Analysis
മേല്‍മുണ്ട് സമരം, മൂക്കുത്തി വിപ്ലവം, നിസ്സഹകരണ സമരം; ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന വിപ്ലവകാരി,
Analysis

മേല്‍മുണ്ട് സമരം, മൂക്കുത്തി വിപ്ലവം, നിസ്സഹകരണ സമരം; ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന വിപ്ലവകാരി

ആര്‍. അനിരുദ്ധന്‍
|
19 Jan 2024 10:11 AM GMT

സവര്‍ണാധിപത്യത്തെ വെല്ലുവിളിച്ചും ആചാരാനുഷ്ഠാനങ്ങളെ ലംഘിച്ചും അധഃസ്ഥിത ജനതതിയുടെ ആത്മാഭിമാനവും അവകാശങ്ങളും വീണ്ടെടുക്കുന്നതിന് വേണ്ടി പ്രയത്‌നിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീര വിപ്ലവകാരിയുടെ ഇരുനൂറാമത് ജന്മവാര്‍ഷികവും രക്തസാക്ഷിത്വത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികവുമാണ് കടന്നുവന്നിരിക്കുന്നത്.

തിരുവിതാംകൂറില്‍ രാജവാഴ്ച അതിന്റെ എല്ലാവിധ സ്വേച്ഛാധിപത്യത്തോടും കൂടി കൊടിക്കൂറ പാറിച്ചിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റൈ ആദ്യ ദശാബ്ദങ്ങള്‍. നാട്ടില്‍ രാജഭരണമായിരുന്നെങ്കിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും നാടുവാഴികളും ജന്മികളും ജാതിക്കോമരങ്ങളും മുടിചൂടാമന്നന്മാരായി ജാതിനിയമങ്ങള്‍ പരിപാലിച്ചിരുന്ന കാലഘട്ടം. തീണ്ടലിന്റെയും തൊടിലീന്റെയും പേരില്‍ ഇന്നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളള്‍ക്കുമേല്‍ അപരിഷ്‌കൃത്വം അടിച്ചേല്‍പ്പിച്ച് അവര്‍ണനീയമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരാക്കി പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടം. സവര്‍ണാധിപത്യം അതിന്റെ എല്ലാ വിധ രൗദ്രഭാവങ്ങളോടും കൂടി താണ്ഡവമാടിയിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍ സവര്‍ണാധിപത്യത്തെയും രാജനീതിയെയും വിലക്കുകളെയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് കീഴാളരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നടത്തി രക്തസാക്ഷിയായ നവോത്ഥാന ശില്‍പിയായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കര്‍. നമ്മുടെ നവോത്ഥാന ചക്രവാളത്തിലെ നിത്യജോതിസ്സായി പരിലസിക്കുന്ന ആ വിപ്ലവകാരിയുടെ 200-ാമത് ജന്മവാര്‍ഷികവും രക്തസാക്ഷിത്വത്തിന്റെ 150-മത് വാര്‍ഷികവുമാണ് 2024.

1925 ജനുവരി 7-നാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന സാമൂഹിക വിപ്ലവകാരിയുടെ ജനനം എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. പഴയ തിരുവിതാംകൂറിന്റെ രാജ്യാതിര്‍ത്തിക്കുള്ളില്‍ ഉള്‍പ്പെട്ട കാര്‍ത്തികപ്പള്ളിയിലെ പ്രസിദ്ധമായ മംഗലത്ത് കല്ലശ്ശേരിയാണ് അദ്ദേഹത്തിന്റെ തറവാട്. ചരിത്ര പുരുഷന്‍ ജനിക്കുന്നതിനും ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ കല്ലശ്ശേരി തറവാട് ദേശദേശാന്തരങ്ങള്‍ക്കപ്പുറത്തേക്ക് അതിന്റെ പേരും പെരുമയും പ്രസരിപ്പിച്ചിരുന്നു. കല്ലശ്ശേരി തറവാട്ടിലെ പെരുമാള്‍ ചേകവര്‍ എന്ന ഈഴവ പ്രമാണിയായിരുന്നു വേലായുധ പണിക്കരുടെ പിതാവ്. പെരുമാള്‍ ചേകവരുടെ പിതാവ് കിഴക്കതില്‍ പെരുമാളുടെ കാലം മുതല്‍ക്കാണ് കല്ലശ്ശേരി തറവാട് പ്രശസ്തിയുടെയും യശസ്സിന്റെയും ഗരിമയിലേക്ക് ഉയരുന്നത്. പരമ്പരാഗതമായി ഏക്കറ്കണക്കിന് തെങ്ങിന്‍ തോപ്പും നെല്‍പ്പാടങ്ങളും സ്വന്തമായി ഉണ്ടായിരുന്ന കല്ലശ്ശേരി പെരുമാള്‍ക്ക് സ്വന്തമായി പായ്ക്കപ്പലുകള്‍ പോലും ഉണ്ടായിരുന്നത്രെ! കായലിലൂടെ പായ്ക്കപ്പലുകള്‍ പായിച്ച് അന്യദേശങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്ന കല്ലശ്ശേരി തറവാട്ടുകാര്‍ സമ്പദ്‌സമൃദ്ധിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് വേലായുധ പണിക്കര്‍ ജനിക്കുന്നത്. പണിക്കര്‍ ജനിക്കുന്നതിന് മുന്‍പ് പിതാവും ജനിച്ച് ഏതാനം ദിനരാത്രങ്ങള്‍ കഴിയവെ മാതാവും വിടപറഞ്ഞതോടെ കുട്ടിയുടെ സംരക്ഷണം മത്തച്ഛനും മുത്തശ്ശിയും ഏറ്റെടുക്കുകയായിരുന്നു. നാട്ടാശാന്മാരുടെ ശിക്ഷണത്തില്‍ തറവാട്ടില്‍ വച്ചായിരുന്നു വേലായുധന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്‍ന്ന് തമിഴും സംസ്‌കൃതവും പഠിക്കുകയും ആ ഭാഷകളില്‍ ലഭ്യമായിരുന്ന ഏതാനും ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ അഭ്യസിക്കയും അങ്ങനെ വിദ്യാഭ്യാസം ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ചെയ്തു. പതിനാറാം വയസ്സില്‍ മുത്തച്ഛന്‍ അന്തരിച്ചതോടെ തറവാടിന്റെ ഭരണം ആകസ്മികമായി വേലായുധ പണിക്കരുടെ കൈകളിലായി. സമ്പദ്‌സമൃദ്ധിയുടെയും സുഖലോലുപതയുടെയും നടുവിലായിരുന്നു വേലായുധ പണിക്കരുടെ യൗവ്വനമെങ്കിലും ഒരു നാട്ടുപ്രമാണിയെപ്പോലെ ജീവിതം ആസ്വദിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രത്യുത അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സര്‍വോപരി ജാതീയമായ കീഴ്‌വഴക്കങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ആ വിപ്ലവകാരിയുടെ ശ്രദ്ധ പതിഞ്ഞത്.

അവര്‍ണര്‍ സംസാരിക്കുന്ന ഭാഷയില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും അവര്‍ തിരിച്ചറിയപ്പെടണമെന്ന് സവര്‍ണര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിനാലാണ് ഇപ്രകാരം നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നത്. ഇക്കാരണത്താല്‍ തന്നെ അപരിഷ്‌കൃത ഭാഷയില്‍ സംസാരിക്കാന്‍ അവര്‍ണര്‍ നിര്‍ബന്ധിതരായിരുന്നു. ഈ കീഴ്‌വഴക്കത്തിന് മാറ്റമുണ്ടാകണമെന്ന് ചിന്തിച്ച വേലായുലപ്പണിക്കര്‍ മക്കള്‍ക്ക് ആഢ്യത്വമുള്ള പേരുകള്‍ നല്‍കാന്‍ തീരുമാനിക്കുകയും ഇതിന്‍ പ്രകാരം തന്റെ മക്കള്‍ക്ക് കുഞ്ഞച്ച, കുഞ്ഞു പണിക്കര്‍, കുഞ്ഞു പിള്ള, കുഞ്ഞ്കുഞ്ഞ്, വെളുത്ത കുഞ്ഞ്, കുഞ്ഞുകൃഷ്ണന്‍ എന്നിങ്ങനെ പേരുകള്‍ നല്‍കി കീഴ്‌വഴക്കളെ കടപുഴകിയെറിയുക തന്നെ ചെയ്തു.

കീഴാള വിഭാഗം എന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ സാമൂഹികമായ അവമതി നേരിട്ടു കൊണ്ടിരുന്ന സ്വസമുദായത്തിന്റെ സാമൂഹികമായ അഭ്യുന്നതിക്കു വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്നു തീരുമാനിച്ചുറച്ച അദ്ദേഹം ബ്രാഹ്മണിസവും ജാതിവ്യവസ്ഥയും സൃഷ്ടിച്ച എണ്ണമറ്റ അനാചാരങ്ങള്‍ക്കും തീട്ടൂരങ്ങള്‍ക്കുമെതിരെ പടപ്പുറപ്പാട് നടത്താന്‍ തന്നെ തീരുമാനിച്ചു. ഇത്തരം തീഷ്ണമായ ചിന്തകള്‍ വേലായുധ പണിക്കരെ നിരന്തരം അസ്വസ്ഥനാക്കി കൊണ്ടിരുന്ന യുവത്വത്തിന്റെ പ്രസരിപ്പിലാണ് അദ്ദേഹം ആയോധനകലകളും കുതിര സവാരിയും അഭ്യസിക്കുന്നതും തികഞ്ഞ ഒരു കായികാഭ്യാസി എന്ന നിലയില്‍ നാട്ടിലാകെ അറിയപ്പെടാന്‍ തുടങ്ങുന്നതും. കളരിയില്‍ തെക്കനും തുളുനാടനും അദ്ദേഹം നിഷ്പ്രയാസം സ്വായത്തമാക്കി. അതോടൊപ്പം എന്തിനും ഏതിനും തന്നോടൊപ്പം നില്‍ക്കാന്‍ തന്റേടമുള്ള ധൈര്യശാലികളായ ഒരു കൂട്ടം യുവാക്കളെയും സംഘടിപ്പിച്ച് ആയോധനകലകളില്‍ പരിശീലനം നല്‍കി തന്നോടൊപ്പം നിര്‍ത്തി. അതോടെ ജാതി വിലക്കുകള്‍ക്കള്‍ക്കെതിരെയുള്ള വേലായുധ പണിക്കരുടെ പോരാട്ടങ്ങള്‍ക്ക് സമാരംഭമായി. കീഴാള വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം വിലക്കപ്പെട്ടിരുന്ന പൊതുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടായിരുന്നു സാമൂഹിക അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പണിക്കര്‍ ആരംഭം കുറിച്ചത്. കാര്‍ത്തിക പള്ളിയിലെയും ആറാട്ടുപുഴയിലെയും പൊതുവഴികളിലൂടെ പണിക്കര്‍പ്പട പ്രയാണം നടത്തിയ വാര്‍ത്ത നാട്ടില്‍ പ്രചരിച്ചതോടെ ജാതിഹിന്ദുക്കള്‍ വല്ലാതെ അസ്വസ്ഥരായി. ജാതീയമായ കീഴ് വഴക്കങ്ങള്‍ ഒരുവേള കീഴ്‌മേല്‍ മറിയുമോ എന്നുവരെ അവര്‍ ഭയപ്പെട്ടു.

ഇരുപതാം വയസ്സില്‍ പണിക്കര്‍ വിവാഹിതനായി. ഉപരിപഠനാര്‍ഥം കരുനാഗപ്പള്ളിയില്‍ എത്തിയ നാരായണ ഗുരു താമസിച്ചിരുന്ന വരാണപ്പള്ളി തറവാട്ടിലെ വെളുമ്പിയായിരുന്നു വധു. സുദൃഢവും സുരഭിലമായ ആ ദാമ്പത്യ ജീവിതത്തില്‍ ഏഴ് ആണ്‍മക്കള്‍ പിറന്നു. കീഴാള വിഭാഗങ്ങള്‍ക്ക് സവര്‍ണരുടെ ഭാഷ സംസാരിക്കാനോ സവര്‍ണരെ അനുകരിച്ച് പേരിടാനോ അക്കാലത്ത് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ചെയ്താല്‍ അത് ജാതി വഴക്കങ്ങളുടെ ലംഘനമെന്ന് വിധിക്കപ്പെട്ട് കടുത്ത ശിക്ഷ നല്‍കിയിരുന്നു. അവര്‍ണര്‍ സംസാരിക്കുന്ന ഭാഷയില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും അവര്‍ തിരിച്ചറിയപ്പെടണമെന്ന് സവര്‍ണര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിനാലാണ് ഇപ്രകാരം നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നത്. ഇക്കാരണത്താല്‍ തന്നെ അപരിഷ്‌കൃത ഭാഷയില്‍ സംസാരിക്കാന്‍ അവര്‍ണര്‍ നിര്‍ബന്ധിതരായിരുന്നു. ഈ കീഴ്‌വഴക്കത്തിന് മാറ്റമുണ്ടാകണമെന്ന് ചിന്തിച്ച വേലായുലപ്പണിക്കര്‍ മക്കള്‍ക്ക് ആഢ്യത്വമുള്ള പേരുകള്‍ നല്‍കാന്‍ തീരുമാനിക്കുകയും ഇതിന്‍ പ്രകാരം തന്റെ മക്കള്‍ക്ക് കുഞ്ഞച്ച, കുഞ്ഞു പണിക്കര്‍, കുഞ്ഞു പിള്ള, കുഞ്ഞ്കുഞ്ഞ്, വെളുത്ത കുഞ്ഞ്, കുഞ്ഞുകൃഷ്ണന്‍ എന്നിങ്ങനെ പേരുകള്‍ നല്‍കി കീഴ്‌വഴക്കളെ കടപുഴകിയെറിയുക തന്നെ ചെയ്തു.


ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കല്ലിശ്ശേരില്‍ തറവാട്

അക്കാലത്ത് ഈഴവര്‍ ഉള്‍പ്പടെയുള്ള അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കപ്പെട്ടിരുന്നില്ല. ക്ഷേത്രപ്രവേശനം പോയിട്ട് ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് കൂടി സഞ്ചരിക്കാന്‍ പോലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അധഃസ്ഥിത വിഭാഗങ്ങള്‍ പ്രവേശിച്ചാല്‍ ദേവനും ക്ഷേത്രത്തിനും അശുദ്ധിയുണ്ടാക്കുമെന്നായിരുന്നു സവര്‍ണരുടെ വിശ്വാസം. അത് കൊണ്ടു തന്നെ പൊതുവഴികളിലെവിടെയും അവര്‍ണര്‍ക്ക് പ്രവേശനമില്ലെന്ന തീണ്ടാപലകകളും സ്ഥാപിക്കപ്പെട്ടിരുന്നു. തീയ്യരും പുലയരും ഉള്‍പ്പെടുന്ന അധഃസ്ഥിത വിഭാഗങ്ങളാകട്ടെ അവരുടെ പരമ്പരാഗത ദേവതകളെയും പരേതാത്മക്കളെയുമാണ് ആരാധിച്ചിരുന്നത്. ഈശ്വരാധാനയുടെ കാര്യത്തില്‍ നിലനിന്നിരുന്ന ഈ വിവേചനം നേരിട്ടനുഭവിച്ച വേലായുധപ്പണിക്കര്‍, ഒരുവേള ഈ വിവേചനത്തെ ചോദ്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ഇതിനാകട്ടെ അദ്ദേഹം പ്രക്ഷോഭങ്ങളൊന്നും തന്നെ നടത്തിയല്ല. മറിച്ച് അധഃസ്ഥിത വിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തമായി ക്ഷേത്രം സ്ഥാപിക്കുകയാണ് ചെയ്തത്. 1852-ല്‍ ആയിരുന്നു ഇത്. തന്റെ സ്വദേശമായ മംഗലത്ത് ഇടയ്ക്കാടിലായിരുന്നു അദേഹം ശിവക്ഷേത്രം നിര്‍മിച്ചത്. നാരായണ ഗുരു ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തി സവര്‍ണാധിപത്യത്തെയും ബ്രാഹ്മണിസത്തെയും വെല്ലുവിളിക്കുന്നതിനും 37 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കേരള ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയ മുന്‍ചൊന്ന ക്ഷേത്ര നിര്‍മാണവും പ്രതിമയും വേലായുധപ്പണിക്കര്‍ നടത്തിയത്. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് പൊതുവഴികള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് പണിക്കര്‍ സ്വന്തമായി ക്ഷേത്രം നിര്‍മിച്ച് പൊതുജനങ്ങള്‍ക്കു വേണ്ടി തുറന്നുകൊടുക്കുന്നത് എന്നറിയുമ്പോഴാണ് എത്രമാത്രം വിപ്ലവകരമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തി എന്നു നമ്മള്‍ തിരിച്ചറിയുന്നത്.

കലാരംഗത്ത് നിലനിന്നിരുന്ന ജാതീയമായ വിവേചനത്തെ ഒരുവേള വെല്ലുവിളിക്കാന്‍ തന്നെ പണിക്കര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം സ്ഥാപിച്ച ശിവക്ഷേത്രം കേന്ദ്രീകരിച്ച് ഈഴവ യുവാക്കളെ സംഘടിപ്പിച്ച് ഒരു കഥകളിയോഗവും അദ്ദേഹം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അന്യദേശങ്ങളില്‍ നിന്നും കഥകളി ആശാന്മാരെ ക്ഷണിച്ചു വരുത്തി കഥകളി പരിശീലനം ആരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിയവെ പണിക്കരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കഥകളിയോഗം ആറാട്ടുപുഴയിലും സമീപ പ്രദേശങ്ങളിലും കഥകളി അവതരിപ്പിച്ചു തുടങ്ങിയതോടെ കലാരംഗത്ത് ഒരു വിപ്ലവത്തിന് തന്നെ കേളികൊട്ടുണര്‍ന്നു.

1936-ല്‍ തിരുവിതാംകൂറിലും തുടര്‍ന്ന് കൊച്ചിയിലും ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതു വരെ ഇന്നാട്ടിലെ കീഴാള വിഭാഗക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുകയോ അവിടങ്ങളില്‍ ആരാധന നടത്തുകയോ ചെയ്തിരുന്നില്ല എന്നാണല്ലോ ചരിത്രം രേഖപ്പെടുത്തുന്നത്. അവര്‍ ചാത്തന്‍, ചാമുണ്ഡി, മാടന്‍, മറത, പൂതത്താന്‍, ചുടലമാടന്‍, മൂര്‍ത്തി, ചാവര് തുടങ്ങി ദ്രാവിഡ സങ്കല്‍പത്തില്‍പ്പെട്ട ആരാധനാമൂര്‍ത്തികളെയാണ് ആരാധിച്ചിരുന്നത്. സ്വന്തം കുടിലുകള്‍ക്കും മാടങ്ങള്‍ക്കും സമീപം കാവുകളിലും മറ്റും പ്രതിഷ്ഠിച്ചിരുന്ന ഈ ദ്രാവിഡ മൂര്‍ത്തികളെ അവര്‍ കള്ളും കോഴിയിറച്ചിയും നല്‍കി പ്രീതിപ്പെടുത്തി പോന്നു. ഇത്തരമൊരും സാംസ്‌കാരിക പശ്ചാത്തലത്തിലാണ് സവര്‍ണാധിപത്യത്തിന്റെ കൊടിയ വിലക്കുകളെ ധിക്കരിച്ചുകൊണ്ട് അവര്‍ണര്‍ക്ക് വേണ്ടി ഒരു ക്ഷേത്രം നിര്‍മിക്കാന്‍ വേലായുധപ്പണിക്കര്‍ തീരുമാനിക്കുന്നത്. പിന്നെ ഒട്ടും വൈകാതെ അദ്ദേഹം ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇതിന്റെ ഭാഗമായി കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും പ്രധാന ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം അവിടത്തെ ക്ഷേത്ര നിര്‍മാണ ശൈലിയെയും ആരാധനാ സമ്പ്രദായത്തെയുംപറ്റി നേരിട്ട് മനസ്സിലാക്കുകയും ചെയ്തതിന് ശേഷം കല്ലശ്ശേരി തറവാടിന് സമീപം ഇടയ്ക്കാട് ക്ഷേത്ര നിര്‍മാണം ആരംഭിച്ചതും നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥപണിക്കരെ കൊണ്ട് ശിവപ്രതിഷ്ഠ നടത്തി പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുകയും ചെയ്തു. വേലായുധപ്പണിക്കരുടെ കാര്‍മികത്വത്തില്‍ മധ്യകേരളത്തില്‍ ഈ വിപ്ലവം നടക്കുമ്പോള്‍ നാരായണ ഗുരു ജനിച്ചിരുന്നില്ല എന്ന സത്യം നമ്മള്‍ വിസ്മരിക്കാതിരിക്കുക. ഇടയ്ക്കാട് ശിവക്ഷേത്രം യാഥാര്‍ഥ്യമായതോടെ ഇതില്‍ പ്രചോദിതരായ ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണത്തെ ഈഴവ സമുദായക്കാര്‍ അവിടെയും ഒരു ക്ഷേത്രം നിര്‍മിച്ചു. ഈ ക്ഷേത്ര നിര്‍മിതിയിലും വേലായുധപ്പണിക്കരുടെ നിര്‍ലോഭമായ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു. ഇത്രയുമായപ്പോഴേക്കും സവര്‍ണര്‍ക്ക് എല്ലാവിധ നിയന്ത്രണവും കൈവിട്ടു എന്നു പറയേണ്ടതില്ലല്ലോ. അവര്‍ പണിക്കര്‍ക്കെതിരെ ബ്രാഹ്മണ പൗരോഹിത്യത്തെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ച് ഭിവാന് ഹര്‍ജി നല്‍കി. എന്നാല്‍, ദിവാന്‍ ആറാട്ടപുഴയിലെ മുടിചൂടാമന്നനായ പണിക്കര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ സവര്‍ണര്‍ക്ക് പിന്മാറേണ്ടി വന്നു. എങ്കിലും പണിക്കരോടുള്ള പക അവരുടെ മനസ്സില്‍ ഒരു തീക്കനലായി എരിഞ്ഞു കൊണ്ടിരുന്നു.

കേരളത്തിലെ പ്രധാനക്ഷേത്ര കലകളില്‍ ഒന്നാണല്ലോ കഥകളി; അന്നും ഇന്നും. ജന്മിത്തത്തിന്റെ സംഭാവനയായ കഥകളി, കേരളത്തിന്റെ ക്ലാസിക്ക് കല എന്ന ലേബലില്‍ നമ്മുടെ കലാരൂപങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നുണ്ട്. അക്കാലത്ത് ഈ കലാരൂപം ആസ്വദിക്കാനോ അഭ്യസിക്കാനോ ഈഴവരാദി കീഴാളവിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. രാജ സദസുകളിലും മാടമ്പിമാരുടെ കോവിലകങ്ങളിലും ക്ഷേത്രാങ്കണങ്ങളിലും മാത്രം കൊട്ടിയാടപ്പെട്ടിരുന്ന കഥകളി സവര്‍ണ ജാതിക്കാര്‍ മാത്രമായിരുന്നു അക്കാലത്ത് അവതരിപ്പിച്ചിരുന്നത്. പുരാണ കഥകളെയും കഥാപാത്രങ്ങളെയും പ്രമേയവത്‌സരിച്ചു കൊണ്ട് ചിട്ടപ്പെടുത്തുന്ന കഥകളി അവതരിപ്പിക്കുക എന്നത് അവര്‍ണരെ സംബന്ധിച്ചിടത്തോളം അക്കാലത്ത് സങ്കല്‍പിക്കാന്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല. കലാരംഗത്ത് നിലനിന്നിരുന്ന ജാതീയമായ ഇത്തരം വിവേചനത്തെ ഒരുവേള വെല്ലുവിളിക്കാന്‍ തന്നെ പണിക്കര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം സ്ഥാപിച്ച ശിവക്ഷേത്രം കേന്ദ്രീകരിച്ച് ഈഴവ യുവാക്കളെ സംഘടിപ്പിച്ച് ഒരു കഥകളിയോഗവും അദ്ദേഹം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അന്യദേശങ്ങളില്‍ നിന്നും കഥകളി ആശാന്മാരെ ക്ഷണിച്ചു വരുത്തി കഥകളി പരിശീലനം ആരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിയവെ പണിക്കരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കഥകളിയോഗം ആറാട്ടുപുഴയിലും സമീപ പ്രദേശങ്ങളിലും കഥകളി അവതരിപ്പിച്ചു തുടങ്ങിയതോടെ കലാരംഗത്ത് ഒരു വിപ്ലവത്തിന് തന്നെ കേളികൊട്ടുണര്‍ന്നു. അയിത്തജാതിക്കാരായ ഈഴവര്‍ ദേവഗണങ്ങളുടെ വേഷം കെട്ടിയാടുന്നതില്‍ പ്രകോപിതരായ സവര്‍ണ മാടമ്പിമാര്‍ പിറുപിറുത്തങ്കിലും പണിക്കര്‍പ്പടയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ലാത്തതിനാല്‍ അവര്‍ക്ക് പിന്തിരിഞ്ഞ് മൗനം അവലംബിക്കേണ്ടി വന്നു. അങ്ങനെ മംഗലം ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച പണിക്കരുടെ കഥകളി സംഘം തിരുവിതാംകൂറിലുടനീളം നിരവധി വേദികളില്‍ വിജയകരമായി കഥകളി അവതരിപ്പിച്ച് ജൈത്രയാത്ര നടത്തി സവര്‍ണ പേക്കോലങ്ങളെ ഞെട്ടിച്ചു.

കായംകുളത്തെ മേല്‍മുണ്ട് സമരം

മാന്യമായി വസ്ത്രം ധരിക്കുന്നതിനു വേണ്ടി ലോക ചരിത്രത്തിലാദ്യമായി പ്രക്ഷോഭം നടന്ന നാടാണല്ലോ തിരുവിതാംകൂര്‍. 1822-ല്‍ ആണ് ആ സമരം അരങ്ങേറിയത്. അന്ന് ആദ്യമായി അരക്കുമേല്‍ വസ്ത്രം ധരിച്ചു കൊണ്ട് തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായത്തിലെ ഏതാനും സ്ത്രീകള്‍ പൊതുനിരത്തിലൂടെ സഞ്ചരിക്കുന്ന തോടുകൂടിയാണ് ചരിത്രപ്രസിദ്ധിമായ ആ പ്രക്ഷോഭത്തിന് തിരശ്ശീല ഉയരുന്നത്. ഹിന്ദുമതത്തിലെ ജാതീയമായ വിവേചനങ്ങളിലും അടിച്ചമര്‍ത്തലുകളിലും നിന്നും മോചനം നേടി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ വിഭാഗക്കാരായിരുന്ന ചരിത്രപ്രസിദ്ധമായ മേല്‍മുണ്ട് സമരത്തിന് നേതൃത്വം നല്‍കിയത്. ക്രിസ്ത്യന്‍ മിഷണറിമാരുടെ പിന്തുണയോടു കൂടിയായിരുന്നു സവര്‍ണര്‍ ചാന്നാര്‍ ലഹളയെന്ന് താഴ്ത്തികെട്ടാന്‍ വിഫലശ്രമം നടത്തിയ മുന്‍ചൊന്ന സമരം നടന്നത്. നിയതാര്‍ഥത്തില്‍ മേല്‍വസ്ത്രം ധരിക്കാനുള്ള പൗരാവകാശത്തിന് വേണ്ടി പ്രക്ഷോഭത്തിനൊരുങ്ങിയ നാടാന്മാരായിരുന്നില്ല, മറിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ സവര്‍ണരായിരുന്നു സമരക്കാരെ മര്‍ദ്ദിക്കുകയും അവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു കൊണ്ട് കലാപം അഴിച്ചുവിട്ടത്. 1822-ല്‍ ആരംഭിച്ച് പല പല ഘട്ടങ്ങളിലൂടെ മുന്നേറിയ സമരം ഒടുവില്‍ 1865-ലെ വിളംബരത്തോടെയാണ് വിജയകരമായി പര്യവസാനിക്കുന്നത്. നാടാര്‍ വിഭാഗക്കാരുടെ നേതൃത്വത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ അരങ്ങേറിയ ഐതിഹാസികമായ സമരത്തിന് പിന്നാലെയാണ് കായംകുളത്തെയും സമീപ പ്രദേശത്തെയും ഈഴവ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കാന്‍ സധൈര്യം മുന്നോട്ട് വരുന്നത്. മേല്‍മുണ്ട് ധരിച്ചു കൊണ്ട് ഒരു ഈഴവ സ്ത്രീ കായംകുളം കമ്പോളത്തില്‍ പ്രവേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചില നാട്ടുചട്ടമ്പികളുടെ ഒത്താശയോടെ സംഘടിച്ചെത്തിയ ജാതിക്കോമരങ്ങള്‍ ആ യുവതിയുടെ മേല്‍വസ്ത്രം വലിച്ചു കീറുകയും കമ്പോളത്തില്‍ വച്ച് അവരെ വിവസ്ത്രയാക്കി ആക്ഷേപിക്കുകയും ചെയ്തതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. കാട്ടുതീ പോലെ പടര്‍ന്ന വാര്‍ത്ത ഒടുവില്‍ പണിക്കരുടെ ചെവിയിലുമെത്തി. പിന്നെ ഒട്ടും അമാന്തിച്ചില്ല. കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം മേല്‍ശീലകള്‍ ശേഖരിച്ചു കൊണ്ട് അദ്ദേഹവും സംഘവും കുതിരപ്പുറത്തേറി കായംകുളം മാര്‍ക്കറ്റിലെത്തുകയും അപമാനിതയായ സ്ത്രീയെ പരസ്യമായി മേല്‍ശീല ധരിപ്പിച്ച് സവര്‍ണരെ വെല്ലു വിളിക്കുകയും ചെയ്തു. മാത്രമല്ല, കമ്പോളത്തിലെത്തിയ എല്ലാ സ്ത്രീകള്‍ക്കും മേല്‍ശീല വിതരണം ചെയ്ത ശേഷം മേലില്‍ മേല്‍വസ്ത്രം ധരിച്ചു കൊണ്ടു മാത്രമെ പുറത്തിറങ്ങാവൂ എന്നു ആജ്ഞാപിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ സര്‍വര്‍ണരും ചട്ടമ്പികളും പണിക്കരെയും സംഘത്തെയും ആക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും പണിക്കര്‍പ്പടയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ആ സാമൂഹിക വിരുദ്ധര്‍ക്ക് പിന്തിരിയേണ്ടിവന്നു. ഈ സംഭവത്തിന് ശേഷമാണ് കായംകുളത്തെയും പരിസര പ്രദേശത്തെയും ഈഴവ സ്ത്രീകള്‍ സധൈര്യം മേല്‍ശീല ധരിച്ചു കൊണ്ട് പുറത്തിറങ്ങാന്‍ ആരംഭിക്കുന്നത് എന്നതാണ് ചരിത്രം.

നിസ്സഹകരണ സമരം

1942ല്‍ ആണല്ലോ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നിസ്സഹകരണസമരം ആരംഭിക്കുന്നത്. എന്നാല്‍, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ സമരത്തിനും ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ധീരവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ആഹ്വാന പ്രകാരം ഒരു നിസ്സഹകരണ സമരം കായംകുളത്ത് അരങ്ങേറിയിരുന്നു. ഈഴവ സ്ത്രീകള്‍ അച്ചിപ്പുടവ ധരിക്കുന്നതുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രസ്തുതസമരത്തിന് പക്ഷേ ചരിത്രകാരന്മാര്‍ നാളിതുവരെ വേണ്ടത്ര പ്രാധാന്യം നല്‍കിയോ എന്നത് സംശയമാണ്. അക്കാലത്ത് തിരുവിതാംകൂറില്‍ സവര്‍ണ സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രം അച്ചിപ്പുടവ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അച്ചിപ്പുടവ നെയ്തിരുന്നത് ഈഴവ സ്ത്രീകളായിരുന്നെങ്കിലും ജാതീയമായ വിലക്കുകള്‍മൂലം അവര്‍ക്ക് അച്ചിപ്പുടവ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഈഴവരാദി കീഴാള വിഭാഗങ്ങളില സ്ത്രീ പുരുഷന്മാര്‍ക്ക് മുട്ടിന് താഴെ കോറമുണ്ട് താഴ്ത്തി ഉടുക്കുവാനോ അരക്കു മുകളില്‍ മേല്‍വസ്ത്രം ധരിക്കുന്നുവാനോ അനുവാദമുണ്ടായിരുന്നില്ല. കീഴാള വിഭാഗക്കാര്‍ ഇപ്രകാരം വസ്ത്രം ധരിക്കുന്നത് സവര്‍ണരോടുള്ള അനാദരവും കൊടിയ ധിക്കാരവുമായിട്ടാണ് യാഥാസ്ഥികര്‍ കണ്ടിരുന്നത്. കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നവരെ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ഇത്തരം നിഷ്ഠൂരമായ അനാചാരം നിലനിനിന്നിരുന്ന ആ കാലഘത്തില്‍ ഒരു സമ്പന്ന ഈഴവ കുടുംബത്തിലെ യുവതി സവര്‍ണ സ്ത്രീകള്‍ അണിയുന്ന അച്ചിപ്പുടവ ഭംഗിയായി നീട്ടിയുടുത്ത് കായംകുളത്തിന് വടക്ക് ഭാഗത്തുള്ള പത്തിയൂര്‍ ദേശത്തെ വയല്‍ വരമ്പിലൂടെ നടന്നു പോകുന്നത് അവിടത്തെ സവര്‍ണരെ പ്രകോപിപ്പിച്ചു. ഒരു ചോവത്തി ജാതി നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച സവര്‍ണര്‍ ആ യുവതിയുടെ അച്ചിപ്പുടവ വലിച്ചുകീറി ചേറില്‍ താഴ്ത്തി. പ്രദേശികമായി വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. സംഭവം അറിഞ്ഞയുടന്‍ പണിക്കരും സംഘവും സ്ഥലത്ത് എത്തുകയും യുവതിയെ അവഹേളിച്ച സവര്‍ണരെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. നേരിട്ടുള്ള സംഘര്‍ഷത്തില്‍ മാടമ്പിമാര്‍ പരാജയപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായില്ല. ഈ പശ്ചാത്തലത്തിലാണ് ഈഴവരാദി അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് സവര്‍ണ സ്ത്രീകളെ പോലെ അച്ചിപ്പുടവ ധരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാകുന്നതു വരെ ഈ വിഭാഗത്തില്‍പ്പെട്ട ആരും തന്നെ സവര്‍ണരുടെ പാടത്തോ പറമ്പിലോ ജോലിക്ക് പോകരുതെന്ന് വിലക്കി കൊണ്ട് പണിക്കര്‍ നിസ്സഹകരണ സമരം പ്രഖ്യാപിക്കുന്നത്. മാസങ്ങളോളം നീണ്ടു നിന്ന പ്രസ്തുത സമരം ഒടുവില്‍ സന്ധി സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടുകയായിരുന്നു.

മൂക്കുത്തി വിപ്ലവം

അക്കാലത്ത് അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ സ്വര്‍ണമോ വെള്ളിയോ കൊണ്ടു നിര്‍മിച്ച ആഭരണം അണിയാന്‍ സവര്‍ണര്‍ അനുവദിച്ചിരുന്നില്ല. ആഭരണങ്ങള്‍ നിര്‍മിച്ചിരുന്ന കമ്മാളനു പോലും അവ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല! ജാതി വഴക്കങ്ങള്‍ക്ക് വിധേയമായി ഈഴവ സ്ത്രീകള്‍ കാതിലോലയും കരിവളയും ധരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ പുലയനും പറയനും കുറവനും വെള്ളാരം കല്ലുകളും കുപ്പി ചില്ലുകളും കോര്‍ത്തുണ്ടാക്കിയ കല്ലുമാല ധരിക്കണമെന്നായിരുന്നു ചട്ടം. ഇത്തരം ജാതി നിയമങ്ങള്‍ നിലനിന്നിരുന്ന രാജവാഴ്ചയുടെ ആ ഇരുണ്ട കാലഘട്ടത്തില്‍ പന്തളത്തിനടുത്തുള്ള ഒരു സമ്പന്ന ഈഴവ തറവാട്ടിലെ യുവതിക്ക് സവര്‍ണ സ്ത്രീകള്‍ അണിയുന്നതു പോലെ മൂക്കുത്തി അണിയണമെന്നൊരു ആഗ്രഹം തോന്നി. താമസിയാതെ അവര്‍ മൂക്കുത്തി ഉണ്ടാക്കി അണിയുക മാത്രമല്ല നാലാള്‍ കാണ്‍കെ അതണിഞ്ഞ് പൊതുവഴിയിലൂടെ നടന്നു പോവുകയും ചെയ്തു. ഇതു കണ്ട സവര്‍ണ മാടമ്പിമാരുടെ രക്തം തിളയ്ക്കുകയും യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ബലപ്രയോഗത്തിലൂടെ മൂക്കുത്തി ഊരിയെടുത്ത് നിലത്തിട്ട് ചവിട്ടി തേയ്ക്കുകയും ചെയ്തു. സംഭവം അറിഞ്ഞ പണിക്കരും സംഘവും ഒരു കിഴി നിറയെ മൂക്കുത്തിയുമായി സംഭവ സ്ഥലത്ത് എത്തുകയും ആ പ്രദേശത്തെ മുഴുവന്‍ ഈഴവ സ്ത്രീകളെയും വിളിച്ചുവരുത്തി മൂക്കുത്തി ധരിപ്പിക്കുകയും ചെയ്തു. എതിര്‍ക്കാന്‍ ശ്രമിച്ച സവര്‍ണര്‍ക്ക് പണിക്കരുടെ സംഘശക്തിക്ക് മുന്നില്‍ പിന്തിരിയേണ്ടി വന്നു. അങ്ങനെ കായംകുളത്തെയും പരിസര പ്രദേശങ്ങളിലെയും ഈഴവ സ്ത്രീകള്‍ പണിക്കരുടെ ധീരമായ ഇടപെടലിലൂടെ ചരിത്രത്തിലാദ്യമായി മൂക്കുത്തി ധരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തു. മാത്രമല്ല കായംകുളത്തെയും പരിസ പ്രദേശത്തെയും ഈഴവ യുവാക്കള്‍ക്ക് അവരുടെ ഇഷ്ടം പോലെ ഇടതുവശത്തേക്ക് മുടി ചീകി വയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതും പണിക്കരുടെ ഇടപെടലിലൂടെയായിരുന്നു.

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പണിക്കര്‍ നടത്തിയ പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു. ഇതു സംബന്ധിച്ച് ഇടപ്പള്ളി രാജാവിന്റെ മകന്‍ രാമന്‍ മേനോനുമായി ഉണ്ടായ സംഘര്‍ഷം ചരിത്രപ്രസിദ്ധമാണ്. അക്കാലത്ത് സവര്‍ണര്‍ 'എഴുന്നള്ളുമ്പോള്‍ വഴിതെളിച്ചു മുന്‍പേ നടക്കുന്ന വാല്യക്കാര്‍ ഹോയ്, ഹോയ് എന്നു ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അവര്‍ണരോട് ജാതിപ്പാട് അകലേക്ക് വഴിമാറാന്‍ ആജ്ഞാപിക്കുക പതിവായിരുന്നു. ഈ തിട്ടൂരം കേള്‍ക്കുന്ന മാത്രയില്‍ വഴിയരികിലും മറ്റും നില്‍ക്കുന്ന അവര്‍ണര്‍ സമീപത്തെ പൊന്തക്കാടുകളിലേക്കും മറ്റും ഒഴിഞ്ഞു മാറണമായിരുന്നു. ഒരിക്കല്‍ പണിക്കരും സംഘവും പൊതുവഴിയിലൂടെ സഞ്ചരിക്കവെ ദൂരെ നിന്നു ഹോയ്, ഹോയ് വിളി ഉയര്‍ന്നു കേട്ടു. ഉടന്‍ തന്നെ തിരിച്ച് ഹോയ് വിളിക്കാന്‍ പണിക്കര്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇപ്രകാരം മറുവിളിയുമായി പണിക്കരും സംഘവും മുന്നോട്ടു നീങ്ങവെ ഇടപ്പളളി രാജാവിന്റെ മകന്‍ രാമന്‍ മേനോന്‍ ആണ് എതിരെ വരുന്നതെന്ന് കാണാന്‍ കഴിഞ്ഞു. ഇരുവരും അഭിമുഖമായി അടുത്തെത്തിയപ്പോള്‍ ആര് ആര്‍ക്ക് വഴിമാറണമെന്ന ചോദ്യം ഉയര്‍ന്നു. വഴിമാറാന്‍ തയ്യാറാവാതെ നിലയുറപ്പിച്ച പണിക്കരുടെ മുന്നില്‍ നിന്നും രാമന്‍ മേനോന്‍ പിന്തിരിഞ്ഞു പോയി എന്നാണ് വായ്‌മൊഴി ചരിതം. ഈ സംഭവത്തെത്തുടര്‍ന്നാണ് അന്നാട്ടിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ഭയപ്പാടില്ലാതെ പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത്.


ആറാട്ടുപുഴ മംഗലം ശിവക്ഷേത്രത്തിനുമുന്നില്‍ സ്ഥാപിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ പ്രതിമ

ഇപ്രകാരം വിവിധങ്ങളായ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ സവര്‍ണാധിപത്യത്തെ വെല്ലുവിളിച്ചും ആചാരാനുഷ്ഠാനങ്ങളെ ലംഘിച്ചും അധഃസ്ഥിത ജനതതിയുടെ ആത്മാഭിമാനവും അവകാശങ്ങളും വീണ്ടെടുക്കുന്നതിനുള്ള ദൗത്യത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് തിരുവിതാംകൂര്‍ രാജാവിന്റെ ഒരു ദൂതന്‍ രാജാവിന് വേണ്ടി ഒരു സഹായാഭ്യര്‍ഥനയുമായി വേലായുധപ്പണിക്കരെ സമീപിക്കുന്നത്. രാജകൊട്ടാരത്തില്‍ നടക്കുന്ന മുറജപത്തിന്റെ ഭാഗമായി പത്മനാഭപുരം കൊട്ടാരത്തിലേക്ക് കൊണ്ടു പോകവെ മോഷ്ടിക്കപ്പെട്ട സാളഗ്രാമം വീണ്ടെടുത്ത് നല്‍കണം എന്നതായിരുന്നു രാജാവിന്റെ ആവശ്യം. ദൗത്യം ഏറ്റെടുത്ത പണിക്കര്‍ നിശ്ചിത സമയത്തിനുള്ളില്‍ സാളഗ്രാമം വീണ്ടെടുത്ത് രാജാവിന് തിരിച്ചേല്‍പ്പിച്ചു. വേലായുധപ്പണിക്കരുടെ സമയോചിതമായ ഇടപെടലില്‍ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തിന് പണിക്കര്‍ പദവിയും വീരശൃംഖലയും നല്‍കി അനുമോദിച്ചു. ഇതോടെ വേലായുധ പണിക്കര്‍ എന്ന ധീര ദേശാഭിമാനിയുടെ പേരും പെരുമയും തിരുവിതാംകൂറിലുടനീളം അലയടിച്ചു. പണിക്കരുടെ പ്രശസ്തി വര്‍ധിച്ചതോടെ സവര്‍ണ പ്രമാണിമാര്‍ക്ക് അദ്ദേഹത്തോടുള്ള ശത്രുതയും വര്‍ധിച്ചു. സവര്‍ണാധിപത്യത്തെ നിരന്തരം വെല്ലുവിളിക്കുന്ന, ജാതി നിയങ്ങളെ അലംഘനീയമാം വിധം ചോദ്യം ചെയ്യുന്ന ധീരനായ ആ സാമൂഹ്യ വിപ്ലവകാരിയെ ഏതുവിധേനയും അപായപ്പെടുത്താന്‍ അവര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഒടുവില്‍ ഒരു കേസുമായി ബന്ധപ്പെട്ട ആവശ്യത്തിന് അദ്ദേഹം കൊല്ലത്തേക്ക് പോകുന്നുണ്ടെന്ന രഹസ്യവിവരം ശത്രുക്കള്‍ അറിഞ്ഞു. രാത്രിയില്‍ തണ്ടുവള്ളത്തിലായിരുന്നു പണിക്കരുടെ യാത്ര. ശത്രുക്കള്‍ പണിക്കര്‍ സഞ്ചരിച്ച തണ്ടുവള്ളത്തെ പിന്തുടരുകയും വഞ്ചിയില്‍ പ്രത്യേകം തയ്യാറാക്കിയ കിടപ്പറയില്‍ നിദ്രയിലായിരുന്ന അദ്ദേഹത്തെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലവര്‍ഷം ധനു 24-ന് (1874) ആയിരുന്നു നാടിനെ നടുക്കിയ ആ കിരാത സംഭവം അരങ്ങേറിയത്. അങ്ങനെ ജാതിവാഴ്ചയുടെ ഇരുണ്ട കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ കീഴാള വിഭാഗങ്ങളുടെ ആത്മാഭിമാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീരനായ വിപ്ലവകാരി കാലയവനികയ്ക്കുള്ളില്‍ അനശ്വരനായി.







Similar Posts