Analysis
ബെയ്‌ലി പാലം ഒരു എഞ്ചിനീയറിങ് വിസ്മയം
Analysis

ബെയ്‌ലി പാലം ഒരു എഞ്ചിനീയറിങ് വിസ്മയം

ഷെല്‍ഫ് ഡെസ്‌ക്
|
2 Aug 2024 6:37 AM GMT

വിവിധ ആവശ്യങ്ങള്‍ക്ക് ഉതകും വിധം നേരത്തേ ഡിസൈന്‍ ചെയ്തു വെച്ച്, ആവശ്യം അനുസരിച്ചു സൈറ്റില്‍ എത്തിച്ച ശേഷം എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഒരു എഞ്ചിനീയറിങ് വിസ്മയം ആണ് ബെയ്ലി പാലം.

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ ചൂരല്‍മലയേയും - മുണ്ടക്കയത്തേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിച്ചത്. ജൂലൈ 31 ന് രാവിലെ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ആഗസ്റ്റ് ഒന്നിന് വൈകീട്ടോടെ പൂര്‍ത്തീകരിച്ച് ഗതാഗതം ആരംഭിച്ചു.

എന്താണ് ഈ ബെയ്‌ലി പാലം?

എല്ലാവരും ദുരന്തം വരുമ്പോള്‍ ഇടക്കെങ്കിലും കേള്‍ക്കുന്ന വാര്‍ത്തയാണ് പട്ടാളം ബെയ്‌ലി പാലം ഞൊടിയിടയില്‍ നിര്‍മിച്ചു എന്നത്. ബെയ്ലി പാലം ഒരു പുതിയ ടെക്‌നോളജി അല്ല. രണ്ടാം ലോക മഹായുദ്ധ സമയത്തു (1942) ബ്രിട്ടീഷുകാരനും സിവില്‍ എഞ്ചിനീയറുമായ ഡോണാള്‍ഡ് കോള്‍മെന്‍ ബെയ്ലി ആണ് ആദ്യമായി ഇത്തരം ഒരു പാലം ഉണ്ടാക്കിയത്. അത് വേഗത്തിലുള്ള സൈനിക നീക്കങ്ങള്‍ക്കും അതിലൂടെ യുദ്ധ വിജയത്തിലേക്കും വഴിവെച്ചതായി കണക്കാക്കുന്നു. അന്നുമുതല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഈ നിര്‍മിതി ഉപയോഗപ്പെടുത്തി വരുന്നു.

ബെയ്‌ലി എന്ന പേര്

ഇത്തരമൊരു പാലം നിര്‍മിതി കണ്ടുപിടിച്ചതിന് ബ്രിട്ടീഷുകാരനായ ഡോണാള്‍ഡ് കോള്‍മെന്‍ ബെയ്ലിയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ആഫ്രിക്കയിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിനാണ് ഡോണാള്‍ഡ് കോള്‍മെന്‍ ആദ്യമായി ഇത്തരമൊരു പാലം നിര്‍മിച്ചു നല്‍കുന്നത്.



| ഡോണാള്‍ഡ് കോള്‍മെന്‍ ബെയ്‌ലി

എന്താണ് ബെയ്‌ലി പാലത്തിന്റെ പ്രത്യേകത?

താരതമ്യേന വളരെ ലളിതമായ പ്രക്രിയയാണ് ബെയ്‌ലി പാല നിര്‍മാണം. മുന്‍പേ ഡിസൈന്‍ ചെയ്തു നിര്‍മിച്ചുവെച്ച ചെറിയ ഫ്രെയിമുകള്‍ പരസ്പരം ആണ്‍, പെണ്‍ സോക്കറ്റുകള്‍ കയറ്റി യോജിപ്പിച്ചു അതില്‍ പിന്നുകളാല്‍ ലോക്ക് ചെയ്താണ് ഇവ നിര്‍മിക്കുന്നത്. ഇതിന്റെ ശാസ്ത്രം വളരെ സിമ്പിള്‍ ആണ്. മുകളില്‍ വരുന്ന ഭാരത്തെ, പരസ്പരം ലോക്ക് ചെയ്തു വെക്കുന്ന ഇരുവശത്തുമുള്ള ട്രസ്സ് സ്ട്രക്ച്ചറുകള്‍ കൊണ്ടു താങ്ങി നിര്‍ത്തുന്നു. ഉദാഹരണത്തിന്, വീടിനു ഓടിടുന്നതിനു കഴുക്കോല്‍ ത്രികോണ ആകൃതിയില്‍ ഉറപ്പിച്ചു വെക്കുന്നതുപോലെ. മുകളില്‍ വരുന്ന ടൈലിന്റെ ഭാരം ഈ ട്രസ്സുകളിലൂടെ സുരക്ഷിതമായി താങ്ങി നിര്‍ത്തുകയാണ് അവിടെ ചെയ്യുന്നത്.


| ചൂരല്‍മലയിലെ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം

ബെയ്‌ലി പാലത്തിനു പ്രധാന ഭാഗം ഇരു വശത്തെയും കൈവരി ഫ്രെയിമുകളാണ്. ഇവക്കു ഏതാണ്ട് മൂന്ന് മീറ്റര്‍ നീളവും 1.50 മീറ്റര്‍ ഉയരവും ഉണ്ട്. ഏതാണ്ട് 250 കി.ഗ്രാം ഭാരം വരുന്ന ഈ ഓരോ ഫ്രെയിം മെമ്പറും സുഖമായി ആളുകള്‍ക്ക് എടുത്തുകൊണ്ടു പോകാന്‍കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഇരു വശത്തെയും പാനലുകള്‍ താഴെ തുല്യ അകലത്തില്‍ വെയ്ക്കുന്ന സ്ട്രിങര്‍ ബീമുകളുടെ (റെയില്‍പാളത്തിലെ സ്ലീപ്പര്‍ പോലെ) മുകളില്‍ ലോക്ക് ചെയ്യുന്നു. ഓരോ സൈഡ് പാനലും ആണ്‍, പെണ്‍ ജോയിന്റുകളില്‍ കയറ്റി ഉറപ്പിച്ച് പിന്നുകള്‍ ഉപയോഗിച്ച് സേഫ് ലോക്ക് ചെയ്യുന്നു. ഇതുപോലെ ഓരോ മൂന്ന് മീറ്ററിലും പാനലുകള്‍ യോജിപ്പിച്ചു ഇവയെ തള്ളി നീക്കി ഉറപ്പിച്ചു മറുകര എത്തുന്നു. അതിനു ശേഷം നിര്‍മിച്ചു വെക്കുന്ന തടിയുടെ ബല്ലാസ്റ്റ് വെച്ചോ, മെറ്റല്‍ ഷീറ്റ് വെച്ചോ പ്രതലം പിന്‍ ലോക്ക് ചെയ്തു കഴിയുമ്പോള്‍ പാലം പണി പൂര്‍ത്തിയാകുന്നു.

ഇരു വശത്തും ഉറപ്പുള്ള ഇരുമ്പിന്റെയോ, കോണ്‍ക്രീറ്റിന്റെയോ ഫൗണ്ടേഷന്‍ വെച്ച് അതിലേക്കു ആണ് ഈ പാലം നിര്‍ത്തുന്നത്. ഓരോ പാനലിനും പരമാവധി അനുവദനീയ ഭാരം 300 കി.ഗ്രാമിന് താഴെയെ പാടുള്ളു. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള നാലുപേര്‍ക്ക് സുഖമായി പൊക്കിക്കൊണ്ട് പോകാന്‍ കഴിയും. ഇത് ഈ പാലത്തിന്റെ ഒരു സവിശേഷതയാണ്. ഈ സവിശേഷതകളാല്‍ ഇവ അടിയന്തിര അവസ്ഥയില്‍ അത്യാവശ്യം ചരിവുള്ള കരകളില്‍ പോലും അയണ്‍ സെക്ഷനുകള്‍ ഹൈറ്റു അഡ്ജസ്റ്റ് ചെയ്ത് ലെവല്‍ ഫൗണ്ടേഷന്‍ ആക്കിയിട്ടു വേഗം അടുക്കിയടുക്കി തള്ളി നീക്കി നിര്‍മിച്ചു പോകാം.

താങ്ങേണ്ട പരമാവധി ഭാരത്തിനും, അകലത്തിനും അനുസരിച്ചു പല വലുപ്പത്തില്‍ പല ഭാരത്തിനു വേണ്ട പാലങ്ങള്‍ സൈന്യം നിര്‍മിച്ചു വെച്ചിട്ടുണ്ട്. ഏതാണോ ആവശ്യമുള്ളത് അതനുസരിച്ചു ഈ ഭാഗങ്ങള്‍ ട്രക്കുകളിലും മറ്റും എത്തിച്ചു സൈറ്റില്‍ ഫിറ്റ് ചെയ്തു പാലം നിര്‍മിക്കുക ആണ് ചെയ്യുന്നത്. ഭാരം മേല്‍ പറഞ്ഞതുപോലെ കുറവായതിനാലും, ഒത്തിരി സാങ്കേതികമായ സൈറ്റ് വര്‍ക്കുകള്‍ ആവശ്യമില്ലാത്തതിനാലും വളരെ വേഗത്തില്‍ വളരെ ഫലവത്തായ വിധത്തില്‍ ഏറെ ഭാരം താങ്ങാന്‍ ശേഷിയോടെ ഈ പാലം സിമ്പിള്‍ ആയി നിര്‍മിച്ചെടുക്കാം. അധികം യന്ത്രങ്ങളുടെ അവശ്യം ഇല്ല. ഉപയോഗം കഴിയുമ്പോള്‍ പൊളിച്ചെടുത്തു മെയിന്റനന്‍സ് ചെയ്ത ശേഷം പാക് ചെയ്തു പുനരുപയോഗത്തിനായി കരുതിവെക്കുന്നു. ചുരുക്കി പറഞ്ഞാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉതകും വിധം ഡിസൈന്‍ ചെയ്തു വെക്കുന്നവയാണ് ഇവ. ആവശ്യം അനുസരിച്ചു സൈറ്റില്‍ എത്തിച്ച ശേഷം ഈ മെമ്പ്രയിനുകള്‍ ആണ്‍, പെണ്‍ ജോയിന്റുകളാലും, പിന്നുകളാലും തമ്മില്‍ ഉറപ്പിച്ചു എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഒരു എഞ്ചിനീയറിങ് വിസ്മയം ആണ് ബെയ്ലി പാലം.

വശത്തെ ഭിത്തികളുടെ ട്രസ് ആക്ഷന്‍ വഴി ഓരോ മെമ്പ്രനിലും വരുന്ന ഭാരത്തെ പരസ്പരം രണ്ടു ഫോഴ്‌സ് കമ്പോണെന്റുകള്‍ ആക്കി (tension and compression) nutralize (ശക്തി പരസ്പരം ഇല്ലാതാക്കി) ചെയ്യുന്ന വിദ്യ ആണ് ഇവയില്‍ പ്രയോജനപ്പെടുത്തുന്നത്. ട്രസ്സുകള്‍ ത്രികോണ ആകൃതിയില്‍ ഡിസൈന്‍ ചെയ്യുന്നത് ഈ ട്രസ്സ് ആക്ഷന്‍ ലഭ്യമാക്കുന്നതിനു ആണ്. കയറിയ ലോഡ് മൂലം സൈഡ് ട്രസ്സിന്റെ ഫ്രെയിമില്‍ ഒരു ഭാഗത്ത് tensile force വരുമ്പോള്‍ അതിനു അപ്പുറത്തെ എതിര്‍ ഫ്രെയിം മെമ്പ്രയ്‌നില്‍ compression force ഉണ്ടാകുന്നു. (അതായതു വടം വലിക്കുന്നത് പോലെ ഇരു വശത്തെയും ആളുകള്‍ പരസ്പരം വലിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന പോലെ ഈ തൃകോണങ്ങള്‍ക്കിടയില്‍ ഭാരം പരസ്പരം വലിച്ചിലും ഞെരുങ്ങലുമായി താങ്ങി നിര്‍ത്തപ്പെടുന്നു) അങ്ങനെ ഭാരത്തെ സൈഡ് ഭിത്തികള്‍ കാര്യക്ഷമമായി താങ്ങി നിര്‍ത്തുന്നു. അതിനാല്‍ അടിയില്‍ തൂണുകളോ അതി ബലവത്തായ ഫൗണ്ടേഷനോ ആവശ്യമില്ല.


ഈ രീതിയില്‍ ഉള്ള സിമ്പിള്‍ ഡിസൈന്‍ കൊണ്ടാണ് ഈ പാലം വേഗത്തില്‍ നിര്‍മിക്കാന്‍ ആകുന്നത്. ശ്രദ്ധയോടെ നിര്‍മാണം വീക്ഷിച്ചു നിന്നാല്‍, ആരോഗ്യവും വിശേഷബുദ്ധിയും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ പാലം ഉറപ്പിക്കാന്‍ ആകും. അത്ര കൃത്യതയാണ് ഓരോ ഭാഗത്തിന്റെയും ഡിസൈന്‍. ഒറ്റപ്പെട്ടുപോകുന്ന ദുരന്ത മേഖലകളില്‍ വളരെയേറെ ഫലപ്രദമാണിവ. സാമഗ്രികള്‍ എത്തിച്ചു കഴിഞ്ഞാല്‍ വര്‍ക്കിംഗ് ലേ ഔട്ട് സ്‌കെച്ച് പ്രകാരം (ഏതുഭാഗത്തില്‍ നിന്നും ഏതു വിധത്തില്‍ നിര്‍മാണം നടത്തണം എന്നുള്ള സൈറ്റിനു ഉതകുന്ന എഞ്ചിനിയറിങ്ങ് ഡ്രോയിങ്) നിര്‍മിതി തുടങ്ങുന്നു.


കേരളത്തിലെ ആദ്യത്തെ ബെയ്‌ലി പാലം

അതിശയകരമായ കാര്യം 1996 നവംബര്‍ 8 ന് കേരളത്തിലാണ് പൊതുജനങ്ങള്‍ക്ക് അടിയന്തിര യാത്ര സൗകര്യം ഒരുക്കുന്നതിനായി ആദ്യമായി സൈന്യം ബെയ്ലി പാലം നിര്‍മിച്ചത് എന്നതാണ്. റാന്നി പാലം തകര്‍ന്നപ്പോള്‍ ആയിരുന്നു ഇത്. രണ്ടുമാസക്കാലം ഈ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ അടക്കം കടന്നുപോയി. 2017 ഏപ്രില്‍ 5-9, ഏനാത്ത് പാലത്തിനു കേടുപാട് സംഭവിച്ചപ്പോള്‍ കല്ലടയാറിന് കുറുകെ സൈന്യം ബെയ്ലി പാലം നിര്‍മിക്കുകയുണ്ടായി. 54.50 മീറ്റര്‍ നീളത്തില്‍, 3.50 മീ വീതിയിലും ആയിരുന്നു ആ പാലം നിര്‍മിച്ചത്.



| ഏനാത്ത് ബെയ്ലി പാലം

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സുബിന്‍ ബാബു


Similar Posts