എന്റെ പ്രചോദനം കാവാലം - ധ്യാന്‍ദേവ് സിംഗ്
|നാടക രംഗസജ്ജീകരണത്തിലും ലൈറ്റിങ്ങ് ഡിസൈനിങ്ങിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച യുവപ്രതിഭയാണ് ഛണ്ഡീഗഡ് സ്വദേശി ഗ്യാന്‍ ദേവ് സിംഗ്. നൃത്തവേദികളുടെ ലൈറ്റിംഗ് ഡിസൈനിങ്ങിലും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ രാജ്യത്തും പുറത്തും ഇതിനകം ഏറെ പ്രശസ്തനാണ് ഗ്യാന്‍ദേവ്. മുംബൈയില്‍ നീലംമാന്‍ സിംഗിന്റെ നൃത്തപരിപാടിയില്‍ പങ്കെടുത്തതിനു ശേഷം ഇറ്റ്‌ഫോക്ക് വേദിയിലെത്തിയ ഗ്യാന്‍ദേവ് സിംഗ് സംസാരിക്കുന്നു. | Itfok2023
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ലൈറ്റിങ്ങിലും സ്റ്റേജ് ഡിസൈനങ്ങിലും പഠനം പൂര്‍ത്തിയാക്കിയ ഗ്യാന്‍ദേവ് നിരവധി സംവിധായകര്‍ക്കൊപ്പവും നര്‍ത്തകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ലീല സാംസണ്‍, അതിഥി മംഗള്‍ ദാസ്, അനുരാധ കപൂര്‍, കാവാലം നാരായണ പണിക്കര്‍ എന്നിവരും അപ്‌സര ആര്‍ട്‌സ് സിംഗപ്പൂര്‍, അക്രം ഖാന്‍ ഡാന്‍സ് കമ്പനി ലണ്ടന്‍ എന്നീ സംഘങ്ങളും ചില ഉദാഹരണങ്ങളാണ്. സിംഗപ്പൂര്‍, ചൈന, ന്യൂയോര്‍ക്ക്, ശ്രീലങ്ക തുടങ്ങി രാജ്യത്തിന് പുറത്ത് വിവിധയിടങ്ങളില്‍ നിരവധി സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അതോടോപ്പം തന്നെ കൂടിയാട്ടം, കഥകളി, യക്ഷഗാനം എന്നിവയെ കുറിച്ച് ചില ഡോകുമെന്ററികളും നിര്‍മിച്ചു.
മുംബൈയില്‍ നീലംമാന്‍ സിംഗിന്റെ നൃത്തപരിപാടിയില്‍ വെളിച്ചം നിയന്ത്രിച്ച് പങ്കെടുത്തിനു ശേഷം ഇറ്റ്‌ഫോക്ക് വേദിയിലെത്തിയ ഗ്യാന്‍ദേവ് സിംഗും പല്ലവിയും ഷെല്‍ഫിനോട് സംസാരിക്കുന്നു.
പ്രചോദനം കാവാലം
ലൈറ്റിങ്ങ് ഡിസൈനിങ്ങില്‍ എനിക്ക് താല്‍പര്യമുണ്ടായത് നൃത്തത്തില്‍ നിന്നാണ്. പ്രശസ്ത നര്‍ത്തകി ദല്‍ഹിയിലെ അതിഥി മംഗള്‍ദാസിനൊപ്പമാണ് ഞാന്‍ തുടങ്ങിയത്. അവര്‍ എന്നെ മല്ലിക സാരാഭായിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ലീല സാംസണ്‍, രുഗ്മിണി വിജയകുമാര്‍, കഥക് നര്‍ത്തകി കുമുദിനി ലാക്യ തുടങ്ങി നിരവധി നര്‍ത്തകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. നാടക വേദിയുടെ അടിവേരുകളിലേക്ക് എങ്ങിനെ തിരിച്ചെത്താമെന്നാണ് ഞാന്‍ ഇപ്പോള്‍ പരതുന്നത്.
പ്രൊസീനിയം വേദി എന്ന ആശയം പാശ്ചാത്യ സങ്കല്‍പമാണ്. റഷ്യന്‍, വിക്ടോറിയന്‍ ശൈലി നമ്മള്‍ ഇപ്പോഴും പിന്തുടരുകയാണ്. ഇതിനു മാറ്റം വരണം. ഇറ്റ്‌ഫോക്കില്‍ പ്രൊസീനിയം ഉള്ളപ്പോള്‍ തന്നെ ബദല്‍ വേദികളും കണ്ടതില്‍ വളരെ സന്തോഷം തോന്നി.
പരമ്പരാഗത അവതരണങ്ങളില്‍ നിന്ന് വ്യതസ്തമായ നിരവധി അവതരണങ്ങള്‍ കണ്ടു. ലെബനാന്റെ 'ടോള്‍ഡ് ബൈ മൈ മദര്‍ ' ഇതില്‍ പെട്ടതാണ്. അഭിനേതാവിനെയും പ്രേക്ഷകനെയും തമ്മില്‍ ആ നാടകം കൃത്യമായി ബന്ധിപ്പിച്ചു. എല്ലാ വാര്‍പ്പ് മാതൃകകളെയും അത് തകര്‍ത്തു. വളരെ ലളിതവുമായിരുന്നു അവതരണം. പെര്‍ഫോമന്‍സിന്റെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയതായിരുന്നു അത്. എന്നിലേക്ക് അത് എത്തുകയും ചെയ്തു.
'സാംസണാ' ണ് മറ്റൊന്ന്. നൃത്തവും സംഗീതവുമായി അത് ഉജ്വലമാക്കി. പരമ്പരാഗത അവതരണങ്ങളെ പുറന്തള്ളുന്ന പുതിയ തരംഗമാണത്. ആദ്യമായാണ് ഞാന്‍ ഇറ്റ്‌ഫോക്കിന് എത്തുന്നത്. ഈ നാടകോത്സവത്തിന്റെ സംഘാടനവും അവതരണങ്ങളും കണ്ട് എനിക്ക് അഭിമാനം തോന്നി.
സമകാലിക നാടകവും നൃത്തവും പരമ്പരാഗത രീതിയില്‍, തനത് ശൈലിയില്‍ എന്നാല്‍ സാങ്കേതിക മികവോടെ ഡിസൈന്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. തനത് ശൈലിയില്‍ എന്റെ പ്രചോദനം കാവാലം നാരായണപണിക്കരാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ (എന്‍.എസ്.ഡി.) എന്റെ ഗുരുവായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്‍.എസ്.ഡി.യില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ തെയ്യാതെയ്യം കളിച്ചിട്ടുണ്ട്. കാവാലത്തിന്റെ കാഴ്ചപ്പാടുകളും സമീപനങ്ങളും എന്നെ കാര്യമായി സ്വാധീനിക്കുകയും മാറ്റിയെടുക്കുകയും ചെയ്തു.
ഛണ്ഡീഗഡില്‍ പഞ്ചാബി സമൂഹത്തിന്റെ നാടക മേഖലയില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ പിതാവ് ജി.എസ് ചണ്ണി എ.എസ്.ഡി കഴിഞ്ഞ നാടക പ്രവര്‍ത്തകനാണ്. അദ്ദേഹം നസറുദ്ദീന്‍ ഷായുടെ സഹപാഠിയാണ്. അദ്ദേഹമാണ് ഞങ്ങളുടെ സാമൂഹിക നാടകവേദിക്ക് തുടക്കം കുറിച്ചത്. ആചാര്യന്മാരുടെ വഴിയേയാണ് നാടകവേദി സഞ്ചരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. നാടകത്തിന് രംഗ സഞ്ജീകരണങ്ങളോ വസ്ത്രാലങ്കാരമോ ആവശ്യമില്ലെന്ന് അദ്ദേഹം ചിന്തിച്ചു. പിതാവിന്റെ പാരമ്പര്യം പിന്തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ പാരമ്പര്യമാണ് വേദിയും വെളിച്ചവും രൂപകല്‍പന ചെയ്യുന്നതിലേക്ക് എന്നെ എത്തിച്ചത്.
കേരളത്തെ പോലെ തന്നെ പഞ്ചാബിനും പഴക്കമേറിയ നാടക പാരമ്പര്യമുണ്ട്. കേരളത്തിലെ കൂടിയാട്ടം പോലുള്ളതാണ് ഞങ്ങളുടെ നക്കല്‍. നാടോടി അവതരണങ്ങളാണത്. അതിനായി പരമ്പരാഗത കലാകാരന്മാരുമുണ്ട്. വേദിയില്‍ പാടിയും ആടിയുമാണ് അവതരണങ്ങള്‍. പഞ്ചാബിന്റെ ഈ പരമ്പരാഗത കല പലര്‍ക്കും അന്യമാണ്. പഞ്ചാബിനെക്കുറിച്ച് പറയുമ്പോള്‍ ബംഗ്ഡ നൃത്തമാണ് എല്ലാവരും ചൂണ്ടിക്കാട്ടുക. മറാസി അടക്കം മറ്റു പരമ്പരാഗത കലകളും താളവാദ്യങ്ങളും പഞ്ചാബിലുണ്ട്.
എന്റെ മനസില്‍ നാടകത്തിനും നൃത്തത്തിനും തുല്യ സ്ഥാനമാണുള്ളത്. നാടകമാണ് എനിക്ക് കൂടുതല്‍ സുഖം. നൃത്തം കൂടുതല്‍ തുറവി നല്‍കുന്നുണ്ട്. മുതിര്‍ന്നപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി- അതായത്, വാക്കുകള്‍ക്ക് പരിമിതിയുണ്ടെന്ന്. എന്നാല്‍, നൃത്തത്തിന് ആ പ്രശ്‌നമില്ല. നൃത്തത്തില്‍ ശാരീരികാവിഷ്‌ക്കാരവും സാധ്യമാവും. വാക്കിന് കഴിയാത്തത് ശരീരം കൊണ്ട് സാധിക്കാം. അത് ഏത് ഭാഷയായാലും ശരി. നാടകത്തിന്റെ ഭാഷ നൃത്തത്തിന്റേതാവുന്നതില്‍ തെറ്റില്ല. നൃത്ത നാടക വേദിയും സംഗീതവും ചേര്‍ത്ത് അവതരണമാകാമെന്ന പക്ഷക്കാരനാണ് ഞാന്‍. ലെബനാന്‍ ചെയ്തത് അതാണ്. സമകാലിക അവതരണം ഡയലോഗില്ലാത്ത, പരീക്ഷണാടിസ്ഥാനത്തിലുള്ളതും ജൈവികവും പാരമ്പര്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതുമാവണം.