പലായനങ്ങള്‍ക്കും ബഹിഷ്കരണത്തിനും സാക്ഷിയാകുന്ന മണിപ്പൂരിലെ തെരഞ്ഞെടുപ്പ് കാലം
|രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള മത്സരം ഇവിടെ നടക്കുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസിനും, ബി.ജെ.പി ക്കും പുറമെ പ്രാദേശിക കക്ഷികളും മത്സര രംഗത്തുണ്ട്. എന്നാല്‍, ഇവരാരും സജീവമായി വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് രംഗത്തിറങ്ങിയിട്ടില്ല. ഏപ്രില്‍ 19 ന് ആദ്യഘട്ടത്തില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും എത്ര പേര് വോട്ട് രേഖപ്പെടുത്തുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. കലാപം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ പതിനായിരങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ പോലുമാകില്ലെന്ന് ലേഖകന്‍.
ഇന്ത്യാ രാജ്യം ഒന്നാകെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുള്‍മുനയിലാണ്. വെന്തുരുകുന്ന കഠിനമായ ചൂടുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാടുകള്‍ പറഞ്ഞുകൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തിരക്കിലാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വംശീയ കലാപത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ ഇന്നും തുടരുന്ന മണിപ്പൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളൊന്നും തന്നെയില്ല. തലസ്ഥാന നഗരമായ ഇംഫാലിലോ, മറ്റ് ജില്ലാ കേന്ദ്രങ്ങളിലോ തെരഞ്ഞെടുപ്പ് നടക്കുന്നതായ ഒരു ലക്ഷണവും കാണാനില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ, സ്ഥാനാര്‍ഥികളുടെ ഫളക്സ് ബോര്‍ഡുകളോ, പ്രമുഖരുടെ റോഡ് ഷോകളോ പോയിട്ട് ചെറിയ പൊതുയോഗങ്ങള്‍ പോലും ഇവിടെ കാണാനില്ല. തികച്ചും നിശ്ശബ്ദ പ്രചരണം മാത്രമാണിവിടെ കാണാന്‍ കഴിയുക.
രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള മത്സരം ഇവിടെ നടക്കുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസിനും, ബി.ജെ.പി ക്കും പുറമെ പ്രാദേശിക കക്ഷികളും മത്സര രംഗത്തുണ്ട്. എന്നാല്‍, ഇവരാരും സജീവമായി വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് രംഗത്തിറങ്ങിയിട്ടില്ല. ഏപ്രില്‍ 19 ന് ആദ്യഘട്ടത്തില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും എത്ര പേര് വോട്ട് രേഖപ്പെടുത്തുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. മെയ്തി വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസും, ബി.ജെ.പിയുമാണ് നേര്‍ക്കുനേര്‍ ഏറുമുട്ടുന്നത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) പ്രൊഫസറായ കോണ്‍ഗ്രസ് നേതാവ് ബിമോള്‍ അക്കോയിജം ആണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി. വംശീയ കലാപത്തിലെ സര്‍ക്കാറിന്റെ ഇടപെടലുകള്‍ തുറന്നു കാണിച്ചു കൊണ്ട് ഇവിടെ കോണ്‍ഗ്രസ് പ്രചരണ രംഗത്ത് വളരെ മുന്നിലാണ്.
വോട്ടുകള്‍ തേടി ഇതുവരെയും ക്യാമ്പുകളില്‍ ആരും എത്തിയിട്ടില്ല. എങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്ന കാര്യവും സ്ഥാനാര്‍ഥികളെ കുറിച്ചുമൊക്കെ ചിലര്‍ക്കെങ്കിലും അറിയാം. തുടക്കത്തില്‍ ശക്തമായി ഇടപെട്ടിരുന്നുവെങ്കില്‍ കലാപം ഒരിക്കലും നടക്കുമായിരുന്നില്ലെന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു. ഇപ്പോള്‍ രണ്ട് ചേരികളിലായി, ഒരിക്കലും അടുക്കാനാവാത്ത രീതിയില്‍ അകന്ന രണ്ട് വിഭാഗക്കാരുടെ നാടായി മണിപ്പൂര്‍ മാറിക്കഴിഞ്ഞു.
സാമൂഹ്യ മാധ്യമങ്ങള്‍, പത്രങ്ങള്‍, ചാനലുകള്‍ എന്നിവയിലൂടെയാണ് സ്ഥാനാര്‍ഥികള്‍ ജനങ്ങളുമായി സംവദിക്കുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെയാണ് രംഗത്തുള്ളത്. രണ്ട് സ്ഥാനാര്‍ഥികളും മെയ്തി വിഭാഗക്കാര്‍ ആയതുകൊണ്ട് ഭരണ വിരുദ്ധ വികാരം കോണ്‍ഗ്രസിനെ തുണക്കാനാണ് സാധ്യത. മാറ്റാരു മണ്ഡലമായ ഔട്ടര്‍ മണിപ്പൂര്‍ സംവണ സീറ്റാണ്. കുക്കി, സോമി, നാഗാ ഗോത്ര വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നേരിടുന്നത് നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയാണ്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നാഗാ പാര്‍ട്ടി ഇവിടെ വിജയ പ്രതീക്ഷയിലാണ്. എന്നാല്‍, കുക്കി സോമി വിഭാഗക്കാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനം രാഷ്ട്രീയ നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്.
ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ബിമോള്‍ അക്കോയിജം.
വംശീയ കലാപം അരങ്ങേറിയ മണിപ്പൂരില്‍ അതിന്റെ തുടര്‍ച്ചയായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കും വെടിവെപ്പുകള്‍ക്കും ഒരു കുറവും വന്നിട്ടില്ല. ആധുനിക സ്നൈപ്പറുകള്‍ ഉപയോഗിച്ച് കുക്കികളും മെയ്തികളും പരസ്പരം ഇപ്പോഴും വെടിയുതിര്‍ക്കുന്നു. സൈന്യത്തിന്റെ ഉള്‍പ്പടെ ആയുധങ്ങള്‍ തട്ടിയെടുത്ത് മെയ്തി തീവ്രവാദി വിഭാഗമായ അറമ്പായ് തേന്‍കൊല്‍ ഇപ്പോഴും കലാപത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസവും അവര്‍ രണ്ട് കുക്കികളെ വെടിവെച്ചു കൊന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും ദൂരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് വോട്ടുകള്‍ ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തിന്റെ പുറത്തേക്ക് പാലായനം ചെയ്ത ആയിരക്കണക്കിന് വരുന്ന കുക്കികളുടെ വോട്ട് കാര്യത്തില്‍ ഇതുവരെയും ഒരു തീരുമാനം ആയിട്ടില്ല.
മെയ്തി വിഭാഗക്കാരുടെ ക്യാമ്പുകളില്‍ താരതമ്യേന എല്ലാവിധ സൗകര്യങ്ങളും ലഭിക്കുമ്പോള്‍ ആയിരക്കണക്കിന് വരുന്ന കുക്കി സോമി ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ തികച്ചും അപരാപ്തമാണ്. ഇനി എത്ര കാലം ഈ ദൂരിതവും പേറി ക്യാമ്പുകളില്‍ കഴിയണമെന്നാണ് അവര്‍ ചോദിക്കുന്നത്. വോട്ടുകള്‍ തേടി ഇതുവരെയും ക്യാമ്പുകളില്‍ ആരും എത്തിയിട്ടില്ല. എങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്ന കാര്യവും സ്ഥാനാര്‍ഥികളെ കുറിച്ചുമൊക്കെ ചിലര്‍ക്കെങ്കിലും അറിയാം. തുടക്കത്തില്‍ ശക്തമായി ഇടപെട്ടിരുന്നുവെങ്കില്‍ കലാപം ഒരിക്കലും നടക്കുമായിരുന്നില്ലെന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു. ഇപ്പോള്‍ രണ്ട് ചേരികളിലായി, ഒരിക്കലും അടുക്കാനാവാത്ത രീതിയില്‍ അകന്ന രണ്ട് വിഭാഗക്കാരുടെ നാടായി മണിപ്പൂര്‍ മാറിക്കഴിഞ്ഞു.
താഴ്വരകളില്‍ മെയ്തികളും അവരുടെ പോലീസും നാടുഭരിക്കുമ്പോള്‍ മലമുകളില്‍ കുക്കി സോമി ഗോത്ര വിഭാഗക്കാര്‍ മറ്റൊരു സമാന്തര ഭരണവുമായി മുന്നേറുന്നു. വര്‍ഷങ്ങളോളം ഒന്നിച്ച് ഒരുമിച്ച് കഴിഞ്ഞിരുന്ന ഇരു വിഭാഗവും ഇപ്പോള്‍ പരസ്പരം ഒന്ന് കാണുവാന്‍ പോലുമാകാതെ രണ്ട് ധ്രുവങ്ങളിലായി കഴിയുന്നു. ഒരു തെരഞ്ഞെടുപ്പ് കാലവും ഇവരെ ഒന്നിപ്പിക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്റെ ആവനാഴിയിലെ എല്ലാ അടവുകളും പുറത്തെടുത്ത് മെയ്തികളുടെ ഭരണം നിലനിര്‍ത്താനുള്ള നീക്കം അവര്‍ നടത്തുമ്പോള്‍ അതിനെ എങ്ങിനെ മറികടക്കുമെന്ന ചിന്തയില്‍ തന്നെയാണ് മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍.