കോണ്‍ഗ്രസ്സില്‍ മാറ്റങ്ങള്‍ വരണം; മത്സരിക്കുന്നത് ജയിക്കാന്‍ തന്നെയാണ് - ഡോ. ശശി തരൂര്‍
|അഖിലേന്ത്യാ കോണ്‍ഗ്രസ്സില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ടാണ് ഡോ. ശശി തരൂര്‍ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്. അദ്ദേഹം മത്സര രംഗത്തേക്ക് വന്നതോടെ കോണ്‍ഗ്രസ്സ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പുതിയ മാനം കൈവന്നിരിക്കുന്നു. പരമ്പരാഗത ശൈലിയില്‍നിന്ന് വേറിട്ടുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയും ഘടനാ ക്രമീകരണങ്ങളും തരൂര്‍ മുന്നോട്ടുവെക്കുന്നുണ്ട്. തന്റെ കാഴ്ചപ്പാടുകള്‍ മാനിഫെസ്റ്റോ ആയി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു അദ്ധേഹം. മത്സരത്തിലേക്കെത്തിയ കാരണങ്ങളും വിശേഷങ്ങളും ഡോ. ശശി തരൂര്‍ പങ്കുവെക്കുന്നു. | അഭിമുഖം: ഡോ. ശശി തരൂര്‍ / ഡി.ധനസുമോദ്
താങ്കളുടെ ഒരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്, ഇന്ത്യയിലും ജപ്പാനിലും രാഷ്ട്രീയ പക്വത എത്തിയെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നത് ആ രാഷ്ട്രീയക്കാരുടെ അമ്പതാമത്തെ വയസ്സ് കഴിയുമ്പോഴാണ് എന്ന്. ഇപ്പോള്‍ നിങ്ങള്‍ അറുപത്തിയാറാമത്തെ വയസ്സില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ പദവിലേക്ക് മത്സരിക്കുന്നു. ഈ മത്സരത്തിലേക്ക് എത്താനുള്ള പ്രധാന കാരണം എന്താണ്?
നോക്കു.. ഞാനാണിപ്പോള്‍ ഈ മത്സരത്തില്‍ ചെറുപ്പമുള്ള സ്ഥാനാര്‍ഥി. കാരണം, ശ്രീ ഖാര്‍ഗെക്ക് എണ്‍പത് വയസ്സ് കഴിഞ്ഞു. നമ്മുടെ രാജ്യത്തും രാഷ്ട്രീയത്തിലും ആളുകളുടെ വയസ്സ് കൂടുമ്പോള്‍ അവര്‍ കൂടുതല്‍ സീരിയസ് ആയിട്ടാണ് കാര്യങ്ങള്‍ എടുക്കുക എന്ന് നമ്മള് അറിയണം. അവരുടെ അറിവും ബുദ്ധിയും കൂടിക്കൂടി വരുമെന്നാണ് ചിലരുടെ വിശ്വാസം. ഞാന്‍ പ്രായമുള്ളവരെ എന്തായാലും ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്റെ അമ്മ എന്റെകൂടെ താമസിക്കുന്നുണ്ട്. അവരെ ബഹുമാനിക്കണം. പക്ഷെ, രാഷ്ട്രീയത്തില്‍ നമുക്ക് മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം, രാജ്യത്ത് 51-52 ശതമാനം പേര് ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ഭൂരിപക്ഷം ചെറുപ്പക്കാരുള്ള രാജ്യത്ത് നമ്മള് പ്രായമായവര്‍ എങ്ങനെയാണ് അവരെ ഭരിക്കുന്നത്. എന്റെ അഭിപ്രയത്തില്‍ കോണ്‍ഗ്രസ്സ് വരാന്‍ പോകുന്ന കാലത്ത് യുവാക്കളുടെ പാര്‍ട്ടിയാകണം. കാരണം, ഇത് അവരുടെ രാജ്യമാണ്. ഭാവി അവരുടെയാണ്. അവരെ കൂടുതല്‍ ഉള്‍പ്പെടുത്തി അവരുടെ ആഗ്രഹങ്ങള്‍ക്കും അവരുടെ ആസ്പിരേഷനും വേണ്ടി സംസാരിക്കണം.
മത്സരിക്കുന്ന രണ്ടുപേരെയും വിലയിരുത്തുമ്പോള്‍ ഒരാള്‍ സ്വാതന്ത്രത്തിന് മുന്‍പ് ഇന്ത്യയില്‍ ജനിച്ചയാള്‍. ഒരാള്‍ സ്വാതന്ത്രത്തിന് ശേഷം ഇന്ത്യയില്‍ ജനിച്ചയാള്‍. ഈ പ്രായം ഒരു അനുകൂല ഘടകമായി പ്രവര്‍ത്തിക്കുമെന്നാണോ കരുതുന്നത്?
പ്രായം ഒരു പ്രശ്നമാകുന്നില്ല. പക്ഷെ, ഒരുകാര്യം ഞാന്‍ പറയാം. ഒരു സംശയവും വേണ്ട, പാര്‍ട്ടിയില്‍ നല്ലവണ്ണം പ്രവര്‍ത്തിച്ച എല്ലാ വിധത്തിലും - ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്, ബിസിനസ്സ് ആസ് യൂഷ്വല്‍- അങ്ങനെ നടത്തുന്ന ഒരു വ്യക്തിയാണ് ഒരുഭാഗത്ത് നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം എല്ലാവരും കണ്ടിട്ടുണ്ട്. അനുഭവം ഉള്ള വ്യക്തിയാണ്. ഒന്‍പത് തവണ എം.എല്‍.എ ആയിട്ടുണ്ട്. ഒരു പ്രാവിശ്യം എം.പിയായി ലോക്സഭയില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭയില്‍ വന്നിട്ടുണ്ട്. അദ്ദേഹം നേതൃത്വത്തില്‍ വന്നാല്‍ ഒരു വ്യത്യാസം കാണാന്‍ സാധ്യതയില്ല. കാരണം, അദ്ദേഹം ഇപ്പോള്‍ നേതൃത്വത്തിന്റെ വലിയൊരു ഭാഗമാണ്. അഥവാ, നമ്മള് കോണ്‍ഗ്രസിന്റെ അകത്ത് ടോപ് ത്രീ പേരുകള്‍ പറയുകയാണെങ്കില്‍ അദ്ദേഹം ഉറപ്പായും ഉണ്ടാവും. അപ്പോള്‍ അദ്ദേഹം നേതൃത്വത്തില്‍ വന്നാല്‍ മാറ്റം കൊണ്ടുവരാന്‍ പോകുന്നില്ല. നേരെമറിച്ച് ഞാന്‍ ഒരു മാറ്റത്തിന്റെ സ്ഥാനാര്‍ഥിയായിട്ടാണ് നില്‍ക്കുന്നത്. ഈ പാര്‍ട്ടിക്ക് വേണ്ടിയും നമ്മുടെ ഭാവിക്കുവേണ്ടിയുമുള്ള പ്രവര്‍ത്തനത്തില്‍ നല്ലൊരു വ്യത്യാസം കൊണ്ട് വരണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഞാന്‍ ഒരു പ്രകടന പത്രിക ഇറക്കി ആളുകളോട് ചിലകാര്യങ്ങള്‍ നമുക്ക് നന്നായി ചെയ്യണം എന്ന് പറഞ്ഞത്.
ഈ പ്രകടന പത്രികയില്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത് സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും തന്നെയാണ്. അപ്പോള്‍ ചെറുപ്പക്കാരെ കൂടുതല്‍ പാര്ട്ടിയിലര്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടി ഏതൊക്കെ തലത്തിലുള്ള പ്രവര്‍ത്തനമായിരിക്കും ആസൂത്രണം ചെയ്യുന്നത്?
അത് വലിയ അത്യാവശ്യമാണ്. ഒന്നാമതായി ഞാന്‍ പറഞ്ഞത് പോലെ ഇതവരുടെ രാജ്യമാണ്. അവരെ നമ്മള് ഉള്‍പ്പെടുത്തി അവര്‍ക്ക് ആവേശം കൊടുത്തിട്ടില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി എന്തായിരിക്കും. പലരും രാജ്യം വിട്ട് വിദേശത്ത് പോവാനാണ് ആഗ്രഹിക്കുന്നത്. നന്നയി മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ ഇപ്പോള്‍ സ്കോളര്‍ഷിപ്പോ മറ്റോ എടുത്ത് വിദേശത്തു പോയി തിരിച്ചുവരാതിരിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി എന്താവും. അപ്പോള്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി, ആവശ്യങ്ങള്‍ക്ക് വെണ്ടി സംസാരിച്ച് അവര്‍ക്ക് വേണ്ടി നല്ല ഭാരതം കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി രംഗത്തിറങ്ങണം.
നിങ്ങള്‍ പ്രസിഡണ്ട് ആയാല്‍ ഗാന്ധി കുടുംബത്തിന്റെ റോള്‍ എന്തായിരിക്കും?
നോക്കു.. എന്റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക് ഒറ്റക്ക് നിന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഗാന്ധി കുടുംബത്തിന് നമ്മുടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കകത്ത് നല്ല രക്തബന്ധമാണ്. നെഹ്റു-ഗാന്ധി കുടുംബം എന്ന് പറയാം. ഒരു നൂറ്റാണ്ടായി അവര്‍ നമ്മുടെ പാര്‍ട്ടിയില്‍ വലിയൊരു റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാത്രമല്ല, അവരുടെ നേതൃത്വമാണ് ഭൂരിപക്ഷ സമയവും നമുക്ക് ഉണ്ടായത്. അപ്പോള്‍ എന്തായാലും അവര്‍ പാര്‍ട്ടിയില്‍ വലിയൊരു സ്ഥാനം എടുക്കുന്നു എന്നതില്‍ സംശയമില്ല. രണ്ടാമതായി പാര്‍ട്ടി എന്തിനാണവരെ നഷ്ടപ്പെടുത്തുന്നത്. പാര്‍ട്ടിക്ക് അവര്‍ ചെയ്യുന്ന ഗുണം എല്ലാ ദിവസവും കാണാന്‍ സാധിക്കും. കേരളത്തില്‍ നമ്മള് കണ്ടതാണ്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി നടക്കുമ്പോള്‍ ജനങ്ങളുടെ ഊര്‍ജം, ആവേശം, അദ്ദേഹത്തെ കാണാനും കൈവീശാനുമുള്ള താല്പര്യം. ഇവയെല്ലാം നോക്കുമ്പോള്‍ എനിക്ക് തോന്നുന്നു, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് വലിയ ഗുണം കിട്ടാന്‍ സാധിക്കുമെന്ന്. മാത്രമല്ല, ഗാന്ധികുടുംബത്തിനും പല നല്ല കാര്യങ്ങളും പാര്‍ട്ടിക്ക് വേണ്ടി ചെയ്യാനും സാധിക്കും. പക്ഷെ, പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. അവര്‍ ആഗ്രഹിക്കുന്നത് വേറെ വല്ലതുമാണ്. അത് തമ്മില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണം.
ഇപ്പോള്‍ റീസെന്റ് ആയിട്ടുള്ളത് പരിശോധിക്കുകയാണെങ്കില്‍ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, അവരുടെ നേതൃത്വം പ്രസിഡണ്ട് പദവിയില്‍ തന്നെ പോരുന്നു. നിങ്ങള്‍ പ്രസിഡണ്ട് ആയാല്‍ ഭാരവാഹിത്വത്തിന് സമയം നിജപ്പെടുത്തുമോ?
നമുക്ക് എല്ലാത്തിന്റെയും ഭാവി കാണാന്‍ സാധിക്കില്ല. ഒരു കാര്യം മനസ്സിലാക്കണം. ചരിത്രത്തില്‍ എന്താണ് കണ്ടിരിക്കുന്നത്. ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ നമുക്ക് പല ഐഡിയാസും ഉണ്ടാകും. പക്ഷെ, നമ്മള് അത് ചെയ്തുകൊണ്ടിരുന്നിട്ട് അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് പല മാറ്റങ്ങളും കൊണ്ടുവരേണ്ടി വരും. ഒരു എവലൂഷന്‍ ഏത് ജോലിയിലുമുണ്ടാവാം. നമ്മള് ആരംഭിക്കുമ്പോള്‍ ചില വിചാരങ്ങളും വിശ്വാസങ്ങളും നമ്മുടെ മനസ്സിലുണ്ടാവും. പക്ഷെ, അത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് പുതിയ കണ്ടുപിടുത്തങ്ങളും വരാം. ജനങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നത് നോക്കേണ്ടി വരും. പാര്‍ട്ടിക്ക് എന്താണ് വേണ്ടതെന്ന് നോക്കി കാണേണ്ടി വരും. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അകത്തു നിങ്ങള്‍ക്ക് അറിയാമല്ലോ, പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. അത് ഞാന്‍ മോശമായി കാണുന്നില്ല. കാരണം, ജനാധിപത്യത്തിന്റെ അകത്തു അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുന്നത് നല്ലകാര്യമാണ്. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച പാര്‍ട്ടി ഒന്നായി മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിക്കണം. ഇതെല്ലം നമ്മള് നോക്കേണ്ടി വരും. ഇരുപത്തിനാല് വര്‍ഷം ആറു സ്റ്റൈല്‍ ലീഡര്‍ഷിപ്പ് ആയിരുന്നു. പാര്‍ട്ടിക്ക് നല്ല ഗുണവും ചെയ്തു. 2004 ലെയും 2009 ലെയും രണ്ട് തിരഞ്ഞെടുപ്പ് ജയിച്ചതിന്റെ അമരക്കാര്‍. പക്ഷെ, ഇപ്പോള്‍ അത് മാറി. അവര്‍ തന്നെ ക്ഷീണിച്ചു. സമയം മാറി പുതിയൊരു രീതി കണ്ടുപിടിക്കണം. അത് ചെയ്തിട്ട് കണ്ടുനോക്കാം എത്ര നന്നായി നടക്കുന്നെന്ന്.
പാര്‍ട്ടി ഇപ്പോള്‍ ബൂത്ത് തലത്തില്‍ പോലും നിര്ജീവമാണെന്നുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. ഇത് പുനരുജ്ജീവിപ്പിക്കാന്‍ എന്താണ് താങ്കളുടെ കയ്യിലുള്ള മൃതസഞ്ജീവനി?
അങ്ങനെ മൃതസഞ്ജീവനി ഒന്നും എന്റെ കയ്യിലില്ല. മാജിക് ബോണ്ടുമില്ല. പക്ഷെ, ഞാന്‍ ഒരു കാര്യം പറയാം. നമുക്ക് വിഷയങ്ങളെ മനസ്സിലാക്കണം. ജനങ്ങളോടൊപ്പം സംസാരിച്ച്, വിഷയം പഠിച്ച് സൊലൂഷന് കണ്ടുപിടിക്കണം. നമ്മള് എന്താണ് ശെരിക്ക് ഈ രാജ്യത്ത് വിളവെടുക്കുന്നത്, എന്താണ് നമ്മുടെ മൂല്യങ്ങള്‍ എന്നൊരു കാഴ്ചപ്പാടുണ്ടാവണം. ചില കാര്യങ്ങള്‍ നെഗോഷ്യബിള്‍ അല്ല. ഉദാഹരണം പറയുകയാണെങ്കില്‍ നമ്മുടെ എല്ലാവരുടെയും രാജ്യമാണ് ഇന്ത്യ. ഇന്‍ക്ലൂസീവ് ഇന്ത്യ. അതില്‍ ഏത് ജാതി, മതം, നിറം, ഭാഷ എന്നതൊന്നും പ്രശ്നമല്ല. നിങ്ങള്‍ ഒരു ഭാരതീയനാണെങ്കില്‍ നിങ്ങള്‍ക്ക് ഈ രാജ്യത്ത് മറ്റു പൗരനെ പോലെ പൂര്‍ണ്ണ അവകാശമുണ്ട്. ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവിലേജും ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ ബുദ്ധിമുട്ടും ഉണ്ടാവരുത്. അത് നമ്മുടെ അടിസ്ഥാന വിശ്വാസമാണ്. പക്ഷെ, ചില വിഷയങ്ങളില്‍ നാം ഇപ്പോള്‍ നോക്കുമ്പോള്‍ വിവേചനങ്ങളുണ്ട്. അത് ചര്‍ച്ചചെയ്യണം.
നമ്മള് ഒരു കാലത്ത് നെഹ്രുവിന്റെ സമയത്ത് സ്ട്രോങ്ങ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായിട്ടാണ് അറിയപ്പെട്ടത്. പക്ഷെ, 91ല്‍ നമ്മളായിരുന്നു ലിബറലൈസേഷന്റെ പാര്‍ട്ടി. മന്മോഹന് സിങ്ങും നരസിംഹറാവുവും പലമാറ്റങ്ങളും കൊണ്ട് വന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. അപ്പോള്‍ നമുക്ക് രണ്ടില്‍ നിന്നും പാഠം പാഠിക്കണം. ഏതൊക്കെയാണ് നടന്നിരിക്കുന്നത് ഏതൊക്കെയാണ് മുന്നോട്ട് കൊണ്ടുപോവേണ്ടത് ഏതൊക്കെയാണ് മാറ്റം വരുത്തേണ്ടതെന്ന്. എന്റെ അഭിപ്രായത്തില്‍ കുറച്ചുകൂടി അറിവ് കൊണ്ട് നമ്മള് ഇറങ്ങിയിട്ട് ഓരോരോ സ്റ്റേജില്‍ പഠിച്ച് മുന്നോട്ട് പോവണം. നമുക്കൊരു മാജിക് ബോണ്ട് ഒരിക്കലും ഉണ്ടാവില്ല. ഉണ്ടെങ്കില്‍ നമുക്കറിയാമല്ലോ മിസ്റ്റര്‍ മോദി അതിനെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും. പക്ഷെ, അതില്ല. അദ്ദേഹം നോട്ട് നിരോധനം നടപ്പാക്കി നമ്മളെ വഷളാക്കിയില്ലേ. അദ്ദേഹം പറഞ്ഞത് അത് ചെയ്തു കഴിഞ്ഞാല്‍ എല്ലാ കള്ളപ്പണവുംമാറും ഇല്ലാതാകും എന്നാണ്. ഭീകരവാദികള്‍ക്ക് കാശുണ്ടാവില്ല എന്നൊക്കെയാണ് ആ സമയത് അദ്ദേഹം പ്രഖ്യാപിച്ചത്. ജനങ്ങളെ ഭയങ്കരമായി ഇന്കണ്വീനിയന്സ് ചെയ്തെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കി. അത് നമ്മുടെ വളര്‍ച്ചക്കും ഇക്കോണമിക്കും രാജ്യത്തിനും ഒരു ഗുണവും ചെയ്തില്ല. അപ്പോള്‍ ഇങ്ങനെ മാജിക് ബോണ്ട് ട്രൈ ചെയ്യുന്നവര്‍ക്ക് ഒരുകാര്യം കണ്ടുപിടിക്കാം. രാഷ്രീയത്തിലും സമ്പാദിക്കുന്ന വിഷയത്തിലും സഞ്ജീവനി ഒന്നുമില്ല നമുക്ക്. പഠിച്ച് ഓരോന്നായി കന്സള്ട്ട് ചെയ്ത് മുന്നോട്ട് പോവാന്‍ ബുദ്ധിയും ക്ഷമയും ഉണ്ടാവണം.
അപ്പോള്‍ രാഷ്രീയത്തില്‍ എളുപ്പ വഴി ഇല്ല?
എന്റെ അഭിപ്രായത്തില്‍ ഇതിലും എളുപ്പ വഴി കാണില്ല. ഞാനിപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ പല രാജ്യങ്ങളുടെയും അനുഭവങ്ങള്‍ കണ്ട് നേരിട്ട് അവരുടെ പ്രധാനമന്ത്രിമാരും അവരുടെ ഫൈനാന്‍സ് മിനിസ്റ്റേഴ്സും അവരുടെ വിദേശകാര്യ മന്ത്രിമാരുമൊക്കെയായി കണ്ട് സംസാരിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. എനിക്ക് തോന്നുന്നു, ഓരോ രാജ്യത്തിന്റെയും കഥ വെവ്വേറെയാണ്. ഒരു രാജ്യത്ത് നടക്കുന്ന രീതി മറ്റൊരു രാജ്യത്ത് നടക്കണമെന്ന് നിര്‍ബന്ധമില്ല. എല്ലാ രാജ്യത്തിനും സ്വന്തം ചരിത്രമുണ്ട്, സ്വന്തം വിഷയങ്ങളുണ്ട്, സ്വന്തം വെല്ലുവിളികളുണ്ട്. എന്റെ അഭിപ്രായത്തില്‍ നമുക്ക് ഇന്ത്യയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി വെച്ചിട്ടാണ് ഭാരതത്തെ നന്നാക്കാന്‍ വരേണ്ടത്.
താങ്കള്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്, ഒരു പൂര്‍ണ്ണ സമയ അധ്യക്ഷന്‍ ഇല്ല എന്നത്. അത് എത്രത്തോളം കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ഇനി എങ്ങനെയായിരിക്കും. എങ്ങനെയായിരിക്കണം ഒരു പൂര്‍ണ്ണ സമയ അധ്യക്ഷന്‍ പ്രവര്‍ത്തിക്കേണ്ടത്?
സോണിയ ഗാന്ധി പൂര്‍ണ്ണ സമയ അധ്യക്ഷ ആയിരുന്നു ഒരു കാലത്ത്. പിന്നെ അവര്‍ക്ക് അസുഖം വന്നു. കോവിഡ് വന്നു. ആ കാലത്ത് കൂടുതല്‍ ആളുകളെ ഒന്നിച്ച് കാണാന്‍ ബുദ്ധിമുട്ടായിരുന്നു. അസുഖം കാരണം റിസ്ക് എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എല്ലാം നോക്കുമ്പോള്‍ ഹൃദയമുള്ളവര്‍ക്ക് മനസ്സിലാവും. അതില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. അതുകൊണ്ടായിരിക്കും അവര്‍ മാറി നില്ക്കാന് ആഗ്രഹിക്കുന്നതും ഫുള്‍ ടൈം ഈ ജോലി ചെയ്യാന്‍ താല്പര്യം കാണിക്കാത്തതും. ജനങ്ങള്‍ക്ക് എസ്പെക്റ്റേഷന്സ് ഉണ്ട്. അവര്‍ക്ക് ഒരു അധ്യക്ഷനെ എല്ലാ സമയവും കാണണം. എന്റെ അഭിപ്രായത്തില്‍ ഒരു കാലത്ത് ജനതാ ദര്‍ബാര്‍ നടത്തിയതുപോലെ നടക്കണം. അന്ന് ആഴ്ചയില്‍ രണ്ട് ദിവസം രണ്ട് മണിക്കൂര്‍ ആര്‍ക്ക് വേണമെങ്കിലും എത്ര വലിയ കാര്യകര്ത്താക്കളെയാണെങ്കിലും വന്നു കാണാം. ജനങ്ങള്‍ വരി വരിയായി നില്‍ക്കുന്നിടത്ത് പ്രധാനമന്ത്രിയെ കാണാം. നെഹ്റു അങ്ങിനെ നിന്നിട്ടുണ്ട്. ഇന്ദിര ഗാന്ധി അങ്ങിനെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓരോരുത്തരുടെയും അടുത്ത് എന്താണ് വേണ്ടതെന്ന് ചോദിച്ച് അവരുടെ പുറകില്‍ ഒരാള്‍ നോട്ടില്‍ എഴുതുന്നുമുണ്ടാവും. എന്നിട്ട് അതിന് വേണ്ട ആക്ഷന്‍ എടുക്കും. അങ്ങനെ ഒരു ആക്സസ് ജനങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ ഈ പാര്‍ട്ടിയുടെ അകത്ത് അവസരമുണ്ടാക്കല്‍ അത്യാവശ്യമാണ്. അത് കൊടുത്തിട്ടില്ലെങ്കില്‍ പ്രശ്നമാണ്. പക്ഷെ, അതിനേക്കാളേറെ ഞാന്‍ ഒരു മാറ്റം ആഗ്രഹിക്കുന്നത് ഡി സെന്ട്രലൈസേഷനിലാണ്. എല്ലാ തീരുമാനവും ഡല്‍ഹിയില്‍ തന്നെയെടുക്കണമെന്ന് നിര്‍ബന്ധമാണോ.
നിങ്ങള്‍ക്കറിയാമല്ലോ ഇപ്പോള്‍ തന്നെ ഒരു ജില്ലാ അധ്യക്ഷനെ തീരുമാനിക്കുന്നത്, പേര് അയച്ച് കൊടുത്ത് ഡല്‍ഹിയില്‍ നിന്നാണ് യെസ് ഓര് നോ പറയുന്നത്. ഡല്‍ഹിയില്‍ നിന്ന് മാറ്റം വരാനും സാധ്യതയുണ്ട്. അത് ശരിയല്ല. കാരണം, ഒരു സംസ്ഥാന നേതാവിനെ പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തിനെ നമ്മള് അത്രയെങ്കിലും വിശ്വാസം നല്‍കേണ്ട. നിങ്ങള്‍ക്ക് നിങ്ങളുടെ ആളുകളെ അറിയണം, നിങ്ങളുടെ സംസഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ അറിയണം, അവരുടെ കഴിവറിയണം. നിങ്ങള്‍ തെറ്റായ വ്യക്തിയെ വെച്ച് വഷളായാല്‍ നിങ്ങളിലാണ് അക്കൗണ്ടബിള്‍. അപ്പോള്‍ നിങ്ങളെ മാറ്റും. അങ്ങനെ ഒരു ഉത്തരവാദിത്വം വച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് കുറച്ചകൂടി കോണ്ഫിഡെന്സ് വരും. ഇതെന്റെ ഉത്തരവാദിത്വമാണ് ഞാന്‍ ഏറ്റെടുത്തു എന്നുവരും. നേരെ മറിച്ച്, ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു പി.സി.സി അധ്യക്ഷന്റെ മുകളില്‍ ഒരു ജനറല്‍ സെക്രട്ടറി ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാത്തിലും ഇടപെടാന്‍ സാധിക്കും.
അതുകഴിഞ്ഞ് അതിന്റെ മുകളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ട്, ഒരു ജനറല്‍ സെക്രട്ടറി ഓഗനൈസേഷന്‍ ഉണ്ട്. ഒരു ഡി.സി.സി പ്രസിഡന്റിന്റെ പേര് അയച്ച് കൊടുത്താല്‍ ഈ വഴിയെല്ലാം കയറിയാണ് അവസാനത്തില്‍ എത്തിയിട്ട് മടങ്ങി വരുന്നത്. ഇതെല്ലം നമ്മള് നോക്കിയിട്ട് കുറച്ചുകൂടെ റിലാക്സ് ചെയ്യേണ്ടി വരും. ഇത് മാത്രമല്ല, എല്ലാ ലെവലിലും ബ്ളോക്കിലും പ്രവര്‍ത്തകര്‍ക്ക് ശക്തികൊടുക്കണം. അധികാരം കൊടുക്കണം. ഈ പാര്‍ട്ടിയില്‍ ഞങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിലയുണ്ടെന്നവര്ക്ക് തോന്നണം. അത് പോലെ നമ്മളെ ബാധിക്കുന്ന തീരുമാനം എടുക്കുന്നവരെ നമുക്ക് കണ്ട് സംസാരിക്കാന്‍ സാധിക്കണം. ഇപ്പോഴത്തെ സ്ഥിതിയില്‍ പലര്‍ക്കും തോന്നുന്നത് ആരോ എവിടെയോ ഇരുന്ന് എന്തോ തീരുമാനിക്കുന്നു. ഞങ്ങള്‍ക്ക് പെട്ടെന്ന് ഇന്സ്ട്രക്ഷന് കിട്ടുന്നു. അത്രേയൊള്ളൂ ഞങ്ങള്‍ക്ക് റോളില്ല എന്നാണ്. ഞാന്‍ കേരളത്തിന് വേണ്ടി മാത്രം പറയുകയല്ല. ഭാരതത്തിന് മുഴുവന്‍ ഈ മാറ്റം വേണ്ടി വരും. മലയാളികള്‍ക്ക് എല്ലാത്തിനെ കുറിച്ചും അഭിപ്രായം പറയാനുണ്ടായവും. പക്ഷെ, ഈ അഭിപ്രായം കേള്‍ക്കാന്‍ ആരും പാര്‍ട്ടിയില്‍ ഇല്ലെങ്കില്‍ എങ്ങനെയാണ് പാര്‍ട്ടി നന്നാവുക.
ഉദയ്പൂര്‍ ചിന്തന്‍ ശിബിരം വളരെ പ്രതീക്ഷയോടെയാണ് കോണ്ഡഗ്രസ്സ് കണ്ടത്. പക്ഷെ, അതിനു ശേഷമുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നോക്കുമ്പോള്‍ ഈ തരത്തിലുള്ള പ്രായമൊന്നും പരിഗണിക്കാതെ പഴയ രീതിയില്‍ തന്നെ, പലപ്പോഴും കണ്ണില്‍ പൊടിയിടുന്ന രീതിയിലേക്കാണ് പോകുന്നത്. അതെങ്ങനെയാണ്?
താങ്കള്‍ പറയുന്നത് ശെരിയാണ്. ഉദയ്പൂര്‍ പ്രഖ്യാപനങ്ങള്‍ ഐകകണ്ഡേന പ്രഖ്യാപിച്ചതും കോണ്ഗ്രസ്സ്അധ്യക്ഷ അക്സപ്റ്റ് ചെയ്തതുമായിരുന്നു.അന്‍പത് ശതമാനം ടിക്കെറ്റുകള്‍ അന്‍പത് വയസ്സിന് താഴെയുള്ളവര്‍ക്ക് കൊടുക്കണം. ടേം ലിമിറ്റ്സ് ഉണ്ടാവണം. ആരും ഒരു സ്ഥാനത്ത് വെറുതെ ഇരിക്കാന്‍ സാധിക്കില്ല എന്നൊക്കെയാണ്. ചില മണ്ഡലം പ്രസിഡണ്ടുമാരില്‍ ഇരുപത്തി അഞ്ച് കൊല്ലം വെറുതെ ഇരുന്നവരുണ്ട്. ഞാന്‍ കണ്ട കാര്യമാണ് പറയുന്നത്. അപ്പോള്‍ ഇതൊക്കെ മാറ്റേണ്ടി വരും. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞ ചില റൂള്‍സ് ഉറപ്പാക്കേണ്ടി വരും. അതുപോലെ മഹിളാ പ്രാതിനിഥ്യം. നമുക്കറിയാമല്ലോ വുമണ്‍ റീസര്വേഷന് ബില്ല്. പാര്‍ലിമെന്റില്‍ വനിതകള്‍ക്ക് 33 ശതമാനം റിസേര്‍വ് ചെയ്യാന്‍ രാജ്യസഭയില്‍ ബില്‍ പാസ്സാക്കി. അത് ലോക്സഭയില്‍ എത്തിയതേയില്ല. പക്ഷെ, നമ്മള് അഥവാ ഭരണത്തില്‍ വന്നാല്‍ ലോക്സഭയില്‍ അത് കൊണ്ടുവന്ന് പാസ്സാക്കി, യാഥാര്‍ഥ്യമാക്കും എന്ന് പറയാനുള്ളധൈര്യം വേണം. ഇതെല്ലം ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്റെ തീരുമാനങ്ങളായിരുന്നു. ഞാന്‍ നയിക്കുന്ന ആള് ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ്സില്‍ ഒരു നിയമമുണ്ട്. എല്ലാ ചാപ്റ്ററിലും എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ലെവലിലും മൂന്ന് പൊസിഷന്‍ കാണണം. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി. ആ മൂന്നില്‍ മിനിമം ഒന്ന് വനിതയായിരിക്കണം. അല്ലെങ്കില്‍ മറ്റേ ലിസ്റ്റ് അപ്രൂവ് ചെയ്യില്ല. നിങ്ങള്‍ ഒരു വനിതയെ കണ്ടുപിടിച്ചശേഷമേ മറ്റു രണ്ടുപേരെ ഞങ്ങള്‍ അപ്രൂവ് ചെയ്യുകയുള്ളൂ. ഈ അഞ്ചുവര്‍ഷം ഞങ്ങളങ്ങനെ കാണിച്ചു കൊടുത്തിട്ടുണ്ട്. അതെല്ലാവരും അംഗീകരിച്ചു. അങ്ങനെയാണ് മഹിളകള്‍ക്ക് പ്രവര്‍ത്തിക്കാനും സംസാരിക്കാനും അവസരം കൊടുക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം എങ്ങനെയായിരിക്കും. സാധാരണ ഇപ്പോഴും പ്രഖ്യാപിക്കാറുള്ളതാണ്. സ്ഥാനാര്‍ത്ഥികളെ മൂന്ന് മാസം മുന്‍പേ പ്രഖ്യാപിക്കും. പക്ഷെ, അവസാനം ഓടിച്ചിട്ട് സ്ഥാനാര്‍ഥികളെ സംഘടിപ്പിക്കുന്നു. അതിന് പലപ്പോഴും ജാതി-മതമുള്‍പ്പെടെ പലതരത്തിലുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് വരുന്നത്. പലപ്പോഴും കോണ്‍ഗ്രസിന്റെ പറച്ചിലൊന്ന് പ്രവര്ത്തിയൊന്ന്, അങ്ങനെയായാണ് അനുഭവപ്പെടുന്നത്?
കോണ്‍ഗ്രസ് മാത്രമല്ല, എല്ലാപാര്‍ട്ടികളും അങ്ങനെയാണ്. പക്ഷെ, അതില്‍ മാറ്റം വേണം. ഞാന്‍ ഒരു ഉദാഹരണം പറയാം, കഴിഞ്ഞതവണ എല്ലാവരും കുറ്റമായി പറഞ്ഞിരുന്നത് 55 ശതമാനം സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളായിരുന്നു എന്നതാണ്. എന്റെ അഭിപ്രായത്തില്‍ അതായിരുന്നു തെറ്റ്. കാരണം, പുതുമുഖങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടാന്‍ സമയം കിട്ടിയില്ല. നിങ്ങള്‍ മൂന്നാഴ്ച മുന്‍പ് ഒരു പുതുമുഖത്തെ കൊണ്ടുവന്നാല്‍ അദ്ദേഹത്തിന്റെ വെല്ലുവിളി സങ്കല്പിച്ചുനോക്കൂ. പക്ഷെ, ഒരേ വ്യക്തിയെ മൂന്ന് മാസം മുന്‍പ് കൊണ്ട് വന്നിരുന്നെങ്കില്‍ പരിചയപ്പെടാന്‍ സമയം ഉണ്ടാവുമായിരുന്നു. ഓരോ ഭഗത്ത് ചെന്ന് മുഖപരിചയം ഉണ്ടാക്കാനും അറിയപ്പെടാനുമൊക്കെ കഴിഞ്ഞാല്‍ റിസള്‍ട്ടും വേറെയായിരിക്കും. ഈ 55 ല്‍ രണ്ടോ മൂന്നോ ആളുകളേ വിജയിച്ചുള്ളൂ. അതിന്റെ പേരില്‍ പല ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നു. പക്ഷെ, ഒരു പാര്‍ട്ടിയില്‍ പുതുമുഖങ്ങളെ കൊണ്ടുവരാതിരിക്കാന്‍ സാധിക്കില്ല. ഫ്രഷ് ബ്ലഡ് വേണം. ആ ഫ്രഷ് ബ്ലഡ് കൊണ്ട് വരുമ്പോള്‍ ജനങ്ങനെ അറിയാനും സ്വന്തം വ്യക്തിത്വത്തെ മാര്‍ക്കറ്റിംഗ് ചെയ്യാനും അവര്‍ക്ക് അവസരം കൊടുക്കണം. അതിന് അവസരം നല്‍കാതെ, തോല്‍വി സംഭവിച്ചാല്‍ അവരുടെ തെറ്റ് മാത്രമാണോ?. അതുകൊണ്ട് മൂന്ന് മാസം മുന്‍പ് ഉറപ്പായും പ്രഖ്യാപിക്കണം. ഒരു തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നുവെന്ന് ഒരു വര്‍ഷം മുന്‍പ് തന്നെ നമുക്ക് അറിയാമല്ലോ. അപ്പോള്‍ അതനുസരിച്ചു ആറ് മാസം മുമ്പ് തന്നെ ഇരുന്ന് സെലക്ഷന് കമ്മിറ്റി മീറ്റിങ് നടത്തുക. മൂന്ന് മാസം ആവുമ്പോള്‍ പേര് പ്രഖ്യാപിക്കുക. അവര്‍ ഇറങ്ങട്ടെ.
പലപ്പോഴും കോണ്‍ഗ്രസ്സിന്റെ സംഘടന തിരഞ്ഞെടുപ്പ് പ്രക്രിയ നോക്കുമ്പോള്‍ ഗാന്ധി കുടുംബത്തിന് താല്പര്യമില്ലാത്ത ഒരാളാണെങ്കില്‍ - ഉദാഹരണമായി, ശരത് പവാര്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന ആളാണ്. ശരത് പവാറുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ 1997 ല്‍ സീതാറാം കേസരി താരതമ്യേന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനം കുറഞ്ഞയാളും 80 വയസ്സുള്ള ആളുമായിരുന്നു - വീണ്ടും ചരിത്രം ആവര്‍ത്തിക്കുമെന്ന ഭയമുണ്ടോ?
നോക്കു.. ചരിത്രം പറയുന്നത് എളുപ്പമായിരിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം അധഃസ്ഥിതന് (അണ്ടര്‍ഡോഗ്) ആയാണ് മത്സരിക്കുന്നത്. പക്ഷെ, നമുക്ക് പലകാര്യങ്ങളും പറയാനുണ്ട്. ഇത് പാര്‍ട്ടിയെ കുറിച്ചും ഭാരതത്തെ കുറിച്ചും സംസാരിക്കാനുള്ള നല്ല വേദിയാണ്. എന്റെ പ്രകടന പത്രികയില്‍ പാര്‍ട്ടിയെ കുറിച്ചാണ് കൂടുതലും പറഞ്ഞിട്ടുള്ളതെങ്കിലും പാര്‍ട്ടിയുടെ മൂല്യങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിലാണ് പാര്‍ട്ടി നില്‍ക്കേണ്ടത്. ഇതാണ് പാര്‍ട്ടി ജനങ്ങള്ക്കെത്തിക്കേണ്ടത്. അതുകൊണ്ട് അതില്‍ ഞന്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളോട് സംസാരിക്കാനും അവരോട് നമ്മുടെ സങ്കല്‍പ്പത്തിലെ മൂല്യങ്ങളും വിശ്വാസങ്ങളുമൊക്കെ ചര്‍ച്ചചെയ്യാനും ആലോചിക്കാനും ചിന്തിക്കാനും അവസരമുണ്ട്. പിന്നെ നമ്മള് വിജയിക്കുമോ എന്ന് പറയുന്നത് എളുപ്പമല്ല. ഉദാഹരണം പറയുകയാണെങ്കില്‍ ഒന്പതിനായിരത്തി നൂറ്റി സംതിങ് ഡെലിഗേറ്റുകളുണ്ട്. പക്ഷെ, കിട്ടിയ ലിസ്റ്റില്‍ ചില സംസ്ഥാനങ്ങളുടെ പേരുതന്നിട്ടുണ്ട്, അഡ്രസ്സ് ഇല്ല. ചിലതില്‍ അഡ്രസ്സ് ഇല്ല, പക്ഷെ ബ്ലോക്ക് ഉണ്ട്. ചിലത് പേരും ബ്ലോക്കുമുണ്ട്, പക്ഷെ ഫോണ്‍ നമ്പര്‍ ഇല്ല. ചിലത് ഇ-മെയില്‍ ഇല്ല. അപ്പോള്‍ എങ്ങനെ ഇവരെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തും. ആകെ പതിനാറ് ദിവസമേയുള്ളൂ തെരഞ്ഞെടുപ്പിന്. ഈ പതിനാറ് ദിവസത്തില്‍ എങ്ങനെയാണ് എല്ലാവരിലേക്കും സന്ദേശം എത്തിക്കുക. അതെളുപ്പമല്ല. മാധ്യമ മാര്‍ഗം അത്യാവിശ്യമാണ്. മാധ്യമത്തിലൂടെ സംസാരിച്ചാല്‍ അതുകാണുന്നവരെങ്കിലും നമ്മളെ കേള്‍ക്കുമല്ലോ. അങ്ങനെയാണ് ഞാന്‍ കുറെ ഇന്റര്‍വ്യൂ കൊടുത്തിട്ടുള്ളത്. പക്ഷെ, ഒരു ഡയറക്റ്റ് ടാര്‍ഗറ്റ് മെസ്സേജ് കൊടുക്കാനാണ് ആഗ്രഹം. പക്ഷെ, അതിന് നമുക്കുള്ള ഇന്‍ഫര്‍മേഷന്‍ പോരാ.
പലപ്പോഴും പട്ടിക അപൂര്‍ണമാണ്. ചിലരുടെ ജാതിപ്പേര് മാത്രം. ചിലരുടെ പേരുമാത്രം. ചിലരുടെ ഫോട്ടോ ഇല്ല. അങ്ങനെ ആരാണോ നമുക്ക് വോട്ട് ചെയ്യേണ്ടത് അവരിലേക്ക് എത്തിച്ചെല്ലാന്‍ കഴിയുന്നില്ല എന്നുള്ള അവസ്ഥയില്ലേ?
എത്തിച്ചേരാനൊക്കെ സാധിക്കും. പക്ഷെ, എല്ലാവരെയും എളുപ്പത്തിലോ സമയത്തോ എത്തിച്ചേരാന്‍ സാധിക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. അത് സത്യമാണ്. പക്ഷെ, ഞാന്‍ ആരെയും അക്ഷേപിക്കുന്നില്ല. പാര്‍ട്ടിക്ക് ഇത്ര തിരഞ്ഞെടുപ്പ് നടത്തിയ അനുഭവമില്ലല്ലോ. താങ്കള്‍ പറഞ്ഞതുപോലെ 22 വര്‍ഷമായി നടന്നിട്ട്. പക്ഷെ തിരഞ്ഞെടുപ്പ് എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും നമ്മള് ഇതിലേക്കിന്ന് ഇറങ്ങിയിരിക്കുന്നത് തോല്‍ക്കാനല്ല. ജയിക്കാന്‍ തന്നെയാണ്. എളുപ്പമല്ല എന്ന് സമ്മതിച്ചു. പക്ഷെ നമ്മള് ഇറങ്ങി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ക്കറിയാമല്ലോ, കുറച്ചു ദിവസങ്ങളായി 18 മണിക്കൂറാണ് ഞാനും എന്റെ ടീമും പ്രവര്‍ത്തിക്കുന്നത്. നന്നായി ജനങ്ങളെ എത്തിച്ചാല്‍ നല്ല സന്ദേശമുണ്ടെന്നെനിക്ക് തോന്നുന്നു. പ്രസ് കോണ്‍ഫറന്‍സുകളില്‍ നിന്ന് വളരെ നല്ല ഫീഡ്ബാക്കുകളാണ് കിട്ടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയെ കുറിച്ച് ഇതാണ് കേള്‍ക്കാന്‍ ആഗ്രഹിച്ചതെന്നാണ് ആളുകള്‍ പറയുന്നത്.
കൊടിക്കുന്നില്‍ സുരേഷ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു ദലിത് മുഖമാണ് ഖാര്‍ഗെ, അതുകൊണ്ട് തരൂര്‍ പിന്‍വലിയണം, പിന്തിരിയണം എന്നാണ്?
എനിക്ക് ഖാര്‍ഗെയെ നല്ലതുപോലെയറിയാം. അദ്ദേഹത്തെ വിളിച്ച ഗുഡ് വിഷസ് പറഞ്ഞപ്പോള്‍ അദ്ദേഹം ഓര്‍മിച്ചു, ഞാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ണാടക ഹോം മിനിസ്റ്റര്‍ ആയിരുന്നു അദ്ദേഹമെന്ന്. ആ സമയത് എന്നെ കണ്ടിട്ടുണ്ടെന്ന് ഓര്‍ക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ലോക്സഭയില്‍ അദ്ദേഹം ഓപ്പോസിഷന്‍ ലീഡറായിരിക്കുമ്പോള്‍ ഞാന്‍ വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പല വലിയ വിഷയങ്ങളിലും എന്നോട് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടയാളാണ്. ഞങ്ങളുടെ ബന്ധം ഒരു ജാതി-മതത്തിനേക്കാള്‍ അതീതമായിട്ടാണ്. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ അറിയാം, ബഹുമാനവുമുണ്ട്. രണ്ടുമാസം മുന്‍പ് എണ്‍പതാമത്തെ വയസ്സ് ആയപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ജീവിത ചരിത്രത്തെ കുറിച്ചും അച്ചീവ്മെന്റ്സിനെ കുറിച്ചും നല്ലൊരു ട്രിബ്യൂട്ട് എഴുതി. ഒന്‍പത് പ്രാവിശ്യം എം.എല്‍.എ ഇലക്ഷന് ജയിച്ചയാളാണ്. ഒരുപ്രാവശ്യം രാജ്യസഭാ ജയിച്ചു. ഒരു പ്രാവശ്യം ലോക്സഭാ ഇലക്ഷന് ജയിച്ചു. അദ്ദേഹം ഒരു മഹാനായ രാഷ്ട്രീയക്കാരനാണ് എന്നതില്‍ ഒരു സംശയവുമില്ല. അപ്പോള്‍ ഇങ്ങനൊക്കെ കാണുമ്പോള്‍ ഒരു വിഷയം മാത്രം ചൂണ്ടി കാണിക്കുന്നത് ശരിയല്ല. എനിക്ക് ദലിത് സമുദായത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. ഞന്‍ ഇപ്പോള്‍ എഴുതിയ പുസ്തകം അംബേദ്കറിനെ കുറിച്ചാണ്. പക്ഷെ, എനിക്കിപ്പോഴുള്ള വിഷമം ഖാര്‍ഗെ എന്നുള്ള പേര് ഇന്നല്ലേ വന്നുള്ളൂ എന്നതാണ്. ഞാന്‍ ഇതുവരെ എത്താന്‍, ഭാരതം മുഴുവന്‍ എന്നെ വിളിച്ചിട്ടും എന്നെ സഹായിച്ചിട്ടും അറുപത് പേര് നോമിനേഷന് ഒപ്പിട്ടു. അവര്‍ നല്കിയ വിശ്വാസം ഞാന്‍ എങ്ങനെ ഇത്രയെളുപ്പത്തില്‍ ഒഴിവാക്കും. അത് ചതിയാണ്, അതെനിക്ക് സാധിക്കില്ല.
ദിഗ്വിജയ് സിങ് പത്രിക വാങ്ങിയപ്പോള്‍ തന്നെ ആന്റണിയുടെ അനുഗ്രഹം വാങ്ങാന്‍ കേരളം ഹൗസില്‍ എത്തിയിരുന്നു. അപ്പോള്‍ ആന്റണിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്. ഇല്ലാ എന്നാണ് അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്?
ഞാന്‍ തിരുവനന്തപുരത്തു പോയപ്പോള്‍ അദ്ദേഹത്തെ രണ്ട് തവണ കണ്ടിട്ടുണ്ട്. രണ്ടാമത്തെ തവണ പ്രത്യേകിച്ച് ഇതിനെ കുറിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ പറയേണ്ട ആവശ്യമില്ല.
കേരളം മുഴുവന്‍ ഓടിനടന്ന് കഴിഞ്ഞ ഇലക്ഷനില്‍ മാനിഫെസ്റ്റോ തയ്യാറാക്കാന്‍ തരൂരിനെ എല്ലാവര്ക്കും ആവശ്യമായിരുന്നു. ഓരോ നേതാക്കളും വിളിച്ചിരുന്നു. പക്ഷെ, ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഇടയില്‍ നിന്ന് അത്തരത്തില്‍ വേണ്ടത്ര പിന്തുണ കിട്ടിയില്ല എന്നൊരു വിഷമം ഉണ്ടോ?
ഇല്ല, നോക്കു.. ഈ അറുപത് ഒപ്പില്‍ പതിമൂന്ന് ഒപ്പ് മലയാളികളുടെ ഉണ്ട്. അത് എന്റെ അഭിപ്രായത്തില്‍ മോശമല്ല. അത് കഴിഞ്ഞ് ഒപ്പിടാന്‍ സാധിക്കാത്തവര്‍ കൂടെ എനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. ആളുകളുടെ പിന്തുണയും സ്നേഹവും എനിക്കുണ്ടെന്നതില്‍ ഒരു സംശയവുമില്ല. നേതൃത്വത്തിനകത്ത് വേറെ വ്യത്യാസങ്ങളുണ്ടാവാം. പക്ഷെ, എല്ലാ നേതാക്കളും എന്റെ എതിരാണെന്ന് പറയാന്‍ കഴിയില്ല.