Analysis
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിന് നല്‍കുന്ന പാഠം എന്തെന്ന് പരിശോധിക്കുന്നു.
Analysis

ഒന്നില്ലെങ്കില്‍ അങ്ങോട്ട്, അല്ലെങ്കില്‍ ഇങ്ങോട്ട്

ഷബീര്‍ അഹമ്മദ്
|
6 Dec 2023 7:50 AM GMT

പ്രാദേശിക ശക്തികളുടെ അമിതാത്മവിശ്വാസത്തിന്റെ പുറത്തുണ്ടായ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയെ ഈ തെരഞ്ഞെടുപ്പില്‍ നിന്നും തീര്‍ത്തും മാറ്റി നിര്‍ത്തിയതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിന് നല്‍കുന്ന പാഠം എന്തെന്ന് പരിശോധിക്കുന്നു.

നവംബറില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോള്‍ രണ്ട് മൂന്നു സിനിമ ഡയലോഗുകളാണ് ഓര്‍മ്മ വന്നത്. പപ്പുവേട്ടന്‍ തേന്മാവിന്‍ കൊമ്പത്തില്‍ പറഞ്ഞത് പോലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ബന്ധമില്ലാതെ കാര്യകാരണങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കേള്‍ക്കുമ്പോള്‍, കോണ്‍ഗ്രസ്സ് സംസ്ഥാന നേതാക്കള്‍ക്ക് (കേരളത്തിലെ മാത്രമല്ല) ഇപ്പഴും മോദിയും കൂട്ടരും പ്രവര്‍ത്തിക്കുന്ന തലത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറയേണ്ടി വരും. ഓള്‍ഡ് സ്‌കൂള്‍ പൊളിറ്റിക്സ് പയറ്റിക്കൊണ്ടിരിക്കുന്ന ഈ പ്രാദേശിക സര്‍താപ്പുകള്‍ക്ക് രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ പോലും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നു തോന്നുന്നില്ല.

രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ അണിനിരന്ന ജനലക്ഷങ്ങളെയും, അത് കഴിഞ്ഞുവന്ന കര്‍ണ്ണാടകയിലെ മിന്നുന്ന വിജയത്തെയും കണ്ട് അവര്‍ കാര്യങ്ങള്‍ ഇനി എളുപ്പമാണ് എന്ന് കരുതിപ്പോയതിന് അവരെ തെറ്റ് പറയാന്‍ പറ്റുമോ! ഇത് തന്നെ തങ്ങളുടെ അവസരം എന്ന ചിന്തയില്‍ അവര്‍ ചില അടിയൊഴുക്കുകള്‍ കണ്ടില്ല എന്നതാണ് സത്യം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും നേടിയ വോട്ടുകളുടെ കണക്കെടുത്താല്‍, കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേടിയതില്‍ നിന്നും ഒട്ടും പുറകോട്ട് പോയിട്ടില്ല എന്ന് കാണാന്‍ സാധിക്കും. അതായത് കോണ്‍ഗ്രസ്സിന്റെ തനത് വോട്ട് ബാങ്ക് സുരക്ഷിതമാണ്. എന്നാല്‍, ബി.ജെ.പിയെ കവച്ചു വയ്ക്കാന്‍ വേണ്ട ആ എക്‌സ്ട്രാ എഡ്ജ് അവര്‍ക്ക് നേടാന്‍ സാധിച്ചില്ല. അതിനു സംസ്ഥാന നേതാക്കള്‍ കരുതുന്ന പോലെ ഉപരിപ്ലവകരമായ ഒരു പ്രവര്‍ത്തനം പോര എന്ന് അവര്‍ മനസ്സിലാക്കണം.

പ്രാദേശിക പാര്‍ട്ടി നേതാക്കളെ തീരെ ഒഴിവാക്കാന്‍ പറ്റില്ല എന്നൊരു ബുദ്ധിമുട്ട് രാഹുല്‍ നേരിടുന്നുണ്ട്. കുറച്ചു കൂടി ചെറുപ്പം നിറഞ്ഞ ഒരു നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ രാഹുലിന് ആഗ്രഹമുണ്ട്. അങ്ങനെ ഒരു പുതിയ നിരയെ വച്ച് മാത്രമേ ഇനി അങ്ങോട്ട് മുന്നോട്ട് പോകാന്‍ സാധിക്കൂ.

അതേസമയം കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായ പ്രവത്തനത്തിന്റെ തനിപ്പകര്‍പ്പാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ്സ് പയറ്റിയത്. ഇതിന് തക്കതായ ഫലം ലഭിക്കുകയും ചെയ്തു. മറ്റ് മൂന്നിടത്തും ജോഡോ യാത്രക്കപ്പുറം, സാമൂഹികവും, പ്രാദേശികവുമായ അതിസൂക്ഷ്മമായ ചലനങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവര ശേഖരത്തിന് അവസരം നല്‍കിയില്ലെന്ന് മാത്രമല്ല, ഉള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിനും വിദഗ്ധരെ അങ്ങോട്ട് അടുപ്പിക്കുകയും ചെയ്തില്ല എന്നാണ് പുറത്ത് വരുന്ന വിവരം. തങ്ങളുടെ കൈപ്പിടിയില്‍ വേണം കാര്യങ്ങള്‍ എന്ന സംസ്ഥാന തലവന്മാരുടെ വാശിയാണ് ഇതിന് കാരണം. കൊട്ടക്കണക്കിന്റെ രാഷ്ട്രീയം കൊണ്ട് ബി.ജെ.പിയെ വീഴ്ത്താന്‍ സാധിക്കില്ല. ജോഡോ യാത്രയുടെ ജനസ്വാധീനം തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ശാസ്ത്രീയമായി കെട്ടിപ്പടുക്കാന്‍ രാഹുലിനെ അനുവദിക്കണം.

ഇലക്ഷന്‍ പ്രചാരണം തുടങ്ങിയ നാളുകളില്‍ തന്നെ ഇതിന്റെ സൂചനകള്‍ പുറത്ത് വന്നതാണ്. പത്രക്കാരുമായി ഒരിക്കല്‍ സംസാരിക്കുമ്പോള്‍ രാഹുല്‍ സൂചിപ്പിച്ചതാണ്, രാജസ്ഥാന്‍ ഉറപ്പില്ല എന്നും, മധ്യപ്രദേശ് 50% സാധ്യതയാണ് എന്നും. തിരികെ കരപറ്റാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലക്ക്, പ്രാദേശിക പാര്‍ട്ടി നേതാക്കളെ തീരെ ഒഴിവാക്കാന്‍ പറ്റില്ല എന്നൊരു ബുദ്ധിമുട്ട് രാഹുല്‍ നേരിടുന്നുണ്ട്. കുറച്ചു കൂടി ചെറുപ്പം നിറഞ്ഞ ഒരു നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ രാഹുലിന് ആഗ്രഹമുണ്ട്. അങ്ങനെ ഒരു പുതിയ നിരയെ വച്ച് മാത്രമേ ഇനി അങ്ങോട്ട് മുന്നോട്ട് പോകാന്‍ സാധിക്കൂ. ബി.ജെ.പിയെ പോലെ ഏകാധിപത്യ സ്വഭാവമുള്ള ഒരു കേന്ദ്ര നേതൃത്വ നിരയല്ലല്ലോ ഇപ്പോള്‍ കോണ്‍ഗ്രസ്സിന് ഉള്ളത്. ഒട്ടും പുരോഗമനപരമായ രാഷ്ട്രീയ സംസ്‌കാരമില്ലാത്ത സംവിധാനത്തില്‍, ഒരു പുതിയ ഭരണ സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണിത്.

പ്രാദേശിക ശക്തികളുടെ അമിതാത്മവിശ്വാസത്തിന്റെ പുറത്തുണ്ടായ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയെ ഈ തെരഞ്ഞെടുപ്പില്‍ നിന്നും തീര്‍ത്തും മാറ്റി നിര്‍ത്തിയതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. 2024ല്‍ മോദിയെ നേരിടാന്‍ മുന്നണി കെട്ടിപ്പടുക്കണം എന്ന ഡല്‍ഹിയിലെ തീരുമാനം, അധികാര രഷ്ട്രീയത്തില്‍ ഒരവസാന സാധ്യത നോക്കിയിരുന്ന ഹിന്ദി ബെല്‍റ്റ് നേതാക്കള്‍ക്ക് ദഹിച്ചിട്ടില്ല. ഈ തോല്‍വി കൊണ്ടും അവരത് പഠിക്കും എന്ന കാര്യം സംശയമാണ്. കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റെയും ഇപ്പോഴത്തെ ഗതികേടും ഇത് തന്നെ.

ഫാസിസത്തെ ഫാസിസം കൊണ്ട് എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്, ആരാണ് വലിയ ഫാസിസ്റ്റ് എന്ന മത്സരത്തില്‍ മാത്രമേ ചെന്ന് നില്‍ക്കുകയുള്ളൂ. അതിനുള്ള ഉത്തരം തേടി കാശിയിലൊന്നും പോകേണ്ട കാര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

കോണ്‍ഗ്രസ് കഴിഞ്ഞ കുറെ നാളായി ബി.ജെ.പിയെ നേരിടുന്ന രീതിയിലും ഒരു പ്രശ്‌നമുണ്ട്. തീവ്ര വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ബി.ജെ.പി അക്കാര്യത്തില്‍ പിന്തുടരുന്ന സ്ഥിര സ്വഭാവം, ഒരു രാഷ്ട്രീയ പദ്ധതി എന്ന നിലക്ക്, സമ്മതിച്ചു കൊടുക്കേണ്ട കാര്യമാണ്. ഫാസിസ്റ്റ് ആശയങ്ങള്‍ കൊണ്ട് വിജയിക്കാന്‍ സാധിക്കില്ല എന്ന് അവര്‍ക്കും എല്ലാവര്‍ക്കും അറിയാവുന്ന ദക്ഷിണേന്ത്യയില്‍ പോലും അവര്‍ മറ്റൊരു ആശയം മുന്നോട്ട് വയ്ക്കുന്നില്ല. ഇത്തവണത്തെ തെലങ്കാന തെരഞ്ഞെടുപ്പില്‍ ഹേമന്ത് ബിസ്വ ഒക്കെ വന്നു നടത്തിയ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ ഒന്ന് ഓര്‍ത്തെടുത്താല്‍ ഇത് മനസ്സിലാകും. അതേസമയം കോണ്‍ഗ്രസ്സാകട്ടെ, ബി.ജെ.പിയെ നേരിടാന്‍ മൃദു ഹിന്ദുത്വ വടക്കും, സെക്കുലര്‍ രഷ്ട്രീയം മറ്റുള്ളിടത്തും ഇറക്കി പയറ്റുകയാണ്. ഇത്തരം ഒരു സമീപനം, അതായത് രണ്ടു വഞ്ചിയിലും കാല്‌വെച്ച് യാത്ര ചെയ്യുന്ന പരിപാടി, വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളിലാണ് ഇത് പ്രതികൂലമായി ബാധിക്കേണ്ടതെങ്കിലും, വടക്കോട്ടാണ് ഇതുകാരണം കൂടുതല്‍ കുഴപ്പം. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഒരു കൂട്ടം വോട്ടര്‍മാര്‍ ഇത് മൂലം ഈ രണ്ട് പാര്‍ട്ടികള്‍ക്കും അല്ലാതെ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. അത്തരം വോട്ടുകളുടെ ശതമാനം കുറവാണെന്ന് വാദിച്ചാല്‍, രാജസ്ഥാനില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ വെറും രണ്ട് ശതമാനത്തില്‍ മാത്രം താഴെയാണ് വോട്ട് വ്യത്യാസം എന്ന് ഓര്‍ക്കണം. ഫാസിസത്തെ ഫാസിസം കൊണ്ട് എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്, ആരാണ് വലിയ ഫാസിസ്റ്റ് എന്ന മത്സരത്തില്‍ മാത്രമേ ചെന്ന് നില്‍ക്കുകയുള്ളൂ. അതിനുള്ള ഉത്തരം തേടി കാശിയിലൊന്നും പോകേണ്ട കാര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

രാഹുലും കൂട്ടരും പ്രതീക്ഷ കൈവിടേണ്ട. രണ്ട് സംസ്ഥാനങ്ങളില്‍ ഭരണം, മറ്റ് പ്രതിപക്ഷ കക്ഷികളെ അപേക്ഷിച്ച് പല സംസ്ഥാനങ്ങളിലും മുഖ്യ പ്രതിപക്ഷ കക്ഷി, ഇത്തവണത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഹിന്ദി ബെല്‍റ്റില്‍ ബി.ജെ.പിക്ക് അധികം പുറകിലല്ലാത്ത വോട്ടുകളുടെ എണ്ണം, ഇതെല്ലാം ഒരു ചവിട്ട് പടിയായി ഉപയോഗിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ പിണങ്ങി നില്‍ക്കുന്ന ഇന്ത്യ കക്ഷികളെ തിരിച്ചു കൊണ്ട് വരണം. എത്രയും പെട്ടെന്ന് ഒരു പ്രവര്‍ത്തന സജ്ജമായ സംവിധാനത്തിലേക്ക് പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിറുത്തണം. ജയപരാജയങ്ങളുടെ അതിര്‍വരമ്പുകള്‍ നേര്‍ത്തതാണ് എന്ന് തിരിച്ചറിഞ്ഞു, അത്താഴം മുടങ്ങാന്‍ ഒരു തരി (മണ്ണ്) മതി എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ഭാരത് ജോഡോ യാത്രയിലെ തിരക്ക് കണ്ടു, കസേരകള്‍ സ്വപ്നം കാണുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് (കേരളത്തില്‍ ഉള്‍പ്പടെ) നേതാക്കള്‍ മനസിലാക്കുക, 2024ല്‍ ബി.ജെ.പി വിജയിച്ചാല്‍, നിങ്ങള്‍ക്ക് പിന്നീട് മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് തന്നെ ഉണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെ വിശ്വസിക്കുക, പ്രവര്‍ത്തിക്കുക.


Similar Posts