ഇലക്ടറല്‍ ബോണ്ട്: ബി.ജെ.പിക്ക് തിരിച്ചടിയായ സുപ്രീംകോടതി വിധി
|ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത്, 2017ല്‍ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 2018 ജനുവരി 29 ന് ഇലക്ടറല്‍ ബോണ്ട് സ്‌കീം ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം ഭരണഘടനാ വിരുദ്ധമാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അറിയാനുള്ള അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയത്.
ബോണ്ട് വിതരണം നിര്‍ത്താനുള്ള നിര്‍ദേശം കോടതി എസ്.ബി.ഐക്കു നല്‍കിക്കഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന ഫണ്ടിനെ കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നും കളപ്പണം തടയാനെന്ന പേരില്‍ സംഭാവനയുടെ വിവരം മറച്ച് വെക്കാനാവില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.
കള്ളപ്പണം തടയാനുള്ള ഏകമാര്‍ഗം അത് ഇലക്ടറല്‍ ബോണ്ട് മാത്രമല്ല. ഇലക്ടറല്‍ ബോണ്ടിനായി കമ്പനി നിയമങ്ങള്‍ വരെ മാറ്റിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നിങ്ങനേയുള്ള നിരീക്ഷണങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.
എന്താണ് ഇലക്ടറല്‍ ബോണ്ട്?
പലമാര്‍ഗങ്ങളിലൂടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാം. അതിലൊന്നാണ് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന സ്വീകരിക്കുന്നത്. കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും നേരിട്ട് സംഭാവനകള്‍ സ്വീകരിക്കാനുള്ള മാര്‍ഗമാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത്, 2017ല്‍ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 2018 ജനുവരി 29 ന് ഇലക്ടറല്‍ ബോണ്ട് സ്‌കീം ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്തു.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വിദേശ രാജ്യത്ത് നിന്നടക്കം സംഭാവനകള്‍ സ്വീകരിക്കാം എന്നതാണ്. നേരത്തെ രാജ്യത്ത് ഇത് അനുവദീയമായിരുന്നില്ല. ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാനും നല്‍കാനുമുള്ള അധികാരം എസ്.ബി.ഐക്കാണ് നല്‍കിയിരുന്നത്. അതുപ്രകാരം രാജ്യത്തെ വിവിധ ശാഖകളില്‍ നിന്ന് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി മൂല്യമുള്ള ബോണ്ടുകള്‍ വാങ്ങിക്കാമായിരുന്നു. ബോണ്ടുകള്‍ ആരാണ് വാങ്ങിയതെന്നോ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് ആണ് നല്‍കിയതെന്നോ വ്യക്തമാക്കേണ്ടതില്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ വഴി തുക പിന്‍വലിക്കാം. കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്ന മസങ്ങളിലായിരിക്കും ബോണ്ട് വിതരണം. 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്ക് മാത്രമേ ഇലക്ടറല്‍ ബോണ്ട് വഴി സംഭവനം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.
അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ട് എങ്കിലും നേടണം. സംഭാവന സ്വീകരിക്കാന്‍ വേണ്ടി മാത്രം ഒരു അക്കൗണ്ട് വേണം. ഈ അക്കൗണ്ട് തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ച്, അവരുടെ അംഗീകാരമുള്ള അക്കൗണ്ട് കൂടി ആയിരിക്കണം. ഈ ഒരു തീരുമാനത്തിന് എതിരെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍), കോമണ്‍ കോസ്, സി.പി.എം, കോണ്‍ഗ്രസ്സിലെ ഡോ. ജയാ ഠാക്കൂര്‍ തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
2018 മുതല്‍ ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച പാര്‍ട്ടി ബി.ജെ.പിയാണ്, 6,566 കോടി രൂപയാണ് ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത്. 1,122 കോടി രൂപയാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. ബി.ജെ.പിക്ക് ലഭിച്ച രാഷ്ട്രീയ സംഭാവനകളില്‍ 50%ല്‍ അധികവും ഇലക്ട്രല്‍ ബോണ്ട് വഴിയാണ്.
കോര്‍പ്പറേറ്റുകളില്‍ നിന്ന് സുതാര്യമല്ലാത്ത രീതിയില്‍ സംഭാവന സ്വീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോര്‍പ്പറേറ്റുകള്‍ എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചു കൊണ്ടായിരിക്കും. അതിന് പുറമെ വോട്ട് ചെയ്യുന്ന സാധാരണക്കാര്‍ക്ക്, ഏത് കമ്പനി ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് എത്ര പൈസ സംഭാവന നല്‍കി എന്നറിയാനുള്ള അവകാശമുണ്ടെന്നും കോടതി പ്രസ്താവിച്ചിട്ടുണ്ട്.
തയ്യാറാക്കിയത്: ഇസ്ഹാഖ് കെ.സി | അവലംബം: ന്യൂസ് ഡീക്കോഡ്