Analysis
പ്രപഞ്ചത്തിന്റെ സര്‍പ്പിളനൃത്തവും നാരായണഗുരുവിന്റെ പാമ്പാട്ടിച്ചിന്തും
Analysis

പ്രപഞ്ചത്തിന്റെ സര്‍പ്പിളനൃത്തവും നാരായണഗുരുവിന്റെ പാമ്പാട്ടിച്ചിന്തും

ഡോ. ഷൂബ കെ.എസ്‌
|
7 Dec 2022 1:58 PM GMT

നാരായണ ഗുരുവിന്റെ കവിതയെ മുന്‍നിര്‍ത്തി സംസ്‌കാരത്തിന്റെയും പ്രപഞ്ചത്തിന്റെയും പരിവര്‍ത്തന സ്വഭാവത്തെയും സ്‌പൈറല്‍ ഘടനയെയും വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍. സാംഖ്യചിന്തയോട് ആധുനിക ശാസ്ത്ര പ്രപഞ്ചദര്‍ശനവും നാരായണഗുരുവിന്റെ വീക്ഷണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും പരിശോധിക്കുന്നു.

1. പാമ്പും ലിബിഡോയും

'ഉറ്റകുരുതി ഉയര്‍ മരുങ്കം

ഉന്മയി കുഴലും ഉറയ്ത ചെമ്പു ..... '

എന്നിങ്ങനെ പാടി

'ചേര്‍ന്നുമുപ്പന്റുടര്‍ന്നാടു പാമ്പേ'

എന്നിങ്ങനെ അവസാനിക്കുന്ന രീതിയിലുള്ള തമിഴ് പാട്ടുണ്ട്.

ചോരയുടെ അടിസ്ഥാന ഘടകം ഇരുമ്പാണെന്നും തലമുടിയുടേത് ചെമ്പ് ആണെന്നുമാണ് പാട്ടില്‍ പറയുന്നത്. തമിഴിലെ പതിനെട്ട് സിദ്ധന്മാരില്‍ ഒരാളായ പാമ്പാട്ടി സിദ്ധരുടേതാണ് വരികള്‍. ആടു പാമ്പേ എന്നിങ്ങനെ അവസാനിക്കുന്നവയാണ് അദ്ദേഹത്തിന്റെ പല പാട്ടുകളും. അദ്ദേഹത്തിന്റെ കഥയിങ്ങനെ:

പഴയ പാണ്ഡ്യരാജ്യത്തില്‍, ഉപജീവനത്തിനായി പാമ്പിനെ പിടിക്കുന്ന തൊഴില്‍ ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ ജീവിച്ചിരുന്നു. അമൂല്യമായ നവരത്‌ന നാഗത്തെ തിരയുന്നതിനിടയില്‍ അദ്ദേഹം ശ്രീലങ്കന്‍ വംശജനായ സട്ടൈമുനി സിദ്ധനെ കണ്ടുമുട്ടി.

സട്ടൈമുനി സിദ്ധര്‍ ചോദിച്ചു, 'എന്താണ് നിങ്ങള്‍ അന്വേഷിക്കുന്നത്? ''

അപൂര്‍വങ്ങളില്‍ അപൂര്‍വമായ നവരത്‌ന നാഗത്തെയാണ് താന്‍ അന്വേഷിക്കുന്നതെന്ന് പാമ്പ് പിടുത്തക്കാരന്‍ വെളിപ്പെടുത്തിയപ്പോള്‍ സിദ്ധര്‍ ഉറക്കെ ചിരിച്ചു.

'ഏറ്റവും മഹത്വവും ഗംഭീരവുമായ പാമ്പ് നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നു! എന്നിട്ടോ നിങ്ങള്‍ ഒരു വിഡ്ഢിയെപ്പോലെ ആ പാമ്പിനെ പുറത്തു തിരയുന്നു! '

സിദ്ധന്റ വാക്കുകള്‍ പാമ്പാട്ടിയുടെ ഉള്ളില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. സട്ടൈമുനി കാര്യങ്ങള്‍ കൂടുതലായി വിശദീകരിച്ചു,

'എല്ലാ മനുഷ്യശരീരങ്ങളുടെ ഉള്ളിലും ഒരു പാമ്പുണ്ട്. ഈ പാമ്പ് കുണ്ഡലിനി എന്നാണ് അറിയപ്പെടുന്നത്. ഈ പാമ്പിനെ പിടിച്ച് നിയന്ത്രിക്കുന്നവന്‍ ആണ് ഒരു യഥാര്‍ഥ പാമ്പാട്ടി. '

പാമ്പ് പിടിക്കുന്നയാള്‍ സട്ടൈമുനിയെ തന്റെ ഗുരുവായി സ്വീകരിച്ചു. ഗുരു ഉടനെ സ്ഥലം വിട്ടു. മഹാനായ ഗുരുവിന്റെ ഈ മഹാനായ ശിഷ്യന്‍ കുണ്ഡലിനിയുടെ നിയന്ത്രണം തേടി മഹത്തായ സിദ്ധികള്‍ നേടി.

ഗുരു തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം തന്റെ ശിഷ്യന്റ ആത്മീയപുരോഗതി തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ ശിഷ്യനോട് ചോദിച്ചു, 'മകനേ, ഞാന്‍ നിങ്ങളെ ആത്മീയതയുടെ പാതയിലേക്ക് നയിച്ചെങ്കിലും ഞാന്‍ നിങ്ങളുടെ പേര് പോലും ചോദിച്ചില്ല. എന്നോട് പറയൂ, നിങ്ങളുടെ പേര് എന്താണ്? 'ശിഷ്യന്‍ മറുപടി പറഞ്ഞു, 'സ്വാമി, പണത്തിനായി പാമ്പുകളെ പിടികൂടി നടന്നിരുന്ന ഒരു പാമ്പ് പിടിത്തക്കാരന്‍ മാത്രമായിരുന്നു ഞാന്‍. പക്ഷേ, നിങ്ങള്‍ എന്നെ കുണ്ഡലിനിയുടെ വഴി കാണിക്കുകയും അത് നിയന്ത്രിക്കാനുള്ള വഴി പറഞ്ഞു തരികയും എന്റെ ഉള്ളില്‍ പരംപൊരുളിന്റെ ദര്‍ശനം നടക്കുകയും ചെയ്തു. എന്റെ പേര് എന്താണെന്ന് ഞാന്‍ എങ്ങനെ പറയും? അന്നും ഇന്നും എന്റെ ജീവിതം പാമ്പിനെ ചുറ്റിപ്പറ്റിയാണ്. അതിനാല്‍ എന്നെ പാമ്പാട്ടി എന്ന് വിളിക്കൂ!

ഇതു കേട്ട് ഗുരു ചിരിച്ചുകൊണ്ട് അനുഗ്രഹിച്ചു, 'അങ്ങനെയാകട്ടെ. ഇനി മുതല്‍ നിങ്ങളെ പാമ്പാട്ടി സിദ്ധര്‍ എന്ന് ലോകം വിളിക്കും, അങ്ങിനെ അദ്ദേഹം പാമ്പാട്ടി സിദ്ധര്‍ എന്നറിയപ്പെട്ടു.

പാമ്പ് ലൈംഗികോര്‍ജത്തിന്റെ (Libido) അടയാളമാണെന്ന് അറിയാത്തവര്‍ ഇന്നുണ്ടാവില്ല. കുണ്ഡലിനി എന്നാല്‍ ലിബിഡോ ആണ്. സാംഖ്യസിദ്ധാന്തം പ്രപഞ്ചോത്പത്തിക്ക് പിന്നിലെ 'ലൈംഗികോര്‍ജ'ത്തെയാണ് അന്വേഷിച്ചത്. പാമ്പാട്ടി സിദ്ധരുടെ പാട്ടിലെ അഞ്ചുതലയുള്ള നൃത്തം ചെയ്യുന്ന പാമ്പ് സാംഖ്യര്‍ പ്രപഞ്ചകാരണമായി പറഞ്ഞ പഞ്ചഭൂതങ്ങളാണ്. വൈയക്തികമായ ലൈംഗികോര്‍ജത്തെ പ്രപഞ്ച 'ലൈംഗികോര്‍ജ'മാക്കി വികസിപ്പിക്കുന്നതാണ് ആ നൃത്തം. വ്യക്തിപരമായ ശാരീരികാഭ്യാസമായും അത്ഭുതസിദ്ധികളായും അതു കുണ്ഡലിനീ സങ്കല്പത്തില്‍ ചുരുങ്ങി പോയിട്ടുണ്ടെങ്കിലും ആ സിദ്ധസങ്കല്പത്തിനു പിന്നിലുള്ളത് സാംഖ്യത്തിന്റെ പ്രപഞ്ച നിലപാടാണ്. നാരായണ ഗുരു കേരളീയനവോത്ഥാനകാലത്ത് അതിന്റെ സാധ്യതകള്‍ വീണ്ടെടുക്കുന്നു. നാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് ആദ്യം പ്രസിദ്ധീകരിച്ചത് 'പാമ്പാട്ടിച്ചിന്ത് ' എന്ന പേരിലായിരുന്നു.

''ആടു പാമ്പേ പുനം തേടു പാമ്പേ, യരു-

ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ

ചരാചരങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നയാള്‍. കലപ്പയും കപ്പലും വൈദ്യവും ഓടക്കുഴലും കണ്ടു പിടിച്ചയാളായാണ് ശിവനെ കേസരി എ. ബാലകൃഷ്ണപിള്ള അടയാളപ്പെടുത്തുന്നത്. എബ്രായക്കാരുടെ ആദി ക്രിസ്തുവാണ് ശിവന്‍ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഫ്രോയിഡിന്റെ 'ജീവവാസന'യെയും 'മരണവാസന'യെയും പ്രളയം, ചിരഞ്ജീവി എന്നീ സങ്കല്പങ്ങളുമായും കേസരി ബന്ധിപ്പിക്കുന്നുണ്ട്. ശിവനെ ചിരഞ്ജീവിയായി പ്രഖ്യാപനം ചെയ്തതു മുതലാണ് ചിരഞ്ജീവി ആശയവും അവതാര ആശയവും ചരിത്രാതീത ജനങ്ങള്‍ക്കിടയില്‍ ഉണ്ടായത് എന്നും അദ്ദേഹം പറയുന്നു.

......

ആയിരം കോടി യനന്തന്‍ നീയാനന-

മായിരവും തുറന്നാടു പാമ്പേ....''

പ്രപഞ്ചസൃഷ്ടിയ്ക്കും സംഹാരത്തിനും വീണ്ടുമുള്ള സൃഷ്ടിക്കും കാരണമാകുന്ന 'ലൈംഗികോര്‍ജ'മാണ് അരുള്‍. അതു കണ്ട് നൃത്തം ചെയ്യാനും അനന്തമായി സഞ്ചരിക്കാനും ആണ് പാമ്പിനോട് ഗുരു പറയുന്നത്. ആ പാമ്പ് ഈ പ്രപഞ്ചോര്‍ജത്തിന്റെ ആത്മനിഷ്ഠാംശം ആണ്. ഫ്രോയിഡ് പറയുന്ന, ജീവിതാസക്തിക്കും മരണാസക്തിക്കും സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ വ്യക്തികള്‍ക്ക് കാരണമാകുന്ന ലൈംഗികോര്‍ജം. എന്നാല്‍, അത് തന്നെയാണ് പ്രപഞ്ചോര്‍ജ്ജവും. അതുകൊണ്ട് അത് ആയിരം തലയുള്ള അനന്തതയാണ്, അനന്തന്‍ എന്ന സര്‍പ്പത്തിന്റെ ആട്ടമാണ്. ഭൂമിയെയും ദൈവത്തെയും താങ്ങി നിര്‍ത്തുന്നത് അനന്തനാണ്. പ്രപഞ്ചവും ദ്രവ്യങ്ങളും മനുഷ്യരും ജീവജാലങ്ങളും ആശയങ്ങളും സൃഷ്ടിക്കുന്നത് ഈ സര്‍പ്പമാണ്. അത്ര ആഴത്തിലല്ലാതെ ഇതിനെ ഒരു മലയാളകവി ഇങ്ങനെ അനുകരിക്കുന്നു:

''മാളമെങ്ങറിഞ്ഞീല, സഞ്ചരിക്കുന്നു കാല-

കാളകുണ്ഡലി ജഗന്മണ്ഡലങ്ങളെച്ചുറ്റി.''


2. ശിവനും പ്രപഞ്ചനൃത്തവും

ഈ പ്രപഞ്ചോര്‍ജത്തെ ശിവന്റെ നൃത്തവുമായും നാരായണഗുരു ബന്ധിപ്പിക്കുന്നുണ്ട്. സൃഷ്ടിയുടെയും സംഹാരത്തിന്റെയും അതിന്റെ തുടര്‍ച്ചയുടെയും സൂചകമാണ് ശിവന്‍.

'തിങ്കളും കൊന്നയും ചൂടുമീശന്‍ പദബ

പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ '

ആകാശവും ഭൂമിയും ചന്ദ്രനും കൊന്നയും ഒക്കെ ഉള്ള നൃത്തംചെയ്യുന്ന ശിവന്‍ ചലിക്കുന്ന പ്രപഞ്ചത്തിന്റെ ഹ്രസ്വരൂപമാണ്. ശിവശരീരത്തില്‍ പുള്ളിപ്പുലിത്തോലും ചാമ്പലും ഉണ്ട്. ശിവന്‍ വെള്ളിമലയിലും ശ്മശാനത്തിലും ഉണ്ട്. ചുടുകാട്ടില്‍ പിശാചും പ്രേതവുമുണ്ട്. ആശാന്റെ ഭാഷയില്‍ പറഞ്ഞാല്‍,

'ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകള്‍പോല്‍

വിടവുതോറും പിണഞ്ഞ വേരുകളോടും'കൂടിയ അരയാല്‍ ചുടലഭൂതം പോലെ നിലകൊള്ളുന്ന ചുടുകാട്. മുറിഞ്ഞുചോരയില്‍ പൊതിഞ്ഞ ജീവിതവും പ്രണയസമാഗമവും മരണവും പ്രണയ സാക്ഷാത്കാരവും ഈ ചുടലഭൂമിയിലാണ്. കഠിനമായ ദുഃഖവും സുഖവും ഇവിടെത്തന്നെ.

ആശാന്റെ ഉപഗുപ്തനെ പോലെ പ്രപഞ്ചഗതിയോര്‍ക്കുമ്പോള്‍ അഗാധമായ കാരുണ്യം നിറയുന്നു. കണ്ണീര്‍ ഒഴുകുന്നു.

'വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി

കണ്ണീരൊഴുകക്കണ്ടാടു പാമ്പേ '

കാമദേവനെ ചുട്ടുകൊന്നയാളും പൂമണമുള്ള മുടിയുള്ളവളെ ഉള്ളില്‍ കൊണ്ടു നടക്കുന്നയാളും ശിവന്‍ തന്നെ.

'പൂമണക്കും കുഴലാളകം പൂകുമാ-

ക്കോമള മേനി കണ്ടാടു പാമ്പേ '

ചരാചരങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നയാള്‍. കലപ്പയും കപ്പലും വൈദ്യവും ഓടക്കുഴലും കണ്ടു പിടിച്ചയാളായാണ് ശിവനെ കേസരി എ. ബാലകൃഷ്ണപിള്ള അടയാളപ്പെടുത്തുന്നത്. എബ്രായക്കാരുടെ ആദി ക്രിസ്തുവാണ് ശിവന്‍ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഫ്രോയിഡിന്റെ 'ജീവവാസന'യെയും 'മരണവാസന'യെയും പ്രളയം, ചിരഞ്ജീവി എന്നീ സങ്കല്പങ്ങളുമായും കേസരി ബന്ധിപ്പിക്കുന്നുണ്ട്. ശിവനെ ചിരഞ്ജീവിയായി പ്രഖ്യാപനം ചെയ്തതു മുതലാണ് ചിരഞ്ജീവി ആശയവും അവതാര ആശയവും ചരിത്രാതീത ജനങ്ങള്‍ക്കിടയില്‍ ഉണ്ടായത് എന്നും അദ്ദേഹം പറയുന്നു. സൃഷ്ടിയുടെ സംഹാരത്തിന്റെയും അധ്വാനത്തിന്റെയും ചരിത്രസൂചകം മാത്രമല്ല ശിവന്‍. ക്രിയാനുഭവങ്ങളുടെ സംഘാതവും സര്‍പ്പിള (Spiral) സഞ്ചാരവും നടക്കുന്ന പ്രപഞ്ചാനുഭവത്തിന്റെ പൂര്‍വ്വസങ്കല്പം കൂടിയാണത്. അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ ഫ്രിറ്റ് ജോഫ് കാപ്ര (Fritjof capra) 'താവോ ഓഫ് ഫിസിക്‌സ് 'എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു:

'...പ്രപഞ്ച നര്‍ത്തകനായ ശിവന്‍ സൃഷ്ടിയുടെയും നാശത്തിന്റെയും പ്രതീകമായി നൃത്തനാട്യങ്ങളിലൂടെ പ്രപഞ്ചത്തെ നയിക്കുന്നു. അത് പ്രപഞ്ചത്തിന്റെ അനന്തമായ താളമായി നിലകൊള്ളുന്നു...''


അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കാള്‍ എഡ്വാര്‍ഡ് സാഗന്‍, 'കോസ് മോസ് ' എന്ന പ്രഖ്യാത പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു:

''... ഓരോ പ്രപഞ്ചത്തിന്റെയും തുടക്കത്തിലെ സൃഷ്ടിയെ പ്രതിനിധീകരിക്കുന്ന ശിവതാണ്ഡവരൂപം അതായത് ശിവന്റെ പ്രപഞ്ചനൃത്തരൂപം ഏറ്റവും മനോഹരവും ശ്രേഷ്ഠവുമാണ്. നര്‍ത്തകരുടെ രാജാവ് എന്നര്‍ഥം വരുന്ന നടരാജ എന്ന ശിവന്റെ ഈ രൂപത്തിന് നാല് കൈകളാണുള്ളത്. മുകളിലെ വലത്തെ കയ്യിലുള്ള ഉടുക്കില്‍ നിന്നുള്ള ശബ്ദം സൃഷ്ടിയുടേതാണ്. മുകളിലെ ഇടത്തെ കയ്യില്‍ അഗ്‌നിയാണുള്ളത്. ഇപ്പോള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്രപഞ്ചം കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍ണ്ണമായി നശിക്കുമെന്ന് ഓര്‍മിപ്പിക്കാനുള്ളതാണ് ആ അഗ്‌നി. ഈ പരമവും മനോഹരവുമായ രൂപങ്ങളെ ആധുനിക ജ്യോതിശാസ്ത്ര ആശയങ്ങളുടെ ഒരു തരം മുന്നോടിയായി സങ്കല്പിക്കാനാണ് എനിക്കിഷ്ടം...''


''എല്ലാ മിറക്കിയെടുക്കുമേകന്‍ പദ-

പല്ലവം പറ്റി നിന്നാടു പാമ്പേ: ''

എല്ലാത്തിനെയും സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ശിവനോട് ചേര്‍ന്ന് നിന്നാടു പാമ്പേ എന്നു ഗുരു പാടുന്നു.

3. ട്രാന്‍സ് ഫിസിക്‌സും പാമ്പാട്ടിനൃത്തവും

സ്റ്റീഫന്‍ ഹോക്കിങ്ങ്, 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമി'ല്‍ പറയുന്ന ഒരു ഉദാഹരണമുണ്ട്. ഒരു തീവണ്ടിയില്‍ ഒരാള്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നു. പന്ത് ഓരോ സെക്കന്റ് ഇടവിട്ട് മേലോട്ടും താഴോട്ടും ടേബിളില്‍ തട്ടി പൊന്തുന്നു. വളരെ ചെറിയ അകലമാണ് പന്ത് സഞ്ചരിക്കുന്നത്. ട്രെയിനകത്തിരുന്ന് കാണുന്നയാള്‍ക്ക് അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്നാല്‍, റെയില്‍ പാളത്തിനരികെ നില്‍ക്കുന്ന ഒരാള്‍ക്ക് ആദ്യത്തെ തട്ടല്‍ കഴിഞ്ഞ് ഏകദേശം 40 മീറ്റര്‍ അകലത്തിലായി രണ്ടാമത്തെ തട്ടല്‍ നടക്കുന്നു എന്നു കാണാം. കാരണം രണ്ട് തട്ടിപ്പൊന്തലുകള്‍ക്കിടയില്‍ തീവണ്ടി ഇത്രയും ദൂരം സഞ്ചരിച്ചിരിക്കും. അതായത് സംഭവങ്ങളുടെ സ്ഥാനങ്ങളും അവ തമ്മിലുള്ള ദൂരവും തീവണ്ടിയിലേയും റയില്‍ പാലങ്ങളിലേയും വ്യക്തികളെ സംബന്ധിച്ച് വ്യത്യസ്തമായിരിക്കും. അരിസ്റ്റോട്ടിലിനും ന്യൂട്ടനും ശേഷമുള്ള ഭൗതികശാസ്ത്രം സൃഷ്ടിച്ച ആപേക്ഷികതയും അനിശ്ചിതത്വവും വിശദീകരിക്കുകയാണ് ഹോക്കിങ്ങ്. സ്ഥലകാലങ്ങളുടെ മിഥ്യാസ്വഭാവവും ദ്രവ്യത്തിനും ഊര്‍ജത്തിനും തമ്മിലുള്ള പൂരകത്വവും പ്രപഞ്ചത്തെ സംബന്ധമായ പഴയ നിലപാടുകളെ അട്ടിമറിച്ചു. 'മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യം ഇന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍, അത് എല്ലായിപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല.


പ്രപഞ്ച വികാസത്തിന്റെ വേഗത ക്രമേണ കുറഞ്ഞു എന്നു വരാം. എന്നിട്ട് വികാസം പൂര്‍ണമായി നില്‍ക്കുകയും സങ്കോചം ആരംഭിക്കുകയും ചെയ്യാം. പ്രപഞ്ചത്തിലെ ദ്രവ്യം ഒരു നിര്‍ണായകമായ നിശ്ചിത അളവിലും കുറവാണെങ്കില്‍ അകന്നു പോയിക്കൊണ്ടിരിക്കുന്ന താരാപഥങ്ങളുടെ ഗുരുത്വാകര്‍ഷണത്തിന് വികാസത്തെ പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കുകയില്ല. അങ്ങനെയെങ്കില്‍ പ്രപഞ്ചം ശാശ്വതമായി അകന്നു പോയി കൊണ്ടേയിരിക്കും. എന്നാല്‍, നമുക്ക് കാണുവാന്‍ സാധിക്കുന്നതിലും കൂടുതല്‍ ദ്രവ്യം ഈ പ്രപഞ്ചത്തില്‍ ഉണ്ടെങ്കില്‍ പ്രപഞ്ചം ഗുരുത്വാകര്‍ഷണത്താല്‍ ഒരുമിച്ചു നില്‍ക്കുകയും വികാസവും സങ്കോചവും മാറിമാറി അരങ്ങേറുകയും ചെയ്യും. ഇതുതന്നെയാണ് അവസാനം ഇല്ലാത്ത വിശ്വത്തിനുമേല്‍ വിശ്വം എന്ന പ്രപഞ്ചത്തെ കുറിച്ചുള്ള ഇന്ത്യന്‍ ആശയവും' എന്നു കാള്‍ സാഗന്‍ നിരീക്ഷിക്കുന്നു. ഇത്തരത്തില്‍ ആന്ദോളനം നടക്കുന്ന ഒരു വിശ്വത്തിലാണ് നാം ജീവിക്കുന്നതെങ്കില്‍ മഹാവിസ്‌ഫോടനം എന്നത് പ്രപഞ്ചസൃഷ്ടിയെ കുറിക്കുന്നതല്ല. മറിച്ച് അത് ഇതിനുമുമ്പ് ഉണ്ടായിരുന്ന പ്രപഞ്ചത്തിന്റെ അവസാനം മാത്രമാണ്. പ്രപഞ്ചത്തിന്റെ ഏറ്റവും ഒടുവിലത്തെ അവതാരത്തിന്റെ സംഹാരം മാത്രം. തുടക്കവും ഒടുക്കവുമില്ലാത്ത പ്രപഞ്ചം അവസാനമില്ലാത്ത പ്രപഞ്ചമരണ ജനനചക്രങ്ങളുടെ സ്‌പൈറല്‍ സഞ്ചാരം. ഇതിനെന്തെങ്കിലും നിയമങ്ങള്‍ ഉണ്ടോ. അത്തരം പഠനങ്ങളെ പ്രതിനിധീകരിക്കാന്‍ ട്രാന്‍സ് ഫിസിക്‌സ് എന്ന പദം കാള്‍ സാഗന്‍ നിര്‍ദേശിക്കുന്നു. പ്രപഞ്ചത്തെയും വസ്തുവിനെയും സ്ഥലകാലബദ്ധമായ പ്രക്രിയയായി വീക്ഷിക്കുകയാണ് ഇന്ന് ശാസ്ത്രം. ഇരുളായ 'യിന്നി'ന്റെയും വെളിച്ചമായ 'യാങി'ന്റെയും വൈരുധ്യങ്ങള്‍ നിറഞ്ഞ ആശ്ലേഷവും സര്‍പ്പിളചലനവുമായി എല്ലാറ്റിനെയും നിര്‍വചിക്കുന്ന ചൈനീസ് തത്ത്വചിന്തയോട്, താവോയിസത്തോട് കാപ്രയെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ആധുനിക ശാസ്ത്രത്തെ ബന്ധിപ്പിക്കുന്നതും ഈ നിലപാടിനാലാണ്.

'എല്ലായറിവും വിഴുങ്ങി വെറും വെളി-

യെല്ലയിലേറി നിന്നാടു പാമ്പേ'

ഈ പ്രപഞ്ചത്തിലെ എല്ലാ അറിവിനെയും വിഴുങ്ങി പ്രപഞ്ചശൂന്യതയില്‍ നിന്നാണ് ഈ പാമ്പ് നൃത്തം ചെയ്യുന്നത്.

'എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു

ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ'

എല്ലാം വിഴുങ്ങി, , എല്ലാം നിറഞ്ഞ അതുല്യമായ ശൂന്യത, അതിന്റെ ശബ്ദം ,അതിന്റെ താളം അതാണ് നാരായണഗുരുവിന്റെ പാമ്പ്‌നൃത്തത്തിലുള്ളത്. അത് പ്രപഞ്ചത്തിന്റെ സര്‍പ്പിളചലനമാണ്.

4. അന്ധനും കാലു വയ്യാത്തയാളും

കണ്ണു കാണാത്ത ഒരാളുടെ ചുമലില്‍ നല്ലവണ്ണം നടക്കാനാവാത്ത ഒരാള്‍ കയറി ഇരുന്നു യാത്ര ചെയ്യുന്ന ഉദാഹരണം സാംഖ്യകാരികയില്‍ കാണാം. കാലു പ്രശ്‌നമുള്ളയാളിന്റെ കാഴ്ചയും, കാഴ്ച പ്രശ്‌നമുള്ളയാളിന്റെ കാലുകളും ഉപയോഗിച്ചു മുന്നോട്ട് പോകുന്നതു പോലെ പുരുഷനും പ്രകൃതിയും വൈരുധ്യങ്ങളോടെ ഒരുമിച്ചു സഞ്ചരിക്കുന്നു. വിരുദ്ധങ്ങളായ രണ്ട് ഘടകങ്ങളുടെ യോജിപ്പിലൂടെയും വിയോജിപ്പിലൂടെയും ഉള്ള സഞ്ചാരമാണ് പ്രപഞ്ചം. നെഗറ്റീവും പോസിറ്റീവും തമ്മിലുള്ള വികര്‍ഷണവും ആകര്‍ഷണവും പ്രപഞ്ചത്തെ നയിക്കുന്നു. സാംഖ്യാചിന്തയനുസരിച്ച് പ്രകൃതി എന്നത് സത്വം, രജസ്, തമസ്സ് എന്നീ ഗുണങ്ങളും അവയുടെ പരിവര്‍ത്തനങ്ങളുമാണ്. ഗുണ പരിണാമമാണ് പ്രപഞ്ചത്തില്‍ കാണുന്നത്. സത്വരജതമോഗുണങ്ങളുടെ പരിവര്‍ത്തനം. സത്വഗുണവും തമോഗുണവും വിരുദ്ധങ്ങളാണ്. എല്ലാം പരിണാമാത്മകങ്ങളാണ്. രജോഗുണം ആ ചലനാത്മകതയുടെ സൂചകമാണ്. അത് സത്വഗുണത്തെയും തമോഗുണത്തെയും പരിവര്‍ത്തിപ്പിക്കുന്നു, സ്വയം പരിണമിക്കുകയും ചെയ്യുന്നു. ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ബന്ധം പോലെയാണത്.

പ്രപഞ്ചശാസ്ത്രത്തെക്കുറിച്ചു മാത്രമല്ല വ്യക്തിമനഃശാസ്ത്രം, സാംസ്‌കാര ചരിത്രം, ലിംഗ-വര്‍ഗബന്ധങ്ങള്‍, തുടങ്ങിയവയിലേയ്‌ക്കെല്ലാം വികസിപ്പിക്കാവുന്ന നിലപാടാണ് ഇത്. ഈ വീക്ഷണം മൂന്നു തരം മനഃശാസ്ത്രവ്യക്തിത്വങ്ങളെ നിര്‍മിക്കുന്നു.

സത്വഗുണവാന്‍ - നല്ല വ്യക്തി. വ്യവസ്ഥാനുകൂലമായ സ്വഭാവമുള്ളയാള്‍, ഫ്രോയിഡിന്റെ രീതിയില്‍ പറഞ്ഞാല്‍ ഈഗോയും സൂപ്പര്‍ ഈഗോയും പ്രധാനമാകുന്ന വ്യക്തിത്വം. തമോഗുണവാന്‍ബ നിലവിലുള്ള വ്യവസ്ഥയില്‍ മോശപ്പെട്ട സ്വഭാവമെന്നു നിര്‍വ്വചിക്കപ്പെടുന്നവയ്ക്ക് പ്രാമുഖ്യം. സത്വഗുണത്തിന്റെ വിപരീത ഗുണങ്ങള്‍. ഫ്രോയിഡിന്റെ ഇഡ് പ്രധാനമായി വരുന്നവര്‍.

രജോഗുണവാന്‍ - വ്യവസ്ഥാപിത നന്മയിലോ തിന്മയിലോ പെടുത്താനാവാത്തവരും പ്രവൃത്തി ശീലരുമായിട്ടുള്ളവരും. അധഃസ്ഥിത വ്യക്തിത്വത്തില്‍ നിന്നും ഉള്ള മോചനം ഉണ്ടാക്കുന്ന വിപ്ലവവ്യക്തിത്വം.

ഈ നന്മ, തിന്മ, കര്‍മം ഇത് സാമൂഹികാബോധമനസ്സിലെയും രാഷ്ട്രീയാബോധമനസ്സിലെയും ആദിരൂപമാതൃകകള്‍ കൂടിയാണ്.


സത്വഗുണപ്രധാനമായ രാഷ്ടീയവ്യവസ്ഥ പൗരോഹിത്യഭരണവും തമോഗുണ പ്രധാനം ക്ഷത്രിയരാജവാഴ്ചയും രജോഗുണപ്രധാനമായത് വൈശ്യ ശൂദ്രാധിപത്യവുമായിരിക്കും. ജനാധിപത്യവും മുതലാളിത്തവും സോഷ്യലിസവും ഒടുവില്‍ പറഞ്ഞതിലേക്കുള്ള പരീക്ഷണങ്ങളാണ്.

പുരാണകഥാപാത്രങ്ങളെ എടുത്താല്‍ രാമന്‍, രാവണന്‍, ഹനുമാന്‍ എന്നിവയാണ് സത്വരജതമോഗുണങ്ങളുടെ വ്യക്തിമാതൃകകള്‍. രാമന്‍ നല്ലവന്‍, രാവണന്‍ മോശപ്പെട്ടവന്‍, ഹനുമാന്‍ നിഷ്‌കാമകര്‍മം ചെയ്യുന്നവന്‍. എന്നാല്‍, സംസ്‌കാരത്തിലും സാഹിത്യത്തിലും സര്‍ഗാത്മകവ്യക്തികളിലും ഈ മാതൃകകള്‍ സ്ഥിരമായി നില്‍ക്കുന്നില്ല. ഓരോ ഗുണവും നെഗറ്റീവായും പോസിറ്റീവായും അപരഗുണങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നു. നവോത്ഥാന സന്ദര്‍ഭങ്ങളില്‍ അതു പ്രകടമാകും. നവോത്ഥാന ആഖ്യാനങ്ങളില്‍ അധ്യാത്മരാമായണമൊക്കെ പുനര്‍വായിക്കപ്പെടുന്നു. മര്യാദരാമന്‍ ശൂര്‍പ്പണഖയോട് മോശമായി പെരുമാറി രാവണവ്യക്തിത്വം പുലര്‍ത്തിയ ആളായിമാറുന്നു. സീതയെ അനുവാദമില്ലാതെ തൊടാന്‍ തയ്യാറല്ല എന്നു പറയുന്ന, മര്യാദക്ക് പെരുമാറിയ മര്യാദരാമനായിരുന്നു രാവണന്‍ എന്നു മനസ്സിലാകുന്നു. ഹനുമാന്റെ കര്‍മങ്ങള്‍ എല്ലാം നിഷ്ഫലമായിരുന്നു. രാമന്റെ അടിമയായിരുന്നു ഹനുമാന്‍. താന്‍ സീതയ്ക്ക് വേണ്ടിയല്ല രാവണനെ കൊന്നത് വേണേല്‍ സീതയ്ക്ക് കുരങ്ങന്മാരൊടൊപ്പം പോകാം എന്ന് രാമന്‍ പറയുമ്പോള്‍ ഹനുമാന്റെ അടിമത്തം നിറഞ്ഞ കര്‍മം വ്യവസ്ഥാപിതമായ നന്മതിന്മകളുടെ അര്‍ഥശൂന്യത വെളിപ്പെടുന്നു. ഹനുമാന്റെ ഉള്ളിലെ രാമ-രാവണ ബിംബങ്ങളുടെ നിരാസമായി അതു മാറുന്നു. ഇവിടെ നിന്നു സ്വയം തിരിച്ചറിഞ്ഞു കൊണ്ട് മാറുന്ന രാമനും രാവണനും ഹനുമാനും ഒക്കെ ഉണ്ടാകുന്നു. രാമനുള്ളിലെ രാവണന്‍ പുറത്തു വരികയും, രാവണനുള്ളിലെ രാമന്‍ പുറത്തു വരികയും, ഹനുമാന്റെ ഉള്ളിലെ രാമ രാവണന്മാര്‍ പുറത്തു വരികയും, രാമരാവണന്മാര്‍ ഹനുമാനുമായി ചേര്‍ന്ന് പുതിയ രാമനും പുതിയ രാവണനും പുതിയ ഹനുമാനും ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് ഗുണപരിണാമം. സത്വരജതമോഗുണങ്ങള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനത്തിന് ഉദാഹരണമായാണ് ഇതു വിശദീകരിച്ചത്. ഇത് പ്രാപഞ്ചിക രാഷ്ടീയ സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യത്യസ്ത രീതിയില്‍ സംഭവിക്കുന്നു. നവോത്ഥാനത്തില്‍ സാത്വിക ഗുണവാനായ ബ്രാഹ്മണനും തമോഗുണവാനായ ക്ഷത്രിയനും രജോഗുണവാനായ ശൂദ്രനും സ്‌പൈറല്‍ ഘടനയില്‍ ത്രിമാനസ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. രാമരാവണഹനുമാന്‍ ഗുണമാതൃകകള്‍ ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയില്‍ വിപരീത സ്വഭാവത്തില്‍ സഞ്ചരിച്ചു മറ്റൊരു രൂപം പ്രാപിക്കുന്നു. ജന്മിത്തവ്യവസ്ഥയില്‍ സാത്വികരാമനും മുതലാളിത്ത വ്യവസ്ഥയില്‍ തമോഗുണവാനായരാവണനും സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ രജോഗുണവാനായ ഹനുമാനും പ്രാമുഖ്യം ഉണ്ടാകാം. പക്ഷെ, ഏത് വ്യവസ്ഥയും സര്‍ഗ്ഗരഹിതവും നിശ്ചലവും ആകുമ്പോള്‍ ജനവിരുദ്ധമാകുന്നു. നവോത്ഥാന സന്ദര്‍ഭങ്ങളില്‍ മൂന്നും സര്‍ഗാത്മകമാകുന്നു. സ്വാതന്ത്ര്യത്തിന്റെ സന്ദര്‍ഭത്തില്‍, രാമരാവണഹനുമാന്‍ മാതൃകകള്‍ (സത്വ-തമസ്സ്-രജസ് ) ഗാന്ധി-ബ്രിട്ടന്‍-അംബേദ്കര്‍ എന്നിങ്ങനെ സ്വാതന്ത്ര്യത്തെ നിര്‍മിക്കുന്ന സര്‍ഗാത്മക പ്രതിനിധാനങ്ങള്‍ ആയി മാറുന്നു. മികച്ച കൃതികളിലും നവോത്ഥാന ചരിത്ര സന്ദര്‍ഭങ്ങളിലും ഈ ഗുണങ്ങള്‍ പ്രകടമാം വിധം പരിവര്‍ത്തനാത്മകവും സത്വരജതമോഗുണമാതൃകാ വ്യക്തിത്വങ്ങളെല്ലാം സര്‍ഗാത്മകങ്ങളും ആയി മാറുന്നു. ഈ ഗുണങ്ങള്‍ ലംബതലത്തിലും രേഖീയതലത്തിലും സര്‍പ്പിള രീതിയില്‍ സഞ്ചരിക്കുന്നു. ഏതെങ്കിലും ഒരു ഗുണത്തിനുണ്ടാകുന്ന പരിവര്‍ത്തനം മറ്റെല്ലാ ഗുണത്തെയും നിര്‍ണയിക്കുന്നു. ക്വാണ്ടം ഫിസിക്‌സിലെ എന്റാംഗിള്‍മെന്റ് പ്രതിഭാസം പോലെ അളക്കുമ്പോള്‍ മാത്രം സാധ്യമാകുന്ന ഒന്നാണ് അത്, അല്ലെങ്കില്‍ അനിശ്ചിതതത്വവും.


ഈ ദര്‍ശനമാണ് നാരായണ ഗുരുവെ നയിക്കുന്നത്. ഇടക്ക് മുന്നിട്ടും അടങ്ങിയും ഈ ത്രിമാന സര്‍പ്പിളസ്വഭാവത്തില്‍ നടക്കുന്ന പരിണാമമാണ് ലോകം എന്നതുകൊണ്ടാണ് ഇല്ലായ്മയില്‍ ഉണ്മയും ഉണ്ടെന്നു കരുതുന്നതില്‍ ഇല്ലായ്മയുമാണുള്ളതെന്നും ഈ ലോകം മായയാണെന്നും നാരായണ ഗുരു പറയുന്നത്.' ഉണ്ടില്ലയെന്നു മുറ മാറിയസത്തും 'സത്തും പ്രത്യക്ഷപ്പെടുന്നതായി 'അദ്വൈത ദീപിക'യില്‍ ഗുരു എഴുതുന്നു. കേവലമായ വസ്തുവോ കാണപ്പെടുന്ന വസ്തുവോ അല്ല സത്യം, നിര്‍മാണത്തിനാധാരമായ ക്രിയാശക്തിയാണ്. അതിനെയാണ് ''ബോധ'മെന്നും അറിവെന്നും ഗുരു എന്നു വിളിക്കുന്നത്. വസ്ത്രം പിരിച്ചു നോക്കിയാല്‍ നൂല്, അതു പിരിച്ചാല്‍ പഞ്ഞി. പഞ്ഞി പിരിച്ചാല്‍ ആദിമൂലകങ്ങള്‍. അതിനാല്‍ ഇതെല്ലാം തോന്നലാണ്, കാനല്‍ജലം പോലെ. ഉള്ളത് അതിന്റെ നിര്‍മാണപ്രക്രിയയാണ്, 'പരമാവധി ബോധമത്രെ ' (അദ്വൈത ദീപിക) ശരീരത്തിനും ജീവനുമപ്പുറം, ദേഹത്തിനും ദേഹിക്കുമപ്പുറം ഒന്നുണ്ട്. അതാണ് മനുഷ്യനെയും നാടിനെയും നഗരത്തെയും ആകാശത്തെയും ഭൂമിയെയും നിര്‍മിച്ചത്. അതറിഞ്ഞ് ആടാനാണ് ഗുരു പാമ്പിനോട് പറയുന്നത്:

''...ദേഹം നിജമല്ല ദേഹിയൊരുവനീ ദേഹത്തിലുണ്ടെന്നറിഞ്ഞീടു പാമ്പേ

നാടും നഗരവുമൊന്നായി നാവില്‍ നിബ

ന്നാടു നിന്‍നാമമോതീടു പാമ്പേ

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു -

മേകനു മുണ്ടെന്നറിഞ്ഞീടു പാമ്പേ

പെരിങ്കല്‍ നിന്ന് പെരുവെളിയെന്നല്ല

പരാദിതോന്നിയെന്നാടു പാമ്പേ...''


5. ബ്രഹ്മവും അറിവും

വസ്ത്രം പിരിച്ചു നോക്കിയാല്‍ നൂല്, നൂല് പിരിച്ചാല്‍ പഞ്ഞി, പഞ്ഞി പിരിച്ചാല്‍ ആദിമൂലകങ്ങള്‍ എന്നിങ്ങനെയായതുകൊണ്ട് വസ്ത്രം സത്യമല്ല എന്നു പറയുന്നവര്‍ പ്രധാനമായും രണ്ട് വിഭാഗമുണ്ട്. വസ്ത്രം മായയാണ്, വസ്ത്രത്തിനു പിന്നില്‍ നിശ്ചല സത്യമുണ്ട് എന്ന ഒരു നിലപാട് ആണ് ബ്രാഹ്മണമതം പ്രചരിപ്പിച്ചത്. അത് വസ്ത്രത്തിനു പിന്നിലെ അധ്വാന പ്രക്രിയയെ തള്ളിക്കളയുന്നു. അതുകൊണ്ടാണ് അത് അധ്വാനിക്കുന്നവനും സ്ത്രീയ്ക്കും പരിസ്ഥിതിക്കും വിരുദ്ധമായി മാറിയത്. നാരായണഗുരുവും വസ്ത്രം മായയാണ് എന്നു പറയുന്നു. പക്ഷെ, സത്യമായിഉള്ളത് 'ബോധ'മാണ് എന്നു പറയുമ്പോള്‍, മുന്‍ പറഞ്ഞ പോലെ വസ്ത്രത്തിനു പിന്നിലെ നിര്‍മാണ പ്രക്രിയയെ തള്ളിക്കളയുന്നില്ല. സത്യം ബ്രഹ്മമാണെന്ന് ബ്രാഹ്മണമതത്തില്‍ പറയുന്നതും നാരായണ ഗുരു പറയുന്നതും തമ്മില്‍ വിപരീതത്തിലാണ് സ്ഥിതി ചെയ്യുന്നത്. പരിവര്‍ത്തനാത്മകമായ അറിവ് ആണ് നാരായണ ഗുരുവിന്റെ സത്യം. ബ്രഹ്മത്തിന് അറിവ് എന്നാണ് മലയാളത്തില്‍ ഗുരു വിവര്‍ത്തനം ചെയ്യുന്നത്. ഇന്ദ്രിയാനുഭവങ്ങള്‍ മുതല്‍ പരമമായ അറിവ് വരെ ചിന്മയമായി ഗുരു കരുതുന്നു. ബ്രാഹ്മണ അദ്വൈതസിദ്ധാന്തത്തില്‍ ബ്രഹ്മം മാത്രമാണ് ചിന്മയം.

'മതി തൊട്ടു മണം മുതലഞ്ചു മുണര്‍-

ന്നരുളോളവുമുള്ളതു ചിന്മയ മാം' (ചിജ്ജഡ ചിന്തനം)

ബ്രാഹ്മണമതത്തിന്റെ നിലപാട് വസ്ത്രം നിര്‍മിച്ചവരെ, സംസ്‌കാരം നിര്‍മിക്കുന്നവരെ അധഃസ്ഥിതരാക്കുന്നു. അധ്വാനിക്കാത്തവര്‍ക്ക് പ്രമാമുഖ്യം ഉണ്ടാകുന്നു. ബ്രാഹ്മണ മതവും പുതിയ മുതലാളിത്തവും അധ്വാനിക്കുന്നവരെ പട്ടിണിയാക്കുകയും ഇടനിലക്കാരെ സമ്പന്നരാക്കുകയും ചെയ്യുന്നു. വസ്ത്രം ഉണ്ടാക്കുന്നവരേക്കാള്‍ വസ്ത്രം വില്‍ക്കുന്ന ഇടനിലക്കാര്‍ സമ്പന്നരാകുന്നത് മുതലാളിത്തകാലത്തും കാണാം. അതുകൊണ്ട് ബ്രാഹ്മണമതത്തിന്റെ മൂല്യങ്ങള്‍ ഇന്ത്യന്‍ദര്‍ശനമെന്ന പേരില്‍ മുതലാളിത്ത ലോകത്ത് പ്രാമുഖ്യം നേടുന്നു. ജാതിവ്യവസ്ഥയാണ് യഥാര്‍ഥ കമ്മ്യൂണിസമെന്ന് ഈ കാലത്തും പറഞ്ഞ ആനന്ദകുമാരസ്വാമി പ്രശസ്തനായി തീരുന്നത് അങ്ങനെയാണ്.

''... ശിവ നൃത്തത്തിന്റെ മൗലികമായ പ്രാധാന്യം മൂന്നു വിധത്തിലാണ്. ഒന്നാമതായി പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും ഉറവിടമായ ഈശ്വരന്റെ താളലയാനുസാരിയായ ലീലയുടെ പ്രതിഫലനമാണത്. പ്രകാശവലയം ഇതിനെയാണ് ആവിഷ്‌കരിക്കുന്നത്. രണ്ടാമതായി മായയാകുന്ന കുരുക്കില്‍ നിന്നും അസംഖ്യം മനുഷ്യാത്മാക്കളെ മോചിപ്പിക്കുക എന്നതാണ് നൃത്തത്തിന്റെ ഉദ്ദേശ്യം. മൂന്നാമതായി നൃത്തവേദിയും പ്രപഞ്ച മധ്യവുമായ ചിദംബരം ഹൃദയത്തിനുള്ളിലാണ്...'' എന്ന് ആനന്ദകുമാരസ്വാമി, 'ശിവതാണ്ഡവം' എന്ന പുസ്തകത്തില്‍ എഴുതുന്നുണ്ട്. പ്രപഞ്ചത്തിന്റെ മിഥ്യാ ചലനവുമായാണ് അദ്ദേഹം ശിവനൃത്തത്തെ ബന്ധിപ്പിക്കുന്നത്. നാരായണ ഗുരുവിന്റെ പാമ്പാട്ടിനൃത്തം പ്രപഞ്ചക്രിയാനുഭവത്തിന്റെ സര്‍പ്പിളചലനമാണ്. അതുകൊണ്ടാണ് ആനന്ദകുമാരസ്വാമിക്ക് ജാതിയും ബ്രാഹ്മണാധിപത്യവും വിപ്ലവമായി തോന്നിയത്. നാരായണ ഗുരുവിന് അതിനെ എതിര്‍ക്കുന്നതാണ് പ്രധാനമായി തോന്നിയത്. കാപ്രയും ബ്രാഹ്മണമത ബ്രഹ്മസങ്കല്പവുമായാണ് ആധുനികശാസ്ത്രത്തെ ബന്ധിപ്പിക്കുന്നത്. അതുപോലെ ബ്രാഹ്മണമതത്തിന്റെ സ്വാധീനത്തില്‍പ്പെട്ട മഹായാനബുദ്ധിസവുമായും. സാംഖ്യത്തോടും ഹീനയാന ബുദ്ധിസത്തോടും ആണ് യഥാര്‍ഥത്തില്‍ ആധുനികശാസ്ത്രത്തെ ബന്ധപ്പെടുത്താവുന്നത്. സത്വരജതമോഗുണങ്ങളുടെ പരിവര്‍ത്തനമാണ് സാംഖ്യത്തിലെങ്കില്‍ സത്വരജതമോഗുണങ്ങളാകുന്ന അവിദ്യയില്‍ നിന്നും മായയില്‍ നിന്നുമുള്ള മോക്ഷമാണ് ബ്രാഹ്മണമതത്തിന്റേത്. സാംഖ്യത്തില്‍ തന്നെ നിശ്ചലപുരുഷ സങ്കല്പവും മറ്റും കൊണ്ടുവന്ന പില്‍ക്കാല ബ്രാഹ്മണമതം ചെയ്തത് അധ്വാന വിരുദ്ധ ഇടപെടലായിരുന്നു. ബ്രാഹ്മണമത നിലപാടുകളോട് ആധുനിക ശാസ്ത്രത്തെ സാദൃശ്യപ്പെടുത്തുമ്പോള്‍ മുതലാളിത്ത ആത്മീയതയുടെ നിര്‍മാണമായി ഇത്തരം നിലപാടുകള്‍ മാറുന്നു. പൗരസ്ത്യ ആത്മീയത മുതലാളിത്തത്തിന് ആവശ്യമാണ്.



6. പാരിസ്ഥിതിക നൃത്തം

ആലുവാ അദ്വൈതാശ്രമം സംസ്‌കൃത ഹൈസ്‌കൂളിന്റെ കെട്ടിടം പണിക്കായി ചേര്‍ത്തലയിലെ ഒരു കാവില്‍ നിന്ന കൂറ്റനായ ആഞ്ഞിലിമരം സ്വാമി ചെന്നു നിന്നു മുറിപ്പിച്ച കഥ അവടെയുള്ള പഴമക്കാര്‍ക്ക് ഇപ്പോഴും ഒര്‍മയുണ്ട്. തിരുവനന്തപുരത്തെ ഒരു സര്‍പ്പക്കാവ് വെട്ടിത്തെളിച്ച് നാഗവിഗ്രഹം എടുത്തു മാറ്റിയപ്പോള്‍ ഒരു തടിച്ച പാമ്പ് വെളിയില്‍ ചാടി. ഈശ്വരകോപമെന്നു കണ്ടുനിന്നവര്‍ പരിഭ്രമിച്ചു.'' ചോര കുടിച്ചു കൊഴുത്തു പോയി. മതി-ഇനി പോകാം'' എന്നു പറഞ്ഞു പാമ്പിനെ ഗുരു യാത്രയാക്കി. ''ഒരു പീഡയെറുമ്പിനും വരു- /ത്തരുതെന്നു...'' അനുകമ്പാദശകം എഴുതിയ ഗുരു തന്നെയാണ് മനുഷ്യന്റെ ചോര കുടിച്ചു കൊഴുത്തു പോയ സര്‍പ്പക്കാവുകള്‍ വെട്ടിത്തെളിച്ച് അവിടെ സ്‌കൂളുകള്‍ പണിയാന്‍ നേതൃത്വം കൊടുത്തത്.

ചരിത്രം സര്‍പ്പിളസ്വഭാവിയായതിനാല്‍ പ്രതിരോധ മാതൃകകളുടെ വ്യത്യസ്തമായ ആവര്‍ത്തനത്താല്‍ പുതിയ ആധിപത്യ രൂപങ്ങള്‍ സൃഷ്ടിക്കപ്പെടും. സഹോദരന്‍ അയ്യപ്പന്‍ പറയുമ്പോലെ ഗുരുതുറന്ന വഴികളെ ഇന്ന് അദ്ദേഹത്തെ വച്ചുതന്നെ അടയ്ക്കുന്നു. മുതലാളിത്ത ആത്മീയതയ്ക്ക് അത് ആവശ്യമാണ്. യോഗ മുതലാളിത്ത ആത്മീയതയുടെ ഒരു വ്യാവസായിക രൂപമാണ്. നാരായണ ഗുരുവിന്റെ കൃതികള്‍ക്കും വിപരീത വ്യാഖ്യാനങ്ങള്‍ മാത്രമേ ഇന്ന് ലഭ്യമുള്ളൂ.

മുതലാളിത്തകാലത്ത് സര്‍പ്പക്കാവുകള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടി ഗഹനപരിസ്ഥിതിവാദ (Deep ecology) വും വ്യവസായികള്‍ക്ക് വേണ്ടി ജനജീവിതത്തെ ആട്ടിപ്പായിച്ച് പാതകളും തുറമുഖങ്ങളും പടുത്തുയര്‍ത്താന്‍ വികസനവാദവും ഒരു പോലെ ഉയര്‍ന്നു വരുന്നു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നതാണ് മുതലാളിത്ത ആത്മീയതയുടെ ലക്ഷ്യം. ഗുരുവിന്റെ പരിവര്‍ത്തനാത്മക മെറ്റാഫിസിക്‌സ് അഥവാ 'ട്രാന്‍സ് ഫിസിക്‌സ് ' അധ്വാനത്തെയും നിര്‍മാണത്തെയുമാണ് മുന്നോട്ട് വച്ചത്. അതുകൊണ്ട് പ്രപഞ്ചത്തെയും ഭൂമിയെയും സ്‌നേഹിക്കുന്ന ഗുരുവിന്റെ പാരിസ്ഥിതികസ്‌നേഹം അന്ധമായ പ്രകൃതിപൂജയായി മാറുന്നില്ല. ദൈവസ്‌നേഹവും അങ്ങനെ തന്നെയാണ്. ദൈവം ആരാണ് എന്ന ചോദ്യത്തിന് 'ദൈവം മനുഷ്യരുടെ സൃഷ്ടി' എന്ന ഉത്തരം ഗുരു നല്‍കിയതായി മൂര്‍ക്കോത്തുകുമാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ആശയലോകത്തെ (അങ്ങനെ ഭൗതിക ലോകത്തെയും) പരിവര്‍ത്തിപ്പിക്കാനുള്ള ഉപകരണമായാണ് ദൈവത്തെ ഗുരു കണ്ടത്. ഒഴുകുന്ന ജലത്തില്‍ നിന്നുമെടുത്ത കല്ല് പ്രതിഷ്ഠിക്കുകയും, തുടര്‍ന്ന് ദീപം പ്രതിഷ്ഠിക്കുകയും ഓം പ്രതിഷ്ഠിക്കുകയും പിന്നീട് കണ്ണാടി പ്രതിഷ്ഠിക്കുകയും ഇനി ക്ഷേത്രങ്ങള്‍ വേണ്ട അതു ജാതിവളര്‍ത്തുന്നു ഇനി വിദ്യാലയങ്ങള്‍ മതി എന്നു പറയുകയും ചെയ്ത ഗുരു ഒരു ജനതയെ 'ദൈവമെന്നാല്‍ പരിവര്‍ത്തനാത്മകമായ അറിവാണ് 'എന്ന അറിവിലേയ്ക്ക് പരിവര്‍ത്തിപ്പിച്ച് എടുക്കയായിരുന്നു. നിശ്ചലമായ ബ്രഹ്മസങ്കല്‍പം നിര്‍ദേശിക്കുന്നവര്‍ അന്ധമായ പ്രകൃതിഭക്തരും സ്ത്രീവിരുദ്ധരും അധഃസ്ഥിതനിര്‍മാണം സാധ്യമാക്കുന്നവരും ആയിരിക്കും. ഇഹലോക ജീവിതത്തെയും കാമത്തെയും ഭസ്മീകരിക്കുമ്പോഴാണ് ജീവിതത്തെ നിര്‍മിക്കുന്ന സ്ത്രീ രണ്ടാംകിടയാകുന്നത്.


'മിഴിമുനകൊണ്ടു മയക്കി നാഭിയാകും

കുഴിയിലുരുട്ടിമറിപ്പതിന്നൊരുങ്ങി

കിഴിയുമെടുത്ത് വരുന്ന മങ്കമാര്‍തന്‍

വഴികളിലിട്ടു വലയ്‌ക്കൊലാ മഹേശാ '

എന്നു സ്ത്രീവിരുദ്ധമായി പ്രാര്‍ഥിച്ച ഗുരു തന്നെയാണ് പൂമണമുള്ള മുടിയുള്ള പാര്‍വതിയെ കൂടെ കൂട്ടിയതിന്റെ പേരില്‍ ശിവനെ സ്‌നേഹിക്കുന്നത്. സന്യാസമല്ല, പ്രധാനമായും ഗുരു മുന്നോട്ട് വയ്ക്കുന്നത് ഗാര്‍ഹസ്ഥ്യമാണ്. സ്ത്രീ പുരുഷബന്ധത്തിന് അന്യോന്യ അനുരാഗമാണ് വേണ്ടത് എന്നു പറയുന്നു. പൊരുത്തം വേണമെന്നുണ്ടെങ്കില്‍ വിദ്യ, ധനം, വയസ്, രൂപം, ശീലം ഇവയിലുള്ള പൊരുത്തവും. വിവാഹത്തില്‍ ജാതിമതങ്ങളോ അമാനുഷിക ശക്തികളോ ആചാര ബാഹുല്യങ്ങളോ വേണ്ടതില്ല. അന്തപ്പുരത്തില്‍ സ്ത്രീകളെ കൂട്ടിയിടുന്നതും സംബന്ധം പോലുള്ള അനേക ബന്ധങ്ങളും അദ്ദേഹം വിലക്കുന്നു. പുനര്‍വിവാഹം ആകാം. ചാരിത്ര്യം നല്ലതാണ്. അന്തപ്പുര ജയിലില്‍ കിടന്നു കൊണ്ടല്ല അതുണ്ടാക്കേണ്ടത്, സ്വയം ഉണ്ടാവേണ്ടതാണ് എന്നു മാത്രം. (ശ്രീ നാരായണ ധര്‍മം) സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകണം. സ്ത്രീയുടെ അവകാശങ്ങള്‍ക്കും അധഃസ്ഥിതരുടെ വസ്ത്രധാരണത്തിനും ഭക്ഷണത്തിനും വഴിയ്ക്കും വായനയ്ക്കും വിദ്യയ്ക്കും ജനകീയ വ്യവസായത്തിനും വേണ്ടിയുള്ള സമരം ചെയ്തത് പ്രപഞ്ചത്തിന്റെ പരിവര്‍ത്തനാത്മകതയിലുള്ള വിശ്വാസം കൊണ്ടാണ്.

എന്നാല്‍, ചരിത്രം സര്‍പ്പിളസ്വഭാവിയായതിനാല്‍ പ്രതിരോധ മാതൃകകളുടെ വ്യത്യസ്തമായ ആവര്‍ത്തനത്താല്‍ പുതിയ ആധിപത്യ രൂപങ്ങള്‍ സൃഷ്ടിക്കപ്പെടും. സഹോദരന്‍ അയ്യപ്പന്‍ പറയുമ്പോലെ ഗുരുതുറന്ന വഴികളെ ഇന്ന് അദ്ദേഹത്തെ വച്ചുതന്നെ അടയ്ക്കുന്നു. മുതലാളിത്ത ആത്മീയതയ്ക്ക് അത് ആവശ്യമാണ്. യോഗ മുതലാളിത്ത ആത്മീയതയുടെ ഒരു വ്യാവസായിക രൂപമാണ്. നാരായണ ഗുരുവിന്റെ കൃതികള്‍ക്കും വിപരീത വ്യാഖ്യാനങ്ങള്‍ മാത്രമേ ഇന്ന് ലഭ്യമുള്ളൂ. പാമ്പാട്ടിച്ചിന്ത് യോഗാഭ്യാസത്തിന്റെ കഥയായിട്ടാണ് വായിക്കപ്പെടുന്നത്. യോഗാഭ്യാസത്തെ കിണഞ്ഞ് ന്യായീകരിക്കാന്‍ ഒരാള്‍ ശ്രമിച്ചപ്പോള്‍, മലശോധനയ്ക്ക് സഹായകമാകും എന്നു പറഞ്ഞപ്പോള്‍, അതിനിത്ര കഷ്ടപ്പെടണോ അല്പം ആവണക്കെണ്ണ കഴിച്ചാല്‍ പോരെ എന്നു പറഞ്ഞയാളാണ് ഗുരു. ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്ന പ്രപഞ്ചത്തിന്റെ പരിവര്‍ത്തനോര്‍ജത്തോടുള്ള മനുഷ്യന്റെ അധ്വാന ശക്തിയുടെ അധ്വാനാത്മകമായ ചേര്‍ച്ചയും അതിന്റെ വേദനയും കണ്ണീരും ആനന്ദവുമാണ് 'പാമ്പാട്ടിച്ചിന്ത് '. പ്രപഞ്ചത്തിന്റെ പാരിസ്ഥിതിക നൃത്തം.

'ചേര്‍ന്നു നില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു

നേര്‍ന്നു പോമ്മാറുനിന്നാടു പാമ്പേ' - ഇങ്ങനെ ഈ കാവ്യം അവസാനിക്കുന്നു.

Similar Posts