Analysis
ബംഗ്ലാദേശ്, ന്യൂനപക്ഷ പ്രശ്‌നം, ജമാഅത്തെ ഇസ്‌ലാമി -ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
Analysis

ബംഗ്ലാദേശ്, ന്യൂനപക്ഷ പ്രശ്‌നം, ജമാഅത്തെ ഇസ്‌ലാമി -ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്

ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്
|
6 Sep 2024 11:56 AM GMT

ബംഗ്ലാദേശ് പ്രശ്‌നത്തില്‍ കേവലാര്‍ഥത്തില്‍ 'മതമൗലികവാദി'കളായതുകൊണ്ടല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കപ്പെടുന്നത്. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03)

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീന 2024 ആഗസ്റ്റ് ആദ്യ വാരത്തില്‍ രാജിവച്ചു. ഹസീനയുടെ രാജിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തതോടെയാണ് പ്രധാനമന്ത്രിക്ക് രാജിയിലേക്ക് നീങ്ങേണ്ടിവന്നത്. ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്‍തലമുറക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനോടുള്ള പ്രതിഷേധമാണ് ബംഗ്ലാദേശിനെ സംഘര്‍ഷത്തിലേക്ക് എടുത്തെറിഞ്ഞത്. രാജിയ്ക്കു പിന്നാലെ ഹസീന ഇന്ത്യയിലേക്ക് കടന്ന വാര്‍ത്തയും പുറത്തുവന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ നൂറു കണക്കിനു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഭരണവിരുദ്ധ അക്രമങ്ങള്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ ഹൈന്ദവന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ നിരത്തിലിറങ്ങിയ വാര്‍ത്തയും പുറത്തുവന്നു. ഹൈന്ദവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ മുസ്‌ലിംപള്ളികളിലും ആഹ്വാനമുണ്ടായി (മാധ്യമം, ആഗസ്റ്റ് 7, 2024). മുസ്‌ലിംവിശ്വാസികള്‍ ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ സുരക്ഷയൊരുക്കുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നു. ഹസീനയുടെ വീഴ്ചയോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ആലോചനയും ആരംഭിച്ചു. നൊബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് നയിക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. താമസിയാതെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.

ബംഗ്ലാദേശ് പ്രശ്നം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ്. സ്വാഭാവികമായി കേരളത്തിലും ചര്‍ച്ചയായി. പക്ഷെ, നിരവധി ഇസ്‌ലാമോഫോബിക് മാതൃകകള്‍ ഉപയോഗിച്ചാണ് ഈ ചര്‍ച്ച വികസിച്ചത്. ബംഗ്ലാദേശില്‍നിന്നുള്ള നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. അതോടൊപ്പം കേരളത്തെ കേന്ദ്രീകരിച്ചും ചര്‍ച്ചകളുണ്ടായി. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നത്.

ബംഗ്ലാദേശിനെ സംബന്ധിച്ച ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്നു വേറിട്ടുതന്നെ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കാണേണ്ടതുണ്ട്. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായ ഒരു ആഖ്യാനം വികസിപ്പിക്കാനാണ് ഈ ചര്‍ച്ച ഉപയോഗിച്ചത്. എന്നാല്‍, പല സിപിഎം അനുകൂലികളും കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയെ ലക്ഷ്യം വെക്കാനാണ് ഈ ചര്‍ച്ചകള്‍ നടത്തിയത്.

ബംഗ്ലാദേശിനെതിരേ വ്യാജവാര്‍ത്തകള്‍:

ബംഗ്ലാദേശില്‍ സംഘര്‍ഷം തുടങ്ങിയതു മുതല്‍ ഹൈന്ദവര്‍ക്കെതിരേ ആക്രമണം നടക്കുന്നുവെന്ന നിരവധി വ്യാജവാര്‍ത്തകര്‍ പുറത്തുവരികയുണ്ടായി. ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശില്‍ അരക്ഷിതരാണെന്നും ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയാണെന്നുമുള്ള വീഡിയോ, വാര്‍ത്താ ലിങ്കുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. മിക്കവാറും വാര്‍ത്തകള്‍ മറ്റിടങ്ങളില്‍ നടന്ന സംഭവങ്ങളുടേതാണെങ്കില്‍ ചിലത് കലാവിഷ്‌കാരങ്ങള്‍ യാഥാര്‍ഥ്യമെന്ന മട്ടില്‍ പ്രചരിപ്പിച്ചതായിരുന്നു.

ബംഗ്ലാദേശില്‍ സംഘര്‍ഷങ്ങള്‍ക്കുശേഷം നടന്ന വ്യാജവാര്‍ത്തകളെ കുറിച്ച് പി.കെ നിയാസ് പ്രബോധനത്തില്‍ എഴുതിയ കുറിപ്പില്‍നിന്ന് ചില ഭാഗങ്ങള്‍ താഴെ നല്‍കുന്നു: ഹസീനയുടെ അവാമി ലീഗിനോടുള്ള അടങ്ങാത്ത ജനരോഷം പ്രതിഷേധക്കാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. ധാരാളം അക്രമസംഭവങ്ങളും നടന്നു. അവാമി ലീഗ് നേതാക്കള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ മുസ്‌ലിംകള്‍ എന്നതുപോലെ ഹിന്ദുക്കളും ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. പരമ്പരാഗതമായി അവാമി ലീഗിനെയാണ് ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും പിന്തുണച്ചിരുന്നത്. അതിനാല്‍, അവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഒട്ടുമുക്കാലും രാഷ്ട്രീയപ്രേരിതമായിരുന്നു. ബംഗ്ലാ ദിനപത്രം പ്രോതോം ആലോ റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. ഹിന്ദുക്കള്‍ വിരലിലെണ്ണാവുന്നവരുമായിരുന്നു. എന്നാല്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വംശഹത്യക്ക് ഇരയാവുകയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സംഘ്പരിവാര്‍ അത് പ്രചാരണ കാമ്പയിനായി ഏറ്റെടുത്തു. കേരളത്തിലും സമാനമായ പ്രചാരണം നടന്നു.

ഗോദി മീഡിയയുടെ മുന്നണിപ്പോരാളിയായ അര്‍ണബ് ഗോസ്വാമിയാണ് സമുദായ സ്പര്‍ധയുണ്ടാക്കുന്നതില്‍ ദേശീയ തലത്തില്‍ നേതൃത്വം കൊടുത്തത്. ഗോസ്വാമിയുടെ തീവ്ര വലതുപക്ഷ റിപ്പബ്ലിക്ക് ടി.വിയുടെ ബംഗാളി ഭാഷയിലുള്ള റിപ്പബ്ലിക്ക് ബംഗ്ല ചാനലായിരുന്നു മുന്‍പന്തിയില്‍. ഇവര്‍ സംപ്രേഷണം ചെയ്ത 50 മിനിറ്റ് ഡോക്യുമെന്ററി ഇതിന്റെ തെളിവാണ്. ഹിന്ദു വീടുകള്‍ ആക്രമിക്കപ്പെടുന്നു എന്ന പേരില്‍ ചാനല്‍ നല്‍കിയ വാര്‍ത്തയില്‍ പലതും മുസ്‌ലിം വീടുകളായിരുന്നു. അവാമി ലീഗ് അനുകൂലികളുടെ വീടുകളാണ് ഇങ്ങനെ ആക്രമിക്കപ്പെട്ടത്. ഹിന്ദു സമുദായത്തില്‍ പെട്ടവരുടെ മാത്രമല്ല, അവാമി ലീഗുകാരായ മുസ്‌ലിംകളുടെ വീടുകളും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു.

ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിറര്‍ ന്യൂസിന്റെ യൂറ്റിയൂബ് ചാനലിന്റെ തലക്കെട്ട് 'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം, കൂട്ടക്കൊലകള്‍' എന്നായിരുന്നു. നാലു ഹിന്ദു വീടുകള്‍ക്കെതിരെ ആക്രമണം എന്ന ഫൂട്ടേജില്‍ പറഞ്ഞ രണ്ടു വീടുകളും മുസ്‌ലിംകളുടേതായിരുന്നു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും അതിലുണ്ടായിരുന്നില്ല. 24 പേരെ ജനക്കൂട്ടം ചുട്ടുകൊന്നതായും ഒരു തെളിവുമില്ലാതെ ചാനല്‍ പ്രചരിപ്പിച്ചു.

ചത്രോഗാമിലെ നോബോഗ്രോഹോ ക്ഷേത്രം തീവെച്ചു നശിപ്പിച്ചെന്ന വ്യാജ വീഡിയോയും റിപ്പബ്ലിക്ക് ടി.വിയുടെ ഔദ്യോഗിക യുറ്റിയൂബ് ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. ചത്രോഗാം സൗത്ത് ജില്ലയിലെ മറ്റൊരു ക്ഷേത്രത്തിനു സമീപത്തെ അവാമി ലീഗ് ഓഫീസിനു നേരെയുണ്ടായ ആക്രമണമാണ് ഇവ്വിധം പ്രചരിപ്പിക്കപ്പെട്ടത്.

ആഗസ്റ്റ് നാലിനു ശേഷം മാത്രം ഹാഷ് ടാഗ് ഉപയോഗിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ഏഴു ലക്ഷത്തിലേറെ തവണ പ്രചരിപ്പിക്കപ്പെട്ടെന്നും മിക്കവാറും എല്ലാ വ്യാജ പോസ്റ്റുകളുടെയും പ്രഭവ കേന്ദ്രം ഇന്ത്യയാണെന്നും സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ബ്രാന്റ്‌വാച്ച് എന്ന ആപ്പ് കണ്ടെത്തി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതായ വാര്‍ത്തകള്‍ വ്യാജമാണെന്ന് ബിബിസിയുടെ വസ്തുതാന്വേഷണ വിഭാഗമായ ബിബിസി വെരിഫൈ നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നു.

#AllEyesOnBangladeshiHindus എന്ന ഹാഷ് ടാഗില്‍ എക്സില്‍ പ്രചരിച്ച വാര്‍ത്തകളില്‍ ബഹുഭൂരിഭാഗവും പച്ചക്കള്ളമായിരുന്നു. അതിലൊന്നാണ് ആഗസ്റ്റ് 7-ന് പോസ്റ്റ് ചെയ്ത വീഡിയോ. ഹിന്ദു സമുദായാംഗത്തിന്റെ കട അഗ്നിക്കിരയാവുന്നതും ആളുകള്‍ കടയില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നതുമായിരുന്നു വീഡിയോ. എന്നാല്‍, ഈ വീഡിയോ ജൂലൈയിലെതാണെന്ന് പിന്നീട് കണ്ടെത്തി. മജു ചൗധരി ഹാത് ഗ്രാമത്തില്‍ തീപ്പിടിത്തത്തില്‍ 15 കടകള്‍ കത്തിയ സംഭവമുണ്ടായിരുന്നു. അതില്‍ ഉള്‍പ്പെട്ടതാണ് ഈ കടയും. ഹസീനയുടെ രാജിക്ക് വളരെ മുമ്പു നടന്ന സംഭവമാണിത്.

ദേശീയ ക്രിക്കറ്റ് ടീമിലെ ഹിന്ദു താരം ലിറ്റന്‍ ദാസിന്റെ വീട് അഗ്നിക്കിരയാക്കിയെന്നായിരുന്നു മറ്റൊരു വ്യാജ വാര്‍ത്ത. 'തെളിവാ'യി ക്ഷേത്രത്തിനു സമീപം ഒരാള്‍ ഇരിക്കുന്നതും കത്തിയെരിയുന്ന വീടിന്റെ ചിത്രവും നല്‍കിയിരുന്നു. തീവ്രവാദികളായ ഇസ്‌ലാമിസ്റ്റുകളാണ് പിന്നിലെന്ന പ്രചാരണവും നടന്നു. ചിത്രത്തിലുള്ളയാള്‍ ലിറ്റന്‍ ദാസ് തന്നെയായിരുന്നു. എന്നാല്‍, അഗ്നിക്കിരയാക്കപ്പെട്ട വീട് അദ്ദേഹത്തിന്റെതല്ല. ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും അവാമി ലീഗ് എം.പിയുമായിരുന്ന മശ്‌റഫ് ബിന്‍ മുര്‍തസയുടേതായിരുന്നു. 'ഇസ്‌ലാമിക തീവ്രവാദികള്‍' ഗ്രാമം ആക്രമിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഹിന്ദു കുളത്തില്‍ ചാടുന്ന വീഡിയോയാണ് മറ്റൊന്ന്. കുളത്തില്‍ ചാടിയയാള്‍ മുസ്‌ലിമായിരുന്നു. പ്രതിഷേധവുമായി ബന്ധവുമില്ല.

ധാക്കയിലും നൊവഖാലിയിലും വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് (ഹിന്ദു) സ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണവും പച്ചക്കള്ളമായിരുന്നു. ധാക്കയിലെ 'ഇര' ഹസീനക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയായിരുന്നു. ഹസീന രാജ്യംവിട്ട ശേഷം നഗരം ശാന്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ട്രാഫിക്ക് നിയന്ത്രിച്ചിരുന്നു. ദീര്‍ഘനേരം റോഡില്‍ സേവനമനുഷ്ഠിച്ച മകളെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് കൊണ്ടുപോയതാണ് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോകലായി മാറിയത്. (ബംഗ്ലാദേശ് ഹിന്ദു വംശഹത്യയെന്ന നുണ ബോംബ്, പി.കെ നിയാസ് പ്രബോധനം വാരിക. ലക്കം 3365, 2024, ആഗസ്റ്റ് 23)


ജെഎന്‍യു വിദ്യാര്‍ഥിയായ ഫൈറൂസ് അബാന്റികയുടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട്് മാര്‍ച്ച് 17ന് ഷാന്റോ ചാത്താറിലെ ജഗന്നാഥ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥി നിശബ്ദ പ്രതിഷേധ നാടകം നടത്തിയിരുന്നു. ഈ നാടകത്തിലെ രംഗവും ബംഗ്ലാദേശില്‍ ന്യനപക്ഷ സമുദായത്തിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നുവെന്നതിന് ഉദാഹരണമായി പ്രചരിപ്പിക്കപ്പെട്ടു (റൂമര്‍ സ്‌കാനര്‍, ആഗസ്റ്റ്, 1, 2024).

ഒരു ഭാഗത്ത് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ മറുഭാഗത്ത് പ്രതിഷേധക്കാര്‍ ഹിന്ദു ഭവനങ്ങള്‍ ആക്രമിക്കപ്പെടരുതെന്നും ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും നിര്‍ദേശം നല്‍കി. പ്രക്ഷോഭ രംഗത്തുള്ള 'വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ' നിര്‍ദേശപ്രകാരമാണ് ഹിന്ദുക്കളുടെ സംരക്ഷണത്തിന് ഉച്ചഭാഷിണികളിലൂടെ ആഹ്വാനം ചെയ്തത് (മാധ്യമം, ആഗസ്റ്റ് 7, 2024). ക്ഷേത്രങ്ങള്‍ക്കു കാവലിരിക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു (മീഡിയവണ്‍, ആഗസ്റ്റ് 6, 2024). എന്നാല്‍, സംഘ്അനുകൂല മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ മറച്ചുവച്ചു. ഹൈന്ദവരെ സംരക്ഷിക്കാന്‍ പള്ളികളില്‍ നിന്ന് ആഹ്വാനം പോലുമുണ്ടായി.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും ബംഗ്ലാദേശ് പ്രശ്നവും:

ബംഗ്ലാദേശ് പ്രതിഷേധം നടക്കുന്ന സമയത്ത് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ നടന്ന പ്രധാന പ്രചാരണം 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിന്റെ സമയത്ത് ജമാഅത്തെ ഇസ്‌ലാമി വംശീയകൂട്ടക്കൊലയുടെ ഭാഗമയായി എന്നാണ്. തീര്‍ച്ചയായും വംശഹത്യ ആരോപണം ഗുരുതരമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. ബംഗ്ലാദേശില്‍ നടന്ന ഒരു കൂട്ടക്കൊലയില്‍ ഒരു വിഭാഗത്തിന്റെ പങ്ക് ആരോപിക്കുന്നതു പ്രാഥമികമായി ഒരു പ്രത്യയശാസ്ത്ര പ്രശ്നമല്ല. 40 വര്‍ഷം മുമ്പു അങ്ങിനെ ഒരു ക്രൈം നടന്നുവെങ്കില്‍ അതു ചെയ്തവരെക്കുറിച്ചും അതിനുള്ള തെളിവും സ്ഥാപിക്കുന്നതു ആ വാദം തെളിയിക്കുന്നതിനു അത്യാവശ്യമാണ്. ഒരു പ്രത്യയശാസ്ത്ര ആരോപണം എന്ന നിലക്കല്ല ഇതൊന്നും ഉന്നയിക്കപ്പെട്ടത്. ഒരു വസ്തുതയെന്ന നിലയിലാണ്. ജമാഅത്തെ ഇസ്‌ലാമിയാണ് 1971- ലെ ബംഗ്ലാദേശ് വിമോചന പോരാട്ട കാലത്തു വംശഹത്യക്കു വഴിയൊരുക്കിയതെന്ന് (ജെനൊസൈഡ് ഇനബ്ലേഴ്സ്) ഹിന്ദു ദിനപത്രത്തില്‍ വിദേശകാര്യ രംഗം കൈകാര്യം ചെയ്യുന്ന സ്റ്റാന്‍ലി ജോണി ഫേസ്ബുക്കിലൂടെ ആരോപിച്ചു (9 ആഗസ്റ്റ് 2024, എഫ്ബി). ഈ ആരോപണം ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വലിയ പരിശോധനകളില്ലാതെ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു.

1971-ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പാകിസ്താനെ പിന്തുണച്ചുവെന്നും യുദ്ധക്കുറ്റങ്ങളില്‍ പങ്കെടുത്തുവെന്നുമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. വംശഹത്യയുടെ പ്രേരകശക്തിയായാണ് സ്റ്റാന്‍ലി ജോണി അവരെ വിശേഷിപ്പിക്കുന്നത്. ബംഗ്ലാദേശ് രൂപീകരണത്തെ ഒരു രാഷ്ട്രീയ തീരുമാനം എന്ന കാരണത്താല്‍ 1971ല്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി എതിര്‍ത്തിരുന്നുവെന്നത് ശരിതന്നെയാണ്. ബംഗ്ലാദേശിലെ അന്നത്തെ മുസ്‌ലിം ലീഗ് അടക്കം മറ്റു അഞ്ചു രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നുവെന്നാണ് ചരിത്രം. ഈ എതിര്‍പ്പ് ബഹുഭൂരിപക്ഷം വരുന്ന ബംഗാളികളുടെ തീരുമാനത്തിനെതിരായ ഒരു ന്യൂനപക്ഷ രാഷ്ട്രീയ തീരുമാനമായിരുന്നു.

അതേസമയം കൊല, ബലാത്സംഗം, സ്വാതന്ത്ര്യ സമരസേനാനികളെ പീഡിപ്പിക്കല്‍ തുടങ്ങിയ യുദ്ധക്കുറ്റങ്ങളില്‍ ഇവര്‍ പങ്കെടുത്തോവെന്നതു വേറെ പരിശോധനയര്‍ഹിക്കുന്ന കാര്യമാണ്. രാഷ്ട്രീയവിയോജിപ്പും കൊലപാതകങ്ങളും വെവ്വേറെ തന്നെ വിലയിരുത്തണം. രാഷ്ട്രീയ വിയോജിപ്പുകള്‍ രാഷ്ട്രീയ ഹിംസകളിലേക്കു നയിക്കുമെന്നു ഏകപക്ഷീയമായി ആരോപിക്കാന്‍ കഴിയില്ല. പ്രത്യയശാസ്ത്ര വിയോജിപ്പുകള്‍ കാരണം പ്രത്യയശാസ്ത്ര ഹിംസയുണ്ടാവുമെങ്കില്‍ ലോകത്തു വിയോജിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കു പ്രവര്‍ത്തിക്കാനര്‍ഹതിയില്ലെന്ന തീര്‍പ്പിലെത്തേണ്ടി വരും. വിയോജിപ്പും ഹിംസയും രണ്ടു തരം നിര്‍ധാരണങ്ങള്‍ ആവശ്യമുള്ള പ്രശ്നമാണ്.

വംശഹത്യ ആരോപണത്തിലെ വസ്തുതകള്‍:

1973-ല്‍ അവാമി ലീഗ് ഭരിച്ചുകൊണ്ടിരുന്ന കാലത്ത് 1971- ലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ ആയിരക്കണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. 195 പേരെയാണ് അവാമി ലീഗ് ഗവണ്‍മെന്റ് യുദ്ധക്കുറ്റവാളികളായി കണ്ടെത്തിയത്. ജമാഅത്തിന്റെ ഒരൊറ്റ നേതാവോ സാധാരണ പ്രവര്‍ത്തകനോ ആ ക്രിമിനല്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ 195 പാക് സൈനികരെയും 1974-ലെ ബംഗ്ലാ-ഇന്ത്യ-പാക് കരാര്‍ പ്രകാരം പൊതുമാപ്പ് നല്‍കി വിട്ടയച്ചു. 1972ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ സിംല കരാറിലും യുദ്ധക്കുറ്റവാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. അവിടെയും ജമാഅത്ത് പ്രവര്‍ത്തകരെക്കുറിച്ച് വംശഹത്യാ പ്രേരകരായി പരാമര്‍ശമൊന്നുമില്ല.

മറ്റൊരു രാഷ്ട്രീയ വസ്തുതയും പരിഗണിക്കേണ്ടതുണ്ട്. 1972 മുതല്‍ 1975 വരെയും 1996 മുതല്‍ 2001 വരെയും അവാമി ലീഗായിരുന്നു ബംഗ്ലാദേശ് ഭരിച്ചിരുന്നത്. അക്കാലത്തൊന്നും ജമാഅത്ത് നേതാക്കളെ വിചാരണ നടത്തിയില്ല. ശിക്ഷിച്ചിട്ടുമില്ല. 1980കളില്‍ സൈനികഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും തൊണ്ണൂറുകളില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പിനും കെയര്‍ടേക്കര്‍ സംവിധാനം കൊണ്ടുവരുന്നതിനും അവാമി ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ആരോപണങ്ങളാണ് 2010ഓടെ രൂപം കൊള്ളുന്നത്. അതിന്റെ പേരില്‍ നിരവധി ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ ശൈഖ് ഹസീന തൂക്കിലേറ്റി. ഇതാവട്ടെ നിയമബാഹ്യമാണെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്.

ബംഗ്ലാദേശ് വിമോചന സമരം നടന്ന കാലത്ത് ഒരു ശതമാനം മാത്രം വരുന്ന ചെറിയൊരു പ്രസ്ഥാനമായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി. 1971 ലെ ബംഗ്ലാദേശ് ജനസംഖ്യ 68,376,204. സ്ത്രീകളും പുരുഷന്‍മാരുമടക്കം ആറു ലക്ഷം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ 1971ലുണ്ടായിരുന്നു എന്നു കണക്കാക്കാം. 1979ലെ പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി നേടിയ വോട്ട് 10.8 ശതമാനമായിരുന്നു. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അഞ്ച് മുതല്‍ 12 ശതമാനം വരെ വോട്ടുകള്‍ നേടി. സ്വതന്ത്ര ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിക്കു വളര്‍ച്ചയുണ്ടായി എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെ ഉള്‍കൊള്ളാന്‍ പത്തു ശതമാനം ബംഗ്ലാദേശികള്‍ക്ക് കഴിഞ്ഞു. അതാവട്ടെ അവിടുത്തെ ജനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഇതിന് മറ്റൊരു അര്‍ഥം കൂടിയുണ്ട്. ഇപ്പോഴത്തെ ജമാഅത്തെ ഇസ്‌ലാമിയിലെ 90 ശതമാനം പ്രവര്‍ത്തകരും പ്രക്ഷോഭകാലത്ത് സംഘടനയില്ലില്ലാത്തവരും അവരോടു വിയോജിക്കുന്ന സ്വാതന്ത്ര്യ സമരസേനാനികളുടെ കൂടെയായിരുന്ന ആളുകളില്‍ നിന്നു വന്നവരുമാണ്.

2010ല്‍ ശൈഖ് ഹസീന സര്‍ക്കാര്‍ സ്ഥാപിച്ച യുദ്ധകുറ്റവാളികള്‍ക്കെതിരായ ട്രൈബ്യൂണല്‍ ബംഗ്ലാദേശ് ഭരണഘടന പ്രകാരവും ക്രിമിനല്‍ കോഡ് (1898) പ്രകാരവും യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ക്ക് അവകാശങ്ങളത്രയും റദ്ദു ചെയ്തു. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വ്യവസ്ഥകളും നഗ്നമായി ലംഘിക്കപ്പെട്ടുവെന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തന്നെ പറയുന്നു. സാധാരണ കുറ്റകൃത്യങ്ങളില്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കില്‍ കുറ്റാരോപിതരെ വെറുതെ വിടേണ്ടിവരും. അംഗീകരിക്കപ്പെട്ട ഈ നിയമ തത്ത്വം അട്ടിമറിച്ചാണ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചിരുന്നത്. കുറ്റാരോപിതര്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാനുള്ള അപ്പീല്‍ അവകാശവും ഹസീന സര്‍ക്കാര്‍ റദ്ദു ചെയ്തു. ട്രൈബ്യൂണലിലേക്കുള്ള ജഡ്ജിമാരുടെ നിയമനമാനദണ്ഡം ആര്‍ക്കും ചോദ്യം ചെയ്യാനാവുമായിരുന്നില്ല. ഹൈക്കോടതിക്ക് തുല്യമായ അധികാരങ്ങളാണ് ട്രൈബ്യൂണലിന് നല്‍കിയിരിന്നത്. അമിതാധികാരമുള്ള ഈ കോടതിയാണ് ജമാഅത്ത് നേതാക്കളെ വേട്ടയാടിയത്.

ബംഗ്ലാദേശില്‍ സംഭവിക്കുന്നത്:

ബംഗ്ലാദേശില്‍ ശൈഖ് ഹസീനക്കെതിരേ നടക്കുന്ന പ്രക്ഷോഭത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ സാന്നിധ്യം എടുത്തുകാട്ടി അതൊരു മതമൗലികവാദ നീക്കമാണെന്ന പ്രചാരണം ശക്തമായിരുന്നു. ആഗസ്റ്റ് ആദ്യവാരത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഈ പ്രചാരണം ശക്തമായി. മതത്തെ ഒരു ആരോപണ സ്ഥലമാക്കുന്ന ഇസ്‌ലാമോഫോബിക് യുക്തി ബംഗ്ലാദേശ് പ്രശ്നത്തെക്കുറിച്ചുള്ള കേരളത്തിലെ വിശകലനങ്ങളില്‍ കാണാവുന്നതാണ്.

ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ ഒരു ഏകാധിപത്യ വിരുദ്ധ പ്രക്ഷോഭമായി കാണുന്നതാണ് ഉചിതം. ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാളികള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണ വ്യവസ്ഥയിലൂടെ സ്വന്തം പാര്‍ട്ടിയായ അവാമി ലീഗ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് വഴിവിട്ട രീതിയില്‍ നിയമിച്ചതാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ അടിയന്തിര കാരണം. പതിനേഴര കോടി ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. സര്‍ക്കാര്‍ ജോലി എന്നതു സ്ഥിരവരുമാനമുള്ള ഒരു തൊഴില്‍ കിട്ടാവുന്ന ഏറ്റവും സുപ്രധാനമായ ഒരു മാര്‍ഗവുമാണ്. അതോടൊപ്പം 2009 മുതല്‍ തുടരുന്ന ഹസീന സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പ്രക്ഷോഭമായി ഇതു മാറി. 90 ശതമാനം മുസ്‌ലിംകള്‍ ജീവിക്കുന്ന ബംഗ്ലാദേശില്‍ സ്വാഭാവികമായും പ്രക്ഷോഭത്തിന്റെ ഭാഗമായി ഇസ്‌ലാമിക രാഷ്ട്രീയ സമീപനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍, മതം ഒരു ഏക ഘടകമായി പ്രസ്തുത പ്രക്ഷോഭത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ശൈഖ് ഹസീന നേതൃത്വം നല്‍കിയ സര്‍ക്കാരാകട്ടെ ഒരു മതവിരുദ്ധ സെക്കുലര്‍ സര്‍ക്കാറുമല്ല. ആവശ്യത്തിനു ചില മതസംഘടനകളെ അവര്‍ ഒപ്പം നിറുത്തിയിരുന്നു. ഖൗമി മാത (സമുദായത്തിന്റെ മാതാവ്) എന്നൊരു ഇമേജ് തന്നെ സൃഷ്ടിച്ചാണ് സമഗ്രാധിപത്യത്തിനനുകൂലമായ മത/മതേതര/ദേശീയ വ്യാഖ്യാനം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചത്. ബംഗ്ലാദേശില്‍ മതസംരക്ഷണ നായികയായി പലപ്പോഴും പ്രതൃക്ഷ്യപ്പെട്ട ശൈഖ് ഹസീന, സെക്കുലര്‍ നിലപാടുകളെ ഏകാധിപത്യത്തിനു അനുഗുണമായ രീതിയില്‍ വ്യാഖ്യാനിക്കുകയും അന്താരാഷ്ട്ര പ്രചാരണത്തിനുപയോഗിക്കുകയുമാണ് ചെയ്യുന്നത്. മുസ്‌ലിംലോകത്തു സെക്കുലര്‍ ഏകാധിപതികളുടെ ജനാധിപത്യവിരുദ്ധത മൂടിവെക്കാനുപയോഗിക്കുന്ന ഒരു രാഷ്ട്രീയ തന്ത്രവുമാണിത്.

ബംഗ്ലാദേശ് വിഷയത്തില്‍ പലരും സങ്കല്‍പ്പിക്കുന്നപോലെ സെക്കുലര്‍/ഇസ്‌ലാം ബൈനറി ഒരു വസ്തുതയല്ല. മതരഹിത സെക്കുലറിസമൊന്നും ദക്ഷിണേഷ്യയില്‍ എവിടെയുമില്ല. ബംഗ്ലാദേശ് ഭരണഘടന പ്രകാരം അതൊരു പീപ്പിള്‍സ് ഡെമോക്രസിയാണെന്നു സ്വയം വിശേഷിപ്പിക്കുന്നു. ഹസീനയുടെ എതിരാളികളായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടി അടക്കമുള്ള സെക്കുലര്‍ പാര്‍ട്ടികളെയും അവര്‍ അടിച്ചമര്‍ത്തിയിരുന്നു. ബംഗ്ലാദേശിലെ വര്‍ക്കേഴ്സ് പാര്‍ട്ടി എന്ന ഏറ്റവും വലിയ ഇടതുകക്ഷി ശൈഖ് ഹസീന പക്ഷപാതികളാണെങ്കില്‍ ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം നിരവധി പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ ഹസീനയുടെ സമഗ്രാധിപത്യ ഭരണത്തിനെതിരാണ്. ഏകാധിപത്യ വിരുദ്ധ ചേരിയിലുള്ള മുഹമ്മദ് യൂനുസ് നിയോ - ലിബറലിസത്തെ ഘടനാപരമായി കാണാന്‍ വിസമ്മതിക്കുന്ന എകണോമിസ്റ്റാണ്. പ്രാദേശിക മുസ്‌ലിം വിഭാഗങ്ങളോടും ജമാഅത്തെ ഇസ്‌ലാമിയോടും പ്രശ്നാധിഷ്ഠിതമായി സഹകരിച്ച ചരിത്രവുമദ്ദേഹത്തിനുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയെ മാത്രമല്ല, അവരോടു വിയോജിപ്പുള്ള ദയൂബന്ദ് പ്രസ്ഥാനമായ ഹിഫാസതെ ഇസ്‌ലാമി പ്രവര്‍ത്തകരെയും വ്യാപകമായി കൊല്ലുകയും തടവിലിടുകയും ചെയ്ത ചരിത്രവുമുണ്ട് ഹസീന സര്‍ക്കാരിന്. ഒരു മുസ്‌ലിം വിഭാഗവുമായും ബന്ധമില്ലാത്ത ദിലവര്‍ ഹുസൈന്‍ സെയ്ദി എന്ന ഇന്റര്‍നാഷനല്‍ മുസ്‌ലിം പ്രഭാഷകനെ ജയിലിലടച്ചു. അദ്ദേഹം 2023ല്‍ ജയിലില്‍ വെച്ചു മരണമടയുകയായിരുന്നു. വസ്തുത ഇങ്ങനെയായിരിക്കെ ജമാഅത്തെ ഇസ്‌ലാമിയെ മാത്രം വേര്‍തിരിച്ചു ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കേരളത്തില്‍ അതേ പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍ വേണ്ടിയാണെന്നു വേണം മനസ്സിലാക്കാന്‍. The Jamaat Qutseion in Bangladesh: Islam, Politics and Socitey in a PtosDemocratic Nation. Edited By Syed Serajul Islam and, Md Saidul Islam (2023 Routledge) എന്ന പഠനം ഈ വിഷയത്തില്‍ നിരവധി ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. വിവാദം കത്തി നിന്ന സമയത്ത് ഡോ. സൈഫുദ്ദീന്‍ കുഞ്ഞ് ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ എന്ന പേരില്‍ ഇസ്‌ലാം ഓണ്‍ലൈനില്‍ ഈ പുസ്തകത്തെ അവലംബിച്ച് ഒരു ലേഖനം എഴുതിയിരുന്നു (ജൂണ്‍ 21, 2024).


2009ല്‍ ഹസീന അധികാരത്തിലേറിയതു മുതല്‍ 600-ലേറെ പേര്‍ 'അപ്രത്യക്ഷരായെ'ന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് (എച്ച്ആര്‍ഡബ്ലിയു) ചൂണ്ടിക്കാട്ടുന്നു. 2015 ജനുവരിക്കും 2020 ഡിസംബറിനുമിടയില്‍ 143 വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭീകരരെന്ന് മുദ്രകുത്തി 755 പേരെയാണ് വധിച്ചതെന്ന് എച്ച്ആര്‍ഡബ്ലിയുവിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ഹസീന ചൊല്‍പടിയില്‍ നിര്‍ത്തി. പരമോന്നത കോടതിയും അതില്‍നിന്ന് ഒഴിവായില്ല. ഹസീനയുടെ ഭീഷണിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ബംഗ്ലാദേശിലെ പ്രഥമ ഹിന്ദു ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹക്ക് 2017-ല്‍ വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. അഴിമതിക്കുറ്റം ചുമത്തി പിന്നീട് ഇദ്ദേഹത്തിന് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയുണ്ടായി. 'തകര്‍ന്ന സ്വപ്നം: നിയമവാഴ്ച, മനുഷ്യാവകാശം, ജനാധിപത്യം' (Broken Dream: Rule of Law, Human Rights and Democracy) എന്ന പേരില്‍ സിന്‍ഹ പിന്നീട് പുസ്തകമെഴുതി.


ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമോഫോബിയയും:

ബംഗ്ലാദേശിലെ രാഷ്ട്രീയപ്രതിസന്ധി രൂപം കൊണ്ട സമയത്തുതന്നെ കേരളത്തില്‍ വിവിധ തലങ്ങളില്‍ ഇടത്-മതേതര വിഭാഗങ്ങളുടെ ഭാഗത്തുനിന്ന് കനത്ത വിമര്‍ശനം ഉയര്‍ന്നുവന്നു. ബംഗ്ലാദേശിലേത് മതമൗലികവാദ മുന്നേറ്റമാണെന്നും മതേതരനേതാവായ ശൈഖ് ഹസീനയെ ജമാഅത്ത് വിഭാഗത്തിന്റെ ഒത്താശയോടെ താഴെയിറക്കുകയാണ് ഉണ്ടായതെന്നുമാണ് വിമര്‍ശനത്തിന്റെ അന്തഃസത്ത. ചിലര്‍ ജമാഅത്തിനു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ കയ്യും കണക്കുകൂട്ടി. ബംഗ്ലാദേശിനോടുള്ള വിമര്‍ശനം ഇന്ത്യന്‍ / കേരള ജമാഅത്തെ ഇസ്‌ലാമിയ്ക്കെതിരേയും അവരുടെ മുന്‍കയ്യില്‍ നടക്കുന്ന മാധ്യമത്തിനും ചാനലിനുമെതിരേ തിരിച്ചുവിട്ടതാണ് മറ്റൊരു ശ്രദ്ധേയമായ പ്രവണത. ആ സമയത്ത് നിരവധി വിദ്വേഷ പ്രതികരണങ്ങളാണ് ജമാഅത്തിനും ജമാഅത്ത് ബന്ധമുള്ള മീഡിയവണ്‍, മാധ്യമം ദിനപത്രം തുടങ്ങിയ മാധ്യമങ്ങള്‍ക്കുമെതിരേ നടന്നത്.

അധികാരം 'വിസ്മയങ്ങ'ളുടെ കൈകളിലേക്ക്:

മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടിക്കെട്ടിയാണ് വിശദീകരിച്ചത്. ബംഗ്ലാദേശില്‍ നടക്കുന്നതിനെ അഫ്ഗാനുമായി ബന്ധപ്പെടുത്തിയ അദ്ദേഹം 'വിസ്മയങ്ങ'ളാണ് അധികാരത്തിലേറാന്‍ പോകുന്നതെന്ന ആശങ്കയും പ്രകടിപ്പിച്ചു. വിസ്മയം എന്നത് ജമാഅത്തെ ഇസ്‌ലാമിയെ കുറിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാക്കാണ്: ''ഇന്ത്യയുടെ സുഹൃത്തായിരുന്ന, സെക്കുലര്‍ രാഷ്ട്രീയം പ്രാക്ടീസ് ചെയ്തിരുന്ന, മുസ്ലിം മതവാദികളെ ഉരുക്കു കൈകൊണ്ടു നേരിട്ട, രാജ്യത്തെ കൊടും പട്ടിണിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച, ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു സമ്പദ്ഘടനയായി ബഗ്ലാദേശിനെ മാറ്റിയ, ബംഗബന്ധു ഇന്ത്യയുടെ സുഹൃത്ത് മുജീബുര്‍ റഹ്മാന്റെ മകള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന ഏകദേശം ഒരു മാസം നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ രാജി വച്ച് നാടുവിട്ടു. രാജ്യം അഫ്ഗാനിസ്ഥാനെപ്പോലെ ഇനി 'വിസ്മയങ്ങ'ളുടെ കൈകളിലേക്ക്. ശൈഖ് ഹസീന ഇന്ത്യയിലേക്ക് വിമാനം കയറുമ്പോഴായിരിക്കണം ഇന്ത്യക്കാര്‍ കാര്യം അറിഞ്ഞത്. എങ്കിലും സൂപ്പര്‍ സ്പൈയുടെ കഥയുമായി മിത്രങ്ങള്‍ ഇനിയും വരും. പാവങ്ങള്‍.'' (കെ.ജെ ജേക്കബ്, ആഗസ്റ്റ് 5, 2024, എഫ്ബി)

ജമാഅത്ത് എന്ന ഒറ്റുകാര്‍:

സിപിഎം സൈബര്‍ കമ്യൂണ്‍ എന്ന ഫേസ്ബുക്ക് പേജില്‍ പ്രഭാകരന്‍ മുടക്കരില്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ ജമാഅത്തിനെയും മാധ്യമങ്ങളെയും ഇതിനേക്കാള്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്: 1971 മാര്‍ച്ച് 25 ന് ഓപ്പറേഷന്‍ സേര്‍ച്ച് ലൈറ്റ് എന്ന പേരില്‍ പാകിസ്താന്‍ മിലിട്ടറി ഒരു ക്രാക്ക് ഡൌണ്‍ തുടങ്ങി. കൂട്ടക്കൊലകള്‍, ബലാത്സംഗങ്ങള്‍ തുടങ്ങി അവര്‍ ചെയ്യാത്ത ക്രൂരതകള്‍ ഒന്നുമില്ല. ധാക്ക യൂണിവേഴ്സിറ്റിയില്‍ ഒക്കെ വിദ്യാര്‍ഥികളെ കൂട്ടക്കുരുതി നടത്തി. മാര്‍ച്ച് 26ന് ശൈഖ് മുജീബുര്‍റഹ്മാന്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1975 ആഗസ്റ്റ് 15 ന് മുജീബുര്‍റഹ്മാനെയും കുടുംബത്തെയും റെനഗേഡ് ആര്‍മി കൂട്ടക്കൊല ചെയ്തു. ഓപ്പറേഷന്‍ സേര്‍ച്ച് ലൈറ്റ് നടക്കുമ്പോള്‍ പാകിസ്താന്‍ മിലിട്ടറിക്ക് സകല ഒത്താശകളും ചെയ്തു സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്തത് റസാക്കര്‍സ് എന്ന ഒരു സംഘമാണ്. ടാര്‍ഗെറ്റുകള്‍ തെരഞ്ഞെടുക്കല്‍, പോരാളികളെ ഒറ്റുകൊടുക്കല്‍ തുടങ്ങി അവര്‍ക്ക് വേണ്ടി സകല തോന്ന്യാസങ്ങളും ചെയ്തു. റസാക്കാര്‍ എന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഹിറ്റ് ടീം ആയിരുന്നു. അതുപോലെ മറ്റു ചുമതലകള്‍ ഉള്ള അല്‍ ബദര്‍, അല്‍ ഷംസ് തുടങ്ങിയ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. അതും ജമാഅത്തെ ഇസ്‌ലാമി നേതൃത്വം കൊടുത്തു പാകിസ്താന്‍ മിലിട്ടറിയെക്കൊണ്ട് ട്രെയിനിങ് കൊടുപ്പിച്ചുണ്ടാക്കിയതാണ്. മുക്തി ബാഹിനി പോലുള്ള ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുകയും ലക്ഷക്കണക്കിന് ബംഗ്ലാദേശികളെ ഇവര്‍ കൊല്ലുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് ശേഷം റസാക്കര്‍മാരില്‍ പ്രധാനികളായ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ തൂക്കിക്കൊല്ലുകയും ജയില്‍ ശിക്ഷ കൊടുക്കുകയും ചെയ്തു. ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കി ജമാഅത്തെ ഇസ്‌ലാമിയുടെ ബാക്കിങ്ങോട് കൂടിയ ഒരു പ്രോക്സി ആണ് ഇനി മിക്കവാറും ബംഗ്ലാദേശ് ഭരിക്കുക. ഗാന്ധിഘാതകരുടെ പിന്മുറ ഇന്ത്യയില്‍ അധികാരത്തില്‍ വന്നത് പോലെ, മുജീബുര്‍റഹ്മാനെ ഒറ്റിയവരുടെ പിന്മുറ ആണ് ഇനി ബംഗ്ലാദേശില്‍. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയെ എന്തിന് എതിര്‍ക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ബംഗ്ലാദേശില്‍ കണ്ടത്. കുത്തിത്തിരിപ്പുണ്ടാക്കി അവര്‍ ഒരു രാജ്യത്തെ അട്ടിമറിച്ചു. സ്വന്തം അമ്മാവന്‍ അധികാരത്തില്‍ വന്ന സന്തോഷമാണ് മീഡിയവണ്ണിലെ മാപ്രകള്‍ക്കും ഓണ്‍ലൈന്‍ മൗദൂദികള്‍ക്കും. ഒരു ചെറിയ റെപ്രസെന്റേഷന്‍ എങ്കിലും കിട്ടിയാല്‍ അവര്‍ ഇതാണ് ഇന്ത്യയിലും ചെയ്യാന്‍ പോകുന്നത്. കുത്തിത്തിരിപ്പുണ്ടാക്കി ഇന്ത്യയിലെ മുസ്‌ലിംകളെ നശിപ്പിക്കും. ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ പാകിസ്താന്റെ കൂടെ നില്‍ക്കും. കാരണം, അവരുടെ ഉദ്ദേശം ഹുകൂമത്തെ ഇലാഹി അഥവാ ദൈവരാജ്യമാണ്. (പ്രഭാകരന്‍ മുടക്കരില്‍, ആഗസ്റ്റ് 7, 2024, എഫ്ബി)

ജനാധിപത്യം അല്ല, ഇത് താലിബനിസം!:

ഇടത് ചിന്താഗതിക്കാരനായ ടി.കെ മനോജന്‍ ബംഗ്ലാദേശില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് പറഞ്ഞത് ഇതാണ്: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയെ അധികാര ഭ്രഷ്ടയാക്കിയത് എന്തോ വലിയ ജനാധിപത്യമാറ്റം ആണെന്ന മട്ടില്‍ വ്യാപകപ്രചാരണം നടക്കുന്നുണ്ട്. ഒട്ടും യോജിക്കാന്‍ നിവൃത്തിയില്ല. കാരണം, ഒരു സൂചനയായി ഈ ചിത്രത്തിലുണ്ട്. ബംഗ്ലാദേശ് വിമോചന നായകനും ആധുനിക ബംഗ്ലാദേശിന്റെ പിതാവുമായ ശൈഖ് മുജീബ് റഹ്മാന്റെ പ്രതിമ ഹസീനവിരുദ്ധര്‍ തകര്‍ക്കുന്നതാണ് ദൃശ്യം. അതിലെ രാഷ്ട്രീയസന്ദേശം പകല്‍പോലെ വ്യക്തം. ശൈഖ് ഹസീനയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കില്‍ അതിനോട് ജനാധിപത്യ രീതിയിലുള്ള പ്രതികരണമാണല്ലോ വേണ്ടത്. ഇവിടെ കാണുന്നത് അതല്ല. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവര്‍ നെഹ്റുവിന്റെ പ്രതിമ തകര്‍ത്താല്‍ എങ്ങനെയിരിക്കും! നമ്മുടെ തൊട്ടയല്‍പക്കത്ത് അപകടകരമായ മറ്റൊരു രാഷ്ട്രീയം വളര്‍ന്നുവരികയാണ്! ഹസീനയെ തുരത്തിയത് ആഘോഷിക്കുന്നവരില്‍ പ്രമുഖര്‍ പണ്ട് ബേനസിര്‍ ഭൂട്ടോയുടെ കൊല ആഘോഷിച്ചവരാണ് എന്നോര്‍ക്കുക (ടി.കെ മനോജന്‍, ആഗസ്റ്റ് 6, 2024, എഫ്ബി).

കേരളത്തില്‍ അതേ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകവും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ നയപരമായി പ്രത്യേക ബന്ധമില്ലെങ്കിലും പലപ്പോഴും പ്രാദേശികമായി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വിമര്‍ശനമായാണ് ഇത്തരം ആഗോള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. എല്ലാ മുസ്‌ലിം പ്രവര്‍ത്തികളും സ്ഥല-കാല ഭേദമന്യ ഒന്നാണെന്ന ഇസ്‌ലാമോഫോബിക് വാര്‍പ്പുമാതൃക വിമര്‍ശനങ്ങളുടെ അബോധമായി പ്രവര്‍ത്തിക്കുന്നു.

കുപ്രചാരണം കേരളത്തിലും:

കേരളത്തിലും ഇതേ സമയത്ത് വൈവിധ്യമാര്‍ന്ന വ്യാജപ്രചാരണങ്ങളും നടന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന്‍ പോലുള്ള പ്രശ്നങ്ങളോട് പ്രതികരിച്ച സെലിബ്രിറ്റികളെക്കൂടി ചോദ്യം ചെയ്തുകൊണ്ടും പരിഹസിച്ചുമായിരുന്നു ഇത് നടന്നത്. ഈ വിഷയത്തില്‍ എബിസി മലയാളം ചാനല്‍ രണ്ട് അഭിമുഖങ്ങളാണ് ടെലികാസ്റ്റ് ചെയ്തത്. ആഗസ്റ്റ് 8ാം തിയ്യതി അപ് ചെയ്ത വീഡിയോയില്‍ ധനുഷ്, സുരേഷ് കൊച്ചാട്ടില്‍ തുടങ്ങി രണ്ട് പേരാണ് പങ്കെടുത്തത്. മുസ്‌ലിംകളാല്‍ ആക്രമിക്കപ്പെടുന്ന ഹൈന്ദവജനത, ഹിന്ദുക്കളുടെ ഏകീകരണം, ഇതിനെതിരേ പ്രതിഷേധിക്കാത്ത കേരളത്തിലെ ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പ്രമേയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ധനുഷിന്റെ കണക്കില്‍ 500ലധികം ഹിന്ദു യുവതികളെയാണ് മുസ്‌ലിംകള്‍ തട്ടിക്കൊണ്ടുപോയത്:

''നമുക്കറിയാം ബംഗ്ലാദേശില്‍ ഹിന്ദു വേട്ട നടക്കുകയാണ്. അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ഞൂറിലധികം ഹിന്ദുയുവതികളെ കാണാതായിരിക്കുന്നു. ആളെ കൊന്നിട്ട് അയാളുടെ കാലില്‍ കയറി കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍. റേപ്പ് ചെയ്ത ഒരു യുവതിയെ കട്ടിലില്‍ കിടത്തി കൊന്നിട്ടിരിക്കുന്നു. ഒരാളുടെ കുട്ടിയെ വീടിന്റെ നടയില്‍ കെട്ടിത്തൂക്കിയിരിക്കുകയാണ്. ഒരു പുരുഷനെ കൊന്നിട്ട് അദ്ദേഹത്തിന്റെ പ്രൈവറ്റ് പാര്‍ട്ടുപോലും ഛേദിച്ചെടുത്തിരിക്കുന്നു. വലിയ ഭീകരതയാണ് അവിടെ നടക്കുന്നത്. ഹിന്ദുക്കള്‍ അസാമാന്യമായ തരത്തില്‍ തിരിച്ചടിക്കുന്നുണ്ട്. ഹരേ കൃഷ്ണ ഹരേ രാമ എന്ന വാക്യങ്ങള്‍ ഉയര്‍ത്തി അവര്‍ പ്രൊടെസ്റ്റ് ചെയ്യുന്നു. ഈ രീതിയില്‍ അവിടെ ഹൈന്ദവ ഏകീകരണം ഉണ്ടാകുന്നു. നൂറുകണക്കിന് പതിനായിരക്കണക്കിന് ഹിന്ദുക്കളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. എക്സാക്ട്ലി പറയുകയാണെങ്കില്‍ ബംഗ്ലാദേശിലെ ശഹബ എന്നീ പ്രദേശങ്ങളിലാണ് ഹിന്ദുക്കള്‍ പ്രതിഷേധിക്കുന്നത്. ഞാനും ബംഗ്ലാദേശിയാണ് എനിക്കും നീതി വേണം എന്ന ചോദ്യങ്ങളോട് കൂടിയാണ് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങുന്നത്. മൈനോരിറ്റി കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ എന്നു പറഞ്ഞുകൊണ്ട് ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഹിന്ദുക്കള്‍ക്ക് വേണ്ടി അണിനിരക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനായി സാധിക്കുന്നത്.''

ഫലസ്തീന്‍ പ്രശ്നത്തോട് പ്രതികരിച്ചവര്‍ക്കെതിരേ തന്റെ രോഷം തിരിച്ചുവിടാനും അദ്ദേഹം മറന്നില്ല: ''എന്റെ സാറേ പറയാതിരിക്കുന്നതാണ് ഭേദം. അവിടെ ആളുകള്‍ കൊന്നൊടുങ്ങുന്നു. ലോകം മുഴുവന്‍ വീക്ഷിക്കുന്നു.. അപ്പോഴും കേരളത്തില്‍.. ഇന്ന് ഞാന്‍ ഒരു ലേഖനം കണ്ടു അതില്‍ ഇസ്‌ലാമിക ജിഹാദികളുടെ ചെരുപ്പ് നക്കുന്ന മാധ്യമം എഴുതിയിരിക്കുന്നത് ബംഗ്ലാദേശില്‍ ഒരു കുഴപ്പവുമില്ല - അവിടെയുള്ള ഏതോ ഒരു ഡോക്ടര്‍ എഴുതുന്നത് പോലെ - അങ്ങനെയൊരു ലേഖനം കൊടുത്തിരിക്കുന്നു. കണ്ണീ ചോരയില്ലാതെ. പക്ഷേ, റഫയില്‍ ഒരു പ്രശ്നം നടന്ന് അലമുറയിട്ട് കരയുന്നത് നമുക്ക് കാണാന്‍ സാധിക്കും. യഥാര്‍ഥത്തില്‍ ബംഗ്ലാദേശിനെക്കാളും കേവലം കെട്ട മാധ്യമപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. അവിടെ മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. പ്രസ് ക്ലബ് ഒക്കെയും ചുട്ടുകരിക്കുകയുമാണ്. അതൊന്നും ഒരു വിഷയമേ അല്ല. എല്ലാരും ഇവിടെ റഫായിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നത്?'' കേരളത്തിലെ ഇവന്മാരുടെ ഇരട്ടത്താപ്പ് സാര്‍ കാണുന്നുണ്ടോ. സുഡാപ്പികള്‍ സന്തോഷത്തിലാണ്.

ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ ബംഗ്ലാദേശില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് വിചാരണ ചെയ്യണമെന്ന അഭിപ്രായക്കാരനാണ് സുരേഷ് കൊച്ചാട്ടില്‍. ദേശീയമാധ്യമങ്ങളെപ്പോലെ വാര്‍ത്ത ചെയ്യാത്ത മലയാള മാധ്യമങ്ങളോടുള്ള പ്രതിഷേധവുമുണ്ട്: ''ടെററിസ്റ്റ് രാജ്യം എന്ന മുദ്രകുത്തി അവിടെയുള്ള ജമാഅത്തെ ഇസ്‌ലാമിയെയും മറ്റും ഒരുപാഠം പഠിപ്പിക്കാവുന്നതാണ്. ഒന്നാമതായി അവിടെയുള്ള ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ തിരഞ്ഞു പിടിച്ച് അവരെ മുന്നില്‍ കൊണ്ടുവരേണ്ടതാണ്. അവിടുത്തെ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ പാകിസ്താനില്‍ നടക്കുന്നതുപോലെ അണ്‍നോണ്‍ മെന്‍ വന്നടിച്ചാല്‍ നന്നായിരിക്കും. അവിടുത്തെ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ ഇന്ത്യക്കറിയാം, ഇന്ത്യയിലെ ഇന്റലിജന്‍സിന് അറിയാം. അവരെ അവിടെ നിന്ന് പൊക്കി ഇന്ത്യയില്‍ കൊണ്ടുവന്ന് ട്രെയലിനു വിധേയമാക്കണം. അവിടെയുള്ള ഓരോ ഹിന്ദുവിന്റെയും ജീവന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കേസ് എടുക്കണം. അവരെ ഇവിടെ കൊണ്ട് വന്നു ട്രെയല്‍ നടത്തി ഇവിടെ ജയിലില്‍ ഇടണം. എന്നാലേ അവര്‍ പാഠം പഠിക്കൂ. ഇവിടെയുള്ള ഒരു മൗദൂദി ചാനലിനെ ബാന്‍ ചെയ്തപ്പോള്‍ എന്തായിരുന്നു കൂട്ടക്കരച്ചില്‍. പിന്നെ അവര്‍ കോടതിയില്‍ പോയി തങ്ങള്‍ ജിഹാദികള്‍ അല്ല എന്ന് പറഞ്ഞുകൊണ്ട് ലൈസന്‍സ് തിരികെ വാങ്ങിച്ചു. കേരള മാധ്യമങ്ങള്‍ നാഷ്ണല്‍ മീഡിയയെ കണ്ടു പഠിക്കണം. അതില്‍ മൊത്തം പ്രോഹിന്ദു ആന്റി ബംഗ്ലാദേശ് സെന്റിമെന്‍സാണ്. പക്ഷേ, കഷ്ടകാലത്തിന് ഇവിടെ മാത്രം ഇതിനെതിരാണ്. (എബിസി മലയാളം, ആഗസ്റ്റ് 8, 2024)

സാമ്രാജ്യത്വ കരങ്ങള്‍:

9ാം തിയ്യതി എബിസി ചാനല്‍ പുറത്തുവിട്ട ചര്‍ച്ചയില്‍ ഗൗതം കൃഷ്ണയും സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്രനും പങ്കെടുത്തു. ചര്‍ച്ചയുടെ പ്രമേയത്തില്‍ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ബംഗ്ലാദേശില്‍ നടന്നത് അമേരിക്കന്‍ അനുകൂല അട്ടിമറി ആണെന്നാണ് രാമചന്ദ്രന്‍ പറയുന്നത്:

വിദ്യാര്‍ഥികള്‍ എന്ന വ്യാജേന ഈ അക്രമങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. സോറോസ് ഫണ്ട് മുടക്കിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ഇത്തരം സംഘടനകളോടൊപ്പം ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നാണ് ഇതിന്റെ ചരടുകള്‍ വലിച്ചിട്ടുള്ളത്. ഇവരൊക്കെ ഹിന്ദുക്കളെ ആക്രമിച്ചതില്‍ തെളിവുണ്ട്. അതുകൊണ്ട് അവിടെയുള്ള ന്യൂനപക്ഷങ്ങളെ അതും ഹിന്ദുക്കളും ബുദ്ധരും ക്രിസ്ത്യരും എല്ലാം ഉള്‍പ്പെടുന്നവരെ സംരക്ഷിക്കണം എന്നു മോദി പറയുന്നതില്‍ തെറ്റില്ല. വോയിസ് ഓഫ് ബംഗ്ലാദേശ് ഹിന്ദു എന്ന് പറഞ്ഞുകൊണ്ട് കുറെ വീഡിയോസ് വന്നിരുന്നു. പണവും സ്വര്‍ണവും കൊള്ളയടിച്ചു എന്നും പറയുന്നു. 14 വയസ്സുള്ള കുട്ടിയെ റാഞ്ചി കൊണ്ടുപോയി തിരിച്ചു കിട്ടാന്‍ വേണ്ടി 10 ലക്ഷം രൂപ ചോദിച്ചു. ഇത് ജസോറില്‍ നടന്ന സംഭവമാണ്. പതിനഞ്ചുകാരനെ ഉപദ്രവിച്ചതിന്റെ റിപ്പോര്‍ട്ടും പറയുന്നുണ്ട്. കഴിഞ്ഞദിവസം ബംഗ്ലാദേശിലെ താക്കീഴില്‍ മതേതര ഗായകനായ രാഹുല്‍ ആനന്ദയുടെ വീട് തീവെച്ചു. അമേരിക്ക, ബംഗ്ലാദേശില്‍ നിന്നും ചിറ്റഗോഗ് പോലെയുള്ള സ്ഥലങ്ങള്‍ കീഴ്പ്പെടുത്തി ഒരു ക്രിസ്ത്യന്‍ രാഷ്ട്രം സൃഷ്ടിക്കുകയാണെന്നും അതിന്റെ പേര് സാഗം എന്നാണെന്നും ശൈഖ് ഹസീന പറയുന്നുണ്ടായിരുന്നു. അമേരിക്ക ഈ പ്രദേശങ്ങളില്‍ ഫണ്ട് ഇറക്കിയിരിക്കുകയാണെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ വിദേശ കരങ്ങള്‍ ഉണ്ട്. ഇതില്‍ ജഹാദികളുടെ കൈയും ഉണ്ട്. ഇപ്പോള്‍ എത്ര പത്രപ്രവര്‍ത്തകരെയാണ് ആക്രമിക്കുന്നത്. പ്രദീപ് ഭൂമിക്ക്, കമ്യൂണിസ്റ്റും കര്‍ഷക സംഘത്തിന്റെ നേതാവും പ്രസ്‌ക്ലബ് സെക്രട്ടറിയുമാണ്. ക്ലബ്ബിന്റെ അകത്തു വച്ച് അദ്ദേഹത്തെ കൊന്നു. അദ്ദേഹം ഒരു പത്രത്തിന്റെ ലേഖകന്‍ കൂടിയാണ്. ആ പട്ടിക നോക്കുകയാണെങ്കില്‍ മുസ്ലിം പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ജിഹാദികള്‍ക്ക് മറ്റവരെയും (ആവാമി ലീഗുകാരെയും) ഇഷ്ടമല്ല.

നട്ടെല്ലു നിവര്‍ത്തി ഹിന്ദു!:

ബംഗ്ലാദേശില്‍ ഹിന്ദു പീഡിപ്പിക്കപ്പെടുന്നുവെന്നും അതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുവെന്നും പ്രചാരണം നടത്തിയതില്‍ മുന്നിലായിരുന്നു ഹിന്ദുത്വ ഓണ്‍ലൈന്‍ മാധ്യമമായ തത്വമയി. മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായ അടിച്ചമര്‍ത്തലിനെതിരേ ഹിന്ദു നട്ടെല്ലു നിവര്‍ത്തി നിന്നുകഴിഞ്ഞുവെന്നായിരുന്നു അവരുടെ വാര്‍ത്ത പറയാന്‍ ശ്രമിച്ചത്:

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന വ്യാപകമായ അക്രമത്തില്‍ ആദ്യഘട്ടത്തില്‍ ഒന്ന് പതറിയെങ്കിലും ഹിന്ദു ബംഗ്ലാദേശില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ബംഗ്ലാദേശിലെ ധാക്കയിലും അതുപോലെതന്നെ മറ്റു ചില നഗരങ്ങളിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു. അതായത് ഈ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക, ഇങ്ങനെയുള്ള അക്രമത്തില്‍ പ്രതികളായിട്ടുള്ളവരെ വിചാരണ ചെയ്യുന്നതിനായി പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കുക, പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുക, ന്യൂനപക്ഷ സംവരണ നിയമം പാസാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ബംഗ്ലാദേശില്‍ മാത്രമല്ല ഇന്ത്യയിലെ പല നഗരങ്ങളിലും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി. അയോധ്യയിലും ഉത്തരേന്ത്യയിലെ മറ്റു പല ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി. നേപ്പാളിലും യുഎസ്സിലും ബ്രിട്ടനിലും ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടു. അമേരിക്കയിലെ യുഎന്‍ ആസ്ഥാനത്തേക്ക് ഹിന്ദു ആക്ഷന്‍ എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഹിന്ദുക്കള്‍ ഒന്നിച്ച് മാര്‍ച്ച് ചെയ്തു.

ഭരണമാറ്റം ഉണ്ടാകുന്ന സമയത്ത് അവിടുത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. ഏറിയകൂറും ആക്രമണം ഉണ്ടായത് ഹിന്ദുക്കള്‍ക്ക് നേരെയാണ്. അവരുടെ ഭവനങ്ങളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ചുട്ടുചാമ്പലാക്കി. നിരവധി പേരെ കൊലക്കത്തിക്ക് ഇരയാക്കി. ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തിന്റെ പേരില്‍ ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ശഖാവത്ത് ഹുസൈന്‍ മാപ്പ് പറഞ്ഞു (നട്ടെല്ല് നിവര്‍ത്തി ഹിന്ദു: ആദ്യം പതറിയെങ്കിലും നട്ടെല്ല് നിവര്‍ത്തി ഹിന്ദു പ്രതിഷേധിച്ചു, വിജയം നേടി, തത്വമയി ന്യൂസ്, ആഗസ്റ്റ് 12, 2024)

ഹിന്ദുസുരക്ഷയ്ക്ക് മോദിയുടെ കത്ത്:

മുസ്‌ലിംകള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ ഇരയാക്കപ്പെടുന്ന ഹിന്ദു എന്ന ഇമേജിനെ പൊലിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യാ സര്‍ക്കാരും മുന്നിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ നിരവധി വാര്‍ത്തകള്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ചു. ബംഗ്ലാദേശിനെ നിയന്ത്രിച്ചുനിര്‍ത്താനും അവിടത്തെ ഹൈന്ദവസമൂഹത്തെ രക്ഷിക്കാനും ശക്തിയുള്ള പിതൃസ്വരൂപമായി മോദി അവതരിപ്പിക്കപ്പെട്ടു: (മോദിയുടെ കത്ത് യൂനുസിന്!, എബിസി മലയാളം, ആഗസ്റ്റ് 9, 2024, ധനുഷ്, നുസ്രത്ത് ജഹാന്‍)

ബംഗ്ലാദേശ് കത്തിയെരിയുകയാണ്. അവിടെ വിദ്യാര്‍ഥി പ്രക്ഷോഭം എന്ന് പറഞ്ഞിട്ട് പ്രക്ഷോഭം തുടങ്ങിയെങ്കിലും, അതില്‍ ശൈഖ് ഹസീന രാജിവച്ചെങ്കിലും, ഹിന്ദുക്കളുടെ വീടുകള്‍ മുഴുവന്‍ കൊള്ളയടിക്കപ്പെടുകയാണ്. ഹിന്ദുക്കള്‍ മുഴുവന്‍ ചുട്ടെരിക്കപ്പെടുകയാണ്. ഹിന്ദുക്കള്‍ മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അപ്പോള്‍ ഇന്ത്യ എന്തുചെയ്തു എന്നുള്ള ഒരു വലിയ ചോദ്യം നിലനില്‍ക്കുന്നുണ്ട്. നരേന്ദ്ര മോദി എന്ത് ചെയ്തു, ഇന്ത്യ എന്ത് ചെയ്യാന്‍ പോകുന്നു? ശൈഖ് ഹസീനക്ക് നമ്മള്‍ അഭയം കൊടുത്തു എന്നതിന് പുറമെ ബംഗ്ലാദേശിലുള്ള ന്യുനപക്ഷങ്ങള്‍ക്കായി ഇന്ത്യ എന്തുചെയ്യുന്നു എന്നുള്ള ചോദ്യം ഇസ്രായേലടക്കം ചോദിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ വരുന്ന ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം നരേന്ദ്ര മോദി ബംഗ്ലാദേശ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ വിഷയത്തില്‍ ബംഗ്ലാദേശിന് ഒരു താക്കീത് അഭിനന്ദനക്കത്തിന്റെ രൂപത്തില്‍ നരേന്ദ്ര മോദി അയച്ചിരിക്കുന്നുവെന്ന് അറിയാനായിട്ട് സാധിക്കുന്നു. ബംഗ്ലാദേശിലെ ഭരണമാറ്റത്തില്‍, മുഹമ്മദ് യൂനുസ് എന്ന ബംഗ്ലാദേശിന്റെ പുതിയ ഭരണാധികാരിക്ക് നരേന്ദ്രമോദി അഭിനന്ദനമറിയിച്ചുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്. പക്ഷെ, ആ കാര്യങ്ങളിലൂടെ മോദി വലിയൊരു മുന്നറിയിപ്പുകൂടെ ബംഗ്ലാദേശിന് നല്‍കുന്നു. നിങ്ങളുടെ നാട്ടില്‍ ഹൈന്ദവരും ബുദ്ധന്മാരും ക്രിസ്ത്യാനികളും അടങ്ങുന്ന മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. എട്ട് ശതമാനമുള്ള ഹൈന്ദവരെ സംരക്ഷിക്കാനുള്ള മുഴുവന്‍ ബാധ്യതയും നിങ്ങള്‍ക്കുണ്ട്. നിങ്ങളത് ചെയ്യണം എന്നാണ് നരേന്ദ്ര മോദി ബംഗ്ലാദേശിനൊരു താക്കീത് എന്ന രീതിയില്‍ പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശിന് ഒരു താക്കീത് കൊടുക്കാന്‍ മാത്രമേ സാധിക്കുകയുള്ളു.

അതേസമയം, രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളുള്ളതിനാല്‍ നമുക്കൊന്നും ചെയ്യാന്‍പറ്റില്ല അവിടെച്ചെന്നിട്ട്. കാരണം, അവിടത്തെ ഭരണാധികാരിയെത്തന്നെ പുറത്താക്കിയോടിച്ച അവസ്ഥയാവുമ്പോള്‍ വേറൊരു രാജ്യം ഇടപെടണമെങ്കില്‍ ഒരു ഭരണാധികാരി അവിടെ വേണം. പക്ഷേ, മുഹമ്മദ് യൂനുസ് എത്രത്തോളം മൈനോരിറ്റികളെ സംരക്ഷിക്കുമെന്നൊന്നും നമ്മള്‍ക്കു പറയാന്‍ കഴിയില്ല. കാരണം, ഇതെല്ലാം അതിരുവിട്ടു. ഇതിനെ വിദ്യാര്‍ഥി പ്രതിഷേധം എന്ന് പറയാന്‍ പറ്റില്ല. ഇത് ശരിക്കും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് ടെററിസ്റ്റ്, കടന്നാക്രമണവും നായാട്ടുമാണ്. താലിബാനിസം എന്നുതന്നെ പറയാം. സ്ത്രീകളെയാണ് കൂടുതല്‍ ആക്രമിക്കുന്നത്. ഹിന്ദു സ്ത്രീകളെ കെട്ടിത്തൂക്കിയിട്ട് അവരെ ഉപദ്രവിക്കുന്നതും റേപ്പ് ചെയ്യുന്നതുമായിട്ടുള്ള വീഡിയോസ് നമ്മള്‍ കണ്ടു. ഒരു സംഗീതജ്ഞന്റെ വീട്ടില്‍ പോയി അയാളുടെ സകല സാധനങ്ങള്‍ക്കും വാദ്യോപകരങ്ങള്‍ക്കും തീയിട്ടു. ഈ സ്റ്റുഡന്റ് പ്രൊട്ടസ്റ്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ടെററിസ്റ്റ്കളോട്, ഈ ഇസ്‌ലാമിസ്റ്റുകളോട് നമ്മളെന്താ പറയാ? ജമാഅത്തെ ഇസ്‌ലാമിയെന്ന സംഘടനയുടെ കീഴിലാണല്ലോ ഇവര്‍ പ്രവര്‍ത്തിക്കുന്നത്. (മോദിയുടെ കത്ത് യൂനുസിന്!, എബിസി മലയാളം, ആഗസ്റ്റ് 9, 2024, ധനുഷ്, നുസ്രത്ത് ജഹാന്‍)

ആഭ്യന്തര യുദ്ധത്തിനുള്ള ശ്രമം:

പല ചര്‍ച്ചകളുടെയും കുന്തമുന ജമാഅത്തെ ഇസ്‌ലാമിക്കും മാധ്യമത്തിനും എതിരേയായിരുന്നു. ഹസീനയെ ഏകാധിപതിയെന്ന് വിളിക്കുന്നത് കേരളത്തിലെ ജമാഅത്തുകാരും മാധ്യമം പത്രവും മീഡിയവണ്‍ ചാനലുമാണെന്നാണ് എബിസിയുടെ നേരത്തെ സൂചിപ്പിച്ച ചര്‍ച്ചാ വീഡിയോയില്‍ ഇരുവരും പറയുന്നത്. ഒപ്പം ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര കലാപത്തിനു കോപ്പുകൂട്ടുകയാണെന്നും ആരോപിക്കുന്നു:

ഇന്ത്യയില്‍ ഇതുപോലുള്ള കലാപങ്ങള്‍ അഴിച്ചുവിടാന്‍ സ്റ്റുഡന്റ്സിനെ മുന്‍നിര്‍ത്തി ജമാഅത്ത് പ്രവര്‍ത്തിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ സമയത്ത് ജാമിയ മില്ലിയയില്‍ നിന്നും സ്റ്റുഡന്റസ് പുറത്തിറങ്ങി വരുന്നു, കശ്മീര്‍ മാംഗെ ആസാദി എന്ന് വിളിക്കുന്നു. പൗരത്വ ഭേദഗതി നിയമം ആണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ അത് പിന്‍വലിക്കാന്‍ പറയൂ. അതിനെന്തിനാണ് ഈ മുദ്രാവാക്യം വിളിക്കുന്നത്. അമിത് ഷായെയും പ്രധാനമന്ത്രിയെയും കൊല്ലുമെന്ന് പറയുന്നത്. പോരാത്തതിന് കര്‍ഷക സമരത്തിലും ഇവര്‍ ആദ്യം പോയത് രാഷ്ട്രപതിഭവനിലേക്കാണ്. അതിനകത്തേക്കു ഇടിച്ച് കയറാനായിട്ട് ശ്രമിക്കുകയാണ്. ശ്രീലങ്കയില്‍ നമ്മളെന്താണോ കണ്ടത്, ബംഗ്ലാദേശില്‍ നമ്മളെന്താണോ കണ്ടത്, അതിനു സമാനമായിട്ടുള്ള സ്ട്രാറ്റജിയാണ് ഇവിടെയും.

ബംഗ്ലാദേശിനെപ്പോലെ ഇന്ത്യയില്‍ ഇതുപോലൊരു ആഭ്യന്തര കലാപം ഉണ്ടാക്കാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കില്ല. മറ്റുള്ളിടത്ത് ഉള്ളപോലെ ഇന്ത്യയില്‍ ഒരു സൈനിക അട്ടിമറി സാധ്യമല്ല. നരേന്ദ്ര മോദിക്ക് പിന്നില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി അണിനിരക്കും. ശൈഖ് ഹസീന അവിടെ പ്രൊട്ടസ്റ്റേഴ്സിനെ അടിച്ചമര്‍ത്താന്‍ സൈന്യത്തിനോട് പറഞ്ഞപ്പോള്‍ സൈന്യം സൗകര്യമില്ലാന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ ശൈഖ് ഹസീനക്ക് അവിടെനിന്നു പറന്നുപോവുക എന്നല്ലാതെ വേറെ നിവൃത്തിയില്ല. ഇന്ത്യയില്‍ ഒരിക്കലും അതുണ്ടാവില്ല. ഇന്ത്യയില്‍ അത് സാധ്യമല്ല എന്നുള്ളത് ആദ്യ കാലങ്ങളില്‍ തന്നെ കണ്ടതാണല്ലോ. രണ്ടായിരം വര്‍ഷം ഏറ്റവും വലിയ ആധിപത്യം ഇവിടെ പോര്‍ച്ചുഗീസും ബ്രിട്ടീഷും മുഗളന്‍മാരും വന്ന് തേച്ചൊടിച്ചിട്ടും ഇവിടത്തെ സനാതനധര്‍മത്തിനോ ഭാരതസംസ്‌കാരത്തിനോ ഒന്നും സംഭവിച്ചിട്ടില്ല. (മോദിയുടെ കത്ത് യൂനുസിന്!, എബിസി മലയാളം, ആഗസ്റ്റ് 9, 2024, ധനുഷ്, നുസ്രത്ത് ജഹാന്‍)

ജമാഅത്തെ ഇസ്‌ലാമി, വയനാട് ദുരന്തം, രാഹുല്‍ഗാന്ധി

കേരളത്തിലേക്കുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റത്തെ ജമാഅത്ത് ഗൂഢാലോചനയായാണ് ഈ ചര്‍ച്ചയില്‍ ഇവര്‍ പറഞ്ഞുവയ്ക്കുന്നത്. കേരളത്തിലെത്തുന്നത് ബംഗ്ലാദേശികളാണെന്നും അതൊരു ഗൂഢാലോചനയാണെന്നും ഇവര്‍ ആരോപിക്കുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ തിരച്ചറിയാനാവാത്ത മൃതദേഹങ്ങളെ ബംഗ്ലാദേശി കുടിയേറ്റവുമായാണ് ഇവര്‍ ബന്ധപ്പെടുത്തുന്നത്. മാത്രമല്ല, വയനാട് തെരഞ്ഞെടുപ്പിലെ രാഹുല്‍ഗാന്ധിയുടെ വിജയത്തെയും ഇതേ ഫ്രയിമില്‍ വായിക്കുന്നു:

ജാര്‍ഖണ്ഡ് ഹൈകോടതി ഒരു പ്രസ്താവന നടത്തിയിരിക്കയാണ്. ഇന്ത്യയില്‍ എത്രയധികം ബംഗ്ലാദേശികള്‍ ഉണ്ടെന്ന് കൃത്യമായ കണക്കുകള്‍ എടുക്കണമെന്ന്. വ്യാജ ആധാര്‍ കാര്‍ഡില്‍ വിലസുന്ന ഇന്ത്യയിലുള്ള ബംഗ്ലാദേശികളെ അടിച്ച് പുറത്താക്കണമെന്നും പറഞ്ഞു. പോരാത്തതിന് ഇന്ത്യന്‍ ആര്‍മിയുടെ കണക്കുകള്‍ പ്രകാരം നമ്മുടെ കേരളത്തില്‍ മാത്രം അന്‍പതിനായിരം ബംഗ്ലാദേശികളുണ്ട്. പക്ഷെ, നമ്മള്‍ക്കു അവര്‍ അതിഥി തൊഴിലാളികളാണ്. ബംഗ്ലാദേശികളല്ല. സത്യം പറഞ്ഞാല്‍ ഇവന്മാരെയൊക്കെ തിരിച്ച് ആ കലാപഭൂമിയിലേക്ക് കയറ്റി അയക്കണം. യാതൊരു ദാക്ഷിണ്യവും വിചാരിക്കരുത്.

ഇവര്‍ എല്ലായിടത്തുമുണ്ട്. വയനാട് ദുരന്തം സംഭവിച്ചെടുത്തു പോലുമുണ്ട്. അതാണ് തമാശ. ആ കുന്നിന്റെ മുകളില്‍ പോലും എത്രയോ ബംഗാളികളുണ്ട്. നൂറ്റിയറുപത്തിയെട്ടോ നൂറ്റിയെഴുപത്തിയെട്ടോ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല. കാരണം, വര്‍ക്കേഴ്സ് ആയ ബംഗാളികള്‍ അതിലെല്ലാം ഉണ്ട്. അവര്‍ക്ക് ഐഡി കാര്‍ഡില്ല. ഒന്നുമില്ല, അപ്പോള്‍ ആര് തിരിച്ചറിയാനാണ്? പഞ്ചായത്തിലില്ല അവരുടെ റെക്കോര്‍ഡ്‌സ്. ഇവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പറയുന്നുണ്ട്. ഇവര്‍ക്കൊന്നും ഐഡി കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും ഒന്നുമില്ല. വെസ്റ്റ് ബംഗാളിലേക്ക് കടന്നുകയറുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കും ബംഗ്ലാദേശികള്‍ക്കും മമത (ബാനര്‍ജി) വ്യാജ ഐഡി കാര്‍ഡൊക്കെ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. എന്നിട്ടിവര്‍ ഡല്‍ഹിയില്‍ വരും. ഡല്‍ഹി ബോര്‍ഡറില്‍ കത്‌വ യുടെ ഇപ്പുറത്ത് ഒരു ആക്രമണം ഉണ്ടായില്ലേ. അതൊക്കെ ഇവരാണ് ചെയ്യുന്നത്. അവര്‍ക്കൊക്കെ വോട്ടര്‍ ഐഡി മാത്രമേ ഉള്ളൂ. വോട്ട് ചെയ്യാം. ആധാര്‍ ഇല്ല. ഡല്‍ഹിയില്‍ ഹോട്ടല്‍ പോലും ആധാറും വോട്ടര്‍ ഐഡിയും കാണിച്ചെങ്കിലേ കിട്ടുള്ളൂ. അത്രയും നിയമം കൊണ്ടുവന്നു. എന്നിട്ടു പോലും വന്ന് താമസിക്കുന്നു. വോട്ട് ശേഖരണം കൂടുന്നു. വയനാടിന്റെ കാര്യത്തില്‍ ഈ വോട്ടൊക്കെ എവിടെനിന്നു കിട്ടിയെന്ന് അന്വേഷിക്കണം. (മോദിയുടെ കത്ത് യൂനുസിന്!, എബിസി മലയാളം, ആഗസ്റ്റ് 9, 2024, ധനുഷ്, നുസ്രത്ത് ജഹാന്‍)

സിഎഎയ്ക്കു ന്യായീകരണം:

ബംഗ്ലാദേശിലെ സംഘര്‍ഷത്തെ സിഎഎ നിയമത്തിന് ന്യായീകരണമായും ചാനലുകള്‍ ഉപയോഗപ്പെടുത്തി. എബിസി മലയാളം തന്നെയാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയത്. അര്‍ഥവത്തായ ശീര്‍ഷകമാണ് ആ ചര്‍ച്ചയ്ക്ക് ചാനല്‍ നല്‍കിയത്, മോദി ബംഗ്ലാ ഹിന്ദുവിന്റെ കണ്ണീര്‍ കാണുമോ? (മോദി ബംഗ്ലാ ഹിന്ദുവിന്റെ കണ്ണീര്‍ കാണുമോ? എബിസി മലയാളം, ആഗസ്റ്റ് 12, 2024). ജി സിനുജി, വടയാര്‍ സുനില്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ബംഗ്ലാദേശില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധ മതക്കാരുമുണ്ട്. അതൊക്കെ വിരലുകളില്‍ എണ്ണാവുന്നത്രേയുള്ളൂ. ബംഗ്ലാദേശ് ജനതയുടെ എട്ട് ശതമാനം ഹിന്ദുക്കളാണ്. ബാക്കിയുള്ളവര്‍ അര ശതമാനം കാല്‍ ശതമാനം ഒക്കെ ഉള്ളൂ. ഒരു ശതമാനം പോലും തികച്ചില്ല. ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നതില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധമതക്കാരും ജൈനമതക്കാരും കുറച്ചുണ്ട്. പക്ഷേ, ഇവര്‍ പ്രബലമായി ബംഗ്ലാദേശിലെ മുസ്‌ലിം ഭീകരവാദികള്‍ക്ക്, അല്ലെങ്കില്‍ ഫണ്ടമെന്റലിസ്റ്റുകള്‍ക്ക് ഒരു ഇരയൊന്നുമല്ല. എപ്പോ വേണമെങ്കിലും ശരിയാക്കാവുന്നവരാണ്. അതുകൊണ്ട് എട്ട് ശതമാനം ഉള്ള ഹിന്ദുക്കള്‍ തന്നെയാണ് ഭീഷണി. അപ്പൊ അതുകൊണ്ട് അവരെ ശരിയാക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട നയമായി ഇപ്പൊ നടപ്പാക്കി കൊടുക്കുന്നത്.

ത്രിപുരയുടെ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. കുട്ടികളും സ്ത്രീകളും വൃദ്ധരും രോഗം വന്നവരും വികലാംഗരും ഒക്കെ ആയിട്ടുള്ള ആളുകള്‍ തടിച്ചുകൂടി ഇന്ത്യയിലേക്ക് നോക്കി നില്‍ക്കുകയാണ്. കയറാനായിട്ട്. ഇന്ത്യന്‍ ആര്‍മിക്കും ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയായ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനും ഒക്കെ ഇന്ത്യ കൊടുത്തിരിക്കുന്ന നിര്‍ദേശം കനത്ത കാവല്‍ ഏര്‍പ്പെടുത്തുക, അതിര്‍ത്തി സീല്‍ ചെയ്യുക എന്നാണ്. ഒറ്റയാളും ഇങ്ങോട്ട് കടന്നു വരണ്ട. അപ്പൊ അത് അത്യാവശ്യം ചില കേന്ദ്രങ്ങളില്‍ നിന്ന് അതിനെ എതിരെയുള്ള വിമര്‍ശനം വരുന്നുണ്ട്. കാരണം, ഈ ഹിന്ദുക്കള്‍ക്ക് ലോകത്ത് പോകാന്‍ ഒരിടവുമില്ല അല്ലേ. നമ്മുടെ രാജ്യത്ത് ഒരു ഇസ്‌ലാമിക ഭരണം വന്ന്, ഇവിടെ ബംഗ്ലാദേശില്‍ നടക്കുന്നത് പോലെയുള്ള ഒരു മതപീഡനം ഇവിടെ ആരംഭിച്ചാല്‍ നമ്മള്‍ എവിടേക്ക് പോകും, ഒരു സ്ഥലവുമില്ല. ഒരു സ്ഥലവുമില്ലാത്ത മനുഷ്യരാണ് നമ്മള്‍. ക്രിസ്ത്യാനിക്കും മുസ്‌ലിമിനും കുറെ ക്രിസ്ത്യന്‍-മുസ്‌ലിം രാജ്യങ്ങള്‍ ഉണ്ട്. പക്ഷേ, നമുക്ക്, ഹിന്ദുക്കള്‍ക്കാണ് എങ്ങോട്ടും പോകാന്‍ ഇല്ലാത്തത്. ബുദ്ധമതക്കാര്‍ക്കും പോകാന്‍ സ്ഥലമുണ്ട് ജൈനര്‍ക്കും പോകാന്‍ സ്ഥലമുണ്ട്. സിക്കുകാര്‍ക്കും ഹിന്ദുക്കള്‍ക്കുമാണ് പോകാന്‍ ഇടമില്ലാത്തത്. ഹിന്ദുക്കള്‍ക്ക് പോകാന്‍ ഒരിടമുണ്ട്, അത് ഇന്ത്യയാണ്. മതപീഡനം മൂലം ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ പാകിസ്താന്‍ ബംഗ്ലാദേശ് അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയാര്‍ഥികളായി വരുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നല്ലേ സിഎഎ പറയുന്നത്. അങ്ങനെയുണ്ടെങ്കില്‍ ഈ നിരാലംഭരായ, പോകാന്‍ ഇടമില്ലാത്തവര്‍ അവിടെ നിന്നാല്‍ കൊല്ലപ്പെടുമെന്ന് ഉറപ്പുള്ള ഈ പാവപ്പെട്ട മനുഷ്യരെ ഇന്ത്യയിലേക്ക് സ്വീകരിച്ചുകൂടെ എന്നൊരു ചോദ്യം ചില ദേശീയവാദികളും ഹിന്ദു സ്നേഹികളും ഒക്കെ ചോദിക്കുന്നുണ്ട്. നമ്മള്‍ നോക്കുമ്പോള്‍ വൈകാരികമായി ശരിയാണ്. ഇന്ത്യയില്‍ അല്ലാതെ പോകാന്‍ ഇടമില്ല. നമുക്ക് വേണമെങ്കില്‍ അവരെ സ്വീകരിക്കാം. ഇന്ത്യയില്‍ റോഹിങ്ക്യക്കാര്‍ 50000 പേര്‍ കയറിയിട്ടുണ്ടെന്ന് പറയുന്നു, അഞ്ചു ലക്ഷത്തോളം ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ ഇപ്പോള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് പറയുന്നു. അങ്ങനെ ഇരിക്കെ ഒരു പത്തുപതിനായിരം ഹിന്ദുക്കളെ കൂടി സ്വീകരിച്ചാല്‍ എന്താണ് എന്ന് ചോദിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകത്തില്ല. ഇവിടെ പക്ഷേ ഹിന്ദുക്കളെ വേറെ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ചാല്‍ ഇവിടുത്തെ മതേതര ഇടതുപക്ഷ ലിബറല്‍ സഹിക്കില്ല. മാധ്യമങ്ങള്‍ സമ്മതിക്കത്തില്ല. റോഹിങ്ക്യനെ ആണെങ്കില്‍ നമ്മള്‍ സ്വീകരിക്കണം. ഹിന്ദുക്കളെ സ്വീകരിക്കാന്‍ പാടില്ല.

ഇസ്‌ലാമോഫോബിയയുടെ പ്രത്യയശാസ്ത്രം

ബംഗ്ലാദേശ് പ്രശ്‌നത്തില്‍ കേവലാര്‍ഥത്തില്‍ 'മതമൗലികവാദി'കളായതുകൊണ്ടല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കപ്പെടുന്നത്. മതം, ദേശീയത, ഭരണകൂടം ഇവയുടെ വിവിധ രൂപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രശ്നമാണ് ബംഗ്ലാദേശില്‍ നടക്കുന്നത്. ഭരണകൂടം, ദേശീയത ഇവയുടെ അധികാരത്തെ കാണാതെയുള്ള വിശകലനങ്ങള്‍ വഴുക്കുന്നതിന്റെ കാരണമിതാണ്.

ബംഗ്ലാ രാഷ്ട്ര രൂപീകരണത്തെ എതിര്‍ത്തതിനാല്‍ ദേശീയതയുടെ അപരരായി ജമാഅത്തെ ഇസ്‌ലാമി മാറി. ദേശീയ ശത്രുവിനോടുള്ള എതിര്‍പ്പായാണ് ജമാഅത്തെ ഇസ്‌ലാമിയോടുള്ള വിമര്‍ശനം രൂപപ്പെട്ടത്. ഏതു രാഷ്ട്രത്തിലും സ്വാതന്ത്യ പോരാട്ട കാലത്തു ദേശീയ മുഖ്യധാരയെ എതിര്‍ത്തിരുന്നവര്‍ പില്‍ക്കാലത്തു വേട്ടയാടപ്പെടുന്നതു ഇലക്ടറല്‍ ജനാധിപത്യത്തില്‍ സംഭവിക്കുന്നതാണ്. ദേശീയത മുഖ്യ സംഘാടക തത്വമായ ആധുനിക ദേശ - രാഷ്ട്രത്തില്‍ സഹജമായ ഹിംസയുടെ ഭാഗമാണത്.

ജമാഅത്തെ ഇസ്‌ലാമിയോടുള്ള വിയോജിപ്പ് ദേശീയതയുടെ ഹിംസകള്‍ മറച്ചുവെക്കാനാണ് പില്‍ക്കാല ബംഗ്ലാദേശില്‍ ഏറെ ഉപയോഗിക്കപ്പെട്ടത്. 1980 കളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ വികസിച്ച മതമൗലികവാദം എന്ന ആരോപണം അതിനൊരു മറയാവുകയായിരുന്നുവെന്നു മാത്രം. തെറ്റായ വസ്തുതകള്‍ ഇല്ലാതെയും ഭരണകൂട വേട്ടയെ മറക്കാതെയും ജമാഅത്തെ ഇസ്‌ലാമിയോടുള്ള സാമൂഹ്യ - രാഷ്ട്രീയ വിയോജിപ്പുകള്‍ പറയാമെന്നതു മറ്റൊരു വിഷയം.

ദേശരാഷ്ട്ര വ്യവസ്ഥയും സൈനിക ഏകാധിപത്യ ഭരണകൂടങ്ങളുടെ മുന്‍കൈയില്‍ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം ജനതയുടെ സ്വയം നിര്‍ണയാവകാശം നിഷേധിക്കുന്ന വംശീയ വ്യവസ്ഥയുമായാണ് ഇസ്ലാമോഫോബിയ മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ബംഗ്ലാദേശ് അടക്കമുള്ള ദേശരാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. (കൂടുതല്‍ വായനക്ക്: Enes Bayraklശ, Farid Hafez ( Editors). 2020.Islamophobia in Muslim Majority Societies. Publisher: Routledge).


ഭരണകൂടം ഏകദേശീയതയുടെ വാഹകരായി മാറുന്നതോടെ രാഷ്ട്രഘടനയില്‍ ഇസ്ലാമോഫോബിയ സ്ഥാപനരൂപം കൈവരിക്കുന്നു. സമഗ്രാധിപത്യ-സൈനിക-ദേശ രാഷ്ട്ര വ്യവസ്ഥയാണ് മുസ്ലിം ഭൂരിപക്ഷ സമൂഹങ്ങളില്‍ ഇസ്ലാമോഫോബിയയുടെ പ്രവര്‍ത്തന നൈരന്തര്യത്തെ ഉറപ്പുവരുത്തുന്നത്. ബംഗ്ലാദേശില്‍ സംഭവിച്ചതു പോലെ ഭരണകൂടം സമഗ്രാധിപത്യ സൈനികവ്യവസ്ഥയുടെ വാഹകരായി മാറുന്നതോടെ രാഷ്ട്രഘടനയില്‍ ഇസ്ലാമോഫോബിയ സ്ഥാപനരൂപം കൈവരിക്കുന്നു. ഭരണകൂട അനുകൂല ആഖ്യാനങ്ങള്‍ അതിനാല്‍ത്തന്നെ ആഗോള ഇസ്‌ലാമോഫോബിയയുമായി കണ്ണി ചേരുന്നു.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര)

Similar Posts