ദിവ്യയുടെ മരണം മലബാറിന്റെ, കണ്ണൂരിന്റെ ഇടതുപക്ഷ സെക്കുലര്‍ മുഖംമൂടി വലിച്ചു കീറുന്നുണ്ട്
|ഇടതുപക്ഷ ബാങ്കിങ് സംഘടന ആയ ബെഫിയുടെ സംസ്ഥാന കമ്മിറ്റി മെംബര്‍ ആണ് മരിച്ചത്. മാധ്യമങ്ങളിലൊഴികെ എവിടയും ഒരു അനക്കവുമില്ല. എത്ര സാമ്പത്തികമായ ഉയിര്‍പ്പുണ്ടായാലും എത്ര ഉയര്‍ന്നു പറന്നാലും കീഴാള ദലിത് ജീവിതങ്ങള്‍ ജാതി എന്ന കുരുക്കില്‍പെട്ട് ജീവിതം അവസാനിപ്പിക്കേണ്ട ദൂരഭിമാനത്തിന്റെ ഇടം കൂടി ആണ് കേരളം. ദിവ്യയുടെ മരണം ആണ് അതിനു ഏറ്റവും വലിയ തെളിവ്.
ഭൂമിശാസ്ത്രപരവും സാമൂഹികവും ആയി അരികുവത്കരിക്കപ്പെട്ട കോളനികള്‍, ചതുപ്പുകള്‍, വെള്ളം കിട്ടാത്ത പാറകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജീവിച്ചു നിന്നു കൂലിപ്പണി ആയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും പ്രവാസമായും നഗരങ്ങളിലേക്കുള്ള പറിച്ചു നടലുകളായും അനേകം സംഘര്‍ഷങ്ങളും യുദ്ധങ്ങളും താണ്ടിയാണ് കേരളത്തിലെ കീഴാള സമൂഹങ്ങള്‍ മുന്നോട്ട് വന്നത്. തെക്കന്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമായി മലബാറില്‍ അത് വേറൊരു തരത്തിലുള്ള ഉയിര്‍പ്പുകളാണ്. ഇങ്ങനെ കഴിഞ്ഞ അമ്പതു വര്‍ഷ മായി മധ്യവര്‍ഗത്തിലേക്കുള്ള ഉയിര്‍പ്പു കേരളത്തിലെ കീഴാള മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഉയിര്‍പ്പിലൂടെ സമൂഹത്തിന്റെ രണ്ടാം തലമുറ ആയി വളര്‍ന്നുവന്ന പെണ്‍കുട്ടി ആയ ദിവ്യയുടെ മരണം അങ്ങനെ നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ല. ദിവ്യയുടെ മരണം കൃത്യമായി നവോത്ഥാനം എന്നു വീമ്പടിച്ചു വിടുന്ന പുരോഗമനത്തിന്റെ കോണകം പുറപ്പുരത്തിടുന്ന കേരളത്തിന്റെ പുറം പൂച്ചു പുറത്തേക്ക് കൊണ്ടുവരുന്നതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥന്‍ ആയ പുലയ സമുദായത്തില്‍ പെട്ട ശങ്കരന്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം തന്നെ തന്റെ ഉദ്യോഗവുമായി ബന്ധപ്പെട്ട് നഗര കേന്ദ്രീകൃതം ആയ ഒരു ജീവിതം ആയിരുന്നു ജീവിച്ചത്. അവര്‍ പിന്നെ ജീവിച്ചത് ഇടതുപക്ഷം ഉഴുതു മറിച്ചിട്ടു എന്നു പറയുന്ന കണ്ണൂരിലെ അടുത്തില എന്ന സ്ഥലത്തെ നമ്പ്യാര്‍ സമുദായങ്ങളുടെ ഇടയില്‍ ആയിരുന്നു. സ്വന്തം വീട് ഉണ്ടാക്കി അവിടെ ജീവിച്ചു. അവിടെ ആണ് അവരുടെ മകള്‍ ദിവ്യയും ജനിച്ചു വളര്‍ന്ന്, മുപ്പത്തി അഞ്ചു വര്‍ഷം ജീവിച്ചത്. പയ്യന്നൂര്‍ കോളജില്‍ നിന്നും ഫിസിക്‌സില്‍ ഉന്നത ബിരുദം നേടിയ ദിവ്യ അച്ഛനെ പോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥ ആയി. ഇടതുപക്ഷ അനുഭാവി ആയ ദിവ്യ ബാങ്കിന്റെ സംഘടന ആയ ബെഫിയുടെ സംസ്ഥാന കമ്മിറ്റി മെംബര്‍ വരെ ആയി. വളരെ ബോള്‍ഡ് ആയ അന്തസ്സായി ജീവിച്ച ഒരു സ്ത്രീ ആയിരുന്നു ദിവ്യ. ദിവ്യയുടെ ആദ്യ വിവാഹം വേര്‍പിരിഞ്ഞതിന് ശേഷം അവര്‍ പത്തു വയസ്സു പ്രായമുള്ള മകന്റെ ഒപ്പം ജീവിക്കുക ആയിരുന്നു. ആ സമയത്താണ് പുലയ സമുദായത്തില്‍ പെട്ട ദിവ്യയെ തൊട്ടടുത്ത ആയല്‍വാസി ആയ ഉണ്ണികൃഷ്ണന്‍ എന്ന നമ്പ്യാര്‍ സമുദായത്തിലെ ഐ.ടി ഉദ്യോഗസ്ഥന്‍ കല്യാണം ആലോചിക്കുന്നത്. ആയാളും ഒരു വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് ആയിരുന്നു. അങ്ങനെ ആ വിവാഹം നടക്കുന്നു. വിവാഹം നടന്നു ഒമ്പതാമത്തെ മാസം ദിവ്യ ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നു.
ദൂരഭിമാന കൊല ഒക്കെ അങ്ങ് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും ആണെന്നും കേരളത്തില്‍ വല്ലപ്പോഴും ഒരു കെവിന്‍-നീനൂ കേസ് മാത്രമേ നടക്കൂ എന്നും അതില്‍ കേരളം ഇടക്കിടക്ക് ഞെട്ടലുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞു തലയൂരും. പക്ഷേ, ജാതി എന്ന സംഘര്‍ഷപരമായ ഡേടുഡേ അഫയിറിനെ അഡ്രസ് ചെയ്യാന്‍ പരാജയപ്പെട്ട ഒരു ജ്യോഗ്രഫി ആണ് കേരളത്തിലെത്. അങ്ങനെ ഒന്നില്ല എന്നു പറഞ്ഞു കൈ കഴുകുന്നു കേരളം. ഈ മരണത്തിന് ശേഷം വന്ന വാര്‍ത്തകളിലൂടെയും ആ അച്ചന്റെ പരാതിയിലൂടെയും ആണ് ഇതൊരു ജാതി പീഡന മരണം ആണ് എന്നു ലോകം അറിയുന്നത്.
ഇവിടെ ആണ് ജാതി ഇല്ല എന്നു നിരന്തരം കളവ് പറയുന്ന കേരളത്തിന്റെ പൂച്ചു പുറത്തു ചാടുന്നത്. ഇവിടെയാണ് മലബാറും കണ്ണൂരും ഇടതുപക്ഷം ഉഴുതു മറിച്ചിട്ടതാണ് ഇവിടെ ജാതി ഒട്ടുമില്ല എന്ന അനു പല്ലവിയുടെ പൂച്ചു പുറത്തു ചാടുന്നത്. മരണ ശേഷം ദിവ്യയുടെ അച്ചന്‍ പൊലീസിന് കൊടുത്ത പരാതിയിലും അതുപോലെ വാര്‍ത്താ ചാനലുകള്‍ക്കു കൊടുത്ത അഭിമുഖങ്ങളിലും ഇങ്ങനെ പറയുന്നു: ഉണ്ണിക്കൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ വീട്ടില്‍ ദിവ്യ അതിഭീകരമായ ജാതി പീഡനം നേരിട്ടിരുന്നു. നിരന്തരം ജാതിപ്പേര് വിളിച്ചു ദിവ്യയെ അധിക്ഷേപിച്ചിരുന്നു. ഉണ്ണികൃഷ്ണന്റെ അമ്മ, ദിവ്യ ഉണ്ടാക്കിയ ആഹാരം കഴിക്കുമായിരുന്നില്ല. മുമ്പ് ശങ്കരന്റെ വീട്ടില്‍ ജോലിക്ക് ഉണ്ണികൃഷ്ണന്റെ അമ്മ വന്നപ്പോഴും അവര്‍ അവിടെ നിന്നു ആഹാരം കഴിക്കുമായിരുന്നില്ല. ഇത് കണ്ണൂരിലെ കീഴാള ദലിത് സമൂഹങ്ങളില്‍ ജീവിച്ചവര്‍ക്ക് ഒന്നും പുത്തരിയല്ല. നമ്പ്യാര്‍ മുതല്‍ തീയ സമുദായങ്ങളില്‍ പെട്ടവരിലെ അടക്കം ഒരു തലമുറ പുലയരുടെയോ താഴ്ന്ന ജാതിക്കാരുടെയോ കല്യാണങ്ങളില്‍ പോയി ഊണ് കഴിക്കാതെ പകരം തലേ ദിവസം രാത്രി പോയി ബേക്കറി പലഹാരം കഴിച്ചു മുങ്ങുന്ന കണ്ണിങ് ആയ രീതികള്‍ ആണ്. എന്നിട്ടാണ് കണ്ണൂരില്‍ എവിടെ ജാതി? ഇടതുപക്ഷ ഗ്രാമങ്ങളില്‍ എവിടെ ജാതി എന്നു തള്ളി മറിക്കുക.
മധ്യവര്‍ഗത്തിലേക്ക് ഉയര്‍ന്നു അന്തസ്സായി ജീവിച്ച ദിവ്യയാണ് ഇവിടെ ക്രൂരമായ ജാതി പീഡനത്തിന് ഇരയായത്. ഇത് കൊലപാതകം ആണെന്നും ആത്മഹത്യ അല്ല എന്നുമാണ് ദിവ്യയുടെ അച്ഛന്‍ ശങ്കരന്‍ വാദിക്കുന്നത്. കൊലപാതകം ആണെങ്കിലും അല്ലെങ്കിലും നമ്പര്‍ വണ്‍ കേരളത്തില്‍ ഒരു ദലിത് സ്ത്രീ ജാതി പീഡനം മൂലം ജീവിതം അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.
കേരളത്തിന്റെ അപരമായ ഇടങ്ങളില്‍ നിന്നു ജാതി എന്നത് ഭൂമി ശാസ്ത്രപരമായും, ബന്ധങ്ങളിലും, കുടുംബങ്ങളിലും, സമൂഹികതയിലും എത്ര പ്രത്യക്ഷമായും മൈനൂട്ട് ആയി പ്രവര്‍ത്തിക്കുമ്പോഴും അതേ കേരളം - വിദ്യാഭ്യാസത്തില്‍, സാക്ഷാരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ - ജാതി ഇല്ല എന്ന കളവ് നിരന്തരമായി വിളിച്ചു പറയും. ഇതേ കണ്ണൂരില്‍ ഞങ്ങള്‍ ജീവിച്ച കോളനിയെ സൗത്ത് ആഫ്രിക്ക എന്നൊക്കെ വിളിച്ചു കളിയാക്കും. ഏതോ സിനിമയില്‍ പറഞ്ഞത് പോലെ 'ഇതൊക്കെ ചെറുത്'. കണ്ണൂരിലെ കീഴാള അനുഭവങ്ങളുടെ മൈക്രോസ്‌കോപ്പിക് ലെവലുകള്‍ മാത്രമാണ് അത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ദിവ്യ എന്ന ബാങ്ക് ഉദ്യോഗസ്ഥ ആയ സ്ത്രീ. ദൂരഭിമാന കൊല ഒക്കെ അങ്ങ് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും ആണെന്നും കേരളത്തില്‍ വല്ലപ്പോഴും ഒരു കെവിന്‍-നീനൂ കേസ് മാത്രമേ നടക്കൂ എന്നും അതില്‍ കേരളം ഇടക്കിടക്ക് ഞെട്ടലുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞു തലയൂരും. പക്ഷേ, ജാതി എന്ന സംഘര്‍ഷപരമായ ഡേടുഡേ അഫയിറിനെ അഡ്രസ് ചെയ്യാന്‍ പരാജയപ്പെട്ട ഒരു ജ്യോഗ്രഫി ആണ് കേരളത്തിലെത്. അങ്ങനെ ഒന്നില്ല എന്നു പറഞ്ഞു കൈ കഴുകുന്നു കേരളം. ഈ മരണത്തിന് ശേഷം വന്ന വാര്‍ത്തകളിലൂടെയും ആ അച്ചന്റെ പരാതിയിലൂടെയും ആണ് ഇതൊരു ജാതി പീഡന മരണം ആണ് എന്നു ലോകം അറിയുന്നത്.
ദിവ്യയുടെ മരണം മലബാറിന്റെ കണ്ണൂരിന്റെ ഇടതുപക്ഷ സെക്കുലര്‍ മുഖംമൂടി വലിച്ചു കീറുന്നുണ്ട്. ഇടതുപക്ഷ ബാങ്കിങ് സംഘടന ആയ ബെഫിയുടെ സംസ്ഥാന കമ്മിറ്റി മെംബര്‍ ആണ് മരിച്ചത്. മാധ്യമങ്ങളിലൊഴികെ എവിടയും ഒരു അനക്കവുമില്ല. എത്ര സാമ്പത്തികമായ ഉയിര്‍പ്പുണ്ടായാലും എത്ര ഉയര്‍ ന്നു പറന്നാലും കീഴാള ദലിത് ജീവിതങ്ങള്‍ ജാതി എന്ന കുരുക്കില്‍പെട്ട് ജീവിതം അവസാനിപ്പിക്കേണ്ട ദൂരഭിമാനത്തിന്റെ ഇടം കൂടി ആണ് കേരളം. ദിവ്യയുടെ മരണം ആണ് അതിനു ഏറ്റവും വലിയ തെളിവ്.