Analysis
ഇസ്രായേല്‍ - ഹമാസ് വെടിനിര്‍ത്തല്‍
Analysis

യുദ്ധം ഇടവേളകള്‍ എടുക്കുമ്പോള്‍

ഹകീം പെരുമ്പിലാവ്
|
27 Nov 2023 1:05 PM GMT

ഫലസ്തീന്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയമായ പരിഹാരമുണ്ടാവുകയും വെടിയൊച്ച എന്നെന്നേക്കുമായി നിലക്കുന്ന യുദ്ധ വിരാമത്തിലേക്കെത്തുകയും ചെയ്യുന്ന ശുഭസൂചകമായ ഒരു അവസാനം ഉണ്ടാകുമൊ എന്നാണു രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഹമാസുമായി ഇസ്രായേല്‍ സന്ധി സംഭാഷണത്തിനു സന്നദ്ധമാവുകയും താത്കാലികമായ വെടിനിര്‍ത്തല്‍ കരാറിലെത്തുകയും ചെയ്തു. 46 ദിവസങ്ങള്‍ നീണ്ടുനിന്ന യുദ്ധം അനിശ്ചിതമായി തുടരുമ്പോള്‍ യുദ്ധം നടത്തുന്ന രാജ്യങ്ങള്‍ക്കും ഇടവേളകള്‍ ആവശ്യമായി വന്നിരിക്കുന്നു. യുദ്ധവിരാമത്തിനു മുമ്പുള്ള ഇടവേളകള്‍ക്കും രാഷ്ടീയമായ പ്രാധാന്യമുണ്ട്. ഒന്നുകില്‍ യുദ്ധം ഉദ്ദേശിച്ച വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയാതെ ഒരു പടുകുഴിയില്‍ വീണെന്ന് സ്വയം തിരിച്ചറിഞ്ഞു കൊണ്ടുള്ള കൃത്യമായ തിരുത്ത്; അല്ലെങ്കില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരാനുള്ള ഊര്‍ജ സംഭരണം; അതുമല്ലെങ്കില്‍ അടര്‍ന്നുപോയ മനുഷ്യവിഭവശേഷിയെ അണച്ചുപിടിക്കാനും അടക്കം ചെയ്യാനുമുള്ള സമയം; അതുമല്ലെങ്കില്‍ തങ്ങളുടെ രാജ്യത്ത് നിന്നുണ്ടാകുന്ന ആഭ്യന്തരവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍.

ഇസ്രായേലിന്റെ കാര്യത്തില്‍ ഇതെല്ലാം വലിയ സാധ്യതകളാണ്. ഹമാസിനാകട്ടെ, രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഖുദുസിന്റെ മോചനവുമല്ലാതെ മറ്റൊരു അജണ്ടയും തങ്ങളുടെ മുന്നിലില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഒന്നരമാസത്തിനു ശേഷവും ഈ യുദ്ധത്തില്‍ ഹമാസ് ഒറ്റക്ക് പശ്ചാത്ത്യ രാജ്യങ്ങളുടെയെല്ലാം പിന്തുണയുള്ള ഇസ്രായേലിനെ പ്രതിരോധിച്ചു കൊണ്ട് വീറോടെ നില്‍ക്കുകയാണെന്നത് ഇസ്രായേലിനെ മാത്രമല്ല ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തുകയാണ്.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്രായേലിന് ശക്തമായ പിന്തുണ നല്‍കുകയും ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹായിക്കുകയും ചെയ്തിട്ടും യുദ്ധം അനിശ്ചിതമായി നീളുകയായിരുന്നു. ഹമാസിനെ ഇല്ലായ്മ ചെയ്യുന്നത് പോയിട്ട് അവരുടെ ഒരു നേതാവിനെ പോലും തൊടാന്‍ സാധിച്ചില്ലെന്നത് ഏറെ നാണക്കേടുണ്ടാക്കി. ഇസ്രായേലിനു അടിപതറുമ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളേയും അത് ബാധിക്കുമെന്നത് സ്വാഭാവികമാണ്.

ഒന്നര മാസത്തെ യുദ്ധം വിശകലനം ചെയ്യുമ്പോള്‍ യുദ്ധമുന്നണിയിലെ രാഷ്ട്രങ്ങളുടെ ലാഭനഷ്ടങ്ങളേക്കാള്‍ ലോക രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകളും നിസ്സംഗതയും മാറനീക്കി പുറത്തു വരികയാണ്. ഇത് ഇസ്രായേല്‍ തുടരുന്ന ക്രൂരതകള്‍ നിര്‍ബാധം തുടരാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14,800 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന് നഷ്ടപ്പെട്ടവരില്‍ 6,500 പേര്‍ കുട്ടികള്‍ ആണെന്നത് ഏറെ ആശങ്കയുളവാക്കുന്നു. 36,000പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ചു ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേലിന്റെ 1200 സിവിലിയന്മാരും 265 സൈനികരുമാണ് (ഐഡിഎഫ്) കൊല്ലപ്പെട്ടത്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇസ്രായേലിന്റെ 3000 ത്തൊളം സൈനികര്‍ കൊല്ലപ്പെട്ടതായും ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിവിലിയന്മാരുടെ നഷ്ടം ഒഴിച്ചുനിര്‍ത്തിയാല്‍ 46 ദിവസത്തെ യുദ്ധം ഹമാസിനു അനുകൂലമായിട്ടാണ് പൊതുവെ വിലയിരുത്തുന്നത്. യുദ്ധത്തില്‍ ഇസ്രായേലിനു അടിപതറിയെന്നാണ് പൊതുവെയുള്ള രാഷ്ട്രീയമായ വിലയിരുത്തല്‍. തങ്ങള്‍ വിജയത്തിലേക്കുള്ള വഴിയിലാണെന്നാണ് ഹമാസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ശത്രുവിന്റെ ശക്തി അഥവാ ഹമാസിന്റെ ദൃഡനിശ്ചയം

എതിരാളികളുടെ ബലം എന്നത് ഏതൊരു യുദ്ധത്തിലും വലിയ ഘടകമാണ്. ഇസ്രായേലിനു അത് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നത് മാത്രമല്ല എതിരാളിയെ വില കുറച്ച് കാണുക കൂടി ചെയ്തതോടെ അത് തന്ത്രപ്രധാനമായ വീഴ്ച്ചയായിട്ടാണ് വിലയിരുത്തുന്നത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഹമാസിനെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു യുദ്ധം തുടങ്ങുമ്പോള്‍ ഇസ്രായേലിന്റെ വീരവാദം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശക്തമായ പിന്തുണ നല്‍കുകയും ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹായിക്കുകയും ചെയ്തിട്ടും യുദ്ധം അനിശ്ചിതമായി നീളുകയായിരുന്നു. ഹമാസിനെ ഇല്ലായ്മ ചെയ്യുന്നത് പോയിട്ട് അവരുടെ ഒരു നേതാവിനെ പോലും തൊടാന്‍ സാധിച്ചില്ലെന്നത് ഏറെ നാണക്കേടുണ്ടാക്കി. ഇസ്രായേലിനു അടിപതറുമ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളേയും അത് ബാധിക്കുമെന്നത് സ്വാഭാവികമാണ്.


അന്താരാഷ്ട്ര മര്യാദകളെല്ലാം കാറ്റില്‍ പറത്തുകയും യാതൊരു വിധത്തിലുള്ള യുദ്ധനീതിയും പാലിക്കാതെ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ 46 ദിവസം നീണ്ട ആകാശയുദ്ധവും ഒരാഴ്ച്ചയിലേറെ നീണ്ട കരയുദ്ധവും ഹമാസിനെ ഒട്ടും തളര്‍ത്തുകയുണ്ടായില്ല. ഒന്നും നഷ്ടപ്പെടാനില്ലെന്ന് പറഞ്ഞാണ് പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഹമാസ് ഇസ്രായേലിനെ നേരിട്ടത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ലഭ്യമാകുന്നതോടെ മാത്രമാണ് ഈ യുദ്ധം അവസാനിക്കുകയുള്ളൂ എന്നാണ് അവര്‍ അവകാശപ്പെടുന്നത്. സിവിലയന്മാരുടെ നഷ്ടം അംഗീകരിച്ചുകൊണ്ട് തന്നെ യുദ്ധകളത്തില്‍ തുടരുമെന്നാണ് ഹമാസ് നേതാക്കള്‍ അറിയിക്കുന്നത്. ആശുപത്രികളും സ്‌കൂളൂകളും അഭയാര്‍ഥി ക്യാമ്പുകളും ലക്ഷ്യമാക്കി ബോംബുകള്‍ വര്‍ഷിച്ച് കൊണ്ടിരിക്കുമ്പോഴും എല്ലാവിധ നൈതികതകയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഹമാസ് പോരാടിയത്. അവരുടെ പോരാട്ടത്തെ ആദര്‍ശപ്പോരാട്ടമെന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് അവര്‍ പ്രതിരോധിക്കുന്നത്. കെടാത്ത ഈ ആദര്‍ശവീര്യമുള്ളത് കൊണ്ട് ഹമാസിന്റെ ദൃഡനിശ്ചയവും ആര്‍ജവവും അനുദിനം വര്‍ധിക്കുകയായിരുന്നു.

കള്ളങ്ങള്‍ പൊളിഞ്ഞ് വീണ യുദ്ധം

സത്യത്തിനു മുകളില്‍ യുദ്ധം നടത്തുകയെന്നത് ഇക്കാലത്ത് ഏറെ ശ്രമകരമായ ദൗത്യമാണ്. അതുകൊണ്ട് കൂടിയാണ് പടച്ച് വിടുന്ന കള്ളങ്ങള്‍ എല്ലാ യുദ്ധങ്ങളുടേയും അനിവാര്യതയാകുന്നത്. ഇസ്രായേല്‍ ഹമാസ് യുദ്ധത്തിലും ഇസ്രായേല്‍ ആ വഴി സ്വീകരിക്കുകയായിരുന്നു. ഒരു വശത്ത് ഇസ്രായേല്‍ നിരന്തരമായി കള്ളങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ടിരുന്നു. മറുവശത്ത് ഹമാസ് പോരാളികളും പൊതുജനങ്ങളും ഒന്നിച്ച് നിന്ന് കള്ളങ്ങള്‍ പൊളിച്ച് കൊണ്ടിരുന്നു. പൊതുസമൂഹത്തോടൊപ്പം സാമൂഹ്യ മാധ്യമങ്ങള്‍ കൂടി ചേര്‍ന്നതോടെ ഇസ്രായേലിനത് വമ്പന്‍ തിരിച്ചടിയായി മാറി. അതേസമയം ഹമാസിനു എന്തെങ്കിലും ഒളിച്ച് പിടിക്കാനോ ഒന്നും മറച്ച് വെക്കാനൊ ഉണ്ടായിരുന്നില്ല. യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ ഹമാസ് അപ്പപ്പോള്‍ ലോകത്തെ അറിയിച്ചത് ലോകം കാണുകയുണ്ടായി. ഇതെല്ലാം യുദ്ധം ഹമാസിനു അനുകൂലമാക്കി മാറ്റി. ഇസ്രായേല്‍ വെറും കൊലയാളികളും വംശഹത്യ നടത്തുന്നവരുമാണെന്ന് ലോകം പരക്കെ മനസ്സിലാക്കുകയുണ്ടായി. പിന്നീട് ലോകം മുഴുവന്‍ ഫലസ്തീനൊപ്പം നില്‍ക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്.

നിഷ്പക്ഷമെന്ന് പറയുന്ന പല ആഗോള മാധ്യമങ്ങള്‍ക്കും ഹമാസിനെതിരെ പടച്ചുവിട്ട അവരുടെ വാര്‍ത്തകള്‍ പിന്നീട് തിരുത്തേണ്ടി വന്നു. സാമൂഹ്യമാധ്യമങ്ങള്‍ തെളിവ് സഹിതം വ്യാജ വാര്‍ത്തകളുടെ മുനയൊടിച്ചു. പിന്നീടങ്ങോട്ട് ഫലസ്തീന്‍ വിഷയത്തില്‍ നിലപാടെടുക്കുകയെന്നത് അവര്‍ക്ക് ശ്രമകരമായി മാറി. ഇത്തവണ ഹമാസ് നടത്തുന്ന പ്രതിരോധത്തിന്റെ ഓരൊ ചലനങ്ങളുടേയും വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്ത് വിട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ അതേറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തും ഇസ്രായേലിനു തിരിച്ചടിയായി.

അതേസമയം ഇസ്രായേല്‍ അധിനിവേശത്തെ കുറിച്ചുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മുഴുവന്‍ വിശകലനങ്ങളും പക്ഷപാതപരമായിരുന്നു. ഒരാള്‍ ഇസ്രായേലിനെ അനുകൂലിക്കുന്നുവെങ്കില്‍ അയാള്‍ ഏതെങ്കിലും തരത്തില്‍ പക്ഷപാതിയാവുക കൂടിയാണ് എന്നാണ് പുതിയ കാലത്തെ വിലയിരുത്തല്‍. കള്ളങ്ങള്‍ പടച്ചു വിടുന്ന പണിയേല്‍പ്പിച്ചത് വമ്പന്‍ പി.ആര്‍, ഐ.ടി കമ്പനികളെയായിരുന്നു. എന്നാല്‍, ഇസ്രായേലിന്റെ മുന്നണിപ്പോരാളികളുടേയും അവരുടെ ഇന്റലിജന്‍സിന്റേയും പരാജയം മറച്ചു പിടിക്കാന്‍ അവരുടെ കള്ളങ്ങള്‍ക്ക് സാധിച്ചില്ല. ഹമാസ് ആദ്യം വിട്ടയച്ച വയോധികരായ രണ്ട് ഇസ്രായേലികള്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ പറഞ്ഞത്രയും ഹമാസില്‍ നിന്നുണ്ടായ നല്ല പെരുമാറ്റങ്ങളെ കുറിച്ചായിരുന്നു. അതൊരു പി.ആര്‍ പാളിച്ചയായാണ് പിന്നീട് ഇസ്രായേല്‍ ഭരണകൂടം അതിനെ വിലയിരുത്തിയത്. യുദ്ധത്തിന്റെ ഇടവേളയില്‍ വിട്ടയക്കുന്ന ബന്ദികള്‍ യാതൊരു കാരണവശാലും പത്രസമ്മേളനം നടത്തരുത് എന്ന് പറയുന്നതും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാവാം. പക്ഷെ, ഹമാസ് ബന്ദികളെ വിട്ടയക്കുമ്പോള്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ അവരുടെ മുഖത്തെ പ്രകാശം ഏറെ സംസാരിക്കുന്നുവയാണ്.

സാമൂഹ്യമാധ്യമങ്ങള്‍ വിധിയെഴുതുന്ന യുദ്ധം

സയണിസ്റ്റ് ലോബി ലോകത്തെ മുഴുവന്‍ മാധ്യമങ്ങളേയും കൈകൂലി കൊടുത്തും വിലക്ക് വാങ്ങിയും തങ്ങള്‍ക്കനുകൂലമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു വേണ്ടി യുദ്ധത്തിന്റെ തുടക്കം മുതലേ കൂടെ നിര്‍ത്തിയിരുന്നു. യുദ്ധം അനുകൂലമാക്കാന്‍ പി.ആര്‍ കമ്പനികള്‍ക്ക് വേണ്ടി ഇസ്രായേല്‍ നടത്തിയത് വമ്പിച്ച നിക്ഷേപമായിരുന്നുവെന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. തുടക്കം മുതല്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഇസ്രായേലിനു വേണ്ടി നിലകൊള്ളുകയും ''ഹമാസ് തീവ്രവാദികള്‍'' എന്ന് നിരന്തരമായി എഴുതുകയും ചെയ്തു. എന്നാല്‍, നിഷ്പക്ഷമെന്ന് പറയുന്ന പല ആഗോള മാധ്യമങ്ങള്‍ക്കും ഹമാസിനെതിരെ പടച്ചുവിട്ട അവരുടെ വാര്‍ത്തകള്‍ പിന്നീട് തിരുത്തേണ്ടി വന്നു. സാമൂഹ്യമാധ്യമങ്ങള്‍ തെളിവ് സഹിതം വ്യാജ വാര്‍ത്തകളുടെ മുനയൊടിച്ചു. പിന്നീടങ്ങോട്ട് ഫലസ്തീന്‍ വിഷയത്തില്‍ നിലപാടെടുക്കുകയെന്നത് അവര്‍ക്ക് ശ്രമകരമായി മാറി. ഇത്തവണ ഹമാസ് നടത്തുന്ന പ്രതിരോധത്തിന്റെ ഓരൊ ചലനങ്ങളുടേയും വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്ത് വിട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ അതേറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തും ഇസ്രായേലിനു തിരിച്ചടിയായി.

കഴിഞ്ഞ ഒന്നരമാസത്തെ സോഷ്യല്‍ മീഡീയ കണക്കനുസരിച്ച് 10ല്‍ 4 പേരെങ്കിലും ഇസ്രായേല്‍ ക്രൂരതയെ അപലപിക്കുകയും അവരുടെ ബലപ്രയോഗത്തെ തുറന്ന് കാട്ടുകയും ചെയ്തു. അതില്‍ ഒരു ഭാഗം വീണ്ടും ഇസ്രായേലിന്റേത് വംശഹത്യയാണെന്ന് തുറന്ന് പറയുകയുണ്ടായി. മെറ്റയുടെ ഫൈസ്ബുക്ക് പോലുള്ള ശക്തമായ ഇസ്രായേല്‍ സ്വാധീനമുള്ള സാമൂഹ്യമാധ്യമങ്ങള്‍ അവരുടെ അല്‍ഗൊരിതങ്ങള്‍ മാറ്റിയെഴുതി. ട്വിറ്ററിന്റെ പുതിയ വേര്‍ഷന്‍ എക്‌സ് ആദ്യം എല്ലാവര്‍ക്കും ഇടം നല്‍കിയിരുന്നുവെങ്കിലും വാര്‍ത്തക്ക് നല്‍കുന്ന പൊതുഇടങ്ങള്‍ പിന്നീട് കുറക്കുകയുണ്ടായി. ഹമാസിന്റെ സാമൂഹ്യ മാധ്യമ പ്രചാരകര്‍ക്ക് ഏറെ ജനപിന്തുണ ലഭിക്കുന്നതായി വാഷിങ്്ടന്‍ പോസ്റ്റ് നടത്തിയ സര്‍വേ വ്യക്തമാക്കുകയുണ്ടായി. അമേരിക്കയിലെ യുവജനങ്ങള്‍ ഫലസ്തീനും ഹമാസിനുമൊപ്പമാണെന്ന് സര്‍വെ ഫലം വ്യക്തമാക്കി.

രാഷ്ടീയവും വാര്‍ത്തകളും പ്രാധാന്യമുള്ളതാണെങ്കിലും ഞങ്ങള്‍ അതോടൊപ്പമില്ലെന്ന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസേരി നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ ഉണ്ടായിരുന്ന ന്യൂസ് ഹെഡ് ലൈന്‍സ് നിര്‍ത്തുകയും പകരം വ്യാജവാര്‍ത്തകളും വൈറലാകുന്ന ഉള്ളടക്കങ്ങള്‍ക്കും അവസരം നല്‍കുകയും ചെയ്തു. ആഗോള മാധ്യമ ഭീമന്മാര്‍ എത്രകണ്ട് സയണിസ്റ്റ് സ്വാധീനത്തിലാണെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ വര്‍ത്തമാനകാലത്ത് വാര്‍ത്തകളൂടെ താരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളും സത്യത്തോടൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് കൂടി വ്യക്തമാക്കിയ യുദ്ധം കൂടിയാണിത്. സയണിസ്റ്റ് താല്‍പര്യങ്ങളുടെ മുന്നില്‍ സത്യങ്ങള്‍ അമര്‍ച്ച ചെയ്യപ്പെട്ടു. ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഹമാസിനു കൂടുതല്‍ അനുകൂലികളുണ്ടാകുന്നുവെന്ന് വന്നപ്പോള്‍ പല സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കും അവരുടെ ഉപഭോക്താക്കളെ വിലക്കേണ്ടി വന്നു. നേരിട്ടുള്ള വിലക്കിനു പകരം അല്‍ഗൊരിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയും വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമുള്ള ഇടം കുറച്ചും അവര്‍ സയണിസ്റ്റ് സേവ തെളിയിച്ചു കൊണ്ടിരുന്നു. 2006 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്ന ന്യൂസ് ടാബ് പിന്‍വലിച്ചു കൊണ്ട് പൊള്ളുന്ന ഉള്ളടക്കങ്ങളിലേക്കവര്‍ വഴിമാറി. രാഷ്ടീയവും വാര്‍ത്തകളും പ്രാധാന്യമുള്ളതാണെങ്കിലും ഞങ്ങള്‍ അതോടൊപ്പമില്ലെന്ന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസേരി നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ ഉണ്ടായിരുന്ന ന്യൂസ് ഹെഡ് ലൈന്‍സ് നിര്‍ത്തുകയും പകരം വ്യാജവാര്‍ത്തകളും വൈറലാകുന്ന ഉള്ളടക്കങ്ങള്‍ക്കും അവസരം നല്‍കുകയും ചെയ്തു. ആഗോള മാധ്യമ ഭീമന്മാര്‍ എത്രകണ്ട് സയണിസ്റ്റ് സ്വാധീനത്തിലാണെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നു.

ഭരണകൂടങ്ങളും ജനങ്ങളും വിവിധ തട്ടില്‍

ഭരണകൂടങ്ങളും ജനങ്ങളും രണ്ട് തട്ടിലായ യുദ്ധം കൂടിയാണിത്. ''ഞാന്‍ ഇസ്രായേലിനോടൊപ്പമാണ്, നമ്മുടെ രാജ്യം ഇസ്രായേലിനോടൊപ്പമാണ്'' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറക്കെ വിളിച്ച് പറഞ്ഞു. ഇസ്രയേല്‍ വരെ യാത്ര ചെയ്ത് അവര്‍ക്കുള്ള പിന്തുണ അറിയിക്കുകയും ചെയ്തു. പക്ഷെ, ജനങ്ങള്‍ പ്രധാനമന്ത്രി ഋഷി സുനകിനോടും ഇസ്രായേലിനോടൊപ്പവുമില്ലെന്നും അവര്‍ ഫലസ്തീനൊപ്പമാണെന്നും നാടൊട്ടുക്കും പ്രക്ഷോഭങ്ങള്‍ നടത്തി വിളിച്ച് പറഞ്ഞു. തന്റഎ മന്ത്രിസഭയില്‍ പോലും ഫലസ്തീന്‍ അനുകൂലികളുണ്ടെന്ന് പിന്നീട് സുനകിനു തിരിച്ചറിയേണ്ടി വന്നു. അമേരിക്കയിലും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലും പാര്‍ലമെന്റിലും പുറത്തും ജൂതന്മാരുള്‍പ്പെടെയുള്ളവര്‍ ഫലസ്തീനു വേണ്ടി ശബ്ദം ഉയര്‍ത്തുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിനെ ജന മധ്യത്തില്‍ ചോദ്യം ചെയ്യുന്ന ഘട്ടത്തോളമെത്തി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കണമെന്നും അവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണമെന്നും പറയുകയുണ്ടായി. അറബ് രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. തങ്ങളുടെ നിലനില്‍പ്പും രാജ്യത്തിന്റെ കച്ചവട താല്‍പര്യവും സയണിസത്തോട് ചേര്‍ന്ന് നില്‍ക്കാതെ പറ്റില്ലെന്ന പ്രതിസന്ധി ഉണ്ടായിരിക്കെ ഭരണകൂടം യോഗം ചേര്‍ന്നും അപലപിച്ചും മാത്രം ഫലസ്തീനു വേണ്ടി നിലകൊള്ളുമ്പോള്‍ അവിടെയുള്ള ജനത ഹമാസിനേയും ഫലസ്തീനെയും പിന്തുണക്കുന്നുവെന്നതാണ് വിരോധാഭാസം.

കടുംപിടുത്തത്തിന്റെ രാഷ്ട്രീയം

ഒന്നാം ലോകമഹായുദ്ധം മുതല്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശവും ഉക്രൈനിലെ റഷ്യന്‍ അധിനിവേശം വരെയുള്ള യുദ്ധ ചരിത്രവും വര്‍ത്തമാനവും നമ്മോട് പറയുന്നത് അധികാര രാഷ്ടീയത്തിന്റെ ഇരുണ്ട വര്‍ത്തമാനം കൂടിയാണ്. ഗസ്സയില്‍ ഇപ്പോള്‍ വിരാമമില്ലാതെ തുടരുന്ന യുദ്ധത്തിലും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ദുഃശാഠ്യങ്ങള്‍ പ്രകടമാണ്. അനിയന്ത്രിതമായ അധികാരവും രാഷ്ട്രീയമായ അനിശ്ചിതത്വവും അധികാരമാറ്റത്തിന്റെ സാധ്യതകളും മറച്ചു പിടിക്കാന്‍ വിനാശകരമായ യുദ്ധത്തെ നെതന്യാഹു ആയുധമാക്കുകയായിരുന്നു. രാജ്യത്ത് നെതന്യാഹു നേരിടുന്ന രാഷ്ടീയ സമ്മര്‍ദങ്ങളെ അക്രമാസക്തമായ വംശീയതയായി മാറ്റുകയും ജനങ്ങളുടെ ചിന്തയില്‍ വെറുപ്പും വിദ്വേശവും കുത്തിനിറച്ചു കൊണ്ട് കാലങ്ങളായി തുടരുന്ന അധിനിവേശത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുകയുമായിരുന്നു. സ്വേഛാധിപതികളുടെ പിന്തുടര്‍ച്ചയില്‍ അക്രമങ്ങളെ നിരന്തരമായി പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. വിട്ടുവീഴ്ച്ചയും സമാധാനത്തിന്റെ പുനഃസ്ഥാപനവും ഇസ്രായേലിലെ അധികാര രാഷ്ടീയത്തിന്റെ അനിശ്ചിതത്വങ്ങളുമായി കൂട്ടിക്കിഴിക്കേണ്ടി വന്നു. അതുകൊണ്ട് കൂടിയാണ് അധികാരം നിയന്ത്രണാധീതമായ ഈ കാലത്ത് സമാധാനത്തിന്റെ പ്രതീക്ഷകള്‍ പോലും അസ്ഥാനത്താകുന്നത്. ഈ യുദ്ധം ഇനിയും നീട്ടികൊണ്ടു പോകുന്നതിലൂടെ ഗുണഫലമെടുക്കുന്നവരില്‍ ഒന്നാമന്‍ നെതന്യാഹുവായിരിക്കും. ലോകത്ത് സൂപ്പര്‍ പദവി നഷ്ടപ്പെട്ടുകൊണ്ടിരിക്കവെ വീണുകിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ചു കയറാന്‍ അമേരിക്കയും ബൈഡന്‍ അഡ്മിനിസ്‌ട്രേഷനും മുന്നില്‍ തന്നെയുണ്ട്. ഈ വരിയില്‍ ഇനിയും കുറേ പേരുകളും രാജ്യങ്ങളുമുണ്ട്. എന്നാലും അസത്യങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തുന്ന ഈ നരഹത്യ എത്രകാലം തുടരാനൊക്കുമെന്ന് കാത്തിരുന്ന് കാണാം. ഫലസ്തീന് പ്രശ്‌നത്തില്‍ രാഷ്ട്രീയമായ പരിഹാരമുണ്ടാവുകയും വെടിയൊച്ച എന്നെന്നേക്കുമായി നിലക്കുന്ന യുദ്ധ വിരാമത്തിലേക്കെത്തുകയും ചെയ്യുന്ന ശുഭസൂചകമായ ഒരു അവസാനം ഉണ്ടാകുമൊ എന്നാണു രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.


Similar Posts