![മന്ത്രി കെ. രാധാകൃഷ്ണന്‍ നേരിട്ട ജാതിവിവേചനം മന്ത്രി കെ. രാധാകൃഷ്ണന്‍ നേരിട്ട ജാതിവിവേചനം](https://www.mediaoneonline.com/h-upload/2023/10/02/1391050-cp-jishad-thumb.webp)
കെ. രാധകൃഷന്‍ നേരിട്ട ജാതിവിവേചനം: സണ്ണി എം. കപിക്കാടിനോടുള്ള വീക്ഷണ വിയോജിപ്പ്
![](https://www.mediaoneonline.com/h-upload/2023/10/02/1391036-cp-jishad.webp)
കാലാനുസൃതമായി പരിഷ്‌കരിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണവര്‍ഗം ശക്തമായി ഉപയോഗിച്ചുവരുന്ന ആശയശാസ്ത്രമായ ബ്രാഹ്മണ്യത്തേയും അതിന്റെ ചരിത്രപരമായ ഗതിയേയും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സണ്ണി കപിക്കാടിന് കഴിയാതെ പോയി. ജാതി എന്നത് കേവല തൊഴില്‍വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന ഡോക്ടര്‍ അംബേദ്കറുടെ നിലപാടിലെ വര്‍ഗവിശകലനത്തിന്റെ സാധ്യത കപിക്കാട് മറച്ചുവെക്കുന്നതാര്‍ക്കുവേണ്ടിയെന്ന ചോദ്യം ലേഖകന്‍ ഉന്നയിക്കുന്നു.
സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമം, ദേവസ്വം എന്നീ വകുപ്പുകളുടെ മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ വച്ച് ജാതീയമായ വിവേചനം നേരിടേണ്ടി വന്നല്ലോ. ഈ വിഷയം കുറെ മാസങ്ങളോളം മൂടിവച്ചത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്ക് മാധ്യമചര്‍ച്ചക്കുള്ള വിഷയമായി അത് എന്നല്ലാതെ ഒരു മന്ത്രിക്കുനേരെ ജാതിവിവേചനം നടത്തിയവര്‍ക്ക് ഒരുതരത്തിലുമുള്ള നടപടികളും നിലവില്‍ നേരിടേണ്ടി വന്നിട്ടില്ല. ഇതേ മന്ത്രിയുടെ വകുപ്പിന് കീഴില്‍ ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണത്തിന് കരാര്‍ നേടിയ ദലിതനോട് സവര്‍ണര്‍ തുടരെത്തുടരെ ജാതി അധിക്ഷേപവും മര്‍ദനവും നടത്തികൊണ്ടിരുന്നതും, മന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടാതിരുന്നതും, ജാതിയധിക്ഷേപം നേരിട്ട വ്യക്തി നിയമപരമായ സംരക്ഷണം തേടിയതും, ഇതില്‍ കേസെടുക്കാത്ത ഭരണകൂട സംവിധാനത്തെയും പകരം പരാതിക്കാരനെതിരെ കേസെടുക്കുന്ന പോലിസിനെയും നമുക്ക് കാണാന്‍ കഴിഞ്ഞു. ജാതി മര്‍ദനങ്ങള്‍ കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്നുണ്ടെന്നു മാത്രമല്ല, അതിനോടുള്ള പ്രതികരണങ്ങള്‍ ഒരേപോലെയല്ലെന്നും ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
ഒരു ജനവിഭാഗം നേരിടുന്ന അന്യവത്കരണത്തിനെ ഉയര്‍ത്തികാട്ടാനാണ് സണ്ണി ശ്രമിക്കുന്നതെന്ന് തോന്നാം. യാഥാര്‍ഥത്തില്‍ മറ്റൊരു വര്‍ഗതാല്‍പര്യം ഇതുവഴി ഒളിച്ചു കടത്തുന്നതിന്റെ അപകടത്തെ കാണാതിരുന്നുകൂടാ. ജാതി എന്നത് കേവല തൊഴില്‍വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന ഡോക്ടര്‍ അംബേദ്കറുടെ നിലപാടിലെ വര്‍ഗവിശകലനത്തിന്റെ സാധ്യത കപിക്കാട് ആര്‍ക്കുവേണ്ടിയാണ് മറച്ചുവെക്കുന്നത്.
ഈ അവസ്ഥയിലാണ് ഇവിടുത്തെ ഭരണവര്‍ഗങ്ങളുടെ ഒരു പ്രത്യേകതരം തുലാസ് പോലെ പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം ദാമോരന്‍ നമ്പൂതിരി പ്രത്യക്ഷപ്പെടുന്നത്. കൈതപ്രം മന്ത്രിയുടെ കൈപിടിച്ച് വിളക്ക് കൊളുത്തുന്നു, ശേഷം തനിക്ക് അയിത്തമില്ല എന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നു. പുറത്തുവന്ന ആ വീഡിയോയില്‍ മന്ത്രിയുടെ കൈ പിടിച്ച കൈതപ്രം, പിന്നീട് കൈ സ്വയം തുടക്കുന്നതും കാണാം! ഇവിടെ കൈതപ്രത്തെ 'സിപിഎം നിലപാടുകളുടെ നമ്പൂതിരി ശരീര'മായേ കണക്കാക്കാന്‍ കഴിയുകയുള്ളൂ. അതേസമയം വിളക്ക് കൊളുത്തുന്നത് സവര്‍ണ്ണ പരിപാടിയാണ് എന്ന് അറിഞ്ഞിട്ടും അത് ചെയ്യുന്ന മന്ത്രി എന്ത്തരം താല്‍പര്യങ്ങളുടെ ഭാഗമാണ് എന്നതും വ്യക്തമാണ്.
![](https://www.mediaoneonline.com/h-upload/2023/10/02/1391043-cp-2.webp)
മന്ത്രിക്ക് നേരിടേണ്ടി വന്ന ജാതിവിവേചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ തുടരുകയാണ്. ഇതില്‍ ശ്രദ്ധേയമായ പല അഭിപ്രായങ്ങളും പല ധാരകളില്‍ നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. അതില്‍ ഒന്ന്, ദലിത് ചിന്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട് അടുത്തടുത്തുള്ള ദിവസങ്ങളില്‍ മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ്. ''കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് 50 വയസ്സിനു ശേഷം മാത്രം ജാതി അനുഭവം ഉണ്ടായി എന്ന് പറയുന്നത് ശുദ്ധ നുണയാണ്.'' എന്ന് നിരീക്ഷിക്കുന്ന സണ്ണി, അതേസമയം 'ആ അമ്പല കമ്മറ്റി പൗരന്മാരേയല്ല, അവര്‍ മറ്റേതോ കാലത്ത് ജീവിക്കുന്ന മനുഷ്യരാണ്' എന്ന തരത്തില്‍ സവര്‍ണാധിപത്യത്തെ ലഘൂകരിക്കുന്നതും കാണാന്‍ കഴിയും. അദ്ദേഹം മറ്റു ചാനലുകളില്‍ നടത്തിയ പരാമര്‍ശങ്ങളും ഇതിന് സമാനമാണ്. ഇവിടെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് കാലാനുസൃതമായി പരിഷ്‌കരിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണവര്‍ഗം ശക്തമായി ഉപയോഗിച്ചുവരുന്ന അതിന്റെ ആശയശാസ്ത്രമായ ബ്രാഹ്മണ്യത്തേയും അതിന്റെ ചരിത്രപരമായ ഗതിയേയും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കാതെ പോയ സണ്ണിയുടെ വികലവീക്ഷണങ്ങളാണ്.
ഉദാഹരണത്തിന്, 'സമ്പന്നരും ദരിദ്രരുമല്ല ഇന്ത്യയ്ക്കകത്തുള്ളത്, ഉന്നതരും നീചരുമാണ്' എന്നും ആദിവാസി ആയതുകൊണ്ട് മാത്രമല്ല ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് അവരൊരു വിധവയായതുകൊണ്ടു കൂടിയാണെന്ന് സണ്ണി പറയുന്നു. കൃത്യമായി പറഞ്ഞാല്‍ വംശീയ ന്യൂനപക്ഷം എന്ന നിലയില്‍ മാത്രമല്ല, ഒരു സ്ത്രീ എന്ന നിലയിലും ഇന്ത്യന്‍ പ്രസിഡന്റ് മാറ്റിനിര്‍ത്തപ്പെടുന്നു. ഇവിടെ രാഷ്ട്രപതി നേരിടുന്ന ഇരട്ട വിവേചനം നമുക്ക് കാണാന്‍ കഴിയും. ഇത് ബ്രാഹ്മണ്യത്തിന്റെ ഒരു സവിശേഷതയാണ്, ബ്രാഹ്മണ്യത്തിനകത്ത് ഒരേ സമയം ജാത്യാധിപത്യവും പുരുഷാധിപത്യവും കാണാന്‍ സാധിക്കും. ഇവ പരസ്പരം കെട്ടിപിണഞ്ഞാണ് കിടക്കുന്നതെങ്കിലും ഓരോന്നിനേയും വെവേറെ വിശകലന വിധേയമാക്കാന്‍ കഴിയും.
മുഴുവന്‍ മനുഷ്യരുടെയും എന്നല്ല, മറിച്ച് മുതലാളിത്തത്തിലെ മുഴുവന്‍ തൊഴിലാളികളുടേയും അനുഭവത്തിലാണ് മാര്‍ക്‌സ് അന്യവത്കരണത്തെ മനസ്സിലാക്കുന്നത് എന്നത് ശ്രദ്ധേയമാവുന്നത്. വര്‍ഗവിശകലനത്തിന്റെ ഈ രീതി അതുകൊണ്ടുതന്നെ പ്രസക്തവുമാണ്. വര്‍ഗ നിലപാടുകളെയും വിശകലനങ്ങളേയും പാടെ തള്ളിപ്പറയുന്ന സണ്ണി എം. കപിക്കാടിന്റെ നിലപാടുകള്‍ കേവല ഭരണഘടനാവാദത്തില്‍ കുരുങ്ങിക്കിടക്കുന്നതും ഇതുകൊണ്ടാണ്.
മന്ത്രി തനിക്കെതിരേ ഉയര്‍ന്ന ജാത്യാക്രമണത്തിന് എതിരെ നിയമനടപടിക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് പ്രതിനിധീകരിക്കുന്ന വര്‍ഗ താല്‍പര്യം മനസ്സിലാക്കിയാലേ അതിന് ശരിയായ ഉത്തരം ലഭിക്കു. ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ അധികാര നടത്തിപ്പില്‍ അംഗമായ അദ്ദേഹത്തിന് അതിന്റെ ആശയശാസ്ത്രമായ ബ്രാഹ്മണ്യത്തോട് കീഴ്‌പ്പെട്ടേ പറ്റു. കൃത്യമായും ഇവിടെ പ്രതിഫലിക്കുന്നത് ദലിതനായ രാധാകൃഷ്ണന്റെ വര്‍ഗ താല്‍പര്യങ്ങളാണ്. അതുകൊണ്ടു തന്നെ ജാതീയമായി മാത്രമല്ല, വര്‍ഗപരമായും മതപരമായും ലിംഗപരമായും ഒക്കെ പലതരത്തില്‍ വിഭജിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ ജാതീയമായി മാത്രം നോക്കി കാണുന്നത് ഒരു വികലവീക്ഷണം അല്ലാതെ മറ്റൊന്നുമല്ല.
![](https://www.mediaoneonline.com/h-upload/2023/10/02/1391044-cp-1.webp)
ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഇരട്ട ശത്രുക്കള്‍ ബ്രാഹ്മണ്യവാദവും മുതലാളിത്തവുമാണ് എന്ന് ഡോ. അംബേദ്കര്‍ കൃത്യമായി പഠിപ്പിച്ചു. ഈ അംബേദ്കര്‍ നിലപാടില്‍ നിന്നും കപിക്കാടിന്റെ നിലപാടിനെ നോക്കുമ്പോള്‍ കേവല ജാതിമാത്രവാദ സമീപനം വച്ചുപുലര്‍ത്തുന്നത് വഴി മറ്റു സാമൂഹ്യ പ്രശ്‌നങ്ങളെ (വൈരുധ്യങ്ങളെ) അവഗണിക്കുന്നതായി കാണാം. ഒരു ജനവിഭാഗം നേരിടുന്ന അന്യവത്കരണത്തിനെ ഉയര്‍ത്തികാട്ടാനാണ് സണ്ണി ശ്രമിക്കുന്നതെന്ന് തോന്നാം. യാഥാര്‍ഥത്തില്‍ മറ്റൊരു വര്‍ഗതാല്‍പര്യം ഇതുവഴി ഒളിച്ചു കടത്തുന്നതിന്റെ അപകടത്തെ കാണാതിരുന്നുകൂടാ. ജാതി എന്നത് കേവല തൊഴില്‍വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന ഡോക്ടര്‍ അംബേദ്കറുടെ നിലപാടിലെ വര്‍ഗവിശകലനത്തിന്റെ സാധ്യത കപിക്കാട് ആര്‍ക്കുവേണ്ടിയാണ് മറച്ചുവെക്കുന്നത്.
ഇന്ത്യന്‍ ജനത അനുദിനം കടന്നുപോയിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമാണ് ജാതി മര്‍ദനം. ഇവിടെ ദലിതരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സണ്ണി അതിലെ വര്‍ഗവ്യത്യാസങ്ങളെയും മറ്റും അവഗണിക്കുന്നു. ഇവിടെയാണ്, മുഴുവന്‍ മനുഷ്യരുടെയും എന്നല്ല, മറിച്ച് മുതലാളിത്തത്തിലെ മുഴുവന്‍ തൊഴിലാളികളുടേയും അനുഭവത്തിലാണ് മാര്‍ക്‌സ് അന്യവത്കരണത്തെ മനസ്സിലാക്കുന്നത് എന്നത് ശ്രദ്ധേയമാവുന്നത്. വര്‍ഗവിശകലനത്തിന്റെ ഈ രീതി അതുകൊണ്ടുതന്നെ പ്രസക്തവുമാണ്. വര്‍ഗ നിലപാടുകളെയും വിശകലനങ്ങളേയും പാടെ തള്ളിപ്പറയുന്ന സണ്ണി എം. കപിക്കാടിന്റെ നിലപാടുകള്‍ കേവല ഭരണഘടനാവാദത്തില്‍ കുരുങ്ങിക്കിടക്കുന്നതും ഇതുകൊണ്ടാണ്.
കൊളോണിയല്‍ കാലത്തു തന്നെ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര എന്നതിന് അപ്പുറം ഒരു സവര്‍ണ ബ്ലോക്ക് രൂപംകൊണ്ടു. അതാണ് ഭരണവര്‍ഗങ്ങളുടെ സാമൂഹ്യ അടിത്തറ. ഇതിനൊപ്പം തന്നെ ഒരു അവര്‍ണ ബ്ലോക്കും രൂപപ്പെട്ടിട്ടുണ്ട്. ഇതിനകത്ത് രൂപപ്പെട്ട പെറ്റി ബൂര്‍ഷ്വാ, ബൂര്‍ഷ്വാ വിഭാഗങ്ങള്‍ സവര്‍ണ ബ്ലോക്കില്‍ ഇടംപിടിക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ജാതി, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ എന്നും ശക്തമായിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരളത്തിലെ ഭരണവര്‍ഗങ്ങളെ പലരും നായര്‍ ഡീപ് സ്റ്റേറ്റ്, നായരത്വം എന്നെല്ലാം വിളിക്കുന്നതും കാണാം. വാസ്തവത്തില്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്, മുകളില്‍ സണ്ണിയുടെ കാര്യത്തില്‍ കണ്ടതുപോലെ, ബ്രാഹ്മണ്യത്തിന്റെ കാലോചിതമായ മാറ്റത്തെ കേവലം നായരത്വം എന്ന് വിളിക്കുന്ന സമീപനമാണ്. ഇത് ചരിത്രത്തോടുള്ള നിഷേധപരമായ സമീപനമാണ്. അതായത് 1947 ലെ അധികാര കൈമാറ്റത്തിന് മുമ്പും ശേഷവും ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ അവരുടെ ആശയശാസ്ത്രമായ ബ്രാഹ്മണ്യവാദത്തെ കാലോചിതമായി മാറ്റിയാണ് ഉപയോഗപ്പെടുത്തുന്നത്. ഗാന്ധിയന്‍-നെഹ്‌റൂവിയന്‍ ധാര കൈകാര്യം ചെയ്ത ബ്രാഹ്മണ്യമല്ല ഇന്നത്തെ ബി.ജെ.പി കൈകാര്യം ചെയ്യുന്ന അക്രമോത്സകമായ ബ്രാഹ്മണ്യം. ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയാകുമ്പോള്‍ തന്നെ പല സമീപനങ്ങളിലും വ്യത്യാസം കാണാന്‍ കഴിയും.
![](https://www.mediaoneonline.com/h-upload/2023/10/02/1391046-cp-4.webp)
ഹരിജന്‍ സേവാ സമാജ് ഉണ്ടാക്കുമ്പോള്‍ ഡോ. അംബേദ്കറും ഗാന്ധിയും തമ്മിലുള്ള തര്‍ക്കങ്ങളും മറ്റും പരിശോധിച്ചാല്‍, അംബേദ്കര്‍ വളരെ കൃത്യമായി തന്നെ ഊന്നുന്നത് ദലിത് ജനത അവരുടെ പ്രശ്‌നങ്ങള്‍ സ്വന്തം നിലക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലാണ്. അതേസമയം ഗാന്ധിയും മറ്റും സംവരണമെന്നത് സവര്‍ണ സമൂഹം ഇത്രകാലം ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തികളുടെ പ്രായിശ്ചിത്തമായിട്ടാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ അക്രമോത്സുകമായ ബ്രാഹ്മണ്യവാദം ഈ പ്രായിശ്ചിത്ത നിലപാടിനെ പോലും അട്ടിമറിച്ച് പണ്ടാരോ ചെയ്തതിന് നമ്മളെന്ത് പിഴച്ചു എന്ന തരത്തില്‍ ഒരു നീതീകരണം ഉണ്ടാക്കിയെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത ഒരു സ്ഥിതിയാണ് നിലവിലുള്ളത്. ഇതാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ഏറ്റവും പുതിയ അവസ്ഥ. കൊളോണിയല്‍ കാലത്തു തന്നെ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര എന്നതിന് അപ്പുറം ഒരു സവര്‍ണ ബ്ലോക്ക് രൂപംകൊണ്ടു. അതാണ് ഭരണവര്‍ഗങ്ങളുടെ സാമൂഹ്യ അടിത്തറ. ഇതിനൊപ്പം തന്നെ ഒരു അവര്‍ണ ബ്ലോക്കും രൂപപ്പെട്ടിട്ടുണ്ട്. ഇതിനകത്ത് രൂപപ്പെട്ട പെറ്റി ബൂര്‍ഷ്വാ, ബൂര്‍ഷ്വാ വിഭാഗങ്ങള്‍ സവര്‍ണ ബ്ലോക്കില്‍ ഇടംപിടിക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഭാഗങ്ങള്‍ക്ക് അവരുടെ ജാതി വിഭാഗങ്ങളില്‍ വലിയ സ്വീകാര്യതയുമുണ്ട്. ഇതിനെ ഭരണവര്‍ഗ്ഗം കൃത്യമായി ഉപയോഗപ്പെട്ടുത്തുന്നതായും കാണാം. അല്ലാതെ ഏതെങ്കിലും ശൂദ്ര വിഭാഗങ്ങളുടെ സര്‍വാധിപത്യമൊന്നും സവിശേഷമായി നിലനില്‍ക്കുന്നതായി കാണാന്‍ കഴിയില്ല.