തൂക്കുകയറിന്റെ കുരുക്ക് അഴിയുമ്പോള്‍
|മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മാന്യമായി മരിക്കാനുമുള്ള അവകാശമെന്ന സുപ്രീംകോടതിയുടെ പഴയ വിധിയുമായി അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര, സുപ്രീംകോടതിയുടെ പടികയറിയപ്പോള്‍ നീതിദേവതക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല.
തമിഴ്‌നാട്ടില്‍ ഏഴുവയസുകാരനെ കൊലപ്പെടുത്തിയ സുന്ദര്‍സൗന്ദര്‍രാജിന്റെ വധശിക്ഷ 20 വര്‍ഷം തടവ് ആക്കി സുപ്രീംകോടതി ചുരുക്കിയ അതേദിവസമാണ് വധ ശിക്ഷ കാത്തിരിക്കുന്ന റിപ്പര്‍ ജയാനന്ദന് കേരള ഹൈക്കോടതി ഒരു ദിവസത്തെ പരോള്‍ അനുവദിക്കുന്നത്. ഈ ദിവസം വൈകുന്നേരമാണ് തൂക്കികൊല അവസാനിപ്പിക്കണമെന്ന ഹരജി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മുന്നിലെത്തുന്നതും.
'മാന്യമായി മരിക്കാനുള്ള മൗലിക അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയില്‍ ഈ വിഷയവുമായി എത്തിയിരിക്കുന്നത് ' ഹരജിക്കാരന്‍കൂടിയായ അഭിഭാഷകന്‍ ഋഷി മല്‍ഹോത്രയുടെ ഈ വാക്കുകളില്‍ ഒരു നിമിഷം തങ്ങി നിന്ന കോടതി, കൂടുതല്‍ വാദം കേള്‍ക്കാന്‍ സമയം നീട്ടിനല്‍കി. അമേരിക്ക ഉള്‍പ്പെടെ
പരിഷ്‌കൃത രാജ്യങ്ങളില്‍ തൂക്കികൊലക്ക് പകരം വേദന കുറഞ്ഞ മരണമാണ് വധശിക്ഷയായി നല്‍കുന്നത്. കുത്തിവെപ്പിലൂടെ അബോധാവസ്ഥയിലേക്കു പോവുകയും ഉറക്കത്തില്‍ മരണം സംഭവിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ശിക്ഷാ രീതികള്‍ മാറണം എന്നതായിരുന്നു ഹരജിയിലെ ആവശ്യങ്ങളില്‍ ഒന്ന്. സമൂഹത്തിന്റെ ഭാഗമായി ഒരിക്കലും തിരികെ കൊണ്ടുവരാന്‍ കഴിയാത്ത കൊടുംകുറ്റവാളികള്‍ക്ക് മരണശിക്ഷ നല്‍കുമ്പോള്‍ വേദന കുറഞ്ഞ മരണം എന്ത്‌കൊണ്ട് നല്‍കിക്കൂടാ എന്നാണ് കോടതിയും ചിന്തിച്ചത്.
കുത്തിവെപ്പിലൂടെ ശിക്ഷാ വിധി നടപ്പാക്കുമ്പോള്‍ മരണമെത്തുന്ന നേരം അഞ്ച് മുതല്‍ ഒന്‍പത് മിനിറ്റ് വരെയാണ്. നിറയൊഴിച്ചാണെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. തൂക്കിക്കൊലയുടെ കാര്യത്തില്‍ 40 മിനിറ്റ് വരെ നീളാം. കഴുത്ത് ഒടിഞ്ഞും അംഗഭംഗം സംഭവിച്ചുമാണ് പലര്‍ക്കും ജീവന്‍ നഷ്ടമാകുന്നത്. ചര്‍മം വിണ്ടും മരണവെപ്രാളത്തില്‍ മൂത്രമൊഴിച്ചും കണ്ണ് തള്ളിയും നാക്ക് പുറത്ത് വന്നുമുള്ള ഇത്തരം വേദനാജനകമായ ശിക്ഷകള്‍ കാലത്തിനു അനുസരിച്ചു പരിഷ്‌ക്കരിക്കണമെന്നു ഋഷി മല്‍ഹോത്ര ആവശ്യപ്പെടുന്നു. തൂക്കിയ ആളുടെ നെഞ്ചിടിപ്പ് അവസാനിച്ചോ എന്നറിയാന്‍ തൂങ്ങിയാടുന്ന ശരീരത്തിന്റെ അടുത്തേക്ക് ഡോക്ടര്‍മാര്‍ക്ക് ചെറിയ ഏണി വച്ച് നല്‍കാറുണ്ടെന്നു കൂടി ഈ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
1973 വരെ കൊലപാതകത്തിന് ശിക്ഷ തൂക്കിക്കൊലയായിരുന്നു. ജീവപര്യന്തമായി ചുരുക്കണമെങ്കില്‍ അതിന് കാരണം വേറെ കണ്ടെത്തണമായിരുന്നു. പിന്നീട് കൊലപാതകത്തിന്റെ ശിക്ഷ ജീവപര്യന്തമായും, വധശിക്ഷ നല്‍കണമെങ്കില്‍ കാരണം വേറെ കണ്ടെത്തണം എന്ന നിലയിലുമായി. 1981 ലെ ബച്ചന്‍ സിംഗ് കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രം വധശിക്ഷ നല്‍കിയാല്‍ മതി എന്നായിരുന്നു വിധി
2008 ആയപ്പോള്‍ വധശിക്ഷയുടെ എണ്ണം കുറക്കാന്‍ കഴിയുന്ന വിധികളിലേക്ക് കോടതി വീണ്ടും എത്തി. സമൂഹത്തിന്റെ ഭാഗമായി തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് അത്ര ഉറപ്പുള്ള, അപൂര്‍വത്തില്‍ അത്യപൂര്‍വം ആളുകള്‍ക്ക് മാത്രം നല്‍കാവുന്ന ശിക്ഷയായി വധശിക്ഷ മാറി. പിന്നീട് ശ്രദ്ധേയമായ മാറ്റമൊന്നും കണ്ടില്ല.
മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മാന്യമായി മരിക്കാനുമുള്ള അവകാശമെന്ന സുപ്രീംകോടതിയുടെ പഴയ വിധിയുമായി ഋഷി, സുപ്രീംകോടതിയുടെ പടികയറിയപ്പോള്‍ നീതിദേവതക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല. വധശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ക്കു നേരെ നിറയൊഴിക്കുന്നതും വൈദ്യുത കസേരയില്‍ ഇരുത്തുന്നതും ഉള്‍പ്പെടെയുള്ള ശിക്ഷാ രീതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. തൂക്കിലേറ്റുമ്പോള്‍ ആ മനുഷ്യന്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചുള്ള പഠനം, ഈ മേഖലയില്‍ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അനിവാര്യത, മറ്റു രാജ്യങ്ങള്‍ വധ ശിക്ഷക്ക് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുത്തിച്ചിന്തിക്കാന്‍ കോടതി തീരുമാനിച്ചു. വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ചുമതലപ്പെടുത്തി. നിയമ സര്‍വ്വകലാശാലകളിലെ വിദഗ്ധര്‍, എയിംസിലെ ആരോഗ്യ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവയുടെ സഹായം തേടാമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
തമിഴ്‌നാട്ടില്‍ രണ്ടാം ക്ളാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുന്ദര്‍ സൗന്ദര്‍ രാജന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ. രഞ്ജിത് മാരാര്‍ പുറത്തെടുത്തത് പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ കേട്ടില്ലെന്ന വാദമുഖമായിരുന്നു. അന്‍പത് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഇങ്ങനെയൊരു പോയിന്റില്‍ വധശിക്ഷ തട്ടി നില്‍ക്കുമായിരുന്നില്ല. എത്രയോ നാള്‍ മുന്‍പേ ഈ കൊലയാളിയില്‍ കൊലക്കയര്‍ വീഴുമായിരുന്നു. മുന്നോട്ടു പോകുന്ന കാലത്തിനു ഒപ്പം ശിക്ഷ രീതികളിലും മാറ്റം വരുത്താന്‍ നീതിന്യായവ്യവസ്ഥ തയ്യാറാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ ഇളവ്. സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ നിസാമിന്റെ ജീവപര്യന്തം, വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കോടതിയിലെത്തിയ കേരളവും തിരികെ നടക്കാന്‍ തുടങ്ങിയിരിക്കുന്നു.
പിന്‍കുറിപ്പ്: സ്വതന്ത്ര ഇന്ത്യയില്‍ ഒരു വനിതയെ തൂക്കിലേറ്റാന്‍ വിധിക്കുന്നത് തന്നെ അപൂര്‍വമാണ്. 2021 ല്‍ സുപ്രീംകോടതി വധശിക്ഷ ശരിവച്ച ശബ്‌നം അലി തൂക്കുകയര്‍ കാത്തിരിക്കുമ്പോഴാണ് നിര്‍ണായക മാറ്റങ്ങള്‍ കോടതിയില്‍ അരങ്ങേറുന്നത്.
(മീഡിയവണ്‍ ഡല്‍ഹി ബ്യുറോചീഫ് ആണ് ലേഖകന്‍)