ഡിവോഴ്സ്: വെറും കഥയല്ലാത്ത ജീവിതങ്ങള്‍
|വിവാഹ മോചനക്കേസുകളുടെ എണ്ണം വര്‍ധിച്ചു എന്നത് അമ്പരപ്പോടെ കാണുന്നതിനേക്കാള്‍ അവയിലുള്‍പ്പെട്ട വ്യക്തികളുടെ ജീവിതവും കോടതി വരാന്തകളില്‍ കയറിയിറങ്ങി കളയേണ്ടി വരുന്ന ദിവസങ്ങളുടെ പെരുപ്പവുമാണ് നമുക്ക് അമ്പരപ്പായി മാറേണ്ടത്. മിനി ഐ.ജി സംവിധാനം ചെയ്ത സിനിമയുടെ വായന.
1983 ല്‍ റിലീസ് ചെയ്ത കെ.ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമയില്‍ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ അവസാന രംഗങ്ങളില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു, ഒരാള്‍ ഭ്രാന്തിയാകുന്നു, ഒരാള്‍ നിരാലംബരായ സ്ത്രീകളെയും കൊണ്ട് ആവേശത്തോടെ തെരുവിലെ വെളിച്ചത്തിലേക്ക് ഓടിയടുക്കുകയാണ്. വളരെ വ്യത്യസ്തമായിരുന്നു ഈ ക്ലൈമാക്സ്. ഓടി വന്ന സ്ത്രീകള്‍ സംവിധായകനെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും തട്ടിമറിച്ച് മുന്നിലേക്ക് ഓടിക്കയറുകയാണ്. അവര്‍ വന്നത് കാണികള്‍ക്കിടയിലേക്കാണ്, അതായത് പൊതുബോധത്തെ മാറ്റിമറിക്കാന്‍ ഇതുപോലൊരു കൂട്ടായ രംഗപ്രവേശം ആവശ്യമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തും വിധം. കണ്ണുനീര്ത്തുള്ളിയായും വീട്ടിലെ വിളക്കായും സ്ത്രീയെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ക്ഷാമമില്ലാതിരുന്ന കാലത്താണ് ദുഖഃപുത്രി എന്ന ഇമേജ് തകര്‍ക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ജോര്‍ജിനെപ്പോലൊരു മുന്‍നിര സംവിധായകന് തയ്യാറാവുന്നത്.
ലിംഗസമത്വം (Gender Equality) എന്ന പദം നമുക്ക് പരിചിതമായിട്ട് അധികകാലമായിട്ടില്ല. 'ആദാമിന്റെ വാരിയെല്ല് 'എന്ന ക്ലാസ്സിക് സിനിമയുണ്ടായ കാലത്തും പിന്നീടും ഇവിടെ മംഗലശ്ശേരി നീലകണ്ഠനും ജോസ് അലക്സുമെല്ലാം അരങ്ങു തകര്‍ത്തു. അടുക്കളയില്‍ നിന്ന് ഉമ്മറത്തേക്കും ഊണുമുറിയിലേക്കും വിളിപ്പുറത്തെത്തി, ഭക്ഷണവുമായി കിലുങ്ങുന്ന കാലുകളോടെ സ്ത്രീകള്‍ നടന്നു. അസ്വാഭാവികത ആര്‍ക്കും അനുഭവപ്പെടാത്ത വിധം, തീര്‍ത്തും സാധാരണീകരിക്കപ്പെട്ട ഒരു ഉത്തമ കേരളീയ ഗൃഹത്തിന്റെ അന്തരീക്ഷസൃഷ്ടിയായി അതിനെ കാണാനും അതുതന്നെ ശീലിച്ചുറപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള ഒരു സാംസ്കാരികവളര്ച്ചയേ സമൂഹമനസ്സ് നേടിയിരുന്നുള്ളു. ലിംഗനീതി (Gender Justice) എന്നത് ഒരു അശ്ലീല പദം പോലെ ഉറക്കെ പറയാന്‍ പോലും പേടിച്ചിരുന്ന ചുരുക്കം ചിലരില്‍ നിന്ന് പുതിയ നൂറ്റാണ്ടില്‍ മാറ്റങ്ങള്‍ കൂടുതല്‍ ശുഭോദര്‍ക്കമായി തീരുന്നു എന്നു തോന്നാന്‍ രണ്ടു സിനിമാ കാഴ്ചകള്‍ കാരണമായിത്തീര്‍ന്നു.
ആദ്യത്തെ സിനിമ 2021 ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച താര രാമാനുജന്റെ നിഷിദ്ധോയാണ്. കേരളവും പശ്ചിമബംഗാളും പ്ലോട്ടില്‍ ഒരു പോലെ കടന്നുവരുന്നുണ്ട്. എന്നാല്‍, നായികാ കഥാപാത്രം തമിഴ് വംശജയും. ഇപ്രകാരം അതിരുകള്‍ക്കപ്പുറത്തേക്ക് ദേശവും ഭാഷയും വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി സ്ത്രീ പുരുഷ ബൈനറികളില്‍ കടന്നുവരുന്ന വര്‍ഗ അസമത്വങ്ങളെ ഭംഗിയായി കൈകാര്യം ചെയ്യാന്‍ നിഷിദ്ധോയിലുടെ ഈ പുതുമുഖ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്. നിഷിദ്ധോ നിര്‍മിച്ചത് കെ.എസ്.എഫ്.ഡിയാണ്. വനിതാ സംവിധായകരില്‍ നിന്ന് സ്ക്രിപ്റ്റ് ക്ഷണിച്ച് കെ.എസ്.എഫ്.ഡി സി നിര്‍മിച്ച രണ്ടാമത്തെ സിനിമയാണ് ഡിവോഴ്സ്. 2022 ല്‍ കോഴിക്കോട് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിലായിരുന്നു ആദ്യ പ്രദര്‍ശനം. മിനി ഐ.ജി സംവിധാനം ചെയ്ത 'ഡിവോഴ്സ്' എന്ന രണ്ടു മണിക്കൂര്‍ സിനിമയില്‍ കണ്ണീരും വഞ്ചനയും കീഴടക്കലും കൂട്ടിയിളക്കി നന്നായി വേവിച്ച് കുറുക്കിയെടുക്കുന്ന, കുടുബം എന്ന് നാം ഓമനപ്പേരിട്ടു വിളിക്കുന്ന കടുംപായസത്തിന്റെ കരിഞ്ഞ ചുവ അനുഭവിക്കാന്‍ കഴിയും. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ ഭാര്യ-ഭര്‍തൃ ബന്ധങ്ങളിലെ വൈകാരിക പ്രശ്നങ്ങളും ലഘു സംഘര്‍ഷങ്ങളും വ്യക്ത്യധിഷ്ഠിതമായി മാറിയതായി കാണാന്‍ സാധിക്കും. സുഭദ്രമായ കുടുംബം നിലനിര്‍ത്തുക എന്ന ഉത്തരവാദിത്തം തന്റേതു മാത്രമാണെന്ന തീര്‍പ്പ് എതിര്‍പ്പുകളില്ലാതെ ഏറ്റെടുക്കാന്‍ പഴയതു പോലെ പെണ്‍കുട്ടികള്‍ തയ്യാറാകാത്തതും, കുടുംബത്തിനു പുറത്ത് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതും വിവാഹ മോചനക്കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ഒരു വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്ടുമെന്റ് പോലെ ശ്വാസംമുട്ടി കുടുങ്ങിക്കിടക്കാതെ ബന്ധങ്ങളെ ജനാധിപത്യ ബോധത്തോടെ കൈകാര്യം ചെയ്യാന്‍ തയ്യാറാകുന്ന ലിബറല്‍ ജീവിതക്രമം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍, ഓടാന്‍ തയ്യാറായാലും പൊട്ടിയ ചെരിപ്പ് മാറ്റാന്‍ തയ്യാറാകാത്തതിനു തുല്യമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമങ്ങളും. 2022 ലെ കണക്കനുസരിച്ച് ഏകദേശം ഒരു ലക്ഷത്തിലേറെ വിവാഹ മോചനക്കേസുകളാണ് നമ്മുടെ കോടതികളില്‍ ഇനിയും വിധിയാകാതെ കാത്തു കിടക്കുന്നത്.
വിവാഹ മോചനക്കേസുകളുടെ എണ്ണം വര്‍ധിച്ചു എന്നത് അമ്പരപ്പോടെ കാണുന്നതിനേക്കാള്‍ അവയിലുള്‍പ്പെട്ട വ്യക്തികളുടെ ജീവിതവും കോടതി വരാന്തകളില്‍ കയറിയിറങ്ങി കളയേണ്ടി വരുന്ന ദിവസങ്ങളുടെ പെരുപ്പവുമാണ് നമുക്ക് അമ്പരപ്പായി മാറേണ്ടത്. ഇത്തരമൊരു അമ്പരപ്പിലേക്കാണ് ഐ.ജി മിനിയുടെ 'ഡിവോഴ്സ്' എന്ന സിനിമാ കാഴ്ച നമ്മളെ എത്തിക്കുന്നത്.
കിട്ടിയ സര്‍ക്കാര്‍ ജോലി ഭര്‍തൃ വീട്ടുകാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഉപേക്ഷിക്കേണ്ടി വന്ന അഞ്ജു പിന്നീട് മകളെ സ്കൂളില്‍ ചേര്‍ത്തതിനു ശേഷം തന്റെ നൃത്ത പഠനത്തിലേക്കും നൃത്താധ്യാപികയാകാനുള്ള ആഗ്രഹത്തിലേക്കും തിരിച്ചു പോകുന്നു. നൃത്തം പഠിപ്പിക്കാന്‍ പലയിടങ്ങളില്‍ യാത്ര ചെയ്യുന്നുവെന്നതിന്റെ പേരില്‍ നേരിട്ട പീഡനം മൂലമാണ് അവള് വിവാഹ മോചനത്തിനൊരുങ്ങുന്നത്. എട്ടു വയസ്സായ കുട്ടിയുടെ സംരക്ഷണത്തിനു വേണ്ടി കോടതിയില്‍ പോരാടുമ്പോള്‍ അവള്‍ക്കു നേരിടേണ്ടി വരുന്ന വ്യക്ത്യധിക്ഷേപങ്ങള്‍ അനവധിയാണ്.
ഉപക്ഷിച്ചു പോയ ഭര്‍ത്താവില്‍ നിന്ന് മക്കള്‍ക്കു ചെലവിനു കിട്ടാന്‍ വേണ്ടിയാണ് സൈനബ കോടതി കയറിയിറങ്ങുന്നത്. അച്ചാറുണ്ടാക്കി വിറ്റ് ചെലവിനു വക കണ്ടെത്തുന്ന അവള്‍ക്ക് വക്കീല്‍ ഫീസ് നല്കാന് പോലും പലപ്പോഴും നിവൃത്തിയില്ല. അമിതമായ ലൈംഗികതാത്പര്യമുള്ള ഭര്‍ത്താവ് പുതിയ സ്ത്രീകള്‍ക്ക് പിന്നാലെ പോയപ്പോള്‍ തന്റെ കുഞ്ഞുങ്ങളെ കാണാന്‍ ഒരു പ്രാവശ്യമെങ്കിലും അയാളൊന്ന് വന്നിരുന്നെങ്കില്‍ എന്നവള്‍ കണ്ണു നിറക്കുകയാണ്.
കോടതിയില്‍ എതിര് കക്ഷികളുടെ വക്കാലത്ത് ഏറ്റെടുക്കുകയും വീറോടെ പരസ്പരം വാദിക്കുകയും ചെയ്യുന്ന അഡ്വക്കേറ്റ് രാധികയും അഡ്വക്കേറ്റ് അജീഷും ഒരേ വീട്ടില്‍ താമസിക്കുമ്പോഴും, ഒരേ കാറില്‍ സഞ്ചരിക്കുമ്പോഴും മനസ്സുകൊണ്ട് എന്നേ അകന്നവരാണ്. ഭാര്യയുടെ താത്പര്യങ്ങള്‍ മനസ്സിലാക്കാത്ത പുരോഗമന മേല്‍ കുപ്പായമണിഞ്ഞ അജീഷില്‍ നിന്നുള്ള മോചനമാണ് രാധികയും പ്രതീക്ഷിക്കുന്നത് .
വൈകാരികവും ശാരീരികവുമായി പല സംഘര്‍ഷങ്ങളിലൂടെയും കടന്നു പോകുന്നവരാണ് പ്രവാസികളുടെ ഭാര്യമാര്‍. വര്‍ഷങ്ങളോളം വിദേശത്ത് പണിയെടുത്ത കണക്ക് പുരുഷന്മാര്ക്ക് പറയാനുണ്ടാകും. എന്നാല്‍, മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന കുടുംബം ഒറ്റയ്ക്ക് പോറ്റേണ്ടി വരുന്ന സ്ത്രീകള്‍ പരിചയക്കാരില്‍ നിന്നു പോലും പലപ്പോഴും ചില ചതികള്‍ ഏറ്റു വാങ്ങേണ്ടി വരാറുണ്ട്. ഇങ്ങനെ ചതിക്കപ്പെട്ടവളാണ് നൂര്ജഹാന്. കുട്ടികളെ തിരിച്ചു കിട്ടാന്‍ വേണ്ടിയാണ് അവളും കോടതിയില്‍ കാത്തു നില്‍ക്കുന്നത്.
വെള്ളിത്തിരയുടെ പളപളപ്പും സമൂഹത്തില്‍ കിട്ടുന്ന ഉയര്‍ന്ന സ്വീകാര്യതയും വ്യക്തി ജീവിതത്തില്‍ ശിക്ഷകളായി മാറുന്നതാണ് ആനന്ദിയുടേയും ഗഗന്റെയും ജീവിതത്തില്‍ കാണുന്നത്. ഒരു പ്രദര്‍ശനവസ്തുവായി മാറേണ്ടി വരുന്നതും സ്വകാര്യ ജീവിതവും പ്രൊഫഷനും തമ്മിലിടകലരാതെ നിലനിര്‍ത്താന്‍ സാധിക്കാത്തതും അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. ശിഥിലമായ ഏതൊരു കുടുംബത്തിലേയും കുട്ടിയെ പോലെ സമ്പന്നതകള്ക്കിടയില് ഒറ്റപ്പെട്ടു പോകുന്ന ആഘോഷ് ഒരു നൊമ്പരമായി അവശേഷിക്കുന്നു.
റിട്ടയര്‍മെന്റിനു ശേഷം വിവാഹ ജീവിതത്തില്‍ നിന്നു കൂടി റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്ന ശ്രീലതയാണ് ഈ സിനിമയില്‍ ആശ്വാസബിന്ദുവായി പ്രത്യക്ഷപ്പെടുന്നത്. പാട്ടുപാടാനിഷ്ടപ്പെട്ടിരുന്ന തനിക്ക് വിവാഹത്തിനു ശേഷം ഒരു മൂളിപ്പാട്ടുപാടാന്‍ കൂടി അവസരമില്ലായിരുന്നെന്നും വീട്ടുമുറ്റത്ത് ഒരു പൂച്ചെടി വെക്കാന്‍ പോലും സമ്മതിക്കാതെ മുറ്റം ടൈല്സിട്ടുവെന്നും തന്റെ ശമ്പളമെല്ലാം കൈകാര്യം ചെയ്യുന്നത് ഇത്ര കാലവും ഭര്ത്താവായിരുന്നെന്നുമാണ് വക്കീലിനോട് അവര്‍ പരാതി പറയുന്നത്. മക്കളുടെ കല്യാണം കഴിഞ്ഞു, ഇനി സ്വതന്ത്രമായി ഒന്നു ശ്വാസം വലിക്കാന്‍ ഡിവോഴ്സ് വേണം എന്നവര്‍ പറയുമ്പോള്‍ ഉണ്ണാനും ഉടുക്കാനും വേണ്ടത് ഞാന്‍ കൊടുക്കുന്നുണ്ട് എന്ന് ഹുങ്കോടെ അവകാശപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തെയാണ് വാര്‍ധക്യത്തില്‍ എത്തിയ വേളയിലാണെങ്കിലും അവര്‍ വീറോടെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത്. അവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ ചെറുതായൊന്നുമല്ല നമ്മെ ആഹ്ലാദിപ്പിക്കുക.
വിപ്ലവം ചെണ്ടകൊട്ടിയല്ല, ചെറു ഉറവകളായി ഒറ്റയ്ക്കൊറ്റയ്ക്കുള്ള ശബ്ദങ്ങളായി പൊട്ടിമുളയ്ക്കുകയാണ് ചെയ്യുക എന്ന് ഈ സിനിമയും ഇതില്‍ അവതരിപ്പിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു. നിയമക്കുരുക്കുകള്‍ക്കിടയില്‍ ജീവിതം വഴിമുട്ടിയവരാണ് പലരും. പക്ഷേ, സൈനബയും അഞ്ജുവും ചേര്‍ന്ന് തെളിക്കുന്ന കാര്‍ത്തിക വിളക്കു പോലെ ഇരുട്ടില്‍ പതുക്കെ തെളിഞ്ഞും പടര്‍ന്നും കത്താനുള്ള വിസ്മയകരമായ കഴിവതിനുണ്ട്.
കോടതി മുറിയുടെ യാന്ത്രികതയും പലപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ട നിരാലംബരായ സ്ത്രീകളും ഒരു ഡോക്യുമെന്ററി പോലെ ചെറിയ വിരസത നമ്മില്‍ ഉളവാക്കിയേക്കാം. എന്നാല്‍, ജീവിതം നല്കുന്നതില് കൂടുതല്‍ വിരസതയൊന്നും ഒരു കലാസൃഷ്ടിയില് നിന്ന് പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ. നിരവധി കഥാപാത്രങ്ങളുണ്ടിതില്‍. ഒരു പുതുമുഖ സംവിധായിക എന്ന നിലയില്‍, സിനിമയുടെ മൂഡ് നഷ്ടപ്പെടുത്താതെ ആദ്യന്തം നിലനിര്‍ത്തുക വലിയ വെല്ലുവിളി തന്നെയാണ്. മിനി ഐ.ജി അതില്‍ വിജയിച്ചിട്ടുണ്ട്. സന്തോഷ് കീഴാറ്റൂര്‍, ഷിബില, കെ.പി.എ.സി ലീല, ചന്തു നാഥ്, പി. ശ്രീകുമാര്‍, മണിക്കുട്ടന്, ജോളി ചിറയത്ത്, അശ്വതി കിഷോര്‍, പ്രിയംവദ കൃഷ്ണന്, അമലേന്ദു, ഇഷിത, അരുണാംശു എന്നിങ്ങനെ പഴയതും പുതിയതുമായ വന്‍ താരനിരയുമുണ്ട്. ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സാമൂഹിക പ്രശ്നമെന്ന നിലയില്‍ 'ഡിവോഴ്സ് ' എന്ന സിനിമ പ്രദര്‍ശനശാലകള്‍ സ്വാഗതം ചെയ്യേണ്ടതാണ്.