Analysis
കണ്ണൂരിലെ സിപിഎം കോണ്‍ഗ്രസ്സില്‍ സംഭവിച്ചത്
Click the Play button to hear this message in audio format
Analysis

കണ്ണൂരിലെ സിപിഎം കോണ്‍ഗ്രസ്സില്‍ സംഭവിച്ചത്

എൻ.പി ചെക്കുട്ടി
|
13 April 2022 4:16 AM GMT

സ.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ബാക്കിവെച്ചതെന്താണ്? നയനിലപാടുകളില്‍ എന്ത് മാറ്റങ്ങളാണ് സമ്മേളനം മുന്നോട്ടുവെച്ചത്. അഖിലേന്ത്യാ പാര്‍ട്ടി കേരള പാര്‍ട്ടിയായി മാറുന്നുവോ?

കണ്ണൂരില്‍ സമാപിച്ച സിപിഎം ഇരുപത്തിമൂന്നാം കോണ്‍ഗ്രസ്, ആ പാര്‍ട്ടിയുടെ ആറു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലെ ഒരു യുഗപരിവര്‍ത്തനത്തെയാണ് കുറിക്കുന്നത്. അറുപതുകളുടെ മധ്യത്തില്‍ ആശയപരമായ കടുത്ത ഭിന്നതകളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിലേക്ക് നയിച്ചത്. അന്നുമുതല്‍ ഇന്നലെ വരെ നിലപാടുകളിലെ കടുംപിടുത്തം എന്നും സിപിഎം അനുവര്‍ത്തിച്ചു വന്ന അടിസ്ഥാനപ്രമാണമായിരുന്നു. അതിന്റെ പേരില്‍ ഒരിക്കല്‍ പാര്‍ട്ടിക്ക് മുന്നില്‍ വെച്ചുനീട്ടിയ പ്രധാനമന്ത്രിപദം പോലും തിരസ്‌കരിച്ച പാര്‍ട്ടിയാണ്. പക്ഷേ, ഇനി മുതല്‍ സിപിഎം അങ്ങനെയല്ല എന്ന് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയങ്ങളും നേതാക്കളുടെ നിലപാടുകളും വ്യക്തമാക്കുന്നു.

രണ്ടു വിഷയങ്ങളാണ് പ്രധാനമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നുനിന്നത്. ഒന്ന്, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അത് രാജ്യത്തിന് നല്‍കുന്ന മാതൃകയും. രണ്ട്, വരാന്‍ പോകുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗീകരിച്ചു നടപ്പാക്കേണ്ട രാഷ്ട്രീയലൈന്‍. രണ്ടു വിഷയങ്ങളിലും കേരളത്തിലെ നേതൃത്വം പറഞ്ഞത് അപ്പാടെ ദേശീയ നേതൃത്വം വിഴുങ്ങുന്നതാണ് സമ്മേളനത്തില്‍ കണ്ടത്. അതിനാല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ യഥാര്‍ഥത്തില്‍ തിളങ്ങി നിന്നത് മൂന്നാമതും ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ സീതാറാം യച്ചൂരിയല്ല. മറിച്ചു സംസ്ഥാനത്തു രണ്ടാം തവണയും അധികാരം പിടിച്ചെടുത്ത പിണറായി വിജയനാണ്.


കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ ഉയരുന്നത് ആദ്യമായല്ല. കണ്ണൂര്‍ കോണ്‍ഗ്രസിലും അതിന്റെ അനുരണനങ്ങളുണ്ടായി. ബിജെപിയെ മുഖ്യശത്രുവായി കണ്ടു വിശാലമായ പ്രതിപക്ഷ ഐക്യമാണ് സിപിഎം വിഭാവനം ചെയ്യുന്നത് എന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പാര്‍ട്ടിയുടെ പൊതുനയം വ്യക്തമാക്കിക്കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യയിലെ മതേതര ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ സുപ്രധാനമായ പങ്കാളിത്തം വഹിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്ന കാര്യവും അദ്ദേഹം നിഷേധിക്കുന്നില്ല. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. അതിനാല്‍ അതാതിടങ്ങളിലെ അവസ്ഥയ്ക്ക് അനുസരിച്ചു പ്രാദേശിക സഖ്യങ്ങള്‍ കെട്ടിപ്പടുക്കുക എന്നതിലായിരിക്കും പാര്‍ട്ടിയുടെ ഊന്നല്‍ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, അതൊന്നും നടപ്പില്ല എന്ന് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടകര്‍ ജനറല്‍ സെക്രട്ടറിക്കു ബോധ്യമാക്കിക്കൊടുത്തു. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ആരെ പങ്കെടുപ്പിക്കണം എന്ന വിഷയത്തില്‍ ഒരു വിവാദം കുത്തിപ്പൊന്തിച്ചു കൊണ്ടാണ് അവര്‍ തങ്ങളുടെ കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം സമ്മേളനവേദിയിലും ഉറപ്പിച്ചു വ്യക്തമാക്കിയത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് അവിടെ ഉദ്ദേശിച്ചിരുന്നത്. നടന്നത് പിണറായി പൂജയും. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏറ്റവും പ്രധാന പ്രതിപക്ഷ നേതാക്കളെ അതാതു പാര്‍ട്ടികളുടെ സഹകരണത്തോടെ ഒരേ വേദിയില്‍ കൊണ്ടുവരാനുള്ള ഏറ്റവും പറ്റിയ അന്തരീക്ഷമാണ് കണ്ണൂര്‍ കോണ്‍ഗ്രസ്സ് ഒരുക്കിയത്. സിപിഎമ്മിന് ദേശീയതലത്തില്‍ ഒരു തിരിച്ചുവരവിനുള്ള സാഹചര്യവും അത്തരമൊരു വിശാലമായ വേദി ഒരുക്കുമായിരുന്നു. അതാണ് മൂന്നുവര്‍ഷം മുമ്പ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജി സംഘടിപ്പിച്ച സമ്മേളനത്തില്‍ ദൃശ്യമായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ബിജെപി വിരുദ്ധ രാഷ്ട്രീയനിരയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളെ അവര്‍ കൊല്‍ക്കത്തയിലെ വേദിയില്‍ ഹാജരാക്കി. ദേശീയബദല്‍ നേതൃത്വത്തിന്റെ മുന്‍നിരയില്‍ മുഖ്യമന്ത്രി മമതയെ പ്രതിഷ്ഠിക്കുക കൂടി അതിന്റെ ലക്ഷ്യമായിരുന്നു. പക്ഷേ, നരേന്ദ്ര മോദിയുടെ രണ്ടാം വരവ് അത്തരം നീക്കങ്ങള്‍ക്ക് തടയിട്ടു. എന്നാല്‍, വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനു മുമ്പ് ബദലുകള്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തിപ്പെടുത്തുക തന്നെ വേണം. അതിനുള്ള സാഹചര്യമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് വേദി ഒരുക്കിയത്. ഇടതുപക്ഷത്തിന് ഇന്ന് ദേശീയതലത്തില്‍ ശക്തിയും പ്രസക്തിയും വളരെയേറെ ശോഷിച്ചുപോയെങ്കിലും അവര്‍ക്കും അതില്‍ നിര്‍ണായകമായ ഒരു പങ്കു വഹിക്കാനുണ്ട് എന്ന് മിക്ക രാഷ്ട്രീയകക്ഷികളും അംഗീകരിക്കുന്നുമുണ്ട്.


കൊല്‍ക്കത്തയില്‍ മമതയ്ക്ക് സാധ്യമായത് കണ്ണൂരില്‍ പിണറായി വിജയനും സാധ്യമാകുന്നതേയുള്ളു എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല. പരിപാടിയില്‍ പങ്കെടുത്ത തമിഴ്നാട് മുഖ്യമന്ത്രി അതിന്റെ സൂചന നല്‍കുകയും ചെയ്തു. അത്തരമൊരു വിശാലവേദി സംഘടിപ്പിക്കാനുള്ള സംഘടനാവൈഭവവും ധനശേഷിയും ഇന്ന് കേരളത്തിലെ പാര്‍ട്ടിക്ക് ഉണ്ടു താനും. പക്ഷേ, എന്താണ് കണ്ണൂരില്‍ കണ്ടത്? കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ പോലും ഒരു എടുക്കാത്ത നാണയമായി കഴിഞ്ഞുകൂടിയ കെ.വി തോമസിനെ മാധ്യമപുരുഷനായി ഉയര്‍ത്തിക്കാണിച്ചു ദേശീയപ്രസക്തിയുള്ള ഒരു സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അപ്പാടെ തകിടം മറിക്കുകയാണ് കണ്ണൂര്‍ സഖാക്കള്‍ ചെയ്തത്. കോണ്‍ഗ്രസ്സ് വിരോധമായിരിക്കാം ഒരുപക്ഷേ അവരെ അതിനു പ്രേരിപ്പിച്ചത്. അല്ലെങ്കില്‍ പിണറായിയെ മുക്തകണ്ഠം പുകഴ്ത്താന്‍ തയ്യാറുള്ള മറ്റു നേതാക്കളെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാവാം ഒരുപക്ഷേ തിരുത തോമയില്‍ അഭയം തേടാന്‍ അവരെ പ്രേരിപ്പിച്ചത്. ഏതായാലും ദേശീയതലത്തില്‍ ഒരു വന്‍സാധ്യത കളഞ്ഞുകുളിച്ചു തോമസിന് ഒരു രാഷ്ട്രീയ അഭയകേന്ദ്രം ഒരുക്കിക്കൊടുക്കല്‍ മാത്രമാണ് അവിടെ നടന്നത്. കോണ്‍ഗ്രസ്സിനോടുള്ള വിരോധം മാത്രമാണ് അവരെ നയിച്ചത്. ദേശീയതലത്തില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടാവേണ്ട മിനിമം മര്യാദകള്‍ തങ്ങള്‍ക്കു ബാധകമല്ല എന്നും അവര്‍ തെളിയിച്ചു. കോണ്‍ഗ്രസ്സ് പ്രതിനിധി ആരായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്സ് നേതൃത്വമല്ല, തങ്ങളാണ് എന്നാണ് സിപിഎം നേതാക്കള്‍ പ്രഖ്യാപിച്ചത്. നാളെ മറ്റൊരു കക്ഷിയുടെ സമ്മേളനത്തില്‍ സിപിഎമ്മിനെ ക്ഷണിക്കുകയാണെങ്കില്‍ അവിടെ ആരു പോകണം എന്ന കാര്യം തീരുമാനിക്കാന്‍ സിപിഎം മറ്റുള്ളവരെ അനുവദിക്കുമോ എന്ന് കാത്തിരുന്ന് കാണുക.

പ്രാദേശിക താല്‍പര്യങ്ങളുടെ അമിതപ്രഭാവം കാണാനാവുന്ന മറ്റൊരു വിഷയം കേരളത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനു മാര്‍ഗദര്‍ശകമായി കഴിഞ്ഞ എറണാകുളം സംസ്ഥാനസമ്മേളനം അംഗീകരിച്ച കേരളവികസന നയം ഒരു ദേശീയബദല്‍ നയമായി ഈ കോണ്‍ഗ്രസ്സിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ കേരളനേതൃത്വം വിജയം വരിച്ചതാണ്. യഥാര്‍ഥത്തില്‍ കേരളവികസന നയം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രേഖ അന്ന് വേണ്ടവിധം ചര്‍ച്ചയില്ലാതെയാണ് പ്രതിനിധികള്‍ അംഗീകരിച്ചത്. സമയക്കുറവായിരുന്നു അതിനു ഒരു കാരണം. രണ്ടാമത്തെ കാരണം മുഖ്യമന്ത്രി നേരിട്ട് മുന്‍കൈയെടുത്തു അവതരിപ്പിച്ച ഒരു രേഖയെ വിമര്‍ശിക്കാനോ അതില്‍ തിരുത്തല്‍ ആവശ്യപ്പെടാനോ തയ്യാറുള്ള ആരും ഇന്ന് കേരളത്തിലെ പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ല എന്ന വസ്തുതയുമാണ്. അതിനാല്‍ ഈ വികസനരേഖയുടെ യഥാര്‍ത്ഥ സ്വഭാവം സംബന്ധിച്ചും അതിന്റെ നവലിബറല്‍ സാമ്പത്തിക-സാമൂഹിക വീക്ഷണം സംബന്ധിച്ചും കേരളത്തില്‍ പോലും കാര്യമായ ചര്‍ച്ച ഉയരുകയുണ്ടായില്ല.


സാധാരണനിലയില്‍ വികസന സംബന്ധിയായ വിഷയങ്ങളില്‍ ഒരു പൊതുസമൂഹ വിഷയം എന്ന നിലയില്‍ ജനകീയതലത്തില്‍ വിശാലമായ ചര്‍ച്ചയ്ക്കും തിരുത്തലുകള്‍ക്കും സിപിഎം തന്നെ മുന്‍കയ്യെടുക്കാറുള്ളതാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 1994 മുതല്‍ സിപിഎം ആരംഭിച്ച കേരളപഠന കോണ്‍ഗ്രസ്സുകളുടെ രേഖകള്‍ നോക്കുക. വിപുലമായ അക്കാദമിക-ജനകീയ ചര്‍ച്ചകള്‍ക്ക് അതിലെ ഓരോ രേഖയും വിധേയമാക്കിയിരുന്നു. അത്തരം രേഖകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും പാര്‍ട്ടി തന്നെ പ്രസിദ്ധീകരിക്കുന്ന പതിവും ഉണ്ടായിരുന്നു. അങ്ങനെയാണ് നവലിബറല്‍ സാമ്പത്തിക ശക്തികള്‍ ഇന്ത്യന്‍ ഭരണ മേഖലയില്‍ ആധിപത്യം നേടിയ തൊണ്ണൂറുകള്‍ മുതല്‍ ഒരു ബദല്‍ നയം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തിയത്. അതിനു ചിന്താപരമായ നേതൃത്വം നല്‍കിയത് കേരളത്തില്‍ ഡോ. ടി.എം തോമസ് ഐസകിനെപ്പോലെ സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച സാമ്പത്തിക പണ്ഡിതരും ദേശീയതലത്തില്‍ ഡോ. പ്രഭാത് പട്‌നായിക്കിനെപ്പോലെയും ഡോ. ജയതി ഘോഷിനെപ്പോലെയും ഉള്ള ആഗോളപ്രശസ്തരായ സാമ്പത്തികശാസ്ത്രജ്ഞരുമായിരുന്നു. അതിനാല്‍ എഴുപതുകള്‍ മുതല്‍ ആഗോളശ്രദ്ധ നേടിയ കേരള വികസന മാതൃകയിലെ പരിമിതികള്‍ കണ്ടെത്താനും വികസനരംഗത്തു കക്ഷിരാഷ്ട്രീയത്തിനു അതീതമായ ഒരു സമവായം കണ്ടെത്താനും അന്നൊക്കെ പാര്‍ട്ടി ആത്മാര്‍ഥമായ ശ്രമം നടത്തിയിരുന്നു. അതിനാല്‍ത്തന്നെ സിപിഎം ഈ മേഖലകളില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കും അതിന്റെ നയസമീപനങ്ങള്‍ക്കും രാഷ്ട്രീയാതീതമായി അക്കാദമിക-നയരൂപീകരണ മേഖലകളില്‍ ശ്രദ്ധ പിടിച്ചുപറ്റാനും കഴിഞ്ഞിരുന്നു.

എന്നാല്‍, പിണറായി വിജയന്റെ കേരളവികസന നയരേഖ അത്തരമൊരു ദീര്‍ഘമായ പ്രക്രിയയുടെ സ്വാഭാവികഫലമായി ഉയര്‍ന്നു വന്നതായിരുന്നില്ല. മറിച്ചു തൊണ്ണൂറുകളുടെ അവസാനം പിണറായി വിജയന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്നശേഷം അദ്ദേഹം നടപ്പാക്കിവന്ന പ്രായോഗികതയില്‍ ഊന്നിയ ഏകപക്ഷീയ നയങ്ങളുടെയും നടപടികളുടെയും ഭാഗമായിരുന്നു ഈ പുതിയ രേഖയും. അതിന്റെ അടിത്തറ തൊണ്ണൂറുകള്‍ മുതല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ്, ബിജെപി സര്‍ക്കാരുകള്‍ പിന്തുടര്‍ന്നു വന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ്. അതു തയ്യാറാക്കിയത് ഇടതുപക്ഷ പാരമ്പര്യമില്ലാത്ത ചില ഉപദേശകരും. വികസനത്തിന് വിദേശനിക്ഷേപവും വിദേശക്കടവും, ഐടി-ടൂറിസം പോലെയുള്ള സമൂഹത്തിലെ പരിമിത വിഭാഗങ്ങള്‍ക്ക് നേട്ടം നല്‍കുന്ന വികസന പരിപ്രേക്ഷ്യം, ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയുടെ കടന്നുകയറ്റം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ സ്വകാര്യ നിക്ഷേപം അടിസ്ഥാനമാക്കിയ വികസന സങ്കല്പം, അടിസ്ഥാനസൗകര്യ വികസനത്തിനു കിഫ്ബി വഴിയോ അല്ലാതെയോ ഉള്ള വിദേശവായ്പ, കാര്‍ഷികമേഖലയില്‍ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ എന്നിങ്ങനെ നേരത്തെ സിപിഎം പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത അതേ നയങ്ങള്‍ തന്നെയാണ് പിണറായിയുടെ പുതിയ വികസന ബൈബിളിലും കാണാന്‍ കഴിയുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു നയംമാറ്റം എന്നതിനെക്കുറിച്ചു ഒരിക്കലും ഒരു തുറന്ന ചര്‍ച്ച അവര്‍ അനുവദിച്ചതുമില്ല.

എന്നാല്‍, കേരളസംസ്ഥാന സമ്മേളനം അത്തരമൊരു മധ്യവര്‍ഗ കേന്ദ്രീകൃത വികസന പരിപ്രേക്ഷ്യം അംഗീകരിക്കുന്നതിനെ കുറ്റം പറയുന്നതിലും അര്‍ഥമില്ല. കാരണം, കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമാണ്. ഇത് മധ്യവര്‍ഗ സമൂഹത്തിനു ആധിപത്യമുള്ള ഒരു പ്രദേശമാണ്. അവരാണ് കേരളത്തിലെ വോട്ടര്‍മാരില്‍ മുഖ്യപങ്ക്. അവരുടെ താല്‍പര്യങ്ങളാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍ മിക്കവരും പിന്തുടരുന്നത്. അവരെ എതിര്‍ത്തുകൊണ്ട് ഇവിടെ വിജയിക്കാന്‍ പ്രയാസമാണ്. അതിനാല്‍ പ്രായോഗികവാദിയായ പിണറായി വിജയന്‍ പാര്‍ട്ടി നയങ്ങളുടെ അലകും പിടിയും മാറ്റിമറിച്ചു. സിപിഎമ്മിനെ ഒരു മധ്യവര്‍ഗ സംവിധാനമാക്കി പരിവര്‍ത്തിപ്പിച്ചു. എതിര്‍ത്തവരെ ഒതുക്കി. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഇന്ന് അവശേഷിക്കുന്ന വയോധികനായ വി.എസ് അച്യുതാനന്ദന്റെ പേരുപോലും ദേശീയ സമ്മേളനവേദിയില്‍ അനുസ്മരിക്കാന്‍ ആരും ധൈര്യപ്പെടാത്ത വിധം അദ്ദേഹം കാര്യങ്ങള്‍ സ്വന്തം കരതലത്തിലൊതുക്കി.

എന്നാല്‍, കേരളമല്ല ഇന്ത്യ. ഇന്ത്യയില്‍ ദരിദ്ര-പിന്നാക്ക വിഭാഗങ്ങളെ കണ്ടില്ലെന്നു നടിച്ചു മധ്യവര്‍ഗ-ധനികവര്‍ഗ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി നയരൂപീകരണവും ഭരണവും നടത്തിയാല്‍ എന്താവും ഫലം എന്നറിയാന്‍ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ അനുഭവം മാത്രം നോക്കിയാല്‍ മതി. ഇന്ത്യ തിളങ്ങുന്നു എന്നാണ് അന്നവര്‍ അവകാശപ്പെട്ടത്. നഗരങ്ങളിലെ മധ്യവര്‍ഗത്തെ സംബന്ധിച്ചു അത് ശരിയുമായിരുന്നു. എന്നാല്‍, ഗ്രാമീണ ഇന്ത്യ തിരിച്ചടിച്ചു. വാജ്‌പേയിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അധികാരത്തിലേക്ക് തിരിച്ചുവരാന്‍ പിന്നീട് നീണ്ട പത്തുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. അത്തരം നയങ്ങള്‍ പിന്തുടര്‍ന്ന ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യക്കും സമാന അനുഭവമാണ് ഉണ്ടായത്. അതേസമയം, നവലിബറല്‍ നയങ്ങള്‍ പിന്തുടരുമ്പോള്‍ തന്നെ ഗ്രാമീണ ഇന്ത്യയുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയ ഡോ. മന്‍മോഹന്‍ സിങിന് വീണ്ടും അധികാരത്തില്‍ വരാന്‍ അവസരമുണ്ടായി.

അതായതു വികസനത്തിന്റെ ഇരകള്‍ അഥവാ വികസന അഭയാര്‍ഥികള്‍ എന്നത് ഇന്നൊരു ആഗോള യാഥാര്‍ഥ്യമാണ്. വികസനത്തിന്റെ പേരില്‍ ലക്ഷക്കണക്കിനു ജനങ്ങളാണ് ഇന്ന് രാജ്യമെങ്ങും കിടപ്പാടം വിട്ടു ഓടേണ്ടിവരുന്നത്. കേരളത്തിലെ കെ റെയില്‍ അത്തരമൊരു പദ്ധതിയാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. എന്നാല്‍, അതാണ് തന്റെ പ്രധാന ലക്ഷ്യമായി സമ്മേളനത്തിലെ സ്വാഗതപ്രസംഗത്തില്‍ പോലും പിണറായി വിജയന്‍ ഊന്നിപ്പറഞ്ഞത്. തുടക്കത്തില്‍ ജനറല്‍ സെക്രട്ടറി യച്ചൂരി കെ റെയില്‍ സ്തുതിയില്‍ നിന്ന് അകന്നുനിന്നു. പക്ഷേ, സമ്മേളനം കഴിഞ്ഞതോടെ അദ്ദേഹം പൂര്‍ണമായും അതിന്റെ വക്താവും താത്വികനുമായി മാറി. എന്താണ് ഈ രാസപരിണാമത്തിനു കാരണം എന്നറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല. പാര്‍ട്ടിയിലെ സംഘടനാ സംവിധാനവും ശാക്തികബന്ധങ്ങളുടെ സ്വഭാവവും നോക്കിയാല്‍ കാര്യം അറിയാം. ഇന്ന് സിപിഎം എന്ന ദേശീയപാര്‍ട്ടിയുടെ അംഗസംഖ്യയില്‍ പകുതിയിലേറെ വരുന്നത് ദേശീയ ജനസംഖ്യയില്‍ വെറും രണ്ടര ശതമാനം മാത്രമുള്ള കേരളം എന്ന ഒറ്റ സംസ്ഥാനത്തു നിന്നാണ്. അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ പങ്കാളിത്തം. അതിനാല്‍ ജനറല്‍ സെക്രട്ടറിക്കു ഒരിഞ്ചു മുന്നോട്ടുപോകണമെങ്കില്‍ സംഘബലമുള്ള കേരളത്തെ അവഗണിക്കാനാവില്ല.


എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത്തരം വൈഷമ്യങ്ങള്‍ ഒന്നുമില്ലല്ലോ. അവര്‍ ഒരു പാര്‍ട്ടിയുടെയും പിണിയാളുകളല്ല. മഹാരാഷ്ട്രയില്‍ ബുളളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകനും ബംഗാളില്‍ കൃഷി ഭൂമിയില്‍ തൊഴില്‍ ചെയ്തു ജീവിക്കാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷ -അടിയാള വിഭാഗങ്ങള്‍ക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ പ്രതാപവും പണക്കൊഴുപ്പും ആഢ്യത്വവുമൊന്നും ഒരു നേട്ടവും കൊണ്ടുവരാന്‍ പോകുന്നില്ല. അതിനാല്‍ കേരളത്തിലെ സര്‍ക്കാരിന്റെ വികസനനയം തങ്ങള്‍ക്കു പറ്റിയ മാതൃകയായി അവര്‍ക്കു ബോധ്യപ്പെടാനും ഇടയില്ല. കേരളത്തില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്കു സര്‍ക്കാര്‍ കൈനിറയെ നഷ്ടപരിഹാരം നല്‍കുന്നു എന്നാണ് മഹാരാഷ്ട്രയിലെ സിപിഎം നേതാവ് അശോക് ധാവളെ പറഞ്ഞത്. എന്നാല്‍, ഗുജറാത്തിലും മഹാരാഷ്ട്രയിലും എത്ര നഷ്ടപരിഹാരം നല്‍കിയാലും ബുള്ളറ്റ് ട്രെയിനിന് ഭൂമി വിട്ടുകൊടുക്കില്ല എന്നും അദ്ദേഹം പറയുന്നു.

അതായതു കേരളത്തിന് പുറത്തു സിപിഎം സംഘടനയെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സഖാക്കള്‍ക്ക് മുന്നില്‍ ഈ കോണ്‍ഗ്രസ്സ് ഒരു പുതുവഴിയും വെട്ടിത്തുറക്കുന്നില്ല. യഥാര്‍ഥത്തില്‍ തങ്ങളുടെ അണികളെയോ സാധാരണ ജനങ്ങളെയോ തങ്ങളുടെ നയങ്ങളും നിലപാടുകളും ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത ഒരു വിഷമസന്ധിയിലേക്കാണ് കണ്ണൂര്‍ കോണ്‍ഗ്രസ്സ് അവരെ നയിക്കുന്നത്. കേരളത്തിലെ ഇടതുഭരണം ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും; എന്നാല്‍ ഇന്ത്യയുടെ വിശാലമായ ഭൂഭാഗങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന ഒരു പാര്‍ട്ടിയായി സ്വയം മാറാനുള്ള എല്ലാ സാധ്യതയും കേരളത്തിലെ നേതൃത്വം അവര്‍ക്കുമുന്നില്‍ അടച്ചുകളയുകയുമാണ് ചെയ്യുന്നത്. ബംഗാളില്‍ നിന്നുള്ള ആദ്യത്തെ മുസ്‌ലിം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും ആദ്യത്തെ ദലിത് പിബി അംഗം രാമചന്ദ്ര ദോമും അത്തരമൊരു പ്രതിസന്ധിയെയാണ് നേരിടേണ്ടി വരുന്നത്. ഒരുപക്ഷെ ഒന്നോ രണ്ടോ പതിറ്റാണ്ടു കഴിഞ്ഞു ഒരു തിരിഞ്ഞുനോട്ടം സാധ്യമായാല്‍ പാര്‍ട്ടി ചരിത്രത്തില്‍ കണ്ണൂര്‍ സമ്മേളനം സവിശേഷസ്ഥാനം വഹിക്കും എന്ന് തീര്‍ച്ച. അധസ്ഥിത ജനതയുടെ വിമോചന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ മറുകണ്ടം ചടലിന്റെയും രാഷ്ട്രീയമായ അപ്രസക്തിയുടെയും ആരംഭം കുറിച്ച സമ്മേളനമായി അത് ഓര്‍മയില്‍ നിലനിന്നേക്കും.

Similar Posts