Analysis
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത്? - സിദ്ധാര്‍ഥ് വരദരാജന്‍
Analysis

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത്? - സിദ്ധാര്‍ഥ് വരദരാജന്‍

അന്‍വര്‍ ദയാല്‍
|
20 Sep 2024 11:04 AM GMT

തുടര്‍ച്ചയായി മുസ്‌ലിംകളെയും ചില സന്ദര്‍ഭങ്ങളില്‍ ക്രിസ്ത്യാനികളെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ആക്രമിക്കുന്നു. ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഇന്ത്യക്കാര്‍ അല്ലാ എന്നാണ് ഹിന്ദുത്വര്‍ കരുതുന്നത്. ഈ വിഷയങ്ങള്‍ കൂടുതല്‍ വഷളായത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലാണ്.

മതേതരത്വം എന്ന ആശയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യാരാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും മതേതരത്വത്തെ വ്യവസ്ഥാപിതമായി ഏതുതരത്തിലാണ് ദുര്‍ബലപ്പെടുത്തുന്നതെന്നും തകര്‍ക്കുന്നതെന്നും, രാജ്യത്തെ ജനങ്ങള്‍ എത്രത്തോളം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നും നമ്മള്‍ ആലോചിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ പലഭാഗത്തായി താമസിക്കുന്ന 1.4 ബില്യണ്‍ ജനങ്ങളുള്ള, വ്യത്യസ്ത മതവിഭാഗങ്ങള്‍ ഉള്ള, പല ഭാഷകള്‍ സംസാരിക്കുന്ന, വിവിധ ഭക്ഷണങ്ങള്‍ കഴിക്കുന്ന ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് അറിയാതെ ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ച് പറയാന്‍ കഴിയില്ല. മതേതരത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. രാജ്യത്തിന്റെ നിലവിലെ അവസ്ഥവെച്ച് മതേതരത്വത്തെ നമുക്ക് രണ്ടായി തിരിക്കാം. ഒന്നാമത്തേത് സ്റ്റേറ്റിന് ഒരു മതം ഇല്ലാതെ ഇരിക്കുന്നതും രണ്ടാമത്തേത് രാജ്യം എല്ലാ മതത്തെയും ഒരുപോലെ കാണുന്നതുമാണ്. ഇന്ത്യയില്‍ ഈ രണ്ടാമത്തെ രൂപത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്; എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല.

ഒരു രാജ്യം ജനങ്ങളെ മതത്തിന്റെ, അല്ലെങ്കില്‍ വിശ്വാസത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് വളരെ വലിയ തെറ്റാണ്. നമ്മുടെ രാജ്യം എല്ലാവരും ഒരുപോലെയാണോ പരിഗണിക്കുന്നത്? ഇതു വളരെ വലിയ ചോദ്യമാണ്. ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന ജന്‍ ധന്‍ യോജന തുടങ്ങിയവയെല്ലാം പ്രധാനമന്ത്രിയുടെ സ്‌കീമുകളാണ്. സര്‍ക്കാരിന് പറയാന്‍ കഴിയുമോ ഈ പദ്ധതികളില്‍ ഒരു വേര്‍തിരിവും ഇല്ല എന്ന്. എന്നാല്‍, ജന്‍ ധന്‍ യോജനയില്‍ നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭിക്കില്ല, നിങ്ങള്‍ ഒരു ക്രിസ്ത്യന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ഗ്യാസിന് കണക്ഷന്‍ ലഭിക്കില്ല. എന്നിട്ടും വളരെ എളുപ്പത്തില്‍ പറയും ഞങ്ങള്‍ക്ക് വേര്‍തിരിവില്ല എന്ന്.

അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നവര്‍ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രം അല്ലല്ലോ ഉള്ളത്. വേറെയും ഉണ്ടല്ലോ രാജ്യങ്ങള്‍? ചൈനയില്‍ ടിബറ്റന്‍സ് നേരിടുന്ന വിവേചനം. മറ്റൊരു ഭാഗത്ത് ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന വിവേചനം. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ എന്നിവരൊക്കെയുണ്ട്. എന്തുകൊണ്ട് ഇവരെ ഒന്നും സ്വീകരിക്കുന്നില്ല? എന്തുകൊണ്ട് മോദിയും അമിത്ഷായും ചില പ്രത്യേക മത വിഭാഗത്തില്‍ വിവേചനം അനുഭവിക്കുന്നവരെ മാത്രം സ്വാഗതം ചെയ്യുന്നു.

ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. കാരണം, അവര്‍ രാജ്യത്തെ ജനങ്ങളാണ്. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി നമ്മള്‍ക്ക് എന്തെല്ലാം തരത്തിലുള്ള അവകാശങ്ങള്‍ ലഭിക്കുന്നുണ്ട്? നിങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ് എങ്കില്‍ കുറഞ്ഞ പരിഗണന നല്‍കുന്നു. അവരെ വേണ്ടവിധത്തില്‍ ഗവണ്‍മെന്റ് സഹായിക്കുന്നില്ല. കലാ-കായിക-സംസ്‌കാരിക രംഗത്തെല്ലാം ഈ വേര്‍തിരിവ് കാണുന്നു. ഒരു വ്യക്തിയുടെ മതം നോക്കി അയാളെ വിലയിരുത്തുന്നു, അയാള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. വേഷം നോക്കി കള്ളന്‍ എന്ന് ആരോപിക്കുന്നു. ആള്‍ക്കൂട്ട അക്രമണം നടത്തുന്നു. ബീഫ് കഴിച്ചു എന്നാരോപിച്ച് തല്ലികൊല്ലുന്നു. ഒരു തെളിവുകളും ഇല്ലാതെ ലൗ ജിഹാദിന്റെ പേരില്‍ യുവാക്കളെ ഉപദ്രവിക്കുന്നു. മുസ്‌ലിം യുവാവ് ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് ലൗ ജിഹാദ് ആക്കുന്നു.

ഇന്ത്യയിലെ കലാപങ്ങളെ കുറിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍ പ്രതികളാണെന്ന് ആരോപിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കാനോ അവരെ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇനി ചോദ്യം ചെയ്യുകയുമില്ല. അവര്‍ക്കെതിരെ അന്വേഷണം നടത്തുകയും ഇല്ല. നമ്മള്‍ക്കറിയാം, തൊഴിലില്ലായ്മയും, ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും, കര്‍ഷകരുടെ പ്രശ്‌നങ്ങളും, ജനപെരുപ്പവുമെല്ലാം ശരിയാക്കാന്‍ ഗവണ്‍മെന്റ് പെടാപ്പാട് പെടുകയാണ്. എന്നാല്‍, ഇലക്ഷന്‍ പ്രചാരണം നടക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി പ്രസംഗങ്ങളിലൂടെ വോട്ടിനു വേണ്ടി മുസ്‌ലിംകള്‍ക്കു നേരെ വര്‍ഗീയത തുപ്പുകയായിരുന്നു. ഇതാണ് ഇന്ത്യയിലെ മതേതരത്വത്തിനുള്ള മികച്ച തെളിവ്. പ്രധാനമന്ത്രി രാജ്യത്തെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ബിജെപി ഗവണ്‍മെന്റിന്റെ പരസ്യമാണ് ചെയ്യുന്നത്. എന്താണ് ബ്രിട്ടീഷുകാര്‍ ചെയ്തത്, അതുതന്നെയാണ് മോദി സര്‍ക്കാരും ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണ്.

ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മോദി ഗവണ്‍മെന്റ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സിഎഎ ആക്ട് ഇതിന്റെ ഭാഗമായി കൊണ്ടുവന്നതാണ്. സിഎഎ ആക്ട്ട് പറയുന്നു, ഏതെങ്കിലും തരത്തിലുള്ള അഭയാര്‍ഥിയായി ആരെങ്കിലും ഇന്ത്യയില്‍ വരുന്നെങ്കില്‍ - അവര്‍ ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, ജെയ്ന്‍ എന്നീ മത വിഭാഗക്കാര്‍ - പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണെങ്കില്‍ ഇവര്‍ക്ക് ഇന്ത്യയില്‍ പൗരനാവാന്‍ അപേക്ഷിക്കാം. ഇവര്‍ നിയമാനുസൃതമായി വന്നവരായാലും നിയമം ലംഘിച്ചു വന്നവരായാലും ഒരു രേഖകള്‍ ഇല്ലാതെ വന്നവരായാലും കുഴപ്പമില്ല; മുസ്‌ലിംകള്‍ ഒഴികെ.


എന്തുകൊണ്ട് മുസ്‌ലിംകളെ മാത്രം സ്വീകരിക്കുന്നില്ല? അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും എല്ലാം മറ്റു മതവിഭാഗങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് അതിന് ഇവരുടെ മറുപടി. അത് ശരിയാണ്. എന്നാല്‍ മറ്റൊരു ചോദ്യം, മതത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നവര്‍ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രം അല്ലല്ലോ നമുക്ക് അയല്‍പക്കങ്ങളിലായി ഉള്ളത്. വേറെയും ഉണ്ടല്ലോ രാജ്യങ്ങള്‍? ചൈനയില്‍ ടിബറ്റന്‍സ് നേരിടുന്ന വിവേചനം. മറ്റൊരു ഭാഗത്ത് ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന വിവേചനം. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ എന്നിവരൊക്കെയുണ്ട്. എന്തുകൊണ്ട് ഇവരെ ഒന്നും സ്വീകരിക്കുന്നില്ല? എന്തുകൊണ്ട് മോദിയും അമിത്ഷായും ചില പ്രത്യേക മത വിഭാഗത്തില്‍ വിവേചനം അനുഭവിക്കുന്നവരെ മാത്രം സ്വാഗതം ചെയ്യുന്നു. ഇതിലെ പ്രധാന പോയിന്റ് എന്താണെന്ന് വെച്ചാല്‍, ആരെയാണ് സ്വീകരിക്കേണ്ടാത്തത്; അവരാണ് മുസ്‌ലിംകള്‍. മോഡേണ്‍ പിരീയഡില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനെ കണ്‍ട്രോള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ധാരാളം അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് വന്നു. സോഷ്യലിസ്റ്റ് അഫ്ഗാനിസ്ഥാന്റെ അവസാന പ്രസിഡണ്ട് നെജീബുല്ലയും കുടുംബവും ഇന്ത്യയില്‍ അഭയാര്‍ഥിത്തം തേടിയവരാണ്. അന്ന് ആരും അവരോട് അവരുടെ മതം ചോദിച്ചിരുന്നില്ല. മതം ഒരു മാനദണ്ഡവും ആക്കിയിരുന്നില്ല.

2019ലും 20ലും അമിത് ഷാ പറഞ്ഞു, ആദ്യം സിഎഎ പിന്നെ എന്‍ആര്‍സി. ഇതിലൂടെ അവര്‍ക്ക് സ്ഥാപിക്കണം, യഥാര്‍ഥ ഇന്ത്യക്കാരല്ലാത്തവര്‍ ആരാണെന്ന്. നിങ്ങള്‍ യഥാര്‍ഥ ഇന്ത്യന്‍ പൗരന്‍ ആണോ എന്നുള്ള ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍, നിങ്ങള്‍ ഒരു മുസ്‌ലിം അല്ല എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ രക്ഷപെട്ടേക്കാം. എന്നാല്‍, നിങ്ങള്‍ ഒരു മുസ്‌ലിം കൂടിയാണ് എന്ന് തെളിഞ്ഞാല്‍ രാഷ്ട്രത്തിലെ പൗരന്‍ അല്ല.

മോദിയുടെ ക്യാബിനറ്റിലുള്ള ഗിരിരാജ് സിംഗ് - വര്‍ഗീയത മാത്രം പറയുന്ന വ്യക്തി - ഈ അടുത്തിടെ അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നു, വിഭജനകാലത്ത് ഇന്ത്യ മുസ്‌ലിംകള്‍ക്ക് ഇവിടെ ജീവിക്കാന്‍ അനുമതി നല്‍കിയതാണെന്ന്. ഇത് പറയാന്‍ അദ്ദേഹം ആരാണ്. എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ അനുമതി വേണോ ഇന്ത്യയില്‍ ജീവിക്കാന്‍. നടക്കുന്ന മറ്റൊരു പ്രൊപ്പഗണ്ട, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്നും മുസ്‌ലിംകളെല്ലാം പുറത്തുനിന്നുള്ളവരാണെന്നും അവര്‍ പ്രശ്‌നക്കാരന്‍ ആണെന്നുമാണ്.. ഇവരെല്ലാം പാകിസ്താനിലേക്ക് പോകണമെന്നും പറയുന്നു.

ഇപ്പോള്‍ മറ്റൊരു തരത്തിലുള്ള മാറ്റവും നടക്കുന്നുണ്ട്. ഇന്ത്യയിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതിലാണ് ചിലര്‍ക്ക് തിരക്ക്. എത്രയോ നഗരങ്ങളുടെ പേരുകള്‍ ഇതിനോടകം തന്നെ മാറ്റി. ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നു. അവര്‍ ശ്രമിക്കുന്നത് മുസ്‌ലിം പേരുകള്‍ മാറ്റാനാണ്. ഒപ്പം അവിടത്തെ ചരിത്രനിര്‍മിതികള്‍ നശിപ്പിക്കുന്നു.

ഒരു മുസ്‌ലിം വ്യക്തി ഒരു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വളരെ വേഗത്തില്‍ അവരെ ശിക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങുന്നു. ഇന്ത്യയിലെ പോപ്പുലേഷന്റെ 12, 13% ശതമാനവും മുസ്‌ലിംകളാണ് എന്നാണ് പഠനം. ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കൂടുതലും മുസ്‌ലിംകളുടെ താമസസ്ഥലവും ജോലി സ്ഥലങ്ങളുമാണ്. ഇന്ത്യന്‍ മതേതരത്വത്തില്‍ നിന്നും മുസ്‌ലിംകളെ എങ്ങനെയാണ് മാറ്റി നിര്‍ത്തുന്നത് എന്ന് ഇതില്‍ നിന്നും കാണാന്‍ സാധിക്കും. എന്നിട്ടും എന്താണ് മോദിയും അമിത് ഷായും ജയശങ്കറും പറയുന്നത്. ഞങ്ങള്‍ ആരെയും വേര്‍തിരിക്കുന്നില്ല എന്നാണ്. എന്നാല്‍, പറയൂ എന്തുകൊണ്ടാണ് ബുള്‍ഡോസര്‍ രാജില്‍ വേര്‍തിരിവ്. എന്താണ് ബുള്‍ഡോസര്‍ രാജിന്റെ അര്‍ഥം. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിങ്ങള്‍ ചെയ്യുന്നത്?


ഞാന്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ എനിക്ക് ഇത് പറയുമ്പോള്‍ ചെറിയ ലജ്ജ തോന്നുന്നു. ഇന്നത്തെ മാധ്യമങ്ങള്‍ വലിയ രീതിയില്‍ മതസ്പര്‍ധയും കലാപാഹ്വാനവുമുള്ള വാര്‍ത്തകള്‍ നല്‍കുന്നു. രാത്രികളിലെ ചാനല്‍ ചര്‍ച്ചകളില്‍ അത്തരം സംവാദങ്ങള്‍ വെക്കുന്നു. മാധ്യമങ്ങളും മുസ്‌ലിംകളെ വ്യാപകമായി ഉന്നം വെക്കുന്നുവെന്ന് നമുക്ക് പറയാന്‍ സാധിക്കും. 2002 ഗുജറാത്തില്‍ നടന്ന കലാപത്തില്‍ മാധ്യമങ്ങള്‍ ധാരാളം വാര്‍ത്തകള്‍ കൊടുത്തിരുന്നു. 84 ല്‍ മാധ്യമങ്ങള്‍ കണ്ണടക്കുകയായിരുന്നു. അന്ന് രണ്ടോ മൂന്നോ പത്രങ്ങള്‍ മാത്രം ശബ്ദിച്ചു. ഇന്ന് നുണപ്രചാരണങ്ങളും, ഹേറ്റ് ക്യാമ്പയിനുകളും മാത്രമാണ് നടക്കുന്നത്. തുടര്‍ച്ചയായി ഇന്ത്യന്‍ മുസ്‌ലിംകളെയും ചില സന്ദര്‍ഭങ്ങളില്‍ ക്രിസ്ത്യന്‍സിനെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ആക്രമിക്കുകയാണ്. ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഇന്ത്യക്കാര്‍ അല്ലാ എന്നാണ് അവര്‍ കരുതുന്നത്. ഈ വിഷയങ്ങള്‍ കൂടുതല്‍ വഷളായത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലാണ്.

(ഡല്‍ഹി ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ചറല്‍ സെന്ററില്‍ നടന്ന വൈ.എസ്.ആര്‍ അനുസ്മരണ പരിപാടിയില്‍ സിദ്ധാര്‍ഥ് വരദരാജന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും)

തയ്യാറാക്കിയത്: അന്‍വര്‍ ദയാല്‍


Similar Posts