അമേരിക്കന്‍ സ്വപ്നങ്ങള്‍ക്കിടയിലെ 'കമ്മികള്‍'
|ചുറ്റുവട്ടത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയതും ട്രേഡ് യൂണിയന് ആക്ടിവിസവും ജനാധിപത്യ അവകാശ സംഘടനകളുമായും ഉള്ള സുധയുടെ ആദ്യകാല സമ്പര്‍ക്കം സ്റ്റഡി സര്‍ക്കിള്‍ പഠനത്തിന് പൂരകമായി മാറി. അല്പാ ഷാ യുടെ ' The Incarceration: BK-16 and the search for Democracy in India ' എന്ന പുസ്തകത്തില്‍ നിന്നും - ഭാഗം: 06
ജെ.എന്‍.യു കാമ്പസില്‍ അമ്മ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 500 കിലോമീറ്റര്‍ കിഴക്കായി ഗംഗയുടെ തീരത്തായിരുന്നു കാണ്‍പൂര്‍ നഗരം. സുധ ഭരദ്വാജിന് യൂണിവേഴ്സിറ്റിയിലെത്താന്‍ നല്ല ദൂരമുണ്ടായിരുന്നു. 'അമ്മയുടെ തണലില്‍ വളരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല, അതുകൊണ്ടുതന്നെ സാമ്പത്തികശാസ്ത്രം പഠിക്കേണ്ടെന്നും ജെഎന്‍യുവില്‍ ചേരേണ്ടതില്ലെന്നും ഞാന്‍ തീരുമാനിച്ചു..
എനിക്ക് വിവിധങ്ങളായ താല്പര്യങ്ങളായിരുന്നു-ചരിത്രം, സാഹിത്യം, ഗണിതശാസ്ത്രം എന്നിങ്ങനെ. എന്നാല്‍, അക്കാലത്ത് ഒരു സ്കൂളിനും അത്തരമൊരു വിഷയ ചേരുവ അംഗീകരിക്കാന്‍ സാധ്യമായിരുന്നില്ല. അങ്ങനെ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ ഗണിതത്തില്‍ ബി.എസ്.സി-എം.എസ്.സി സംയോജിത ബിരുദത്തിന് എനിക്ക് അവസരം ലഭിച്ചു. 1979-1984 കാലഘട്ടത്തില്‍ ഏറെക്കാലം ചെലവഴിക്കപ്പെട്ട കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ എത്തിപ്പെടാനുള്ള ആവേശത്തിലായിരുന്നു സുധ. എന്നാല്‍, അവിടെ താന്‍ എത്രമാത്രം അരികുവത്കരിക്കപ്പെടാനിരിക്കുന്നുവെന്ന് അപ്പോള്‍ അവള്‍ക്ക് മനസ്സിലായിരുന്നില്ല.
നീണ്ട നരച്ച രോമങ്ങളും പരന്ന കറുത്ത മുഖവുമുള്ള കുരങ്ങുകളുടെ സൈന്യം, ഹിന്ദു ദൈവമായ ഹനുമാനെപ്പോലെ, കാമ്പസിനു ചുറ്റും നടന്നു, അവ ലക്ചര്‍ തിയേറ്ററുകളില്‍ കയറി, വകുപ്പു മേധാവിയുടെ ഓഫീസുകളില്‍ കയറിപ്പറ്റി. എന്നാല്‍, കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ ഉടനീളം പ്രചാരത്തിലുണ്ടായിരുന്നത് അമേരിക്കന്‍ സ്വപ്നമായിരുന്നു. അവിടുത്തെ തെരുവുകള്‍ക്ക് പോലും അമേരിക്കന്‍ പേരുകളായിരുന്നു: ''21-ാം സ്ട്രീറ്റ്, 32-ാം സ്ട്രീറ്റ്, 36-ാം സ്ട്രീറ്റ്, ഫിഫ്ത് അവന്യൂ, ഇലെവന്ത് അവന്യൂ, സെവന്റിത്രീ അവന്യൂ... എന്നിങ്ങനെ'' സുധ പറഞ്ഞു. ''എല്ലാവരും വന്‍കിട ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യാനും വിദേശത്തേക്ക് പോകാനും ആഗ്രഹിച്ചു''.
ഖരഗ്പൂര്‍, മുംബൈ, കാണ്‍പൂര്‍, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ 1951-നും 1961-നും ഇടയില്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ്, സാങ്കേതിക സ്വാശ്രയത്വത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനായി ഗവേഷണം, രൂപകല്പന, വികാസം എന്നിവയില്‍ ഉയര്‍ന്ന നിലവാരമുള്ള ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഭാവനം ചെയ്തതാണ്. ഓരോ ഐ.ഐ.ടിക്കും ആദ്യകാലങ്ങളില്‍ വികസിത രാജ്യങ്ങളില്‍ നിന്ന് ഭൗതിക സഹായവും അക്കാദമിക് സഹകരണവും ഉണ്ടായിരുന്നു - സോവിയറ്റ് യൂണിയന് ഐ.ഐ.ടി മുംബൈയെ പിന്തുണച്ചപ്പോള്‍ ചെന്നൈ ജര്‍മനിയെയും, ഡല്‍ഹി യു.കെയെയും, കാണ്‍പൂര്‍ യു.എസിനെയും ആശ്രയിച്ചു. എഞ്ചിനീയറിംഗിന് പേരുകേട്ട സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു വരേണ്യ സംഘമായി ഐ.ഐ.ടികള്‍ പെട്ടെന്ന് മാറി. ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പോലും അവിടങ്ങളിലെ പ്രവേശത്തിനായി പല തവണ ശ്രമിക്കേണ്ടി വന്നു.
''കഴുത്തറുപ്പന്‍ മത്സരമായിരുന്നു. പലര്‍ക്കും ആദ്യത്തെ ഏതാനും സെമസ്റ്ററുകള്‍ യാതനകളുടേതായിരുന്നു,'' സുധ പറഞ്ഞു. ''ഞങ്ങളില്‍ ഭൂരിഭാഗവും അവരവരുടെ സ്കൂളുകളില്‍ മികവ് പുലര്‍ത്തുന്നവരായിരുന്നു. എന്നാല്‍, ഐ.ഐ.ടിയില്‍ ഞങ്ങള്‍ കടലിലെ ഒരു തുള്ളികളായിരുന്നു. രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 'രാഷ്ട്രത്തിന്റെ ക്രീം' ആണ് നിങ്ങളെന്ന് ഞങ്ങളോട് നിരന്തരം പറയുകയും മികവ് പുലര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ക്വിസ് മത്സരത്തിലെ തോല്‍വി ഭയന്ന് ഞങ്ങളുടെ ബാച്ചിലെ ഒരു വിദ്യാര്‍ഥി അതില്‍നിന്ന് പുറത്തുകടക്കാന്‍ ഒഴികഴിവായി വിരല്‍ മുറിച്ചു. മറ്റൊരു ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. അവസാന സെമസ്റ്ററില്‍, വിദ്യാര്‍ഥികള്‍ പരസ്പരം മെയില്‍ ബോക്സുകളില്‍ നിന്ന് പ്ലേസ്മെന്റ് ഇന്‍വിറ്റേഷനുകള്‍- നല്ല സുഹൃത്തുക്കളുടേത് പോലും- മോഷ്ടിക്കുകപോലുമുണ്ടായി'', സുധ പറഞ്ഞു.
''ഭാഗ്യവശാല്‍, ക്ലാസില്‍ ഒന്നാമതെത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, വീട്ടില്‍ അതൊരു പ്രശ്നമായിരുന്നില്ല. അതിനാല്‍ ഞാന്‍ സ്വസ്ഥമായി എനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടാതെ, ഐ.ഐ.ടിയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗേള്‍സ് ഹോസ്റ്റലിലെ അന്തരീക്ഷം സഹകരണത്തിന്റേതായിരുന്നു. ഗേള്‍സ് ഹോസ്റ്റല്‍ ജീവിതം രാത്രികാലം മുഴുവനുമുള്ള അവസാന നിമിഷത്തെ 'കുത്തിയിരുന്നുള്ള തയ്യാറെടുപ്പുകളു'ടേതായിരുന്നു. കരിമ്പനടിക്കുന്നതുവരെ നനഞ്ഞ വസ്ത്രങ്ങള്‍ ബക്കറ്റുകളില്‍ ഉപേക്ഷിക്കുക; പ്രത്യേക അത്താഴങ്ങളിലെ 'മട്ടര്‍ പനീറില്‍' നിന്നും ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ പനീര്‍ തിന്നുതീര്‍ക്കുക; നിരോധിച്ച ഇലക്ട്രിക് ഹീറ്ററുകളില്‍ ഇഷ്ടാനുസരണം കാപ്പിയുണ്ടാക്കുക; പോസ്റ്റ് ഗ്രാജ്വേറ്റ് ഹോസ്റ്റല്‍ ഹാളിലേക്ക് അര്‍ദ്ധരാത്രി ഭക്ഷണത്തിനായി ഊര്‍ന്നിറങ്ങുക അങ്ങിനെ പലതും.
എന്നാലതേ സമയം, സുധ പറഞ്ഞു, ''സ്ത്രീകള്‍ ന്യൂനപക്ഷമായിരുന്നു, പലരും അവഹേളിക്കപ്പെട്ടു. ആദ്യ ദിവസം മുതല്‍ അപമാനകരമായ കളിയാക്കലുകള്‍ -ഞങ്ങളുടെ സൈക്കിള്‍ ടയറുകളുടെ കാറ്റഴിച്ചുവിടപ്പെട്ടു; ഗേള്‍സ് ഹോസ്റ്റലില്‍ നിന്ന് അതുകാരണം ചുട്ടുപൊള്ളുന്ന വെയിലത്ത് നടക്കേണ്ടിവന്നു- ഏത് സാഹചര്യങ്ങളിലും കാമ്പസിന്റെ ഓരങ്ങളിലുണ്ടായിരുന്നു''. സ്ത്രീകള്‍ ഒന്നാം സ്ഥാനത്ത് എത്തരുതെന്ന സന്ദേശമായിരുന്നു അതിലൂടെ നല്കപ്പെട്ടത്.
മറ്റു പല കാര്യങ്ങളിലും സുധ ന്യൂനപക്ഷമായിരുന്നു. സ്ത്രീവിരുദ്ധമായ ചുറ്റുപാടില്‍ ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസിലെ കേവലം എട്ട് സ്ത്രീകളില്‍ ഒരാളായിരുന്നു അവള്. എന്നാല്‍, അവളുടെ സമപ്രായക്കാരുടെ കോര്‍പ്പറേറ്റ് അഭിലാഷങ്ങള്‍ക്കും അവരുടെ മത്സരാധിഷ്ഠിതമായ പഠനങ്ങള്‍ക്കും പരീക്ഷകള്‍ക്കായി തിക്കിത്തിരക്കുന്നതിനും മുതുകില്‍ കുത്തുന്നതിനും വിപരീതമായി, ഔപചാരികമായ പഠനമുറികള്ക്കപ്പുറം ലോകത്തിലെ അസമത്വങ്ങള്‍ മനസ്സിലാക്കുന്നതിലും അവയെ സംബന്ധിച്ച് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അന്വേഷിക്കുന്നതിലും സുധയുടെ ശ്രദ്ധ പതിഞ്ഞു.
മെസ് സെക്രട്ടറിയായിരുന്ന സുധ, മെസ് തൊഴിലാളികളുടെ സാംസ്കാരിക സംഘടനയില്‍ ചേരുകയും അവരില്‍ നിന്ന് ഭോജ്പുരി ഭാഷയില്‍ സമരഗാനങ്ങള്‍ പഠിക്കുകയും അവരുടെ പ്രതിഷേധ നാടകങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു. അവയില്‍ ഏറെ പ്രിയപ്പെട്ടത്, കാണ്‍പൂരിലെ സ്വദേശി കോട്ടണ്‍ മില്ലുകളില്‍ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച 700 തൊഴിലാളികള്‍ക്ക് നേരെ 1977-ല്‍ പൊലീസ് വെടിയുതിര്‍ക്കുകയും എഴുപതിലധികം തൊഴിലാളികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലാകുകയും ചെയ്ത സംഭവത്തിന്റെ പുനരാവിഷ്കാരമായിരുന്നു.
ലൈബ്രറിയുടെ വിദൂര കോണുകളില്‍ ദുര്‍ഗ്രാഹ്യമായ പുസ്തകങ്ങളില്‍ സ്വയം നഷ്ടപ്പെട്ടിരിക്കുന്ന, ഗ്രേഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തവരും പതിവ് പ്രഭാഷണങ്ങളില്‍ പങ്കെടുക്കാത്തവരുമായ, സമാന ചിന്താഗതിക്കാരായ ഒരു ഡസന്‍ ആളുകളെയും, പ്രൊഫസര്‍മാരില്‍ ചിലരെയും അവിടെ താന്‍ കണ്ടെത്തി എന്ന് സുധ പറഞ്ഞു. അവര്‍ ഒരു സ്റ്റഡി സര്‍ക്കിള്‍ ആരംഭിച്ചു. ചരിത്രം, ക്വാണ്ടം ഫിസിക്സ്, ഫിലോസഫി എന്നിവ സംബന്ധിച്ച ബൃഹത്ഗ്രന്ഥങ്ങള്‍ ഒരുമിച്ചിരുന്ന് വായിച്ചു, ടി.എസ് കുനിന്റെ സ്ട്രക്ചര്‍ ഓഫ് സയന്റിഫിക് റെവല്യൂഷനെക്കുറിച്ച് ചര്‍ച്ച ചെയ്തു. റഷ്യന്‍, ചൈനീസ് വിപ്ലവങ്ങളെക്കുറിച്ച് പഠിച്ചു. ഇന്ത്യന്‍ മുതലാളിത്തം, ആധുനികവത്കരണം, യന്ത്രവത്കരണം എന്നിവയെക്കുറിച്ച് പഠിക്കുകയും രാസവളങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ തുടങ്ങി വിവിധ വ്യവസായങ്ങളെ സംബന്ധിച്ച വിശകലനങ്ങള്‍ നടത്തുകയും ചെയ്തു. സാധാരണക്കാരുടെ ദൈനംദിന ജീവിത സമരങ്ങളില്‍ തങ്ങളുടെ വായനയുടെ ഫലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവര്‍ ഏതാനും ആഴ്ചകള്‍ കൂടുമ്പോള്‍ സമാന ചിന്താഗതിക്കാരായ പ്രൊഫസര്‍മാരില്‍ ഒരാളുടെ വീട്ടില്‍ കണ്ടുമുട്ടി. സുധ പറഞ്ഞ ചര്‍ച്ചകള്‍ അവളുടെ ജീവിതത്തെ ആഴത്തില്‍ രൂപപ്പെടുത്തി. ചുറ്റുവട്ടത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയതും ട്രേഡ് യൂണിയന് ആക്ടിവിസവും ജനാധിപത്യ അവകാശ സംഘടനകളുമായും ഉള്ള സുധയുടെ ആദ്യകാല സമ്പര്‍ക്കം സ്റ്റഡി സര്‍ക്കിള്‍ പഠനത്തിന് പൂരകമായി മാറി.
ഭൂരിഭാഗം വിദ്യാര്‍ഥികളും അഞ്ച് വര്‍ഷം മുഴുവന്‍, കാമ്പസിലെ നിര്‍മാണ തൊഴിലാളികളുടെ ദയനീയാവസ്ഥ പോലും അറിയാതെ, അവര്‍ ഇല്ലെന്ന മട്ടില്‍ നടന്ന്, ഐ.ഐ.ടിയില്‍ ചെലവഴിച്ചപ്പോള്‍, സുധയും സുഹൃത്തുക്കളും കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യുകയും പ്ലേറ്റുകള്‍ വൃത്തിയാക്കുകയും കാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത മെസ് തൊഴിലാളികളുടെ യൂണിയനെ പിന്തുണച്ചു. മെസ് സെക്രട്ടറിയായിരുന്ന സുധ, മെസ് തൊഴിലാളികളുടെ സാംസ്കാരിക സംഘടനയില്‍ ചേരുകയും അവരില്‍ നിന്ന് ഭോജ്പുരി ഭാഷയില്‍ സമരഗാനങ്ങള്‍ പഠിക്കുകയും അവരുടെ പ്രതിഷേധ നാടകങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു. അവയില്‍ ഏറെ പ്രിയപ്പെട്ടത്, കാണ്‍പൂരിലെ സ്വദേശി കോട്ടണ്‍ മില്ലുകളില്‍ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച 700 തൊഴിലാളികള്‍ക്ക് നേരെ 1977-ല്‍ പൊലീസ് വെടിയുതിര്‍ക്കുകയും എഴുപതിലധികം തൊഴിലാളികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലാകുകയും ചെയ്ത സംഭവത്തിന്റെ പുനരാവിഷ്കാരമായിരുന്നു.
കാമ്പസില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഉന്നാവോയിലെ റാലിസ് വളം ഫാക്ടറിയില്‍ സുധയും സുഹൃത്തുക്കളും എത്തിയപ്പോള്‍ ഈ നാടകാവതരണങ്ങള്‍ യാഥാര്‍ഥ്യമായി മാറി. അവിടെ, 1982 ജനുവരി 3-ന്, തങ്ങളുടെ ദീര്‍ഘകാല തൊഴില്‍ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനായി സമാധാനപരമായ ഇരിക്കല്‍ സമരം ആരംഭിച്ച തൊഴിലാളികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനായി ഡല്‍ഹിയില്‍ നിന്നും മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും എത്തിയ 'വസ്തുതാ പഠന സംഘ'ത്തോടൊപ്പം സുധയും സുഹൃത്തുക്കളും ചേര്‍ന്നു.
ഐ.ഐ.ടിയില്‍ പുതിയ പെണ്‍കുട്ടികളുടെ മാര്‍ഗദര്‍ശിയാകാന്‍ (മെന്റര്‍) സുധ അപേക്ഷിച്ചപ്പോള്‍ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. തന്നെ ഒരു 'ഇടതുപക്ഷക്കാരി'യായി കണക്കാക്കിയതുകൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലായി. മറ്റു വിദ്യാര്‍ഥികള്‍ സുധയെയും അവളുടെ സ്റ്റഡി സര്‍ക്കിളിലെ സുഹൃത്തുക്കളെയും 'കമ്മികള്‍' എന്ന് വിളിച്ചു. മറ്റൊന്നുമില്ലെങ്കിലും അമേരിക്കയിലേക്ക് കണ്ണുംനട്ടിരുന്ന തന്റെ വരേണ്യ സഹപാഠികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കാനും തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കാനും ഉള്ള സുധയുടെ ദൃഢനിശ്ചയത്തിന് മൂര്‍ച്ച കൂട്ടുന്നതിന് ഇത് ഉപകാരപ്പെട്ടു.
രാത്രിയില്‍ ഫാക്ടറിക്കുള്ളില്‍ ലൈറ്റുകളെല്ലാം അണച്ചിട്ടാണ് പൊലീസ് വെടിയുതിര്‍ത്തതെന്നാണ് അവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയും അവരുടെ രണ്ട് വാനുകള്‍ കത്തിക്കുകയും ചെയ്തപ്പോള്‍, പൊലീസ് അവരില്‍ ചിലരെ ലേബര്‍ കോളനിയിലെ അവരുടെ വീടുകളില്‍ നിന്ന് വലിച്ചിറക്കി വെടിവയ്ക്കുകയോ, തീപിടിച്ച വാനുകളിലേക്ക് ജീവനോടെ എറിയുകയോ ചെയ്തു. ഒന്‍പത് പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് സംഘം മനസ്സിലാക്കി. പക്ഷേ, അവരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുണ്ടായില്ല. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ തൊഴിലുടമയ്ക്കനുകൂലമായി പെരുമാറിയെന്നായിരുന്നു വസ്തുതാന്വേഷണ സംഘം എത്തിപ്പെട്ട നിഗമനം.
അടിയന്തരാവസ്ഥക്കാലത്ത്, 1976-ല്‍ രൂപീകരിച്ച ജനാധിപത്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) ആണ് ഈ വസ്തുതാന്വേഷണ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. ഡെല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ജനങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ റദ്ദാക്കുന്നതിനെതിരെ ഒരുമിച്ചു. ഒടുവില്‍, 1980-ല്‍, രാജ്യത്ത് സംഭവിച്ചേക്കാവുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ പരിഗണിക്കാതെ തന്നെ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും നിലനിര്‍ത്തണമെന്ന് വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അംഗത്വം സ്വീകരിക്കാവുന്ന ഒരു ബഹുജന സംഘടനയായി ഇതിനെ മാറ്റി. PUCLനെ സംബന്ധിച്ചിടത്തോളം, പ്രധാനമായും പൗരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയം സാമൂഹ്യ-സാമ്പത്തിക അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന് പൂരകമാണ്. തീര്‍ച്ചയായും, പൗരസ്വാതന്ത്ര്യത്തിന്റെ പൂര്‍ണമായ ആസ്വാദനത്തിന് സാമൂഹിക-സാമ്പത്തിക അവകാശങ്ങള്‍ അനിവാര്യമാണെന്ന് PUCL പ്രഖ്യാപിച്ചു.
പലതരത്തിലും സുധയുടെ കണ്ണുതുറപ്പിച്ച സമയമായിരുന്നു അത്. ഐ.ഐ.ടി കാമ്പസിനടുത്തുള്ള ഒരു ഗ്രാമത്തിലെ സ്കൂളില്‍ പഠിപ്പിക്കുന്ന ചില വിദ്യാര്‍ഥികളോടൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചപ്പോഴാണ് അവള് ആദ്യമായി ജാതി വിവേചനത്തെക്കുറിച്ച് മനസ്സിലാക്കിയത്.
കുട്ടികളില്‍ പകുതിയും സ്കൂളില്‍ എത്തിയിരുന്നില്ല. എന്തുകൊണ്ടെന്ന് അന്വേഷിച്ചപ്പോള്‍, കുട്ടികള്‍ ദലിതരാണെന്നും മറ്റ് ഗ്രാമവാസികള്‍ അവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നവരാണെന്നും സുധ മനസ്സിലാക്കി. സ്കൂള്‍ നിര്‍മിക്കപ്പെട്ട ഗ്രാമത്തിലെ ഉയര്‍ന്ന ജാതി വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് അവരെ കടക്കാന്‍ അനുവദിച്ചിരുന്നില്ല. ഒരു സവര്‍ണ്ണ കുടുംബത്തിലും കേംബ്രിഡ്ജിലെയും ജെ.എന്‍.യുവിലെയും കാമ്പസുകളിലും വളരുകയും ജീവിക്കുകയും ചെയ്ത സുധയ്ക്ക് മുന്നില്‍ ദൈനംദിന ജീവിതത്തിലെ ജാതി മുന്‍വിധികള്‍, വിവേചനങ്ങള്‍, അക്രമങ്ങള്‍ എന്നീ യാഥാര്‍ഥ്യങ്ങള്‍ ഈ സംഭവങ്ങളിലൂടെ തുറന്നുകാട്ടപ്പെട്ടു.
ഐ.ഐ.ടിയില്‍ പുതിയ പെണ്‍കുട്ടികളുടെ മാര്‍ഗദര്‍ശിയാകാന്‍ (മെന്റര്‍) സുധ അപേക്ഷിച്ചപ്പോള്‍ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. തന്നെ ഒരു 'ഇടതുപക്ഷക്കാരി'യായി കണക്കാക്കിയതുകൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലായി. മറ്റു വിദ്യാര്‍ഥികള്‍ സുധയെയും അവളുടെ സ്റ്റഡി സര്‍ക്കിളിലെ സുഹൃത്തുക്കളെയും 'കമ്മികള്‍' എന്ന് വിളിച്ചു. മറ്റൊന്നുമില്ലെങ്കിലും അമേരിക്കയിലേക്ക് കണ്ണുംനട്ടിരുന്ന തന്റെ വരേണ്യ സഹപാഠികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കാനും തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കാനും ഉള്ള സുധയുടെ ദൃഢനിശ്ചയത്തിന് മൂര്‍ച്ച കൂട്ടുന്നതിന് ഇത് ഉപകാരപ്പെട്ടു.
(തുടരും)
വിവര്‍ത്തനം: കെ. സഹദേവന്