എന്‍ഡോസള്‍ഫാന്‍: പാതിജന്മങ്ങളുടെ കൂടെ ആരുണ്ട്?
|എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനായി നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് 1905 പേരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, യാതൊരു കാരണവുമില്ലാതെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 287 ആയി ചുരുക്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു കാണിക്കുന്നതിനാണ് ഇത്തരത്തില്‍ ദുരിതബാധിതരെ ഒഴിവാക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനായി 2017 ഏപ്രില്‍ അഞ്ചു മുതല്‍ ഒമ്പതു വരെ അഞ്ചു ദിവസങ്ങളിലായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയുണ്ടായി. 2016 ജനുവരിയില്‍ വി.എസ് അച്ചുതാനന്ദന്‍ ചെയര്‍മാനും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കണ്‍വീനറുമായിരുന്ന സമര സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അമ്മമാര്‍ 10 ദിവസം നടത്തിയ ഐതിഹാസിക സമരത്തെ തുടര്‍ന്നായിരുന്നു ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്. അന്ന് വി.എസ് അച്ചുതാനന്ദനും സമരത്തില്‍ പങ്കെടുത്ത് നിരാഹാരമിരിന്നു.
പ്രസ്തുത ക്യാമ്പില്‍ നിന്നും 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഡപ്യൂട്ടീ കലക്ടര്‍ സമര സമിതിയോട് നേരിട്ട് പറയുകയുണ്ടായി. പത്രങ്ങളില്‍ വാര്‍ത്തയും വന്നു. എന്നാല്‍, ദുരിത ബാധിതരുടെ എണ്ണം സെല്‍ യോഗത്തില്‍ (എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെല്‍) അവതരിപ്പിക്കുന്നതില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് തടസ്സം നേരിട്ടു. പിന്നീട് അദ്ദേഹത്തിന് എണ്ണം 287 ആയി ചുരുക്കി അവതരിപ്പിക്കേണ്ടി വന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു കൊണ്ടുവരിക എന്ന താല്‍പര്യമാണ് ഇതിനു പിന്നിലുള്ളത്. മനുഷ്യര്‍ ചത്തൊടുങ്ങിയാല്‍ കമ്പനിക്കെന്തു നഷ്ടം!. 2010ല്‍ 4182, 2011ല്‍ 1318, 2013ല്‍ 348 പേരെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയത്. കീടനാശിനി (ജീവനാശിനി) കമ്പനികളുടെ താല്‍പര്യമനുസരിച്ച് എണ്ണത്തില്‍ കുറവു വരുത്തുക എന്നതാണ് നടന്നുകൊണ്ടിരുന്നത്.
ദുരിത ബാധിതര്‍ എന്ന് കണ്ടെത്തിയ 1905 പേരില്‍നിന്ന് 18 വയസില്‍ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ തന്നെ ലിസ്റ്റില്‍ പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചു. ബാക്കി വരുന്നവരുടെ മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ച് അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനെട്ടു വയസില്‍ താഴെയുള്ള 511 കുട്ടികളെ ലിസ്റ്റില്‍ പെടുത്തി.
ഈയൊരു സന്ദര്‍ഭത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലടക്കം വന്‍പ്രതിഷേധങ്ങള്‍ നടത്തിയതിന്റെ ഭാഗമായി 76 പേരെ കൂട്ടിച്ചേര്‍ത്തു. അപ്പോഴും ഭൂരിപക്ഷം കുട്ടികളും പട്ടികക്ക് പുറത്തു തന്നെയായിരുന്നു. ഈ വിഷയം ഉന്നയിച്ച് 2019 ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മമാര്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് നേരത്തേ നടത്തിയ ക്യാമ്പില്‍ ദുരിത ബാധിതര്‍ എന്ന് കണ്ടെത്തിയ 1905 പേരില്‍നിന്ന് 18 വയസില്‍ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ തന്നെ ലിസ്റ്റില്‍ പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചു. ബാക്കി വരുന്നവരുടെ മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ച് അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനെട്ടു വയസില്‍ താഴെയുള്ള 511 കുട്ടികളെ ലിസ്റ്റില്‍ പെടുത്തി. അവര്‍ക്ക് ചികിത്സയും മറ്റു സഹായങ്ങളും ലഭിച്ചു വരുന്നുമുണ്ട്.
എന്നാല്‍, ബാക്കി വന്ന 1031 പേരുടെ കാര്യത്തില്‍ നാളിതുവരെ യാതൊരു നടപടികളുമുണ്ടായില്ല. ആദ്യ കാലങ്ങളില്‍ ചിലര്‍ക്കെല്ലാം സൗജന്യ ചികിത്സ നല്‍കിയിരുന്നുവെങ്കിലും പിന്നീടതും നിര്‍ത്തി. രണ്ടും മൂന്നും ദുരിതബാധിതരുള്ള കുടുംബങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ വീടുകളില്‍ കയറിച്ചെന്നാല്‍ യാഥാര്‍ഥ്യം ബോധ്യമാകും. കാരണമൊന്നുമില്ലാതെ പുറത്താക്കപ്പെട്ട 1031 പേര്‍ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.
വാക്കു പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്. 2019 ല്‍ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ് തീര്‍പ്പാവാതെ കിടക്കുന്നത്. അന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയ പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി കസേരയിലുള്ളത്. തങ്ങളുടേതല്ലാത്ത തെറ്റുകൊണ്ട് ഭരണകൂട ഭീകരത അടിച്ചേല്‍പ്പിച്ച ദുരിതങ്ങള്‍ പേറി നടക്കുന്ന അര ജീവിതങ്ങളായ മനുഷ്യരെ ചേര്‍ത്തു പിടിക്കണം. ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെ നില്‍ക്കാനെങ്കിലും സാധിക്കണം.
മുഖ്യമന്ത്രിയടക്കം ഉത്തരവാദപ്പെട്ടവര്‍ക്ക് കത്തുകളയച്ച് ശ്രദ്ധയില്‍പെടുത്തി. പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തന്നെയാണ് തീരുമാനം. 2023 മെയ് 30ന് അവകാശ പ്രഖ്യാപന ദിനത്തോടെ പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹായവും അനിവാര്യമാണ്. അവസാനത്തെ ഇരക്കും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നത് പ്രാഥമിക ജനാധിപത്യ ബോധ്യം സൂക്ഷിക്കുന്ന ഏവരുടെയും ഉത്തരവാദിത്വമാണെന്ന് കരുതുന്നു. പാതി ജന്മങ്ങളുടെ കൂടെ നിങ്ങളുമുണ്ടാവണം.
(എന്‍ഡോസള്‍ഫാന്‍ 1031 സമര സമിതിക്കുവേണ്ടി, ചെയര്‍പേഴ്‌സണ്‍ എം.കെ. അജിത, കണ്‍വീനര്‍ പി. ഷൈനി എന്നിവര്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)