Analysis
കട്ടിങ് സൗത്ത്, നീറ്റ് ജിഹാദ്, തുപ്പല്‍ ഹോട്ടല്‍, അഭിനവ മാരീചന്‍ - ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
Analysis

കട്ടിങ് സൗത്ത്, നീറ്റ് ജിഹാദ്, തുപ്പല്‍ ഹോട്ടല്‍, അഭിനവ മാരീചന്‍ - ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്
|
2 Aug 2024 2:40 PM GMT

കഴിഞ്ഞ ജൂലൈ മാസത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയയിലൂടെ ഹിന്ദുത്വര്‍ നടത്തുന്ന പ്രചാരവേലകളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുന്നു. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01)

പ്രധാനമായി രണ്ടുതരം ഇസ്‌ലാമോഫോബിയ സമൂഹത്തില്‍ കാണപ്പെടുന്നു. ഒന്ന്) സാധാരണ സ്വഭാവത്തിലുള്ള ഇസ്‌ലാമോഫോബിയ, രണ്ട്) അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയ. രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാനാകുംവിധം, ഒരാള്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിം സമൂഹത്തെപ്പറ്റിയുള്ള മുന്‍ധാരണകളെ പുനരുല്‍പാദിപ്പിക്കുകയെന്നതാണു സാധാരണ ഇസ്‌ലാമോഫോബിയയുടെ സ്വഭാവം. എന്നാല്‍, അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ വംശീയവത്കരിക്കുകയെന്ന ബോധപൂര്‍വ്വമായ പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമാണ്. മുസ്‌ലിംകളെ വംശീയമായി ഒറ്റതിരിച്ച് അക്രമിക്കാനും ഉന്മൂലനം ചെയ്യാനും അത് ആഹ്വാനംചെയ്യുന്നു. അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരവേലയിലൂടെ സംഘ്പരിവാര്‍ അടക്കമുള്ള ശക്തികള്‍ വികസിപ്പിക്കുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ ഒരു ലിസ്റ്റ് പരിശോധിച്ചാല്‍ അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയയിലൂടെ ഹിന്ദുത്വര്‍ നടത്തുന്ന പ്രചാരവേലകളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുന്നു.

ഏതു സംഭവത്തിലുമൊരു മുസ്‌ലിം ഘടകം ആരോപിച്ചാണ് ഹിന്ദുത്വര്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. സംഘ്പരിവാര്‍ ഇസ്‌ലാമോഫോബിയക്ക് ആരോപണം നടത്താന്‍ വസ്തുതകളുടെ യാതൊരു പിന്‍ബലവും വേണ്ട. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ ഏതാനും മുസ്‌ലിം മാനേജ്മെന്റ് ഹോട്ടലുകള്‍ക്കെതിരേ 2024 ജൂലൈ അവസാന വാരം ഫേസ്ബുക്കിലൂടെ ഭക്ഷണത്തില്‍ തുപ്പുന്നുവെന്ന ആരോപണം.

എറണാകുളത്ത് 2023 മാര്‍ച്ച് 24,25,26 തിയ്യതികളില്‍ നടന്ന കേരള മീഡിയ അക്കാദമിയുടെ കട്ടിങ് സൗത്ത് കോണ്‍ഫറന്‍സുമായി മുസ്‌ലിം സംഘടനകള്‍ക്ക് പ്രത്യേകിച്ചൊരു ബന്ധവുമില്ല. തെക്കേയിന്ത്യയിലെ ചില മാധ്യമങ്ങളുമായി ബന്ധപ്പെട്ടൊരു പ്രവര്‍ത്തനത്തെ മുസ്‌ലിം രഹസ്യയജണ്ടയുടെ ഭാഗമായി ചിത്രീകരിക്കുകയാണ് ഹിന്ദുത്വര്‍ ഇപ്പോഴും ചെയ്യുന്നത്. അതുപോലെ, 2006 - മുതല്‍ കേരളത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ലൗ ജിഹാദ് വംശീയാരോപണം ഇപ്പോള്‍ നീറ്റ് ജിഹാദെന്ന പേരില്‍ മലപ്പുറം കോട്ടക്കലിലെയൊരു സ്ഥാപനത്തിനെതിരായ വംശീയാരോപണമായി മാറിയതും ജൂലൈ മാസം നാം കണ്ടു. ഏതു സംഭവത്തിലുമൊരു മുസ്‌ലിം ഘടകം ആരോപിച്ചാണ് ഹിന്ദുത്വര്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. സംഘ്പരിവാര്‍ ഇസ്‌ലാമോഫോബിയക്ക് ആരോപണം നടത്താന്‍ വസ്തുതകളുടെ യാതൊരു പിന്‍ബലവും വേണ്ട. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ ഏതാനും മുസ്‌ലിം മാനേജ്മെന്റ് ഹോട്ടലുകള്‍ക്കെതിരേ 2024 ജൂലൈ അവസാന വാരം ഫേസ്ബുക്കിലൂടെ ഭക്ഷണത്തില്‍ തുപ്പുന്നുവെന്ന ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്കെതിരേ പ്രതികരിച്ചാലും വസ്തുതകള്‍ വെളിപ്പെടുത്തിയാലും ആരോപണം തെറ്റാണെങ്കിലും മുസ്‌ലിംകളുടെ അസഹിഷ്ണുതയോടുള്ള തെറ്റായ പ്രതികരണമാണിത്തരം വ്യാജാരോപണങ്ങളെന്ന പ്രതികരണമാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്നത്. മുസ്‌ലിംകള്‍ സ്വതവേ കുഴപ്പക്കാരയതിനാല്‍ സംഘ്പരിവാറിന് ഏതാരോപണവും ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും അവ തെറ്റാണെന്നു തെളിയിച്ചെങ്കില്‍ മാത്രമേ തിരുത്താന്‍ ബാധ്യതയുള്ളൂവെന്നുമാണവര്‍ പറയുന്നത്. ടി.ജി മോഹന്‍ദാസിനെപ്പോലുള്ള ഹിന്ദുത്വവാദികള്‍ നിരന്തരം പറയുന്ന ഒരു കാര്യമാണിത്.

കട്ടിങ് സൗത്ത് കോണ്‍ക്ലേവ്

പ്രമുഖ മാധ്യമപ്രവര്‍ത്തകയും ദ ന്യൂസ് മിനുട്ട് ഫൗണ്ടറും എഡിറ്ററുമായ ധന്യാ രാജേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍ നല്‍കിയ ജനം ടി.വി, ജന്മഭൂമി, കര്‍മ ന്യൂസ് എന്നീ മാധ്യമങ്ങളോട് വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു (ജൂലൈ 15, 2024). ധന്യ രാജേന്ദ്രനെതിരേയും സ്വതന്ത്രമാധ്യമ കൂട്ടായ്മയായ ഡിജിപബ് ഇന്ത്യക്കെതിരേയും നല്‍കിയ വാര്‍ത്തകള്‍ പിന്‍വലിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ന്യൂസ് ലോന്‍ട്രി, ന്യൂസ് മിനുട്ട്, കോണ്‍ഫ്ളുവന്‍സ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങളും കേരള മീഡിയ അക്കാദമിയും ചേര്‍ന്നാണ് കൊച്ചിയില്‍ കട്ടിംഗ് സൗത്ത് മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഇതിനെതിരേയാണ് സംഘ്പരിവാര്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കിയത്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ഇന്ത്യന്‍ ഏജന്റാണ് ധന്യ രാജേന്ദ്രന്‍ എന്നായിരുന്നു ജന്മഭൂമിയുടെ വാര്‍ത്ത. കട്ടിങ് സൗത്ത് മീഡിയ കോണ്‍ക്ലേവ് ദക്ഷിണേന്ത്യയെ വിഭജിക്കാനുള്ള പദ്ധതിയാണെന്നാണ് ആ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ജന്മഭൂമി വാര്‍ത്തയ്ക്കു പിന്നാലെ കര്‍മ ന്യൂസും വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കി. മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി സ്വാധീനിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ജോര്‍ജ് സോറോസിന്റെത്. അതിന്റെ ഇന്ത്യന്‍ പ്രതിനിധിയായ ധന്യാ രാജേന്ദ്രനെതിരേ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തുന്നുണ്ട്-ഇതൊക്കെയായിരുന്നു ആരോപണങ്ങള്‍. (ദി ക്യൂ, ജൂലൈ 22, 2024)

കട്ടിങ് സൗത്ത്: ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍

എറണാകുളത്ത് 2023 മാര്‍ച്ച് 24,25,26 തിയ്യതികളിലാണ് കേരള മീഡിയ അക്കാദമിയുടെ ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ 2023 നടന്നത്. കട്ടിങ് സൗത്ത് എന്നായിരുന്നു അതിന്റെ ടാഗ് ലൈന്‍. മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ 175-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും ന്യൂസ് ലോണ്‍ഡ്രി, ന്യൂസ് മിനുട്ട്, കോണ്‍ഫ്‌ളൂവന്‍സ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങളും കേരള പത്രപ്രവര്‍ത്തക യൂണിയനും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വികസ്വരരാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പുത്തന്‍ അന്താരാഷ്ട്ര വാര്‍ത്താക്രമം വികസിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഗ്ലോബല്‍ സൗത്ത് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: 'ലോകത്തെമ്പാടും വാര്‍ത്തയെത്തിക്കുന്ന ഏജന്‍സികളാകെ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളവയാണ്. സഹോദരസ്ഥാപനങ്ങളായി പടക്കോപ്പ് നിര്‍മാണ ശാലകളും ഒരേസമയം നടത്തുന്നവര്‍ ഇതിലുണ്ട്. ഒരുവശത്ത് വാര്‍ത്തകളിലൂടെ പല രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്. മറുവശത്ത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പടക്കോപ്പ് ലഭ്യമാക്കുകയാണ്. ഇത്തരം ദൂഷിത താല്‍പര്യങ്ങളാണ് ഇവയില്‍ പലതിനെയും നയിക്കുന്നത്. ഇതിന്റെ ഇരയാകുകയാണ് പല വികസ്വര രാഷ്ട്രങ്ങളും. ഗ്ലോബല്‍ സൗത്ത് എന്ന ആശയത്തിനും അത് മുന്‍നിര്‍ത്തിയുള്ള ആഘോഷത്തിനും വലിയതോതിലുള്ള രാഷ്ട്രീയ പ്രസക്തിയാണുള്ളത്. ഇതിലൂടെ സാമ്രാജ്യത്വതാല്‍പര്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ഭാഷകളെയും മാധ്യമങ്ങളെയും സംസ്‌കാരങ്ങളെയും ആഘോഷിക്കുകയാണ് നാം ചെയ്യുന്നത്.' (പി.ആര്‍.ഡി മാര്‍ച്ച് 22, 2023). കട്ടിംഗ് സൗത്ത് എന്ന പ്രയോഗം 'കട്ടിംഗ് ചായ്', 'കട്ടിംഗ് എഡ്ജ്' എന്നീ പദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ധന്യാ രാജേന്ദ്രന്‍ കോടതിയില്‍ നല്‍കിയ വിശദീകരണം.

കട്ടിങ് സൗത്ത് വിഘടനവാദം

മുസ്‌ലിംകളെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നൊരു ആരോപണം ശൂന്യതയില്‍നിന്ന് എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതിന് മികച്ച ഉദാഹരണമായിരുന്നു ഈ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള എ.ബി.സി മലയാളത്തിന്റെ വീഡിയോ: 'കട്ടിങ് സൗത്ത് വിഘനവാദപരമാണെന്ന കാര്യത്തിന് ദേശീയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. അതിന്റെ പേരുതന്നെ തെക്കേ ഇന്ത്യയെ വിഘടിപ്പിക്കുകയെന്നതാണ്. അടുത്തകാലത്ത് ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ കര്‍ണാടകയില്‍തന്നെ ദേശീയധാരയായി ബന്ധമുണ്ടാകരുത്, മാറിനില്‍ക്കണമെന്നൊക്കെ പറയാറുണ്ട്. ഉദയനിധി സ്റ്റാലിന്‍ സനാതനമൂല്യങ്ങളെ ഉന്മൂലനംചെയ്യണമെന്നു പറഞ്ഞു. ദേശീയധാരയില്‍നിന്ന് വിഘടിച്ചു മാറിനില്‍ക്കണമെന്ന ശബ്ദം ആദ്യം വന്നത് കേരളത്തിലാണ്. അതാണ് കട്ടിങ് സൗത്ത് എന്ന പരിപാടി. അതിനു പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ പ്രഖ്യാപനം. തെക്കേ ഇന്ത്യയെ അടര്‍ത്തിമാറ്റാമെന്ന ധാരണയുള്ള രാഷ്ട്രീയപാര്‍ട്ടികളും കൂടിയോജിച്ച് ഒരു വിഘടനവാദ ശക്തി ഉയര്‍ന്നുവരുന്നുണ്ടോയെന്ന് സംശയിക്കണം. അവതാരകന്‍ പറഞ്ഞതുപോലെ പോപ്പുലര്‍ ഫ്രണ്ടും കട്ടിങ് സൗത്ത് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടോയെന്ന് അറിയില്ലെങ്കിലും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെപ്പോലുള്ള പാര്‍ട്ടികളില്‍പ്പെട്ടവര്‍ സി.പി.എമ്മിന്റെയകത്തു നുഴഞ്ഞുകയറിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പോലുള്ള മുസ്‌ലിം മതതീവ്രവാദ സംഘടനകള്‍ സി.പി.എമ്മുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപശ്ചാത്തലത്തിലാണ് ഈ പരിപാടി നടന്നത്. പി.എസ് ശ്രീധരന്‍ പിള്ളയെ ക്ഷണിച്ചിരുന്നു, പക്ഷേ, പങ്കെടുത്തില്ല. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം മീഡിയ അവാര്‍ഡ് നല്‍കിയിരിക്കുന്നത് ഹമാസിനെ സഹായിക്കുന്നൊരു മാധ്യമപ്രവര്‍ത്തകനാണ്. വിധ്വംസക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പരിപാടി മീഡിയ അക്കാദമി തുടരുന്നുണ്ട്. സിദ്ദിഖ് കാപ്പന്‍, യു.എ.പി.എ ചുമത്തപ്പെട്ടയാളാണ്. അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകനായി അറിഞ്ഞിട്ടില്ല. ഛിദ്രശക്തികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ജയിലില്‍നിന്ന് പുറത്തുവന്നശേഷം ഇവിടത്തെ മാധ്യമസംഘം അദ്ദേഹത്തിന് സ്വീകരണം നല്‍കി. ഇ.ഡി കേസിലുള്ള മാധ്യമപ്രവര്‍ത്തകരുമുണ്ട്. ഇത്തരക്കാരെയും മീഡിയാഅക്കാദമി ഇവിടെക്കൊണ്ടുവന്ന് സ്വീകരിക്കാറുണ്ട്. ഉദാഹരണം റാണാ അയൂബ്. ഇവിടത്തെ മാപ്രകള്‍ കപടമതേതരവാദികള്‍ക്ക് വലിയ സ്ഥാനം നല്‍കുന്നു. സി.എ.എ, കര്‍ഷകരുടെ സമരം, മണിപ്പൂര്‍ കലാപം ഇതിനൊക്കെ മോദിയാണ് ഉത്തരവാദികളെന്നാണ് പറയുന്നത്. (കട്ടിങ് സൗത്തിനു പിന്നില്‍ പി.ആര്‍.ഡി പറയുന്നത് ഇത്, എ.ബി.സി മലയാളം, മാര്‍ച്ച് 17, 2023)

ആരോപണത്തെ കുറ്റപ്പെടുത്താനാകില്ല

ഇതേ കുറിച്ച് മറുനാടന്‍ മലയാളിയും ഒരു വീഡിയോ ചെയ്തു. വസ്തുതകള്‍ പൂര്‍ണമായും വ്യക്തമല്ലെങ്കിലും ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് അവരുടെയും അഭിപ്രായം: കട്ടിങ് സൗത്ത്, ഇന്ത്യയെമാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നാണ് സംഘാടകര്‍ പറയുന്നത്. അത് അമേരിക്കയുടെ മേധാവിത്വത്തിനെതിരേ ജനകീയ മാധ്യമ ബദല്‍ അതാണ് പരിപാടിയുടെ ഉദ്ദേശ്യം. വിഭജന അജണ്ടയുണ്ടെങ്കില്‍ അത് ഗൗരവമായി പരിഗണിക്കണം, ഫണ്ടിങ് സോഴ്സുകള്‍ പരിശോധിക്കണം എന്നായിരുന്നു മറുനാടന്റെ നിലപാട്. ഈ പരിപാടി അമേരിക്കയുടെ വടക്കന്‍ സംസ്‌കാരത്തിനെതിരേയുള്ള പരിപാടിയാണെങ്കില്‍ എന്തിനാണ് ഇന്ത്യയുടെ ഭൂപടത്തില്‍ ചിലയിടങ്ങളില്‍ തെക്കേ ഇന്ത്യയെ കറുപ്പടിച്ചും മറ്റിടങ്ങളില്‍ വടക്കേ ഇന്ത്യയെ കറുപ്പടിച്ചും ചിത്രീകരിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് ഇങ്ങനെയൊരു അജണ്ട ഉണ്ടായിരുന്നുവെന്നു പറയുന്നത് ശരിയാണെങ്കില്‍ ഇന്ത്യയെ രണ്ടായി വിഭജിച്ച് ദക്ഷിണേന്ത്യയെ ഒരു രാജ്യമാക്കി അവിടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന അജണ്ട പോപ്പുലര്‍ ഫ്രണ്ടിനുണ്ടെന്നു പറയുന്നത് ശരിയെങ്കില്‍ (ഞാനത് വെരിഫൈ ചെയ്തിട്ടില്ല) ആ ആശയത്തിന്റെ ഒളിച്ചുകടത്തലാണ് ഇതെന്ന് സംശയിക്കുന്നു. മാധ്യമസെമിനാറില്‍ എന്തിനാണ് രാഷ്ട്രീയം കൊണ്ടുവന്നത്. തെക്കിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ട ബാധ്യത മീഡിയ അക്കാദമിക്കും ജേര്‍ണലിസ്റ്റ് യൂണിയനുമുണ്ടോ. വിഭജനവാദികള്‍ അവരുടെ അജണ്ട പരസ്യമായി പറയാറില്ല. അവരത് ഒളിച്ചുകടത്തുകയാണ് ചെയ്യാറ്. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. തീര്‍ച്ചയായും പോപ്പുലര്‍ ഫ്രണ്ടിന് ഇങ്ങനെയൊരു അജണ്ടയുണ്ടെങ്കില്‍ ഈ പരിപാടി അതിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കാം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടതിനു പിന്നില്‍ ഇത്തരം പ്രശ്നങ്ങള്‍കൂടിയുണ്ടായിരുന്നെങ്കില്‍ ഈ ആരോപണത്തെ ഗൗരവത്തിലെടുക്കണം. ഈ പരിപാടിയില്‍ സഹകരിക്കാന്‍ ഒരു മാധ്യമസ്ഥാപനത്തിനുപോലും റിപ്പോര്‍ട്ടര്‍മാരില്ലാത്ത കാനഡയിലെ ജേര്‍ണലിസ്റ്റുകളുമുണ്ടത്രെ. അത് തട്ടിപ്പാണ്. കാനഡ എന്നു പറയുന്നത് സിഖ് വിഘടനവാദികള്‍ക്കു സഹായം ചെയ്യുന്ന രാജ്യമാണ് (മറുനാടന്‍ മലയാളി, മാര്‍ച്ച് 26, 2023).

ഹിന്ദു ഐക്യവേദിയുടെ നേതാവ് ഡോ. ഭാര്‍ഗവ റാം മാര്‍ച്ച് 25ന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കട്ടിങ് സൗത്ത് കോണ്‍ഫറന്‍സ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമല്ലെന്നുള്ള വാദത്തെ അദ്ദേഹം തള്ളുന്നുണ്ട്. അത്തരം വാദങ്ങള്‍ വെറും 'ചിലരുടെ' 'സുരക്ഷിതമായ വിശദീകരണങ്ങളാ'ണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ട് ഭാര്‍ഗവ റാമിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു (എഫ്.ബി, മാര്‍ച്ച് 25, 2023).

ബ്രിഡ്ജിങ് സൗത്ത്

ആരോപണം കത്തിനില്‍ക്കവേ മീഡിയ അക്കാദമിയുടെ പരിപാടിക്ക് ബദലായി ആര്‍.എസ്.എസ് 'ബ്രിഡ്ജിംഗ് സൗത്ത്' എന്ന പേരില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ബുദ്ധിജീവികളെയും അക്കാദമിക് വിദഗ്ധരെയുമൊക്കെ സംയോജിപ്പിച്ച് ഡിസംബര്‍ 12-ന് ഡല്‍ഹിയില്‍ വച്ചായിയിരുന്നു പരിപാടി. രാജ്യത്തുനിന്ന് ഒരു പ്രദേശവും വെട്ടിമാറ്റുന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും വിടവുകള്‍ നികത്തുന്നതിനാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പരിപാടി സംഘടിപ്പിച്ച പ്രജ്ഞാപ്രവാഹ് നല്‍കിയ വിശദീകരണം (ന്യൂസ് 18, ഡിസംബര്‍ 1, 2023).

അഴിമതിയാരോപണം

ഇതിനിടയില്‍ പരിപാടിക്കെതിരേ പല മേഖലയില്‍നിന്ന് അഴിമതിയാരോണമുയര്‍ന്നു. സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളാണ് ആരോപണം പ്രധാനമായും ഉന്നയിച്ചത്. കേരള മീഡിയ അക്കാദമിക്ക് 2023-24 വര്‍ഷം അനുവദിച്ച ഫണ്ട് ഈ പരിപാടിയിലെ പാട്ണര്‍മാര്‍ക്കുവേണ്ടി ചെലവഴിച്ചുവെന്നാണ് ആരോപിക്കപ്പെട്ടത്. അന്വേഷണം നടക്കുന്നതായും വാര്‍ത്തയുണ്ട് (ജന്മഭൂമി, ജൂലൈ 15, 2024).

കെ. വാസുകിയുടെ നിയമനം; പുതിയ വിവാദം

2024 ജൂലൈ 15ാം തിയ്യതി ടൈംസ് ഓഫ് ഇന്ത്യയിലൊരു വാര്‍ത്ത വന്നു. ഐ.എ.എസ് ഉദ്യോഗസ്ഥയായ കെ. വാസുകിക്ക് കേരള സര്‍ക്കാരിന്റെ വിദേശ സഹകരണ ചുമതല നല്‍കി. ഈ വാര്‍ത്ത വലിയൊരു വിവാദത്തിന് കാരണമായി. വിദേശകാര്യം കേന്ദ്ര വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു നിയമനം നടത്താന്‍ അവകാശമില്ലെന്നും ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രനും വി. മുരളീധരനും വിമര്‍ശിച്ചു. ഇതേക്കുറിച്ചു സംസ്ഥാനം നല്‍കുന്ന വിശദീകരണം ഇതാണ്: കയറ്റുമതികളും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാനും ഏകോപിപ്പിക്കാനുമായി വിദേശ മന്ത്രാലയം 2014 ഒക്ടോബറില്‍ സ്റ്റേറ്റ്‌സ് ഡിവിഷന്‍ തുടങ്ങിയിരുന്നു. ഡിവിഷന്റെ മുന്‍കൈയില്‍, വിദേശത്തുള്ള മിഷനുകള്‍/പോസ്റ്റുകളുമായി ബന്ധപ്പെടാനുള്ള നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. വിദേശ സര്‍വീസില്‍നിന്ന് വിരമിച്ച വേണു രാജാമണിയെ സംസ്ഥാന സര്‍ക്കാര്‍ 2021 സെപ്തംബര്‍ 15ന് ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി വിദേശ സഹകരണച്ചുമതലയില്‍ നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതോടെ 2023 സെപ്തംബര്‍ 28ന് ഐ.എ.എസ് ഉദ്യോഗസ്ഥനായ സുമന്‍ ബില്ലയെ നിയമിച്ചു. അദ്ദേഹത്തിന് പകരമാണ് ജൂലൈ 15ന് കെ. വാസുകിയെ നിയമിച്ചത്. ഈ നോഡല്‍ ഓഫീസറെയാണ് 'വിദേശകാര്യ സെക്രട്ടറി'യായി അവതരിപ്പിച്ചത് (ദേശാഭിമാനി, ജൂലൈ 27, 2024).

വീണ്ടും മുസ്‌ലിംകള്‍ പ്രതിക്കൂട്ടില്‍:

കേരളം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് പിണറായി വിജയന്‍ തെറ്റിദ്ധരിക്കരുതെന്ന് ബി.ജെ.പി നേതാവ് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്റേത് ഫെഡറല്‍ ചട്ടങ്ങളുടെ ലംഘനമാണ്. സെക്രട്ടറിയുടെ നിയമനം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കും. ദേശവിരുദ്ധശക്തികളുടെയും മതഭീകരവാദികളുടെയും സുരക്ഷിതതാവളമാണ് കേരളം. പ്രത്യേക ദക്ഷിണ ഭാരതത്തെക്കുറിച്ചുള്ള ചര്‍ച്ചകളുടെ സൂചനപോലുമുണ്ട് (ഓര്‍ഗനൈസര്‍, ജൂലൈ 20, 2024). തുടര്‍ന്നദ്ദേഹം വാസുകിയുടെ നിയമനത്തെ കട്ടിങ് സൗത്തുമായി ബന്ധപ്പെടുത്തി. കട്ടിങ് സൗത്ത് സെമിനാര്‍ ആ വഴിയ്ക്കുള്ള ശ്രമമാണെന്നാണ് ആരോപണം.

കര്‍മ്മ ന്യൂസിന്റെ അല്‍ ഖേരള പ്രയോഗം!

'കേരളം വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതിനെക്കുറിച്ച് കര്‍മ്മ ന്യൂസിന്റെ വ്യാഖ്യാനമിങ്ങനെ: എന്താണ് പിണറായി വിജയന്റെ മനസ്സിലിരുപ്പ് എന്നറിയില്ല. വാസുകി ഐ.എ.എസ്സാണ് അല്‍ ഖേരള രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറി. വിദേശകാര്യത്തില്‍ പ്രധാനമന്ത്രിക്ക് പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല. പ്രധാനമന്ത്രിയുടെ ജോലി പിണറായി സ്വയംചെയ്യുകയാണ്. കട്ടിങ് സൗത്ത് എന്നതിന് കേരളത്തിന്റെ പിന്തുണയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും വാര്‍ത്ത അവകാശപ്പെട്ടു (കട്ടിങ് സൗത്ത് പ്രായോഗികമാക്കുന്നോ?, കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറി, കര്‍മ്മാ ന്യൂസ്, ജൂലൈ 20, 2024).

കോഴിക്കോട് സര്‍വകലാശാലയ്ക്കെതിരേയും

വിഘടന തീവ്രവാദത്തിന്റെ ആശയപ്രചരണം നടത്തുന്ന കേന്ദ്രമായി കേരളം മാറുന്നുവെന്ന ആരോപണവുമായി കേസരി പത്രാധിപര്‍ എന്‍.ആര്‍ മധുവും രംഗത്തുവന്നു. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന ആരോപണത്തിനു പുറമെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പോയാല്‍ നാം അഫ്ഗാനിസ്ഥാനിലാണോ അറേബ്യയിലാണോയെന്ന് തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു: 'കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്യാമ്പസില്‍ പോയിക്കഴിഞ്ഞാല്‍ അവിടുത്തെ പോസ്റ്ററുകളും ചിത്രങ്ങളും കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ നില്‍ക്കുന്നത് സൗദി അറേബ്യയിലോ, അഫ്ഗാനിസ്താനിലോ ആണെന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ് സര്‍വകലാശാല സ്ഥിതി. ഇത്തരം സാഹചര്യങ്ങളില്‍ കട്ടിംഗ് സൗത്ത് വാദം ഉയര്‍ന്നത് കേരളത്തിലാണ്. ഭാരതത്തെ ഒന്നാക്കാന്‍വേണ്ടി കാലടിയില്‍ ജനിച്ച ശങ്കരാചാര്യന്‍ നടത്തിയ സാംസ്‌കാരിക യാത്രകള്‍, ഭാരതത്തെ ഒന്നാക്കാന്‍ നാല് മഠങ്ങള്‍ സ്ഥാപിച്ച ശങ്കരന്‍ ജനിച്ച മണ്ണില്‍നിന്നു വിഘടനവാദം ഉണ്ടാകുന്നു. വിഘടനവാദത്തിന്റെ ആശയപ്രചരണത്തിന്റെ കേന്ദ്രമായി കേരളം മാറുന്നു. ഭാരതത്തെ രണ്ടാക്കണം ഉത്തര ഭാരതവും ദക്ഷിണ ഭാരതവും. ഇതു കുറെക്കാലമായി നടക്കുന്ന ശ്രമമാണ്. പോരാട്ടത്തിന് മുന്‍പൊരു ആശയപരമായ പശ്ചാത്തലം ഉണ്ടായിരുന്നു. ഇതിന് മാധ്യമ രംഗത്തെയും അക്കാദമി രംഗത്തെയും സര്‍വ്വകശാലകളും കാരണമാകുന്നു. സര്‍വ്വകലാശാലാ സിലബസില്‍ പോലും നുഴഞ്ഞുകയറിയിരിക്കുന്നു. കേസരിയെപ്പോലെ ഒരു മാധ്യമത്തിന് കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ല. ആശയത്തെ ആശയംകൊണ്ട് നേരിടാനേ കഴിയൂ. അതുകൊണ്ടാണ് ബ്രിഡിജിങ്ങ് സൗത്ത് ചര്‍ച്ചയാകുന്നത്.' (കട്ടിങ്ങ് സൗത്ത്, വിഘടനവാദ ആശയപ്രചരണത്തിന്റെ കേന്ദ്രമായി കേരളം മാറുന്നു, ആയുധയുദ്ധത്തിനു മുമ്പ് ആശയ പശ്ചാത്തലം-കര്‍മ്മ ന്യൂസ്, ജൂലൈ 21, 2024)

മീഡിയ അക്കാദമിയുടെ കട്ടിങ് സൗത്ത് കോണ്‍ഫറന്‍സുമായി മുസ്‌ലിം സംഘടനകള്‍ക്ക് പ്രത്യേകിച്ച് ഒരു ബന്ധവുമില്ല. എന്നിട്ടും അതിനെ പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമായി വായിക്കുകയാണ് ചെയ്തത്. ഇവിടെ കട്ടിങ് സൗത്തിനെ തെക്കേ ഇന്ത്യയെ വിഭജിക്കാനുള്ള പദ്ധതിയുമായി ബന്ധിപ്പിക്കുകയും ഇതേ അജണ്ട പോപ്പുലര്‍ ഫ്രണ്ടിനുണ്ടെന്ന് ആരോപിക്കുകയും പതുക്കെ കട്ടിങ് സൗത്ത് എന്നത് ഇന്ത്യക്കെതിരേ മുസ്‌ലിംകള്‍ ചെയ്യുന്ന പാതകമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഒപ്പം കേരളത്തെ മതതീവ്രവാദികളുടെ കേന്ദ്രമാണെന്നും ആക്ഷേപിക്കുന്നു. സംഘ്പരിവാര്‍ ഇസ്‌ലാമോഫോബിയക്ക് ആരോപണം നടത്താന്‍ വസ്തുതകളുടെ യാതൊരു പിന്‍ബലവും വേണ്ടെന്നതാണ് ഇത് തെളിയിക്കുന്നത്.

ജിഹാദും മാരീചന്മാരും

സംഘ്പരിവാര്‍ സംഘടനകളിലൊന്നായ മഹിളാ ഐക്യവേദിയുടെ പ്രഥമ കുമാരി സംഗമം (മുകുളം കുമാരി സംഗമം) ജൂലൈ 13ാം തിയ്യതി ചാലക്കുടിയിലാണ് നടന്നത്. അതിനു തൊട്ടുമുമ്പത്തെ ദിവസം ജന്മഭൂമി പത്രത്തില്‍ ഐക്യവേദി അധ്യക്ഷ ബിന്ദു മോഹന്‍ 'കരുതലേകാന്‍ കരുത്താകാന്‍ കുമാരിമാര്‍' എന്ന ശീര്‍ഷകത്തില്‍ സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയുടെ മാതൃകാസങ്കല്‍പ്പത്തെക്കുറിച്ച് വിശദീകരിച്ച അവര്‍ സാമൂഹികജീവിതത്തില്‍ ദ്രൗപദിയെയും വ്യക്തിജീവിതത്തില്‍ സീതയെയും മാതൃകയാക്കാന്‍ ആദ്യമേ ഉപദേശിച്ചു. തുടര്‍ന്ന് സമ്മേളനലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു: കരുതലും കരുത്തുമാണ് കുമാരിമാര്‍ക്ക് അമ്മമാര്‍ പകര്‍ന്നുനല്‍കേണ്ടത്. ഈ കുമാരിമാര്‍ക്കുവേണ്ടിയാണ് മഹിളാ ഐക്യവേദി കുമാരി സംഗമം (മുകുളം-2024) സംഘടിപ്പിക്കുന്നത്. പെണ്‍കുട്ടികളെ സംസ്‌കാരസമ്പന്നരും ദേശഭക്തിയും സത്യസന്ധതയും ആദര്‍ശശുദ്ധിയും ആത്മാര്‍ഥതയും സേവനസന്നദ്ധതയുള്ളവരുമായി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പലവിധ അപചയങ്ങളില്‍ അകപ്പെടാതെ അവരെ രക്ഷിക്കുകയെന്നതാണ് ധര്‍മം (ജൂലൈ 12, 2024, ജന്മഭൂമി).

വേദപുരാണകഥകളുടെയും സങ്കല്‍പങ്ങളുടെയും അന്തരീക്ഷത്തില്‍നിന്ന് പൊടുന്നനെ അവര്‍ യഥാര്‍ഥ ലക്ഷ്യത്തിലേക്ക് കടന്നു. പുരോഗമന ചിന്തയുടേയും ആധുനികതയുടേയും പേരില്‍ നടക്കുന്ന അധാര്‍മിക പ്രവര്‍ത്തികളുടെ പേരില്‍ 'അഭിനവ മാരീചന്മാര്‍' നമ്മുടെ പെണ്‍കുട്ടികളെ ഉന്നം വയ്ക്കുന്നു. ഇവരുടെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ സ്വാഭിമാനത്തോടെ, കുരുത്തോടെ മുന്നേറാന്‍ കുമാരിമാരെ പ്രാപ്തരാക്കണം. ചുരുക്കത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കുന്നവര്‍ക്കെതിരേയാണ് സമ്മേളനം ചേരുന്നത്. അഭിനവ മാരീചന്‍ എന്ന പ്രയോഗം ഈ പെണ്‍കുട്ടികളെ മയക്കിയും വശീകരിച്ചും പാട്ടിലാക്കി വിവാഹം കഴിക്കുന്നവരും. ലൗജിഹാദിനെതിരേയാണ് സമ്മേളനമെന്നാണ് പ്രയോഗത്തില്‍നിന്ന് മനസ്സിലായത്.

തുപ്പുന്ന ഹോട്ടല്‍

തിരുവനന്തപുരത്തെ ഏതാനും മുസ്‌ലിം ഉടമസ്ഥതയിലുളള്ള ഹോട്ടലുകള്‍ക്കെതിരേ 2024 ജൂലൈ അവസാന വാരം ഫേസ്ബുക്കിലൂടെ ഒരു വിദ്വേഷപ്രചാരണം നടന്നു. കേരള കാത്തലിക് ഗ്രൂപ്പ് എന്ന ഒരു പേജില്‍ ആലിസ് പുരയ്ക്കലെന്ന ഐ.ഡിയില്‍നിന്നാണ് പ്രചാരണം തുടങ്ങിയത്. പോസ്റ്റിലെ ആരോപണങ്ങള്‍ ഇവയാണ്: തിരുവനന്തപുരം പാളയത്തെ ഒരു സ്വകാര്യ റെസ്റ്റോറന്റില്‍ ഒരു മുസ്‌ലിം പള്ളിയുണ്ട്. ആ പള്ളിയില്‍ നിന്നും ദിവസവും രാവിലെ പത്തരയ്ക്കു മുമ്പ് ഒരു ഉസ്താദ് ആ റസ്റ്റോറന്റില്‍ വന്ന് എല്ലാ ബിരിയാണിയിലും മറ്റു വിഭവങ്ങളിലും കാര്‍ക്കിച്ചു തുപ്പും. ഇത് വൈകിട്ടും നടക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് ഉസ്താദിന് ഫീസ് ഉണ്ട്. അതേപോലെ പൂജപ്പുരയില്‍ മറ്റൊരു ഹോട്ടലുണ്ട്. അവിടെയും അത് നടക്കുന്നു. മറ്റൊരു ഹോട്ടല്‍ വഴുതക്കാടുണ്ട്. അവിടെയും മറ്റൊരു ഉസ്താദ് വന്ന് തുപ്പുന്നുണ്ട്... ഇങ്ങനെ പോകുന്നു ആരോപണം.

ഈ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സജീദ് ഖാലിദ് കേരള പൊലിസിന്റെ എഫ്.ബി പേജ് വഴി ഉത്തരവാദിത്തപ്പെട്ടവരെ ഇക്കാര്യം അറിയിച്ചു. സൈബര്‍ ഡോമില്‍ പരാതി നല്‍കണമെന്നായിരുന്നു മറുപടി. അതേകുറിച്ച് സജീദ് ഖാലിദ് തന്റെ എഫ്.ബി വാളില്‍ എഴുതി: ഞാന്‍ ആ ഗ്രൂപ്പില്‍ പോയി സ്‌ക്രീന്‍ ഷോട്ട് വ്യാജമാണോ എന്ന് ചെക്ക് ചെയ്തപ്പോള്‍ അത് വ്യാജമല്ല എന്ന് മനസ്സിലായി. ആ പോസ്റ്റിന്റെ ലിങ്ക് സഹിതം കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് മെസ്സേജ് അയച്ചു. അല്‍പംകഴിഞ്ഞു വന്ന മറുപടി നിങ്ങള്‍ സൈബര്‍ ഡോമില്‍ പരാതി നല്‍കൂ എന്നാണ്. ഞാന്‍ അതിന് മറുപടി നല്‍കിയത് പൗരന്‍ എന്ന നിലയില്‍ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അഡ്മിന് ഒരു ഇന്‍ഫര്‍മേഷന്‍ നല്‍കിയതാണ്. ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ എന്ന നിലയില്‍ നിങ്ങള്‍ ചെയ്യേണ്ടത് അത് ബന്ധപ്പെട്ടവരിലേക്ക് അയക്കുക എന്നല്ലേ (എഫ്.ബി, ജൂലൈ 25, 2024).

മെസേജ് ഉത്തരവാദപ്പെട്ടവരെ അറിയിച്ചതായി പിന്നീട് അദ്ദേഹത്തിന് മറുപടി കിട്ടി. ഈ മെസേജ് ലഭിച്ച് ഏറെ താമസിയാതെ പോസ്റ്റ് പേജില്‍നിന്ന് അപ്രത്യക്ഷമായി. ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ കേരളത്തില്‍ പുതിയതല്ല. നേരത്തേയും ഇതേമട്ടിലുള്ള പ്രചാരണങ്ങള്‍ ഉത്തരവാദപ്പെട്ട നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

സുനിതാദേവദാസ്: ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് അവരുടെ യുട്യൂബ് പേജില്‍ (സംസം ഹോട്ടലിലെ ഭക്ഷണത്തില്‍ ഉസ്താദ് തുപ്പുന്നെന്ന്: കേസെടുക്കാതെ പൊലിസ്, സുനിത ദേവദാസ്, ജൂലൈ 24, 2024) പ്രതികരിച്ചു: ഇന്നലെ കണ്ട വളരെ വൃത്തികെട്ട വര്‍ഗീയ പ്രചാരണം നിങ്ങളുടെ മുന്നിലേക്ക് വെക്കുകയാണ്. കേരള കാത്തലിക് ഗ്രൂപ്പ് എന്ന 26000 അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിദ്വേഷ പോസ്റ്റുകള്‍ നിറഞ്ഞൊഴുകുകയാണ്. ഇവരുടെ അഡ്മിന്‍മാര്‍ ഇവരാണ്. (ഒരു പട്ടിക സ്‌ക്രീനില്‍ കാണിക്കുന്നു) കേരള പൊലിസിന് ഇതൊന്നും നോക്കാന്‍ നേരമില്ല. അവര്‍ റീല്‍സെടുത്ത് ഇന്‍സ്റ്റയിലിട്ട് ലൈക്കും ഷെയറും വാങ്ങുന്ന തിരക്കിലാണ്. മുസ്‌ലിം കടകള്‍ക്കെതിരേയുള്ള ബഹിഷ്‌കരണാഹ്വാനം, മുസ് ലിം വിദ്വേഷം, വ്യാപാര ബഹിഷ്‌കരണം, നുണപ്രചാരണം, സാമൂഹികഭ്രഷ്ട്, ഉത്തര്‍പ്രദേശില്‍ മാത്രമല്ല നടക്കുന്നത് കേരളത്തിലും അതിഭംഗിയായി നടക്കുന്നുണ്ട്. ഇതൊക്കെ എവിടെയാണ് അവസാനിക്കുക. കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും ശരിയ്ക്കും എന്താണ് ഈ നാട്ടില്‍ പണി. ഈ രീതിയിലാണ് കേരളം മുന്നോട്ടു പോകുന്നതെങ്കില്‍ നോര്‍ത്ത് ഇന്ത്യയെപ്പോലെ ഒരു പക്ഷേ, അതിനേക്കാള്‍ ഭീകരമായ രീതിയില്‍ ഒരു വര്‍ഗീയ കലാപവും വിദ്വേഷക്യാമ്പയിനും ഇവിടെയുമുണ്ടാവും. നമ്മളും അനുഭവിക്കാന്‍ പോവുകയാണ്.

ആവര്‍ത്തിക്കുന്ന ആരോപണങ്ങള്‍

തിരുവനന്തപുരത്തെ ഹോട്ടലുകള്‍ക്കെതിരേ നടന്നതുപോലെയുള്ള പ്രചാരണങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. 2021 ല്‍ നടന്ന പ്രചാരണത്തിന് കേരളത്തില്‍ തുടക്കംകുറിച്ചത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. 'വിശുദ്ധതുപ്പല്‍ വീഡിയോ' എന്ന കമന്റോടെ ഒരു വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: ഇത്രയും നികൃഷ്ടമായ അനാചാരങ്ങള്‍ ഇന്നും ഒരു പരിഷ്‌കൃതസമൂഹത്തില്‍ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികള്‍ അനങ്ങുന്നില്ല. പണ്ടൊക്കെ യുക്തിവാദികള്‍ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവര്‍ സ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്? ഇതൊക്കെ വെറും ബിരിയാണി മഹാമഹമായി കണക്കാക്കാം. എന്നാല്‍, ഈയടുത്തകാലത്ത് ഒരു പിഞ്ചു കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ചുള്ള വാര്‍ത്ത നമ്മെ ഞെട്ടിച്ചതാണ്. എന്തുകൊണ്ട് നമ്മുടെ സാംസ്‌കാരിക ലോകം മൗനം ഭുജിക്കുന്നു? റിയാസാദി സതീശന്‍മാര്‍ എന്തുകൊണ്ട് വായ തുറക്കുന്നില്ല? താലിബാന്‍ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്പ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാന്‍ കേരളത്തിനു കഴിയുന്നില്ലെങ്കില്‍ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാന്‍ ഒരുപാടുകാതം താണ്ടേണ്ടിവരില്ല. (വിശുദ്ധ തുപ്പല്‍' വീഡിയോയുമായി കെ. സുരേന്ദ്രന്‍; റിയാസാദി സതീശന്‍മാര്‍ എന്തുകൊണ്ട് വായ തുറക്കുന്നില്ല? ഇന്ത്യാ ടുഡെ, നവംബര്‍ 8, 2021). തുപ്പല്‍ ഭക്ഷണം കഴിക്കാന്‍ കേരളമെന്താണ് ഇസ്‌ലാമിക രാജ്യമാണോയെന്ന് പിന്നീട് സുരേന്ദ്രന്‍ പാലക്കാട്ട് പ്രസംഗിച്ചു. താമസിയാതെ ഈ വിദ്വേഷ പ്രതികരണം മുന്‍ എം.എല്‍.എ പി.സി ജോര്‍ജും ഏറ്റെടുത്തു. 2016ല്‍ തന്റെ ശരീരത്തില്‍ ഒരു ഖത്തീബ് മന്ത്രിച്ച് തുപ്പിയെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. (ദി ക്യൂ, നവംബര്‍ 23, 2021).

2022ല്‍ ഇതേ ആരോപണം പി.സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു അത്: കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നുകൊണ്ടുപോകുന്നു എന്നിങ്ങനെയായിരുന്നു പ്രസംഗം (ഏപ്രില്‍ 30, 2022). 2022 ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.

2023ലും ഇതേ പ്രചാരണം നടന്നു. ഫാക്റ്റ് ചെക്കിങ് വെബ് സൈറ്റായ ആള്‍ട്ട് ന്യൂസ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഗോയല്‍ അടക്കമുള്ളവരാണ് അന്ന് വീഡിയോ ഷെയര്‍ ചെയ്തത്. കേരളത്തില്‍ 2021 നവംബര്‍ 6 മുതല്‍ 8 വരെ ഉള്ളാള്‍ തങ്ങളുടെ ദര്‍ഗയില്‍ ഉറൂസിനോടനുബന്ധിച്ചുണ്ടായ സംഭവമാണ് പലരും വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്. ഒരു പ്ലേറ്റിലേക്ക് എടുത്ത ഭക്ഷണത്തില്‍ ഫസല്‍ കോയമ്മ തങ്ങള്‍ മന്ത്രിച്ച് ഊതുന്നതാണ് വീഡിയോയിലുള്ളത്. കോവിഡ് കാലത്തും സമാനമായ വീഡിയോകള്‍ (2020) വടക്കേ ഇന്ത്യയില്‍ വൈറലായിരുന്നു. ഭക്ഷണത്തില്‍ തുപ്പി, കോവിഡ് പകര്‍ച്ചക്ക് കാരണമായെന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. (വീഡിയോയില്‍ കാണുന്ന പുരോഹിതന്‍ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടോ? ആള്‍ട്ട് ന്യൂസ്, ജനുവരി 14, 2023).

2022ല്‍ ലതാ മങ്കേഷ്‌കര്‍ മരിച്ച സമയത്ത് ഷാരൂഖ് ഖാനെതിരേയും ഇതേ ആരോപണം ഉന്നയിക്കപ്പെട്ടു. മുംബൈ ശിവജി പാര്‍ക്കില്‍ ലതാ മങ്കേഷ്‌കറുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനെത്തിച്ച സമയത്ത് മൃതദേഹത്തിനു സമീപം ദുഅാ ചെയ്തശേഷം ഊതിയതിനെയാണ് തുപ്പുന്നതായി ചിത്രീകരിച്ചത്. (ടൈംസ് ഓഫ് ഇന്ത്യ, ഫെബ്രുവരി 7, 2022).

പലകാലത്തായി പലയിടങ്ങളിലായി ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല. പല കേസിലും പൊതുപ്രവര്‍ത്തകര്‍ നേരിട്ട് പരാതി നല്‍കുകപോലും ചെയ്തിട്ടുണ്ട്. പക്ഷേ, നടപടയുണ്ടായില്ല. ഇത്തവണയും ഉണ്ടായില്ല.

നീറ്റ് വിവാദവും ഇസ്‌ലാമോഫോബിയയും

2024 മെയ് 5നായിരുന്നു നീറ്റ് പരീക്ഷ നടന്നത്. വിദേശത്തുള്ള 14 കേന്ദ്രങ്ങളിലും, 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലുമായി 2.4 ദശലക്ഷത്തിലധികം പേര്‍ പരീക്ഷയെഴുതി. ജൂണ്‍ 4 ന് പരീക്ഷാഫലം പുറത്തുവന്നു. പരീക്ഷ നടക്കുന്നതിനിടയില്‍ത്തന്നെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സാമൂഹികമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു. ആരോപണം നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി നിഷേധിച്ചു. രാജസ്ഥാനിലെ സവായ് മാധേപുരിലെ സ്‌കൂളില്‍ ഹിന്ദി മീഡിയത്തില്‍ പരീക്ഷയെഴുതാനിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ചോദ്യക്കടലാസ് മാറിനല്‍കിയിരുന്നു. അധ്യാപകന്‍ പിഴവു പരിഹരിക്കുന്നതിനിടെ വൈകിട്ട് നാലോടെ ചില കുട്ടികള്‍ നിര്‍ബന്ധപൂര്‍വം ഹാള്‍ വിട്ടിറങ്ങി. ഇവരുടെ ചോദ്യക്കടലാസുകളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നാണ് എന്‍.ടി.എയുടെ വിശദീകരണം. അതിനകം പരീക്ഷ തുടങ്ങിയിരുന്നതിനാലും മറ്റു വിദ്യാര്‍ഥികളെല്ലാം പരീക്ഷാ ഹാളിലായിരുന്നതിനാലും ഇതു ചോദ്യച്ചോര്‍ച്ചയല്ലെന്നായിരുന്നു വാദം. എന്നാല്‍ 'നീറ്റ്' നിയമാവലിപ്രകാരം, പരീക്ഷ പൂര്‍ത്തിയായശേഷമേ വിദ്യാര്‍ഥികള്‍ പുറത്തുപോകാന്‍ പാടുള്ളു (മലയാള മനോരമ, മേയ് 6, 2024).

ഇത്തവണ 1500-ലധികം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചു. ഗ്രേസ് മാര്‍ക്കിലൂടെയാണ് വിദ്യാര്‍ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. പരീക്ഷക്ക് ഹാജരായപ്പോള്‍ ഉണ്ടായ സമയനഷ്ടം നികത്താനാണ് മാര്‍ക്ക് കൊടുത്തതെന്നായിരുന്നു ഇതിന് ഏജന്‍സി നല്‍കിയ വിശദീകരണം. ഈ സാഹചര്യത്തില്‍ പുനഃപരീക്ഷ ആവശ്യപ്പെട്ട് ശാവാംഗി മിശ്രയെന്ന വിദ്യാര്‍ഥി ഉള്‍പ്പെടെ 10 പേര്‍ ജൂണ്‍ 12ന് കോടതിയെ സമീപിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന് അവരും ആരോപിച്ചു.

ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസില്‍ ആദ്യം പൊലീസാണ് കേസെടുത്തത്. പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. പലയിടങ്ങളിലായി നിരവധി പേര്‍ അറസ്റ്റിലായി. പ്രതിപ്പട്ടികയിലെ മുസ്‌ലിം നാമധാരികളുടെ പേര് ചൂണ്ടിക്കാട്ടി പരീക്ഷാ അട്ടിമറിക്ക് പിന്നില്‍ മുസ്‌ലിംകളാണെന്ന ആരോപണമുയര്‍ന്നു. യഥാര്‍ഥത്തില്‍ 30 പേര്‍ അറസ്റ്റിലായ സമയത്ത് മൂന്ന് പേര്‍ മാത്രമായിരുന്നു മുസ്‌ലിം നാമധാരികള്‍. ഇത്രയും കാര്യങ്ങള്‍ക്കു കേരളവുമായൊരു ബന്ധവുമുണ്ടായിരുന്നില്ല.

നീറ്റ് ജിഹാദ്

മലപ്പുറം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററായ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു നിരവധി വിദ്യാര്‍ഥികള്‍ ഇത്തവണ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഏതൊരു സ്വകാര്യസ്ഥാപനത്തെയുംപോലെ അവരും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രപരസ്യം നല്‍കി. മുസ്‌ലിംകള്‍ ധാരാളമുള്ള പ്രദേശത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതുകൊണ്ടുതന്നെ അവിടത്തെ വിദ്യാര്‍ഥികളില്‍ അധികവും മുസ്‌ലിംകളാണ്. സ്വാഭാവികമായും വിജയിച്ചവരുടെ എണ്ണത്തിലും ഇത് പ്രതിഫലിച്ചു. സ്ഥാപനം നല്‍കിയ പരസ്യത്തില്‍ ധാരാളം മുസ്‌ലിം വിദ്യാര്‍ഥികളുടെ ചിത്രമുണ്ടായിരുന്നു. ഈ ചിത്രം താമസിയാതെ ആരോപണത്തിന്റെ കേന്ദ്രമായി.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കളെന്ന അടിക്കുറിപ്പോടെ ഈ ചിത്രം വടക്കേ ഇന്ത്യന്‍ സസ്ഥാനങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ബി.ജെ.പി ഹാന്‍ഡിലുകളായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ച മുസ്‌ലിംകളുടെ പദ്ധതിയാണെന്നും ആരോപിക്കപ്പെട്ടു.

സുദര്‍ശന്‍ ടി.വിയുടെ മേധാവി സുരേഷ് ചവാന്‍ കെയും ഈ ചിത്രം ഷെയര്‍ ചെയ്തു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് ഇതില്‍നിന്ന് മനസ്സിലാകുമെന്നാണ് നീറ്റ് ജിഹാദ് എന്ന ഹാഷ് ടാഗില്‍ എക്സില്‍ ചെയ്ത പോസ്റ്റില്‍ ചോദിച്ചത് (എക്സ്, ജൂലൈ 4, 2024). ആരോപണങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ വിശദീകരണം ഇതായിരുന്നു: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളുടെ പരസ്യമാണ് നല്‍കിയത്. മുസ്‌ലിം, ഹിന്ദു വിഭാഗത്തില്‍നിന്ന് ഉള്‍പ്പടെ എല്ലാ മതങ്ങളില്‍ നിന്നും ഞങ്ങളുടെ സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ കൂടുതലും മുസ്‌ലിം വിദ്യാര്‍ഥികളാണ്. എന്നാല്‍, ഇതിനെ ചിലര്‍ ചേര്‍ന്ന് നീറ്റ് അഴിമതിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് തെറ്റായ ആരോപണമാണ്'(ചന്ദ്രിക, ജൂലൈ 5, 2024). കുപ്രചാരണങ്ങള്‍ക്കെതിരേ സ്ഥാപനം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ വ്യക്തമല്ല.

മാര്‍ക്ക് ജിഹാദ്: ഒരു മുന്‍മാതൃക

മുസ്‌ലിംകളെ മാത്രമല്ല, മലയാളികളെയാകെത്തന്നെ ഇകഴ്ത്തിക്കാണിക്കാന്‍ രൂപപ്പെടുത്തിയ വാക്കായിരുന്നു മാര്‍ക്ക് ജിഹാദ്. 2021 ഒക്ടോബര്‍ 7 നു ഡല്‍ഹി സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ചു (ന്യൂസ് 18 മലയാളം, 7 ഒക്ടോബര്‍ 2021). ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശനത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട് എന്നാണ് അധ്യാപകന്റെ തെറ്റായ നിരീക്ഷണം. ഒടുവില്‍ അധ്യാപകനെ തള്ളി സര്‍വകലാശാലതന്നെ കുറിപ്പിറക്കി.

എന്നാല്‍, 2021 ഫെബ്രുവരി 21ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എം.പിയും മുന്‍ വ്യവസായ മന്ത്രിയുമായിരുന്ന ശ്രീ എളമരം കരീം, കോഴിക്കോട് എന്‍.ജി.ഒ ഹാളില്‍ നടത്തിയ പ്രസംഗം സൂചിപ്പിച്ചുകൊണ്ടു സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ മാര്‍ക്ക് ജിഹാദ് ആരോപണം ശരിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി.' ഡല്‍ഹി സര്‍വകലാശാലക്കു കീഴിലെ കോളജിലേക്കും ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസകേന്ദ്രങ്ങളിലേക്കും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ ജമാഅത്തെ ഇസ്ലാമി പദ്ധതി തയ്യാറാക്കിയിരിക്കുന്നു' (മീഡിയവണ്‍ 10 ഒക്ടോബര്‍ 2021) എന്നായിരുന്നു കരീമിന്റെ പ്രസ്താവന. അതിനു തെളിവായി അദ്ദേഹം അതിശയോക്തി നിറഞ്ഞ കുറെ വിവരങ്ങള്‍ തന്റെ പ്രസംഗത്തില്‍ പങ്കുവെച്ചു. കക്ഷിരാഷ്ട്രീയ താല്‍പര്യത്തിന്റെ ഭാഗമായി മറ്റൊരു സാഹചര്യത്തില്‍ ഉയര്‍ത്തിയ വിമര്‍ശനമാണെങ്കിലും പിന്നീടതു സംഘ്പരിവാറിനു സഹായകമാവുന്ന രീതിയിലാണ് ഉന്നയിക്കപ്പെട്ടത്.

ടി.ജി മോഹന്‍ദാസ്, ഇസ്‌ലാം, ഹിന്ദു

സംഘ്പരിവാര്‍ സഹയാത്രികന്‍ ടി.ജി മോഹന്‍ദാസും എക്സ് മുസ്‌ലിം ഡോ. ആരിഫ് ഹുസൈന്‍ തെരുവത്തുമായി നടത്തിയ ചര്‍ച്ചയുടെ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. (ടി.ജി മോഹന്‍ദാസ് ആരാണ്? ആരിഫ് ഹുസൈന്‍-ടി.ജി മോഹന്‍ദാസ് ചര്‍ച്ച, ആരിഫ് ഹുസൈന്‍ തെരുവത്ത് യുട്യൂബ് ചാനല്‍, ജൂലൈ 2, 2024). കേരളത്തില്‍ ഹിന്ദുത്വ പ്രചാരണങ്ങള്‍ക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒരു നവനാസ്തിക പ്രവര്‍ത്തകനാണ് ആരിഫ് ഹുസൈന്‍.

മതനിന്ദാ നിയമം വേണ്ട

വീഡിയോയില്‍ മോഹന്‍ദാസ് പുറപ്പെടുവിക്കുന്ന ഒരു പ്രധാന അഭിപ്രായം മതനിന്ദാ നിയമം എടുത്തുകളയണമെന്നാണ്: 'വിശ്വാസിയായ ഒരാള്‍ക്ക് ആ വിശ്വാസത്തെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് പറയുമ്പോള്‍ത്തന്നെ അത് നിരന്തരം പരീക്ഷിക്കപ്പെടണം എന്ന് കരുതുന്നു. ഭഗവത്ഗീതയില്‍ അര്‍ജുനനോട് കൃഷ്ണന്‍ പറയുന്നുണ്ട്, പറയാനുള്ളത് പറഞ്ഞു ഇനി മനസ്സിലിട്ട് വിമര്‍ശിച്ച് നോക്കിയിട്ട് ശരിയെന്നു തോന്നുന്നത് ചെയ്യൂ. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാവുന്നതാണെന്നു പറയുന്ന സംസ്‌കാരം നശിച്ചുപോകരുതെന്ന് കരുതുന്നു. വിമര്‍ശിക്കരുതെന്ന് പറയുമ്പോള്‍ മതത്തിനുള്ളില്‍ ഭയമുണ്ടെന്നാണ് അര്‍ഥം. ആരായാലും അങ്ങനെത്തന്നെ. ഒരു ഹിന്ദുവിന് ഭയക്കാനായി ഒന്നുമില്ല. എത്രയോ വിമര്‍ശനങ്ങള്‍ നടന്നിരിക്കുന്നു. പണ്ട് വിമര്‍ശിച്ചിരുന്ന കാര്യങ്ങള്‍ പുതുതായി കണ്ടെത്തി വിമര്‍ശിക്കുകയാണ്. എ.ടി കോവൂരിനെപ്പോലെ ലോജിക്കലായി മതവിമര്‍ശനം നടത്തണം.

ബാബരി മസ്ജിദ്

ബാബരി മസ്ജിദ് തകര്‍ത്തത് നിയമപരമായി വലിയ സംഭവമാക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം: 'മതത്തെ വിമര്‍ശിച്ചുകൂടാ എന്ന് ഇന്ത്യന്‍ പീനല്‍ കോഡില്‍ എഴുതിയിരിക്കുന്നു. നേരത്തേ ഇത് 295 എ ആയിരുന്നു. ജൂലൈ ഒന്നു മുതല്‍ 299 ആണ്. 295 എ മാറിയിട്ട് 299 ആയി. 295 എ ആകാന്‍ കാരണം യഥാര്‍ഥ ഐ.പി.സിയില്‍ ഈ വകുപ്പ് ഉണ്ടായിരുന്നില്ല. 295 ഉണ്ടായിരുന്നു, ആരാധനാലയം വൃത്തികേടാക്കുക, കേടുവരുത്തുക, തകര്‍ക്കുക ഇതൊക്കെ ചെയ്താല്‍ രണ്ട് വര്‍ഷം തടവോ പിഴയോ രണ്ടും കൂടെയോ ആണ് ശിക്ഷ. ഇപ്പോഴും ഒരു ആരാധനാലയം തകര്‍ത്താലുള്ള ശിക്ഷ രണ്ട് വര്‍ഷം തടവോ പിഴയോ ആണ്. പിഴ എത്രയാണെന്ന് പറഞ്ഞിട്ടില്ല. ആയിരമോ രണ്ടായിരമോ രൂപ എത്രയുമാകാം, മജിസ്ട്രേറ്റിന്റെ യുക്തംപോലെ. ഒരു കെട്ടിടം തകര്‍ത്തു. അതാണ്. പലരും ബാബരി മസ്ജിദ് എന്നുപറഞ്ഞ് വലിയ ബഹളംവയ്ക്കുന്നുണ്ട്. അത് യഥാര്‍ഥത്തില്‍ ഒരു മതപരമായ കെട്ടിടം തകര്‍ത്തു ശിക്ഷ രണ്ട് വര്‍ഷം തടവ്. ഇതേയുള്ളൂ. സുപ്രിം കോടതിക്ക് കോര്‍ട്ടലക്ഷ്യം എന്നു പറയാം. അങ്ങനെ നോക്കിയാല്‍ മൂന്നു വര്‍ഷം ശിക്ഷയുണ്ട്. പൊളിച്ചതിന് രണ്ട് വര്‍ഷം.

ഒരു പുസ്തകനിരോധനവുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നത്തെത്തുടര്‍ന്നാണ് 1927ല്‍ ബ്രിട്ടീഷുകാര്‍ 295 നോടൊപ്പം 295 എ കൂടെ ചേര്‍ത്തത്. ഇപ്പോള്‍ അത് 299. ഒരു മതത്തെ അപമാനിച്ചുവെന്ന് ആ മതം പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്ക് തോന്നുകയും അവര്‍ ബഹളംവയ്ക്കുകയും ചെയ്താല്‍ പൊലിസ് കേസെടുക്കും. അല്ലെങ്കില്‍ കേസില്ല. സ്റ്റേഷന്‍ ജാമ്യംകൊടുക്കേണ്ട കേസാണ്. ഇപ്പോള്‍ 299 ഒഫന്‍സായി തീരുമാനിക്കുന്നത് ആള്‍ക്കൂട്ടവും അതിന്റെ വലിപ്പവുമാണ്. സംസ്‌കാരമുളള സമൂഹം ഇത് അംഗീകരിച്ചുകൂട. ക്രമസമാധാനത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്നു പറഞ്ഞാല്‍ ശരിയല്ല.

ഇസ്‌ലാമികവത്കരിക്കപ്പെടുന്ന ഹിന്ദു

ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്ക് അദ്ദേഹം എതിരാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാധാരണ സമാധാനപ്രിയരും വിമര്‍ശനഭയമില്ലാതിരുന്നവരുമായ ഹിന്ദുക്കള്‍ ഇപ്പോള്‍ അങ്ങനെയല്ല. അവര്‍ വലിയ തോതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ഹിന്ദുക്കളിലുണ്ടായ ഒരു മാറ്റത്തിനു കാരണം അവര്‍ ഇസ്‌ലാമിനെ അനുകരിക്കുന്നതാണ്. ഇസ്‌ലാമിന്റെ തനതു സ്വഭാവമായ അക്രമവും അസഹിഷ്ണുതയും അവര്‍ പഠിച്ചെടുത്തിരിക്കുന്നു: 'ഇപ്പോള്‍ സംഭവിക്കുന്നത് ഹിന്ദു സമാജം ഇസ്ലാമൈസ് ചെയ്യപ്പെടുകയാണ്. ഇസ്‌ലാം ബലം പ്രയോഗിച്ച് പല കാര്യങ്ങളും നേടുന്നു. അപ്പോള്‍ പിന്നെ നമ്മളും ബലംപ്രയോഗിച്ചാലേ കാര്യം നടക്കുകയുള്ളൂ. ഈ രീതിയിലേക്ക് പോകുന്നു. നമ്മളെ ബുദ്ധിശൂന്യരും കൊള്ളരുതാത്തവരുമായി അവര്‍ വിചാരിക്കുന്നു. എല്ലാവരും നമ്മുടെ നെഞ്ചത്തേക്ക് കയറുന്നു. നിരീശ്വരവാദിക്ക് ഹിന്ദുവിന്റെ നെഞ്ചത്തേക്ക് എളുപ്പത്തില്‍ കയറാം. രാഷ്ട്രീയക്കാരും ഹിന്ദുവിനെ വിമര്‍ശിക്കുന്നു. ഇസ്ലാമിനെപ്പറ്റി ഒരക്ഷരവും പറയുന്നില്ല. അപ്പോള്‍ ഇസ്‌ലാമിനെപ്പോലെ നമ്മളും റിയാക്ട് ചെയ്യണം. ചിത്രകാരനായ എം.എഫ് ഹുസൈന്‍ സരസ്വതീ ചിത്രം വരച്ചത് 1976ലാണ്. ഹിന്ദുക്കള്‍ അത് കീറുന്നത് 1996ലാണ്. എം.എഫ് ഹുസൈന്‍ അപ്പോള്‍ വരച്ചതാണെന്നാണ് പലരും കരുതിയത്. അല്ല. 20 വര്‍ഷത്തോളം ആ ചിത്രം പ്രദര്‍ശിപ്പിച്ചിട്ട് ഒന്നുമുണ്ടായില്ല. 96ലാണ് പ്രശ്നമുണ്ടാവുന്നത്, മുംബൈയില്‍. 1976 മുതല്‍ 1996നുള്ളില്‍ എന്തു സംഭവിച്ചു? എന്തുകൊണ്ട് ഈ ഭാവമാറ്റം? ഹുസൈനെ ന്യായീകരിക്കുന്നില്ല. പക്ഷേ, എന്തുകൊണ്ട് ഈ സ്വഭാവം കൂടിക്കൂടിവരുന്നു. ദൈവങ്ങളെ പോയിട്ട് പുരാണ കഥാപാത്രങ്ങളെ വിമര്‍ശിച്ചാല്‍ പോലും ഹിന്ദു പ്രതികരിക്കുന്നു. വിമര്‍ശനങ്ങളോട് ഹിന്ദു ഉഴപ്പന്‍ മറുപടിയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. ഹിന്ദു ഇസ്‌ലാമിന്റെ സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

ഇസ്‌ലാം: ആക്രമണത്തിന്റെ അളവുകോല്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മോഹന്‍ദാസിന്റെ അഭിപ്രായത്തില്‍ മതം വിമര്‍ശിക്കപ്പെടാവുന്നതാണ്. മതദ്വേഷമെന്നു പറയുന്നത് ന്യായമാണ്. മതസ്ഥാപനങ്ങള്‍ തകര്‍ക്കുന്നത് കുറ്റമാണ്. പക്ഷേ, സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം. ഹിന്ദുവിന് ഇത്തരം വിമര്‍ശനങ്ങളോട് ഒരിക്കലും ഭയമുണ്ടായിരുന്നില്ല. കാരണം, സഹിഷ്ണുത ഹിന്ദുവിന്റെ അവിഭാജ്യഘടകമാണ്. എന്നാല്‍, പുതിയ കാലത്ത് ഹിന്ദുവിനൊരു മാറ്റമുണ്ടായിരിക്കുന്നു. അത് ഹിന്ദു ഇസ്‌ലാമിന്റെ സ്വാഭാവത്തിലേക്കു മാറിയതാണ്. മോഹന്‍ദാസിനെ സംബന്ധിച്ചിടത്തോളം ആക്രമണത്തിന്റെയും ഭീതിയുടെയും അസഹിഷ്ണുതയുടെയും മുഖവും പര്യായപദവുമാണ് ഇസ്‌ലാം. അതൊരു മാനകമാണ്. ആക്രമണസ്വഭാവത്തെ അളക്കാനുപയോഗിക്കാവുന്ന അളവുകോല്‍. ഈ മാനകമുപയോഗിച്ചാണ് അദ്ദേഹം ഹിന്ദുവിനെ അളക്കുന്നത്. അങ്ങനെ പരിശോധിക്കുമ്പോഴാണ് ഹിന്ദു, ഇസ്‌ലാമിന്റെ സ്വഭാവം സ്വീകരിച്ചുവെന്ന കണ്ടെത്തലിലെത്തുന്നത്. അതിനു മറ്റൊരര്‍ഥംകൂടിയുണ്ട്. ഹിന്ദു സ്വമേധയാ ജനാധിപത്യസ്വഭാവവും ഭീതിയും വിമര്‍ശനവിരോധവുമില്ലാത്ത സമാജമാണെന്ന വിലയിരുത്തല്‍. ഇസ്‌ലാമോഫോബിയയുടെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ മാതൃകയാണിത്.

( തുടരും)

(റിസര്‍ച്ച് കളക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ.)



Similar Posts