Analysis
ബാലഗോപാലിന്റെ പ്ലാന്‍ ബി, കുറ്റസമ്മതം - കെ.എസ് ശബരീനാഥന്‍
Analysis

ബാലഗോപാലിന്റെ പ്ലാന്‍ ബി, കുറ്റസമ്മതം

കെ.എസ് ശബരീനാഥന്‍
|
6 Feb 2024 4:39 AM GMT

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്ലാന്‍ ബി തയ്യാറാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതുതന്നെ ഒരു കുറ്റസമ്മതം അല്ലേ? കഴിഞ്ഞകാലങ്ങളില്‍ അനുവദിച്ച ബഡ്ജറ്റും മാന്ദ്യവിരുദ്ധ പാക്കേജും കിഫ്ബിയും കേരളത്തിന്റെ നട്ടെല്ലൊടിച്ചു എന്ന് തന്നെയാണ് മന്ത്രി സമ്മതിക്കുന്നതെന്ന് മുന്‍ എം.എല്‍.എ കൂടിയായ ശബരീനാഥന്‍.

പൊതുവില്‍ മിതഭാഷിയായ നമ്മുടെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് നിയമസഭയില്‍ ഇത്തവണത്തെ ബജറ്റ് പ്രസംഗം നടത്തിയത്. രണ്ട് കോടി മുതല്‍ പത്ത് കോടിയുടെ വരെ വ്യത്യസ്തമായ ചെറിയ പ്ലാന്‍ നിര്‍ദ്ദേശങ്ങള്‍ പോലും അദ്ദേഹം നിരത്തിയ രീതി കാണുമ്പോള്‍ ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് കാണിക്കാനാണെന്ന് ആര്‍ക്കും മനസിലാകും. ഉള്ളിലുള്ള വേവലാതി വ്യക്തമാക്കുന്ന ശരീരഭാഷ സഭയിലെ പ്രസംഗത്തില്‍ വ്യക്തമായിരുന്നു. പ്രസംഗത്തിനിടെ പ്രതിപക്ഷത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്തു കൊണ്ടിരുന്നു മന്ത്രി. ഒടുവില്‍ മുന്‍പ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ശൈലിയെടുത്ത് പ്രയോഗിച്ച് കവിതകള്‍ കൊണ്ട് പുളകം കൊള്ളിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങളായി തോമസ് ഐസക്ക് പ്രയോഗിച്ച പദ്യവും ഗദ്യവും ആപ്തവാക്യങ്ങളുമൊക്കെ കേട്ട് കസര്‍ത്ത് പ്രയോഗങ്ങളാണെന്ന് ബോധ്യപ്പെട്ട മലയാളിയുടെ ദഹനക്കേടിന് ആക്കം കൂട്ടാനേ ബാലഗോപാലിന്റെ ഈ എണ്ണ തേപ്പിക്കല്‍ ഉപകരിക്കൂ. അത്ര ഭീകരമാണ് മലയാള നാടിന്റെ ധന പ്രതിസന്ധിയെന്ന് മന്ത്രിയെ പോലെ ഓരോ കേരളീയനുമറിയാം

തകര്‍ച്ചയുടെ കള്ളികള്

തകര്‍ച്ചയുടെ ആഴം അളക്കാനാകാത്ത വിധം വര്‍ധിച്ച് ഖജനാവില്‍ വായുസഞ്ചാരം സുഗമമാണെന്ന് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ എതിര്‍ക്കാനാവാത്ത വിധം ഭീകരമാണ്. എല്ലാ മേഖലകളിലും ഈ പ്രശ്‌നം പടര്‍ന്നു കഴിഞ്ഞു. ഓരോ മേഖലകളും കള്ളികള്‍ ഇട്ട് തിരിച്ചാല്‍ കാലിക്കള്ളികളുടെ കൂട്ടങ്ങളെ കാണാനാകും. കൊട്ടിഘോഷിക്കുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം നിലച്ചിട്ട് ആറുമാസമായി. ഇത് കൊടുത്തു തീര്‍ക്കണമെങ്കില്‍ 5000 കോടി രൂപ വേണം. വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ സ്‌റ്റൈപ്പന്‍ഡ് നല്‍കിയിട്ടില്ല. കാരുണ്യ പദ്ധതിയില്‍ ആയിരം കോടി കൂടുതല്‍ ബാധ്യതയുണ്ട് എന്ന് നിയമസഭയില്‍ സമ്മതിക്കുന്നു. ചെറുതും വലുതുമായ കരാറുകളുടെ ബില്ലുകള്‍ കെട്ടിക്കിടക്കുകയാണ്.

മാനവ വികസന സൂചികളില്‍ മുന്നിലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി ഓഹരി കുറയുന്നത് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കേരള സര്‍ക്കാര്‍ പറയുന്ന 57,000 കോടി എന്ന സംഖ്യ സംശയമുളവാക്കുന്നു. കാരണം, ഇതിനുമുമ്പ് കേന്ദ്രമന്ത്രിക്ക് അയച്ച കത്തിലെ കണക്കുകള്‍ സൂക്ഷ്മമായി നോക്കിയാല്‍ കേന്ദ്രം നല്‍കേണ്ടത് 5000 കോടിയുടെ അടുപ്പിച്ച് ആണെന്നാണ് മനസ്സിലായത്. ഈ കണക്കുകള്‍ തോമസ് ഐസക്കും നവംബറിലെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഏകദേശം 1500 കോടി രൂപയുടെ ബില്ലാണ് പച്ചക്കൊടി കാണാന്‍ കാത്തു കിടക്കുന്നത്. അഭിമാന പദ്ധതിയായി വമ്പ് പറയുന്ന ലൈഫ് പദ്ധതിയില്‍ നാമമാത്രമായ വീടുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. ബാക്കിയുള്ളവക്ക് നല്‍കാന്‍ പണമില്ല. സാധാരണക്കാരന്റെ അടുക്കള സാധനങ്ങളുടെ ആശ്രയ കേന്ദ്രമായ സപ്ലൈകോയിലെ അലമാരകള്‍ ശൂന്യമാണ്. ജനം നെട്ടോട്ടമോടുമ്പോള്‍ സാധനങ്ങള്‍ എത്തിക്കാന്‍ പണമില്ലെന്ന് സമ്മതിക്കേണ്ടി വരികയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ഗഡു പെന്‍ഷന്‍ ബാക്കിയുണ്ട്. ഇപ്പോള്‍ ഒരു ഗഡു കൊടുക്കും എന്ന് പറയുന്നു, എങ്ങനെയെന്ന് കണ്ടറിയണം.

കുറ്റസമ്മതപത്രം

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ പ്ലാന്‍ ബി തയ്യാറാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതുതന്നെ ഒരു കുറ്റസമ്മതം അല്ലേ? കഴിഞ്ഞകാലങ്ങളില്‍ അനുവദിച്ച ബഡ്ജറ്റും മാന്ദ്യവിരുദ്ധ പാക്കേജും കിഫ്ബിയും കേരളത്തിന്റെ നട്ടെല്ലൊടിച്ചു എന്ന് തന്നെയല്ലേ ബഹുമാനപ്പെട്ട മന്ത്രി സമ്മതിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ആശങ്കപ്പെടുത്തുന്നതാണ്. കേരള സര്‍ക്കാരിന്റെ നിലവിലുള്ള ആകെ ബാധ്യത സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 38% ആണ്. ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്. തൊട്ടടുത്തുള്ള തമിഴ്‌നാടും കര്‍ണാടകവും മഹാരാഷ്ട്രയും ഒക്കെ ഇത് 30 ശതമാനത്തിന് താഴെ നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കുന്ന തുക ഒരു potential liability ആണ്. പ്രസ്തുത തുക വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ജനുവരി 16 ആര്‍.ബി.ഐ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് (report on working group on state government guarantee) ഇത് പറയുന്നു. 2016 ല്‍ 1.60 ലക്ഷം കോടി ആയിരുന്ന പൊതുകടം ഇപ്പള്‍ 4.26 ലക്ഷമായി. വര്‍ധിച്ചുവരുന്ന ഈ ചിലവുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത് കേരള സര്‍ക്കാരിന്റെ പരാജയമാണ്.

കേന്ദ്രനയം

കേന്ദ്രസര്‍ക്കാരിന്റെ ധനനയങ്ങള്‍ തെറ്റാണെന്ന് ആദ്യം പറയുന്നത് കോണ്‍ഗ്രസാണ്. ലോക്‌സഭയിലെ ചര്‍ച്ചകളില്‍ ആവേശത്തോടെ ഈ വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ പതിവ് രീതി ഈ വിഷയത്തിലും കാണിക്കുകയാണ്. മാനവ വികസന സൂചികളില്‍ മുന്നിലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി ഓഹരി കുറയുന്നത് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കേരള സര്‍ക്കാര്‍ പറയുന്ന 57,000 കോടി എന്ന സംഖ്യ സംശയമുളവാക്കുന്നു. കാരണം, ഇതിനുമുമ്പ് കേന്ദ്രമന്ത്രിക്ക് അയച്ച കത്തിലെ കണക്കുകള്‍ സൂക്ഷ്മമായി നോക്കിയാല്‍ കേന്ദ്രം നല്‍കേണ്ടത് 5000 കോടിയുടെ അടുപ്പിച്ച് ആണെന്നാണ് മനസ്സിലായത്. ഈ കണക്കുകള്‍ തോമസ് ഐസക്കും നവംബറിലെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അപ്പോള്‍ പെട്ടെന്ന് എങ്ങനെ ഇത് 57000 ആയി മാറി? കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ ഒന്നാംപ്രതി നിശ്ചയമായും കേരള സര്‍ക്കാരാണ്, രണ്ടാംപ്രതി കേന്ദ്ര സര്‍ക്കാരാണ്. അത് വ്യക്തമായി പ്രതിപക്ഷം പറയുമ്പോള്‍ സംഘ്പരിവാര്‍ പട്ടം ചാര്‍ത്തുവാന്‍ ഇടതുപക്ഷ നേതാക്കള്‍ മത്സരിക്കുന്നത് കൃത്യമായ രാഷ്ട്രീയമാണ്

KIIFB മരണ ശയ്യയില്‍

കിഫ്ബി എന്ന ആശയം തുടങ്ങിയ സമയം മുതല്‍ക്കേ ഇത് കേരളത്തിന് അധിക ബാധ്യതയാകും എന്ന് പ്രവചിച്ച പ്രതിപക്ഷ നിരയിലുള്ളവരില്‍ ഒരാളാണ് ഞാന്‍. ഇന്ന് കിഫ്ബി മുഖാന്തരം സമാഹരിച്ച 30,000 കോടി രൂപയുടെ തിരിച്ചടവ് സര്‍ക്കാരിന്റെ മേല്‍ തന്നെ വീണിരിക്കുകയാണ്. അന്ന് പ്രതിപക്ഷം പറഞ്ഞത് യാഥാര്‍ഥ്യമായി. കിഫ്ബി തുടങ്ങാനുള്ള കാരണമായി പറഞ്ഞിരുന്നത് പദ്ധതികള്‍ വേഗത്തിലാക്കുവാനും പുതിയ വികസന സംസ്‌കാരം കൊണ്ടുവരാനുമാണെന്നാണ്. എന്നാല്‍, എട്ടുവര്‍ഷംകൊണ്ട് വിഭാവന ചെയ്ത വന്‍കിട പദ്ധതികള്‍ ഒന്നും യാഥാര്‍ത്ഥ്യമായില്ല എന്ന് മാത്രമല്ല, എല്ലാവര്‍ഷവും സംസ്ഥാന പ്ലാനില്‍ നിര്‍മിച്ചു കൊണ്ടിരുന്ന സ്‌കൂള്‍ കെട്ടിടങ്ങളും റോഡുകളും പരിമിതമായി മാത്രമാണ് പൂര്‍ത്തിയാക്കിയത്.


സര്‍ക്കാര്‍ സംവിധാനങ്ങളെ kiifb യുടെ പ്രോജക്ട് നിര്‍വഹണം കാര്യക്ഷമമാക്കും എന്ന് പറഞ്ഞിട്ട് ഇന്ന് രണ്ടും നടക്കാത്ത അവസ്ഥയാണ്. കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് പോലെയുള്ള ഗിമ്മിക്കുകള്‍ കാണിച്ചതിന്റെ ഫലമായി ഉയര്‍ന്ന പലിശ നിരക്കില്‍ കടം തിരികെ കൊടുക്കേണ്ട അവസ്ഥയാണ്. ഇത് കേരളസര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഭാരമാണ്. പ്രതിപക്ഷം ഏഴുവര്‍ഷം പറഞ്ഞത് പുച്ഛിച്ചു തള്ളിയ ഇടതുപക്ഷം ആരോഗ്യകരമായ ഒരു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ എത്തില്ലായിരുന്നു

നികുതി ചോര്‍ച്ചയുടെ പറുദീസ

നികുതി വരുമാനം വല്ലാതെ വര്‍ധിച്ചു എന്നുള്ള സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണ്. കോവിഡ് സമയത്ത് രണ്ടുവര്‍ഷം ഉണ്ടായിരുന്ന നെഗറ്റീവ് റേറ്റ് താരതമ്യം ചെയ്യുമ്പോഴാണ് ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുള്ളത്. ഇതില്‍ ഇനി ബഹുദൂരം നമുക്ക് സഞ്ചരിക്കാനുണ്ട്. നികുതി ചോര്‍ച്ച കൃത്യമായി മനസ്സിലാക്കണമെങ്കില്‍ പഠിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്-സ്വര്‍ണ്ണവും മദ്യവും. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഒഴുകുന്ന ഈ നാട്ടില്‍ അതിന് അനുപാതികമായിട്ടുള്ള നികുതി കേരളത്തിന് ലഭിക്കുന്നില്ല. സര്‍ക്കാരും രാഷ്ട്രീയ സംവിധാനങ്ങളും സ്വര്‍ണ്ണ വ്യാപാരികളുമായി കൈകോര്‍ത്തുകൊണ്ട് 10000 കോടി രൂപയുടെ നികുതിയാണ് പിരിച്ചെടുക്കാത്തത്. ഇതുപോലെ തന്നെയാണ് മദ്യത്തിന്റെ അവസ്ഥ. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ തുറന്നപ്പോള്‍ സ്വാഭാവികമായി നികുതി വര്‍ധിക്കേണ്ടതാണ്. ഒരു പെഗ്ഗിന് അന്യായമായ റേറ്റ് വാങ്ങിക്കുന്ന മദ്യ മുതലാളിമാര്‍ പക്ഷേ നികുതി അടക്കുന്നതില്‍ ആവേശം കാണിക്കുന്നില്ല.


2023 യു.ഡി.എഫ് പുറപ്പെടുവിച്ച ധവള പത്രത്തില്‍ പറഞ്ഞിരുന്നത് അഞ്ച് വര്‍ഷം കൊണ്ട് ഏകദേശം 75,000 കോടി രൂപയുടെ നികുതി ചോര്‍ച്ച ഉണ്ടെന്നുള്ളതാണ്. അത് സമാനമായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. ജി.എസ്.ടി വകുപ്പില്‍ ഇന്നും 1000 ഓളം ജീവനക്കാര്‍ കൃത്യമായ ജോലിയില്ലാതെ നികുതി പിരിവിനെ ദുര്‍ബലമാക്കുന്നു. പ്രഖ്യാപന കോലാഹലങ്ങള്‍ ഇല്ലാതെ സര്‍ക്കാര്‍ മര്യാദയ്ക്ക് നികുതി പിരിച്ചാല്‍ ഒരു പരിധി വരെ തീരാവുന്ന പ്രശ്‌നങ്ങളെ കേരളത്തിലുള്ളു.

കണക്ക് പുസ്തകം വായിച്ചടക്കുമ്പോള്‍

ഇതിനിടയില്‍ ചില നയവ്യതിയാനങ്ങള്‍ സംഭവിച്ചതിനെ അംഗീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ച് ആയിരക്കണക്കിന് പേര്‍ വിദേശത്തേക്ക് പറക്കുന്ന കാലത്ത് ഇവിടേക്ക് കൂടുതല്‍ സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ എത്തിക്കുമെന്ന ബജറ്റില്‍ കണ്ട നയംമാറ്റത്തെ അഭിനന്ദിക്കുന്നു. ഉന്നത പഠനം തേടി വിദേശമടക്കമുള്ള ഇതര നാടുകളിലേക്ക് വിദ്യാര്‍ഥികള്‍ കുടിയേറുന്നത് കാരണം ഏകദേശം നാലായിരം കോടി രൂപയാണ് സംസ്ഥാനത്ത് നിന്ന് ചോരുന്നത്. ഈ നയം മാറ്റത്തിലൂടെ അത് പിടിച്ചു നിര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴും ഒരു കാര്യം പറയാതെ വയ്യ. 2015ല്‍ വിദേശ സര്‍വകലാശാല പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് മുന്നോട്ട് പോയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനും വിദേശകാര്യ വിദഗ്ധനുമായ ടി.പി ശ്രീനിവാസനെ കരി ഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്ത എസ്.എഫ്.ഐ നിലപാടിന് മറുപടിയായി ബാലഗോപാല്‍ മന്ത്രിയുടെ ബജറ്റ് പ്രഭാഷണം മാറിയത് ശ്രദ്ധയോടെ ഓര്‍ക്കണമല്ലോ.


വാര്‍ധക്യത്തിലേക്ക് എത്തുന്നവര്‍ക്ക് കൈത്താങ്ങാകുന്ന കെയര്‍ ഹോമുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തെയും അംഗീകരിക്കുന്നു. ബജറ്റ് ആത്യന്തികമായി വരവ് ചെലവ് കണക്കുകളുടെ സംഗ്രഹവര്‍ത്തമാനങ്ങളാണ്. ഭരണപക്ഷ ബഞ്ചിലുള്ളവര്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ കേട്ട് കയ്യടിച്ചപ്പോള്‍ ഓര്‍മ വരുന്നത് 2016 മുതല്‍ 2021 വരെ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റുകളാണ്. ഇടുക്കി, മൂന്നാര്‍, വയനാട് പാക്കേജുകള്‍ക്ക് ലഭിച്ച കയ്യടി ഓര്‍മകള്‍ തമാശ പോലെ തോന്നുന്നു. ബജറ്റിന്റെ ഗൗരവം പോലും നഷ്ടപ്പെട്ട അവസ്ഥ. കാരണം, ഈ പാക്കേജുകളെ കുറിച്ച് ധനവകുപ്പിന് ഓര്‍മ നഷ്ടപ്പെട്ട അവസ്ഥ എത്ര ദയനീയമാണ്. ഈ സാമ്പത്തിക വര്‍ഷം സഗൗരവം പരിഗണിക്കേണ്ട കാര്യം കൃത്യവും വ്യക്തവുമായ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ജാഗ്രത കാണിക്കുക എന്നതാണ്.


Similar Posts