിവാറുകാര്‍ വളര്‍ത്തുന്ന പശുവിനുള്ള വൈക്കോലും പുല്ലും ഒക്കെയായി മാറിയാല്‍ അവര്‍ തിരികെ തരുന്നത് വെറും ചാണകവും മൂത്രവും മാത്രമായിരിക്കും. സംഘിപ്പശുവിന്റെ വിശപ്പ് മാറ്റാനുള്ള പുല്ലും വൈക്കോലും ആയി മാറാതെ യേശുദേവന്‍ തുറന്നിട്ട സ്‌നേഹത്തിന്റെയും സത്യത്തെയും വെളിച്ചത്തില്‍ ബന്ധുവാര് ശത്രുവാര് എന്ന് കണ്ണു തുറന്നു കാണുകയും തിരിച്ചറിയുകയും വേണം. ഇപ്പോള്‍ മണിപ്പൂരും ഛത്തീസ്ഗഡും ജാര്‍ഖണ്ഡുമെല്ലാം ഒരല്‍പം അകലെ ആയിരിക്കാം. പക്ഷേ, ക്രിസ്തുമസിന് പള്ളിയില്‍ പോകാനാവാതെ വീട്ടിലിരിക്കേണ്ടി വന്ന കര്‍ണാടകത്തിലെ ക്രിസ്ത്യാനികള്‍ തൊട്ടടുത്താണ് എന്ന കാര്യമെങ്കിലും മറക്കാതിരിക്കുക.