ബുൾഡോസറുകൾ കൊണ്ട് നിർമിക്കുന്ന ഹിന്ദുരാഷ്ട്രം
|യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ മുസ്‌ലിംകളോട് പറയുകയാണ് നിങ്ങൾ ഒറ്റക്കാണ്; നിങ്ങൾക്കിവിടെ ആരുമില്ല. നിങ്ങൾക്ക് ഒരു സഹായവും ഇവിടെ ലഭിക്കില്ല. ഒരു നിയമവും നിങ്ങളുടെ സംരക്ഷണത്തിന് ഉണ്ടാകില്ല.
മുസ്‌ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുന്നതിലോടെ ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഒരു പരിവർത്തനത്തിലൂടെ കടന്നുപോകുകയാണ്. നാശോന്മുഖവും മന്ദഗതിയിലുമായ ഒരു ജനാധിപത്യത്തിൽ നിന്നും ശക്തവും പ്രകടവുമായ ക്രിമിനൽ ഹിന്ദു ഫാസിസ്റ്റ് സംരംഭമായി പരിവർത്തിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏതാണ്ട് ഭൂരിഭാഗം കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ നിയമവിരുദ്ധമാണെന്ന് ഇവിടുത്തെ അധികാരികൾക്കും നാട്ടുകാർക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ്. നേരത്തെ ഈ രാജ്യത്തെ മുസ്‌ലിംകളെ ആൾക്കൂട്ടങ്ങളാണ് ആക്രമിച്ചിരുന്നത്. ഒരാളുടെ വീടോ കടകളോ തകർക്കാൻ പോകുന്നുവെന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ അതിൽ ആരൊക്കെയാണ് ഭാഗവാക്ക് ആകുന്നത്? അതിൽ മുനിസിപ്പൽ അധികൃതർ ഉണ്ട്, പ്രാദേശിക മജിസ്‌ട്രേറ്റുമാർ ഉണ്ട്, അത് കാണുന്ന പ്രദേശവാസികളുണ്ട്, മാധ്യമങ്ങളുണ്ട്. ഇതിനെല്ലാം പുറമെ, ഒന്നും ചെയ്യാതെ നോക്കിനിൽക്കുന്നവരുമുണ്ട്.
യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ മുസ്‌ലിംകളോട് പറയുകയാണ് നിങ്ങൾ ഒറ്റക്കാണ്; നിങ്ങൾക്കിവിടെ ആരുമില്ല എന്നാണ്. നിങ്ങൾക്ക് ഒരു സഹായവും ഇവിടെ ലഭിക്കില്ല. ഒരു നിയമവും നിങ്ങളുടെ സംരക്ഷണത്തിന് ഉണ്ടാകില്ല.
ആ പഴയ ജനാധിപത്യത്തിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളും ഇപ്പോൾ മുസ്‌ലിം സമുദായത്തിനെതിരായ ആയുധങ്ങളായി ഉപയോഗിക്കാൻ പോകുന്നു എന്നതാണ് ഹിന്ദു ദേശീയത പദ്ധതി. അതിനാൽ നമ്മളെ ഭരിക്കുന്നത് ഹിന്ദു ദൈവഭക്തരായി കണക്കാക്കപ്പെടുന്ന ഗുണ്ടാസംഘങ്ങൾ ആണ്. മുസ്‌ലിം വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്ന നടപടികൾ വിശദീകരിക്കുന്ന എഴുത്തുകൾ ശ്രദ്ധിച്ചാൽ എന്തോ ദൈവീകമായ പ്രതികാര ശക്തിയുള്ള ഒന്നായി ബുൾഡോസറിനെ അവതരിപ്പിക്കുന്നു. ശത്രുവിന്റെ ഈ അക്രമാത്മക സംഹാരത്തിന്റെ ആഘോഷങ്ങൾ കണ്ടാൽ പൈശാചിക ശക്തികൾക്ക് മേലുള്ള ദൈവിക പ്രതികാരത്തിന്റെ ചിത്രകഥാ രൂപമായി തോന്നും. ഈ ഒരു ആഘോഷം ഇന്ന് എല്ലാ വീടുകളിലേക്ക് എത്തുന്നുണ്ട്.
ഫാസിസത്തിന് അനുകൂലമായി എല്ലാത്തിനെയും തകർക്കുക, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഇല്ലാതാക്കുക എന്ന സാമൂഹ്യ നയത്തിന്റെ പ്രകടനമാണ് ഇന്ന് ഇന്ത്യയിൽ കാണുന്നത്. ഇതിനെതിരെ ശബ്ദമുയർത്തുന്നവർക്ക് പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം നമ്മൾ എങ്ങനെ ഇവിടെ നിലനിൽക്കും അഥവാ ഇതിനെ അതിജയിക്കും എന്നതാണ്. നിങ്ങൾ എങ്ങനെ ഇതിനെ അതിജീവിക്കും ? നിങ്ങൾ എങ്ങനെ പ്രതിരോധങ്ങൾ തീർക്കും? പ്രതിരോധ പ്രവർത്തനങ്ങൾ, അതെത്ര ശക്തമായാലും കൊടും കുറ്റങ്ങളായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ അവസ്ഥയെ ഇല്ലാതാക്കാൻ എന്തെങ്കിലും വഴി ഞാൻ കാണുന്നില്ല. ഈ ഭീകരതയിലൂടെ ജീവിച്ച് മുന്നോട്ട് പോയി പുതിയൊരു കാലം വരുമെന്ന പ്രതീക്ഷ മാത്രമാണ് നമുക്ക് പങ്കുവയ്ക്കാൻ കഴിയുക.