പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമാകുമ്പോള്‍
|കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും ആറുശതമാനം വോട്ടും നാല് എം.പിമാരും വേണമെന്നതാണ് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി ലഭിക്കുന്നതിനുള്ള ഒരു മാനദണ്ഡം. കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം വോട്ട്, അതായത് പതിനൊന്നോളം സീറ്റ് എന്നതാണ് മറ്റൊരു മാനദണ്ഡം. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടാവുകയാണെങ്കിലും ആ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കും.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുവരെ ഉണ്ടായിരുന്ന ദേശീയ പാര്‍ട്ടി എന്ന പദവി എടുത്തുകളയുന്ന നിര്‍ണായക തീരുമാനമാണ് കഴിഞ്ഞ ദിവസം കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷന്‍ എടുത്തത്. സി.പി.ഐ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ മൂന്ന് പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഈ സുപ്രധാന തീരുമാനമെടുത്തത്. അതേസമയം, കേവലം പത്ത് വര്‍ഷത്തോളം മാത്രം പ്രവര്‍ത്തിച്ച ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
2014 ലെയും 2019 ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും സീറ്റ് നിലയും വോട്ട് ശതമാനവും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്. ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തില്‍ ഇരിക്കുകയും ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും വോട്ടിങ് ശതമാനത്തില്‍ നല്ല മാറ്റം ഉണ്ടാക്കുകയും ചെയ്തത് പരിഗണിച്ചാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണ് സി.പി.ഐ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായത്. മൂന്നു പാര്‍ട്ടികള്‍ക്കും പല സംസ്ഥനങ്ങളിലും സംസ്ഥാന പദവി നഷ്ടമായിട്ടുണ്ട്. ഇത് മൂന്നു പാര്‍ട്ടികളെയും സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. സി.പി.ഐക്ക് സംസ്ഥാന പദവി ഇനിയുള്ളത് കേരളം, മണിപ്പുര്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാത്രമാണ്. പശ്ചിമ ബംഗാളില്‍ സി.പി.ഐക്ക് സംസ്ഥന പദവി നഷ്ടമായിട്ടുണ്ട്. എന്‍.സി.പിക്കാകട്ടെ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലെ സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമായപ്പോള്‍ മഹാരാഷ്ട്രയിലും നാഗാലാന്‍ഡിലുമാണ് സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചത്. ടി.എം.സിയാകട്ടെ ബംഗാളിലും ത്രിപുരയിലും മേഘാലയിലും സംസ്ഥന പാര്‍ട്ടിയായിട്ടുണ്ട്. ആര്‍.എസ്.പിക്ക് ബംഗാളില്‍ സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമായതോടെ അവരുടെ സംസ്ഥാന പാര്‍ട്ടി പദവി കേരളത്തില്‍ മാത്രമായി ചുരുങ്ങി. ആര്‍.എല്‍.ഡിക്കാകട്ടെ യു.പിയിലെ സംസ്ഥാന പദവി നഷ്ടപ്പെട്ടു. പട്ടാളി മക്കള്‍ കക്ഷിക്ക് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇനി സംസ്ഥാന പദവി ഉണ്ടാകില്ല.
എങ്ങനെയാണ് ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി സംസ്ഥന പാര്‍ട്ടി പദവി എന്നുമുള്ള അംഗീകാരം കിട്ടുക? അങ്ങനെ കിട്ടുകയാണെങ്കില്‍ എന്തെല്ലാമാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ എന്നത് പരിശോധിക്കാം:
നമ്മുടെ ഭരണഘടനയില്‍ പറയുന്ന, ഇലക്ഷന്‍ സിംബല്‍ ഓര്‍ഡര്‍ 1968 പ്രകാരമാണ് ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്നുള്ള അംഗീകാരം കൊടുക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ എങ്ങനെയാണ് ആ പാര്‍ട്ടികളുടെ പെര്‍ഫോമെന്‍സ് എന്നു വിലയിരുത്തിയതിന് ശേഷമാണ് അവര്‍ക്ക് കിട്ടിയ വോട്ടിങ് ശതമാനം, അവര്‍ക്ക് കിട്ടിയ സീറ്റുകള്‍, ആ പാര്‍ട്ടിയില്‍ തെരെഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ഇതെല്ലം വിലയിരുത്തി കൊണ്ടാണ് തെരെഞ്ഞെടുപ്പ് കമീഷന്‍ ദേശീയ പാര്‍ട്ടി പദവി പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്. പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു പദവി അവരുടെ പ്രവര്‍ത്തനത്തിന് വളരെ നിര്‍ണായകമാണ്.
കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും ആറുശതമാനം വോട്ടും നാല് എം.പിമാരും വേണമെന്നതാണ് ഒരു മാനദണ്ഡം, അല്ലെങ്കില്‍ കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം അതായത് പതിനൊന്നോളം സീറ്റ്. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടാവുകയാണെങ്കില്‍ ആ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കും. ഇതുപോലുള്ള മാനദണ്ഡങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കുന്നതിനും നിര്‍ണായകമാണ്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ വന്നിട്ടുള്ള തീരുമാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് വലിയ നേട്ടമുണ്ടായത്. എത്രയോ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായപ്പോള്‍, പത്തുവര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നേടുമ്പോള്‍ സ്വാഭാവികമായും അത് അവരുടെ വളര്‍ച്ചയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മികച്ചുനില്‍ക്കുന്നതും ഒപ്പം രണ്ടു സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നു എന്നതുമാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി വന്നിരിക്കുന്നത്. പഞ്ചാബിലും ഡല്‍ഹിയിലും ഭരണം നടത്തുന്നു ഗോവ ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നത് ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി. ഗോവ നിയമസഭാ തെരെഞ്ഞെടുപ്പില്‍ അവര്‍ നേടിയത് 6.77 ശതമാനം വോട്ടാണ്. ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ 13 ശതമാനം വോട്ടും അവര്‍ നേടി. അതുകൊണ്ട് തന്നെ അവര്‍ക്ക് അനുകൂല ഘടകമായി ദേശീയ പാര്‍ട്ടി പദവി ലഭിക്കുകയും ചെയ്തു. നിലവില്‍ ഈ തീരുമാനപ്രകാരം ആറ് ദേശീയ പാര്‍ട്ടികളാണ് രാജ്യത്ത് ഉണ്ടാവുക. നിലവില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ(എം), ബി.എസ്.പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എ.എ.പി തുടങ്ങിയ ആറ് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വന്നതോടെ കേരളത്തില്‍ ഉണ്ടായ ചര്‍ച്ചയും പരിഹാസവും സി.പി.ഐയുടെ ദേശീയ പാര്‍ട്ടി പദവി പോയി, ഇനി അടുത്തത് സി.പി.എമ്മിനാണ് എന്ന തരത്തിലായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡ പ്രകാരം നോക്കുമ്പോള്‍ നിലവില്‍ സി.പി.എമ്മിന് അത്തരമൊരു ഭീഷണിയില്ല. സി.പി.എമ്മിന് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ത്രിപുര സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരുണ്ട്. ഒപ്പം നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പദവിയുമുണ്ട്. കൂടാതെ മൂന്ന് ലോക്‌സഭാംഗങ്ങളും സി.പി.എമ്മിനുണ്ട്.
ദേശീയ പാര്‍ട്ടി പദവിയുള്ള പാര്‍ട്ടികള്‍ക്ക് കിട്ടുന്ന പ്രത്യേക ആനുകൂല്യങ്ങള്‍
ദേശീയ പാര്‍ട്ടി പദവിയുള്ള പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന, ഭരണഘടന നല്‍കുന്ന ചില ആനുകൂല്യങ്ങളുമുണ്ട്. ഒന്നാമതായി തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ക്ക് പൊതുചിഹ്നം ലഭിക്കും എന്നതാണ്. ഒരു ചിഹ്നം ഉണ്ടെങ്കില്‍ രാജ്യവ്യാപകമായി അവര്‍ക്ക് അത് ഉപയോഗിക്കാം. ദേശീയ പാര്‍ട്ടി പദവിയില്ലെങ്കില്‍ ചില തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ആ ചിഹ്നം ഉപയോഗിക്കാന്‍ കഴിയില്ല. സംസ്ഥാന-ദേശീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഒരു വ്യക്തി പിന്താങ്ങിയാല്‍ മതി എന്നുള്ള ആനുകൂല്യവും ഇതുവഴി അവര്‍ക്ക് ലഭിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളില്‍ പ്രചരണത്തിനുള്ള സമയവും ദേശീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായിത്തന്നെ മാറ്റി വെക്കാറുണ്ട്. 40 താര പ്രചാരകരെ വരെ അവര്‍ക്ക് നിശ്ചയിക്കാം. അത് തെരഞ്ഞെടുപ്പ് കമീഷനെ ഔദ്യോധികമായി അറിയിക്കുകയും ചെയ്യാം. ഇത്തരം ചില ആനുകൂല്യങ്ങള്‍ ഈ ദേശീയ പാര്‍ട്ടി പദവിയുള്ള പാര്‍ട്ടികള്‍ക്ക് ലഭിക്കും.
ദേശീയ പാര്‍ട്ടി പദവി എന്ന അംഗീകാരം നഷ്ടപ്പെട്ടത് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കില്ല എന്നാണ് സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വവും കനം രാജേന്ദ്രനും പ്രകടിപ്പിക്കുന്നത്. പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യമല്ല-ഒരു പാര്‍ട്ടിയുടെ പഴക്കം, ഏതെല്ലാം സംസ്ഥാനങ്ങളില്‍ അതിനു ഘടകങ്ങളുണ്ട്, പ്രവര്‍ത്തനങ്ങളുണ്ട് എന്നതാണ് ആ പാര്‍ട്ടിയുടെ ദേശീയ പദവി നിര്‍ണയിക്കേണ്ടത്. സി.പി.ഐ കഴിഞ്ഞ എത്രയോ വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് മാത്രം ദേശീയ പദവി തീരുമാനിക്കുന്നത് ശരിയല്ല എന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ഇപ്പോള്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് 2019 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ഒരു സീറ്റാണ് ലഭിച്ചത്. അപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇത് തീരുമാനിച്ചാല്‍ അത് യാഥാര്‍ഥ്യവുമായി ബന്ധമുള്ള കാര്യമാവില്ല. പരിഷ്‌കരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എടുത്ത തീരുമാനപ്രകരാമാണ് അംഗീകാരം നഷ്ടമായത്. സാങ്കേതികമായി ഇലക്ഷന്‍ കമീഷനുമായി ബന്ധപ്പെട്ട ഒരു കാര്യം ഞങ്ങളുടെ രാഷ്ട്രീയത്തിനോ സംഘടനാപരമായ പ്രവര്‍ത്തനത്തിനോ ഒരു തടസ്സമേയല്ല. അത് തുടര്‍ന്നും മുന്നോട്ടുപോകും. അംഗീകാരം ഇല്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സി.പി.ഐ. ഇനി തുടര്‍ന്ന് എന്ത് വേണം എന്ന് പാര്‍ട്ടി ദേശീയ നേതൃത്വമാണ് തീരുമാനിക്കുക എന്ന് കൂടി ബിനോയ് വിശ്വം പറയുന്നു.