Analysis
പിന്നാക്ക-സാമൂഹിക-സാമ്പത്തിക-ജാതി പഠനം
Analysis

പിന്നാക്ക-സാമൂഹിക-സാമ്പത്തിക-ജാതി പഠനം: സംവരണ തോതിലും മാറ്റമുണ്ടാകും

ഷെല്‍ഫ് ഡെസ്‌ക്
|
26 Sep 2023 10:09 AM GMT

പട്ടിക പരിഷ്‌കരണം നടക്കുകയാണെങ്കില്‍ സാമൂഹികമായി മെച്ചപ്പെട്ട സമുദായങ്ങള്‍ പുറത്താവുന്നതിനും അല്ലാത്തവര്‍ ഉള്‍പ്പെടുന്നതിനും പുറമെ, സംവരണ തോതിലും മാറ്റം വന്നേക്കും.

സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക-സാമൂഹിക-സാമ്പത്തിക-ജാതി-പഠനം നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. നേരത്തെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് പഠനം നടത്തുവാനുള്ള സമയപരിധി നീട്ടി നല്‍കിയിരുന്നു. നീട്ടി നല്‍കിയ സമയപരിധി അവസാനിച്ച വേളയില്‍ സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച, കോടതിയലക്ഷ്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും KSCBC (Kerala State Commission for Backward Classes) ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

എസ്.ഇ.ബി. (Socially and Educationally Backward) സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി പഠിച്ചു പട്ടിക പരിഷ്‌കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. പത്ത് വര്‍ഷം കൂടുമ്പോള്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സംവരണ പട്ടിക പുതുക്കണമെന്നതാണ് നിയമം. എന്നാല്‍, പട്ടിക പരിഷ്‌കരണം അത്ര എളുപ്പം നടപ്പാക്കാന്‍ കഴിയില്ല. പരിഷ്‌കരിക്കുമ്പോള്‍ നിലവില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പല സമുദായങ്ങളും പുറത്തായേക്കും. പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ പുതുതായി ഉള്‍പ്പെടുകയും ചെയ്തേക്കും. തത്ഫലമായി ഉണ്ടാവാനിടയുള്ള സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സര്‍ക്കാരും മുന്നണിയും എങ്ങനെ മറികടക്കുമെന്നതാണ് ചോദ്യം. 2011 ലെ സെന്‍സസ് പ്രകാരമുള്ള പഠന റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ നിന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും സംസ്ഥാനം സ്വയം മുന്‍കൈയെടുത്ത് പഠനം നടത്തണമെന്നുമായിരുന്നു കേന്ദ്ര നിര്‍ദേശം.

പട്ടിക പരിഷ്‌കരണം നടക്കുകയാണെങ്കില്‍ സാമൂഹികമായി മെച്ചപ്പെട്ട സമുദായങ്ങള്‍ പുറത്താവുന്നതിനും അല്ലാത്തവര്‍ ഉള്‍പ്പെടുന്നതിനും പുറമെ, സംവരണ തോതിലും മാറ്റം വന്നേക്കും. ഇതൊക്കെയും സമുദായങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ക്ക് വഴി വെച്ചേക്കും. എല്ലാ സര്‍ക്കാരുകളുടെയും ഏറ്റവും വലിയ തലവേദനയാണ് സംവരണം എന്നത്. പല സര്‍ക്കാരുകളും തൊടാന്‍ മടിക്കുന്ന വിഷയവുമാണ്.

നിലവില്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ വിഷയത്തില്‍ വകുപ്പുതല യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനങ്ങളൊന്നും കൈക്കൊണ്ടിരുന്നില്ല. അദ്ദേഹം ഉടന്‍ തന്നെ മുഖ്യമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയേക്കും. എന്നാല്‍, മുഖ്യമന്ത്രിക്കോ മന്ത്രിക്കോ വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ല. എല്‍.ഡി.എഫിലെ കക്ഷികളില്‍ പലതും പല സമുദായങ്ങളെ പ്രധിനിധീകരിക്കുന്നവരാണ്. ആദ്യം മുന്നണിയില്‍ ചര്‍ച്ച നടത്തി, ഘടക കക്ഷികള്‍ക്കിടയില്‍ സമവായത്തിലെത്തേണ്ടതുണ്ട്. രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ സമുദായങ്ങളുമായും സാമുദായിക സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തേണ്ടതായി വരും. സുപ്രീംകോടതിയുടെ ഇടപെടല്‍ ഉള്ളതിനാല്‍, പട്ടിക പരിഷ്‌കരണമെന്നത് അനിവാര്യവുമാണ്.


നിലവില്‍ 84 സമുദായങ്ങളാണ് ഒ.ബി.സി പട്ടികയിലുള്ളത്. അതിനു പുറമെ, മൂന്ന് സമുദായങ്ങളെക്കൂടി ഈയടുത്തായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പട്ടിക പരിഷ്‌കരണം നടക്കുകയാണെങ്കില്‍ സാമൂഹികമായി മെച്ചപ്പെട്ട സമുദായങ്ങള്‍ പുറത്താവുന്നതിനും അല്ലാത്തവര്‍ ഉള്‍പ്പെടുന്നതിനും പുറമെ, സംവരണ തോതിലും മാറ്റം വന്നേക്കും. ഇതൊക്കെയും സമുദായങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ക്ക് വഴി വെച്ചേക്കും. എല്ലാ സര്‍ക്കാരുകളുടെയും ഏറ്റവും വലിയ തലവേദനയാണ് സംവരണം എന്നത്. പല സര്‍ക്കാരുകളും തൊടാന്‍ മടിക്കുന്ന വിഷയവുമാണ്. സാമുദായിക സമവാക്യങ്ങളാണ് വോട്ട് ബാങ്ക് നിര്‍ണയിക്കുന്നത് എന്നത് തന്നെ കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സര്‍ക്കാര്‍ വിഷയവുമായി എങ്ങനെ മുന്നോട്ട് പോകും എന്നത് നിര്‍ണായകമാണ്. സമുദായങ്ങളെ ചൊടിപ്പിക്കുന്നത് നല്ലതല്ലെന്ന ധാരണ സര്‍ക്കാരിനുണ്ടാവുമെങ്കിലും കോടതിയുടെ ഇടപെടലാണ് തലവേദന സൃഷ്ടിക്കുന്നത്. കേന്ദ്രം ഏറെക്കുറെ കയ്യൊഴിഞ്ഞ മട്ടാണ്. അനുകൂലമായി പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന് മേല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഏല്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. നോട്ടീസ് ലഭിക്കുമ്പോള്‍ മറുപടി പറയേണ്ട ബാധ്യതയും സംസ്ഥാനത്തിനാണ്.

അവലംബം: ന്യൂസ് ഡീക്കോഡ്

തയ്യാറാക്കിയത്: ദാനിഷ് അഹ്മദ്

Similar Posts