Analysis
പൊതുപരീക്ഷാ നിയമവും ചട്ടവും വിദ്യാര്‍ഥികള്‍ക്ക് കാവലാകുമോ?
Analysis

പൊതുപരീക്ഷാ നിയമവും ചട്ടവും വിദ്യാര്‍ഥികള്‍ക്ക് കാവലാകുമോ?

ഷെല്‍ഫ് ഡെസ്‌ക്
|
28 Jun 2024 4:26 AM GMT

കൂടുതല്‍ സുതാര്യതയോടും വിശ്വാസ്യതയോടും കൂടി ഇനി പരീക്ഷകള്‍ നടക്കും എന്നുള്ള പ്രതീക്ഷയിലാണ് ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

രാജ്യത്തെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നിയമത്തിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഇപ്പോള്‍ വന്നിരിക്കുന്നു. നീറ്റ്, നെറ്റ് ഉള്‍പ്പെടെ പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോരുന്നത് തടയാനുള്ള പൊതുപരീക്ഷ നിയമത്തിന്റെ ചട്ടങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് നിര്‍ദേശം. നിയമ ലംഘകര്‍ക്ക് പത്ത് വര്‍ഷം തടവും ഒരുകോടി രൂപ വരെ പിഴയും ലഭിക്കാവുന്ന നിയമമാണ് കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തത്. പരീക്ഷയ്ക്കിടെ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പരീക്ഷാ നടത്തിപ്പിലെ ഉദ്ദ്യോഗസ്ഥന്‍ റീജിണല്‍ ഓഫീസര്‍ക്ക് പരാതി നല്‍കണം. പരാതി പരിശോധിച്ച് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിക്കും. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കേണ്ടത് എന്നതാണ് ചട്ടം.

വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ക്രമക്കേട് കണ്ടെത്തുകയാണെങ്കില്‍ പത്തുവര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന രീതിയലുള്ള നിയമത്തിനാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കാന്‍ പോകുന്നത്. നീറ്റ്-നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രധിഷേധങ്ങളുയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു നിയമവുമായി രംഗത്ത് വന്നിരിക്കുന്നത്. നിയമം ഉടന്‍ തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണ്. നിയമ ലംഘകര്‍ക്ക് പത്ത് വര്‍ഷം തടവും ഒരുകോടി രൂപ വരെ പിഴയും ലഭിക്കാവുന്ന നിയമമാണ് കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തത്.

ചട്ടങ്ങള്‍:

1. പരീക്ഷാ ഹാളില്‍ ക്രമക്കേട് നടന്നാല്‍ ഉടന്‍ നടപടി

2. പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നടപടിയെടുക്കണം

3. നിയമലംഘകര്‍ക്ക് 10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയും

4. റിപ്പോര്‍ട്ട് തയ്യാറാക്കി റീജ്യണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണം

5. റീജ്യണല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയിലേക്ക് കടക്കും

6. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ നടപടികള്‍ സ്വീകരിക്കും

ഇത്തരത്തിലുള്ള ശിക്ഷാ രീതിയിലേക്കും പിഴയിലേക്കും കാര്യങ്ങള്‍ മാറുമ്പോള്‍ ക്രമക്കേടുകള്‍ തടയാന്‍ അത് കുറച്ചുകൂടി സഹായകമാകും എന്നാണ് കരുതപ്പെടുന്നത്. 2024 ന്റെ പരിധിയില്‍ പെടുന്ന കുറ്റകൃത്യങ്ങളെല്ലാം ജ്യാമമില്ലാ കുറ്റകൃത്യങ്ങളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഈ നിയമം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നതിനു പിന്നാലെ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിയമം സംബന്ധിച്ച ചട്ടങ്ങള്‍ നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ് എന്നൊക്കെ അന്ന് അദ്ദേഹം പറഞ്ഞൊഴിഞ്ഞിരുന്നു. പക്ഷെ, പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയും ഇല്ലാത്ത സാഹചര്യത്തിലാണ് പെട്ടെന്ന് ഇത്തരത്തിലൊരു ചട്ടത്തിലേക്ക് വന്നത്. കഴിഞ്ഞ ദിവസവും പാര്‍ലമെന്റില്‍ അദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതുപരീക്ഷകളിലെ കുറ്റകൃത്യത്തെ കുറിച്ച അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷ സേവന ദാതാക്കള്‍ക്ക് വരെ പിഴ ചുമത്താനും ഈ നിയമത്തില്‍ വകുപ്പുണ്ട്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ക്രമക്കേടില്‍ ഉള്‍പ്പെട്ടിരിക്കുന്നവെന്ന് തെളിഞ്ഞാല്‍ അയാള്‍ക്ക് കുറഞ്ഞത് മൂന്നുവര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. കൂടുതല്‍ സുതാര്യതയോടും വിശ്വാസ്യതയോടും കൂടി ഇനി പരീക്ഷകള്‍ നടക്കും എന്നുള്ള പ്രതീക്ഷയിലേക്ക് കൂടിയാണ് ഈ ചട്ടം കൊണ്ട് വന്നിരിക്കുന്നത്.

പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്. ദേശീയ പരീക്ഷ ഏജന്‍സികളുടെ പിഴവുകളും സമിതി പരിശോധിക്കും. നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും ജെ.എന്‍.യുവില്‍ അടക്കം രാജ്യത്ത് വിവിധ കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭവുമായി രംഗത്തുവരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്.

പരീക്ഷ നടത്തിപ്പ്, ഡാറ്റ സുരക്ഷ പ്രോട്ടോക്കോള്‍ മെച്ചപ്പെടുത്തല്‍, എന്‍.ടി.എയുടെ ഘടനയും പ്രവര്‍ത്തനവും മെച്ചപ്പെടുത്തല്‍ എന്നിവ സമിതിയുടെ പഠന വിഷയമാണ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. ബി.ജെ റാവു, ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ എന്നിവരടക്കം സമിതിയിലുണ്ട്. രണ്ട് മാസത്തിനകം സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അവലംബം: ന്യൂസ് ഡീക്കോഡ്

തയ്യാറാക്കിയത്: നിലൂഫര്‍ സുല്‍ത്താന

Similar Posts