Analysis
പുറന്തള്ളപ്പെട്ടവരുടെ കഥകള്‍ കൂടിയാണ് മലയാള നാടകചരിത്രം - ഡോ. വി. ഹിക്മത്തുല്ല
Analysis

പുറന്തള്ളപ്പെട്ടവരുടെ കഥകള്‍ കൂടിയാണ് മലയാള നാടകചരിത്രം - ഡോ. വി. ഹിക്മത്തുല്ല

ഷഹല ഫര്‍സാന
|
3 Dec 2023 5:33 AM GMT

ഓരോ ഗ്രാമ പ്രാദേശങ്ങളിലും, ഓരോ കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലക്ക് പലതരത്തില്‍ നാടക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നാടകം രേഖപ്പെടുത്തണ്ട ഒന്നാണെന്ന മട്ടില്‍ വരുമ്പോഴാണ് വരുന്ന തലമുറയ്ക്ക് അതൊരു രേഖയായി പഠിക്കാനും ഗവേഷണം നടത്താനും, ഇങ്ങനെയൊക്കെ നാടകത്തിന്റെ ചരിത്രം കഴിഞ്ഞുപോയിട്ടുണ്ട് എന്ന് അറിയാനും സാധിക്കൂ. മലയാള നാടക അരങ്ങിലെ ചരിത്രവും വ്യത്യസ്തങ്ങളായ അടരുകളും സംവാദ വിധേയമാക്കുന്നു ഡോ. വി.ഹിക്മത്തുല്ല | MLF 2023 | റിപ്പോര്‍ട്ട്: ഷഹല ഫര്‍സാന

നാടകത്തിന്റെ സാഹിത്യ ചരിത്രത്തെ മുന്‍ നിര്‍ത്തിയാണ് കേരളത്തിന്റെ നാടകം വിലയിരുത്തിപ്പോന്നിട്ടുള്ളത്. സാമ്പ്രദായികമായി നോക്കുമ്പോള്‍ സാമൂഹ്യ നവോത്ഥാനം, സാമൂഹ്യ പരിഷ്‌കരണം - പ്രത്യേകിച്ച് കെ.പി.എ.സിയുടെ നാടകങ്ങള്‍, മലബാര്‍ കലാ സമിതിയുടെ നാടകങ്ങള്‍ - അങ്ങനെ ആശയത്തെ മുന്‍നിര്‍ത്തിയാണ് അന്വേഷിക്കപ്പെട്ടിട്ടുള്ളത്.

വി.ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് പോലുള്ള നാടകങ്ങള്‍, അതിലെ നമ്പൂതിരി സ്ത്രീകളെ സംബന്ധിച്ചിട്ടുള്ള വിമോചനവുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങള്‍, പാട്ടബാക്കി, നമ്മളൊന്ന്, ഇടശ്ശേരിയുടെ കൂട്ടുകൃഷി, കെ.ടിയുടെ ഇത് ഭൂമിയാണ്, ഇ.കെ അയമുവിന്റെ ഇജ്ജ് നല്ല മനുഷ്യനാവാന്‍ നോക്ക് തുടങ്ങി സാമൂഹ്യ പരിഷ്‌കരണം അല്ലെങ്കില്‍ മത സമുദായ പരിഷ്‌കരണം എന്നിവയുമായി ബന്ധപ്പെട്ടാണ് മലയാളത്തില്‍ നാടകങ്ങള്‍ കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. കൂടുതലായി സംവാദങ്ങള്‍ നടന്നിട്ടുള്ളതും അങ്ങനെയാണ്.

അവതരണങ്ങളെ മുന്‍നിര്‍ത്തിയ ഒരു ചരിത്രം വ്യവസ്ഥാപിതമായി രേഖപ്പെടുത്താതെ പോയി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വെള്ളാട്ടി മസ്അല എന്ന അറബിമലയാള കൃതിയെ മുന്‍നിര്‍ത്തിയ നാടകം ആലപ്പുഴയില്‍ അരങ്ങേറിയതായി സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ രേഖപ്പെടുത്തുന്നു. നാടക പ്രവര്‍ത്തകനായ പി എ എം ഹനീഫ് തന്റെ പഠനത്തില്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. അക്കാലത്ത് തന്നെ ബേനജീരെ ബദ്‌റെ മുനീര്‍ പോലുള്ള നാടകങ്ങള്‍ കോഴിക്കോട് സംഗീത നാടക രൂപത്തില്‍ അവതരിപ്പിച്ചിരുന്നതായി പരപ്പില്‍ മുഹമ്മദ് കോയ കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്രത്തിലും പറയുന്നുണ്ട്.

സയ്യിദ് കാദര്‍ ഹുസൈന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ അവതരിപ്പിച്ചിരുന്ന നാടകങ്ങളും1936-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ 'അല്‍-അമീന്‍' ലോഡ്ജ് കേന്ദ്രമാക്കി മുഹമ്മദ് യൂസുഫിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി' അവതരിപ്പിച്ച നാടകങ്ങളുമെല്ലാം .പ്രധാനമാണ്.

1970 കളോട് കൂടി സ്‌കൂള്‍ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ജി. ശങ്കരപ്പിള്ള, വയലാ വാസുദേവന്‍ പിള്ള, എസ് രാമാനുജം പോലെയുള്ളവരുടെ പ്രയത്നത്തിന്റെ ഭാഗമായി പല തരത്തില്‍ നമ്മുടെ നാടകവേദിയില്‍ അരങ്ങിനെ സംബന്ധിച്ചുള്ള ആലോചനകള്‍ ഉണ്ടായിട്ടുണ്ട്. തനത് നാടകം എന്ന ആശയം ഏകശിലാ സ്വഭാവത്തിലുള്ള ഒരു പാരമ്പര്യത്തെ മുന്‍നിര്‍ത്തി എന്നതിനാല്‍ വൈവിധ്യമുള്ള സമുദായ ആവിഷ്‌കാരങ്ങളെ വേണ്ട രീതിയില്‍ സമീപിക്കാന്‍ സാധിക്കാതെ പോയി . ബഹുവിധങ്ങളായ പാരമ്പര്യങ്ങളുടെ കലര്‍പ്പിന്റെയും കലാസങ്കല്പങ്ങളെ അത് തമസ്‌കരിച്ചു.

കോഴിക്കോടിന്റെ നാടക പാരമ്പര്യത്തില്‍ താരതമ്യേന സമുദായങ്ങളുടെ വൈവിധ്യമുള്ള ജീവിതത്തെ തൊടാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ചരിത്ര നിര്‍മ്മാണത്തിന്റെ തലത്തിലേക്ക് വരുമ്പോള്‍ ലിബറല്‍ പരിഷ്‌കരണങ്ങളുടെ ഘടനയില്‍ മാത്രമായി അതിന്റെ ആലോചനകള്‍ മുന്നോട്ടുപോയി. കോഴിക്കോട് എന്ന് പറയുന്നത് പി.എം താജ്, ജയപ്രകാശ് കുളൂര്‍, സതീഷ് കെ. സതീഷ് , ശാന്തകുമാര്‍ എന്നിങ്ങനെ അനവധി ആളുകളുടെ പ്രയത്‌നങ്ങളുള്ള മണ്ണാണ്. ഒരാള്‍ തന്നെ പലതരം നാടകങ്ങള്‍ എഴുതുന്നുണ്ടെങ്കിലും അവയെയൊക്കെ ഒരേ തരത്തില്‍ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത് ആസ്വാദക പക്ഷവും ഏകശിലാ സ്വഭാവമുള്ളതായി മാറി.

പുതിയ തരത്തില്‍ നാടകത്തെ മുന്നോട്ട് കൊണ്ടു പോകുന്ന അന്വേഷണങ്ങള്‍ ആവശ്യമാണെന്നുള്ളത് വളരെ പ്രധാനമാണ്. മലയാള നാടക ചരിത്രത്തെ കുറിച്ച് പറയുന്ന സമയത്ത് ഗവേഷകനും നാടക പ്രയോക്താവുമായ സാം കുട്ടി പട്ടങ്കരി ദലിത് നാടകങ്ങള്‍ നാടക ചരിത്രത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടതിനെപ്പറ്റി എഴുതിയിട്ടുണ്ട്.

1910 ലെ ബാലകലേശം പോലുള്ള നാടകങ്ങള്‍ക്ക് അക്കാലത്തെ നിരൂപകര്‍ നല്‍കിയ ജാതീയമായ അവഹേളനപ്പേരുകള്‍ ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ശങ്കരപ്പിള്ളയുടെയും വയലാ വാസുദേവന്‍ പിള്ളയുടെയും ഒക്കെ ചരിത്രത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ചരിത്രത്തിലും പറയപ്പെടാതെ പോയ അനേകം അടരുകള്‍ മലയാള നാടകത്തിനുണ്ട് .

സാഹിത്യചരിത്രങ്ങള്‍ എന്ന് പറഞ്ഞ് എഴുതപ്പെടുന്ന അനവധി പുസ്തങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ട ഒരുപാട് നാടകങ്ങളുണ്ട്. ഓരോ ഗ്രാമ പ്രാദേശങ്ങളിലും, ഓരോ കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലക്ക് പലതരത്തില്‍ നാടക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതെല്ലാം രേഖപ്പെടുത്തുക എന്നത് ബുദ്ധിമുട്ടായിരിക്കാം. പക്ഷേ, നാടകം രേഖപ്പെടുത്തണ്ട ഒന്നാണെന്ന മട്ടില്‍ വരുമ്പോഴാണ് വരുന്ന തലമുറയ്ക്ക് അതൊരു രേഖയായി പഠിക്കാനും ഗവേഷണം നടത്താനും, ഇങ്ങനെയൊക്കെ നാടകത്തിന്റെ ചരിത്രം കഴിഞ്ഞുപോയിട്ടുണ്ട് എന്ന് അറിയാനും സാധിക്കുകയുള്ളു.

പെര്‍ഫോമന്‍സ് ആണ് എന്നിരിക്കിലും പെര്‍ഫോമന്‍സിനു ശേഷം ആ നാടകങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു. ജീവിക്കുന്ന ഒരു ആര്‍ട്ട് ആണ് നാടകം. പല പ്രദേശങ്ങളിലും കൂട്ടായ്മകളിലും ഒറ്റത്തവണ മാത്രം കളിച്ചു അസ്തമിച്ചു പോകുന്ന നാടകങ്ങളുണ്ട്. അവയെല്ലാം ചേരുന്ന പുതിയ ഒരു ചരിത്രരചനയിലൂടെ മാത്രമേ മലയാള നാടകത്തെക്കുറിച്ച് പഠിക്കാനും അന്വേഷിക്കാനും സംവദിക്കാനും സാധിക്കൂ.

(ഡോ.വി. ഹിക്മത്തുല്ല മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'അരങ്ങുണര്‍ന്ന കാലം; കോഴിക്കോടിന്റെ നാടക ചരിത്രം ' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.)

തയ്യാറാക്കിയത്: ഷഹല ഫര്‍സാന

Similar Posts