Analysis
ഇലക്ട്രിക് കാറുകളുടെ നിര്‍മാണവും ധാതുദ്രവ്യങ്ങളുടെ ലഭ്യതയും
Analysis

ഇലക്ട്രിക് കാറുകളുടെ നിര്‍മാണവും ധാതുദ്രവ്യങ്ങളുടെ ലഭ്യതയും

കെ. സഹദേവന്‍
|
23 July 2024 7:36 AM GMT

ഇലക്ട്രിക് വാഹനങ്ങളിലെ മെറ്റീരിയലുകള്‍ പുനഃചംക്രമണ സാധ്യത കൂടുതലാണെന്നും അതുകൊണ്ടുതന്നെ അവയിലെ മെറ്റീരിയല്‍ ഇന്റന്‍സിറ്റി കുറവാണെന്നുള്ള വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും അവ പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. | ഇലക്ട്രിക് വാഹന നയം പ്രായോഗിക പ്രശ്നങ്ങള്‍ - ഭാഗം 02

ഇലക്ട്രിക് വാഹനങ്ങളിലെയും പെട്രോള്‍-ഡീസല്‍ വാഹനങ്ങളിലെയും ഊര്‍ജ വിനിയോഗത്തിനിടയിലെ കാര്‍ബണ്‍ വിസര്‍ജന നിരക്കിലെ വ്യത്യാസം എത്രയെന്ന് നാം കണ്ടുകഴിഞ്ഞു. കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ കാര്‍ബണ്‍ ഉദ്വമനത്തോത് നിലവിലേതിനാക്കാളും രണ്ടര മുതല്‍ മൂന്നിരട്ടിവരെ ഉയരാനുള്ള സാധ്യതയാണ് കാണുന്നത്.

സാധാരണ പെട്രോള്‍-ഡീസല്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിന് ധാതുദ്രവ്യങ്ങളുടെ ആവശ്യകത ആറിരട്ടി കൂടുതലാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം ബാറ്ററി നിര്‍മാണത്തിന് അവശ്യ ഘടകങ്ങളായ നിക്കല്‍, കോബാള്‍ട്ട് തുടങ്ങിയ ധാതുക്കളുടെ ലഭ്യതയിലും വലിയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

ഇനി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ബാറ്ററികളുടെ ആയുസ്സ്, അവയ്ക്കാവശ്യമായി വരുന്ന ധാതുക്കളുടെ ഖനനം, അതുവഴി സംഭവിക്കാവുന്ന കാര്‍ബണ്‍ വിസര്‍ജനം എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഏതു തരത്തിലുമുള്ള ഊര്‍ജ/സാങ്കേതികവിദ്യാ പരിവര്‍ത്തനത്തെയും (energy/technology transition) അവയുടെ മൊത്തത്തിലുള്ള ആയു ചക്രത്തെ വിശകലനം (life cycle analysis) ചെയ്തുകൊണ്ടുമാത്രമേ അവയുടെ ലാഭ-ചേതത്തെ സംബന്ധിച്ച ശരിയായ വിലയിരുത്തലിലേക്ക് എത്തിപ്പെടാന്‍ കഴിയുകയുള്ളൂ എന്നതുകൊണ്ടാണിത്.

സാധാരണ പെട്രോള്‍-ഡീസല്‍ കാറുകളെ (internal combustion) അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിന് ധാതുദ്രവ്യങ്ങളുടെ ആവശ്യകത ആറിരട്ടി കൂടുതലാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. (ഇതോടൊപ്പം നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി തയ്യാറാക്കിയ പട്ടിക-1 ശ്രദ്ധിക്കുക). ഒരു ഉത്പന്നത്തിന്റെ ആയു ചക്ര വിശകലനത്തിലൂടെ അവയിലെ ഉദ്വമനം- അതായത്, അതിന്റെ ഉല്‍പ്പാദനം, ഉപയോഗം, നിര്‍മാര്‍ജനം എന്നിവ ഉള്‍പ്പെടെ-ഹരിതഗൃഹ വാതകങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് അളവുകള്‍ (മെട്രിക് ടണ്‍ കാര്‍ബണ്‍ തത്തുല്യം (tCO2e)) ഉപയോഗിച്ച് കണ്ടെത്താന്‍ സാധിക്കും.

ഇടത്തരം വലിപ്പമുള്ള ഇലക്ട്രിക്, ഹൈബ്രിഡ്, സാമ്പ്രദായിക വാഹനങ്ങളുടെ ഉദ്വമനം സംബന്ധിച്ച താരതമ്യ പട്ടിക ഇതോടൊപ്പം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക (പട്ടിക 2). Life Cycle Emissions: EVs vs. Combustion Engine, Vehicles; June 23, 2023, By Selin Oguz, https://elements.visualcapitalist.com/life-cycle-emissions-of-electric-hybrid-and-combustion-engine-vehicles/ . ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദന വേളയിലെ കാര്‍ബണ്‍ വിസര്‍ജനത്തോത് ഇതര വാഹനങ്ങളെ അപേക്ഷിച്ച് 40% വരെ കൂടുതലാണെന്നാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഊര്‍ജ സംഭരണികളായ ബാറ്ററികളുടെ നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തുന്ന ലിത്വിയം, കോബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ധാതുക്കളുടെ ഖനനമാണ് ഈ രീതിയില്‍ ഉയര്‍ന്ന കാര്‍ബണ്‍ വിസര്‍ജനത്തിന് കാരണമായിത്തീരുന്നത്.

ഇലക്ട്രിക് വാഹനങ്ങളിലെ മെറ്റീരിയലുകള്‍ പുനഃചംക്രമണ സാധ്യത കൂടുതലാണെന്നും അതുകൊണ്ടുതന്നെ അവയിലെ മെറ്റീരിയല്‍ ഇന്റന്‍സിറ്റി കുറവാണെന്നുള്ള വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും അവ പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്.

(https://www.newindianexpress.com/web-only/2023/Jul/10/energy-destinies-part-5-shift-to-green-energy-may-prove-slower-and-costlier-than-we-believe-2593333.html).

ഇതോടൊപ്പം ബാറ്ററി നിര്‍മാണത്തിന് അവശ്യ ഘടകങ്ങളായ നിക്കല്‍, കോബാള്‍ട്ട് തുടങ്ങിയ ധാതുക്കളുടെ ലഭ്യതയിലും വലിയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. നിലവിലെ ഉത്പാദന നിരക്ക് അനുസരിച്ച് അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ നിക്കലിന്റെ ലഭ്യതയിലും അര നൂറ്റാണ്ടിനുള്ളില്‍ കോബാള്‍ട്ടിന്റെ ലഭ്യതയിലും കുറവ് അനുഭവപ്പെടും എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അവസരത്തില്‍ കാര്‍ബണ്‍ വിസര്‍ജനം സംഭവിക്കുന്നില്ല എന്നത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്. നമ്മുടെ നഗരങ്ങളെ മാലിന്യ മുക്തമാക്കാനുള്ള യജ്ഞത്തില്‍ ഇത് വളരെ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇതിന്റെ മറുവശമെന്താണ്? ആരാണ് ഈ മാലിന്യ ഭാരം പേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്? അത് മനസ്സിലാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഉത്പാദന നയങ്ങളെയും ഖനന നയങ്ങളെയും അതിനെതിരായ ഇന്ത്യയുടെ മിനറല്‍ ഇടനാഴികളില്‍ നടക്കുന്ന സംഘര്‍ഷങ്ങളെയും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

(തുടരും)



Similar Posts