Analysis
ഭാഷാ പഠന മേഖലയിൽ സി.എച്ചിന്റെ സംഭാവന
Click the Play button to hear this message in audio format
Analysis

ഭാഷാ പഠന മേഖലയിൽ സി.എച്ചിന്റെ സംഭാവന

വിനീത വിജയൻ
|
28 March 2022 8:53 AM GMT

അടിസ്ഥാന ജനതയുടെ നാവായി എക്കാലവും പ്രവർത്തിച്ച സി.എച്ച് അറിവിനെ ആദരിക്കുന്നതിൽ ജാതിമത രാഷ്ട്രീയ വേർതിരിവുകളൊന്നും കാണിച്ചിരുന്നില്ല.

അറബി, ഉർദു, സംസ്കൃതം, മലയാളം ഭാഷകളുടെ സംരക്ഷണത്തിൽ പ്രത്യേക ജാഗ്രതയോടെ ഇടപെടലുകൾ സി.എച്ച് നടത്തുകയുണ്ടായി. അതിലേറ്റവും പ്രധാനം അറബി ഭാഷയുടെ സാംസ്കാരിക പുനരുദ്ധാനമാണ്. 1950 കളിൽ പോലും കേരളത്തിൽ അറബ് ഭാഷാ പഠന സൗകര്യമുള്ള ഒരു പ്രൈമറി സ്കൂൾ പോലുമുണ്ടായിരുന്നില്ല. ചുരുക്കം ചില യു.പി സ്കൂളുകളിൽ മാത്രമേ ഒരു അറബി അധ്യാപകനെങ്കിലും ഉണ്ടായിരുന്നുള്ളൂ. ഈയൊരു കുറവ് വലിയൊരു വിഭാഗം മുസ്ലിം വിദ്യാർഥികളെ വിദ്യാഭ്യാസ മേഖലയിൽ നിന്നുതന്നെ അകന്നു നിൽക്കാൻ ഇടയാക്കിയിരുന്നു എന്നു തിരിച്ചറിഞ്ഞ സി.എച്ച് 1957 ൽ ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റപ്പോൾ ഫലക്കി മുഹമ്മദ് മൗലവിയുടെയും കരുവള്ളി മുഹമ്മദ് മൗലവിയുടെയും നേതൃത്വത്തിൽ ഒരു നിവേദനം സമർപ്പിച്ചു. തിരുവിതാംകൂർ മാതൃകയിൽ മലബാറിലും അറബ് ഭാഷാ പഠനത്തിനും അധ്യാപക നിയമനത്തിനും സൗകര്യമൊരുക്കണം എന്നായിരുന്നു നിവേദനത്തിൽ ഉന്നയിക്കപ്പെട്ട ആവശ്യം.

ആ നിവേദനം ഫലംകണ്ടു. 1958ലെ കേരള വിദ്യാഭ്യാസ നിയമം നൂറു വിദ്യാർഥികളുള്ള ഒരു സ്കൂളിൽ ഒരു അറബി തസ്തിക ആവാം എന്നും പതിനഞ്ച് പീരിയഡ് ഉണ്ടായാൽ അതൊരു മുഴുവൻ സമയ അധ്യാപക തസ്തികയായി പരിഗണിക്കാം എന്നും വ്യവസ്ഥ ചെയ്തു കൊണ്ടുള്ളതായിരുന്നു. എന്നാൽ, ചിത്രകലാ, നൃത്തം, സംഗീതം, കായിക വിദ്യാഭ്യാസം, കരകൗശലം എന്നിവയ്യുള്ള സ്പെഷലിസ്റ്റ് അധ്യാപകരുടെ ഗണത്തിലാണ് അറബിഭാഷാധ്യാപകരെ ആ ഉത്തരവ് പരിഗണിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഫണ്ടിന്റെ ലഭ്യതക്കുറവ് കാണിച്ച് സ്കൂളുകൾ തസ്തിക നിരസിക്കുന്ന അവസ്ഥയാണുണ്ടായത്. പത്തു വർഷത്തോളം ആ ദുസ്ഥിതി തുടർന്നു. സി.എച്ച് 1967ൽ വിദ്യാഭ്യാസ മന്ത്രിയായതോടുകൂടിയാണ് ആ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടായത്. ഭരണച്ചുമതല ഏറ്റ ഉടൻ അറബി അധ്യാപകരെ സ്പെഷലിസ്റ്റ് അധ്യാപകരിൽ നിന്നും ഭാഷാ അധ്യാപകരാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവ് ധഎം.എസ് 365/67, വിദ്യാഭ്യാസം, തീയതി 18/8/1967പ ഇറക്കി. ഒപ്പം നൂറു കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന വ്യവസ്ഥ 28 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലേക്ക് ഭേദഗതപ്പെടുത്തി. അതിനാവശ്യമായ ഫണ്ടും ആദ്യ ബജറ്റിൽ തന്നെ അനുവദിച്ചു. 1967 ൽ തന്നെ ആയിരം അറബി അധ്യാപക തസ്തികകൾ അങ്ങനെ സൃഷ്ടിക്കപ്പെട്ടു.

അറബി ഭാഷാപഠന സൗകര്യം എന്ന ആകർഷണം വിദ്യാഭ്യാസത്തിൽ നിന്ന് പിൻതിരിഞ്ഞു നിന്ന ഇടങ്ങളിൽ നിന്നുള്ള കുട്ടികളെ കൂടുതലായി വിദ്യാലയങ്ങളിലേക്കെത്തിച്ചു, വളരെപ്പെട്ടെന്ന് കേരളത്തിൽ ആകെ പന്തീരായിരത്തോളം അറബി ഭാഷാ തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. അറബിക് സ്പെഷൽ ഒാഫീസറും മുസ്ലിം എജ്യൂക്കേഷൻ ഇൻസ്പെകടറും നിയമിക്കപ്പെട്ടതോടെ വളരെ കാര്യക്ഷമമായി ആ മേഖല മുന്നോട്ടു നീങ്ങി. അതോടെ ''കുട നന്നാക്കി നടന്നവരെ സി.എച്ച് അറബി മുൻഷിമാരാക്കി " എന്ന് പരിഹസിച്ചവർ പോലും അറബി ഭാഷാധ്യാപനം മികച്ച തൊഴിൽ സാധ്യതയുള്ള ഇടമാണെന്നു മനസ്സിലാക്കുകയുണ്ടായി. ഇതര മത വിഭാഗങ്ങളിൽ നിന്നും ഒട്ടേറെപ്പേർ അറബി ഭാഷാ പഠനത്തിലേക്കു കടന്നു വന്നത് ഇൗ മാറ്റത്തിന്റെ തെളിവായിരുന്നു. പ്രീഡിഗ്രി- ഡിഗ്രി ക്ലാസുകളിൽ രണ്ടാം ഭാഷയായും എം.എ, ഗവേഷണതലങ്ങളിൽ മുഖ്യവിഷയമായും അറബി തിരഞ്ഞെടുക്കാനുള്ള നടപടികളും സി.എച്ചിന്റെ നേതൃത്വത്തിൽ ഉണ്ടായതോടു കൂടി മലയാളവും ഇംഗ്ലീഷും ഹിന്ദിയും സംസ്കൃതവും പോലെ പൊതു സ്വീകാര്യതയുള്ള ഭാഷയായും പഠന മാധ്യമമായും അറബി പരിഗണിക്കപ്പെട്ടു.



ഇന്ന് കേരളത്തിലെ എല്ലാ സർവകലാശാലകളിലും അറബി ഭാഷയിലും ഇസ്ലാമിക ചരിത്രത്തിലും ഇസ്ലാമിക പഠനങ്ങളിലും ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പുകളുണ്ട്. അവയിൽ പഠനം നടത്തുന്നത് നാനാജാതി മതസ്ഥരായ വിദ്യാർഥികളാണ്. അറബി പഠനത്തിനുള്ള വിപുല സൗകര്യങ്ങളുള്ള ഏക സംസ്ഥാനമായി ഇന്ന് കേരളം മാറിയതിനു പിന്നിൽ മതമോ ഭാഷയോ ചിന്താധാരയോ ഒന്നും സമുദായ സ്വത്തല്ലായെന്നും പൊതുധാരയോട് ഇണക്കിച്ചേർക്കപ്പെടുമ്പോഴാണ് അത് സംസ്കാര പോഷണത്തിനും സമുദായ പുരോഗതിക്കും ഒരുപോലെ ഉപകരിക്കൂ എന്നും മനസ്സിലാക്കിയ സി.എച്ചിന്റെ വിശാല ചിന്തയുടെയും കരുതലോടെയുള്ള പ്രവർത്തനങ്ങളുടെയും കൂടി ഫലമായാണ്

മാതൃഭാഷയായ മലയാളത്തിന്റെ പോഷണത്തിലും അദ്ദേഹത്തിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞിരുന്നു. ആ ലക്ഷ്യം മുന്നിൽ കണ്ടു രൂപീകരിക്കപ്പെട്ട കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയ്ക്കും ഉത്ഭവത്തിനും കാരണഭൂതനായ പ്രധാന വ്യക്തിയും സി.എച്ചായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയുടെ അധ്യക്ഷനായും ഉപാധ്യക്ഷനായും ഏറെക്കാലം ഇൻസ്റ്റിറ്റ്യൂട്ടിനെ നയിച്ചതും സി.എച്ച് ആയിരുന്നു. ഭാഷാ പഠനത്തോടൊപ്പം ചരിത്ര പഠനത്തിലും ശാസ്ത്ര സാങ്കേതിക പഠനത്തിലും കേരളത്തെ ഉണർവോടെ മുന്നോട്ടു നയിച്ച സി.എച്ച് യഥാർഥത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ നവോഥാനത്തിന്റെ സൂത്രധാരൻ തന്നെയായിരുന്നു.

വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പങ്കാളിത്തത്തിന് നൽകിയ പ്രാധാന്യം

തങ്ങൾക്കു വേണ്ടി സംവിധാനം ചെയ്യപ്പെടുന്ന വിദ്യാഭ്യാസ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും വിദ്യാർഥി പ്രസ്ഥാനങ്ങൾക്കു കൂടി പങ്കാളിത്തമുണ്ടായിരിക്കണം എന്ന വിശാല വീക്ഷണമാണ് സി.എച്ചിനുണ്ടായിരുന്നത്. സർവകലാശാലാ സമിതികളിൽ (സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ ഉൾപ്പെടെയുള്ളവയിൽ) വിദ്യാർഥികൾക്കു കൂടി പ്രാതിനിധ്യം നൽകിയതു സി.എച്ചിന്റെ നിർദേശപ്രകാരമായിരുന്നു. അതൊന്നും മറ്റേതെങ്കിലും ഇടങ്ങളെ അനുകരിച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ അറിവും ഭാവനാശേഷിയുമാണ് അത്തരം ആശയങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രസക്തി അംഗീകരിക്കുമ്പോൾ പോലും അതിന്റെ ഭാഗമായുള്ള ശരി കേടുകളെ വിമർശിക്കാൻ സി.എച്ച് മടിച്ചിരുന്നില്ല. വിദ്യാർഥി സമരങ്ങളുടെ ഭാഗമായി പൊതുമുതൽ നശിപ്പിക്കപ്പെടുന്ന സന്ദർഭങ്ങൾ വിദ്യാർഥി പ്രസ്ഥാനങ്ങളിൽ നിന്ന് ഉണ്ടായപ്പോൾ "ആറ്റം ശക്തിയുപയോഗിച്ച് തീവണ്ടിയെങ്ങനെ ഒാടിക്കാമെന്നു ചിന്തിക്കേണ്ടവരാണ് വിദ്യാർഥികൾ. അവർ ബസ് കണ്ടക്ടറുടെ തലയുടെ ഉറപ്പു പരിശോധിക്കാൻ പുറപ്പെടുന്നത് നീതികരിക്കാവുന്നതല്ല " എന്നായിരുന്നു പ്രതികരിച്ചത്. ശക്തമായി അത്തരം പ്രവണതകളെ അദ്ദേഹം എതിർത്തിരുന്നു.

സംവരണ ഇടപെടലുകളുടെ പ്രസക്തി

വിദ്യാഭ്യാസം വ്യക്തി പുരോഗതിക്കും സാമൂഹ്യ പുരോഗതിക്കും ആധാരമാവുക അതുവഴി പ്രാപ്തമാവുന്ന തൊഴിൽ ലഭ്യത കൂടിക്കൊണ്ടാണ്. അവയിൽ തന്നെ സാമൂഹ്യ അന്തസ്സിന്റെ അടയാളമെന്നു കൂടിഗണിക്കപ്പെടുന്ന ഒന്നാണ് സർക്കാർ സർവീസിലെ തൊഴിൽ അവസരം. 1960കൾ വരെ സർക്കാർ സർവീസിൽ, ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പോലും ഭൂരിഭാഗം ഉദ്യോഗസ്ഥരും ബ്രാഹ്മണ, നായർ വിഭാഗങ്ങളിൽ നിന്നുള്ളവർ മാത്രമായിരുന്നു. ഭരണഘടനാനുസൃതമായ സംവരണ വ്യവസ്ഥ അക്കാലത്തേക്ക് നിലവിൽ വന്നിരുന്നു എങ്കിലും, യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ല എന്ന് വിലയിരുത്തി, പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക, ദലിത് കൈ്രസ്തവ വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിലേക്കും കൂടി സവർണ്ണ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളെത്തന്നെ നിയമിക്കുകയായിരുന്നു പതിവ്.



1960 ൽ സെക്രട്ടേറിയേറ്റ്, പി.എസ്.സി, ലോക്കൽ ഫണ്ട് ഒാഡിറ്റ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയിലേക്കുള്ള അസിസ്റ്റന്റുമാരുടെ റാങ്ക് പട്ടിക, പ്രസിദ്ധീകരിച്ചപ്പോൾ മുസ്ലിം/പട്ടികജാതി/പട്ടികവർഗ പിന്നോക്കക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി, മതിയായ എണ്ണം പിന്നോക്ക വിഭാഗം ഉദ്യോഗാർഥികൾ മേൽ വിഭാഗങ്ങളിൽ നിന്ന് മെയിൻ ലിസ്റ്റിൽ ലഭ്യമല്ലെങ്കിൽ പകരം സവർണ വിഭാഗങ്ങളെ എടുക്കലല്ല വഴിയെന്നും, സ്പെഷൽ/സപ്ലിമെൻററി പരീക്ഷയാണ് നടത്തേണ്ടതെന്നും നിവേദനത്തിലൂടെ സി.എച്ച് മുഹമ്മദ് കോയ ആവശ്യപ്പെട്ടു.

പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കേ സി.എച്ചിന്റെ ആവശ്യം ഗവർണ്ണർ അംഗീകരിക്കുകയും 1961 മെയ് രണ്ടിന് മുസ്ലിംകൾ ഉൾപ്പടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്കായി കേരള ചരിത്രത്തിലാദ്യമായി,psc EX[A] 13110 /61 നമ്പരായി വിജ്ഞാപനം പുറപ്പെടുവിച്ച് 1961 ജൂലൈ 15ന് പരീക്ഷ നടത്തി, റാങ്ക് പട്ടിക തയ്യാറാക്കി. ഇതേ തരത്തിൽ 1962 ൽ ഒക്ടോബർ 23 ലെ ജി.ഒ (MS565/62 PD) ഉത്തരവ് പ്രകാരം KS& SSR ലെ 17ാം വകുപ്പിന്റെ കൂടെ 17 (അ) എന്ന വ്യവസ്ഥ കൂടി ചേർത്ത് പട്ടികജാതി/പട്ടികവർഗങ്ങൾക്കായുള്ള ആദ്യസ്പെഷൽ റിക്രൂട്ട്മെൻറും നടന്നു.

അടിസ്ഥാന ജനതയുടെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ മുന്നേറ്റത്തെ മുൻനിർത്തി പ്രവർത്തിച്ച സി.എച്ച് അതേ ലക്ഷ്യസാധ്യത്തിനു വേണ്ടി ഭരണഘടനയിൽ മുന്നോട്ടുവെയ്ക്കപ്പെട്ട സാമുദായിക സംവരണത്തിന്റെ നീതിപൂർവമായ നടപ്പാക്കലിന് പിന്തുണ നൽകുകയും, അതിനെതിരായ നീക്കങ്ങളെ അതിശക്തമായി ചെറുക്കയും ചെയ്തു. ഇ.എം.എസ് അധ്യക്ഷനായുള്ള പ്രഥമ ഭരണ പരിഷ്കാര സമിതി റിപ്പോർട്ട് (1958) സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണ വാദം മുന്നോട്ട് വച്ചപ്പോൾ റിപ്പോർട്ടിൽ നിന്ന് സാമുദായിക സംവരണത്തിനെതിരായ ഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.എച്ച് അതിശക്തമായി നിയമസഭാ പ്രസംഗത്തിലൂടെ വാദിച്ചു. ഭരണ പരിഷ്കാര സമിതിയുടെ കാര്യക്ഷമതാ വാദത്തേയും സാമ്പത്തിക സംവരണ നയത്തെയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള യുക്തിഭദ്രമായ വാദങ്ങളിലൂടെ ഖണ്ഡിച്ച സി.എച്ച് താൻ പിന്നോക്ക ന്യൂനപക്ഷങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന സമൂഹത്തിന്റെ മുഴുവൻ പ്രതിനിധിയായിത്തന്നെയാണ് നിലപാടുകൾ പറയുന്നതെന്നാണ് ചരിത്ര പ്രധാനമായ പ്രസംഗത്തിനാമുഖമായി പറഞ്ഞത്. നിയമസഭയ്ക്കകത്തും പുറത്തും നടന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് സാമുദായിക സംവരണത്തിനെതിരായ അന്നത്തെ നീക്കം തടയാൻ സാധിച്ചത്.

അടിസ്ഥാന ജനതയുടെ നാവായി എക്കാലവും പ്രവർത്തിച്ച സി.എച്ച് അറിവിനെ ആദരിക്കുന്നതിൽ ജാതിമത രാഷ്ട്രീയ വേർതിരിവുകളൊന്നും കാണിച്ചിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ സവർണാധിപത്യം കൊടികുത്തി വാണിരുന്ന കാലത്ത്, നരവംശശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള പ്രഗത്ഭനായ, പിന്നോക്ക വിഭാഗക്കാരനായ ഡോ. അയ്യപ്പനെ കേരള സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ചത്, കോഴിക്കോട് സർവകലാശാലാ വി.സിയായി ഡോ.മുഹമ്മദ്ഗനിയെ നിയമിച്ച അതേ സി.എച്ചാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ വി.സിയായി സി.എച്ച് കണ്ടെത്തിയത് മുൻ വിദ്യാഭ്യാസ മന്ത്രിയും കമ്മ്യൂണിസ്റ്റ് എം.എൽ.എ യും കൂടിയായിരുന്ന പ്രൊ. ജോസഫ് മുണ്ടശ്ശേരിയെയാണ്.

അറിവും ആത്മാഭിമാനവും ഉള്ള ജനതയായി ലോകത്തിന് അവഗണിക്കാനാവാത്ത വൈജ്ഞാനിക ശക്തിയായി കേരളത്തെ പരിവർത്തിപ്പിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിന്ന സി.എച്ച് മുഹമ്മദ് കോയ എന്ന ധിഷണാശാലിയുടെ സങ്കൽപ്പ ശേഷിക്കും ആസൂത്രണമികവിനും ഭരണ പാടവത്തിനും ഉള്ള ചരിത്രപരമായ പങ്കിന്റെ ചുരുക്കെഴുത്തു മാത്രമാണിത്. 'മുസ്ലിംസ് ഒാഫ് കേരള' എന്ന ഗവേഷണ ഗ്രന്ഥത്തിൽ ഡോ. റൊണാൾഡ് ഇ. മില്ലർ പറയുന്നുണ്ട് "കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പാരമ്പര്യത്തെ ആധുനികതയോടു ചേർത്തിണക്കിയ കണ്ണിയാണ് സി.എച്ച് മുഹമ്മദ് കോയ" എന്ന്. ലോക വൈജ്ഞാനികതയോട് കേരളാധുനികതയെക്കൂടി കൂട്ടിയിണക്കിയ വിദ്യാഭ്യാസ വിപ്ലവമാണ് സി.എച്ച് നടത്തിയത്.

(അവസാനിച്ചു)

Related Tags :
Similar Posts