ചാപ്ലിന്‍: ജീവിതം കൊണ്ടും സിനിമ കൊണ്ടും നൈതികതയെ പുല്‍കിയ അതുല്യപ്രതിഭ
|ട്രാജഡി ജീവിതത്തിന്റെ അനിവാര്യതയാണെന്നും അതിന്റെ പ്രതിരോധം കോമഡിയാണെന്നും മനസ്സിലാക്കിയ ചാപ്ലിന്‍, സഹജീവിയോടുള്ള വലിയതോതിലുള്ള അനുതാപവും കരുണയുമുള്ള വ്യക്തിക്കേ നര്‍മമെന്ന വികാരത്തെ പ്രോജ്വലിപ്പിക്കാന്‍ കഴിയൂവെന്ന് അടിവരയിടുന്നു. 'ചാര്‍ലി ചാപ്ലിന്‍ - ആത്മകഥ, സംഭാഷണം, പഠനം' പുസ്തകത്തിന് റാനി ജിഫ്രിയുടെ വായന.
ഓരോ സാഹിത്യ കൃതിയും അനുവാചകനിലേക്ക് നൂതനമായ ആശയങ്ങള്‍ വിനിമയം ചെയ്യുന്നു. ഫിക്ഷനും നോണ്‍ ഫിക്ഷനും അതിന്റേതായ സവിശേഷതകളുണ്ട്. എന്നാല്‍, മഹത്വ്യക്തികളുടെ ആത്മകഥകള്‍ മറ്റെല്ലാറ്റിനുമുപരി കൂടുതല്‍ ഉള്‍ക്കാഴ്ചയും അറിവും പകര്‍ന്നു നല്‍കുന്നു. ഇത് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനുള്ള ഒരു ഉള്‍പ്രേരണ നമ്മിലുണര്‍ത്തുന്നു. ഇവിടെയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭയായ, നിശബ്ദ സിനിമകളുടെ ചക്രവര്‍ത്തിയായ ചാര്‍ലി ചാപ്ലിന്‍ എന്ന കൊച്ചു വലിയ മനുഷ്യന്റെ ആത്മകഥയുടെ പ്രസക്തി.
ചാപ്ലിന്‍ എന്ന മനുഷ്യനെ തൊട്ടറിയുന്ന ആത്മകഥയും ചാപ്ലിന്‍ സിനിമകളിലെ രാഷ്ട്രീയം വിശകലനം ചെയ്യുന്ന പഠനവും സുദീര്‍ഘമായ സംഭാഷണവും വിശ്വപ്രസിദ്ധ നടി സോഫിയ ലോറന്റെ സ്മരണയും ഉള്ളടങ്ങിയ 'ചാര്‍ലി ചാപ്ലിന്‍ - ആത്മകഥ, സംഭാഷണം, പഠനം' എന്ന ഇരുനൂറ്റി അമ്പതോളം പേജുകളില്‍ പരിലസിക്കുന്ന കൃതി നവീനമായ വായനാനുഭവം നമുക്ക് സമ്മാനിക്കുന്നു.
സിനിമയും അതിന്റെ ടെക്‌നോളജിയും അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ ഉത്തരാധുനിക യുഗത്തിലും, ശബ്ദ ചിത്രങ്ങളുടെ പിറവിക്കും മുന്നേ ദേശ-ഭാശാന്തരങ്ങളെ വകവെക്കാതെ ആസ്വാദകഹൃദയങ്ങളെ കീഴടക്കിയ, ഒരേസമയം നിര്‍മാതാവും സംവിധായകനും നടനുമായ ചാര്‍ലി ചാപ്ലിന്‍ എന്ന പ്രതിഭ കാലങ്ങളെ അതിജീവിച്ച് അനശ്വരനായി നിലകൊള്ളുന്നു. നിശ്ശബ്ദ ചിത്രങ്ങളില്‍നിന്നു ലോകം ശബ്ദ ചിത്രങ്ങളിലേക്കു മാറിയപ്പോഴും തന്റെ തട്ടകത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ജവം കാട്ടിയ ഈ അതുല്യ പ്രതിഭ, എണ്‍പതോളം ചിത്രങ്ങളൊരുക്കുകയും എണ്‍പതാം വയസ്സുവരെ അഭിനയരംഗത്ത് തുടരുകയും ചെയ്തിട്ടുണ്ട്. നാടകവേദിയിലൂടെ രംഗപ്രവേശം ചെയ്ത ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ഈ ഇംഗ്ലീഷുകാരന്‍ ഹോളിവുഡ് ചലച്ചിത്രകാരന്‍ എന്നതിനപ്പുറം സംഗീതം, മിമിക്രി എന്നിവയിലും വ്യക്തിമുദ്രപതിപ്പിച്ച കലാകാരനാണ്.
കാല്‍പനികതയില്ലാത്ത ജീവിതം ഭയാനകവും നിരാശാജനകവുമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ചാപ്ലിന്‍, ജീവിതത്തെ രസകരവും കുലീനവും മനോഹരവുമാക്കുന്നത്, അല്ലെങ്കില്‍ നമ്മെ ജീവിപ്പിക്കുന്ന ഒരേയൊരു സംഗതിതന്നെ കാല്‍പനികതയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. ആത്മീയതയെയും അനുഭാവബോധത്തെയും പോഷിപ്പിക്കുന്ന കാല്‍പനികത റിയലിസത്തില്‍നിന്നുള്ള വിട്ടുപോകലായും ചാപ്ലിന്‍ കരുതുന്നു.
ലക്ഷക്കണക്കിന് ആരാധക വൃന്ദങ്ങളുള്ള, കണക്കില്ലാത്ത സമ്പത്തിനുടമയായ, രാജ്യ തലവന്മാരും രാഷ്ട്രതന്ത്രജ്ഞരും കവികളും കലാകാരന്മാരും ശാസ്ത്രജ്ഞരുമടങ്ങുന്ന സുഹൃദ് വലയങ്ങളുള്ള കാലവും തലമുറകളും നമിച്ച ഈ പ്രതിഭയുടെ ഐതിഹാസിക ജീവിതത്തിന്റെയും ചലച്ചിത്രയാത്രയുടെയും ആത്മാര്‍ഥവും സത്യസന്ധവുമായ ആത്മാവിഷ്‌കാരം, അതിയായി വിജയിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും വലിയ പ്രചോദനമായിരിക്കും.
വിശ്വപ്രശസ്തനായ ഈ മഹാപ്രതിഭയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോള്‍, ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കാവുന്നതിലേറെക്കൂടുതല്‍ വേദനയും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചുകൊണ്ടാണ് ചാപ്ലിന്‍ ലോകത്തെ ഏറ്റവും കൂടുതല്‍ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തതെന്ന് നാം തിരിച്ചറിയുന്നു. നാടക അഭിനേത്രിയായ അമ്മയുടെ ശബ്ദത്തിനു തകരാറ് സംഭവിച്ചതിനെത്തുടര്‍ന്ന് അഞ്ചാം വയസ്സില്‍ അരങ്ങത്തെത്തിയ ചാപ്ലിന്റെ ബാല്യകാലത്തിലെ വേദനയും കയ്പ്പും കണ്ണീരും വായിച്ചു നീങ്ങുമ്പോള്‍, ലണ്ടന്‍ നഗരത്തിലെ ദാരിദ്ര്യത്തിന്റെ പച്ചയായ ചിത്രം വരച്ചു കാട്ടുന്ന ഡിക്കന്‍സ് നോവലുകളുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി നമുക്കനുഭവപ്പെടും. ചെറുപ്പകാലത്ത് ലണ്ടനിലെ ഒരു അഗതിമന്ദിരത്തില്‍ ചെലവഴിച്ച വര്‍ഷങ്ങളെക്കുറിച്ചും വട്ടപ്പുണ്ണ് വന്ന് തല വടിച്ചതിനെക്കുറിച്ചും ഭ്രാന്താശുപത്രിയില്‍ കഴിഞ്ഞ അമ്മയെക്കുറിച്ചുമെല്ലാം കഥ പറഞ്ഞു തരുന്ന ചാപ്ലിന്‍, കയ്‌പേറിയ ജീവിതാനുഭവങ്ങളെ ഹാസ്യാത്മകമായി ദൃശ്യവത്കരിച്ച പോലെ, തന്റെ ആത്മകഥയായ ഈ സാഹിത്യകൃതിയിലും ജീവിത സത്യങ്ങള്‍ ഫലിതത്തില്‍ ചാലിച്ച് വരച്ചുകാട്ടുന്നു.
മറ്റൊരു വിവാഹം കഴിച്ചു വേര്‍പിരിഞ്ഞ പിതാവിന്റെ സ്‌നേഹം നിഷേധിക്കപ്പെട്ട ഹതഭാഗ്യനായിരുന്നു ചാപ്ലിന്‍. എങ്കിലും മാതൃസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ ചാപ്ലിന്റെ അമ്മ, ആ കൊച്ചു ബാലന് ആവോളം സ്‌നേഹം പകര്‍ന്നു നല്‍കിയിരുന്നു. അമ്മ ബാല്യത്തില്‍ പകര്‍ന്നുനല്‍കിയ ഈ സ്‌നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും ദിവ്യപ്രകാശം ചാപ്ലിന്‍ എന്ന മനുഷ്യസ്‌നേഹിയായ കലാകാരനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അമ്മ നല്‍കിയ ആ ദിവ്യപ്രഭ ചാപ്ലിന്റെ വാക്കുകളിലൂടെത്തന്നെ നമുക്ക് വായിച്ചറിയാം. 'ആ ഇരുണ്ട മുറിയില്‍ വെച്ച് ലോകം ഇന്നേവരെ കണ്ടതില്‍ ഏറ്റവും ദയാര്‍ദ്രമായ വെളിച്ചം അമ്മ എനിക്ക് തെളിയിച്ചു തന്നു. സാഹിത്യത്തെയും നാടകശാലയെയും മഹത്തും സമ്പന്നവുമായ ഇതിവൃത്തം കൊണ്ട് അനുഗ്രഹിച്ച വെളിച്ചം: സ്‌നേഹം, ദയ, മാനുഷികത്വം.' സമ്പന്നതയുടെ നാളില്‍ കുട്ടികളുടെ പിതാവില്‍നിന്ന് ജീവനാംശം പോലും ആവശ്യപ്പെടാതെയും, ജീവിതം കൈവിട്ടു ദാരിദ്ര്യത്തിലേക്ക് വഴുതി വീണപ്പോള്‍ സമൂഹത്തിന്റെ താഴ്ന്ന തലത്തില്‍ ജീവിക്കുന്നവരുടെ സാംസ്‌കാരിക ശോഷണം തന്റെ കുഞ്ഞുങ്ങളില്‍ വരാതെ നോക്കാനും, അബദ്ധജടിലവും കൃത്രിമവുമായ ജീവിതത്തില്‍ മനുഷ്യന്‍ ദൈവത്തെ മറന്നു പോകുന്നതിലെ നിരര്‍ഥകത കൊടിയ ദാരിദ്ര്യത്തിലും ചിരിച്ചുകൊണ്ട് ഓര്‍മിപ്പിക്കാനും ആ അമ്മക്ക് കഴിഞ്ഞു. ദാരിദ്ര്യവും കഷ്ടപ്പാടും ഏറെ അനുഭവിച്ചിരുന്നെങ്കിലും ചാപ്ലിനും തന്റെ സഹോദരന്‍ സിഡ്‌നിയും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ തീക്ഷണതയും ഈ ആത്മകഥയിലുടനീളം നമുക്ക് വായിച്ചെടുക്കാനാവും.
ചാപ്ലിന്‍ തന്റെ പ്രതാപകാലത്ത് ഇംഗ്ലണ്ടിലെ ഭ്രാന്താലയത്തില്‍ നിന്നും അമേരിക്കയിലേക്ക് തന്റെ അമ്മയെ കൊണ്ടുവരുമ്പോള്‍, അമ്മക്ക് മകന്റെ വിജയം സമ്പൂര്‍ണ്ണതയില്‍ കാണാന്‍ കഴിഞ്ഞെങ്കിലും അപ്പോഴേക്കും അപ്രവചനീയമായി പെരുമാറാന്‍ തുടങ്ങിയിരുന്നു ആ മാതൃദേഹം. അമ്മയുടെ നിര്‍ജീവ ശരീരത്തിനു മുന്നില്‍ മുറിയടച്ച് മണിക്കൂറുകളോളം ഏകാകിയായി പൊട്ടിക്കരഞ്ഞ ചാപ്ലിനെ വായിക്കുമ്പോള്‍, പ്രശസ്തിയുടെയും സമ്പന്നതയുടെയും മടിത്തട്ടില്‍ വിരാജിക്കുമ്പോഴും മനസ്സിന്റെ ഒറ്റപ്പെടല്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നത് നാം വേദനയോടെ അറിയുന്നു. മൂന്നു തവണ വിവാഹം കഴിച്ചെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹമോചനങ്ങളും നടന്നിരുന്നു. പിന്നീട് അമ്പതാം വയസ്സിനു ശേഷമാണ് ജീവിതത്തെ അന്ത്യംവരെ പ്രണയാര്‍ദ്രമാക്കിയ ഊന ഒനീല്‍ എന്ന പതിനെട്ടുകാരിയെ കാണുന്നതും വിവാഹം കഴിക്കുന്നതും. തന്റെ സ്വകാര്യജീവിതത്തിലെ ആവിശുദ്ധബന്ധങ്ങളെ മറച്ചുവെക്കാതെ ആത്മകഥയോട് നീതി പുലര്‍ത്തുന്നുണ്ട് ചാപ്ലിന്‍.
അമിത ദേശീയതയുടെ അപകടം ദീര്‍ഘദര്‍ശനം ചെയ്ത ചാപ്ലിന്റെ 'ദി ഗ്രേറ്റ് ഡിക്‌ടേറ്ററി'ലെ പ്രഭാഷണം അധികാരികളെ ചൊടിപ്പിച്ചുവെങ്കിലും, പ്രേക്ഷകര്‍ക്കിടയില്‍ ഹാര്‍ദ്ദമായ സ്വീകരണം ലഭിച്ചു. അതിന്റെ ടെക്സ്റ്റ് അച്ചടിച്ചു വ്യാപകമായി വിതരണം ചെയ്യപ്പെടുകയും, നിരവധി വേദികളിലേക്ക് പ്രസംഗം ആവര്‍ത്തിക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്തു.
ഔപചാരിക വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ, കഷ്ടബാല്യത്തിനും ദുരിത കൗമാരത്തിനുമൊടുവില്‍ ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലേക്ക് കപ്പല്‍ കയറിയ ചാപ്ലിന്റേത്, അജ്ഞാതനില്‍ നിന്നും ലോകപ്രശസ്തനിലേക്കുള്ള കുതിച്ചു കയറ്റമായിരുന്നു. ചാപ്ലിന്റെ ആത്മകഥയിലൂടെ കടന്നു പോകുമ്പോള്‍, ശാസ്ത്രലോകത്തിന്റെ ഗതിമാറ്റിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തം ആവിഷ്‌കൃതമായ സന്ദര്‍ഭത്തെക്കുറിച്ച് ഐന്‍സ്റ്റീന്റെ ഭാര്യ വിവരിക്കുന്ന രംഗം വളരെ നിര്‍വൃതിയോടെ വായനക്കാരന് അനുഭവവേദ്യമാകുന്നു എന്നതും ഈ കൃതിയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്. ഗാന്ധിജി അടക്കമുള്ള ലോക നേതാക്കളുമായി സന്ധിച്ച ചാപ്ലിന്റെ അനുഭവ കഥകളിലൂടെ മുന്നോട്ടുപോയാല്‍ കുശാഗ്രബുദ്ധിയായ ഒരു ബിസിനസുകാരന്‍ കൂടിയായിരുന്നു അദ്ദേഹം എന്നും കാണാം.
ചാപ്ലിന്റെ സിനിമയും രാഷ്ട്രീയവും
ഓരോ കലയും ജീവിതത്തിന്റെ പ്രതിസ്ഫുരണങ്ങളാണ്. മനുഷ്യന്റെ സാംസ്‌കാരിക മണ്ഡലങ്ങളെ പരിപോഷിപ്പിക്കുന്ന കലകള്‍, ഓരോന്നും അതിന്റേതായ മേന്മകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ സൃഷ്ടിയായ സിനിമ എന്ന കലാരൂപം എല്ലാ തരത്തിലുള്ള സര്‍ഗാത്മക ആവിഷ്‌കാരങ്ങളുടെയും സമ്മിശ്രഭാവമാണ്. സംഗീതവും നാടകവും ഭാവനയും കവിതയും ചെറുകഥയും നോവലും ചിത്രകലയും ജീവിതവും കാല്‍പനികതയുമെല്ലാം സമ്മേളിക്കുന്ന ചലച്ചിത്രം എന്റര്‍ടെയിന്‍മെന്റ് എന്നതിലുപരി എന്‍ലൈറ്റ്‌മെന്റ് കൂടിയാണ്. മനുഷ്യന്റെ എല്ലാതരത്തിലുമുള്ള വൈകാരിക അഭിലാഷങ്ങളെയും അഭിസംബോധന ചെയ്യുകയും സാധൂകരിക്കുകയും ചെയ്യുന്ന ഈ കലാരൂപത്തിന് മറ്റെല്ലാ കലകളെക്കാളും ജനകീയമാകാന്‍ സാധിച്ചിട്ടുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ പ്രതിഫലനമായി, കണ്ണാടിയായി വര്‍ത്തിക്കുന്ന സിനിമ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക വിമര്‍ശനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വഴിയൊരുക്കുന്ന ജീവിതത്തിന്റെ ഒരു പരിപ്രേക്ഷ്യമാണ്.
ഇവിടെയാണ് ചാപ്ലിന്റെ വിശ്വപ്രസിദ്ധ ആവിഷ്‌കാരത്തിന്റെ പ്രസക്തി. തന്നില്‍തന്നെയുള്ള നര്‍മസത്തയെ ഹാസ്യാത്മകമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് യഥാതഥമായ രീതിയില്‍ പാത്രാവിഷ്‌കാരം നടത്തുകയായിരുന്നു ചാപ്ലിന്‍. അയഞ്ഞ ട്രൗസേഴ്‌സും ഇറുകിയ കോട്ടും വലിയ തലയില്‍ ചെറിയ ഹാറ്റുമണിഞ്ഞ, പഴകിയ മുഷിഞ്ഞ വേഷമാണെങ്കിലും മാന്യമായ വ്യക്തിയെ അവതരിപ്പിച്ചുകൊണ്ട് ദാരിദ്ര്യത്തിന്റെ ശാന്തവും മാന്യവുമായ മുഖം പ്രകാശിപ്പിക്കുകയായിരുന്നു ട്രാംപ് എന്ന കഥാപാത്രത്തിലൂടെ ചാപ്ലിന്‍. കാല്‍പനികതയില്ലാത്ത ജീവിതം ഭയാനകവും നിരാശാജനകവുമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ചാപ്ലിന്‍, ജീവിതത്തെ രസകരവും കുലീനവും മനോഹരവുമാക്കുന്നത് അല്ലെങ്കില്‍ നമ്മെ ജീവിപ്പിക്കുന്ന ഒരേയൊരു സംഗതിതന്നെ കാല്‍പനികതയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. ആത്മീയതയെയും അനുഭാവബോധത്തെയും പോഷിപ്പിക്കുന്ന കാല്‍പനികത റിയലിസത്തില്‍നിന്നുള്ള വിട്ടുപോകലായും ചാപ്ലിന്‍ കരുതുന്നു.
ട്രാജഡി ജീവിതത്തിന്റെ അനിവാര്യതയാണെന്നും അതിന്റെ പ്രതിരോധം കോമഡിയാണെന്നും മനസ്സിലാക്കിയ ചാപ്ലിന്‍, സഹജീവിയോടുള്ള വലിയതോതിലുള്ള അനുതാപവും കരുണയുമുള്ള വ്യക്തിക്കേ നര്‍മമെന്ന വികാരത്തെ പ്രോജ്വലിപ്പിക്കാന്‍ കഴിയൂവെന്ന് അടിവരയിടുന്നു. കോമഡിയും ട്രാജഡിയും ഇണചേര്‍ന്നു നില്‍ക്കുന്ന 'സിറ്റി ലൈറ്റ്' ആണ് ചാപ്ലിനെ ഏറെ ആകര്‍ഷിച്ച ചിത്രമെങ്കില്‍ 'ലൈംലൈറ്റ്' അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിന്റെ ഒരു നേര്‍ചിത്രമായിരുന്നു.
സിനിമയില്‍ രാഷ്ട്രീയ വിഷയങ്ങളും വീക്ഷണങ്ങളും തിരുകി കയറ്റുന്നുവെന്ന ആരോപണം ചാപ്ലിന്റെ കരിയറിലുടനീളം നിലനിന്നിരുന്നു. ചാപ്ലിന്‍ അത് നിഷേധിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ കലാകാരന്മാരുടെ മുന്‍നിരയിലാണ് ചരിത്രത്തില്‍ എന്നും അദ്ദേഹത്തിനുള്ള സ്ഥാനം. യന്ത്രത്തിന്റെ ഭാഗമായി തൊഴിലാളിയെ കാണുന്ന മുതലാളിത്തത്തിന്റെ മനുഷ്യത്വമില്ലായ്മയോട് കലഹിക്കുന്ന 'മോഡേണ്‍ ടൈംസ് ', മുതലാളിത്തത്തിന്റെ മിനുക്കിയ മുഖത്തിനു പിറകില്‍ മറഞ്ഞിരിക്കുന്ന മാലിന്യങ്ങളെ വെളിച്ചത്തു നിര്‍ത്തുന്ന 'മെസ്യോ വെര്‍ദോ', മക്കാര്‍ത്തിയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന ചിത്തഭ്രമത്തെ കളിയാക്കുന്ന 'എ കിങ് ഇന്‍ ന്യൂയോര്‍ക്ക്', ജര്‍മനിയിലും ഇറ്റലിയിലും നടമാടുന്ന നഗ്‌നമായ ഫാസിസത്തെ, യുദ്ധഭീതി കാരണം കണ്ടില്ലെന്നു നടിക്കുന്ന ലോകത്തിനുള്ള ശക്തമായ മുന്നറിയിപ്പു നല്‍കുന്ന 'ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍' എന്നീ നാലു ചിത്രങ്ങള്‍ തികഞ്ഞ രാഷ്ട്രീയ സിനിമകള്‍ തന്നെയാണ്. 'ദി ഗ്രേറ്റ് ഡിക്‌റ്റേറി'ലെ അവസാനഭാഗത്തെ അധിക്ഷേപപ്രസംഗം ഒന്നുമാത്രംമതി ചാപ്ലിനിലെ രാഷ്ട്രീയം ബോധ്യപ്പെടാന്‍. അമിത ദേശീയതയുടെ അപകടം ദീര്‍ഘദര്‍ശനം ചെയ്ത ചാപ്ലിന്റെ ഈ പ്രഭാഷണം അധികാരികളെ ചൊടിപ്പിച്ചുവെങ്കിലും, പ്രേക്ഷകര്‍ക്കിടയില്‍ ഹാര്‍ദ്ദമായ സ്വീകരണം നേടുകയും, അതിന്റെ ടെക്സ്റ്റ് അച്ചടിച്ചു വ്യാപകമായി വിതരണം ചെയ്യപ്പെടുകയും, നിരവധി വേദികളിലേക്ക് പ്രസംഗം ആവര്‍ത്തിക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്തു.
| ദി ഗ്രേറ്റ് ഡിക്‌ടേറ്ററില്‍ ചാപ്ലിന്‍
ചാപ്ലിന്റെ രാഷ്ട്രീയം ആരംഭിക്കുന്നത് അദ്ദേഹം അനുഭവിച്ച ബാല്യ-കൗമാരങ്ങളിലെ കൊടിയ ദാരിദ്ര്യത്തില്‍ നിന്നും അനാഥത്വത്തില്‍നിന്നുമാണ്. ചാപ്ലിന് പന്ത്രണ്ടു വയസ്സുള്ള സമയത്ത്, ജീവിച്ചിരുന്ന കാലത്ത് തുണയോ ആശ്രയമോ അല്ലാതിരുന്ന പിതാവിന്റെ വിയോഗവും, വിശപ്പ് സഹിച്ചു സഹിച്ച് ഭ്രാന്തിയായി വലിയൊരു കാലയളവ് ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്ന അമ്മയും, സഹോദരന്‍ സിഡ്‌നിയോടൊപ്പമുള്ള അഗതിയാശ്രമങ്ങളിലുള്ള ജീവിതവും, ഊരുചുറ്റുന്ന നാടക കമ്പനികളിലെ തുച്ഛമായ വേതനത്തിന് കൊമേഡിയനായുള്ള ജോലിയുമൊക്കെയായിരുന്നു ചാപ്ലിന്റെ ഭൂതകാലം. പിന്നീട് അമേരിക്കയിലെത്തി ദാരിദ്ര്യം വിട്ടൊഴിയുകയും, കീസ്റ്റോണ്‍ കമ്പനിയിലൂടെ സിനിമയിലെത്തി ഏറ്റവും ജനപ്രീതിയുള്ള, ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി തീര്‍ന്നെങ്കിലും, ദാരിദ്ര്യത്തിന്റെ നിലയില്ലാ കയങ്ങളില്‍നിന്നു കര കയറാനാകാത്ത ഹതഭാഗ്യരോടുള്ള അടുപ്പവും അനുകമ്പയും എന്നും ആ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു. തന്റെ സിനിമകളിലൂടെ, അടിസ്ഥാന വര്‍ഗത്തിന്റെ ആകുലതകളും തത്രപ്പാടുകളും പ്രമേയമാക്കിയ ചാപ്ലിന്റെ രാഷ്ട്രീയ വീക്ഷണം കൂടുതല്‍ പ്രോലിറ്റേറിയനായിരുന്നു. എന്നാല്‍, ഈ പ്രോലിറ്റേറിയന്‍ രാഷ്ട്രീയം മുതലാളിത്തത്തിന്റെ മധുര ഫലങ്ങള്‍ ആസ്വദിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ തടഞ്ഞിരുന്നില്ല. ദരിദ്രര്‍ കുലീനര്‍ തന്നെയാണെങ്കിലും ദാരിദ്ര്യത്തില്‍തന്നെ തുടരുന്നതില്‍ കുലീനതയില്ലെന്നും, ആത്യന്തികമായ ദാരിദ്ര്യം തിന്മയും അശ്ലീലവുമാണെന്ന തിരിച്ചറിവും ജീവിതാനുഭവത്തില്‍നിന്നും ചാപ്ലിന്‍ നേടിയിരുന്നു. വ്യവസ്ഥിതി എത്രതന്നെ ദുശിച്ചതാണെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ അമാന്തം കാണിക്കേണ്ടതില്ലെന്ന പക്ഷക്കാരനായിരുന്നു ചാപ്ലിന്‍. സ്വാര്‍ഥതക്ക് മുകളില്‍ സാമ്പത്തിക അസമത്വത്തിന് അടിത്തറ തീര്‍ത്ത മുതലാളിത്തം അതിന്റെ പാപഭാരത്താല്‍ ഒടുവില്‍ തകരുമെന്ന് വിശ്വസിച്ച ചാപ്ലിന്‍, മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന യാതൊന്നും തന്നില്‍നിന്ന് ഭവിക്കാതിരിക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു.
| മെസ്യോ വെര്‍ദോയില്‍ ചാപ്ലിന്‍
അതേസമയം ചാപ്ലിന്‍ എന്ന കലാകാരന്റെ സമ്പത്തും യശസ്സുമുയര്‍ത്തിയത് അമേരിക്കയാണെന്നിരിക്കിലും അമേരിക്കന്‍ പൗരനാകാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അമേരിക്കയുടെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും നീതിക്കു നിരക്കാത്ത നെറികെട്ട പ്രവൃത്തികളെ നിരന്തരം അപലപിക്കാനും, 'ഞാന്‍ കമ്യൂണിസ്റ്റല്ല, എന്നാല്‍ ഫാസിസത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നണി കാത്തത് റഷ്യയാണെന്ന കാര്യം ഞാന്‍ മറക്കുന്നില്ല. അതിനവരോടെനിക്ക് നന്ദിയുണ്ട്. അവരെ വെറുത്തുകൊണ്ട് നിങ്ങള്‍ക്ക് പ്രിയങ്കരനാകാന്‍ ഞാന്‍ ഒരുക്കമല്ല' എന്ന് ധീരമായി പ്രഖ്യാപിക്കാനും ആ വിശ്വപൗരന് സാധിച്ചിരുന്നു. എന്നാല്‍, തന്റെ അടിയുറച്ച രാഷ്ട്രീയ വീക്ഷണത്തിന്റെ പേരില്‍ അവസാനം അമേരിക്കയില്‍നിന്നും നിഷ്‌കാസിതനായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു ചാപ്ലിന്‍. ജീവിതത്തിന്റെ വലിയൊരുഭാഗം രാഷ്ട്രീയ ചിന്തകളില്‍ നിമഗ്‌നനായിരുന്ന ഈ കലാകാരന്, തന്റെ അസാധാരണമായ സൃഷ്ടികളുടെ അന്തര്‍ധാരയായി, സുനിശ്ചിതമായ ഈ രാഷ്ട്രീയ നിലപാടുകളെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ചാപ്ലിന്‍ കൂടുതലായും അറിയപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ പേരിലല്ല; മറിച്ച് പ്രിയങ്കരനായ തന്റെ 'തെണ്ടി' എന്ന കഥാപാത്രത്തിന്റെ പേരിലാണ്.
ആഗോളവത്കരണത്തിന്റെ ഈ ആധുനികയുഗത്തില്‍ രാഷ്ട്രസീമകള്‍ ഉല്ലംഘിച്ച് മുതലാളിത്തം പിടിമുറുക്കുമ്പോള്‍, അവയുടെ അനുരണനങ്ങള്‍ സസൂക്ഷ്മം വിലയിരുത്തിയും വേണ്ടിടത്ത് നൈതികമായി ഇടപെട്ടും പൗരധര്‍മം നിര്‍വഹിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ജീവിതമെന്ന അനിശ്ചിതത്വത്തിന്റെ തീരാകയങ്ങളില്‍ മുങ്ങിത്താഴുന്ന വലിയൊരു വിഭാഗത്തിന്റെ മേല്‍ പിന്നെയും അസമത്വങ്ങളും അനീതിയും കൊണ്ടാടുമ്പോള്‍, അവക്ക് നേരെ നിരന്തരം കലഹിക്കുക എന്നതാണ് ഒരു നല്ല മനുഷ്യന്റെ ഉത്തരവാദിത്വമെന്ന് തന്റെ സിനിമകളിലൂടെയും ജീവിതത്തിലൂടെത്തന്നെയും കാണിച്ചുതന്ന ഊര്‍ജസ്വലനായ, ശുഭാപ്തി വിശ്വാസിയായ ചാര്‍ലി ചാപ്ലിന്‍ എക്കാലത്തും എല്ലാവര്‍ക്കും ഏറ്റവും വലിയ പ്രചോദനവും മാതൃകയുമാണ്.
എന്‍. മൂസക്കുട്ടി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത്, പി. അജിത് കുമാര്‍ എഡിറ്റ് ചെയ്ത, 'ചാര്‍ലി ചാപ്ലിന്‍ - ആത്മകഥ, സംഭാഷണം, പഠനം' ബ്ലാക്ക് ബുക്‌സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.