പക്ഷിപ്പനി: ജാഗ്രത വേണം
|കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കണം.
എന്താണ് പക്ഷിപ്പനി,
പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച്5 എന്‍1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍, അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗ കാരണമാകാം.
പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ
കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
പ്രതിരോധ മാര്‍ഗങ്ങള്‍
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.
രോഗലക്ഷണങ്ങള്‍
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കണം.
പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കണം. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കണം.