ഉള്ളുലച്ച രണ്ട് ശ്രീറാം വിളികള്‍
|അയാള്‍ കൊലയ്ക്ക് അര്‍ഹനാണെന്ന സന്ദേശമാണ് ചിരിയിലൂടെ മെട്രോ യാത്രക്കാരന്‍ നല്‍കിയത്. ഇത്തരം ചിരികളിലേക്ക് നയിക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തിയതില്‍ വടക്കേ ഇന്ത്യന്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. ഓരോ ഏറ്റുമുട്ടല്‍ കൊലപാതകവും ആഘോഷമാക്കുകയാണ് ചാനലുകള്‍.
നിര്‍മിത ബുദ്ധി (AI )അവതാരകന്‍ വായിച്ച വാര്‍ത്തയില്‍ ആദ്യലൈവ് കൊടുക്കാന്‍ കഴിഞ്ഞ ആഹ്‌ളാദത്തിലാണ് ഇന്നലെ രാത്രി 10.40 ന് ബ്യുറോയില്‍ നിന്നും ഇറങ്ങിയത്. പെട്ടെന്നാണ് യു.പിയില്‍വീണ്ടും ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ വാര്‍ത്ത എത്തുന്നത്. മെട്രോ ട്രെയിനില്‍ ഇരുന്നു ഒരു ഫോണില്‍ വിവരങ്ങള്‍ നോക്കി രണ്ടാമത്തെ ഫോണിലൂടെ ടൈപ്പ് ചെയ്തു വാര്‍ത്ത ഡെസ്‌കിലേക്ക് കൈമാറുമ്പോള്‍ ഒരാള്‍ അടുത്ത് വന്നിരുന്നു. മുന്‍ സമാജ് വാദി എം.പി അതീഖ് അഹമ്മദിനേയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ വെടിവെച്ചു കൊന്ന വാര്‍ത്തയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അടുത്തിരുന്ന ആളെ ശ്രദ്ധിക്കാനേ പറ്റുന്നില്ല. ഒട്ടനവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ടയാള്‍.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തത്. ഫോണില്‍ ടൈപ്പ് ചെയ്യുന്ന മലയാളം അയാള്‍ക്ക് മനസ്സിലാകുന്നില്ലെങ്കിലും അതീഖ് കൊല്ലപ്പെട്ടെന്ന് മനസിലായി. പിന്നീട് അയാള്‍ ഓരോ ചോദ്യമായി. കൊലപാതക വാര്‍ത്ത അറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ അല്ല മറിച്ചു ആഹ്ളാദകരമായ നിര്‍വൃതിയായിരുന്നു ആ മുഖത്ത്. സന്തോഷം അയാള്‍ മറച്ചു വച്ചതുമില്ല. ഇയാളുടെ കൈയില്‍ തോക്കില്ലാത്തത് കൊണ്ട് കൊല നടത്തിയില്ല എന്നേയുള്ളൂ എന്ന് തോന്നി. ഇത്തരം മാനസിക അവസ്ഥയില്‍ ജീവിക്കുന്ന ആളുകളില്‍ ഒരാളാണ് ഈ യാത്രക്കാരന്‍. മണിക്കൂറുകള്‍ക്കുള്ളില്‍ എത്രയോ പേരുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഈ കൊലപാതക ദൃശ്യം മാറി.
2017 മാര്‍ച്ച് 20 മുതലുള്ള കണക്ക് അനുസരിച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ക്രിമിനലുകളുടെ എണ്ണം 183 ആണ്. 10,900 ഏറ്റുമുട്ടലുകളാണ് ഇക്കാലയളവില്‍ സംഭവിച്ചത്. 23,302 കുറ്റവാളികളെ പിടികൂടി. 5046 പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
റൂമില്‍ എത്തി കിടക്കുന്നതിനു മുന്‍പ് വാട്‌സാപ്പ് ചെക്ക് ചെയ്തപ്പോഴാണ് 11 കാരനായ മുസ്‌ലിം ബാലനെ കൂട്ടുകാര്‍ അടിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും കണ്ടത്. അല്‍പം മുന്‍പ് അതീഖിനെ കൊലപ്പെടുത്തിയവനും വിളിച്ചത് ജയ് ശ്രീറാം ആയിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കാന്‍ പറഞ്ഞു ബെല്‍റ്റുകൊണ്ട് അടിക്കുമ്പോള്‍ ആ കുട്ടി പറയുന്നുണ്ട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നതില്‍ എനിക്കൊരു വിഷമവുമില്ല ഞാന്‍ ഹിന്ദുസ്ഥാനിയാണ് എന്ന്. ആ കുട്ടിയുടെ തിരിച്ചറിവ് പോലും പല മുതിര്‍ന്നവര്‍ക്കും ഇല്ലല്ലോ എന്ന് ഓര്‍ത്തപ്പോഴാണ് യു.പിയിലെ ജലവിഭവ വകുപ്പ് മന്ത്രി സ്വതന്ത്ര ദേവിന്റെ ട്വീറ്റ് - 'പാപപുണ്യങ്ങളുടെ കണക്കെടുപ്പ് ഈ ജന്മത്തില്‍ തന്നെ സംഭവിക്കുന്നു'. എങ്ങും തൊടാതെ, എന്നാല്‍ കാര്യങ്ങള്‍ മനസിലാകുന്ന രീതിയിലാണ് സ്വതന്ത്ര ദേവിന്റെ ട്വീറ്റ് എങ്കില്‍, പാര്‍ലമെന്ററി വകുപ്പ് മന്ത്രിക്ക് കാര്യങ്ങളില്‍ കുറച്ചുകൂടി തീര്‍ച്ചയുണ്ട്. കുറ്റകൃത്യങ്ങള്‍ പെരുകി കഴിയുമ്പോള്‍ പ്രകൃതിയുടെ തീരുമാനമാണ് നടപ്പാക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കസ്റ്റഡിയില്‍ ഉള്ള കുറ്റാരോപിതരെ വെടിവെക്കുമ്പോള്‍ അക്രമികളെ ആദ്യഘട്ടത്തില്‍ തടയാന്‍ പൊലീസിന് കഴിയുന്നില്ല എന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ജയ് ശ്രീറാം മുഴക്കുന്ന പ്രതികളെ പരുക്കേല്‍പ്പിക്കാതെ മല്‍പ്പിടുത്തത്തിലൂടെയാണ് പൊലീസ് കീഴടക്കുന്നത്. നൂറിലധികം കേസുകള്‍ ഉള്ളതിനാല്‍ അയാള്‍ കൊലയ്ക്ക് അര്‍ഹനാണെന്ന ചിരിയാണ് മെട്രോ യാത്രക്കാരന്‍ നല്‍കിയതെങ്കില്‍, ഇത്തരം ചിരികളിലേക്ക് നയിക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തിയതില്‍ വടക്കേന്ത്യന്‍ മാധ്യമങ്ങളുടെ പങ്കും ചെറുതല്ല. ഓരോ ഏറ്റുമുട്ടല്‍ കൊലപാതകവും ആഘോഷമാക്കുകയാണ് ചാനലുകള്‍.
കഴിഞ്ഞ തവണ ഉത്തര്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണം യോഗി ആദിത്യനാഥ് മികച്ച രീതിയില്‍ ക്രമസമാധാനം പരിപാലിക്കുന്നു എന്നതായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ കാലം ഗുണ്ടാരാജ് ആയിരുന്നു എന്ന് ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി മുതല്‍ താഴേയ്ക്ക് പ്രസംഗിച്ചത്. 2017 മാര്‍ച്ച് 20 മുതലുള്ള കണക്ക് അനുസരിച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ക്രിമിനലുകളുടെ എണ്ണം 183 ആണ്. 10,900 ഏറ്റുമുട്ടലുകളാണ് ഇക്കാലയളവില്‍ സംഭവിച്ചത്. 23,302 കുറ്റവാളികളെ പിടികൂടി. 5046 പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. 13 പൊലീസ് സേനാംഗങ്ങള്‍ രക്തസാക്ഷികളായപ്പോള്‍ 1,443 പേര്‍ക്ക് പരുക്കേറ്റു. കാണ്‍പൂരിലെ വികാസ് ദുബെയെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 24 ലെ ഉമേഷ്പാല്‍ കൊലപാതകത്തിന് ശേഷം മൂന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പൊലീസ് കസ്റ്റഡിയിലെ കൊലപാതകവുമാണ് ഉണ്ടായത്. ആദ്യ 13 ദിവസത്തിനുള്ളിലാണ് മൂന്നു ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ യു.പിയില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്യാംലിയില്‍ പ്രസംഗിക്കവെ മാര്‍ച്ച് 10 വരെ കാത്തിരിക്കൂ എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
ഗുണ്ടകളെ വേട്ടയാടുന്ന, കുറ്റവാളികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്ന സൂപ്പര്‍മാനായ യോഗി ആദിത്യനാഥിനെയാണ് തെരെഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ കണ്ടത്. നിയമവാഴ്ച വിട പറഞ്ഞതിന്റെ തെളിവാണ് യു.പിയില്‍ നടന്ന ഈ നടുറോഡിലെ കൊലകള്‍. തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതി പരമാവധി ശിക്ഷ നല്‍കട്ടെ, പക്ഷെ ഏറ്റുമുട്ടല്‍ കൊല ഇല്ലാതാക്കുന്നത് ജനാധിപത്യത്തെ കൂടിയാണ്. ഓരോ പ്രതികളും കൊല്ലപ്പെടുമ്പോള്‍ കയ്യടിക്കുന്നവര്‍ നിയമവാഴ്ച ഇല്ലാത്ത സമൂഹത്തെ കൂടിയാണ് സൃഷ്ടിക്കുന്നത്.
(മീഡിയവണ്‍ ഡല്‍ഹി ബ്യുറോ ചീഫ് ആണ് ലേഖകന്‍)