Analysis
കുട്ടിക്കടത്തും അനാഥശാലയും: മുക്കം (2014) മുതല്‍ തിരുവല്ല (2024) വരെ - ഇസ്ലാമോഫോബിയ : ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
Analysis

കുട്ടിക്കടത്തും അനാഥശാലയും: മുക്കം (2014) മുതല്‍ തിരുവല്ല (2024) വരെ - ഇസ്ലാമോഫോബിയ : ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്
|
22 Aug 2024 8:50 AM GMT

മുസ്‌ലിംകളുടെ ഓരോ പ്രവര്‍ത്തിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് നിയമദൃഷ്ട്യാ കുറ്റകൃത്യമായി വ്യാഖ്യാനിക്കുകയോ മതപരമോ അല്ലാത്തതോ ആയ അധികമൂല്യം കല്‍പ്പിച്ചുകൊടുക്കുകയോ ചെയ്യുന്ന രീതിശാസ്ത്രം സമകാലിക കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. കുട്ടിക്കടത്ത് ആരോപണം അതിന്റെ ഭാഗമായിരുന്നു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07)

മതിയായ രേഖകളില്ലാതെ മണിപ്പൂരിലെ സിറ്റിപ്പൂര്‍ ജില്ലയില്‍ നിന്നും കേരളത്തിലെത്തിച്ച 28 കുട്ടികളെ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്ത വാര്‍ത്ത ജൂലൈ 9, 10 തിയ്യതികളില്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവല്ല മനക്കച്ചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യം മിനിസ്ട്രീസിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. (24 ന്യൂസ് 2024 ജൂലൈ 9). മണിപ്പൂരിലെ സിറ്റിപ്പൂര്‍ ജില്ല കലാപബാധിത പ്രദേശമാണ്. കുട്ടികള്‍ക്ക് ആവശ്യമായ പഠന സൗകര്യമൊന്നും ആ പ്രദേശങ്ങളിലില്ല. സത്യം മിനിസ്ട്രീസ് ഭാരവാഹികള്‍ മതിയായ സംരക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ തന്നെയാണ് മക്കളെ അയച്ചത്.

എന്നാല്‍, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ ചില നടപടിക്രമങ്ങളുണ്ട്. അധികൃതര്‍ ഇവയൊന്നും പാലിച്ചില്ല. തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് ശിശു സംരക്ഷണ സമിതി (സി.ഡബ്ല്യു.സി) ജില്ലാ ചെയര്‍മാന്‍ എന്‍. രാജീവ് പറയുന്നു (മാധ്യമം, ജൂലൈ 10 2024). കുട്ടികള്‍ക്ക് ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും (മാധ്യമം, ജൂലൈ 10 2024) ആരോപണമുണ്ട്. കൃത്യമായി ഭക്ഷണം നല്‍കിയില്ല. ഞായറാഴ്ചകളില്‍ ബ്രെഡ് മാത്രമാണ് നല്‍കിയിരുന്നത് (മാധ്യമം വാര്‍ത്ത ജൂലൈ 10 2024). ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരേ നിലയില്‍ താമസിപ്പിച്ചു - ആരോപണം തുടരുന്നു.


ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് രണ്ടാം തവണയാണ് ഇതേ സ്ഥാപനത്തില്‍ ശിശുക്ഷേമ സമിതി പരിശോധന നടത്തുന്നത്. ആദ്യ പരിശോധനയില്‍ത്തന്നെ വീഴ്ച കണ്ടെത്തിയിരുന്നു. തിരുത്താന്‍ സമയവും നല്‍കി. പക്ഷേ, നടപടിക്രമങ്ങള്‍ പാലിക്കാനുള്ള അവസരം സ്ഥാപനം ഉപയോഗപ്പെടുത്തിയില്ല. ശിശു സംരക്ഷണ സമിതിയുടെ ആദ്യ പരിശോധനയില്‍ 32 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമടക്കം 56 കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍, രണ്ടാമത്തെ പരിശോധനയില്‍ 19 പെണ്‍കുട്ടികളും ഒന്‍പത് ആണ്‍കുട്ടികളുമാണ് അവശേഷിച്ചിരുന്നത്. ആണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അധീനതയില്‍ കൊല്ലത്തുള്ള ബോയ്സ് ഹോമിലേക്കും പെണ്‍കുട്ടികളെ തിരുവല്ലയിലെ മഞ്ഞാടി നിക്കോള്‍സണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹോസ്റ്റലിലേക്കുമാണ് മാറ്റിയത്. മണിപ്പൂരിലെ ഗോത്ര വിഭാഗമായ കുക്കി ഓര്‍ഗനൈസേഷനോടും കുട്ടികളുടെ മാതാപിതാക്കളോടും ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മുന്‍ ഫ്രാന്‍സിസ്‌കന്‍ പുരോഹിതനായിരുന്ന ഡോ. സി.വി വടവനയാണ് സ്ഥാപനത്തിന്റെ സ്ഥാപകന്‍. 1988ല്‍ സ്ഥാപിക്കപ്പെട്ടു. സ്ഥാപനത്തിന്റെ കീഴില്‍ സ്കൂളുകളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും ക്രൈസ്തവ സെമിനാരിയും പ്രവര്‍ത്തിക്കുന്നുണ്ട്.

കള്ളക്കടത്തു പോലുള്ള കുറ്റകൃത്യങ്ങളും മുസ്‌ലിംകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പൊതുവെ കരുതുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകളില്‍ മുസ്‌ലിംകളുടെ സാന്നിധ്യം പെരുപ്പിച്ചു കാട്ടുക പൊതുശൈലിയാണ്. കളളക്കടത്ത് ആരോപണത്തിന്റെ അതേ മാതൃകയില്‍ വികസിച്ച ഒരു ഇസ്‌ലാമോഫോബിക് ഉപപാഠമാണ് കുട്ടിക്കടത്ത്. സാമ്പത്തിക ഹിംസയായി നേരിട്ടു ബന്ധമില്ലെങ്കിലും കള്ളക്കടത്ത് എന്ന ഭാഷയുടെ ശക്തിയാണ് കുട്ടിക്കടത്ത് എന്ന വിവാദത്തെ നിര്‍മിക്കുന്നത്. ഇസ്‌ലാമോഫോബിയ ഒരു ഭരണകൂട ചിന്തയായി മാറുന്ന രീതിയാണിത്.

വാര്‍ത്ത മാധ്യമങ്ങള്‍ വഴി പുറത്തുവന്നുവെങ്കിലും ഇതുസംബന്ധിച്ച വലിയ ചര്‍ച്ചയൊന്നും നടന്നില്ല. ചാനലുകളില്‍ ഡിബേറ്റുകളും സംഘടിപ്പിക്കപ്പെട്ടില്ല. എന്നാല്‍, ഏകദേശം പത്തുകൊല്ലം മുമ്പ് നടന്ന സമാനമായ സംഭവം കൈകാര്യം ചെയ്യപ്പെട്ടത് ഇങ്ങനെയായിരുന്നില്ല. പ്രൈംടൈം ടിബേറ്റുകളും പ്രത്യേക ഫീച്ചറുകളും ക്രൈംറിപ്പോര്‍ട്ടുകളുമായി ആ വാര്‍ത്ത ആഴ്ചകളോളം മാധ്യമ ന്യൂസ് റൂമുകളെ പ്രകമ്പനംകൊള്ളിച്ചു. രണ്ട് സംഭവങ്ങളും തമ്മില്‍ ഒരു വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. 2014ലെ സംഭവത്തില്‍ ആരോപണമുന്നയിക്കപ്പെട്ടത് മുസ്‌ലിം മാനേജ്മെന്റിലുള്ള യത്തീന്‍ഖാനക്കെതിരേയാണ്. ഇപ്പോഴാകട്ടെ പ്രതിസ്ഥാനത്തുള്ളത് ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനവും.

2014ല്‍ നടന്നത്: ക്രൈംബ്രാഞ്ച്, അമിക്കസ് ക്യൂറി, ദേശീയ മനുഷ്യാവകാശ കമീഷന്‍, സുപ്രീം കോടതി

2014ല്‍ കേരളത്തെ ഇളക്കിമറിച്ച സംഭവമാണ് 'കുട്ടിക്കടത്ത്'. ഈ വാക്ക് അന്നാണ് മധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്തത്. കേരളത്തിലെ യത്തീംഖാനയില്‍ താമസിച്ച് പഠിക്കുന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളും അവരുടെ അധ്യാപകരും അത്തവണ വേനലവധി കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചുപോന്നപ്പോള്‍ അവരുടെ കൂടെ ആ വര്‍ഷം ചേരാനുള്ള പുതിയ വിദ്യാര്‍ഥികളുമുണ്ടായിരുന്നു. ഇത് പുതിയ കാര്യമായിരുന്നില്ല, എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്. ഇങ്ങനെവന്ന ചില കുട്ടികള്‍ക്ക് മതിയായ രേഖകളില്ലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയും അതത് സംസ്ഥാനങ്ങളുടെ സമ്മതപത്രവും വേണമെന്നത് കേരള സ്റ്റേറ്റ് ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബ്ള്‍ ഹോംസ് ബോര്‍ഡ് ഓഫ് കണ്‍ട്രോളില്‍ 2013ല്‍ ഉള്‍പ്പെടുത്തിയ ചട്ടമാണ്. പല അനാഥാലയങ്ങള്‍ക്കും ഇതേകുറിച്ച് അറിയാമായിരുന്നില്ല. ഈ നിയമത്തിന്റെ സാങ്കേതികതയില്‍പിടിച്ച് അധ്യാപകരെയും കുട്ടികളെയും പാലക്കാട്ട് വച്ച് റെയില്‍വേ പൊലിസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്ട് സ്റ്റേഷനിലെ അറസ്റ്റ്:

പട്ന-എറണാകുളം ട്രെയിനിലെത്തിയ 456 കുട്ടികളെ 2014 മേയ് 24ാം തിയ്യതി പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു (ദി ഹിന്ദു, മെയ് 25, 2014) ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനത്തുനിന്നുള്ളവരാണ് കുട്ടികളിലേറെയും. മദ്ധ്യവേനല്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരുന്നവരാണ് കുട്ടികളെന്ന് കൂടെയുണ്ടായിരുന്ന മുക്കം, വെട്ടത്തൂര്‍ യതീംഖാന അധികൃതര്‍ മൊഴി നല്‍കി (ഡ്യൂള്‍ ന്യൂസ്, 13 സെപ്റ്റംബര്‍ 2019). പിടികൂടിയവര്‍ക്കൊപ്പം മുന്ന് വയസ്സുളള കുട്ടികളുണ്ടെന്ന വാര്‍ത്ത പരന്നെങ്കിലും പിന്നീടത് തെറ്റാണെന്ന് തെളിഞ്ഞു. നടപടിയെടുത്ത റെയില്‍വേ പൊലിസ് കുട്ടികളെ ശിശുഭവനിലേക്കും അധ്യാപകരെ ജയിലിലേക്കും അയച്ചു. ഒരേ കുടുംബത്തില്‍നിന്ന് വന്ന കുട്ടികളെ വേര്‍പിരിച്ച് വിവിധ ശിശുഭവനുകളിലാക്കിയും അവര്‍ക്കാവശ്യമായ താമസഭക്ഷണ സൗകര്യങ്ങള്‍ നല്‍കാതെയുമാണ് ബന്ധപ്പെട്ടവര്‍ നിയമം നടപ്പാക്കിയത്.

അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ആക്ടിലെ സെഷന്‍ 370(5) വകുപ്പ് ചുമത്തി കേസെടുത്തു. ബാലവേല, ലൈംഗിക ചൂഷണം തുടങ്ങിയവ ലക്ഷ്യമിട്ട് പണം നല്‍കിയോ പ്രലോഭിപ്പിച്ചോ ബലമായോ കുട്ടികളെ കടത്തിക്കൊണ്ടുവരുന്ന സംഭവങ്ങളിലാണ് ആന്റി ഹ്യൂമന്‍ ട്രാഫികിംഗ് ആക്ടിലെ സെക്ഷന്‍ 370 (5) വകുപ്പ് ചുമത്തുന്നത്. ഐ.പി.സി 420/465/468 പ്രകാരം വഞ്ചനാ കുറ്റം, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യത്തീംഖാനക്കെതിരെയും ക്രൈംബ്രാഞ്ച് കേസ്സെടുത്തിരുന്നു. കേന്ദ്ര ശിശു-വനിതാ മന്ത്രാലയത്തിന്റെ 1982ലെയും 2008ലെയും അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്‌ലിം ഓര്‍ഫനേജ്. ഓര്‍ഫനേജിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റുകൂടിയായിരുന്ന അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു.

ജാര്‍ഖണ്ഡ് പൊലിസിന്റെ അന്വേഷണം:

ജാര്‍ഖണ്ഡില്‍നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെട്ടതിനാല്‍ ഇവര്‍ക്കെതിരേ ജാര്‍ഖണ്ഡ് പൊലിസും (ക്രൈംബ്രാഞ്ച്) നടപടി സ്വീകരിച്ചു. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്നും മാനേജ്‌മെന്റിന്റെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ (ഡൂള്‍ ന്യൂസ്, 23 ജൂലൈ 2014) പറഞ്ഞു. ജാര്‍ഖണ്ഡിലെ ഗോണ്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണത്തിനായി കേരളത്തിലെത്തിയത്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ജര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് പര്‍വേസ് ആലത്ത്, ഷക്കീല്‍ അക്തര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. (ഡൂള്‍ ന്യൂസ്, 23 ജൂലൈ 2014).

മനുഷ്യാവകാശ കമീഷന്‍, സുപ്രിംകോടതി:

'കുട്ടിക്കടത്ത്' കേസ് കേസ് കേരള ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ദേശീയ മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു. (ഡൂള്‍ ന്യൂസ്, 13 ഒക്ടോബര്‍ 2014). കുട്ടികളെ അനാഥാലയത്തില്‍ എത്തിച്ച സംഭവത്തില്‍ സുപ്രീം കോടതി വിശദീകരണം തേടി. രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത് (ഡൂള്‍ ന്യൂസ്, 13 ഒക്ടോബര്‍ 2014). എന്തുകൊണ്ടാണ് മുക്കം യതീംഖാനയില്‍ കുട്ടികളെ കൈമാറിയത്? എന്താണ് കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ? എന്നീ കാര്യങ്ങളിലാണ് കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയും മതിയായ രേഖകളില്ലാതെയുമാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു (ഡൂള്‍ ന്യൂസ്, 13 ഒക്ടോബര്‍ 2014). കുട്ടികളുടെ വിവരം സംബന്ധിച്ച് മുക്കം അനാഥാലയം, മലപ്പുറം വെട്ടത്തൂര്‍ അനാഥാലയം തുടങ്ങിയവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് 'കണ്ടെത്തിയിരുന്നു'.


സി.ബി.ഐ അന്വേഷണം:

2015 ജൂണ്‍ ആറിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 370(5) (കുട്ടിക്കടത്ത്) പ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തു. അഞ്ച് വര്‍ഷത്തെ അന്വേഷണത്തിനുശേഷം 2019ല്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു (സിറാജ്, 2019 ഒക്ടോബര്‍ 27).

സൊസൈറ്റി ആക്ട് പ്രകാരം 1956ല്‍ സ്ഥാപിതമായ കേരള വഖ്ഫ് ബോര്‍ഡിലും കേരള ഓര്‍ഫനേജ് ബോര്‍ഡിലും മുക്കം മുസ്‌ലിം ഓര്‍ഫനേജ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് മുക്കം യത്തീംഖാനയെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് മുക്കം അടക്കമുള്ള യത്തീംഖാനകള്‍ പ്രവര്‍ത്തക്കുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കി. സി.ബി.ഐ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് അവസാനിപ്പിച്ചത്.

കുട്ടികളുടെ അന്തര്‍ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്ന് സി.ബി.ഐ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013 ജൂണില്‍ സാമൂഹിക നീതി വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കുട്ടികളെ കേരളത്തിലെ യത്തീംഖാനകളില്‍ പ്രവേശിപ്പിക്കാന്‍ നിയമപരമായി അനുമതിയുണ്ട്.

ബീഹര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം:

ഇതുമായി ബന്ധപ്പെട്ടു ബീഹാറില്‍ നിന്ന് കുട്ടികളെ കൊണ്ടു വന്നതു മനുഷ്യക്കടത്തിനല്ലെന്നു ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു (ഡൂള്‍ ന്യൂസ്, 13 സെപ്തംബര്‍ 2019). ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാര്‍ സര്‍ക്കാര്‍ ആയിരുന്നു ഈ സത്യവാങ്ങ് മൂലം നല്‍കിയത്. ഉത്തരേന്ത്യന്‍ ദരിദ്ര ഗ്രാമങ്ങളില്‍നിന്ന് കുട്ടികളെ സൗജന്യ വിദ്യാഭ്യാസത്തിനായി കേരളത്തിലെ യതീംഖാനകളിലേക്ക് കൊണ്ടുവന്നത് കുട്ടിക്കടത്തായി രേഖപ്പെടുത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ മുക്കം മുസ്‌ലിം ഓര്‍ഫനേജ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബീഹാര്‍ സര്‍ക്കാര്‍ സംഭവം കുട്ടിക്കടത്തല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തിലെ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണിന്റെയും റെയില്‍വെ പൊലീസിന്റെയും സംഭവത്തിലെ നിലപാടിനെ തള്ളുന്നതാണ് റിപ്പോര്‍ട്ട്.

സംഭവം കുട്ടിക്കടത്തായിരുന്നില്ലെന്നും സൗജന്യ വിദ്യാഭ്യാസം ലക്ഷ്യമിട്ടായിരുന്നു കുട്ടികള്‍ യാത്ര ചെയ്തതെന്നും യതീംഖാനയില്‍ നിന്ന് സൗജന്യ ഭക്ഷണവും പഠനോപകരണങ്ങളും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നെന്നും പാറ്റ്‌നയിലെ ശിശുക്ഷേമ സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായതായാണ് ജനതാദള്‍ യുണൈറ്റഡ് പ്രതിനിധിയായ രാംസേവക് സിംഗിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചത്. കസ്റ്റഡിയിലെടുത്ത കുട്ടികളില്‍ പലരും മുക്കം ഓര്‍ഫനേജില്‍ പഠിച്ചിരുന്ന കുട്ടികളാണ്. ഈ യതീംഖാനകളില്‍നിന്നും കുട്ടികള്‍ക്ക് ജീവനക്കാരില്‍നിന്നും മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടി വന്നിട്ടില്ലെന്ന് പട്‌നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായാണ് ബീഹാര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

യതീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ മുന്‍കൈയില്‍ അന്നത്തെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയെ കണ്ട് വന്‍ സമ്മര്‍ദം ചെലുത്തിയത് കൂടി ഓര്‍ക്കുമ്പോഴാണ് ബിഹാര്‍ സര്‍ക്കാറിന്റെയും അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സി.ബി.ഐയുടെയും റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാകുന്നത് (സിറാജ് ഓണ്‍ലൈന്‍, 2019 ഒക്ടോബര്‍ 27).

കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍:

കുട്ടികളുടെ ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട പര്‍വേസ് ആലം തന്റെ സുഹൃത്തായ യതീംഖാന ജീവനക്കാരന്‍ ആലംഗീറിന്റെ കൂടെ കേരളം കാണാന്‍ വന്നതായിരുന്നു. അദ്ദേഹവും ജാമ്യമില്ലാതെ ഒമ്പത് മാസം ജയിലില്‍ കിടന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഇദ്രീസ് അന്‍സാരി 2011 മുതല്‍ ഭാര്യയോടൊപ്പം യത്തീംഖാനയില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ആളാണ്. ഇവരുടെ മകന്‍ ഷക്കീല്‍ ഇവിടത്തെ വിദ്യാര്‍ഥിയാണ്. കുട്ടികളുടെ കൂടെയായതിനാല്‍ അദ്ദേഹവും ജയിലിലായി. കേരളത്തിലെ അനാഥാലയങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ വേനലവധിക്ക് നാട്ടില്‍ വന്നപ്പോള്‍ അവരില്‍ കണ്ട പുരോഗതിയാണ് തങ്ങളുടെ കുട്ടികളെ ഇങ്ങോട്ടയക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. (സിറാജ് ഓണ്‍ലൈന്‍, 2019 ഒക്ടോബര്‍ 27).

അറസ്റ്റിലായവരെക്കുറിച്ച് അക്കാലത്ത് നിരവധി കുപ്രചാരണങ്ങള്‍ നടന്നു. അതേകുറിച്ച് ന്യൂനപക്ഷകമീഷന്‍ അംഗം അഡ്വ. കെ.പി മറിയുമ്മ പറയുന്നു: ''കുറ്റം ചുമത്തപ്പെട്ട ആലംഗീര്‍, മൗലാനാ ഫൈസുല്ല, അബ്ദുല്‍ ഹാദി, മന്‍സൂര്‍, അബൂബക്കര്‍ എന്നീ ആറു പേര്‍ മുക്കം, വെട്ടത്തൂര്‍ യതീംഖാനകളിലെ അധ്യാപകരാണ്. ജയ്ഫുദ്ദീന്‍, ദേശ് മുഹമ്മദ് എന്നിവരുടെ മക്കളും ബന്ധുക്കളും മുക്കം ഓര്‍ഫനേജില്‍ പഠിക്കുന്നുണ്ട്. മുഹമ്മദ് ഇദ്രീസ് കേരളം കാണാന്‍ ആലംഗീറിനോടൊപ്പം വന്നതാണ്. ഞങ്ങളീ വിവരം പുറത്ത് കൊണ്ടുവരുന്നത് വരെ ഇവരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളാണ് ചാനലുകളിലടക്കം വന്നുകൊണ്ടിരുന്നത്. അതിനാല്‍ ഈ വിവരം പങ്കുവെക്കാന്‍ ഞങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ആദ്യം എത്തിയത് മാതൃഭൂമി റിപ്പോര്‍ട്ടറായിരുന്നു. ജയിലിലുള്ളവരുടെ വിശദമായ വിവരങ്ങളും അവരോട് സംസാരിച്ചതിന്റെ വിശദാംശങ്ങളും മാതൃഭൂമി റിപ്പോര്‍ട്ടറോട് ഞങ്ങള്‍ പങ്കുവെച്ചു. പക്ഷേ, പിറ്റേന്നത്തെ വാര്‍ത്തയില്‍ ഞങ്ങള്‍ പറഞ്ഞ ഒരു വിവരവും ആ പത്രത്തിലില്ലായിരുന്നു''(പ്രബോധനം, അഡ്വ. കെ.പി മറിയുമ്മ/ബഷീര്‍ തൃപ്പനച്ചി /സംഭാഷണം-2014 ജൂണ്‍ 13).

മാധ്യമങ്ങളും രമേശ് ചെന്നിത്തലയും കോടിയേരിയും

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഏഷ്യാനെറ്റ് പോലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുവലതു ഭേദമന്യേ രാഷ്ട്രിയ പാര്‍ട്ടികള്‍, പൊലീസ് സംവിധാനം ഒക്കെ ഒപ്പം ചേര്‍ന്ന് ഒരു സംഘടിത ആക്രമണമായി ഈ വിഷയത്തെ മാറ്റി. രാഷ്ട്രീയനേതൃത്വവും വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ ആദ്യം തന്നെ പ്രതികരിച്ച നേതാക്കളില്‍ ഒരാള്‍ കോണ്‍ഗ്രസ് നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയായിരുന്നു. നടന്നത് മനുഷ്യക്കടത്താണെന്നും ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ സഹായിക്കണമെങ്കില്‍ അവിടെ പോയി സ്ഥാപനം തുടങ്ങണമെന്നും ചെന്നിത്തല ഒച്ചവച്ചു (4 ജൂണ്‍ 2014, മലയാളം വണ്‍ ഇന്ത്യ) പ്രതികളെ 370 ചുമത്തി കേസെടുക്കണമെന്ന് അന്നത്തെ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീറും അറിയിച്ചു (ഡൂള്‍ ന്യൂസ്, 13 സെപ്തംബര്‍ 2019). എന്നാല്‍, താമസിയാതെ ഇവര്‍ തങ്ങളുടെ നിലപാടുകളില്‍ മയം വരുത്തി. കുട്ടിക്കടത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി ചോദിച്ച സമയത്തായിരുന്നു ഇത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്നായിരുന്നു മുനീറിന്റെ പുതിയ നിലപാട്. കുട്ടികളെ എത്തിച്ചതില്‍ ചില നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് മൂന്നംഗ സമിതി അനാഥാലയങ്ങളില്‍ പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് നടക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൈകഴുകി (ഇ വാര്‍ത്ത, ജൂണ്‍ 9, 2014). ജാര്‍ഖണ്ഡില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള കുട്ടികളെ വിദ്യാഭ്യാസം നല്‍കാമെന്നു പറഞ്ഞ് പ്രലേഭിപ്പിച്ചാണ് സംസ്ഥാനത്തിലേക്ക് കടത്തുന്നതെന്നും ഇവര്‍ ലൈംഗികപീഡനത്തിന് ഇരകളാകുന്നുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്നുമായിരുന്നു കോടിയേരിയുടെ ആക്ഷേപം. 2019ലെ സി.ബി.ഐ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നശേഷമായിരുന്നു മുസ്‌ലിം സമൂഹത്തെ ആകെ മുള്‍മുനയില്‍നിര്‍ത്തിയ ആ വിവാദം കെട്ടടങ്ങിയത്.

കള്ളക്കടത്തിന്റെ ഇസ്‌ലാമോഫോബിക് ഉപപാഠം

കള്ളക്കടത്തു പോലുള്ള കുറ്റകൃത്യങ്ങളും മുസ്‌ലിംകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പൊതുവെ കരുതുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകളില്‍ മുസ്‌ലിംകളുടെ സാന്നിധ്യം പെരുപ്പിച്ചു കാട്ടുക പൊതുശൈലിയാണ്. 1970നു മുമ്പ് കള്ളക്കടത്തും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. എന്നാല്‍, 1970- 2000 കാലത്ത് മുസ്‌ലിംകളെ ലക്ഷ്യമിട്ട് കളളക്കടത്ത് ആരോപണം വ്യാപകമായി. മാധ്യമങ്ങളാണ് ഇതില്‍ പ്രധാന പങ്കവഹിച്ചത്. സംഘ്പരിവാര്‍ ശക്തികള്‍ അന്നും ഇന്നും ഈ ആരോപണത്തിന്റെ പ്രചാരകരാണ്. മുഖ്യധാരാ മതേതര രാഷ്ട്രീയ പ്രവര്‍ത്തകരാകട്ടെ എല്ലാ കാലത്തും ഇതിനെ അവസരവാദപരമായി ഉപയോഗിക്കുന്നു.

2000നു ശേഷം മാധ്യമ വാര്‍പ്പു മാതൃകയും ഫാഷിസ്റ്റ് പ്രചാരണവും എന്നതിനൊപ്പം കള്ളക്കടത്തൊരു മതേതര - ഇടതുപക്ഷ - സൈദ്ധാന്തിക സമീപനം തന്നെയായി മാറി. 1973ലെ ഗള്‍ഫ് ബൂമിനു ശേഷം വികസിച്ച പെട്രോ- ഡോളര്‍ ഇസ്ലാമിക് ഫണ്ടമെന്റെലിസത്തിലേക്കൊരു കൈവഴിയായും ഇത് പരിഗണിക്കപ്പെട്ടു. മുസ്‌ലിംസമൂഹത്തിന് മറ്റുള്ളവരേക്കാള്‍ കള്ളക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന് പലരും കരുതുന്നു. മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്, പത്രങ്ങളും ചാനലുകളും ആവശ്യത്തിലേറെ പ്രാധാന്യം നല്‍കുന്നു. മുസ്‌ലിംകളെ ഒരു കുറ്റവാളിസമൂഹമോ കുറ്റവാളിഗോത്രമായോ ചിത്രീകരിക്കുന്ന പ്രചാരവേലകളും വ്യാപകമാണ്.

കളളക്കടത്ത് ആരോപണത്തിന്റെ അതേ മാതൃകയില്‍ വികസിച്ച ഒരു ഇസ്‌ലാമോഫോബിക് ഉപപാഠമാണ് കുട്ടിക്കടത്ത്. സാമ്പത്തിക ഹിംസയായി നേരിട്ടു ബന്ധമില്ലെങ്കിലും കള്ളക്കടത്ത് എന്ന ഭാഷയുടെ ശക്തിയാണ് കുട്ടിക്കടത്ത് എന്ന വിവാദത്തെ നിര്‍മിക്കുന്നത്. ഇസ്‌ലാമോഫോബിയ ഒരു ഭരണകൂട ചിന്തയായി മാറുന്ന രീതിയാണിത്. മുസ്‌ലിംകളുടെ ഓരോ പ്രവര്‍ത്തിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് നിയമദൃഷ്ട്യാ കുറ്റകൃത്യമായി വ്യാഖ്യാനിക്കുകയോ മതപരമോ അല്ലാത്തതോ ആയ അധികമൂല്യം കല്‍പ്പിച്ചുകൊടുക്കുകയോ ചെയ്യുന്ന രീതിശാസ്ത്രം സമകാലിക കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. കുട്ടിക്കടത്ത് ആരോപണം അതിന്റെ ഭാഗമായിരുന്നു.

യത്തീംഖാനയിലെത്തുന്ന കുട്ടികളുടെ രേഖയിലെ തെറ്റിനെ ഭരണകൂട ഏജന്‍സി കൈകാര്യം ചെയ്തതിന്റെ ഒരു മാതൃകയാണ് 2014ലെ വിവാദത്തില്‍ നാം കണ്ടത്. ഇതേ തെറ്റ് വരുത്തിയ ക്രൈസ്തവ മാനേജ്മെന്റിന്റെ മറിച്ചുള്ള അനുഭവമാണ് 2024ല്‍ നാം കണ്ടത്. ഭരണകൂടസമീപനം മാത്രമല്ല, രണ്ടിനോടുമുള്ള പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മനോഭാവത്തിലും മാറ്റമുണ്ട്. ഈ രണ്ട് അനുഭവങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഇസ്‌ലാമോഫോബിക് ബലതന്ത്രങ്ങളെ മനസ്സിലാക്കാനാവും.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ)



Similar Posts