Analysis
ഏത് പാര്‍ട്ടിയേയും രാഷ്ട്രീയ ഉപകരണമാക്കാന്‍ ഞങ്ങള്‍ക്കറിയാം - മോഹന്‍ ഭഗവത്
Analysis

ബി.ജെ.പി, ആര്‍.എസ്.എസ്സിന് ബാധ്യതയായാല്‍ മറ്റൊരു രാഷ്ട്രീയ ഉപകരണത്തിന് അവര്‍ ശ്രമിക്കും

ഡോ. പി.ജെ ജയിംസ്
|
11 Jun 2024 11:17 AM GMT

ആര്‍.എസ്.എസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഹിന്ദുരാഷ്ട്ര പ്രഖ്യാപനം എന്നത് കേവല ഭൂരിപക്ഷമില്ലാത്ത അതിന്റെ രാഷ്ട്രീയ ഉപകരണത്തെ ഉപയോഗിച്ചു കൊണ്ട് ഇപ്പോള്‍ സാധ്യമല്ലാത്ത ഒന്നാണ്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ്. ലോകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചരിത്രമുള്ള ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ് അതിന്റെ രാഷ്ട്രീയ ഉപകരണമായ ബി.ജെ.പിയെ ഉപയോഗിച്ചു കൊണ്ട് ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായുള്ള ജനകീയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമായത്. ബി.ജെ.പി 370 സീറ്റും എന്‍.ഡി.എ സഖ്യം 400 സീറ്റും കടക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് 240 സീറ്റിലേക്ക് ബി.ജെ.പി ചുരുങ്ങുകയും, എന്‍.ഡി.എ കഷ്ടിച്ച് കേവല ഭൂരിപക്ഷത്തേിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ തവണ ഒട്ടും പ്രസക്തി നേടാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ 100 സീറ്റിലേക്ക് എത്തിയിരിക്കുന്നു. പൊതുവില്‍ ഇന്‍ഡ്യ സഖ്യം ഏതാണ്ട് 234 സീറ്റിലേക്ക് എത്തിയിട്ടുണ്ട്. ഇതോടുകൂടി പാര്‍ലമെന്റില്‍ ഒരു ശക്തമായ പ്രതിപക്ഷം നിലവിലുണ്ടായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത്തരമൊരു സാഹചര്യത്തില്‍ ആര്‍.എസ്.എസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഹിന്ദുരാഷ്ട്ര പ്രഖ്യാപനം എന്നത് കേവല ഭൂരിപക്ഷമില്ലാത്ത അതിന്റെ രാഷ്ട്രീയ ഉപകരണത്തെ ഉപയോഗിച്ചു കൊണ്ട് സാധ്യമല്ലാത്ത ഒന്നാണ്. കാരണം, ബി.ജെ.പി എത്ര പരിശ്രമിച്ചാലും കൃത്യമായ നിലപാടുകളില്ലാത്ത, അതേസമയം സംഘിവത്കരണം ബാധിച്ചു കഴിഞ്ഞ ചന്ദ്രബാബു നായിഡുവിന്റെയും, യാതൊരു രാഷ്ട്രീയ സദാചാരവും ഇല്ലാത്ത നിതീഷിനെയും ആശ്രയിച്ചുകൊണ്ടേ ഇനി മോദിക്ക് മുമ്പോട്ടുള്ള ഭരണം സാധ്യമാക. അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ടകളായ, അദാനി-അംബാനി എന്നിവരിലൂടെ രാജ്യത്തെ കോര്‍പ്പറേറ്റ് വത്കരിക്കുക, രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, കൂടാതെ പിന്നോക്ക ജനവിഭാഗങ്ങളെ അടിമകളാക്കി ഇന്ത്യയെ ഒരു ശാശ്വതമായ ബ്രാഹ്മണ സനാധന ധര്‍മ സംവിധാനത്തിലേക്ക് കൊണ്ടുപോകുക എന്നീ കാര്യങ്ങളില്‍ ഒട്ടേറെ തടസ്സങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെപി നേരിട്ടിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനാധിപത്യ ശക്തികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ആദരിക്കപ്പെടേണ്ടത് യു.പിയിലെ മര്‍ദിത ജനവിഭാഗങ്ങളെയാണ്. കാരണം, ബി.ജെ.പിയുടെ സര്‍വാധിപത്യം ചോദ്യം ചെയ്യപ്പെടില്ല എന്ന് നമ്മള്‍ കരുതിപ്പോരുന്ന ആ പ്രദേശത്ത് ബി.ജെ.പിയുടെ സീറ്റ് ഷെയര്‍ പകുതിയോളം കുറയുകയും വോട്ടിംഗ് ശതമാനത്തില്‍ വന്‍തോതില്‍ ഇടിവ് വരുത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കോര്‍പ്പറേറ്റ്-കാവി മീഡിയ പ്രഖ്യാപിച്ച എക്‌സിറ്റ്‌പോളുകളൊക്കെ തന്നെ മോദിയുടെ പ്രഖ്യാപനങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. എന്നാല്‍, അതൊക്കെ വളരെ കൃത്യമായ പെയ്ഡ് എക്‌സിറ്റ് പോളുകളാണെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഓഹരിവിപണിയില്‍ ഉണ്ടായ കുതിച്ചുചാട്ടം വഴി ഇതുകൊണ്ട് വലിയ ഒരു നേട്ടം ഉണ്ടാക്കിയത് കോര്‍പറേറ്റുകളാണ്. പക്ഷെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടത്. എടുത്തുപറഞ്ഞാല്‍, അദാനി-അംബാനി കുത്തകകള്‍ക്ക് മാത്രം അഞ്ച് ലക്ഷം കോടി രൂപയോളം നഷ്ടം സംഭവിച്ചു. ഇത് എത്രമാത്രം ഈ ഭരണം കോര്‍പറേറ്റ് കുത്തകകളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കി തരുന്നു. രാജ്യത്തിന്റെ നയരൂപവത്കരണം നിര്‍ണയിക്കുന്നത് പാര്‍ലമെന്റില്‍ അല്ല എന്നും മറിച്ച് കോര്‍പറേറ്റ് ബോര്‍ഡ് റൂമുകളില്‍ ആണെന്നും നമുക്ക് അടിവരയിട്ട് പറയാം.

2024 തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് അതിന്റെ ശതാബ്ദി ആഘോഷത്തിലേക്ക് പോകുമ്പോള്‍ പൊലീസ് -നിയമ സംവിധാനങ്ങള്‍ അടക്കമുള്ളവ സംഘ്‌വത്കരിക്കുന്നതിനോടൊപ്പം തന്നെ കശ്മീരിന്റെ പ്രത്യേകമായ 370 വകുപ്പ് എടുത്തു കളയല്‍, മുസ്‌ലിം വിരുദ്ധ ഏകീകൃത സിവില്‍ കോഡ്, സി.ഐ.എ - പൗരത്വഭേദഗതി എന്നിവ നടപ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ തെരഞ്ഞെടുപ്പിലൂടെ പഴയ രീതിയില്‍ മുന്നോട് പോകാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ് രൂപപ്പെട്ടത്.


ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനാധിപത്യ ശക്തികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ആദരിക്കപ്പെടേണ്ടത് യു.പിയിലെ മര്‍ദിത ജനവിഭാഗങ്ങളെയാണ്. കാരണം, ബി.ജെ.പിയുടെ സര്‍വാധിപത്യം ചോദ്യം ചെയ്യപ്പെടില്ല എന്ന് നമ്മള്‍ കരുതിപ്പോരുന്ന ആ പ്രദേശത്ത് ബി.ജെ.പിയുടെ സീറ്റ് ഷെയര്‍ പകുതിയോളം കുറയുകയും വോട്ടിംഗ് ശതമാനത്തില്‍ വന്‍തോതില്‍ ഇടിവ് വരുത്തുകയും ചെയ്തു. അതേസമയം അഖിലേഷ് യാദവ് പോലുള്ളവരുടെ പാര്‍ട്ടികള്‍ വലിയ ആധിപത്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാം. യു.പിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്, അയോധ്യ ക്ഷേത്രമിരിക്കുന്ന ഫൈസാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി എന്നത് ആ സര്‍ക്കാര്‍ എത്രമാത്രം യു.പി യില്‍ ജനവിരുദ്ധമാണ് എന്നതിനെ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പശ്ചിമബംഗാളിലെ മാറ്റം. മമതയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് എതിരായി നടത്തിയ പോരാട്ടത്തില്‍ പരസ്പരം വിയോജിച്ചുകൊണ്ട്, മമതയെ മുഖ്യ ശത്രുവായി പ്രതിഷ്ഠിച്ചുകൊണ്ട് ഇന്‍ഡ്യ മുന്നണി പരോക്ഷമായി ബി.ജെ.പിയെ സഹായിച്ച ആ നിലപാട് ഇല്ലായിരുന്നുവെങ്കില്‍ അവിടെ ബി.ജെ.പിക്ക് കാലുകുത്താന്‍ പോലും കഴിയുമായിരുന്നില്ല. ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെടുകയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ ഇന്‍ഡ്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍, മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഛത്തീസ്ഗഢിലും ഡല്‍ഹിയിലും ബി.ജെ.പി പൂര്‍ണമായും പിടിച്ചടക്കി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഈ കാര്യങ്ങളിലൊക്കെ ഒരു പുനരാലോചന നടത്തണം.

കേരളത്തെ സംബന്ധിച്ചു പറഞ്ഞാല്‍, വടക്കേ ഇന്ത്യയില്‍ ബി.ജെ.പിയെ ഇത്രമാത്രം വര്‍ജിക്കുകയും ഫാസിസത്തിനെതിരെ നിലപാടെടുക്കുകയും ചെയ്ത ഒരു സന്ദര്‍ഭത്തിലും അതിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചു എന്നത് അപമാനകരമാണ്. തൃശ്ശൂരില്‍ വലിയ തോതിലുള്ള ക്രിസംഘി ഇടപെടല്‍ നടന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. സവര്‍ണ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എല്ലാ കാലത്തും അവരുടെ ഇസ്‌ലാമോഫോബിയ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് ആര്‍.എസ്.എസ്സുമായി സന്ധി ചേര്‍ന്നുകൊണ്ടാണ് എന്നതാണ് ഒരു ഘടകം. കൂടാതെ അരാഷ്ട്രീയവത്കരിക്കപ്പെട്ട എല്ലാ തരം പിന്തിരിപ്പത്തത്തിനും, അതിന്റെ ഭാഗമായി ഹിന്ദുത്വ പൊതുബോധം ഉയര്‍ത്തിപ്പിടിക്കുന്ന അവസ്ഥയിലേക്കും തൃശൂര്‍ മാറിക്കഴിഞ്ഞു. രാഷ്ട്രീയവത്കരണം കൈമോശം വന്ന കേരള സമൂഹത്തിന്റെ ചിത്രമാണ് ഇവിടെ പ്രകടമാകുന്നത്. തമിഴ്‌നാട്ടില്‍ ഫാസിസത്തിനെതിരായി നടത്തിയ മുന്നേറ്റം ഏറ്റവും മികച്ചതായിരുന്നു. ഒരു സീറ്റ് പോലും ബി.ജെ.പിക്ക് കൊടുക്കാതെ അത് മുഴുവന്‍ തന്നെ ഇന്‍ഡ്യ സഖ്യത്തിന്റെ വലയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ സ്റ്റാലിന്‍ ന്റെ പ്രകടനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സ്, ഭരണത്തിന് കീഴില്‍ ആയിട്ട് പോലും അവിടെ പരാജയപ്പെട്ടു.

ഇന്‍ഡ്യ മുന്നണിയില്‍ അന്തര്‍ലീനമായ ചില ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഒരുപക്ഷെ, കൃത്യമായ നിലപാട് മുന്നോട്ടുവെക്കാനും രാഷ്ട്രീയമായ ബദല്‍ മുന്നോട്ട് വെച്ചുകൊണ്ട് കാമ്പയിന്‍ നടത്താനും ജനങ്ങളെ സംഘടിപ്പിക്കാനും തയ്യാറായിരുന്നുവെങ്കില്‍ മോദിക്കും ബി.ജെ.പിക്കും ഒരു കാരണവശാലും പാര്‍ലമെന്റിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഉണ്ടാവുമായിരുന്നില്ല. ഫാസിസത്തിന്റെ ഗൗരവം തിരിച്ചറിയാതെയുള്ള സമീപനങ്ങളും സങ്കുലിതമായ വീക്ഷണങ്ങളും പലപ്പോഴും പല സംസ്ഥാനങ്ങളിലും ഇന്‍ഡ്യ സഖ്യത്തെ ദുര്‍ബലമായി ബാധിച്ചിട്ടുണ്ട്. പ്രകാശ് കാരാട്ടിനെപ്പോലെയുള്ള ഇന്ത്യയിലെ തലമുതിര്‍ന്ന നേതാക്കളുടെ വിശകലനം ഇന്ത്യയില്‍ ഫാസിസം വന്നിട്ടില്ല എന്നതാണ്.

ഏത് പാര്‍ട്ടിയേയും രാഷ്ട്രീയ ഉപകരണമാക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലക്ക് ബി.ജെ.പി, ആര്‍.എസ്.എസ്സിന് ഒരു ബാധ്യതയായിത്തീര്‍ന്നാല്‍ മറ്റൊരു രാഷ്ട്രീയ ഉപകരണത്തിന് അവര്‍ ശ്രമിക്കും. ഇവിടത്തെ ജീര്‍ണിച്ച ഇടതുപക്ഷത്തെപോലും അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലെ ഈ പരാജയത്തിലൂടെ എല്ലാം സ്വസ്ഥമായി എന്ന് ആശ്വസിക്കാന്‍ കഴിയില്ല.

ആര്‍.എസ്.എസ് എന്ന ഫാസിസ്റ്റ് സംഘടനക്ക് എതിരായിട്ടുള്ള സമരം ഒരു തെരഞ്ഞെടുപ്പിലൂടെ മാത്രം നമുക്ക് മറികടക്കാന്‍ കഴിയുന്നതല്ല, മറിച്ച് അതിന്റെ അടിത്തട്ടില്‍ വലിയ രീതിയില്‍ ഉള്ള രാഷ്ട്രീയ സമരത്തോടൊപ്പം വലിയതോതിലുള്ള സാംസ്‌കാരിക ഇടപെടല്‍ ആവശ്യമാണ്. ഇവിടത്തെ സമ്പത്ത്, വിഭവങ്ങള്‍ അതൊക്കെ കൈവശപ്പെടുത്തിയിട്ടുള്ളത് വെറും ന്യൂനപക്ഷം വരുന്ന ജനസംഖ്യയിലെ ശതകോടീശ്വരന്മാരുടെ നിയന്ത്രണത്തിലാണ്. ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികളുടെ അടിസ്ഥാന ദൗര്‍ബല്യങ്ങള്‍ നമുക്കറിയാം. അടിസ്ഥാനപരമായി ഇവരൊക്കെ ഊന്നുന്നത് നവലിബറല്‍ നയങ്ങളില്‍ തന്നെയാണ്. ഏത് സംസ്ഥാനമെടുത്താലും ഈ ഭരണാധികാരികള്‍ ഒക്കെ തന്നെ നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാര്‍ കൂടിയാണ്. എന്നാല്‍, കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോയില്‍ രാഹുല്‍ ഗാന്ധിവന്നതിന് ശേഷം കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതും കാണാതിരിന്നുകൂടാ.

ഇന്ന് പാര്‍ലമെന്ററി സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ കോര്‍പറേറ്റ് ബോര്‍ഡ് റൂമുകളില്‍ തീരുമാനങ്ങള്‍ രൂപപ്പെടുകയും അത് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് മോദിയുടെ ഭരണകാലത്ത് നടപ്പായിക്കൊണ്ടിരുന്നത്. ഒരുപക്ഷെ അതുതന്നെ ആയിരിക്കും ഇനിയും തുടരാന്‍ പോകുന്നതും. ഇത്തരമൊരു സാഹചര്യത്തെ മറികടക്കാന്‍ ഇന്ത്യയില്‍ ആകമാനം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണ്. അതിന് കഴിയണമെങ്കില്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളായ ആര്‍.എസ്.എസിന്റെ ഫാസിസത്തെ തിരിച്ചറിയണം. ആര്‍.എസ്.എസ് നിലകൊണ്ടത് ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനല്ല, മറിച്ച് പങ്കെടുക്കുന്ന ശക്തികളെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് എന്ന് മനസ്സിലാക്കണം. കാരണം, ബ്രാഹ്മണന് കോണ്‍ഗ്രസില്‍ പ്രാമുഖ്യം നഷ്ടപ്പെടുകയും, ബാലഗംഗാധരന്റെ മരണത്തോടുകൂടി കോണ്‍ഗ്രസില്‍ സവര്‍ണ വിഭാഗങ്ങളായ ചിദ്പാവന്‍ ബ്രാഹ്മണര്‍ക്ക് ആധിപത്യം ഇല്ലാതാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് ഉപേക്ഷിച്ച് സവര്‍ക്കറുടെ മുന്‍കയ്യോടെ ആര്‍.എസ്.എസ് രൂപീകരിക്കുന്നത്. അങ്ങനെയാണ് 1925 ല്‍ ആര്‍.എസ്.എസ് രൂപീകരിക്കുന്നത്.


ആര്‍.എസ്.എസ് അവരുടെ അജണ്ട നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ ജീവത്യാഗം ചെയ്തിട്ടുള്ള, ഏറ്റവുമധികം രക്തസാക്ഷികളുള്ള മുസ്‌ലിം വിഭാഗമാണ് ഇന്ത്യയുടെ ഒന്നാം ശത്രു എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞിട്ടുള്ളത്. അതു തന്നെയാണ് കൃത്യമായി മോദിയിലൂടെ ആവര്‍ത്തിക്കപ്പെടുന്നതും. ഇന്ത്യയുടെ സമ്പത്തും രാഷ്ട്രീയാധികാരവും സാംസ്‌കാരിക ആധിപത്യവും വിദ്യാഭ്യാസവും ശാസ്ത്രഗവേഷണമേഖലകളും എല്ലാം തന്നെ സവര്‍ണ്ണ വിഭാഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഈ കാലത്ത് ഈ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടണമെങ്കില്‍ സമഗ്രമായ ഒരു സോഷ്യോ എക്കണോമിക് സര്‍വ്വേ ഉണ്ടാകണം. ജാതിയെ അടക്കം അടിസ്ഥാനപ്പെടുത്തികൊണ്ട് ദീര്‍ഘകാല ലക്ഷ്യത്തോടുകൂടി ഫാസിസ്റ്റ് ശക്തികളെ പഠിക്കാനും മനസ്സിലാക്കാനും പുരോഗമന ജനാധിപത്യ ശക്തികള്‍ തയ്യാറാകണം. എങ്കിലേ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ആ ശ്രമങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് ഒരു പാഠമാകണം എന്നതുകൂടി നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ഈ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് അവരുടെ സുഗമമായ ഭരണത്തില്‍ വിള്ളല്‍ വീണെങ്കിലും അവര്‍ പൂര്‍ണമായും നിശ്ശബ്ദരാകും എന്ന് നമുക്ക് കരുതാന്‍ സാധിക്കില്ല. മോദിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ട് മോദി ഒരു ബാധ്യതയായി തീര്‍ന്നാലും ഒരുപക്ഷെ അവര്‍ വീണ്ടും മോദിയെത്തന്നെ പുനഃസ്ഥാപിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ആര്‍.എസ്.എസ്സിന്റെ അജണ്ടക്ക് അനുസരിച്ച് അവര്‍ക്ക് ഉചിതമായ രീതിയില്‍ അവരുടെ രാഷ്ട്രീയ ഉപകരണങ്ങളില്‍ എന്തെല്ലാം മാനിപ്പുലേഷന്‍സും മാറ്റങ്ങളും വരുത്തണമെന്ന് അവര്‍ തീരുമാനിക്കും. ഗാന്ധി വധത്തിന് ശേഷം 1949 -50 കളില്‍ ഭരണഘടന, മനുസ്മൃതിയാക്കാന്‍ നടത്തിയ നീക്കങ്ങള്‍ എല്ലാം നമുക്ക് അറിയാം. അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനക്ക് രൂപം കൊടുക്കുമ്പോള്‍ അത് വേണ്ട എന്നും പകരം, മനുസ്മൃതിയാണ് ഭരണഘടനയാക്കേണ്ടതെന്നും പറഞ്ഞവരാണ് അവര്‍. അവരെ സംബന്ധിച്ചിടത്തോളം അക്കാര്യത്തില്‍ ഔചിത്യമുള്ളവരല്ല അവര്‍. ഏത് തരത്തിലും അവരുടെ അജണ്ടയുമായി മുന്നോട്ടുപോകും. ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലക്ക് ബി.ജെ.പി, ആര്‍.എസ്.എസ്സിന് ഒരു ബാധ്യതയായിത്തീര്‍ന്നാല്‍ മറ്റൊരു രാഷ്ട്രീയ ഉപകരണത്തിന് അവര്‍ ശ്രമിക്കും. ഏത് പാര്‍ട്ടിയേയും രാഷ്ട്രീയ ഉപകരണമാക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടത്തെ ജീര്‍ണിച്ച ഇടതുപക്ഷത്തെപോലും അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലെ ഈ പരാജയത്തിലൂടെ എല്ലാം സ്വസ്ഥമായി എന്ന് ആശ്വസിക്കാന്‍ കഴിയില്ല.

ആര്‍.എസ്.എസ് ഇടപെടല്‍ ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. ആര്‍.എസ്.എസ്സിന് അകത്തുതന്നെ ബി.ജെ.പിക്കും മോദിക്കുമെതിരായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. സുബ്രഹ്മണ്യസ്വാമിയെപ്പോലുള്ളവര്‍ ഇതിനകം മോദിക്കെതിരെ രംഗത്തുവന്നു. യു.പിയിലെ തോല്‍വിയുടെ പശ്ചാത്തലത്തിലും അവര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങളുണ്ടാക്കിയിട്ടുണ്ട്. രാമേക്ഷത്ര നിര്‍മാണവും അനുബന്ധ ബിസിസിനസ്സ് സംരംഭങ്ങളുമൊക്കെ ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള അദാനി-അംബാനി പൊലുള്ള മാര്‍വാഡികള്‍ക്ക് നല്‍കിയതിലുള്ള അമര്‍ഷങ്ങളുമൊക്കെ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

(ഡോ. പി.ജെ ജയിംസുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്)

തയ്യാറാക്കിയത് - നിലോഫര്‍ സുല്‍ത്താന


Similar Posts