Analysis
എആര്‍എം: മിത്തുകളെ കത്തിച്ചെറിയുന്ന മണിയനും മാണിക്യവും
Analysis

എആര്‍എം: മിത്തുകളെ കത്തിച്ചെറിയുന്ന മണിയനും മാണിക്യവും

രൂപേഷ് കുമാര്‍
|
17 Sep 2024 12:28 PM GMT

അജയന്റെ അമ്മൂമ്മ, സുരഭി അവതരിപ്പിച്ച മാണിക്യം എന്ന കഥാപാത്രം ആണ് മലയാള സിനിമയിലെ സ്ത്രീ ശരീരങ്ങളുടെ ബോഡി ലാംഗ്വേജിന്റെയും ലൈംഗീകതയുടെയും സ്വഭാവങ്ങളുടെയും എല്ലാം എസ്റ്റാബ്ലിഷ്ഡ് സെമിയോട്ടിക്‌സിനെയും മിത്തിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നത്.

എം.ടി വാസുദേവന്‍ നായര്‍ എഴുതിയ പെരുന്തച്ചന്‍ എന്ന സിനിമയില്‍ ''കല്ല് ദൈവമായി. ഇനി പണിഞ്ഞ തച്ചന്‍ പുറത്ത്'' എന്നൊരു ഡയലോഗ് ഉണ്ട്. അതുപോലെ എം.ടി തന്നെ എഴുതിയ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലൂടെ ചന്തു എന്ന ചരിത്രം/മിത്ത് എന്നീ സംഗതികളെ തിരിച്ചിടുന്നുമുണ്ട്. വടക്കന്‍ വീരഗാഥ എന്ന സിനിമയ്ക്ക് ശേഷം കേരളത്തിലെ കുട്ടികള്‍ക്കു ചന്തു എന്ന ഓമനപ്പേര് ഒക്കെ ഇട്ടു തുടങ്ങുകയും ചെയ്തു. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയില്‍ പെരുന്തച്ചന്റെ ''പണിഞ്ഞ തച്ചന്‍ പുറത്ത്'' എന്ന ഡയലോഗിനെ തിരിച്ചിട്ടു കൊണ്ട് ഒരു ദലിത് സ്ത്രീയെ കൊണ്ട് ഒരു വിഗ്രഹം കണ്ടെടുത്തു പ്രതിഷ്ഠയിലേക്ക് നയിക്കുന്ന ഒരു തലത്തിലേക്ക് വളരുകയാണ്. ഇത് ചരിത്രപരമായ വിദ്യാഭ്യാസത്തിലൂടെയും പുതിയ തലമുറയുടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന പല തരത്തിലൂടെ ഉള്ള ഡിസ്‌കഷനുകളിലൂടെയും ഉരിത്തിരിഞ്ഞു വന്ന കാഴ്ചകളുടെ ക്രിയേറ്റീവിറ്റി കൂടെ ആണ്. വടക്കന്‍ വീരഗാഥ പുതിയ ഒരു മിത്ത് കേരളത്തില്‍ സൃഷ്ടിച്ചു വിട്ടത് പോലെ അജയന്റെ രണ്ടാം മോഷണവും പല തരത്തിലുള്ള മിത്തുകളെയും പൊളിച്ച് അടുക്കി പുതിയ മിത്തുകളെ കേരളത്തില്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിക്കുന്നുണ്ട്.

നിലനില്‍ക്കുന്ന പല മിത്തുകളെയും കത്തിച്ചു ചാമ്പലയാക്കി പുതിയ മിത്തുകളെ സൃഷ്ടിച്ചു കുതിരകളെ പോലെ മുന്നോട്ട് പായുകയാണ് മണിയനും മാണിക്യവും ഈ സിനിമയിലൂടെ.

അജയന്റെ അമ്മൂമ്മ, സുരഭി അവതരിപ്പിച്ച മാണിക്യം എന്ന കഥാപാത്രം ആണ് മലയാള സിനിമയിലെ സ്ത്രീ ശരീരങ്ങളുടെ ബോഡി ലാംഗ്വേജിന്റെയും ലൈംഗീകതയുടെയും സ്വഭാവങ്ങളുടെയും എല്ലാം എസ്റ്റാബ്ലിഷ്ഡ് സെമിയോട്ടിക്‌സിനെയും മിത്തിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നത്. മണിയന്റെയും മാണിക്യത്തിന്റെയും കീഴാള ജീവിതങ്ങളുടെയും ശരീരങ്ങളുടെയും പ്രണയവും ലൈംഗീകതയുമെല്ലാം ചിത്രീകരിച്ച വിഷ്വല്‍സ് മലയാള സിനിമ കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന വിഷ്വല്‍ പാറ്റേണുകളെ തകര്‍ത്ത് തരിപ്പണമാക്കുന്നതാണ്. വളരെ കൂര്‍മ ബുദ്ധിയും തന്ത്രവും ചിന്തയും വീക്ഷണവും ഒക്കെ ഉള്ള മാണിക്യത്തിന്റെ ആ കീഴാള കഥാപാത്രം ഇന്ത്യന്‍ സിനിമകള്‍ പൊതുവേ പിന്തുടരുന്ന ഇരവാദ കീഴാള കഥാപാത്രങ്ങളില്‍ നിന്നു വളരെ വ്യത്യസ്തവുമാണ്. മാണിക്യം താന്‍ ജീവിക്കുന്ന 'ഗ്രാമം' എന്ന ഒരു ജ്യോഗ്രഫിക്കല്‍ കമ്യൂണിറ്റിയെ നല്ല കണക്കിന് ട്രോളുന്നുണ്ട്. ഗ്രാമത്തിന്റെയും ഫ്യൂഡലിസത്തിന്റെയും ചേരും പടി ആയ പൊലീസ്, മണിയനെ അന്വേഷിച്ചു വീട്ടിലേക്ക് വരുന്ന ഒരു സീനില്‍ അരി പാട്ടുമ്പോഴുള്ള ആ പുച്ഛിച്ച് ഉള്ള നോട്ടം മാത്രം മതി ഈ സിനിമയ്ക്ക് കൊടുത്ത കാശ് മുതലാകാന്‍. സുധീഷ് അവതരിപ്പിക്കുന്ന ഉന്നതജാതി (നമ്പ്യാര്‍ സമുദായം ആണ് എന്നു തോന്നുന്നു) കുളക്കടവില്‍ നിന്നു വീരവാദം മുഴക്കുന്ന സമയത്ത് അയാളുടെ താക്കോല്‍, കൊച്ചു മകനെ കൊണ്ട് അടിച്ചു മാറ്റിക്കുന്ന മാണിക്യം ഒരു രക്ഷയുമില്ലാത്ത പൊളിയാണ്. സിസ്റ്റം, ഗ്രാമം, പൊലീസ്, ജാതി, നിയമം എന്നീ വ്യവസ്ഥാപിതമായ സംഗതികളൊക്കെ മാണിക്യത്തിന് വെറും പുല്ലാണ്. മലയാള സിനിമയ്ക്ക് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഡെവലപ്‌മെന്റ് കവിയൂര്‍ പൊന്നമ്മ അഭിനയം നിര്‍ത്തിയതാണെങ്കില്‍ അതിലും വലിയ പൊളി സുരഭിയെ പോലുള്ള വെറസ്‌റ്റൈല്‍ അഭിനേതാക്കള്‍ മലയാളത്തില്‍ പൊളിക്കാന്‍ തുടങ്ങുന്നതാണ്.


ഗ്രാമം എന്ന സംഗതിയെ നന്നായി ഊക്കി വിടുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ടെക്‌സച്വല്‍ ആയ വിജയം. ഇതിലെ വിഗ്രഹം മോഷ്ടിക്കാന്‍ നടക്കുന്ന രാജ വംശങ്ങളിലെ വര്‍മ കഥാപാത്രങ്ങളും എല്ലാം വെറും ബോറന്മാരായ കോമഡി പീസുകളായി അവസാനിക്കുന്നത് കാണുന്നത് രസമാണ്. ഒരു കാലത്ത് വര്‍മകളെയും മേനോന്‍മാരെയും ആഘോഷിച്ച മംഗലശ്ശേരി സിനിമകളുടെ മോന്തക്കിട്ടാണ് ഈ സിനിമ പൊട്ടിച്ചത്. കീഴാളരെ ഒരു ഭാഗത്ത് നിര്‍ത്തി പൊളിറ്റിക്കലൈസ് ചെയ്തു യുദ്ധം ചെയ്യിപ്പിച്ചും ജാതിക്കെതിരെ ഉള്ള പോരാട്ടം എന്ന രീതിയില്‍ ദ്വന്താത്മകമായി യുദ്ധം ചെയ്യാതെ ട്രോളിയും കളിയാക്കിയും അടിക്കേണ്ടിടത്ത് അടിച്ചും ഒരു തിയേറ്ററിക്കല്‍ പിന്‍ബലമില്ലാതെയും വളരെ ഓര്‍ഗാനിക് ആയി കീഴാള സമൂഹങ്ങള്‍ പൊളിക്കുന്നു എന്നത് ഈ സിനിമയുടെ ദൃശ്യതയുടെ മനോഹാരിത കൂടി ആണ്. ഈ മാസ് പോരാട്ടങ്ങളിലൂടെ ഉള്ള വഴികളില്‍ സവര്‍ണരും കൂടെ നില്‍ക്കുന്നു എന്നു കാണുന്നതും രസമാണ്. ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന ഇരട്ട മുഖമുള്ള ഊള കഥാപാത്രം അജയന്റെ കൂടെ നില്‍ക്കുമ്പോള്‍ ഇത്തരം ഒരു സോളിഡാരിറ്റിയും ഈ സിനിമ സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഒരു സമുദായത്തെ വില്ലനൈസ് ചെയ്തു കമ്പാര്‍ട്‌മെന്റലൈസ് ചെയ്യുന്ന പഴയതും പുതിയതുമായ പല പരിപാടികളില്‍ നിന്നും അജയന്റെ രണ്ടാം മോഷണം വളരെയധികം വ്യത്യസ്തവുമാകുന്നുണ്ട്.

മണിയന്‍ എന്ന കള്ളന്റെ കഥാപാത്രം മലയാള സിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള മാസ് സ്വാഗ് കഥാപാത്രങ്ങളില്‍ ഏറ്റവും വ്യക്തിത്വമുള്ളതുമാണ്. കേരളത്തിലെ ഭൂരിഭാഗവും മാസ് ആക്ഷന്‍ ഹീറോ അല്ലെങ്കില്‍ സ്വാഗ് നല്‍കുന്ന പ്രാദേശിക കഥാപാത്രങ്ങള്‍ക്ക് ഒക്കെ ഒരു പക്ഷേ ഒരു സമുദായത്തിന്റെ/ജാതിയുടെ പണത്തിന്റെ അല്ലെങ്കില്‍ മൊത്തം ദേശത്തിന്റെ ഒക്കെ പിന്തുണ കൂടി ഉണ്ടാകും. അതിനു പലതരത്തിലുള്ള വ്യത്യസ്തമായ ട്രാന്‍സ്ഫര്‍മേഷനെ നിരാകരിച്ചു കൊണ്ടല്ല ഈ പറയുന്നത്. പക്ഷേ, അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ മണിയന്‍ എന്ന കള്ളന്റെ സ്വാഗ് നിലനിര്‍ത്തുന്നത് വേറെ ഒരു ഹീറോയിക് മോഡല്‍ ആണ്. അയാള്‍ യുദ്ധം ചെയ്യുന്നത് ദേശത്തോടും ജാതിയോടും സമുദായങ്ങളോടും നിയമത്തോടും എല്ലാം ചേര്‍ന്ന് കൊണ്ടാണ്. അതിനുമപ്പുറം അയാള്‍ ഒരു മുത്തശ്ശിക്കഥയിലെ മായാജാലക്കാരനെ പോലെ വേറെ ഒരു ടെറെയ്‌നില്‍ ഒരു മാജിക്കല്‍ റിയലിസ്റ്റിക് കാരക്ടര്‍ ആയി മാറുകയും ചെയ്യുന്നുണ്ട്. ജഗദീഷിന്റെ കൊല്ലനും മണിയനും ചേര്‍ന്നുള്ള ത്രില്ലിംഗ് സീനുകളും അയാള്‍ അപ്രത്യക്ഷമായതിന് ശേഷവും വീണ്ടും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതും അയാള്‍ വേറെ ഒരു മിത്തിക്കല്‍ ഫിഗര്‍ ആയി മാറുകയാണ്.

പലതരം ദൃശ്യതകള്‍ നമ്മുടെ ജീവിതത്തില്‍ സെക്കന്റുകള്‍കൊണ്ട് വന്നു മറിയുന്ന വര്‍ത്തമാന കാലത്ത് മണിയന്‍ ഒരു ആര്‍കിടൈപ്പല്‍ ഹീറോ ആയി കേരളം പോലുള്ള ഒരു സമൂഹത്തില്‍ ഒരുപാട് കാലം നില നില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ, മണിയന്‍ എന്ന കള്ളന്റെ കഥാപാത്രം നമ്മുടെ ഫോക് ആര്‍ട്ടുകള്‍ മുതല്‍ പ്രാദേശികമായ സങ്കല്‍പങ്ങളും നാടോടി/മുത്തശ്ശിക്കഥകളും തീര്‍ക്കുന്ന സമൂഹത്തിനെ മുന്നോട്ടോ പിന്നോട്ടോ കൊണ്ടുപോകുന്ന മിത്തിക്കല്‍ ഉയിര്‍പ്പുകളുടെ ഏറ്റവും രസകരമായ ടെക്സ്റ്റ് ആണ്. ഒരു മുത്തശ്ശി/നാടോടി സങ്കല്‍പ്പം, ഒരു കീഴാളനായ ദലിത് സമൂഹത്തില്‍പ്പെട്ട ഒരു കള്ളന്റെ ജീവിതം ഡിജിറ്റല്‍ ടെക്‌നോളജിയിലൂടെ വിഎഫ്എക്‌സിലൂടെ പുതിയ മിത്തിക്കല്‍ ടെക്സ്റ്റ് ആയി സിമന്റ് ചെയ്യുന്നത് ചരിത്രപരമായി ഉള്ള മുന്നേറ്റം കൂടി ആണ്. ടോവിനോ എന്ന നടന്റെ ഇത്തരം ഒരു കഥാപാത്രത്തിലേക്ക് വളരുന്നതിന്റെ ബോഡി മെന്റല്‍ സാറ്റര്‍നിയനിന്റെ എഫേര്‍ട്ടും അതില്‍ അയാള്‍ വിജയിച്ചതും കാണുന്നത് ഗൂസ്ബംബിങ് ഫീലിങ് ഉണ്ടാക്കും. മലയാളത്തിലെ എണ്ണം പറഞ്ഞ ഹീറോകളില്‍ ഒന്നായി മണിയന്‍ എന്ന കഥാപാത്രം മാറും.


മാണിക്യം എന്ന സുരഭിയുടെ അമ്മമ്മ കഥാപാത്രത്തില്‍ നിന്നു വളരെ വ്യത്യസ്തമായ ജീവിത പരിസരത്തിലൂടെ കടന്നുപോകുന്ന ഒരു ജീവിതം ആണ് അജയന്റെ അമ്മ ആയ, ദലിത് സ്ത്രീ ആയ രോഹിണിയുടെ കഥാപാത്രം. എണ്‍പതുകളില്‍ ദലിതുകള്‍ ഉയിര്‍ക്കാന്‍ തുടങ്ങിയ ഒരു കാലഘട്ടത്തിലെ തിരിച്ചറിവുകളിലൂടെ ആണ് രോഹിണിയുടെ അമ്മ കഥാപാത്രത്തിന്റെ സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത്. ദേശങ്ങളെക്കുറിച്ചുള്ള അത്തരം തിരിച്ചറിവുകള്‍ ആ അമ്മയില്‍ നിന്നും പകര്‍ന്നുകൊണ്ട് അജയനിലേക്കും എത്തുന്നുമുണ്ട്. ഇത് ഒരു ജനാധിപത്യ രാജ്യമാണ്, അംബേദ്കര്‍, അയ്യങ്കാളി ഫോട്ടോ എന്നീ ടിപ്പിക്കല്‍ പൊളിറ്റിക്കല്‍ സിമ്പലുകള്‍ കാണിച്ചു രാഷ്ട്രീയവത്കരിക്കുന്നതിനുമപ്പുറം ഈ സിനിമയുടെ ഉള്ളറകളില്‍ ഓരോ വ്യക്തി ജീവിതത്തിലും ആഴത്തിലുള്ള പ്രതലത്തില്‍ ഡീ കണ്‍സ്ട്രക്റ്റ് ചെയ്യാവുന്ന, രാഷ്ട്രീയവും ഓര്‍ഗാനിക്കും ആയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പല തരം ടൂളുകളിലൂടെ പഠിക്കേണ്ട ഒരു കഥാപാത്രം കൂടി ആണ് രോഹിണി അവതരിപ്പിച്ച അമ്മ.

ദേശം/ഗ്രാമം എന്ന ജ്യോഗ്രഫിക് സ്‌പേസിനെയും അതിന്റെ ജാതീയമായ അധികാര ഘടനയും സെമിയോട്ടിക് ആയി, നല്ല ഭേഷായി ട്രോളി മരിക്കുന്നുണ്ട് ഈ സിനിമ. കെട്ടുറപ്പുള്ള നമ്പ്യാരുടെ വീട്ടില്‍ മകളെ കാണാന്‍ രാത്രി എത്തുന്ന അജയനും, തന്റെ മകളെ ഒരു ദലിതന്‍ പ്രണയിക്കുന്നു എന്നറിയുമ്പോല്‍ തള്ളി മറിക്കാനല്ലാതെ അതിനപ്പുറം ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത നമ്പ്യാരും, അടി ഉത്സവത്തില്‍ ജയിക്കുമ്പോഴും തോറ്റുകൊടുക്കുന്ന അജയനും, സവര്‍ണര്‍ ആയ ഒരു പണിയുമില്ലാതെ കമന്റ് അടിക്കുന്ന കവലയും കുളക്കടവും ഒക്കെ കാണിച്ചു അതി ഭേഷായി കേരളം എന്ന സങ്കല്‍പ്പത്തിനെ തന്നെ ട്രോളുന്നുണ്ട്. അതിനപ്പുറം മണിയന്റെ കുടില്‍, കാട്, മോഷണം, രാത്രി, വെള്ളച്ചാട്ടം എന്നൊക്കെ ഉള്ള മറ്റൊരു സ്ഫിയറില്‍ അപരരായ പലരും - മണിയന്‍ അടക്കം തകര്‍ത്ത് വാരുന്നുണ്ട്. ബേസിലിന്റെ സവര്‍ണ്ണനായ കള്ളന്‍ കഥാപാത്രം ഒരു പാരഡിം ഷിഫ്റ്റ് കൂടി ആണ്.

ഡിജിറ്റല്‍ സാങ്കേതികതയുടെ വികാസത്തിലൂടെയും റീല്‍സിലൂടെയും യൂടൂബിലൂടെയും മറ്റ് പല ടെക്‌നോളജികളിലൂടെയും കീഴാളരായ പലവിധ സമൂഹങ്ങളും പല തരത്തിലും ഇപ്പോള്‍ മെയിന്‍സ്ട്രീമില്‍ പൊളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സിനിമയില്‍ ഇത്തരം സമൂഹങ്ങള്‍ ഇപ്പോള്‍ കടന്നു വരുന്നുമുണ്ട്. ഡിജിറ്റല്‍ ടെക്‌നോളജിയും ത്രീഡിയും വിഎഫ്എക്‌സുമൊക്കെ ചേര്‍ത്തുവെച്ചു കൊണ്ട് മുത്തശ്ശിക്കഥ പോലെ പുതിയ മിത്തിക്കല്‍ ടെക്സ്റ്റുകള്‍ നിര്‍മിക്കാന്‍ ഉതകുന്ന, കീഴാളമായ ഒരു ടെക്സ്റ്റ് നിര്‍മിക്കുക എന്ന ഒരു പൊളിറ്റിക്കല്‍ പ്രോസസിങ് കൂടി അജയന്റെ രണ്ടാം മോഷണം എന്ന സിനിമ ചെയ്യുന്നുണ്ട്. അത്രയധികം സ്വാഗ, ആഹ്ലാദം, ആരവം എന്നിവ പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ടാണ് അജയന്റെ രണ്ടാം മോഷണം പൊളിക്കുന്നത്. നിലനില്‍ക്കുന്ന പല മിത്തുകളെയും കത്തിച്ചു ചാമ്പലയാക്കി പുതിയ മിത്തുകളെ സൃഷ്ടിച്ചു കുതിരകളെ പോലെ മുന്നോട്ട് പായുകയാണ് മണിയനും മാണിക്യവും ഈ സിനിമയിലൂടെ.


Similar Posts