Analysis
കൊടുമണ്‍ പോറ്റി, മമ്മുട്ടി, ഭ്രമയുഗം
Analysis

ഭ്രമയുഗം ഒരു റോളര്‍ കോസ്റ്റര്‍ റൈഡിനു കൊണ്ടുപോകും

രൂപേഷ് കുമാര്‍
|
18 Feb 2024 11:03 AM GMT

ഭ്രമാത്മകമായ ഒരു സിനിമ സൃഷ്ടിക്കുന്നതില്‍ ഇതുവരെയുള്ള ഒരു വിധം സിനിമാ ഭാഷകളെയും ഇടിച്ചൊതുക്കി മലയാള സിനിമ പിന്തുടര്‍ന്നു പോകുന്ന പല ഗ്രാമറുകളും എടുത്തെറിഞ്ഞാണ് ഭ്രമയുഗം നിറഞ്ഞാടുന്നത്.

ലൂമിയര്‍ ബ്രദേഴ്‌സിന്റെ the arrival of train at La Ciotal Station (1896) എന്ന ആദ്യത്തെ ഡോക്യു സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ തീവണ്ടി വരുന്ന ഒരു സീന്‍ കണ്ടു മനുഷ്യര്‍ ഞെട്ടി ഇറങ്ങി ഓടി എന്നത് ചരിത്രമായിരുന്നു. അങ്ങനെ ലോകത്ത് ആദ്യ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങുമ്പോള്‍ തന്നെ ഭ്രമാത്മകമായിട്ടാണ് മനുഷ്യര്‍ സിനിമ എന്ന മാധ്യമത്തെ കണ്ടു തുടങ്ങിയത്. അത് പിന്നീട് പല തരത്തിലും, പല അവസ്ഥാന്തരങ്ങളിലൂടെയും മനുഷ്യരെ ഭ്രമകല്‍പനകളിലേക്ക് കൊണ്ട് പോയി. മലയാളത്തിലെ ആദ്യ സിനിമ 'വിഗതകുമാര'നിലെ നായിക റോസി സിനിമയില്‍ അഭിനയിച്ചപ്പോഴും ഈ ഭ്രമാത്മകത വംശീയമായി രൂപപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ ഒരു 'പൊതു' സ്‌പെയ്‌സിലേക്ക് കീഴാള സ്ത്രീ ആയ റോസി കടന്നുവന്നത് കൊണ്ടും അതിന്റെ 'പേടി' കൂടി താങ്ങാന്‍ പറ്റാത്തത് കൊണ്ടുമാകാം അന്നത്തെ മലയാള ലോകം റോസിയെ പൈശാചികവത്കരിക്കുകയും ഓടിക്കുകയും ചെയ്തത്. പിന്നീട് എം.ജി.ആറിന്റെ കയ്യില്‍ നിന്നു കത്തി വീഴുമ്പോള്‍ 'ഇന്നാ അണ്ണാ പുടി കത്തി' എന്നു പറഞ്ഞു കൊണ്ട് സ്‌ക്രീനിലേക്ക് കത്തി എറിഞ്ഞു കൊടുത്ത ആരാധകനും ഒക്കെ ഈ പരിസരത്ത് തന്നെ കണ്ടിട്ടുണ്ട്. സിനിമ അങ്ങനെ പല തരത്തിലും ദൈവമായും പിശാചയയും രതി ആയും ഇരുട്ട് ആയും പല പല രീതികളും ആയിരക്കണക്കിന് ഭ്രമയുഗങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ഒരു പക്ഷേ അവ എണ്ണിയാല്‍ ഒടുങ്ങാത്തതുമാകാം. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സില്‍ സെവന്‍ സാമൂറായിയും, ഡ്രാക്കുളയും, സെവന്‍ത് സീലും, ഐഡയും, ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റും, ബേര്‍ഡ് മാനും വിവിധ തരം 'അയഥാര്‍ഥ യാഥാര്‍ഥ'ങ്ങളിലേക്ക് മനുഷ്യരെ എത്തിച്ചിട്ടുമുണ്ട്. ഭ്രമാത്മകത, 'സിനിമ എന്ന പു തു നൂറ്റാണ്ടിന്റെ ടെക്‌നിക്കാലിറ്റിയുടെ ഒരു മാധ്യമം' എന്ന ഡെഫനീഷ്യനോടൊപ്പം എന്നും ചേര്‍ത്തു വെക്കപ്പെട്ടിട്ടുമുണ്ട്. ഭ്രമയുഗം, ചാത്തനും പോറ്റിയും കുശിനിക്കാരനും മനയും കീഴ്ജാതിക്കാരനും കാടും പ്രകൃതിയും ഒക്കെ ചേര്‍ത്തുവെച്ചു കൊണ്ട് ആഴത്തിലേക്ക് വലിക്കുന്ന പേടിപ്പിച്ചു വീഴിക്കുന്ന ഭ്രമലോകത്തെക്കു കാണി എന്ന സങ്കല്‍പത്തെ തന്നെ കൊന്നു ആ സിനിമയുടെ ഭാഗമാക്കി ചേര്‍ക്കുന്നുണ്ട്.

ഭ്രമയുഗം എന്ന സിനിമയിലെ ടൈറ്റില്‍ തന്നെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഒരു നാല്‍പതു/അമ്പതു കൊല്ലം മുമ്പെ ഇറങ്ങിയ ഏതോ ബ്ലാക്ക് ആന്റ് വൈറ്റ് പ്രേത സിനിമയുടെ ടൈറ്റിലിങ്ങിന്റെ രീതിയില്‍ ഈ സിനിമയുടെ ടൈറ്റില്‍ കാണിക്കുമ്പോള്‍ സിനിമ എന്ന ന്യൂ ടെക്‌നോളജിയിലെ പഴയതിനെ ഭ്രമാത്മകമാക്കി ഭീതിയിലേക്ക് നമ്മളെ ആഴ്ത്തുന്നു.

ഒരിക്കല്‍ ക്യാമറമാന്‍ സണ്ണി ജോസഫിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം; ചിലപ്പോഴൊക്കെ സിനിമ മതാത്മകമായ ഒരു ദൈവീക പശ്ചാത്തലം സൃഷ്ടിക്കുന്നു എന്നായിരുന്നു. തീയേറ്ററിലെ ഇരുട്ടിലേക്ക് വെളിച്ചം വന്നുവീഴുമ്പോള്‍ അവിടെ ദൈവം പ്രത്യക്ഷപ്പെടുകയാണ്. അവിടെ മതാത്മകമായ ഒരു ദൈവ വീക്ഷണം സൃഷ്ടിക്കപ്പെട്ട് അത്തരത്തിലും കാണിയെയും തൃപ്തിപ്പെടുത്തുന്നുണ്ട്. കാണിയുടെ മുന്നില്‍ പുരാണങ്ങളില്‍ ഒക്കെ പറയുന്നത് പോലെ വെളിച്ചം വീഴുമ്പോള്‍ സ്‌ക്രീനില്‍ ദൈവം 'പ്രത്യക്ഷപ്പെടുകയാണ്'. ഭ്രമയുഗം എന്ന സിനിമയുടെ ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത, ഒരു തിയേറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോള്‍ അവിടെ കാണി എന്ന സങ്കേതം വ്യക്തിപരമായെങ്കിലും ഇല്ലാതാകുന്നു എന്നതാണ്. ഒരു ഫോര്‍. കെ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നിക്കാലിറ്റിയില്‍ ഈ സിനിമ കാണുമ്പോള്‍ ദൈവവും ഭക്തരും സിനിമയും പ്രേക്ഷകനും തന്നെ ഇല്ലാതാകുന്നു. ഭ്രമയുഗം എന്ന സിനിമ ക്ലാസിക്കല്‍ ആയി നിലനില്‍ക്കുന്ന ദൈവീക സങ്കല്‍പ്പങ്ങളെ ഇല്ലാതാക്കുന്നു. നന്മ-തിന്മ, നല്ലത്-ചീത്ത എന്നിവയൊന്നും ഈ ഭ്രമലോകത്തില്ല. ഈ സിനിമയുടെ കഥാപാത്രങ്ങളായി പോലും ആ സിനിമയിലേക്ക് കടന്നു കയറി കാണി എന്ന സങ്കേതം തന്നെ ഈ ഡോള്‍ബി അറ്റ്‌മോസ് സൗണ്ടിങ്ങിലും വിഷ്വല്‍സിലും ഇല്ലാതാകുകയോ ചെയ്യുന്നു. ഈ സിനിമ കാണുമ്പോള്‍ ആ സിനിമയുടെ അകത്തേക്ക് കയറി കാണി മരിച്ചു പോകുന്നു എന്നു തോന്നിപ്പോകും.

ജനാര്‍ദ്ദനന്‍ എന്ന നടന്റെ മുഖം ആദ്യം ഷൂട്ട് ചെയ്താല്‍ സിനിമ വിജയിക്കും എന്നൊക്കെ വിശ്വാസങ്ങള്‍ ഉള്ള സിനിമയില്‍ ഒരു കാലത്ത്, നിലവിളക്കു കൊളുത്തുന്ന സീനും ഒക്കെ കാണിച്ചു കൊണ്ട് സിനിമ തുടങ്ങുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. ഇത്തരം ടിപ്പിക്കല്‍ ക്രിഞ്ചിങ് ക്ലീഷേകള്‍ ഒരായിരം വേണമെങ്കില്‍ മലയാള സിനിമയില്‍ ചൂണ്ടിക്കാണിക്കാനും പറ്റും. പക്ഷേ, ഭ്രമാത്മകമായ ഒരു സിനിമ സൃഷ്ടിക്കുന്നതില്‍ ഇതുവരെയുള്ള ഒരു വിധം സിനിമ ഭാഷകളെയും ഇടിച്ചൊതുക്കി മലയാള സിനിമ പിന്തുടര്‍ന്നു പോകുന്ന പല ഗ്രാമറുകളും എടുത്തെറിഞ്ഞാണ് ഭ്രമയുഗം എന്ന സിനിമ നിറഞ്ഞാടുന്നത്. പേടി, ഭീതി, ഭ്രമാത്മകത എന്നതൊക്കെ പഴയതിനോട് ചേര്‍ത്തുവെച്ചാണ് കീഴാളമായ പ്രേത കഥകള്‍ വായ്‌മൊഴിയായും വരമൊഴി ആയും ഒക്കെ രൂപപ്പെട്ടത്. 'പാരാ നോര്‍മല്‍ ആക്റ്റിവിറ്റി' പോലുള്ള ഹോളിവുഡ് പ്രേത സിനിമകളില്‍ ഒരു അപാര്‍ട്‌മെന്റിലെ എക്‌സ്ട്രാ മൂവ്‌മെന്റുകളെ കാണിച്ചു കൊണ്ട് പ്രേത സങ്കല്‍പങ്ങളെ പുതിയ ലോകത്തേക്കും ലോക സിനിമ കൊണ്ട് വന്നിട്ടുണ്ട്. ഭ്രമയുഗം എന്ന സിനിമയിലെ ടൈറ്റില്‍ തന്നെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഒരു നാല്‍പതു/അമ്പതു കൊല്ലം മുമ്പെ ഇറങ്ങിയ ഏതോ ബ്ലാക്ക് ആന്റ് വൈറ്റ് പ്രേത സിനിമയുടെ ടൈറ്റിലിങ്ങിന്റെ രീതിയില്‍ ഈ സിനിമയുടെ ടൈറ്റില്‍ കാണിക്കുമ്പോള്‍ സിനിമ എന്ന ന്യൂ ടെക്‌നോളജിയിലെ പഴയതിനെ ഭ്രമാത്മകമാക്കി ഭീതിയിലേക്ക് നമ്മളെ ആഴ്ത്തുന്നു.

ചാത്തന്‍ പോറ്റിയുടെ ദേഹത്ത് ആവേശിച്ചപ്പോള്‍ ചൊറിച്ചില്‍ വന്നത് കൊണ്ട് പൂണൂല്‍ ഒക്കെ ചാത്തന്‍ തന്നെ പൊട്ടിച്ച് കാട്ടില്‍ എറിഞ്ഞതാകാം. ചാത്തന്‍ ശരീരത്തില്‍ കയറിയപ്പോള്‍ അശുദ്ധമാകാതിരിക്കാന്‍ പൂണൂല്‍ കളഞ്ഞതാണ്, അത് സിനിമയുടെ രാഷ്ട്രീയമാണെന്ന് പറഞ്ഞാല്‍ പ്രേമലു എന്ന സിനിമ ഒഴിവാക്കി അതിന്റെ പൈസ ലാഭിച്ചു ചിരിച്ചു മറിയാന്‍ കഴിയും.

കേരളത്തിലെ അരിക് ഭൂമിശാസ്ത്രങ്ങളില്‍ ജീവിച്ചിരുന്ന കീഴാളര്‍ ഒരു പക്ഷേ അവര്‍ ജീവിച്ച പുഴയോരങ്ങളുടെ ചതുപ്പുകളില്‍ കൊല്ലപ്പെട്ട പ്രേതങ്ങളുടെ കഥകള്‍, ആദിവാസി ഊരുകളിലെ കാടുമായി ചേര്‍ന്ന കഥകള്‍, ടിപ്പിക്കല്‍ പാലമര കഥകള്‍, അല്ലെങ്കില്‍ ഇരുട്ടില്‍ കുന്നിറങ്ങി വരുന്ന പ്രേതങ്ങളുടെ കഥകള്‍ അങ്ങനെ ഒട്ടനവധി കെട്ടിട്ടുണ്ടാകും. പക്ഷേ, ഈ സിനിമ അത്തരം പ്രേത സങ്കല്‍പ്പങ്ങളെയും ഭ്രമാത്മകതയെയും റിഫ്രഷ് ചെയ്തു കാട്ടിനുള്ളിലെ ഒരു മനയിലേക്ക് കൊണ്ടുപോയി നമ്മളെ ആ പ്രേത ലോകത്ത് അല്ലെങ്കില്‍ ചാത്തന്റെ ലോകത്ത് ജീവിപ്പിക്കുന്നുണ്ട്. ചാത്തന്‍ എന്നതാണോ ചാത്തന്‍ എങ്ങനെയാണോ എന്നതല്ല, ചാത്തന്‍ എന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രം അതിന്റെ എല്ലാ നിര്‍വചനങ്ങളോടും പോയി പണിനോക്കാന്‍ പറഞ്ഞ് കൊടുമണ്‍ പോറ്റി എന്ന ബ്രാഹ്മണനെ എടുത്തു അമ്മാനമാടി തറയിലടിക്കുന്നുണ്ട്. പൂണൂലൊക്കെ നിഷേധിച്ചു ബ്രഹ്മണില്‍ ആവേശിച്ചു എല്ലാം നിരര്‍ഥകം എന്ന രീതിയില്‍ ഇനി അങ്ങോട്ടു പകിട കളിച്ചു കളയാം. അവസാനം പകിട മാത്രമേ ബാക്കി ഉണ്ടാവുകയുള്ളൂ. പകിടയുടെയും മാംസ ഭക്ഷണത്തിന്റെയും മഴയുടെയും കാറ്റിന്റെ ശബ്ദത്തിന്റെയും ഒഴുകുന്ന പുഴയുടെയും ആഹ്ലാദങ്ങള്‍ മാത്രമേ ബാക്കി ഉണ്ടാവുകയുള്ളൂ എന്ന ഒരു സൈക്കോളജിയില്‍ തകര്‍ത്താടുന്ന ചാത്തനെയാണ് ആ സിനിമയുടെ കാണി ആകാതെ ആ സിനിമയില്‍ ജീവിച്ചു കൊണ്ട് കണ്ടു ഭ്രമിക്കാന്‍ ആവുക. ചാത്തന്‍ അവിടെ തീ ആയും ഭീതി ആയും പരകായ പ്രവേശനം ആയും ഒരു മനയുടെ അധിപന്‍ ആയും ഒക്കെ മാറി അരങ്ങ് തകര്‍ക്കുന്നത് ഒരു മാസ്മരികതയാണ്. ഞങ്ങളുടെ ചാത്തന്‍ ഇങ്ങനെ അല്ല, ചാത്തന് വേറെ ഒരു മുഖം ഉണ്ട് എന്ന ചാപ്പ കുത്തല്‍ ചിലപ്പോള്‍ ചാത്തന്‍ തന്നെ എടുത്തു തോട്ടില്‍ കളയാന്‍ സാധ്യതയുണ്ട്. ചാത്തന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന 'പഞ്ചായത്ത് ഓഫീസുകള്‍' ളോട് ചാത്തന്‍ തന്നെ പോയി വേറെ പണി നോക്കാന്‍ പറയുന്നുണ്ടാകാം. യാതൊരു മൊറാലിറ്റി നന്മ/തിന്മ ഭാരങ്ങളില്ലാതെ ഈ സിനിമയുടെ ചുഴിയില്‍പ്പെടുക രസകരമാണ്. സ്‌ക്രീനില്‍ വെളിച്ചം വീഴുന്ന ദൈവീകമായ തലത്തിനപ്പുറം, ഈ സിനിമയില്‍ ചാത്തന്റെ വെളിച്ചം കെടുമ്പോഴും വെളിച്ചതിനിടയില്‍ ഈ സിനിമയിലെ സ്‌ക്രീനില്‍ ഇടയ്ക്ക് കറുപ്പ് വീഴുമ്പോഴും പുതിയ ഒരു ഭ്രമാത്മകഥ രൂപപ്പെടുന്നുണ്ട്.

'' ജന്മം കൊണ്ടല്ല കര്‍മം കൊണ്ടാണ് ബ്രാഹ്മണന്‍ ആകുന്നത്'' എന്ന ഡയലോഗ്, ബ്രാഹ്മണ ശരീരത്തില്‍ ചാത്തന്‍ പ്രവേശിച്ചപ്പോള്‍ ബ്രാഹ്മണ ശരീരത്തില്‍ പൂണൂല്‍ ഇല്ലാത്തത്, ചാത്തന്‍ ബ്രാഹ്മണനെ അശുദ്ധിയാക്കുന്നത് കൊണ്ടാണെന്നുള്ളതാണ് എന്ന് ഒരു റീഡിങ് കണ്ടു. എത്ര പെട്ടെന്നാണ് ചാത്തനെ ഈ വായനകള്‍ ചുരുക്കി കെട്ടുന്നത്. ചാത്തന്‍ തന്റെ ഭ്രമാത്മകതയില്‍ പാണനെ ഭ്രമിപ്പിക്കാനും പറ്റിക്കാനും ചതിക്കാനും ആള്‍മാറാട്ടത്തിനും തന്റെ ഗെയിം പ്ലാനിങിനും ഒക്കെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ബ്രാഹ്മണ ശരീരത്തില്‍ കയറിക്കൂടി പറഞ്ഞതാകാം. വെറും ഫേക്ക് ആയ ചാത്തന്റെ അടവാകാം. ഫേക്ക് ആകാനുള്ള ഫിക്ഷണലും ഭ്രമാത്മകവും ആയ ചാത്തനെ അങ്ങനെ കാണുന്നതും രസമാണ്. അല്ലാതെ ചാത്തനെ കന്യാമറിയം ആക്കിയേ പറ്റൂ എന്നതൊക്കെ വന്‍ കോമഡി ആണ്. ഫെയ്ക്കും, ധാര്‍മികതയില്ലാത്തതും കൊല്ലുന്നതും, ബ്രാഹ്മണന്റെ മന തകര്‍ക്കുന്നതും പോറ്റിയെ തട്ടുന്ന ചാത്തനും പ്രേതവുമൊക്കെ സിനിമായിലെങ്കിലും രാസമാണെന്നേ. ചാത്തന്‍ എന്ന കീഴാള ആത്മീയതയെ അപരവത്കരിച്ച് എന്നൊക്കെ പറയുമ്പോള്‍ അത് മുട്ടന്‍ കോമഡി ആകും. അല്ലെങ്കില്‍ ജന്മം, കര്‍മം, ബ്രാഹ്മണ്യം എന്ന ഊള പ്രസ്താവന എല്ലാം എന്നും ഏത് കീഴാള സമൂഹം കേട്ടാലും ട്രോളി കൊല്ലുക മാത്രമേ ഉള്ളൂ. അതുപോലെ തന്നെ ചാത്തന്‍ പോറ്റിയുടെ ദേഹത്ത് ആവേശിച്ചപ്പോള്‍ ചൊറിച്ചില്‍ വന്നത് കൊണ്ട് പൂണൂല്‍ ഒക്കെ ചാത്തന്‍ തന്നെ പൊട്ടിച്ച് കാട്ടില്‍ എറിഞ്ഞതാകാം. ചാത്തന്‍ ശരീരത്തില്‍ കയറിയപ്പോള്‍ അശുദ്ധമാകാതിരിക്കാന്‍ പൂണൂല്‍ കളഞ്ഞതാണ്, അത് സിനിമയുടെ രാഷ്ട്രീയമാണെന്ന് പറഞ്ഞാല്‍ പ്രേമലു എന്ന സിനിമ ഒഴിവാക്കി അതിന്റെ പൈസ ലാഭിച്ചു ചിരിച്ചു മറിയാന്‍ കഴിയും. ഉത്തര മലബാറിലെ പൊട്ടന്‍ തെയ്യം പോലുള്ള കോഴിയെ അറുത്തു കൊണ്ട് ചാരായം കുടിച്ചും തമാശ പറഞ്ഞും തീയില്‍ കെട്ടി മറിഞ്ഞും ആറാടുന്ന പൊട്ടന്‍ തെയ്യം പോലുള്ള ആത്മീയ സ്വരൂപങ്ങള്‍ ചാത്തന്മാരുടെ വേറെ വെര്‍ഷനുകളായി തോന്നിയേക്കാം. കീഴാള ആത്മീയതക്കു പലതരം സ്വരൂപങ്ങള്‍ ആണ് എന്നതാണ് അത്തരം ആത്മീയതകളുടെ മനോഹാരിതയും.

യാതൊരു പൊളിറ്റിക്കല്‍ റീഫോമേഷനും സാധ്യതയില്ലാതെ അധികാരത്തെ തുടര്‍ ചലനങ്ങള്‍ മനുഷ്യസമൂഹത്തില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും എന്നു പറയുന്നതില്‍ ആണ് ഈ സിനിമയുടെ സാധ്യത. ആര്? എന്ത്? എന്നതിനപ്പുറം അധികാരം എന്ന ഒരു സംജ്ഞ യാഥാര്‍ഥ്യമായി തന്നെ അവിടെ നിലനില്‍ക്കും. സിദ്ധാര്‍ത്ഥ് ഭരതന്റെ കുശിനിക്കാരന്‍ ചിലപ്പോള്‍ അടുക്കള കാലി ആയി എന്നു പറയുമ്പോള്‍ ചാത്തന്റെ മുന്നില്‍ അധികാരി ആകുന്നുണ്ട്. കുശിനിക്കാരന്‍ ചാത്തനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ചാത്തന്റെ മോളിലും പാണന്റെ മോളിലും പലപ്പോഴും അധികാരങ്ങള്‍ പ്രയോഗിക്കുന്നുമുണ്ട്.

അധികാരം എന്നത് എത്രയധികം ജീര്‍ണിപ്പിക്കും എന്ന ക്ലാസിക്കല്‍ ആയ ആര്‍കിടൈപ്പല്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്തുമ്പോഴും, അധികാരം എന്ന ആ പ്രക്രിയ തകര്‍ക്കപ്പെടുകയും കൈമാറ്റപ്പെടുകയും - ചെയ്യപ്പെട്ടു കൊണ്ട് തുടര്‍ന്ന് കൊണ്ടേ ഇരിക്കും - എന്നു പറഞ്ഞു കൊണ്ട് സിനിമ നിര്‍മിച്ച ആ സ്റ്റേറ്റ്‌മെന്റിനെ ഈ സിനിമ തന്നെ തകര്‍ക്കുന്നുണ്ട്. കലിയുഗത്തിലെ ഭ്രമയുഗം എന്നൊക്കെ സിനിമയില്‍ പറയുമ്പോഴും അധികാര രാഷ്ട്രീയത്തിന്റെ വര്‍ത്തമാന കാല റിപ്ലിക്കയാണ് ഈ സിനിമ എന്നു പലരും വായിച്ചെടുക്കുമ്പോഴും അങ്ങനെ വായിക്കുന്ന സമൂഹം പോലും പലതരം അധികാര പ്രയോഗങ്ങളും നടത്തുന്നുമുണ്ട്. സമൂഹം/കമ്യൂണിറ്റി എന്ന സ്‌പേസിലും അധികാരം എന്ന ചങ്ങല കൊണ്ട് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ കുരുക്കിടുന്ന ഒരു യൂണിവേഴ്‌സാലിറ്റി ആണ് ഈ സിനിമ പറഞ്ഞു വെക്കുന്ന ടെക്സ്റ്റ്. അത് പല തരത്തിലും സ്‌നേഹം ആയും ബന്ധം ആയും ഗ്രൂപ്പുകള്‍ ആയും ഒക്കെ രൂപപ്പെടാം. കമ്യൂണിറ്റി/സമൂഹം/അതിലെ ബിംബങ്ങള്‍ രൂപങ്ങള്‍ രൂപകങ്ങള്‍ വളരെ പ്യൂരിറ്റാന്‍ ആണെന്നും പക്ഷേ, അധികാരം അതിനെ ആലോസരപ്പെടുത്തുന്നു എന്ന റൊമാന്റിക് വളിപ്പുകളെ പൊളിച്ചും ഈ സിനിമ മുന്നോട്ട് പോകുന്നുണ്ട്. അധികാരം ദുഷിച്ചതാണെങ്കിലും അല്ലെങ്കിലും അത് നിരന്തരം കൈമാറിക്കൊണ്ടിരിക്കുന്നുവെന്നും പലരും പല രൂപത്തില്‍ അത് പ്രയോഗിക്കുന്നുവെന്നും അതില്‍ നിന്നും കമ്യൂണിറ്റിയുടെ ബന്ധനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റാത്ത ഭ്രമയുഗത്തിന്റെ ചുഴിയിലാണ് ഓരോരുത്തരും എന്നും ഈ സിനിമ കാണിക്കുന്നു. ഈ ഭ്രമയുഗത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അര്‍ജുന്‍ അശോകന്റെ പാണനും ഈ അധികാരത്തിലേക്ക് കടന്നു വീഴുന്നുമുണ്ട്. യാതൊരു പൊളിറ്റിക്കല്‍ റീഫോമേഷനും സാധ്യതയില്ലാതെ അധികാരത്തെ തുടര്‍ ചലനങ്ങള്‍ മനുഷ്യസമൂഹത്തില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും എന്നു പറയുന്നതില്‍ ആണ് ഈ സിനിമയുടെ സാധ്യത. ആര്? എന്ത്? എന്നതിനപ്പുറം അധികാരം എന്ന ഒരു സംജ്ഞ യാഥാര്‍ഥ്യമായി തന്നെ അവിടെ നിലനില്‍ക്കും. സിദ്ധാര്‍ത്ഥ് ഭരതന്റെ കുശിനിക്കാരന്‍ ചിലപ്പോള്‍ അടുക്കള കാലി ആയി എന്നു പറയുമ്പോള്‍ ചാത്തന്റെ മുന്നില്‍ അധികാരി ആകുന്നുണ്ട്. കുശിനിക്കാരന്‍ ചാത്തനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ചാത്തന്റെ മോളിലും പാണന്റെ മോളിലും പലപ്പോഴും അധികാരങ്ങള്‍ പ്രയോഗിക്കുന്നുമുണ്ട്.

മോണോക്രോം സിനിമയിലെ ഷോട്ടുകളില്‍ കാടിനെയും പ്രകൃതിയേയും വെള്ളച്ചാട്ടങ്ങളെയും കോണുകള്‍ പോലുള്ള മേല്‍കൂരക്ക് മുകളിലെ നിലാവിനെയും ഷൂട്ട് ചെയ്തു വെച്ച ടെക്‌നിക്കല്‍ മലയാള സിനിമയില്‍ പുതിയ ഭാഷ സൃഷ്ടിക്കുന്നത് തന്നെ രസകരമാണ്. മലയാള സിനിമയിലെ മുസ്‌ലിം പ്രതിനിധാനങ്ങളെ ദൃശ്യ വത്കരിക്കുമ്പോഴുള്ള ആര്‍ട് വര്‍ക്കുകള്‍ പശ്ചാത്തല ശബ്ദങ്ങള്‍ ഒക്കെ പലപ്പോഴും ക്ലീഷേകളില്‍ കെട്ടി മറിയുന്നതായി തോന്നിയിട്ടുമുണ്ട്. ബാങ്ക് വിളി, ബീരിയാണി, മുസ്‌ലിം തറവാട് എന്നിവയലൂടെ ചില കശ്മീരി സിതാര്‍/അറബിക് സംഗീതങ്ങളിലൂടെ ദഫ് മുട്ടുകളിലൂടെ ആണ് അവയൊക്കെ സൃഷ്ടിച്ചെടുക്കുന്നത്. വിയറ്റ്‌നാം കോളനി മുതല്‍ പഴശ്ശി രാജ വഴി അച്ചുവിന്റെ അമ്മ വരെ അത്തരം ക്രിഞ്ച്കളെ ആഘോഷിച്ചു വെറുപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ, കേരളത്തിലെ മനകള്‍, ഇല്ലങ്ങള്‍, നാലുകെട്ടുകള്‍, തറവാടുകള്‍ എന്നു പറഞ്ഞാല്‍ വരിക്കാശേരിയും നായര്‍ തറവാടുകളും അല്ലറ ചില്ലറ മറ്റ് മനകളും പിന്നെ മദ്ദളത്തിന്റെയും വീണയുടെയും ബി.ജി.എം അടുപ്പിച്ച് ബോറടിപ്പിച്ച മലയാളം സിനിമയെ മായ്ച്ചു കളഞ്ഞാണ് ഒരു പക്ഷേ ഭ്രമയുഗം എന്ന ഒരു സിനിമയുടെ മനയുടെ ആര്‍കിടെക്ചര്‍ അല്ലെങ്കില്‍ ആ സിനിമയുടെ ആര്‍ട്ട് വര്‍ക്ക് തന്നെ രൂപപ്പെടുന്നത്. ചാത്തന്‍ എടുത്തു മറിച്ചിട്ട അല്ലെങ്കില്‍ തകര്‍ന്നു തരിപ്പണം ആയ ഒരു മനയുടെ അതിലെ മുറികളുടെ ഭക്ഷണ പദാര്‍ഥങ്ങളുടെ കോഴിയുടെ അടുക്കളയുടെ നിഗൂഡ അറകളുടെ ഡീറ്റെയിലിങ് അനുഭവിക്കാന്‍ രസമാണ്. പോറ്റിയുടെ കസേരയുടെ പിന്‍ദൃശ്യങ്ങള്‍, അതിന്റെ ഓരത്ത് പെയ്യുന്ന മഴ, അറകളിലെ ഉറികള്‍, മരപ്പണികള്‍, തൂണുകള്‍ എന്തിന് വഴികളിലെ വള്ളികള്‍ വരെ ഈ ഡീറ്റെയിലിങ്ങിന്റെ ഭാഗം ആണ്. അതുപോലെ നമ്മളെ ചൂണ്ടയില്‍ കൊളുത്തി ഭ്രമാത്മക ലോകത്തേക്ക് കൊണ്ടുപോകുന്ന ഈ സിനിമയുടെ സംഗീതവും.

തന്റെ തന്നെ ശരീരത്തെ ഒരിക്കല്‍ കൂടി ഉടച്ചു വാര്‍ത്ത് അപാരമായ ശബ്ദ നിയന്ത്രണത്തോടെ മമ്മൂട്ടി ഈ സിനിമയില്‍ കസറുന്നുമുണ്ട്. അതുപോലെ സ്വന്തം ശരീരത്തെ തന്നെ മമ്മൂട്ടി വീണ്ടും വീണ്ടും ഉടച്ചു വാര്‍ത്ത് തന്നെ കുറിച്ചുള്ള പല തരം നിര്‍മിക്കപ്പെട്ട സങ്കല്‍പങ്ങള്‍ക്കപ്പുറമുള്ള ഒരു പുതുമയിലേക്കും ഈ നടന്‍ ഉയര്‍ ന്നു പറക്കുന്നുമുണ്ട്. ഒരു വിറകു പുരയിലെ ഇരുട്ടില്‍, ഇരുട്ടിന്റെ ശരീര രൂപമായി ആദ്യം പ്രത്യക്ഷപ്പെടുന്ന സിദ്ധാരത്ഥ് ഭരതന്റെ പേര്‍ഫോമന്‍സ് മലയാളത്തിലെ എണ്ണം പറഞ്ഞതായിരിക്കും. അപാരമായ ശരീര നിയന്ത്രണത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ക്ലോസ് അപ്പ് ഷോട്ടുകളിലെ അതിഭാവുകത്വം കുറച്ചും എല്ലാം സിദ്ധാര്‍ത്ഥ് ഭരതന്‍ തകര്‍ത്ത് വാരുന്നു. ഡയലോഗ് ഡെലിവറിയിലെ ചില ടോണുകളിലും കാലികമായ ചില മിനുക്ക് പണികളിലൂടെയും മുന്നോട്ട് പോയാല്‍ അര്‍ജുന്‍ അശോകന്‍ ഇനി ഇന്ത്യന്‍ സിനിമ തന്നെ കാണാന്‍ പോകുന്ന ഏറ്റവും നല്ല നടന്മാരില്‍ ഒരാളായി മാറും. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥും ഈ സിനിമയില്‍ തകര്‍ത്ത് വാരിയിട്ടുണ്ട്.

നന്മ/തിന്മ/സ്വത്വ ബോധങ്ങളിലെ 'ഞങ്ങളുടെ ചാത്തന്‍' പോസ്റ്റര്‍ അടിക്കല്‍ എന്ന പരിപാടികളൊക്കെ മാറ്റിവെച്ചു പോയാല്‍ നല്ല രസായി ഒരു ഭ്രമലോകത്തിലേക്ക് കടക്കാം. അവിടെ കാണി എന്ന സ്വത്വത്തെ കൊന്നു കുഴിച്ചു മൂടിക്കൊണ്ട് ആ ഭ്രമയുഗത്തിന്റെ ഭാഗമായി ഈ സിനിമ ഒരു റോളര്‍ കോസ്റ്റര്‍ റൈഡിനു കൊണ്ട് പോകും. അവിടെ നമ്മള്‍ ചിലപ്പോള്‍ നിലയില്ലാക്കയത്തിലേക്ക് വീഴും. ചിലപ്പോള്‍ ആകാശത്തേക്ക് പറക്കും. ഇപ്പോള്‍ തന്നെ കമ്യൂണിറ്റിയുടെ ഭ്രമയുഗത്തില്‍ കുടുങ്ങി നില്‍ക്കുന്ന നമ്മള്‍ ഈ സിനിമയുടെ ഭ്രമാത്മകതയില്‍ സൃഷ്ടിക്കപ്പെടുന്ന പരേത ലോകത്തേക്കുള്ള പോക്ക് രസകരമാണ്.


Similar Posts