അഴിമതിയുടെ ജാതി
|ബി.ജെ.പിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തെത്തിയ ഒരേയൊരു ദലിതന്‍ ബങ്കാരു ലക്ഷ്മണ്‍, കേവലം ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം 2001-ല്‍ തെഹല്‍ക്ക മാസിക ഒളിക്യാമറയില്‍ ചിത്രീകരിച്ചു. പാര്‍ട്ടിയില്‍ നിന്നു പുറത്തായ അദ്ദേഹം കേസില്‍ ശിക്ഷിക്കപ്പെടുകയും ഭ്രഷ്ട് കല്പിക്കപ്പെടുകയും ചെയ്തു. ജയിലിലായ അദ്ദേഹത്തിനു ജാമ്യം കിട്ടിയത് ആരോഗ്യകാരണങ്ങളാല്‍ മാത്രമായിരുന്നു. ഒടുവില്‍ ഒരു കുറ്റവാളിയായി മരിക്കേണ്ടി വരികയും ചെയ്തു.
ഇന്ത്യയില്‍ നടക്കുന്ന വമ്പന്‍ അഴിമതികളുടെയെല്ലാം ജാതി എന്താണ്? നമ്മുടെ രാജ്യം പരസ്പര ബന്ധമുള്ള രണ്ടു പ്രതിഭാസങ്ങളുമായി മല്‍പ്പിടുത്തം നടത്തുന്ന ഈ സന്ദര്‍ഭത്തില്‍ നാം ഈ ചോദ്യം ഉയര്‍ത്തേണ്ടതുണ്ട്. ഒരു വശത്ത് വന്‍ തോതിലുള്ള അഴിമതികള്‍ അരങ്ങേറുമ്പോള്‍ മറുവശത്ത് രാജ്യത്തെ മാധ്യമങ്ങള്‍ അവയെല്ലാം റിപ്പോര്‍ട്ട് ചെയ്യാന്‍ വിമുഖത കാട്ടുകയോ മറുവശത്ത് അവ കാര്യമായി റിപ്പോര്‍ട്ടു ചെയ്യാന്‍ ഭയപ്പെട്ട് പിന്‍മാറി നില്‍ക്കുകയോ ചെയ്യുന്നു. അദാനിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണിത് പറയുന്നത്. നമ്മുടെ മാധ്യമങ്ങള്‍ മിക്കവയും ഇവിടെ അദാനിക്കുവേണ്ടി വാദിക്കുകയാണ്. എന്നാല്‍, അധികം വൈകാതെ തന്നെ നിയമസാധുതയില്ലാത്തതും ഇരുളടഞ്ഞതുമായ പി.എം കെയേഴ്‌സ് ഫണ്ടും വന്‍ തോതില്‍ തുറന്നു കാട്ടപ്പെടാന്‍ പോവുകയാണ്.
നമ്മില്‍ പലര്‍ക്കും അറിയാവുന്നതുപോലെ അദാനി ഗുജറാത്തിലെ ബനിയ ജാതിയില്‍ (വൈശ്യര്‍) പ്പെട്ടവരാണ്. അംബാനിമാരും ഗുജറാത്തി ബനിയ തന്നെ. നമ്മുടെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം ഈ രണ്ടു കോര്‍പ്പറേറ്റ് കുടുംബങ്ങളോടുള്ള വിധേയത്വം നാം ഇന്ത്യക്കാരെ ആശങ്കാകുലരാക്കേണ്ടതുണ്ട്. ഇന്ത്യ ഇപ്പോഴും സംസ്ഥാനങ്ങളുടെ ഒരു യൂണിയനായി നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യത്തെ നിക്ഷേപത്തിന്റെയും സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ടിന്റെയും ഭൂരിഭാഗവും ഗുജറാത്ത് എന്ന സംസ്ഥാനത്തേക്ക് മാത്രമായി വഴിതിരിച്ചുവിടുമ്പോള്‍ പ്രത്യേകിച്ചും. ഇന്ത്യയിലെ വമ്പന്‍ കോര്‍പ്പറേഷനുകളും മാധ്യമ സ്ഥാപനങ്ങളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍കിട വ്യവസായങ്ങളും സ്വന്തമാക്കി വെച്ചിരിക്കുന്നത് ബനിയ ജാതിക്കാരാണ്. എന്നാല്‍, അഴിമതി വിരുദ്ധ ചര്‍ച്ചകളിലൊന്നും തന്നെ ഈ കാര്യം പരാമര്‍ശിക്കുന്നതായി നാം കാണുന്നില്ല.
ഇന്ത്യയിലെ സവര്‍ണ്ണജാതിക്കാരുടെ ആരാധ്യനായ അക്കാദമിക് ചിന്തകന്‍ ആഷിസ് നന്ദി 2013-ല്‍ പറഞ്ഞത്, ഇവിടത്തെ ഏറ്റവും വലിയ അഴിമതി പിന്നാക്ക ജാതിക്കാരാണെന്നാണ്. അദ്ദേഹത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും വായിച്ചു നോക്കുക. 'ഇന്ത്യയില്‍ ഏറ്റവും വലിയ അഴിമതിക്കാര്‍ ഒ.ബി.സി, പട്ടികജാതി വിഭാഗക്കാരാണ്. ഇപ്പോള്‍ ധാരാളം പട്ടികവര്‍ഗക്കാരും ഇക്കൂട്ടത്തില്‍ വര്‍ധിച്ചു വരുന്നു. ഞാനൊരു ഉദാഹരണം പറയാം, സി.പി.ഐ (എം) ഭരിച്ച കാലത്ത് പശ്ചിമ ബംഗാള്‍ ആയിരുന്നു അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്ന്. ഇവിടെ ഒരു വസ്തുത നാം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്ന് ഒരാളെങ്കിലും അധികാര സ്ഥാനങ്ങളുടെ അയലത്തു പോലും എത്തിയിട്ടില്ല. തീര്‍ത്തും സംശുദ്ധമായ മലിനമാക്കപ്പെടാത്ത ഒരു ക്ലീന്‍ സ്റ്റേറ്റ് ആയിരുന്നു അത്. അനേകം വര്‍ഷം മുമ്പ് സൃഷ്ടിക്കപ്പെട്ട ഈ അവബോധം ഇന്നും തുടര്‍ന്നു പോരുന്നു. അതായത് അനേകം നൂറ്റാണ്ടുകളായി രാഷ്ട്രീയാധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കീഴ് ജാതികള്‍ ജന്മനാ തന്നെ (genetically) അഴിമതിക്കാരാണ്. കാരണം, ജാതി എന്നത് ഒരാള്‍ പാരമ്പര്യമായി ആര്‍ജിക്കുന്നതാണ്. ജാതിയിലൂടെയാണ് പരമ്പരാഗതമായി കൈവന്ന സവിശേഷതകള്‍ കൈമാറി വരുന്നത്. ഇവയാണ് 'ഗുണ'ങ്ങള്‍. ബ്രാഹ്മണരുടെ കാര്യത്തില്‍, അങ്ങേയറ്റത്ത് ഈ ഗുണം സത്യസന്ധതയാണ്. ചണ്ഡാള ജാതികള്‍ക്കാകട്ടെ ഏറ്റവും ആഴത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളും. പ്രാചീനമായ 'ഗുണ'സിദ്ധാന്തത്തെ നവീകരിച്ചെടുക്കുന്ന ആഷിഷ് നന്ദി, അഴിമതിയെക്കൂടി 'ഗുണ'ത്തില്‍ കൂട്ടിച്ചേര്‍ക്കുകയും അത് കീഴ്ജാതിക്കാരുടെ മാത്രം സവിശേഷതയാണെന്ന് സ്ഥാപിക്കുകയും ചെയ്യുകയാണ്. അതിനാല്‍, ഭൂരിപക്ഷം വരുന്ന കീഴ്ജാതികള്‍ ഭരണകാര്യങ്ങളിലോ സ്വപ്നങ്ങളിലോ ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.
ഇന്ന് ആഴത്തില്‍ വേരോടി നില്‍ക്കുന്ന ഒന്നാണ് കീഴ്ജാതിക്കാരോടുള്ള ഈ മുന്‍വിധി. ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതാ വിവരണ കണക്കുകള്‍ മുന്നോട്ടുവെച്ചു കൊണ്ടു മാത്രമേ ഈ മുന്‍വിധിയെ തുറന്നു കാട്ടാന്‍ സാധിക്കുകയുള്ളൂ. ജനസംഖ്യയില്‍ ആറു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ബ്രാഹ്മണര്‍, ക്ഷത്രിയര്‍, ബനിയ എന്നീ ജാതികള്‍, 94 ശതമാനം വരുന്ന ഒ.ബി.സി, ദലിത് ബഹുജന്‍ വിഭാഗങ്ങളുടെ സമ്പത്ത് കൊള്ള ചെയ്യുന്നതില്‍ ആര്‍ക്കും അത്ഭുതമൊന്നും തോന്നുന്നില്ല. അതേസമയം ഈ കൊള്ളയുടെ ഉത്തരവാദിത്തം മുഴുവന്‍ ബഹുജന നേതാക്കളായ ലാലു പ്രസാദ് യാദവ്, ആണ്ടിമുത്തു രാജ (എ. രാജ), മായാവതി തുടങ്ങിയവരുടെ ചുമലില്‍ കെട്ടിവെക്കാനും അവരെയെല്ലാം ജയിലിലടക്കാനും അവര്‍ക്കു തന്ത്രപൂര്‍വം സാധിച്ചിരിക്കുന്നു. ലാലുപ്രസാദ് യാദവ് അനേക വര്‍ഷം തടവറയില്‍ കിടന്നു നരകിച്ചപ്പോള്‍, ഒരു ബ്രാഹ്മണനായ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ ഇതേ അഴിമതിക്കേസില്‍ വെറുതെ വിടുകയും ചെയ്തു. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തെത്തിയ ഒരേയൊരു ദലിതന്‍ ബങ്കാരു ലക്ഷ്മണ്‍, കേവലം ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം 2001-ല്‍ തെഹല്‍ക്ക മാസിക ഒളിക്യാമറയില്‍ ചിത്രീകരിച്ചു. പാര്‍ട്ടിയില്‍ നിന്നു പുറത്തായ അദ്ദേഹം കേസില്‍ ശിക്ഷിക്കപ്പെടുകയും ഭ്രഷ്ട് കല്പിക്കപ്പെടുകയും ചെയ്തു. ജയിലിലായ അദ്ദേഹത്തിനു ജാമ്യം കിട്ടിയത് ആരോഗ്യകാരണങ്ങളാല്‍ മാത്രമായിരുന്നു. ഒടുവില്‍ ഒരു കുറ്റവാളിയായി മരിക്കേണ്ടി വരികയും ചെയ്തു. അതേസമയം രാജകുടുംബാംഗവും ബി.ജെ.പി.യുടെ പാര്‍ലമെന്റ് അംഗവുമായ സവര്‍ണ ജാതിക്കാരന്‍ ദിലീപ് സിംഗ് ജുഡിയോയെ ഒമ്പതു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയത്. എന്നാല്‍, ബി.ജെ.പി അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരികയും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിപ്പിക്കുകയും ചെയ്തു.
മാധ്യമങ്ങളാകട്ടെ, താണ ജാതിക്കാരായ രാഷ്ട്രീയ നേതാക്കളും ദലിത്-ബഹുജന്‍ നേതാക്കളും ജന്മനാ അഴിമതിക്കാരാണെന്ന അവരുടെ കുപ്രസിദ്ധമായ മുന്‍വിധി മൂലം അങ്ങേയറ്റത്തെ പക്ഷപാതം കാണിച്ചു. പിന്നാക്ക ജാതിക്കാരായ എ. രാജ, കനിമൊഴി എന്നിവര്‍ മാസങ്ങളോളം തടവറകളില്‍ ദുരിതമനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയത്. ഗോത്രവര്‍ഗ നേതാക്കളായ മധുക്കോഡ, ഷിബു സോറന്‍, ദലിത് നേതാവ് മായാവതി, പിന്നാക്ക ജാതിക്കാരനായ ലാലുപ്രസാദ് യാദവ് എന്നിവരെല്ലാം അന്യായമായ വിചാരണ നടപടികള്‍ക്കു വിധേയരായി.
വമ്പന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ ജന്മനാ ശേഷിയില്ലാത്തവരാണ് ദലിത്-ബഹുജന്‍ വിഭാഗങ്ങള്‍. കാരണം, അവര്‍ക്ക് അതിനുള്ള സാമൂഹിക മൂലധനമില്ല. മാത്രമല്ല, അതിശക്തരായ രാഷ്ട്രീയ കേന്ദ്രങ്ങളും, വന്‍കിട ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അടങ്ങുന്ന ശൃംഖലകളുമായി അവര്‍ക്ക് ബന്ധങ്ങളില്ല. സാമൂഹിക മൂലധനവും, അധികാരവും സമ്പത്തും കയ്യാളുന്ന ശൃംഖലയുമായുള്ള ബന്ധവും നിഷേധിക്കപ്പെട്ട ഭൂരിപക്ഷം വരുന്ന ദലിത് ബഹുജന്‍ വിഭാഗങ്ങള്‍ക്ക്, രാജ്യത്തിനു തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള വമ്പിച്ച സാമ്പത്തികത്തട്ടിപ്പുകള്‍ നടത്താന്‍ തങ്ങളെ പ്രാപ്തരാക്കുന്ന (habitus) സ്വഭാവബലം തങ്ങളുടെ ദലിത്- ബഹുജന്‍ പരമ്പരയിലെ പുതു തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ സാധ്യമല്ല. ഉയര്‍ന്ന ജാതിക്കാരനായ ഗുജറാത്തിക്ക് സ്വാഭാവികമായി തോന്നാവുന്ന കാര്യം, ശേഷിക്കുന്ന ജനതയ്ക്കും മാനുഷികതക്കാകമാനവും അപകടകരമാംവിധം അസ്വഭാവികമായ കാര്യമായിരിക്കും.
അഴിമതിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ ഉപരിപ്ലവമായ പഠനം പോലും ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് നിഷേധിക്കാനാവാത്ത വിധം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്; ആറു ശതമാനം മാത്രം വരുന്ന ഉയര്‍ന്ന ജാതിക്കാരായ ന്യൂനപക്ഷമാണ് ഇന്ത്യയുടെ സമ്പത്താകെ തങ്ങള്‍ക്ക് കൊള്ളയടിക്കാനും തകര്‍ത്തു നശിപ്പിക്കാനുമായി കയ്യടക്കി വച്ചിരിക്കുന്നത് എന്ന വസ്തുതയാണത്. മത ധ്രുവീകരണ നാടക വേദിയുടേയും (Theatre of religious Polarisation) സാമ്പത്തിക അഴിമതിയെക്കുറിച്ച് സംവാദങ്ങള്‍ നടത്തുന്ന തട്ടിപ്പു സംഘങ്ങളുടെയും ലക്ഷ്യം ഒന്നു മാത്രമാണ്; ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കണ്ണു മൂടിക്കെട്ടി അവരുടെ സമ്പത്ത് കൊള്ളയടിക്കുക.
ഇന്ത്യയുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയും പൊലീസും ദലിത് ബഹുജന വിഭാഗങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ അതി നീചമായ വിധത്തില്‍ മുന്‍വിധികളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ തടവറകളില്‍ വധശിക്ഷ കാത്തിരിക്കുന്ന തടവുകാരില്‍ എണ്‍പതു ശതമാനവും ദലിതുകളും പിന്നാക്ക ജാതിക്കാരും മുസ്‌ലിംകളുമാണെന്ന് ദില്ലിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ Death Penalty Research Project റിപ്പോര്‍ട്ട് ചെയ്യുന്നു. വധശിക്ഷ കാത്തു കഴിയുന്ന 279 തടവുകാരില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ 24.25 ശതമാനവും മുസ്‌ലിംകള്‍ 20.7 ശതമാനവുമാണ്. കേരളത്തില്‍ 15 വധശിക്ഷാ തടവുകാരില്‍ 14 പേരും പിന്നാക്ക ജാതിക്കാരാണ്. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, ബിഹാര്‍, ഛത്തീസ്ഗഢ്, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പിന്നാക്ക ജാതികള്‍ യഥാക്രമം 88.9%, 80%, 78.9%, 75%, 76.9%, 75% എന്നിങ്ങനെയാണ്. തടവറകളില്‍ ഈ വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യം ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യത്തേക്കാള്‍ കൂടുതലാണ്. മഹാരാഷ്ട്രയില്‍ മൊത്തം തടവുകാരുടെ 32.4 ശതമാനവും മുസ്‌ലിംകളാണ്. അതേസമയം ജനസംഖ്യാനുപാതത്തില്‍ മുസ്‌ലിംകള്‍ 10.6 ശതമാനം മാത്രവും. ഗുജറാത്തിലെ ജയിലുകളില്‍ 25 ശതമാനം മുസ്‌ലിംകളുണ്ട്, മുസ്‌ലിംകളുടെ ജനസംഖ്യാനുപാത (9%) ത്തിന്റെ മൂന്നിരട്ടിയോളം. മുസ്‌ലിംകളുടെ ജനസംഖ്യ 11.7 ശതമാനമാണ്. എന്നാല്‍, ജയിലില്‍ അടയ്ക്കപ്പെട്ട മുസ്‌ലിംകളുടെ എണ്ണമാവട്ടെ 29 ശതമാനവും.
ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന ദലിതുകള്‍, മുസ്‌ലിംകള്‍, പിന്നാക്ക ജാതിക്കാര്‍ എന്നിവരുടെ എണ്ണം ഇവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളിലും യൂണിവേഴ്‌സിറ്റികളിലും, ഐ.ഐ.റ്റി.കള്‍, ഐ.ഐ.എം.കള്‍ മെഡിക്കല്‍ എഞ്ചിനീയറിഗ് കോളജുകള്‍, ജുഡീഷ്യറി, നിയമ നിര്‍മാണ കൗണ്‍സിലുകള്‍, മാധ്യമങ്ങള്‍, ബിസിനസ് രംഗം എന്നിവയില്‍ അവര്‍ക്കുള്ള പങ്കാളിത്തത്തേക്കാള്‍ പതിന്‍മടങ്ങ് കൂടുതലാണ്. ദലിത് ബഹുജന്‍ വിഭാഗങ്ങളെയും മുസ്‌ലിംകളെയും നിത്യജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോഴും ഇവരെയെല്ലാം തടവറകളില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായി നമ്മുടെ ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ അനുകമ്പയെയും മഹാമനസ്‌കതയേയും പ്രശംസിച്ചേ തീരു.
നേരത്തെ പറഞ്ഞ Death Penalty Report നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലാണ് എന്നതാണത്. താഴ്ന്ന ജാതിക്കാരോട് പെരുമാറുന്ന പോലെയല്ല പൊലീസ് പണക്കാരോടോ സ്ഥലത്തെ ഗ്രാമമുഖ്യനോടോ പെരുമാറുക. ഉദാഹരണമായി, ബിഹാറില്‍ ദലിത് ജനതയെ കൂട്ടക്കൊല ചെയ്ത ഒരു കേസില്‍ ഉയര്‍ന്ന ജാതിക്കാരായ കുറെ പുരുഷന്മാരെ അറസ്റ്റു ചെയ്തു. മറ്റൊരു കേസില്‍ സവര്‍ണ്ണ ജാതിക്കാരെ കൂട്ടക്കൊല ചെയ്തതിന് കുറെ ദലിതുകളെയും അറസ്റ്റു ചെയ്തു. രണ്ടു കേസും പൊലീസ് കൈകാര്യം ചെയ്തത് രണ്ടു രീതിയിലാണ്. ദലിതുകളെ വിചാരണ ചെയ്തു ശിക്ഷിച്ചത് തീവ്രവാദവും വിഘടനവാദവും തടയല്‍ നിയമം (Terrorism and Disruptive Activities (Prevention Act)) പ്രയോഗിച്ചാണ്. പക്ഷേ, സവര്‍ണ്ണ ജാതിക്കാര്‍ക്ക് ആ നിയമമായിരുന്നില്ല. പിടിയിലായവരെയെല്ലാം തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. ഒരേ തരത്തിലുള്ള കുറ്റകൃത്യം ചെയ്തവരും ഒരേ തരം തെളിവുകള്‍ ഉള്ളതുമായ കേസുകളില്‍ അറസ്റ്റിലായവര്‍ ദലിതരാണെങ്കില്‍ ബാരാ കൂട്ടക്കൊലക്കേസിലെന്നപോലെ വധശിക്ഷ വിധിക്കും. സമാനസ്വഭാവമുള്ള ലക്ഷ്മണന്‍ പൂര്‍ബാത്തെ കൂട്ടക്കൊലയില്‍ പ്രതികളായവരെയെല്ലാം പട്‌നാ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.
(മാതൃഭൂമി ഓണ്‍ലൈന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള വിവര്‍ത്തനം)
വിവര്‍ത്തനം: എന്‍.കെ രവീന്ദ്രന്‍