കോണ്‍ഗ്രസ്സ് ചിന്തന്‍ ശിവിര്‍ നല്‍കിയ ചിന്തകള്‍
|ഇത്രയും കാലം ഗ്രൂപ്പ് നേതാക്കളുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ അമര്‍ന്നു ശ്വാസം കിട്ടാതെ വിറങ്ങലിച്ചുപോയ പാര്‍ട്ടി അതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയായിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ പെട്ടി ചുമക്കുന്നവനല്ലാതെ മറ്റാര്‍ക്കും പാര്‍ട്ടിയില്‍ നിന്നുപിഴക്കാന്‍ പറ്റില്ല എന്നതായിരുന്നു അവസ്ഥ. അതിനു ഇപ്പോള്‍ പരിഹാരമായി എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ആശ്വാസപ്രദമാണ്.
പ്രധാനമായി മൂന്ന് ആശയങ്ങളാണ് കോഴിക്കോട്ട് രണ്ടു ദിവസമായി നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിന്തന്‍ ശിവിര്‍ മുന്നോട്ടു വെച്ചത്. അതില്‍ പ്രധാനം, കേരളത്തില്‍ സി.പി.എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയെയും രാഷ്ട്രീയമായി ഒരു താരതമ്യത്തിനു വിധേയമാക്കി ഇരുകൂട്ടരും ഇന്നെവിടെ നില്‍ക്കുന്നു എന്നൊരു പരിശോധന ആ സമ്മേളനം നടത്തുകയുണ്ടായി എന്നതാണ്. ആദ്യമായാണ് ഇത്തരമൊരു ശ്രമം പാര്‍ട്ടി നടത്തുന്നത്. രണ്ടാമത്, കേരളത്തില്‍ തങ്ങള്‍ നയിക്കുന്ന മുന്നണിയുടെ ആഭ്യന്തരശേഷിയെ സംബന്ധിച്ച വസ്തുനിഷ്ഠമായ ചില വിലയിരുത്തലുകള്‍ സമ്മേളനം മുന്നോട്ടുവെച്ചു. മൂന്നാമത്, ഗ്രൂപ്പ് ജ്വര ബാധിതമായ കോണ്‍ഗ്രസ് സംഘടനാ സംവിധാനം അടിയന്തിരമായി പൊളിച്ചെഴുതേണ്ടിയിരിക്കുന്നു എന്ന് സമ്മേളനം വിലയിരുത്തി. അതിനുള്ള പ്രായോഗിക നടപടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
അതിനാല്‍ ഈ സമ്മേളനം ഒരു വിജയമാണ് എന്നുറപ്പിച്ചു പറയാന്‍ കഴിയും. അതില്‍ ശ്രദ്ധിക്കേണ്ട കാര്യം, ഇന്നലെവരെ പാര്‍ട്ടി സംവിധാനത്തെയാകെ എല്ലാം വിഴുങ്ങുന്ന ഒരു നീരാളിയെപ്പോലെ വരിഞ്ഞുമുറുക്കിയ ഗ്രൂപ്പു സമവാക്യങ്ങളെ -ഗോത്ര സമവാക്യങ്ങള്‍ എന്നും പറയാം- അട്ടിമറിക്കുന്നതില്‍ പുതിയ നേതൃത്വം വിജയിച്ചു എന്നതാണ്. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനും വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവുമായി വന്ന നാള്‍ മുതല്‍ അവരെ അടിയോടെ ഇളക്കി പുറത്തെറിയാന്‍ ഗ്രൂപ്പ് നേതാക്കളും സില്‍ബന്ധികളും കഠിനപ്രയത്‌നം നടത്തുകയായിരുന്നു എന്നതൊരു വസ്തുതയാണ്. അതിനായി ബന്ധപ്പെട്ടവര്‍ പ്രയോഗിക്കാത്ത തന്ത്രങ്ങളില്ല; മുട്ടാത്ത വാതിലുകളില്ല. ഒരൊറ്റ ഉദാഹരണം മാത്രം പറയാം: ഈ ലേഖകന്‍ വിഷയത്തില്‍ ഒരിക്കല്‍ ശക്തമായ ഒരു നിലപാടെടുത്തു. പുതിയ നേതൃത്വത്തെ അണികള്‍ അംഗീകരിക്കുന്നു എന്നും അതിനാല്‍ ഗ്രൂപ്പ് നേതാക്കള്‍ അവരെ അനുസരിക്കണം എന്നുമാണ് പറയാന്‍ ശ്രമിച്ചത്. ഇത് ഇഷ്ടപ്പെടാത്ത ഒരു ഗ്രൂപ്പ് സില്‍ബന്ധി എന്റെ ഫോണില്‍ വിളിച്ചു നടത്തിയ അസഭ്യപ്രയോഗം മറക്കാന്‍ കഴിയാത്തതാണ്. വ്യക്തിപരമായി ഒരു ബന്ധവും പരിചയവും ഇല്ലാത്തയാളാണ് വിളിച്ചത്. ഗോത്ര നേതാവിനെ സന്തോഷിപ്പിക്കാനുള്ള തത്രപ്പാടില്‍ വഴിയേ പോകുന്നവനും കിടക്കട്ടെ ഒരടി എന്ന മട്ടില്‍ ഒരു പ്രയോഗം. സി.വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ രാജാവ് കുഴപ്പത്തില്‍ ചെന്നുപെട്ട അവസരത്തില്‍ ''അടിയന്‍ ലച്ചിപ്പോം'' എന്ന പ്രഖ്യാപനവുമായി ഒരു കഥാപാത്രം ചാടിവീഴുന്നില്ലേ? അത്തരം ഒരിടപെടല്‍.
എന്നാല്‍, അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് ചിന്തന്‍ ശിവിര്‍ വ്യക്തമാക്കി. മുന്‍കാലത്തെ പ്രധാന ഗ്രൂപ്പ് നേതാക്കളായിരുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരിപാടിയില്‍ സജീവമായി പങ്കെടുത്തിരുന്നു. ദേശീയ നേതാക്കളായ ദിഗ്‌വിജയ് സിങിനെപ്പോലെ കൃത്യമായ രാഷ്ട്രീയ ദിശാബോധമുള്ള നേതാക്കളും രണ്ടു ദിവസമായി നടന്ന ക്യാമ്പില്‍ പങ്കെടുത്തു വിശദമായ ചര്‍ച്ചകളില്‍ മുഴുകി. എന്തുകൊണ്ട് അത്തരമൊരു ചിന്താശിബിരം പ്രധാനമാണ് എന്ന ചോദ്യം ഈ അവസരത്തില്‍ ഉന്നയിക്കണം. കാരണം കോണ്‍ഗ്രസ്സ് ഒരു രാഷ്ട്രീയകക്ഷിയാണ്. ഇത്രയും കാലം ഗ്രൂപ്പ് നേതാക്കളുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ അമര്‍ന്നു ശ്വാസം കിട്ടാതെ വിറങ്ങലിച്ചുപോയ പാര്‍ട്ടി അതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയായിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ പെട്ടി ചുമക്കുന്നവനല്ലാതെ മറ്റാര്‍ക്കും പാര്‍ട്ടിയില്‍ നിന്നുപിഴക്കാന്‍ പറ്റില്ല എന്നതായിരുന്നു അവസ്ഥ. അതിനു ഇപ്പോള്‍ പരിഹാരമായി എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ആശ്വാസപ്രദമാണ്. സുധാകരന്റെ കണ്ണൂര്‍ ശൈലി അതിനു പ്രയോജനം ചെയ്‌തെങ്കില്‍ അതിനെ തത്കാലം സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
എന്നാല്‍, അത്ഭുതകരമായ കാര്യം, സുധാകരന് മുമ്പ് പാര്‍ട്ടിയെ നയിച്ച വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഈ പരിപാടിയില്‍ നിന്ന് ബോധപൂര്‍വം മാറിനിന്നു എന്നതാണ്. സത്യത്തില്‍ ഗ്രൂപ്പ് ബാധയുടെ ഏറ്റവും വലിയ രക്തസാക്ഷികളാണ് ഇരുനേതാക്കളും. ഗ്രൂപ്പുകള്‍ ചേര്‍ന്ന് പാര്‍ട്ടിയെ വിഴുങ്ങി എന്ന് ഇരുവരും പലപ്പോഴും പറയുകയുമുണ്ടായി. കെ.പി.സി.സി അധ്യക്ഷപദം അവര്‍ക്കൊരു മുള്‍ക്കിരീടം പോലെയാണ് അനുഭവപ്പെട്ടത്. അവരെ അങ്ങനെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ ചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകള്‍ അത്യന്തം ആഹ്‌ളാദം അനുഭവിക്കുകയും ചെയ്തു. അതിനു പാര്‍ട്ടി വലിയ വില കൊടുത്തു. അതിന്റെ ഗുണഭോക്താവ് ആരെന്നു ചോദിച്ചാല്‍ പിണറായി വിജയന്‍ എന്നുമാത്രമാണ് ഉത്തരം. അച്യുതമേനോന് ശേഷം ആദ്യമായി ഒരു മുന്നണിയെ വീണ്ടും വിജയത്തിലേക്ക് നയിക്കാന്‍ പിണറായിയെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ ഭരണമികവായിരുന്നില്ല; മറിച്ചു പ്രതിപക്ഷത്തിന്റെ കഴിവുകേടും തൊഴുത്തില്‍കുത്തുമായിരുന്നു. കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫ് സഹായത്തോടെ ആര്‍.എം.പിയുടെ കെ.കെ രമ വടകര സീറ്റു പിടിച്ചെടുത്ത മത്സരത്തില്‍ തൊട്ടടുത്തു ചോമ്പാലില്‍ വീടുള്ള നേതാവിനു ഒരു നാലണയുടെ പങ്കും ഉണ്ടായിരുന്നില്ല എന്നോര്‍ക്കുക. ഫുട്‌ബോളിന് (ആര്‍.എം.പി ചിഹ്നം) വോട്ടുചെയ്യാന്‍ തന്നെ കിട്ടില്ല എന്ന് പ്രഖ്യാപിച്ചു സ്വന്തം നാട്ടില്‍ ഒരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മാറ്റിയ കക്ഷിയാണ് അദ്ദേഹം.
ഇത്തരം വ്യക്തിഗതമായ വിരോധങ്ങളും വൈരനിര്യാതന ബുദ്ധിയുമാണ് കോണ്‍ഗ്രസ്സിനെ കുത്തുപാളയെടുപ്പിച്ചത്. ഇന്നത് അണികളില്‍ മഹാഭൂരിപക്ഷത്തിനും ബോധ്യമായി. അവര്‍ ഇപ്പോള്‍ പാര്‍ട്ടിയോടൊത്തു നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ശക്തമായ സമരങ്ങളില്‍ മുഴികിയിരിക്കുകയാണ് ഇന്ന് പാര്‍ട്ടി. അതിന്റെ പ്രവര്‍ത്തകര്‍ തെരുവില്‍ പോലീസിന്റെ മര്‍ദനമേറ്റു തലപൊട്ടി ചോരയൊഴുക്കുന്നു. നിയമസഭയിലും ശക്തമായ കടന്നാക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വിട്ടുവീഴ്ചയില്ലാതെ ചൂണ്ടിക്കാട്ടുന്നതില്‍ പ്രതിപക്ഷം ഒരു പരിധിവരെ വിജയിക്കുന്നുണ്ട് എന്നതിന് തെളിവ് ഭരണപക്ഷം സഭയില്‍ കാണിക്കുന്ന വെപ്രാളമാണ്. സി.പി.എം സെക്രട്ടറിയറ്റ് അംഗം എം.എം മണി പഴയ ഫ്യൂഡല്‍ ഹൈന്ദവ ചിന്താപദ്ധതിയുടെ ഭാഗമായ വിധിവിശ്വാസത്തെ മുറുകെപ്പിടിച്ചു കെ.കെ രമയുടെ നേരെ നടത്തിയ കടന്നാക്രമണം അതിനു തെളിവാണ്. മണിയെ പ്രകോപിപ്പിച്ചത് മുഖ്യമന്ത്രിയുടെ നേരെ രമ നടത്തിയ വെല്ലുവിളിയാണ്. അവിടെയും കഥ പഴയതുതന്നെ. അടിയന്‍ ലച്ചിപ്പോം എന്ന മട്ടില്‍ ഇടുക്കിയില്‍ നിന്നൊരു മല്ലന്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനായി ചാടിയിറങ്ങുന്നു. മുഖ്യമന്ത്രിക്കും ബഹുസന്തോഷം. ടിയാന്റെ പ്രസ്താവനയില്‍ കുഴപ്പമില്ല എന്നാണ് അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ്. ഇങ്ങേരെന്തൊരു മാര്‍ക്‌സിസ്റ്റ് എന്ന ചോദ്യം ഉന്നയിക്കാതിരിക്കുകയാണ് ഭേദം. അവസാനം സഭാനായകനെയും ഇടുക്കി മല്ലനെയും തിരുത്താന്‍ സ്പീക്കര്‍ തന്നെ ഇടപെടേണ്ടി വന്നതു സഭയുടെയും ഇന്നത്തെ ഭരണനേതൃത്വത്തിന്റെയും ദയനീയാവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.
അത്തമൊരു പരിതസ്ഥിതിയിലാണ് കോണ്‍ഗ്രസ് ഒരു തിരിച്ചുവരവിനുള്ള പാത വെട്ടിത്തെളിയിക്കുന്നത്. ഒരു പരിധിവരെ കോണ്‍ഗ്രസ് അതില്‍ വിജയിച്ചിട്ടുണ്ട്. നേരത്തെ സി.പി.എം ഭാഗത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ ഒഴുക്ക് അപ്രത്യക്ഷമായി; ചിലരെങ്കിലും തിരിച്ചുകേറാനുള്ള വഴികള്‍ അന്വേഷിക്കുന്നുമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ കോഴിക്കോട് പ്രഖ്യാപനത്തെ കാണേണ്ടത്. സൈദ്ധാന്തികമായി അത്രയൊന്നും കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയ വിശകലനമായി അതിനെ കാണാനാവില്ല. എന്നാല്‍ സിപിഎം-ബിജെപി അടിയൊഴുക്ക് സംബന്ധിച്ച ആരോപണങ്ങള്‍ക്ക് സൈദ്ധാന്തിക മാനം നല്‍കാനുള്ള ശ്രമം ശ്രദ്ധേയമാണ്. കാരണം, ഇന്നത്തെ സി.പി.എമ്മില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ആഴത്തിലുള്ള ചില മാറ്റങ്ങളെ അതു ചൂണ്ടികാണിക്കുന്നുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമ്പരാഗത രീതികളില്‍ നിന്നും പാര്‍ട്ടി മാറിയിട്ടുണ്ട്. വ്യക്തിപൂജ അത്തരം പാര്‍ട്ടികള്‍ കര്‍ക്കശമായി വിലക്കുന്നു. എന്നാല്‍, മുഖ്യമന്ത്രിയെ അങ്ങനെ പൂജിക്കുന്നതില്‍ തെറ്റില്ല എന്ന നിലയിലാണ് സി.പി.എം നേതൃത്വം. സ്റ്റാലിനെയും അങ്ങനെ പൂജിച്ചിരുന്നു; അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്. പിന്നീട് മരിച്ചപ്പോള്‍ നിലപാട് തിരുത്തി. അങ്ങനെ ഒരു സ്വയംവിമര്‍ശനം ഇവിടെയും വരുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ, അത്രയുംകാലം ഇതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശീലങ്ങളും സ്വഭാവങ്ങളും കൈവെടിഞ്ഞിരിക്കുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അതില്‍ സത്യമില്ലെന്നു പറയാനാവില്ല. തീവ്രവലതുപക്ഷ നയങ്ങളും നിയോലിബറല്‍ സാമ്പത്തികനയങ്ങളും ഇന്ന് പാര്‍ട്ടിയില്‍ അംഗീകൃതമാണ്. അതിനാല്‍ത്തന്നെ സി.പി.എം അതിന്റെ ഇടതുപക്ഷ സ്വഭാവം കൈവെടിഞ്ഞു എന്ന ആരോപണത്തില്‍ കഴമ്പുണ്ട്.
മറ്റൊന്ന് എല്‍.ഡി.എഫില്‍ നിന്ന് കക്ഷികളെ ക്ഷണിക്കുന്ന നീക്കമാണ്. ആരും അങ്ങോട്ട് പോകാനില്ല എന്നാണ് കണ്‍വീനര്‍ ജയരാജനും മുഖ്യമന്ത്രിയും പറയുന്നത്. ലീഗില്‍ ചിലര്‍ ഇടത്തോട്ട് നീങ്ങാന്‍ കച്ചകെട്ടി ഇരിക്കുന്നുമുണ്ട്. വേങ്ങര വിട്ടു മലപ്പുറം വഴി ലോക്‌സഭയിലെത്തി ഫാസിസത്തെ അടിച്ചു മലര്‍ത്താന്‍ പോയ ഒരു പഴയ പുപ്പുലിയുടെ കാര്യം ഓര്‍ക്കുക. കുപ്പായങ്ങള്‍ പലതും തയ്പ്പിച്ചാണ് അങ്ങോട്ട് പോയതും തിരിച്ചിങ്ങോട്ടു വീണ്ടും വന്നതും. ഇനി പിണറായി സവിധത്തില്‍ ഒരു മന്ത്രിക്കുപ്പായം എന്ന ചിന്തയും നല്ലതാണ്. പക്ഷേ, സ്വന്തം കാര്യത്തില്‍ പോലും കണക്കുകൂട്ടലുകള്‍ പലതും പിഴച്ച ഒരു നേതൃത്വം തെളിക്കുന്ന വഴിയേ ലീഗുകാര്‍ പോകുമോ? പോയാല്‍ എത്രനാള്‍ അവിടെ ഇടം കിട്ടും?
ആ നിലയില്‍ പാര്‍ട്ടിയെയും മുന്നണിയെയും ഭദ്രമായ നിലയില്‍ കെട്ടിപ്പടുക്കാനുള്ള ചില നീക്കങ്ങള്‍ കോഴിക്കോട് ശിബിരത്തില്‍ കാണുന്നുണ്ട്. ഇടതുമുന്നണി ഇപ്പോള്‍ ഒരു പൊയ്ക്കാലില്‍ നില്‍ക്കുകയാണ് എന്ന നിരീക്ഷണം ഒരു പരിധിവരെ വസ്തുതയാണ് എന്ന് തൃക്കാക്കര വെളിവാക്കിയിട്ടുണ്ട്. അവിടെ യു.ഡി.എഫ് നേടിയ വിജയം ജനങ്ങളുടെ ചിന്തയിലും സമീപനത്തിലും വന്ന മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ എല്‍.ഡി.എഫിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയും എന്ന കോണ്‍ഗ്രസ്സ് നിലപാട് പ്രസക്തമാണ്. മറുഭാഗത്തു ഭരണത്തിലും പാര്‍ട്ടിയിലും മുഖ്യമന്ത്രിയുടെ പിടി അയയുന്നതായും കാണുന്നുണ്ട്.