ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി; ജൂണ്‍ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
|'കാര്യങ്ങള്‍ വ്യക്തം; പ്രതിരോധത്തില്‍ ഊന്നുക' എന്നാണ് 2024 ലെ ലഹരി വിരുദ്ധ ദിന സന്ദേശം.
ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്. പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ ഒരേരീതിയില്‍ തന്റെ വലയിലാക്കാനായി അവന് ചുറ്റിലും പതുങ്ങിയിരിപ്പാണ്. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്താണ് ലഹരി. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും മുഴുവന്‍ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്താനുമാണ് ഐക്യരാഷ്ട്ര സഭ ജുണ് 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള, വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office On Drug and Crime) എന്ന സംഘടനയാണ് ദിനാചരണങ്ങളെ ഏകോപിക്കുന്നത്. ഇത്തവണ ലഹരി വിരുദ്ധ ദിന ക്യാമ്പയിന് കൊണ്ടാടുന്നത് 'The evidence is clear: Invest in prevention' (കാര്യങ്ങള്‍ വ്യക്തം; പ്രതിരോധത്തില്‍ ഊന്നുക) എന്ന ആശയത്തിലാണ്.
ലഹരിയുടെ ഉപയോഗം മുതിര്‍ന്നവരിലും കുട്ടികളിലും ഒരേ രീതിയില്‍ കണ്ടുവരുന്ന കാലമാണിത്. ഓരോ ചുവടുവെപ്പിലും ജാഗ്രതരായിരിക്കേണ്ട സാഹചര്യം. സ്കൂള്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരെ പിടികൂടാന്‍ പതുങ്ങിയിരിക്കുന്ന ലഹരികൈകളാണ് ചുറ്റും. അവരുടെ ഓരോ ചുവടിലും അത് അവരെ പിന്തുടരുന്നു. മയക്കു മരുന്നുകള്‍ അവരെ തുറിച്ചുനോക്കുന്നു. പുകയില കൈകള്‍ അവരുടെ കഴുത്ത് ഞെരിക്കാന്‍ അവസരം പാത്തിരിക്കുന്നു. വ്യത്യസ്ത തരത്തിലുള്ള ലഹരിവില്പനക്കാരാല് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ലഹരിക്ക് കീഴ്പെട്ടുപോകുന്നു എന്ന യാഥാര്‍ഥ്യം നമ്മള് മനസ്സിലാക്കേണ്ടതുണ്ട്. ഇത് അവരുടെ പഠനത്തോടും ജീവിതത്തോടുമുള്ള താല്പര്യത്തെ പാടെ ഇല്ലാതാക്കും.
2022 ലെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം ലഹരിയുടെ ഉപയോഗവും കടത്തും വര്‍ധിച്ചിട്ടുണ്ട്. പതിനഞ്ചിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 284 ദശലക്ഷം ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ അപേക്ഷിച്ച് ലഹരി ഉപയോഗം 26 ശതമാനം വര്‍ധിച്ചതായും 2020 ലെ കണക്കുകളെ ഉദ്ധരിച്ച് UNODC പറയുന്നു. 112 ലക്ഷം ആളുകള്‍ ശരീരത്തിലേക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നുണ്ട്. ഇതുമൂലം അതില്‍ പകുതിപ്പേര്‍ക്കും ഹെപ്പറ്റൈറ്റസ് രോഗവും 14 ലക്ഷം പേര്‍ക്ക് എയ്ഡ്സ് രോഗവും ബാധിച്ചിട്ടുണ്ട്.
ലഹരി കുട്ടികളെ ഏതെല്ലാം രീതിയില്‍ സ്വാധീനിക്കുന്നു?
ലഹരിയുടെ ഉപയോഗം കുട്ടികളില്‍ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അത് അവരുടെ പ്രതിരോധ ശേഷിയെ കുറയ്ക്കുകയും മസ്തിഷ്കത്തിന്റെ വളര്‍ച്ചയെയും വികാസത്തേയും ഇല്ലാതാക്കുന്നു. ഇത് അവര്‍ക്ക് ഓര്‍മക്കുറവ് ഉണ്ടാകാനും പഠനത്തിനോടുള്ള താല്പര്യം കുറയാനും കാരണമായേക്കാം. ലഹരി ഉപയോഗം മാനസിക പ്രശ്നങ്ങളായ ഡിപ്രെഷന്, ആംങ്സൈറ്റി എന്നിവക്കും, അമിതമായ ക്രോധം, ദുഃഖം എന്നിവ അവരുടെ ജീവിതരീതിയില്‍ കടന്നുകയറുന്നതിനും കാരണമായേക്കാം. ഇത് സാമൂഹിക ബന്ധങ്ങള്‍ പുലര്‍ത്താനുള്ള അവരുടെ കഴിവിനെ നശിപ്പിച്ചു കളയുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെയും വിശകലനങ്ങളുടെയും റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും UNODC ( United Nations Office On Drug and Crime ) വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് എന്ന പേരില്‍ പുറത്തിറക്കാറുണ്ട്. 2022 ലെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം ലഹരിയുടെ ഉപയോഗവും കടത്തും വര്‍ധിച്ചിട്ടുണ്ടെന്നും പതിനഞ്ചിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 284 ദശലക്ഷം ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ അപേക്ഷിച്ച് ലഹരി ഉപയോഗം 26 ശതമാനം വര്‍ധിച്ചതായും 2020 ലെ കണക്കുകളെ ഉദ്ധരിച്ച് UNODC പറയുന്നു. 112 ലക്ഷം ആളുകള്‍ ശരീരത്തിലേക്ക് മയക്ക് മരുന്ന് കുത്തിവെക്കുന്നുണ്ട്. ഇതുമൂലം അതില്‍ പകുതിപ്പേര്‍ക്കും ഹെപ്പറ്റൈറ്റസ് രോഗവും 14 ലക്ഷം പേര്‍ക്ക് എയ്ഡ്സ് രോഗവും ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളെ പോലെ തന്നെ ലഹരി യുവാക്കളെയും മുതിര്‍ന്നവയും ഒരുപോലെ സ്വാധീനിക്കുന്നു. യുവാക്കളില്‍ അവരുടെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ക്രീയേറ്റീവ് കാലഘട്ടം ലഹരിയാല്‍ നരകതുല്യമാക്കപ്പെടുന്നു. മയക്കുമരുന്നില്‍ അടിമപ്പെട്ട് സ്വന്തം രക്ഷിതാക്കളെ വരെ കൊലപ്പെടുത്തുന്ന യുവതി യുവാക്കളുടെ വാര്‍ത്ത ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറെയാണ്. ജീവിതത്തില്‍ വളരെയധികം മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന 25-35 ഇടയിലുള്ള പ്രായത്തില്‍ തന്നെ മയക്കുമരുന്നുകളുടെ ഉപയോഗം അവരുടെ ജീവിതത്തെ പിടിച്ചുലക്കുന്നു. ഇത് ആത്മഹത്യക്കുള്‍പ്പെടെ അവരുടെ മനസിനെ പ്രേരിപ്പിക്കുന്നു.
മയക്കുമരുന്നിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. പതിനൊന്നായിരത്തോളം മയക്കുമരുന്ന് കേസുകള്‍ രണ്ടുവര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം അത്താണിയില്‍നിന്ന് അഞ്ചു കിലോയിലധികം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു ഇത്. പാലക്കാട് വാളയാറില്‍ 37 കോടി രൂപ വിലവരുന്ന 36 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടിച്ചെടുക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ 42,000ല്‍ അധികം അബ്കാരികേസ് രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്നു വിപണനം, കൈവശം വെക്കല്‍, ഉപയോഗം എന്നിവയെല്ലാം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. മയക്കുമരുന്നുകളും ഇതര ലഹരിപദാര്‍ഥങ്ങളും വിദ്യാര്‍ഥികളിലും യുവാക്കളിലും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തി ഇതിന് ശാശ്വതപരിഹാരം കാണേണ്ടതുണ്ട്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ സ്ഥിതിഗതികളെ തന്നെ മാറ്റി മറിക്കുന്ന ഈ പ്രശ്നത്തെ നിയമപരമായി, ശക്തമായിതന്നെ നേരിടേണ്ടതുണ്ട്. എന്നാല്‍, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ ആരെയും ചെറുത്തുനില്ക്കത്തക്ക വിധത്തില്‍ പിന്ബലമുള്ളതാണെന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.
മുതിര്‍ന്നവരിലെ ലഹരി ഉപയോഗം കുടുംബ ശൈഥില്യത്തിന് കരാണമാകുന്നു. രക്ഷാകര്‍തൃത്വത്തെയും സാരമായി ബാധിക്കും. പുകവലി മദ്യപാനം തുടങ്ങിയവയുടെ ഉപയോഗം ആന്തരികാവയവങ്ങളുടെ നാശത്തിന് കാരണമാകുന്നു. പുകയിലയില്‍ കാന്‍സറിന് കാരണമാകുന്ന, 70 ല്‍പ്പരം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന് വളരെ ആസക്തിയുള്ള സൈക്കോ ആക്റ്റീവ് മരുന്നാണ്. പുകവലിക്കുമ്പോള്‍, നിക്കോട്ടിന് ശാരീരികവും മാനസികവുമായ ആശ്രിതത്വത്തിന് കാരണമാകുന്നു. പുക വലിക്കുന്നവരേക്കാള്‍ ദോഷം അത് ശ്വസിക്കുന്നവര്ക്കാണെന്നുള്ള അറിവ് പോലുമില്ലാതെ ആളുകള്‍ വീട്ടിലും പൊതുവഴികളിലും പരസ്യമായി പുകവലിക്കുന്നു. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളെയും കൊന്നുകളയാനുള്ള ശേഷി ലഹരിക്കുണ്ട്. ഈ യാഥാര്‍ഥ്യം മനസിലാക്കി ലഹരിയെ പൂര്‍ണമായും ജീവിതത്തില്‍ നിന്നും തുരത്തിയോടിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതമാണ് ലഹരി എന്ന സന്ദേശം സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി.