സി.എച്ച് മുഹമ്മദ് കോയ, വേറിട്ട ഇടപെടലുകൾ
|മത്സ്യ ബന്ധനം, ഖനനം, വയോജന വിദ്യാഭ്യാസം തുടങ്ങിയവയിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ വരെ ഉൾക്കൊള്ളുന്നതായിരുന്നു സി.എച്ചിന്റെ സർവകലാശാലാ പാക്കേജ്.
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ അദ്ധ്യായം തന്റെ അധ്വാനം കൊണ്ടും ആത്മാർപ്പണം കൊണ്ടും എഴുതിച്ചേർത്ത വ്യക്തിയാണ് സി.എച്ച് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി.എച്ച്. മുഹമ്മദ് കോയ. രാഷ്ട്രതന്ത്രജ്ഞനും, എഴുത്തുകാരനും പ്രഭാഷകനും, വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിയമസഭാ സാമാജികനും അങ്ങനെ വിവിധങ്ങളായ പദവികൾ വഹിച്ചു. വഹിച്ചിരുന്ന പദവികൾ മാറുമ്പോഴും, വിദ്യാഭ്യാസത്തിന് പരമ പ്രാധാന്യം നൽകിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അക്കാലത്തും തുടർന്നും കേരളീയ പൊതു സമൂഹത്തിലും വിശേഷിച്ച് മുസ്ലിം സമുദായം ഉൾപ്പെടെയുള്ള പിന്നോക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിന് നൽകിയ ത്വരിതവും ബലവത്തുമായ മുന്നേറ്റമാണ് ഇതര രംഗങ്ങളിൽ അദ്ദേഹത്തിനു നേടാനായ ഇടങ്ങളേക്കാൾ അതിനെ പ്രസക്തമാക്കുന്നത്.
അറിവും അക്ഷരങ്ങളും തുറന്നു നൽകുന്ന അതിരുകളില്ലാത്ത ലോകത്തെ പരിമിതികളുടെയും ഇല്ലായ്മകളുടെയും ഇടയിലും സ്വപ്നം കണ്ടു വളർന്ന സി.എച്ച്, വായനയെയാണ് അതിനായുധമാക്കിയത്. ചെറുപ്രായത്തിലേ മികച്ച വാഗ്മിയായി സി.എച്ചിനെ മാറ്റിയതു അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹവും വായനയോടുള്ള പ്രതിപത്തിയുമായിരുന്നു. തന്റെ പതിമൂന്നാം വയസ്സിൽ അക്കാലത്ത് അതിപ്രശസ്തനായിരുന്ന വാഗ്ഭടാനന്ദൻ എന്ന വാഗ്മിയോടൊപ്പം വേദിയിൽ പ്രഭാഷകനായി എത്തി കേൾവിക്കാരെ അമ്പരപ്പിച്ച സി.എച്ച് ഏതാണ്ട് അതേ പ്രായത്തിൽ തന്നെ എഴുത്തിന്റെ മേഖലയിലേക്കും കടന്നു വന്നു. ആദ്യകാലങ്ങളിൽ കോയ എം.കെ അത്തോളി എന്ന പേരിൽ ചന്ദ്രികയിൽ എഴുതിത്തുടങ്ങിയ സി.എച്ച്, തന്റെ ആദ്യ പുസ്തകം ലിയാഖത്ത് അലി ഖാൻ എന്ന ജീവചരിത്ര പുസ്തകം കേവലം ഇരുപതു വയസ്സിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അക്കാലത്ത് തന്നെ ചന്ദ്രികയുടെ പത്രാധിപ സമിതി അംഗമായിത്തീർന്ന സി.എച്ച് കേവലം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ചന്ദ്രികയുടെ പത്രാധിപരായി. പ്രായക്കുറവ് കാരണം ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാതെ പോയ സി.എച്ച് പിന്നീട് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച നേതാവായും മന്ത്രിയായും മുഖ്യമന്ത്രിയായും എല്ലാം മാറുമ്പോഴും എഴുത്തിനോടും വായനയോടും ഉള്ള അഭിരുചി അണയാതെ കാത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുള്ള ഒരു ഡസനിലേറെ പുസ്തകങ്ങൾ. സ്വയം അറിവു നേടുന്നതിലോ അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിലോ ആയിരുന്നില്ല അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തിക ശേഷിയിലും ഏറ്റവും പിന്നോക്കം നിന്നിരുന്ന മുസ്ലിം സമുദായത്തെ മുഴുവനായി വിദ്യാഭ്യാസത്തിലൂടെ മുന്നേറാൻ പ്രാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹം കണ്ട സ്വപ്നം. അതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ യത്നങ്ങൾ.
അക്കാലം വരെ, മുസ്ലിം സമുദായത്തിനുള്ളിൽ വിദ്യാഭ്യാസ വിഷയത്തിൽ നിലനിന്നിരുന്ന മതാത്മീയതയുടെയും ഭൗതികതയുടെയും അതിർവരമ്പുകൾ ഇല്ലായ്മ ചെയ്തത് സി.എച്ച് നടത്തിയ അവിരാമപ്പോരാട്ടങ്ങളുടെ ഫലമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതിനാൽ സാമൂഹ്യമായ ഇകഴ്ച നേരിടുന്ന തന്റെ സമുദായത്തെക്കുറിച്ചുള്ള ഉള്ളുതൊട്ട നൊമ്പരമാണ് ആ അവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്ന ഉറച്ച ലക്ഷ്യത്തിലേക്ക് സി.എച്ചിനെ നയിച്ചത്. ''നിങ്ങൾ ആരുടെയും അടിമകളാവരുത്. വെള്ളം കോരികളും വിറകുവെട്ടികളുമായി മാറരുത്. വിദ്യാഭ്യാസത്തെ ആത്മീയവും ഭൗതികവുമായി വേർതിരിച്ചു നിർത്തിയതാരാണ് എന്നെനിക്കറിയില്ല. കാലത്തിനൊത്ത വിദ്യാഭ്യാസം മുസ്ലിം സമുദായം നേടണം. ശാസ്ത്രീയ രംഗത്ത് കൂടുതൽ ഉത്സുകരാവണം. "ഒന്നുമില്ലെങ്കിൽ മീൻ വിറ്റു ജീവിച്ചു കൊള്ളാം "എന്ന മനോഭാവം മാറ്റണം. മത്സ്യം പിടിക്കുന്നതു കൂടി ഇന്ന് ശാസ്ത്രീയ മാർഗത്തിലാണ് " അദ്ദേഹം തന്റെ ആശങ്കകൾ, പ്രതീക്ഷകൾ, തന്നെ കേൾക്കാൻ കൂടുന്ന ആൾക്കൂട്ടങ്ങൾക്കു മുമ്പിൽ നിർത്തലില്ലാതെ പങ്കുവച്ചു. "നിങ്ങൾ ഒരു വർഷം പലഹാരമുണ്ടാക്കുന്ന പണം എനിക്കു തരൂ, ഞാൻ നിങ്ങൾക്ക് ഒരു സർവകലാശാല പകരം തരാം" എന്നദ്ദേഹം വടക്കേ മലബാറിലെ സ്ത്രീകളോട് അപേക്ഷിച്ചു. കാലിക്കറ്റ് സർവകലാശാലയെന്ന മഹത്തായ സ്വപ്നത്തെ, ജീവിതാഭിലാഷത്തെ സാധ്യമാക്കുന്നതിനുള്ള പങ്കാളിത്തവും പിന്തുണയുമാണ് അന്നദ്ദേഹം യഥാർഥത്തിൽ സമുദായത്തോട് അഭ്യർഥിച്ചത്.
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനും നടത്തിപ്പിനുമായി കേരള സർവകലാശാല മാത്രമാണ് അന്ന് നിലവിലുണ്ടായിരുന്നത്. അതുമൂലം പ്രയോജനം ലഭിച്ചിരുന്നത് തിരുവിതാംകൂർ, തിരുകൊച്ചി മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും മാത്രമായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മലബാർ മേഖല അക്കാരണം കൊണ്ടു തന്നെ കേരളത്തിലെ തന്നെ ഇതര മേഖലകളോട് താരതമ്യപ്പെടുത്തുമ്പോൾ സാമൂഹ്യമായും തൊഴിൽപരമായും പിന്നോക്കമായിത്തീർന്നു. വിദ്യാഭ്യാസപരമായി ആ പ്രദേശങ്ങളെ മുന്നോട്ടു നയിക്കാനായാൽ മാത്രമേ അവസ്ഥക്ക് മാറ്റം വരൂ എന്നും, അതിന് മലബാറിന് ഒരു സർവകലാശാല എന്ന ലക്ഷ്യം സാധ്യമായേ തീരൂ എന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആ ബോധ്യത്തിനൊപ്പം അതൊരു ആവശ്യകതയായി ജനം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതിനായി തൃശൂരും പാലക്കാടും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഗ്രാമ ഗ്രാമാന്തരങ്ങൾ തോറും സി.എച്ച് നിരന്തരം പ്രസംഗങ്ങൾ നടത്തി.
പ്രസംഗം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തികളും ആ ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു. അതിനിടയിലാണ് 1961 ൽ ജനാബ്. സീതി സാഹിബിന്റെ മരണം മൂലം ഒഴിവുവന്ന സ്പീക്കർ സ്ഥാനത്തേക്ക്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായി സി.എച്ച് തിരഞ്ഞെടുക്കപ്പെട്ടത്. 1962 ൽ സ്പീക്കർ പദവി രാജിവച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ സഭാപ്രസംഗത്തിൽ തന്നെ അദ്ദേഹം സർവകലാശാലയ്ക്കായി ആവശ്യം ഉന്നയിച്ചു. തിരുവിതാംകൂറിന് ഇനിയൊരു യൂണിവേഴ്സിറ്റി കൂടി താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെയും മറ്റും വാദങ്ങൾ മുൻനിർത്തി, സി.എച്ചിന്റെ ആവശ്യം നിരസിക്കപ്പെട്ടു. അപ്പോഴാണ് ഒരു പിടിവള്ളി പോലെ, കോത്താരി കമീഷൻ എന്നറിയപ്പെട്ട ദേശീയ വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിൽ കേരളത്തിൽ മലബാർ പ്രദേശത്തിന് ഒരു സർവകലാശാല കൂടി വേണ്ടതുണ്ടെന്ന നിർദേശമുള്ളതായി സി.എച്ച് കണ്ടെത്തുന്നത്. ആ റിപ്പോർട്ട് നിർദേശം നടപ്പാക്കുന്നതിനായി അദ്ദേഹം ശ്രമങ്ങൾ തുടർന്നു.
കാലിക്കറ്റ് സർവകലാശാലക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയപ്രാപ്തിയിലെത്തിയത് 1967 ൽ ഇം.എം.എസ് മന്ത്രിസഭയിൽ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടു കൂടിയായിരുന്നു. അഥവാ, തന്റെ ലക്ഷ്യപ്രാപ്തിക്കായി ബാഹ്യവും ആഭ്യന്തരവുമായ എതിർപ്പുകളെ ചെറുത്തു തോൽപ്പിച്ച് തന്നെ സി.എച്ച് സ്വയം തിരഞ്ഞെടുത്തതായിരുന്നു വിദ്യാഭ്യാസ വകുപ്പ്. പട്ടം താണുപിള്ളയേയും ആർ ശങ്കറിനെയും ജോസഫ് മുണ്ടശ്ശേരിയെയും പോലുള്ള അതികായ•ാർ കയ്യാളിയിരുന്ന വിദ്യാഭ്യാസ വകുപ്പ് സി.എച്ച് മുഹമ്മദ് കോയയെന്ന ഇന്റർമീഡിയറ്റുകാരന്റെ കയ്യിൽ എത്തിയാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെയാവും എന്ന മുൻ വിധികൾ വന്നു, "ഞങ്ങൾക്ക് വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെത്തരൂ" എന്ന പരിഹാസം ചുമരെഴുത്തുകളും ബാനറുകളുമായി കേരളത്തിലെ കലാലയങ്ങളിൽ ഉയർന്നു. ആ എതിർപ്പുകളെയും പരിഹാസങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് എെതിഹാസികമായ മുന്നേറ്റം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാൻ രണ്ടു വർഷക്കാലം കൊണ്ടു തന്നെ സി.എച്ചിനു സാധിച്ചു. പത്താം ക്ലാസുവരെയുള്ള വിദ്യാഭ്യാസം സമ്പൂർണമായും സൗജന്യമാക്കുകയും, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്താൻ സർവേ സംഘങ്ങളെ അടിയന്തിരാടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്ത സി.എച്ച് ഒാരോപഞ്ചായത്തിലും ഓരോ യു.പി സ്കൂൾ, എന്ന ലക്ഷ്യം വെച്ചാണ് പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ സമൂലമാറ്റം ലക്ഷ്യം വച്ചുള്ള ഭരണപരമായ ശ്രമങ്ങൾ തുടരുന്നതിനോടൊപ്പം തന്നെ സർവകലാശാലയ്ക്കായുള്ള പരിശ്രമങ്ങളും തുടർന്നു. ഒടുവിൽ, 1967ൽ തന്നെ കോത്താരി കമ്മീഷൻ റിപ്പോർട്ട് മുൻനിർത്തി സർവകലാശാല ആരംഭിക്കുന്നതിനായുള്ള മന്ത്രിസഭാ അംഗീകാരവും ധനകാര്യ വകുപ്പിന്റെ അനുമതിയും നേടി. തുടർന്ന് കേന്ദ്ര അംഗീകാരവും യുജിസി അനുമതിയും അദ്ദേഹം മുൻപന്തിയിൽ നിന്നു തന്നെ നേടിയെടുത്തു. കേവലം ഒരു വർഷത്തിനുള്ളിൽ 1968 ജൂലൈ 22 ന് കേരള ഗവർണർ ഓർഡിനൻസ് പ്രകാരം കാലിക്കറ്റ് സർവകലാശാല ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു
'സർവകലാശാല 'എന്നാൽ കെട്ടിയുയർത്തിയ ഒരു കെട്ടിടമെന്നായിരുന്നില്ല സി.എച്ചിന്റെ സങ്കൽപ്പം. അവിടെ ഏതേതെല്ലാം വിഷയങ്ങൾ പഠിപ്പിക്കണമെന്നും ഏതെല്ലാം പഠന വകുപ്പുകളിൽ ഉന്നത പഠന വിഭാഗങ്ങളുണ്ടാവണമെന്നും ഒക്കെയുള്ള വ്യക്തമായ പദ്ധതികളോടെയാണ് സി.എച്ച് കാലിക്കറ്റ് സർവകലാശാലയെ വിഭാവനം ചെയ്തത്. മത്സ്യ ബന്ധനം, ഖനനം, വയോജന വിദ്യാഭ്യാസം തുടങ്ങിയവയിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ വരെ ഉൾക്കൊള്ളുന്നതായിരുന്നു സി.എച്ചിന്റെ സർവകലാശാലാ പാക്കേജ്. കേരളത്തിലെ അലിഗഡ് എന്നും, മുസ്ലിം സർവകലാശാലയെന്നും പാകിസ്ഥാൻ സർവകലാശാലയെന്നും എതിർ ചേരിയിലുള്ളവർ പരിഹാസങ്ങളുമായെത്തിയപ്പോഴും സി.എച്ച് പതറാതെ മുന്നോട്ടു പോയി. അതിന്റെ ഫലമായാണ് എതിരാളികളുടെ വാദങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഇന്ന് രാജ്യാന്തര നിലവാരമുള്ള പഠന ഗവേഷണ സൗകര്യങ്ങളോടെ നാടിന്റെ യശസ്സുയർത്തി മതേതര മാനത്തോടെ തന്നെ സി.എച്ചിന്റെ ചിന്താ സന്താനമായ കാലിക്കറ്റ് സർവകലാശാല നിലകൊള്ളുന്നത്.
കാലിക്കറ്റ് സർവകലാശാലാ സ്ഥാപനം പോലെ തന്നെ, ഐക്യകേരള രൂപീകരണത്തിനു ശേഷം ഉണ്ടായ മറ്റു മൂന്നു സർവകലാശാലകളുടെ രൂപീകരണത്തിലും സി.എച്ച് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. താരതമ്യേന വിദ്യാഭ്യാസ പുരോഗതി നേടിയിരുന്ന കൊച്ചി കേന്ദ്രിതമായി രൂപീകരിക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തെ ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാറ്റ്, മഹാത്മാഗാന്ധി സർവകലാശാല, മലപ്പുറത്തെ കാർഷിക സർവകലാശാല എന്നിവയവയാണവ. സർവകലാശാലകൾ മാത്രമല്ല ആയിരക്കണക്കിന് സ്കൂളുകൾ കേരളം മുഴുവൻ സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് ഗവ, ലോ കോളജ്, കോഴിക്കോട് റീജണൽ എഞ്ചിനീയറിംഗ് കോളജ്, വനിതാ പോളിടെക്നിക്ക്, മമ്പാട് എം.ഇ എസ് കോളജ്, കൊല്ലം ടി.കെ.എം കോളജ്, എടത്തല അൽഅമീൻ കോളജ്, കൊടുങ്ങല്ലൂർ അസ്മാബി കോളജ്, കല്ലടി കോളജ്, സർ.സയ്യിദ് കോളജ് തുടങ്ങി ഒട്ടനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സി.എച്ചിന്റെ നേതൃത്വത്തിലും പിന്തുണയിലും രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും അറിവിന്റെ വെളിച്ചമെത്തിക്കാൻ സി.എച്ച് നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ കൂടി ഫലമായാണ് ഇന്ന് ലോകത്തെവിടെയും അറിവാളികളുടെ നാടായി ഇൗ കൊച്ചുകേരളം അടയാളപ്പെടുന്നത്.
കാസർകോഡിന് 'വിദ്യാനഗർ' എന്നും തലശ്ശേരിക്ക് വിദ്യാപുരി എന്നും പേരു നൽകണം എന്നാഗ്രഹിച്ച സി.എച്ച് അറിവിന്റെ തെളിച്ചം തന്നെയാണ് നാടിന്റെ വെളിച്ചം എന്നുറച്ചു വിശ്വസിച്ചു കൊണ്ടാണ് തന്റെ കർമപദ്ധതികളുമായി മുന്നോട്ടു നീങ്ങിയത്. രണ്ടാം വട്ടം, 1969ൽ മന്ത്രിസഭയിൽ തനിക്കു വച്ചുനീട്ടപ്പെട്ട മുഖ്യമന്ത്രി പദം സമയമായില്ലെന്ന് ആദരപൂർവം നിരസിച്ച സി.എച്ച് രണ്ടാം ഘട്ടത്തിലും വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുമ്പോൾ ആദ്യ തവണത്തേതുപോലുള്ള ആശങ്കകൾ ഭരണ പ്രതിപക്ഷ കക്ഷികൾക്കോ ജനങ്ങൾക്കോ അശേഷം ഉണ്ടായിരുന്നില്ല. വളരെ തയ്യാറെടുപ്പുകളോടും ആസൂത്രണത്തോടും കൂടി സി.എച്ച് തയ്യാറാക്കുന്ന ധനാഭ്യർഥന ചർച്ചകൾ എതിർപ്പോ വേട്ടെടുപ്പോ കൂടാതെ പാസാക്കുക പതിവായിരുന്നു. കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ തന്നെ അപൂർവ സന്ദർഭങ്ങളാണവ.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾക്കുള്ള സ്പെഷൽ പാക്കേജുകൾ, മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾക്ക് പഠന സ്കോളർഷിപ്പുകൾ, ദരിദ്രരായ മാതാപിതാക്കളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രോത്സാഹനം, എനിങ്ങനെ "ആനുകൂല്യങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും കേരളത്തെ വിദ്യാസമ്പന്ന ജനതയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. കേരളം ഏറ്റവും വലിയ വിദ്യാഭ്യാസക്കുതിപ്പ് നേടാൻ കാരണമായിത്തീർന്ന സി.എച്ച് വിദ്യാഭ്യാസ പരിഷ്കാരങ്ങൾ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധേയമായതോടെ പല വിദേശ സർവകലാശാലകളും സി.എച്ചിനെ അവിടേക്ക് ക്ഷണിക്കുകയും സി.എച്ച് അവിടങ്ങളിൽ ചെന്ന് തന്റെ പദ്ധതികളെക്കുറിച്ച് പ്രൗഢമായ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെ പൂർവ മാതൃകകളില്ലാതിരുന്ന, ആ ഇന്റെർമീഡിയറ്റുകാരൻ തന്റെ വായനയിലൂടെയും സങ്കൽപ്പ ശേഷിയിലൂടെയും ആത്മാർപണത്തിലൂടെയും ലോകത്തിനു തന്നെ മാതൃകയായി.
(തുടരും)