ഇഫ്‌ളു: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഭരണകൂടവേട്ടക്ക് ഇരയാവുമ്പോള്‍
|ഇഫ്‌ളു ഹൈദരാബാദിലെ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ഹര്‍ഷദ് ഷിബിന്‍ എഴുതുന്നു.
ഹൈദരാബാദ് ഇഫ്‌ളു കാമ്പസില്‍ ഒക്ടോബര്‍ 18ന് രാത്രി വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ഇരുപത് ദിവസം പിന്നിട്ടു. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്. നവംബര്‍ ആറിന് നിരാഹാര സമരം ആരംഭിച്ച ഉടനെ തന്നെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം പൊലീസ് കാമ്പസില്‍ പ്രവേശിക്കുകയും വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് അരമണിക്കൂറിലേറെ തെലങ്കാന പൊലീസിന്റെ അതിക്രമങ്ങള്‍ക്ക് കാമ്പസ് സാക്ഷ്യം വഹിച്ചു.
രണ്ട് വാഹനങ്ങളിലായി ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴു വിദ്യാര്‍ഥികളെ പൊലീസ് ഡിറ്റൈന്‍ ചെയ്തു. വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല നിര്‍മിച്ചും ഗേറ്റ് ഉപരോധിച്ചും പൊലീസ് തേര്‍വാഴ്ചയെ പ്രതിരോധിക്കുകയുണ്ടായി. അമ്പതിലധികം വരുന്ന പൊലീസ് സേനയുടെ കൂടെ കാമ്പസിലെ സെക്യൂരിറ്റി ഗാര്‍ഡുമാരും ചേര്‍ന്ന് നിരാഹാര സമരത്തെ അടിച്ചമര്‍ത്താനുള്ള കടുത്ത ശ്രമങ്ങള്‍ തുടര്‍ന്നു. ഇതേസമയം ഗേറ്റിന് പുറത്ത് പത്രപ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ഇഫ്‌ളു പൂര്‍വ്വ വിദ്യാര്‍ഥികളും ഒത്തു ചേര്‍ന്നതോടെ സമരം കൂടുതല്‍ ശക്തി പ്രാപിച്ചു. തുടര്‍ന്ന് പൊലീസ് സേന ഗേറ്റിനു പുറത്തേക്കും വിന്യസിച്ചുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവരെയും അറസ്റ്റ് ചെയ്ത് നീക്കി. സമരപോരാളികളെ തടവിലാക്കാന്‍ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി തലവന്‍ തന്നെ പൊലീസിന് വിദ്യാര്‍ഥികളെ ചൂണ്ടി കാണിച്ച് കൊടുത്തതും ഈ വിഷയത്തില്‍ സമരക്കാരെ അഭിസംബോധന ചെയ്യുന്നതിന് പകരം പൊലീസിനെ ഉള്‍പെടുത്തി വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതും യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ഥി വിരുദ്ധ താല്‍പര്യങ്ങള്‍ എടുത്തുകാട്ടുന്നു.
പൊലീസ് അക്രമത്തിന് ശേഷവും വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടരുകയുണ്ടായി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റി അധ്യാപകര്‍ നിരാഹാര സമരവേദിയിലെത്തിയത് വിദ്യാര്‍ഥികളില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ പ്രോക്ടറും രജിസ്ട്രാറും വിദ്യാര്‍ഥികളെ അഭിമുഖീകരിക്കുകയുണ്ടായി. അവിടെയും വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കയ്യൊഴിയുകയാണ് അധികാരികള്‍ ചെയ്തത്.
ന്യായമായ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ഥികള്‍ നടത്തിയ സമരങ്ങളെ ഇതാദ്യമായല്ല ഇഫ്‌ളു അധികൃതര്‍ സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത്. കഴിഞ്ഞ മാസം 19-20 ദിവസങ്ങളില്‍ ഈ സമരം തുടങ്ങിയ സമയത്തും പൊലീസ് സേനയെ ഉപയോഗിച്ച് സമരത്തെ ഒതുക്കാന്‍ ശ്രമിച്ചിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഇലക്ഷന്‍ പെരുമാറ്റചട്ടത്തെ മുന്‍ നിര്‍ത്തിയാണ് വിദ്യാര്‍ഥികളെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും.
കാമ്പസിനുള്ളില്‍ നിന്നും ഡിറ്റൈന്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ, അതും പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ, ആറുമണിക്ക് ശേഷവും പൊലീസ് സ്റ്റേഷനില്‍ പിടിച്ചു വെച്ചത് സമരക്കാരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനും വേണ്ടിയാണെന്നത് വ്യക്തമാണ്. കാമ്പസിന് പുറത്ത് ഐക്യദാര്‍ഢ്യവുമായി എത്തിയ സമരക്കാരില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നേരെ സിആര്‍പിസി 188 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതും ഇതിനോട് ചേര്‍ത്തു വായിക്കണം. മൂന്നു പൊലീസ് സ്റ്റേഷനുകളിലായി തടവിലാക്കപ്പെട്ടവരെ രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. തുടര്‍ന്നും വന്‍ പൊലീസ് സാന്നിധ്യം ക്യാമ്പസിലുടനീളം ഉണ്ടായിരുന്നു. പൊലീസിന്റെയും അഡ്മിനിസ്‌ട്രേഷന്റെയും ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ നൂറിലേറെ വരുന്ന വിദ്യാര്‍ഥികള്‍ സമരം തുടരുകയും ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
നിരാഹാര സമരം ഗേറ്റ് നമ്പര്‍ രണ്ടില്‍ 26 മണിക്കൂറിലേറെയായി തുടരുമ്പോഴും പൊലീസ് വാനുകളില്‍ ഉള്‍പ്പെടെ വന്‍ സേന തന്നെ കാമ്പസില്‍ തമ്പടിച്ചിരിക്കുകയാണ്; യൂണിഫോമില്‍ അല്ലാത്തവര്‍ വേറെയും. ഒരു കേന്ദ്ര സര്‍വകലാശാല ആയിട്ടും സമാധാനപരമായ ഏത് പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ഉടന്‍ തന്നെ പൊലീസ് കാമ്പസില്‍ എത്തുന്നു. അവകാശ സമരങ്ങളെ പലപ്പോഴും അഡ്മിനിസ്‌ട്രേഷന്‍, പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സമീപകാലത്ത് ഇഫ്‌ളു കാണാത്ത വിധത്തിലുള്ള പൊലീസ് വേട്ടയാണ് ലൈംഗികാതിക്രമത്തിന് ശേഷം നടന്ന സമരം മുതല്‍ക്ക് കണ്ടത്. ഒക്ടോബര്‍ 19 ന് രാത്രി അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടത്തിന് മുന്നില്‍ കുത്തിയിരുന്നിരുന്ന പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ നൂറോളം പൊലീസിനെ കാമ്പസിനകത്ത് വിന്യസിച്ച് വിദ്യാര്‍ഥികള്‍ക്ക് മേല്‍ അക്രമം അഴിച്ചു വിട്ട് കാമ്പസിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് യൂണിവേഴ്‌സിറ്റി അധികാരികള്‍ ചെയ്തത്. തുടര്‍ന്നിങ്ങോട്ട് അപ്രഖ്യാപിത കര്‍ഫ്യൂ ആണ് കാമ്പസില്‍ നിലനില്‍ക്കുന്നത്. പുറത്തുനിന്നുള്ള രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരെ പൂര്‍ണമായും വിലക്കിക്കൊണ്ടും കാമ്പസിനകത്തേക്കുള്ള ഡെലിവറി സര്‍വീസുകള്‍ തടഞ്ഞുകൊണ്ടുമുള്ള കടുത്ത വിലക്കുകളാണ് നിലനില്‍ക്കുന്നത്. ഇതിനോടകം തന്നെ 12 വിദ്യാര്‍ഥികള്‍ക്ക് നേരെ വിവിധ എഫ്.ഐ.ആറുകള്‍ ചുമത്തപ്പെടുകയും ആറിലേറെ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചും തുടര്‍ച്ചയായി വിദ്യാര്‍ഥികളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.
ലൈംഗിക അതിക്രമത്തിന് ഇരയായ സഹപാഠിക്ക് നീതി ലഭ്യമാക്കണെമെന്നും യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ക്ക് മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നയിക്കപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി തങ്ങളുടെ പിഴവുകള്‍ മറച്ചുവെക്കാനുമാണ് തുടര്‍ച്ചയായി അഡ്മിനിസ്‌ട്രേഷന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളോടുള്ള അങ്ങേയറ്റത്തെ അവകാശലംഘനവും നീതി നിഷേധവുമാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് അരങ്ങേറുന്നത്. വിദ്യാര്‍ഥികള്‍ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസുകളില്‍ പോലും വീണ്ടും വീണ്ടും ഫലസ്തീന്‍ വിഷയത്തെ വലിച്ചിടുന്നത് ഇതിന് കൃത്യമായ ഉദാഹരണമാണ്. വിദ്യാര്‍ഥികളുടെ സമരം എന്തിനാണെന്നും എങ്ങനെയാണ് ഈ സമരത്തിലേക്ക് എത്തിപ്പെട്ടതെന്നും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി മാധ്യമങ്ങളോടും പൊലീസിനോടും മറ്റു അധികാരികളോടും വ്യക്തമാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ സംഭവിച്ച ഗുരുതരമായ പിഴവുകളെ മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമരത്തെ അടിച്ചമര്‍ത്തുന്നത്. ഇഫ്‌ലുവില്‍ സമരം തുടരുകയാണ്. 20 ദിവസത്തോളം വിവിധ സമര രീതികളുമായി മുന്നോട്ടു പോയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് എത്തിയിരിക്കുകയാണ്. സമരങ്ങളെ ഏത് വിധേനയും അടിച്ചമര്‍ത്തുന്ന അഡ്മിനിസ്‌ട്രേഷന്റെ നയം പ്രതിഷേധാര്‍ഹമാണ്. ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി പിന്മാറാന്‍ ഒരുക്കമല്ലാതെ വിദ്യാര്‍ഥികള്‍ സമരമുഖത്ത് നിലകൊള്ളുന്നത് തീര്‍ച്ചയായും അഡ്മിനിസ്‌ട്രേഷന് പേടിസ്വപ്നമായി മാറിയിരിക്കുന്നു.