മതേതര ഇന്ത്യക്ക് ചരമക്കുറിപ്പെഴുതുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങൾ
|അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു. നേരത്തേ നടന്ന സർവേകളിൽ നിന്നും എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നും വ്യത്യസ്തമൊന്നുമല്ല തെരെഞ്ഞെടുപ്പു ഫലം. ഉത്തർ പ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ഭരണം ബി.ജെ.പി നിർത്തിയപ്പോൾ പഞ്ചാബ് ആം ആദ്മി പിടിച്ചെടുത്തു. മണിപ്പൂരും ഗോവയും തൂക്കു നിയമസഭയുമാണ്. 2017 ൽ ഇൗ അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ മറ്റിടങ്ങളിലെ ഫലം ഏതാണ്ട് ഇതുതന്നെയായിരുന്നു. പഞ്ചാബിൽ മാത്രമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം സംഭവിച്ചത്. തൂക്കുസഭയുള്ള എല്ലാ സംസ്ഥാനങ്ങളും ബി.ജെ.പി വലിയ ഒറ്റകക്ഷിയാകാതെ തന്നെ ഭരണം പിടിച്ചെടുത്തിരുന്നു. ഇത്തവണ പക്ഷേ, എല്ലായിടത്തും ബി.ജെ.പി തന്നെയാണ് വലിയ കക്ഷി
ഉത്തർ പ്രദേശ്
വലിയ സംസ്ഥാനമെന്ന നിലയിലും രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങളിൽ നിർണായക സ്ഥാനമുള്ള സംസ്ഥാനമെന്ന നിലയിലും യു.പിയിലെ തെരെഞ്ഞെടുപ്പു ഫലമാണ് എല്ലാവരും ഉറ്റു നോക്കിയത്. വിശേഷിച്ചും എല്ലാ മേഖലകളിലും പരാജയപ്പെട്ട യോഗി സർക്കാർ ഹാർഡ്കോർ വംശീയത ആയുധമായി ഉപയോഗിച്ച് മാത്രം തെരെഞ്ഞെടുപ്പിനെ നേരിട്ട ഇൗ സന്ദർഭത്തിൽ. യോഗി ഉയർത്തിയ മുദ്രാവാക്യം തന്നെ 20 ശതമാനവും 80 ശതമാനവും തമ്മിലുള്ള മത്സരമാണിത് എന്നായിരുന്നു. മോദി, അമിത് ഷാ തുടങ്ങി ബി.ജെ.പിയുടെ വൻ തോക്കുകളെല്ലാം യു.പിയിലെ തെരെഞ്ഞെടുപ്പ് റാലികളിൽ കടുത്ത മുസ്ലിം വിരുദ്ധ വർഗീയ പരാമർശങ്ങൾ നടത്തിയാണ് ജനങ്ങളെ അഭിമുഖീകരിച്ചത്. അയോധ്യയിലെ രാമക്ഷേത്രം ബി.ജെപിയുടെ പ്രചരണത്തിലെ ഒരു പ്രധാന ആകർഷക മുദ്രാവാക്യമായിരുന്നു.
2017 ൽ യു.പി തെരെഞ്ഞെടുപ്പിൽ സീറ്റെണ്ണത്തിൽ രണ്ടാം സ്ഥാനം ഉണ്ടായിരുന്നത് അഖിലേഷ് യാദവിന്റെ എസ്.പിയ്ക്കായിരുന്നു. 47 സീറ്റുകളായിരുന്നു അന്ന് അവർ നേടിയത്. ബി.എസ്.പിയാകട്ടെ വോട്ടിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും സീറ്റുകളുടെ എണ്ണം 19 മാത്രം നേടി മൂന്നാം സ്ഥാനത്തായി.
2017 ലെ 23 ശതമാനം വോട്ടിൽ നിന്ന് ബി.എസ്.പിയുടെ വോട്ടിംഗ് ശതമാനം 12 ആയി കൂപ്പുകുത്തി. 21 ശതമാനത്തിൽ നിന്ന് എസ്.പി വോട്ട് 32 ശതമാനമായി വർധിച്ചു. ഘടകകക്ഷിയായ ആർ.എൽ.ഡി 3.5 ശതമാനം വോട്ടു കരസ്ഥമാക്കി. പക്ഷേ, ബി.ജെ.പി കഴിഞ്ഞ തവണത്തെ വോട്ട് വിഹിതം 39.6 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർന്നു. സീറ്റു നിലയിലും 47 എന്നത് 120 എന്നതിലെത്തിക്കാൻ അവർക്കായി.
കർഷക പ്രക്ഷോഭം, ഇന്ധനവില വർധന അടക്കം കടുത്ത എതിർപ്പുകൾ നേരിട്ടിട്ടും ബി.ജെ.പിയുടെ വോട്ട് വിഹിതം ഉയർന്നതിൽ പ്രധാന കാരണം യോഗി ഉയർത്തിയ 80:20 വാദമാണ്. മുസ്ലിംകൾക്കെതിരെ ഹിന്ദുക്കളുടെ മത്സരം എന്നതിലാണ് ഇൗ അനുപാതം ജനങ്ങളോട് സംസാരിച്ചത്. അതിനെതിരെ മുന്നാക്ക പിന്നാക്ക അനുപാതം എന്ന നിലയിൽ 20:80 എന്നതായിരുന്നു അഖിലേഷും എസ്.പിയും മുന്നോട്ട് വെച്ചത്. ഇൗ രണ്ട് വാദങ്ങളും വലിയ സ്വാധീനം തെരെഞ്ഞെടുപ്പിലുണ്ടാക്കി. അന്തിമ ഫലത്തിൽ ബി.ജെപിയുടെ മുസ്ലിം വിരുദ്ധ ഹിന്ദുത്വ വാദത്തെ മറികടക്കാൻ അഖിലേഷിനായില്ല. ബി.ജെ.പിയുടെ സീറ്റെണ്ണം കുറക്കാനായി എന്നതിൽ ആശ്വാസം കൊള്ളാം.
ബി.എസ്.പി നേടിയ വൻ തിരിച്ചടി ബി.ജെ.പിയ്ക്ക് സഹായകമായി മാറി എന്നതാണ് പ്രാഥമിക വിലയിരുത്തലുകളിൽ മനസ്സിലാകുന്നത്. ബി.എസ്.പിയെ പിന്തുണയക്കുന്ന മുസ്ലിം വോട്ടർ എസ്.പി പക്ഷത്തേക്ക് ഒഴുകി. കോൺഗ്രസ്സാകട്ടെ കഴിഞ്ഞ തവണയുണ്ടായ 6.25 ശതമാനം വോട്ടും ഏഴ് സീറ്റും എന്നതിൽ നിന്ന് 2.5 ശതമാനം വോട്ടും രണ്ട് സീറ്റും എന്നതിലേക്ക് താഴുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെല്ലാം തമ്പടിച്ചിട്ടും യാതൊരു ഇളക്കവും കോൺഗ്രസിനുണ്ടാക്കാനായില്ല.
ഒറ്റയ്ക്ക് മത്സരിച്ച ഇടതു പാർട്ടികൾക്ക് നോട്ടയുടെ ഏഴയലത്തുപോലും എത്താനായില്ല. വാരണാസി, ഫൈസാബാദ് എന്നിവിടങ്ങളിലെല്ലാം നിർണായക സ്വാധീനമുണ്ടായിരുന്ന സി.പി.എെയും സി.പി.എമ്മും സി.പി.എെ(എം.എല്ലും) എല്ലാം ചേർന്നാലും ഒരു ശതമാനം പോലും വോട്ട് വിഹിതമാക്കാനാകത്തത്ര നാമാവശേഷമായി. വലിയ ഹൈപ്പോടുകൂടി വന്നെങ്കിലും ഉവൈസിയുടെ എം.എെ.എമ്മിന് 0.5 ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്.
പഞ്ചാബ്
പഞ്ചാബിലാണ് രാഷ്ട്രീയ മാറ്റം വ്യക്തമായത്. മൽവ മേഖലയിൽ മാത്രം സ്വാധീനമുണ്ടായിരുന്ന ആംആദ്മി പാർട്ടി പഞ്ചാബിലെ മൂന്ന് മേഖലകളിലും (മൽവ, മാഞ്ച, ദോബ) ഒരുപോലെ മുന്നേറ്റം നടത്തി ആകെയുള്ള 117 സീറ്റിൽ 91 സീറ്റ് കരസ്ഥമാക്കി. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് 77 ൽ നിന്ന് 17 ലേക്ക് തകർന്നടിഞ്ഞു. ഒരു കാലത്ത് പഞ്ചാബിലെ വലിയ രാഷ്ട്രീയ ശക്തിയായ ശിരോമണി അകാലിദൾ വെറും ആറ് സീറ്റ് നേടി നിഴലിലൊതുങ്ങി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പിൻബലം ഉണ്ടായിട്ടും രണ്ട് സീറ്റിലൊതുങ്ങി ബി.ജെ.പി മുന്നണി. അവർക്കാവശ്യമായ സമൂഹ്യ പിൻബലം സൃഷ്ടിക്കാൻ കഴിയും വിധമല്ല പഞ്ചാബിലെ ജാതി സമവാക്യങ്ങൾ എന്നത് ബി.ജെ.പിയെ തത്കാലം കാഴ്ചക്കാരായി മാറ്റി നിർത്തുന്നുണ്ട്.
നല്ല നിലയിൽ പഞ്ചാബിൽ നിലനിന്ന കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധു എത്തിയതോടെ കോൺഗ്രസ് ചിഹ്നഭിന്നമായി. അമരീന്ദർ സിംഗിന്റെ രാജിയിലേക്കെത്തിയതും ചരൺജിത് സിംഗ് ഛന്നി മുഖ്യമന്ത്രിയായതും തുടർന്നുണ്ടായ പരസ്പര മത്സരവുമെല്ലാം കോൺഗ്രസിന്റെ തന്നെ സ്വയംകൃതാനാർഥങ്ങളാണ്.
ഈ സാഹചര്യം കൃത്യമായി മുതലാക്കാൻ ആംആദ്മി പാർട്ടിക്കായി. അവരുയർത്തിയ നല്ല ഭരണം എന്ന ആശയത്തിന് ഗ്രാമീണ മേഖലകളിലെല്ലാം സ്വാധീനം നേടാനായി. പ്രത്യേകിച്ച് സൗജന്യ വൈദ്യുതി പോലുള്ള വാഗ്ദാനങ്ങൾ ജനങ്ങളെ ഏറെ സ്വാധീനിച്ചു. മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരും എന്ന വാഗ്ദാനം ബി.ജെ.പിയിലേക്ക് പോകേണ്ട ഹിന്ദുത്വ വോട്ടുകളെ സ്വാധീനിക്കാൻ ഇടയാക്കി.
ഉത്തരഖണ്ഡ്
തെരെഞ്ഞടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബി.ജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ സ്ഥലമാണ് ഉത്തരഖണ്ഡ്. കോൺഗ്രസിന്റെ പിടിപ്പുകേട് കൊണ്ട് മാത്രം ഏറ്റുവാങ്ങിയ പരാജയമാണ് ഉത്തരഖണ്ഡിലേത്. ഏതാണ്ട് 2017 ലെ അതേ നില തന്നെയാണ് 2022 ലും. ഉത്തർപ്രദേശിലേക്ക് പോയ കോൺഗ്രസ് നേതാക്കൾ ശ്രദ്ധയോടെ തെരെഞ്ഞെടുപ്പ് പദ്ധതികളാവിഷ്കരിച്ചിരുന്നുവെങ്കിൽ കോൺഗ്രസിന് വിജയിക്കാവുന്ന സംസ്ഥാനമായിരുന്നു ഉത്തരഖണ്ഡ്.
ഗോവ
സങ്കീർണ്ണ രാഷ്ട്രീയ സാഹചര്യമാണ് ചെറിയ സംസ്ഥാനമായ ഗോവയിലുള്ളത്. 40 സീറ്റുള്ള ഇവിടെ ഭരണകക്ഷിയായ ബി.ജെപി കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം പിറകിലായാണ് ഫിനിഷ് ചെയ്യുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഒരു പക്ഷത്തേക്ക് ആകർഷിക്കാൻ കഴിയുന്ന രാഷ്ട്രീയ സഖ്യമോ മുന്നണിയോ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് 12 സീറ്റ് നേടി രണ്ടാം സ്ഥാനത്തായി. ആംആദ്മി പാർട്ടി വിചാരിച്ചത്ര മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും രണ്ട് സീറ്റ് നേടി തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു. ആദ്യമായി മത്സരിച്ച ത്രിണമൂൽ കോൺഗ്രസും അഞ്ച് ശതമാനം വോട്ട് നേടി.
മണിപ്പൂർ
എപ്പോഴും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ പ്രകടമാക്കുന്ന മണിപ്പൂരിൽ 60 സീറ്റിൽ 28 സീറ്റ് നേടി ബി.ജെ.പി വലിയ കക്ഷിയായി. ഇടതുപക്ഷവുമായും മറ്റ് മതേതര പാർട്ടികളുമായും ചേർന്ന് മുന്നണി രൂപീകരിച്ചിട്ടും കോൺഗ്രസ് പിന്നാക്കം പോയി. സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞ തവണ ബി.ജെ.പിയോടൊപ്പമുണ്ടായ എൻ.പി.എഫ്, എൻ.പി.പി പാർട്ടികൾക്കായി ലഭിച്ച 14 സീറ്റ് ഇത്തവണെയും ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ സഹായിക്കാനാണിട.
തെരെഞ്ഞടുപ്പുകൾ നൽകുന്ന സന്ദേശം
ആർ.എസ്.എസ് വിഭാവന ചെയ്യുന്ന വംശീയ രാഷ്ട്രമെന്ന സ്വപ്നത്തിലേക്കായി സൃഷ്ടിച്ച ധ്രൂവീകരണം വിജകരമായി ബി.ജെ.പി മുന്നോട്ട് കൊണ്ടു പോകുന്നു എന്നത് രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ അംഗീകരിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നു. വരും നാളുകളിൽ കൂടുതൽ കലുഷിതമായ സമൂഹ്യാന്തരീക്ഷത്തിലേക്ക് ഇന്ത്യ എത്തിപ്പെടും എന്ന അപകട സൂചനതന്നെയാണ് ഇൗ ഫലങ്ങൾ.
കോൺഗ്രസ് എന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള ദേശീയ രാഷ്ട്രീയ പാർട്ടി ചില മേഖലകളിൽ മാത്രം സ്വാധീനമുള്ളതും ഉള്ളിടത്ത് തന്നെ ആഭ്യന്തര ശൈഥില്യങ്ങളാൽ തകരുന്ന പ്രാദേശിക പാർട്ടിയായി ചുരുങ്ങുന്നു എന്ന സൂചനയും ഈ തരെഞ്ഞെടുപ്പ് നൽകുന്നുണ്ട്. ഭാവനയോ കഴിവോ ഉള്ള ദേശീയ നേതൃത്വം പാർട്ടിക്കില്ല എന്നത് വരും കാലങ്ങളിൽ ഇതിലേറെ പാർട്ടിക്ക് തകർച്ചയുണ്ടാകും എന്ന കാര്യത്തിലേക്കാണ് സൂചന നൽകുന്നത്.
പഞ്ചാബിലുണ്ടായ ആഭ്യന്തര തർക്കം കോൺഗ്രസ് പരിഹരിച്ച രീതി മാത്രം നോക്കിയാൽ മതി എത്ര മാത്രം കഴിവുകെട്ട ദേശീയ നേതൃത്വമാണ് അവർക്കുള്ളത് എന്ന്. വിജയിക്കാനാവശ്യമായ സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതാണ് ഗോവയിലെ പ്രശ്നം. ഉത്തരഖണ്ഡിലാകട്ടെ നോട്ടക്കുറവ് മാത്രം കൊണ്ടുണ്ടായ പരാജയം. കോൺഗ്രസ് മുക്ത ഭാരതം എന്ന സംഘ്പരിവാർ അജണ്ടയിലേക്ക് കോൺഗ്രസ് തന്നെ സ്വയം കുഴിവെട്ടുകയാണ്.
ആംആദ്മി പാർട്ടി ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് പടർന്ന് ദേശീയ രാഷ്ട്രീയത്തിലെ നിർണായക ശക്തിയാകാനുള്ള കുതിപ്പ് കാണിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയമൊന്നും പറയുന്നില്ല-ജനങ്ങളുടെ ആവശ്യങ്ങൾ മാത്രവും സത്ഭരണവുമാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നാണ് ആം ആദ്മിയുടെ വാദം. ഇത് വലിയ തോതിൽ മധ്യവർഗത്തെയും ഗ്രാമീണരേയും സ്വാധീനിക്കുന്നുണ്ട്. പക്ഷേ, മൃദുഹിന്ദുത്വ വാദം തരംപോലെ ഉന്നയിക്കുന്നതിൽ അവർ വിജയിക്കുന്നുണ്ട്. പഞ്ചാബിൽ അവർ വാഗ്ദാനം നൽകിയ മതപരിവർത്തന വിരുദ്ധ നിയമം കേവലം നിരപേക്ഷമായ ഒന്നല്ലല്ലോ. തൃണമൂൽ കോൺഗ്രസും ദേശീയ കക്ഷി എന്ന ക്ലെയിമിലേക്ക് നീങ്ങുന്നു എന്ന സൂചനയും ഈ തെരെഞ്ഞെടുപ്പ് നൽകുന്നുണ്ട്.
ഇടതുകക്ഷികൾക്ക് ഈ അഞ്ച് സംസ്ഥാനങ്ങളിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ മുന്നണി രാഷ്ട്രീയത്തിലോ മുൻകാലങ്ങളിലുള്ള യാതൊരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനമില്ലാത്ത കേരളാ പാർട്ടികളായി സി.പി.എമ്മും സി.പി.എെയും ഏതാണ്ട് മാറിക്കഴിഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിലെ മു.ക സ്റ്റാലിൻ ഉന്നയിക്കുന്ന ഫെഡറൽ സ്വഭാവമുള്ള ബഹുകക്ഷി കൂട്ടായ്മ രൂപപ്പെടുത്താനായില്ലെങ്കിൽ നാഗ്പൂർ ആസ്ഥാനത്തു നിന്ന് രാജ്യം സമ്പൂർണ വംശീയ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന നടപടിക്ക് അധികം കാലതാമസമുണ്ടാകില്ല. അത് രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം വിവരണാതീതമാംവിധം ഭയാനകമായിരിക്കുകയും ചെയ്യും.