ഇന്ത്യ ബുള്‍ഡോസറുകള്‍ക്കിടയില്‍ പിടയുമ്പോള്‍ ഇവിടെ വേണ്ടത് വിമോചന സമരമോ?
|ജാവേദ് അഹമ്മദിന്റെയും അഫ്രീന് ഫാത്തിമയുടെയും വീടുകള്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും എവിടെയാണ്. റാഞ്ചിയില്‍ രണ്ടു പേരെ വെടിവെച്ചു കൊന്നതും കാണ്‍പൂരില്‍ ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ നീങ്ങിയതും അവര്‍ അറിഞ്ഞില്ലേ.
രാജ്യം ബുള്‍ഡോസറുകള്‍ക്കിടയില്‍ പിടയുമ്പോള്‍ ഇവിടെ വിമോചന സമരമാണോ വേണ്ടത്? രാജ്യത്തുടനീളം നിയമ ലംഘനം നടത്തുന്നത് രാജ്യത്തെ ഭരണകൂടമാണ്. വാസ്തവത്തില്‍ കേരളത്തില്‍ ഇപ്പോള്‍ യാതൊന്നും പുതുതായി സംഭവിച്ചിട്ടില്ല. വര്‍ഷങ്ങളോളം അന്വേഷിച്ച ഒരു കേസിലെ പ്രതി പൂര്‍ണമായും സംഘ്പരിവാര്‍ ജിഹ്വയായി മാറിയത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അവരുടെ ക്ലാവ് പിടിച്ച ബിരിയാണി ചെമ്പുമെടുത്തു നടക്കേണ്ട സമയമാണോ ഇപ്പോള്‍ ഇന്ത്യയില്‍. നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ അസ്തിത്വം പോലും തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. ജനാധിപത്യവും നിയമവാഴ്ചയും ഭരണഘടനാപരമായ മൂല്യങ്ങളും മരവിപ്പിച്ചുകൊണ്ട് പൗരസമൂഹത്തെ മൗനത്തിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണ്. ജാവേദ് അഹമ്മദിന്റെയും അഫ്രീന് ഫാത്തിമയുടെയും വീടുകള്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും എവിടെയാണ്. റാഞ്ചിയില്‍ രണ്ടു പേരെ വെടിവെച്ചു കൊന്നതും കാണ്‍പൂരില്‍ ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ നീങ്ങിയതും അവര്‍ അറിഞ്ഞില്ലേ. അവരെന്തിനാണ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. പാര്‍ലെമന്റില്‍ അംഗങ്ങള്‍ ആകുന്നത്. രാജ്യസഭയില്‍ എത്തുന്നത്. സംഭവങ്ങള്‍ അവര്‍ അറിയാതിരിക്കാനും സാധ്യതയുണ്ട്. കാരണം, മുഖ്യധാര ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ തമസ്കരിക്കുകയാണല്ലോ. സാമൂഹ്യ മാധ്യമങ്ങളോ വിദേശ മാധ്യമങ്ങളോ പിന്തുടരാത്തവര്‍ രാജ്യത്തെ ഭരണകൂട കിരാതത്ത്വങ്ങള്‍ അറിയണമെന്നില്ല. ഒന്നുകില്‍ മാധ്യമങ്ങളെ വിലക്കെടുക്കുക, അല്ലെങ്കില്‍ അടച്ചു പൂട്ടുക എന്നതാണ് ഫാഷിസ്റ്റ് കാലത്തെ രീതി.
ജനാധിപത്യത്തിന്റെ കാവല്ക്കാരവേണ്ടത് പ്രതിപക്ഷമാണ്. ഇന്ത്യയില്‍ അങ്ങിനെ ഒരവസ്ഥയുണ്ടോ. കേരളത്തില്‍ നിന്നും ഇന്ത്യ ഭരിക്കാന്‍ മതേതര പ്രസ്ഥാനത്തിനു അവസരം കിട്ടുമെങ്കില്‍ അത് കൊണ്ഗ്രസ്സ് ആയിരിക്കുമല്ലോ എന്ന ആശയിലോ തെറ്റിദ്ധാരണയിലോ ജയിപ്പിച്ചുവിട്ട പത്തൊന്‍പത് എം.പിമാര്‍ എവിടെ? മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ എവിടെ? ജഹംഗീര്‍ പുരിയില്‍ കണ്ടതും ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്നതും വംശഹത്യയുടെ ആരംഭം തന്നെയാണ്. ആരംഭമെന്നും പറയാന്‍ കഴിയില്ല, കാരണം അത് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ തുടങ്ങിയതാണല്ലോ.
ഇന്ത്യന്‍ ജനാധിപത്തെ സമ്പൂര്‍ണമായി തുടച്ചുനീക്കുന്ന അവസ്ഥയെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കൊണ്ഗ്രസ്സ് പാര്‍ട്ടി. അവര്‍ക്ക് അതിനു സ്വന്തമായ ശക്തി ഇന്ന് ഇല്ലെങ്കിലും അവരാണ് എല്ലാ മതേതര പ്രസ്ഥാനങ്ങളെയും ഒന്നിപ്പിക്കാനും പ്രതിരോധം തീര്‍ക്കാനും നേതൃത്വം കൊടുക്കേണ്ടവര്‍. ദില്ലിയില്‍ തുടങ്ങി ഇപ്പോള്‍ യു.പിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം വാസ്തവത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ തുടര്‍ച്ചയാണ്. നിയമ വ്യവസ്ഥയെ ദുര്‍ബലമാക്കിയും അവഗണിച്ചും നടത്തുന്ന കയ്യേറ്റത്തിന് ആരംഭം കുറിച്ചത് 1992 ഡിസംബര്‍ ആറിന് ആയിരുന്നല്ലോ. തുടര്‍ന്നുള്ള സംഘ്പരിവാര്‍ ജൈത്രയാത്രയുടെ ഓരോ ഘട്ടവും ഭരണഘടന ലംഘിച്ചും വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചുമായിരുന്നു പിന്നിട്ടത്. രാജ്യത്തു നിയമമനുസരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യേണ്ട ഭരണകൂടം ''ഗുണ്ടകളെ'' പോലെ പ്രതികാര ദാഹവുമായി ഓടി നടക്കുകയാണ്. കുറ്റവാളികളായി ആരോപിക്കപ്പെട്ടവരെ നിയമപരമായി ശിക്ഷിക്കാന്‍ വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ടു പൗരവകാശങ്ങളില്‍ കൈകടത്തുന്നത് ഭരണകൂടമാകുമ്പോള്‍ ജനങ്ങള്‍ പകച്ചു പോവുകയാണ്. അങ്ങിനെ പൗരസമൂഹം നിശബ്ദമാക്കപ്പെടുകയാണ്. ഒരു വശത്ത് പെഗസസ് പോലുള്ള സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് വ്യാജ തെളിവുകള്‍ ഉണ്ടാക്കി മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും അക്കാദമിക്കുകളെയും തടവറക്കുള്ളിലാക്കുക, മറുവശത്തു ഇ.ഡിയെയും മറ്റുമുപയോഗിച്ചു പ്രതിപക്ഷത്തെയും വിയോജിപ്പുകളെയും അമര്‍ച്ച ചെയ്യുക. ഇ.ഡി രാഹുല്‍ ഗാന്ധിയെ വരെ വിരട്ടുകയാണ്. ഇതെല്ലാം അവഗണിച്ചു കൊണ്ട് കേരളത്തില്‍ ക്രമാസമാധാന പ്രശ്നം ഉണ്ടാക്കും വിധം കൊണ്ഗ്രസ്സ് പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ട സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം, ഇവിടെ ഉടനെ കോണ്‍ഗ്രസിന് മറ്റൊന്നും നേടാനില്ല. തെരഞ്ഞെടുപ്പോ അധികാര മാറ്റമോ ഉടനെയൊന്നും വരാനില്ല. എന്നിട്ടും കൊണ്ഗ്രസ്സ്, ബി.ജെ.പിക്കു കഴിയാത്തതു അവര്‍ക്ക് നേടികൊടുക്കാന്‍ ഉത്സാഹിക്കുന്നതു പോലെ തോന്നുന്നു. അല്ലെങ്കിലും ആചാര ലംഘനം നടത്തുന്നവര്‍ക്ക് ശിക്ഷ നല്കുന്ന നിയമ നിര്‍മാണം തെരഞ്ഞെടുപ്പില്‍ വാഗ്ദത്വം ചെയ്തവരില്‍ നിന്നു ഇതിലപ്പുറം പ്രതീക്ഷിക്കുന്നതെന്തിന്. ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ടകള്‍, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ നടക്കുന്ന ഭരണകൂട ഫാഷിസത്തെ മൂടിവെയ്ക്കാന്‍ സഹായിക്കുകയാണ് കേരളത്തിലെ ഇപ്പോഴത്തെ സംഭവങ്ങള്‍.
വാസസ്ഥലങ്ങളും അതിജീവനവും
1938 നവംബര്‍ 9നും 10നും ബെര്‍ലിന്‍ നഗരത്തില്‍ ജൂത പള്ളികള്‍ക്കു തീയ്യിടുകയും ജൂതരുടെ വീടുകളും കടകളും തകര്‍ക്കുകയും ചെയ്തപ്പോള്‍ ജനങ്ങളും പൊലീസും നോക്കിനില്ക്കുകയായിരുന്നു. ''ആര്യ'' വംശത്തില്‍ പെട്ടവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിര്‍ദേശം പൊലീസിന് ഹിറ്റ്ലര്‍ ഭരണകൂടം നല്കിയിട്ടുണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജൂതരായ പുരുഷന്മാരെ അറസ്റ്റ് ചെയ്ത് പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും 30,000 പേരെ കോണ്സണ്േ്രടഷന് കാമ്പിലേക്ക് അയക്കുകയും ചെയ്തു. ജനിച്ചുവളര്‍ന്ന മണ്ണില്‍ രക്ഷയില്ലെന്ന് മനസ്സിലാക്കിയ കുറച്ചുപേര്‍ ആത്മഹത്യ ചെയ്യുകയും കുറച്ചുപേര്‍ നാടുവിടുകയും ചെയ്തു. എന്തുകൊണ്ട് ഈ ക്രൂര രംഗം ജനം നോക്കിനിന്നു എന്നതാണ് ഇവിടെ ചോദ്യം. ഒരു കാരണം, അപ്പോഴേക്ക് ഹിറ്റ്ലര്‍ അഞ്ചു വര്‍ഷത്തോളം ജര്‍മനി ഭരിച്ചു കഴിഞ്ഞിരുന്നു. അതിനിടയില്‍ രണ്ടു കാര്യങ്ങള്‍ അവിടെ നടന്നു, ഒന്ന് ജൂതരോടുള്ള വെറുപ്പ് ദേശാഭിവൃദ്ധിയുടെ അനിവാര്യതയായി ജൂതേതര വിഭാഗങ്ങളില്‍ വേരോടിക്കഴിഞ്ഞിരുന്നു. രണ്ടാമത്തേത് ഭയം ആയിരുന്നു. ഹിറ്റ്ലറുടെ പാര്‍ട്ടിയും കറുത്ത ബൂട്ടിട്ട എസ്.എസ്സും, ബ്രൗണ്‍ ഷര്‍ട്ടിട്ട എസ്.എയും സ്വസ്ത്തികയും പാര്‍ട്ടി പതാകയുമായി ഇറങ്ങിയാല്‍ എല്ലാവരും ഭയക്കുന്ന അവസ്ഥ. ഇവ രണ്ടും ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ഏതാണ്ട് പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യര്‍ക്ക് മാത്രമല്ല, സര്‍വ ജന്തുക്കള്‍ക്കും അവരുടെ വാസ സ്ഥലമാണ് ഏറ്റവും സുരക്ഷിതമായ ഇടം. കാറ്റിലും മഴയിലും ആടിഉലയുന്ന കുടിലുകള്‍ പോലും വിട്ടുപോകാന്‍ മനുഷ്യര്‍ എന്നും മടിക്കാറുണ്ട്. മനുഷ്യരുടെ നാഗരികതയുടെ ചരിത്രം തന്നെ അവരുടെ ആവാസ വ്യവസ്ഥ കെട്ടിപ്പൊക്കിയതുമായി ബന്ധപ്പെട്ടാണ് രചിക്കപ്പെടാറുള്ളത്. അതിനാല്‍ ഇന്ന് ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നത് ഏതാനും വീടുകളോ കെട്ടിടങ്ങളോ അല്ല. തകര്‍ക്കപ്പെടുന്നത് ഒരു വിഭാഗം മനുഷ്യരുടെ അസ്തിത്വം തന്നെയാണ്. വംശഹത്യയുടെ ഉയര്‍ന്ന രൂപത്തിലേക്ക് ഇന്ത്യന്‍ നവ ഫാഷിസം പ്രവേശിച്ചതായി ബുള്‍ഡോസറുകളുടെ രംഗപ്രവേശം സാക്ഷ്യപ്പെടുത്തുന്നു. കാരണം, വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ അവര്‍ തികച്ചും അഭയ രഹിതരായി മാറുന്നു. കയറിക്കിടക്കാനും, കിടന്നു മരിക്കാനും ഒരിടം എന്ന നിലയിലാണ് മനുഷ്യര്‍ വീടുകളെ കാണുന്നത്. അതുകൂടി നഷ്ടപ്പെടുമ്പോള്‍ രൂപപ്പെടുന്ന ഭയവും വിഹ്വലതകളും ഭരണകൂടത്തിന് ആവേശമാണ് നല്‍കുക. അതില്‍ നിന്നു വിഭിന്നമായി ഭരണകൂടം പിന്തിരിയണമെങ്കില് ''അപര'' സങ്കല്പം മാറ്റിവെച്ചു ഇരകള്‍ക്കൊപ്പം കൈകോര്‍ക്കാന്‍ നല്ലവരായ മുഴുവന്‍ ജനാധിപത്യവാദികള്‍ക്ക് കഴിയണം.
അംബേദ്കര്‍ ദലിതുകളോട് താമസം നഗരങ്ങളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ജാതി ബദ്ധ ഗ്രാമീണ വ്യവസ്ഥയിലെ അരുകുകളില്‍ നിന്നും പരിഹാസങ്ങളില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ആ നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍, സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ജാതീയവും മതപരവുമായ വിവേചനവും വേര്‍തിരിവും വര്‍ധിക്കുകയാണ് ചെയ്തതെന്ന് പഠനങ്ങള്‍ കാണിക്കുന്നു. മനുവിന്റെ ആവാസ വ്യവസ്ഥയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ടും ശുദ്ധി സങ്കല്പം അബോധമായെങ്കിലും സൂക്ഷിച്ചു കൊണ്ടുമാണ് ഇന്നും നഗര ജീവിതം മുന്നോട്ട് പോകുന്നത്. വലിയ നഗരങ്ങളില്‍ വലിയ രീതിയിലുള്ള വേര്‍തിരിവും വിവേചനവും ഉയര്‍ന്നു വന്നു എന്നതാണു പഠനങ്ങള്‍ കാണിക്കുന്നത്. സിഖ് കൂട്ടകൊലയുടെ കാലത്ത് വീടുകള്‍ അടയാളപ്പെടുത്തിയത് പരസ്യമായ രഹസ്യമാണ്. ഇടതു ചിന്തകനും ജെ.എന്‍.യുവിലെ പ്രഫസറുമായിരുന്ന സത്യ പി ഗൗതം എന്നോടു പറഞ്ഞത്, പഞ്ചാബിയാണെങ്കിലും ബ്രാഹ്മണനായതുകൊണ്ട് അദ്ദേഹത്തെ കൊലയാളികള്‍ അടയാളപ്പെടുത്താതെ വിട്ടു എന്നാണ്. വംശഹത്യകളില്‍ വീടുകളും ആവാസ കേന്ദ്രങ്ങളും അടയാളപ്പെടുത്തുന്നത് ഇന്ത്യയില്‍ ആദ്യമല്ല. ഗുജറാത്തിലും സമാന സംഭവങ്ങള്‍ ഉണ്ടായതാണ്.
ജാതി കേന്ദ്രീകൃത പ്രത്യയശാസ്ത്രത്തിന് എതിരായ ഇലയനക്കം പോലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടില്ല. മായാവതിക്കും മുലായം കുടുംബത്തിനും സാധ്യമായിരുന്ന ബദല്‍ സാമൂഹിക ജീവിത സങ്കല്പം ഒന്നിച്ചു നിന്നു പറയാനോ നേടാനോ കഴിഞ്ഞില്ല. അവിടെയും ശ്രേണീബദ്ധ ജാതി വ്യവസ്ഥ തന്നെയായിരുന്നു ഒന്നിക്കലിന്റെ തടസ്സം. അംബേദ്കറെ പോലെ മൗലീകമായ അന്വേഷണമോ നിസ്വാര്‍ഥമായ ഇടപെടലുകളോ പില്കാലത്ത് ഉണ്ടായില്ല.
അഫ്രിന് ഫാത്തിമക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ പൊലീസ് നേരിടുന്നു.
വാസ സ്ഥലങ്ങളിലേക്കുള്ള സംഘ്പരിവാര്‍-ഭരണകൂട അതിക്രമത്തെ നിര്‍ഭയമായി തടയാന്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതും രക്ത പങ്കിലവും ആയി മാറിയേക്കാം. അതിജീവനത്തിന് മുന്നില്‍ നിബന്ധനകള്ക്കൊ അസ്പൃശ്യതക്കോ സ്ഥാനമുണ്ടാവരുത്. വേറിട്ടും വേര്‍തിരിഞ്ഞും നില്‍ക്കുന്നതാണ് ഫാഷിസത്തിന് എന്നും തുണയാവുന്നത്. നുണ പ്രചാരണങ്ങളിലൂടെ അകല്‍ച്ച വര്‍ധിപ്പിക്കാനും അയിത്തം കല്‍പ്പിക്കാനും വേറിടല്‍ അവസരങ്ങള്‍ സജ്ജമാക്കുന്നു. ശ്രീലങ്കയിലുള്പ്പെടെ എല്ലാ വംശീയ ഉന്മൂലനങ്ങളിലും വേറിട്ട ആവാസ വ്യവസ്ഥകള്‍ പങ്കുവഹിച്ചിട്ടുണ്ട്. സമ്മിശ്രമായും കൂടിക്കുഴഞ്ഞുമുള്ള ആധുനിക ആവാസ വ്യവസ്ഥകളിലേക്ക് നീങ്ങണമെങ്കില്‍ അസമമായ സാമ്പത്തിക വികാസത്തെയും ജാതി-മത സങ്കുചിത അയ്ത്ത സങ്കല്‍പ്പത്തെയും മറികടക്കാന്‍ കഴിയണം. വര്‍ത്തമാന സാഹചര്യം ആവശ്യപ്പെടുന്ന സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കും ബോധവല്കരണങ്ങള്ക്കും മുന്‍വിധികള്‍ തടസ്സമാകാതിരിക്കട്ടെ.